സങ്കടല്‍ തീരത്ത്

സീനത്ത് ചെറുകോട്

 

(ആച്ചുട്ടിത്താളം)

ബെല്ലടിക്കുന്നതിനു മുമ്പ് ക്ലാസിലെത്താന്‍ ധൃതിയില്‍ നടക്കുമ്പോള്‍ ജീവിതത്തിന്റെ വഴികളെക്കുറിച്ചോര്‍ത്തു. എവിടേക്കാണ് ഞാനെത്തുക എന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. ഉമ്മ തറവാട്ടില്‍ നെല്ലുകുത്തുമ്പോള്‍, സ്‌കൂള്‍ ഉച്ചക്ക് വിട്ടാല്‍, മുളങ്കാടുകളും കാട്ടുപൊന്തകളും ഇരുപുറവും നിന്ന് വഴി ചെറുതാക്കിയ *ഇട്ടലിലൂടെ നടക്കേ മുമ്പില്‍ മാട്ടിത്താത്ത പെടരുതേ എന്ന പ്രാര്‍ഥനയുണ്ടാവും. വേഗമെത്താന്‍ ചിലപ്പോള്‍ തെക്കീലെ പറമ്പിലൂടെ മുളകൊണ്ട് കെട്ടിയ *കടായിയും കടന്ന് പോകും. പക്ഷേ മാട്ടിത്തത്തയെ ഒഴിച്ച് നിര്‍ത്തിയാല്‍ തെച്ചിപ്പഴങ്ങള്‍ നിറഞ്ഞ ഇട്ടല്‍ എനിക്കേറെ ഇഷ്ടമായിരുന്നു. തിരിച്ചു പോകുമ്പോള്‍  ''ഇട്ടല്ല് കളിച്ച് നിക്കണ്ട, വേഗം പൊയ്ക്കളോണ്ടി'' ഉമ്മ വിളിച്ചു പറയും.

എതിര്‍വശത്തു നിന്നും മാട്ടിത്താത്ത വന്നാല്‍ എങ്ങോട്ടും മാറാന്‍ പറ്റില്ല. നമ്മള്‍ നിന്നാല്‍ മാട്ടിത്താത്ത നില്‍ക്കും. നമ്മള്‍ ഓടിയാല്‍ അവരും ഓടും. തലക്ക് ചെറിയ നൊസ്സുണ്ട് അവര്‍ക്ക്. നെഞ്ച് പിടച്