സുന്നത്ത് നമസ്‌കാരങ്ങള്‍

ഇല്‍യാസ് മൗലവി

നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ വരുന്ന വീഴ്ചകള്‍ പരിഹരിക്കാന്‍ സുന്നത്ത് നമസ്‌കാരങ്ങള്‍ കൊണ്ട് സാധിക്കുന്നു. മാത്രമല്ല, സുന്നത്ത് നമസ്‌കാരങ്ങള്‍ അധികരിപ്പിക്കുന്നതിലൂടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാന്‍ സാധിക്കുകയും പാപങ്ങള്‍ പൊറുക്കപ്പെടുകയും അല്ലാഹുവിന്റെ അടുക്കല്‍ പദവികള്‍ ഉയര്‍ത്തപ്പെടാന്‍ അത് കാരണമാകുകയും ചെയ്യും.

ഥൗബാന്‍(റ) നിവേദനം: നബി(സ) അദ്ദേഹത്തോട് പറയുകയുണ്ടായി: 'നീ സുജൂദ് (നമസ്‌കാരം) അധികരിപ്പിക്കുക. കാരണം, നീ അല്ലാഹുവിന് വേണ്ടി സുജൂദ് ചെയ്യുമ്പോഴെല്ലാം ഓരോ സുജൂദ് കൊണ്ടും അല്ലാഹു നിന്റെ പദവി ഉയര്‍ത്താതിരിക്കുകയില്ല. നിന്നില്‍ നിന്ന് പാപങ്ങള്‍ മായ്ച്ചുകളയാതിരിക്കില്ല'' (മുസ്‌ലിം).

സുന്നത്ത് നമസ്‌കാരങ്ങളുടെ കാര്യത്തില്‍ പ്രവാചകന്‍(സ) കണിശത പുലര്‍ത്തിയിരുന്നു. അനുചരന്മാരോട് അതിനായി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അല്ലാഹുവിന് നന്ദികാണിക്കുന്നതിന്റെ പരിപൂര്‍ണതയില്‍ പെട്ടതാണ് ഐഛികമായ കര്‍മങ്ങള്‍ കൂടുതല്‍ ചെയ്യുക എന്നത്.

ഐഛിക നമസ്‌കാരങ്ങള്‍ അധികരിപ്പിക്കുന്നതിലൂടെ സ്വര്‍ഗത്തില്‍ പ്രവാചകന്റെ സാമീപ്യം ലഭിക്കുന്നതാണ്: റബീഅത്ത് ബ്‌നു കഅബ് അല്‍അസ്‌ലമി(റ) നിവേദനം: അദ്ദേഹം പറഞ്ഞു: 'ഞാന്‍ നബി(സ)യോടൊപ്പം രാപ്പാര്‍ക്കുകയുണ്ടായി. നബി(സ)ക്ക് വുദൂഅ് ചെയ്യുവാനും മറ്റു ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം ഞാന്‍ നല്‍കാറുണ്ടായിരുന്നു. അങ്ങനെ എന്നോട് പറയുകയുണ്ടായി: 'ചോദിക്കുക.' അപ്പോള്‍ ഞാന്‍ ചോദിച്ചു: 'സ്വര്‍ഗത്തില്‍ താങ്കളുടെ സാമീപ്യം ഞാന്‍ ചോദിക്കുന്നു.' നബി(സ) പറഞ്ഞു: 'വേറെ ഒരു കാര്യവും ഇല്ലേ?' ഞാന്‍ പറഞ്ഞു: 'എനിക്കതാണാവശ്യം.' നബി(സ) പറഞ്ഞു: 'അതിനായി നീ ധാരാളം സുജൂദുകള്‍ ചെയ്ത് കൊണ്ട് എന്നെ സഹായിക്കുക' (മുസ്‌ലിം).

ആഇശ(റ) നിവേദനം: 'രാത്രി കാലങ്ങളില്‍ നബി(സ) കാലില്‍ നീര് വരുവോളം നിന്ന് നമസ്‌കരിക്കാറുണ്ടായിരുന്നു. ആഇശ(റ) ചോദിക്കുകയുണ്ടായി: 'അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? അല്ലാഹു താങ്കള്‍ക്ക് മുന്‍ കഴിഞ്ഞതും വരാന്‍ പോകുന്നതുമായ കാര്യങ്ങള്‍ പൊറുത്ത് തന്നിട്ടില്ലയോ?' അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'ഞാന്‍ നന്ദിയുള്ള അടിമയായിത്തീരേണ്ടതില്ലേ?'' (ബുഖാരി, മുസ്‌ലിം).

നിങ്ങളിലൊരാള്‍ പള്ളിയില്‍നിന്നും നമസ്‌കരിച്ചാല്‍ തന്റെ നമസ്‌കാരത്തില്‍ ഒരു ഭാഗം വീടിനും നീക്കിവെക്കട്ടെ. കാരണം നമസ്‌കാരം മൂലം വീട്ടില്‍ അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകുന്നതാണ്. (ഇമാം അഹ്മദ്). 

നിങ്ങളുടെ നമസ്‌കാരത്തില്‍ ഒരു ഭാഗം നിങ്ങളുടെ വീടുകളില്‍ വെച്ചാക്കുക; വീടുകള്‍ നിങ്ങള്‍ ഖബ്‌റുകളാക്കരുത് (അഹ്മദ്, അബൂദാവൂദ്).

വീട്ടില്‍ വെച്ച് സുന്നത്ത് നമസ്‌കരിക്കുന്നത് നല്ലതാണെന്നും അതിന് പള്ളിയെക്കാള്‍ ഉത്തമം വീടാണെന്നും മേല്‍പറഞ്ഞ ഹദീസുകളെല്ലാം കുറിക്കുന്നുണ്ട്. കൂടുതല്‍ രഹസ്യമായതുകൊണ്ടും കപടഭക്തിക്കിടയില്ലാത്തതുകൊണ്ടും കര്‍മങ്ങളെ നശിപ്പിക്കുന്ന മറ്റു കാര്യങ്ങളില്‍ നിന്നു സുരക്ഷിതമായതു കൊണ്ടും നമസ്‌കാരം മൂലം വീട്ടില്‍ നിന്ന് ഗുണം ലഭിക്കാനും അവിടെ അനുഗ്രഹങ്ങളും മലക്കുകളും ഇറങ്ങാനും പിശാച് അവിടെനിന്ന് ഓടിപ്പോകാനും ഉപകരിക്കുന്നതുകൊണ്ടാണ് വീട്ടില്‍വെച്ചുള്ള നമസ്‌കാരത്തിന് ഇത്രയും പ്രോത്സാഹനം നല്‍കപ്പെട്ടിരിക്കുന്നത്.

റവാതിബ് സുന്നത്ത്

അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌കാര ങ്ങള്‍ക്ക് മുമ്പും ശേഷവും നിര്‍വഹിക്കാനുള്ള നമസ്‌കാരങ്ങള്‍ക്കാണ് റവാതിബ് സുന്നത്ത് എന്ന് പറയുന്നത്. ഇത് ആകെ പന്ത്രണ്ട് റക്അത്താണ്. ചില റിപ്പോര്‍ട്ടുകളില്‍ പത്ത് റക്അത്ത് എന്നും വന്നിട്ടുണ്ട്.

ഉമ്മുഹബീബ(റ) നിവേദനം. അവര്‍ പറഞ്ഞു: 'നബി(സ) പറയുന്നതായി ഞാന്‍ കേട്ടു: 'ആരെങ്കിലും രാപ്പകലുകളിലായി പന്ത്രണ്ട് റക്അത്ത് നമസ്‌കരിക്കുകയാണെങ്കില്‍ അവന് സ്വര്‍ഗത്തില്‍ ഒരു വീട് നിര്‍മിച്ച് നല്‍കപ്പെടുന്നതാണ്.'' 

സുബ്ഹിക്ക് മുമ്പ് രണ്ടും ളുഹ്‌റിന് മുമ്പ് നാലും ശേഷം രണ്ടും മഗ്‌രിബിന് ശേഷം രണ്ടും ഇശാഇന് ശേഷം രണ്ടും എന്നിങ്ങനെയാണ് ആ പന്ത്രണ്ട് റക്അത്തുകള്‍.

ആഇശ(റ) നിവേദനം: 'നബി(സ) പറഞ്ഞു: സുബ്ഹിക്കു മുമ്പുള്ള രണ്ട് റക്അത്ത് ഈ ലോകത്തെക്കാളും അതിലുള്ളതിനെക്കാളും ഉത്തമമാകുന്നു'' (മുസ്‌ലിം).

നബി(സ) ഏറ്റവുമധികം കണിശത കാണിച്ചിരുന്ന ഒരു സുന്നത്ത് നമസ്‌കാരമായിരുന്നു ഇത്. ഇതിന്റെ പ്രാധാന്യം കാരണത്താല്‍ യാത്രയില്‍ പോലും പ്രവാചകന്‍ ഇത് നമസ്‌കരിക്കുമായിരുന്നു. യാത്രയില്‍ നിര്‍ബന്ധ നമസ്‌കാരത്തിന്റെ കൂടെയുള്ള സുന്നത്ത് നമസ്‌കാരങ്ങള്‍ ഒഴിവാക്കാവുന്നതാണ്.

ഉമ്മുഹബീബ(റ)യില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു: 'നബി(സ) പറയുന്നതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: 'ആരെങ്കിലും ളുഹ്‌റിനു മുമ്പ് നാല് റക്അത്തും ശേഷം നാല് റക്അത്തും പതിവായി നമസ്‌കരിക്കുകയാണെങ്കില്‍ അല്ലാഹു അവനെ നരകത്തിന് നിഷിദ്ധമാക്കുന്നതാണ്'' (അഹ്മദ്).

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം. അദ്ദേഹം പറഞ്ഞു: 'സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്തുകളിലും മഗ്‌രിബിന് ശേഷമുള്ള രണ്ട് റക്അത്തുകളിലും റസൂല്‍(സ) 'ക്വുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍,' 'ക്വുല്‍ ഹുവല്ലാഹു അഹദ്' എന്ന സൂറത്തുകള്‍ ഓതുന്നത് എനിക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര പ്രാവശ്യം പാരായണം നടത്തുന്നത് ഞാന്‍ കേട്ടിട്ടുണ്ട്'' (തിര്‍മിദി).

ആഇശ (റ) നിവേദനം. നബി(സ) പറഞ്ഞു: 'ആരെങ്കിലും പന്ത്രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിക്കുന്ന കാര്യത്തില്‍ കൃത്യത കാണിക്കുന്നുവെങ്കില്‍ സ്വര്‍ഗത്തില്‍ അവന് ഒരു വീട് നിര്‍മിച്ച് നല്‍കുന്നതാണ്. ളുഹ്‌റിന് മുമ്പ് നാലും ശേഷം രണ്ടും മഗ്‌രിബിന് ശേഷം രണ്ടും ഇശാഇന് ശേഷം രണ്ടും സുബ്ഹിക്കു മുമ്പ് രണ്ടും റക്അത്തുകള്‍'' (തിര്‍മിദി).

മറ്റു ചില സുന്നത്തുകള്‍

അസ്വ്‌റിന് മുമ്പ് നാല് റക്അത്ത്

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) നിവേദനം. അദ്ദേഹം പറയുന്നു: 'നബി (സ) പറയുകയുണ്ടായി: 'അസ്വ്‌റിന് മുമ്പ് ആരെങ്കിലും നാല് റക്അത്ത് നമസ്‌കരിക്കുകയാണെങ്കില്‍ അല്ലാഹു അവനോട് കരുണ കാണിക്കുന്നതാണ്'' (അഹ്മദ്).

അസ്വ്‌റ് നിസ്‌കാരത്തിനു ശേഷം സുന്നത്ത് നിസ്‌കാരങ്ങളൊന്നുമില്ല. അസ്വ്‌റ് നിസ്‌കാരത്തിനു ശേഷം മഗ്‌രിബ് വരെയുള്ള സമയം നിസ്‌കാരം കറാഹത്തുള്ള സമയമാകുന്നു.

മഗ്‌രിബിന് മുമ്പുള്ള റണ്ട് റക്അത്ത്

അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍(റ) നിവേദനം. നബി(സ്വ)പറഞ്ഞു 'മഗ്‌രിബ് നമസ്‌കാരത്തിന് മുമ്പ് നിങ്ങള്‍ നമസ്‌കരിക്കുവിന്‍' എന്ന് ആവര്‍ത്തിച്ച് പറഞ്ഞു. മൂന്നാം തവണ പറഞ്ഞു: 'ഉദ്ദേശിക്കുന്നവര്‍'' (ബുഖാരി).

അനസ്(റ) പറയുന്നു: 'ഞങ്ങള്‍ മദീനയിലായിരിക്കെ, മഗ്‌രിബിന് മുഅദ്ദിന്‍ ബാങ്ക് വിളിച്ച് കഴിഞ്ഞാല്‍ തൂണുകള്‍ക്ക് പിന്നിലേക്ക് മാറിനിന്ന് ഞങ്ങള്‍ പെട്ടെന്ന് ഈരണ്ട് റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു. ഏതുവരെയെന്ന് ചോദിച്ചാല്‍ അപരിചിതനായ ഒരാള്‍ ആ സമയം പള്ളിയില്‍ വന്നാല്‍ (മഗ്‌രിബ്) നമസ്‌കാരം കഴിഞ്ഞുവെന്ന് തോന്നിപ്പോകും വിധം ഒരുപാടാളുകള്‍ ഈ രണ്ട് റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു'' (ബുഖാരി, മുസ്‌ലിം).

അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍(റ) നിവേദനം: 'നബി(സ്വ) പറഞ്ഞു: എല്ലാ രണ്ട് ബാങ്കുകള്‍ക്കിടയിലും നമസ്‌കാരമുണ്ട്. എല്ലാ രണ്ടു ബാങ്കുകള്‍ക്കിടയിലും നമസ്‌കാരമുണ്ട്. മൂന്നാം പ്രാവശ്യം പറയുകയുണ്ടായി; ഉദ്ദേശിക്കുന്നവര്‍ക്ക് എന്ന്'' (ബുഖാരി).

ഇതില്‍ പറഞ്ഞ രണ്ട് ബാങ്കില്‍ ഒന്ന് നമസ്‌കാര സമയമായി എന്നറിയിക്കാന്‍ കൊടുക്കുന്ന ബാങ്കും രണ്ടാമത്തേത് നമസ്‌കാരം ആരംഭിക്കാറായി എന്നറിയിക്കാന്‍ കൊടുക്കുന്ന ഇഖാമത്തുമാണ്.

ജുമുഅക്ക് ശേഷം നാല് റക്അത്ത്

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: 'നിങ്ങളില്‍ ആരെങ്കിലും ജുമുഅ നമസ്‌കരിച്ചാല്‍ അതിന് ശേഷം നാല് റക്അത്ത് നമസ്‌കരിക്കട്ടെ'' (മുസ്‌ലിം).

വെള്ളിയാഴ്ച ജുമുഅക്ക് ശേഷം നിര്‍വഹിക്കപ്പെടുന്ന സുന്നത്ത് നമസ്‌കാരമാണിത്. ജുമുഅക്ക് വന്നവര്‍ പള്ളിയില്‍വെച്ച് ഈ നാല് റക്അത്ത് നമസ്‌കരിക്കണം. രണ്ട് റക്അത്ത് പള്ളിയില്‍വെച്ചും ബാക്കി രണ്ട് റക്അത്ത് വീട്ടില്‍വെച്ചുമാകാം.

അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ)വില്‍ നിന്ന്: അദ്ദേഹം ജുമുഅ നമസ്‌കരിച്ചു കഴിഞ്ഞാല്‍ വീട്ടില്‍പോയി രണ്ട് റക്അത്ത് നമസ്‌കരിക്കും. പിന്നീട് പറയുകയുണ്ടായി; നബി(സ) ഇപ്രകാരമാണ് ചെയ്യാറുള്ളത്.'' (മുസ്‌ലിം).

തഹിയ്യത്ത് നമസ്‌കാരം

പള്ളിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ആദരസൂചകമായി നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരമാണ് തഹിയ്യത്തുല്‍ മസ്ജിദ് അഥവാ തഹിയ്യത്ത് നമസ്‌കാരം.

'നിങ്ങളില്‍ ആരെങ്കിലും പള്ളിയില്‍ പ്രവേശിച്ചാല്‍ രണ്ട് റക്അത്ത് നമസ്‌കരിക്കുന്നതുവരെ അവന്‍ ഇരിക്കരുത്'' (ബുഖാരി, മുസ്‌ലിം).

ളുഹാ നമസ്‌കാരം

അബൂഹുറയ്‌റ(റ) പറയുന്നു: 'എന്റെ കൂട്ടുകാരനായ റസൂല്‍(സ) മൂന്ന് കാര്യങ്ങള്‍ എന്നോട് വസ്വിയ്യത്ത് നല്‍കിയിരുന്നു. (അത് മരണം വരെ ഞാന്‍ ഒഴിവാക്കിയിട്ടില്ല): എല്ലാ മാസവും മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കല്‍, റണ്ട് റക്അത്ത് ളുഹാ നമസ്‌കാരം, ഉറങ്ങുന്നതിന് മുമ്പ് വിത്‌റ് നമസ്‌കരിക്കല്‍'' (ബുഖാരി, മുസ്‌ലിം).

രാത്രി നമസ്‌കാരം (ഖിയാമുല്ലൈല്‍)

എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പ് നിര്‍വഹിക്കുന്ന നമസ്‌കാരമാണ് രാത്രി നമസ്‌കാരം. ഏറെ ശ്രേഷ്ഠകരമാണെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ച ഒരു നമസ്‌കാരം കൂടിയാണിത്.

തറാവീഹ് നമസ്‌കാരം

സാധാരണ രാത്രി ഉറങ്ങുന്നതിന് മുമ്പ് നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരം വിശുദ്ധ റമദാനില്‍ നിര്‍വഹിക്കുമ്പോള്‍ അതിന് തറാവീഹ് എന്ന് പറയപ്പെടുന്നു.

ആഇശ(റ) നിവേദനം: 'നബി(സ)യുടെ റമദാനിലെ നമസ്‌കാരം എങ്ങനെയായിരുന്നു എന്നതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടു. അവര്‍ പറയുകയുണ്ടായി: അല്ലാഹുവിന്റെ ദൂതന്‍(സ) റമദാനിലാകട്ടെ, അല്ലാത്ത സന്ദര്‍ഭങ്ങളിലാകട്ടെ പതിനൊന്ന് റക്അത്തിനെക്കാള്‍ വര്‍ധിപ്പിക്കാറു ണ്ടായിരുന്നില്ല'' (ബുഖാരി, മുസ്‌ലിം).

ഇമാം ഇബ്‌നു ഹജര്‍ ഹൈതമിയുടെ നിലപാട്: പ്രവാചകന്‍ (സ) തറാവീഹ് ഇരുപത് റക്അത്താണ് നമസ്‌കരിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്ന സ്വഹീഹായ വല്ല ഹദീസും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇമാം മറുപടി പറഞ്ഞു: സ്വഹീഹായ ഒരു ഹദീസും റിപ്പോട്ട് ചെയ്യപ്പെട്ടിട്ടില്ല. മറിച്ച് എണ്ണം പരാമര്‍ശിക്കാതെ റമദാനിലെ രാത്രി നമസ്‌കാരം നിര്‍വഹിക്കാന്‍ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് പ്രവാചകന്‍ ചെയ്തത്. പ്രവാചകന്‍ (സ) റമദാനിലെ തറാവീഹ് 20-ഉം 3-ഉം 23 റക്അത്ത് നമസ്‌കരിച്ചു എന്ന് സൂചിപ്പിക്കുന്ന ഹദീസ് ഒന്നിലധികം വഴികളിലൂടെ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയെല്ലാം അങ്ങേയറ്റം ദുര്‍ബലമാണ്. പ്രസ്തുത ഹദീസിന്റെ നിവേദകരില്‍ ഒരാള്‍ ഹദീസ് പണ്ഡിതന്മാരുടെ ശക്തമായ നിരൂപണത്തിനും വിമര്‍ശനത്തിനും വിധേയമായിട്ടുണ്ട്.

റമദാനിലെ രാത്രി നമസ്‌കാരത്തിന്റെ (തറാവീഹ് ) റക്അത്തുകളുടെ എണ്ണം പ്രവാചകന്‍ (സ) കൃത്യമായി നിര്‍ണയിച്ചിട്ടില്ല. എന്നാല്‍ റമദാനിലും മറ്റു മാസങ്ങളിലും 13 റക്അത്തില്‍ കൂടതലോ കുറവോ അദ്ദേഹം നമസ്‌കരിച്ചിട്ടുമില്ല. ഒരോ റക്അത്തും ദീര്‍ഘിപ്പിക്കുകയായിരുന്നു പതിവ്. ഉമര്‍ (റ)ന്റെ കാലത്ത് ഉബയ്യിബ്‌നു കഅ്ബിനെ അദ്ദേഹം ഇമാമായി നിശ്ചയിച്ചപ്പോള്‍ ഇരുപത് റക്അത്താണ് നമസ്‌കരിച്ചത്. ശേഷം മൂന്ന് റക്അത്ത് വിത്‌റും. റക്അത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതനുസരിച്ച് നമസ്‌കാരത്തിന്റെ ദൈര്‍ഘ്യം കുറക്കുമായിരുന്നു. ഇതില്‍ ഏത് രൂപത്തില്‍ തറാവീഹ് നമസ്‌കരിച്ചാലും അത് സാധുവാകുന്നു. ഏതാണ് കൂടുതല്‍ ഉത്തമം എന്നത് നമസ്‌കരിക്കുന്നവരുടെ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദീര്‍ഘനേരം നിന്ന് നമസ്‌കരിക്കുവാന്‍ കഴിവുള്ളവര്‍ പ്രവാചകന്‍ (സ) റമദാനിലും അല്ലാത്ത മാസങ്ങളിലും ചെയ്തത് പോലെ പത്തും മൂന്നും പതിമൂന്ന് റകഅത്ത് നമസ്‌കരിക്കുന്നതാണ് ഉത്തമം. ദീര്‍ഘനേരം നിന്ന് നമസ്‌കരിക്കുവാന്‍ പ്രയാസമുള്ളവര്‍ 20-ഉം 3-ഉം 23 റക്അത്ത് നിര്‍വഹിക്കുന്നതാണ് ഉത്തമം. മുസ്‌ലീങ്ങളിലധികവും നമസ്‌കരിക്കുന്നത് അപ്രകാരമാണ്. 40-നും 10-നുമിടയിലുള്ള സന്തുലിത സമീപനമാണല്ലോ ഇത്. ഇനി ആരെങ്കിലും 40-ഓ അതല്ലാത്തതോ നിര്‍വഹിച്ചാല്‍ അതും അനുവദനീയമാണ്. അനഭിലഷണീയമായ ഒന്നും അതിലില്ല. ഇമാം അഹമദ്ബ്‌നു ഹമ്പലിനെ പോലെ ഒന്നിലധികം ഇമാമുകള്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. തറാവീഹ് നമസ്‌കാരത്തിന്റെ റക്അത്തുകളുടെ എണ്ണം പ്രവാചകന്‍ (സ) കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട് എന്നും അതില്‍ കൂട്ടാനോ കുറക്കാനോ അനുവാദമില്ല എന്നും ഒരാള്‍ മനസ്സിലാക്കിയാല്‍ അദ്ദേഹത്തിന് തെറ്റ് പറ്റിയിരിക്കുന്നു. തറാവീഹിന്റെ റക്അത്തുകളുടെ എണ്ണത്തില്‍ ഇത്രയധികം വിശാലതയുണ്ടെങ്കില്‍ ഖുനൂത്ത് കാരണം നിറുത്തം ദീര്‍ഘിപ്പിക്കുന്നതും അതല്ല അത് ഒഴിവാക്കുന്നതും അനുവദനീയമാകുന്നത് സ്വാഭാവികം മാത്രം. ഉന്മേഷമുളള സന്ദര്‍ഭത്തില്‍ നമസ്‌കാരം ദീര്‍ഘിപ്പിക്കുന്നതാണ് ഉത്തമം. ഉന്മേഷമില്ലാത്ത സന്ദര്‍ഭത്തില്‍ നമസ്‌കാരം ലഘൂകരിക്കുന്നതാണുത്തമം. പ്രവാചകന്‍ (സ)യുടെ നമസ്‌കാരം സന്തുലിതമായിരുന്നു. നിറുത്തം ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ റുകൂഉം സുജൂദും ദീര്‍ഘിപ്പിക്കും. നിറുത്തം ചുരുക്കുകയാണെങ്കില്‍ റുകൂഉം സുജൂദും ചുരുക്കും. നിര്‍ബന്ധനമസ്‌കാരങ്ങളിലും രാത്രി നമസ്‌കാരങ്ങളിലും ഗ്രഹണ നമസ്‌കാരങ്ങളിലും മറ്റു നമസ്‌കാരങ്ങളിലും പ്രവാചകന്‍ (സ) അപ്രകാരമാണ് ചെയ്തിരുന്നത്. നമസ്‌കാരത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതാണോ റക്അത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതാണോ കൂടുതല്‍ ഉത്തമം? അതോ രണ്ടും തുല്ല്യമാണോ? ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു. അതില്‍ ഏറ്റവും പ്രബലമായത് രണ്ടും തുല്യമാണ് എന്ന അഭിപ്രായമാണ്. നിറുത്തം ദീര്‍ഘിപ്പിക്കുക വഴി ഖുര്‍ആന്‍ പാരായണം അധികരിപ്പിക്കുന്നു. സാധാരണ ദിക്‌റിനേക്കാളും ദുആഇനേക്കാളും ശ്രേഷ്ഠമാണല്ലോ നിസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണം. എന്നാല്‍ സുജൂദാകട്ടെ നമസ്‌കാരത്തിലെ നിറുത്തത്തേക്കാള്‍ ശ്രേഷ്ഠവുമാണ്. അതിനാല്‍ നിറുത്തം ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ സുജൂദും റുകൂഉം ദീര്‍ഘിപ്പിക്കുന്നതാണ് അനുയോജ്യം. (മജ്മൂഉല്‍ ഫതാവാ 22/273)

തഹജ്ജുദ് നമസ്‌കാരം

രാത്രി നമസ്‌കാരം (ഖിയാമുല്ലൈല്‍), തറാവീഹ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന നമസ്‌കാരം രാത്രി ഉറക്കില്‍ നിന്ന് എഴുന്നേറ്റ് നിര്‍വഹിക്കുമ്പോള്‍ ആ നമസ്‌കാരത്തിന് പറയപ്പെടുന്ന പേരാണ് തഹജ്ജുദ്.

അബൂഹുറയ്‌റ(റ)വില്‍ നിന്ന്: നബി(സ്വ) പറയുന്നു: 'റമദാനിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹര്‍റത്തിലെ നോമ്പാണ്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരം രാത്രിയിലെ നമസ്‌കാരമാണ്'' (മുസ്‌ലിം).

മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം; അംറുബ്‌നു അബസ(റ)വില്‍ നിന്ന്: നബി(സ) പറയുന്നതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി: 'രക്ഷിതാവ് അടിമയുമായി ഏറ്റവും കൂടുതല്‍ അടുക്കുന്ന സമയം രാത്രിയുടെ അവസാന യാമത്തിലാകുന്നു. ആയതിനാല്‍ ആ സമയം അല്ലാഹുവിനെ ഓര്‍ക്കുന്നവരില്‍ ഉള്‍പ്പെടാന്‍ നീ ആഗ്രഹിക്കുന്നുവെങ്കില്‍ നീ അപ്രകാരം ചെയ്യുക'' (തിര്‍മിദി).

വിത്‌റ് നമസ്‌കാരം

അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ) നിവേദനം. നബി(സ) പറഞ്ഞു: ''വിത്‌റ് നമസ്‌കാരം ഓരോ മുസ്‌ലിമിന്റെയും അവകാശവും ബാധ്യതയുമാണ്. മൂന്ന് റക്അത്ത് നമസ്‌കരിച്ച് വിത്‌റാക്കാന്‍ ആരെങ്കിലും ഉദ്ദേശിച്ചാല്‍ അവന്‍ അങ്ങനെ ചെയ്യട്ടെ. ഒരു റക്അത്ത് നമസ്‌കരിച്ച് വിത്‌റാക്കാന്‍ ആരെങ്കിലും ഉദ്ദേശിച്ചാല്‍ അവന്‍ അങ്ങനെ ചെയ്യട്ടെ'' (അബൂദാവൂദ്).

വുദൂഇന് ശേഷം രണ്ട് റക്അത്ത്

അബൂഹുറയ്‌റ(റ) നിവേദനം: 'നബി(സ) സുബ്ഹ് നമസ്‌കാരശേഷം ബിലാല്‍(റ)വിനെ വിളിച്ച് കൊണ്ട് പറയുകയുണ്ടായി: 'ഓ, ബിലാല്‍, താങ്കള്‍ ഇസ്‌ലാമില്‍ പ്രവര്‍ത്തിച്ച ഏറ്റവും നല്ല പ്രവര്‍ത്തനത്തെ സംബന്ധിച്ച് എന്നോട് പറഞ്ഞ് തന്നാലും. കാരണം, സ്വര്‍ഗത്തില്‍ എന്റെ മുന്നില്‍ താങ്കളുടെ ചെരുപ്പിന്റെ ശബ്ദം ഞാന്‍ കേള്‍ക്കുകയുണ്ടായി.' ബിലാല്‍(റ) പറഞ്ഞു: 'ഞാന്‍ രാത്രിയിലോ പകലിലോ ഏത് സമയം വുദൂഅ് ചെയ്താലും അതിനായി എനിക്ക് നിര്‍ദേശിക്കപ്പെട്ട രണ്ട് റക്അത്ത് ഞാന്‍ നമസ്‌കരിക്കും. അതല്ലാതെ മറ്റൊരു കര്‍മവും (പ്രത്യേകമായി) അതിന് ഞാന്‍ പ്രവര്‍ത്തിക്കുന്നില്ല'' (ബുഖാരി, മുസ്‌ലിം).

ദൂരയാത്ര കഴിഞ്ഞ് വന്നാലുള്ള രണ്ട് റക്അത്ത്

ദൂരയാത്ര കഴിഞ്ഞ് സ്വന്തം നാട്ടില്‍ തിരിച്ചെത്തിയാല്‍ അവിടെയുള്ള പള്ളിയില്‍ ചെന്ന് രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിച്ചശേഷം വീട്ടിലേക്ക് പോകാന്‍ നബി(സ) പഠിപ്പിച്ചു.

ജാബിര്‍(റ) നിവേദനം. അദ്ദേഹം പറഞ്ഞു: 'നബി (സ) എന്നില്‍ നിന്ന് ഒരു ഒട്ടകത്തെ വാങ്ങുകയുണ്ടായി. അങ്ങനെ ഞാന്‍ മദീനയിലേക്ക് പ്രവേശിച്ചപ്പോള്‍ എന്നോട് പള്ളിയില്‍ വന്ന് രണ്ട് റക്അത്ത് നമസ്‌കരിക്കുവാന്‍ കല്‍പിച്ചു'' (ബുഖാരി, മുസ്‌ലിം).

നന്മയെ ചോദിച്ചുകൊണ്ടുള്ള സുന്നത്ത് നമസ്‌കാരം

ജീവിതത്തിലെ സാഹചര്യങ്ങള്‍ നമ്മെക്കൊണ്ട് പല കാര്യങ്ങളും ചെയ്യിപ്പി ക്കാറുണ്ട്. പലകാര്യങ്ങളും ചെയ്യാന്‍ നാം നിര്‍ബന്ധിതരാകാറുണ്ട്. ചിലത് നല്ലകാര്യങ്ങള്‍ക്കുള്ള തുടക്കങ്ങളുമാകാം. ഏത് നിലപാട് സ്വീകരിക്കുന്നതാണ് ഗുണകരം എന്നറിയാത്ത അവസ്ഥയുണ്ടാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍(സ) പഠിപ്പിച്ച ഒരു സല്‍ക്കര്‍മമാണ് നന്മയെ തേടിക്കൊണ്ടുള്ള നമസ്‌കാരം. ഇതിലെ പ്രാര്‍ഥന സ്വഹാബത്ത് ഖുര്‍ആന്‍ മനഃപാഠമാക്കുന്നതുപോലെ പഠിക്കുമായിരുന്നു.

'ജാബിറുബ്‌നു അബ്ദുല്ലാഹ്(റ) പറയുന്നു: 'നബി(സ) ഖുര്‍ആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ സര്‍വ കാര്യങ്ങളിലും ഇസ്തിഗാറത്ത് ചെയ്യേണ്ടത് ഞങ്ങളെ പഠിപ്പിച്ചിരുന്നു. നബി(സ) പറഞ്ഞു: 'ഒരു കാര്യം ചെയ്യുന്നതിനെ കുറിച്ച് തീരുമാനത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്താല്‍ ഉത്തമമായ മാര്‍ഗം പടച്ചവന്‍ കാണിച്ചുതരും.''

'അല്ലാഹുവേ, നിന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ നിന്നോട് ഉത്തമമേതെന്ന് ഞാന്‍ ചോദിക്കുന്നു. നിന്റെ കഴിവിന്റെ അടിസ്ഥാനത്തില്‍ നിന്നോട് ഞാന്‍ കഴിവിനെ ചോദിക്കുന്നു. നിന്റെ മഹത്തായ ഔദാര്യത്തില്‍ നിന്ന് ഞാന്‍ ചോദിക്കുകയും ചെയ്യുന്നു. കാരണം, നീ കഴിവുള്ളവനും ഞാന്‍ കഴിവില്ലാത്തവനുമാണ്. നീ എല്ലാം അറിയുന്നു. ഞാന്‍ അറിയുന്നുമില്ല. നീയാകട്ടെ എല്ലാ പരമ രഹസ്യങ്ങളും നല്ലപോലെ അറിയുന്നവനുമാണ്. അല്ലാഹുവേ (ഇവിടെ കാര്യമെന്തെന്ന് പറയുക) എനിക്ക് എന്റെ മതത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും അഥവാ എന്റെ വര്‍ത്തമാനത്തിലും ഭാവിയിലും ഉത്തമമാണെന്ന് നീ അറിയുന്നുവെങ്കില്‍ അതെനിക്ക് വിധിക്കുകയും എനിക്കത് എളുപ്പമാക്കിത്തരികയും പിന്നീട് എനിക്കതില്‍ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. ഈ കാര്യം എന്റെ മതത്തിലും എന്റെ ഐഹിക കാര്യത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും ദോഷകരമാണെന്ന് നീ അറിയുന്നുവെങ്കില്‍ എന്നെ അതില്‍നിന്നും അതിനെ എന്നില്‍ നിന്നും തിരിച്ചു കളയേണമേ. നന്മ എവിടെയാണോ അതെനിക്ക് വിധിക്കുകയും എന്നിട്ട് അതിനെ എനിക്ക് തൃപ്തിപ്പെടുത്തുകയും ചെയ്യേണമേ'' (ബുഖാരി).

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top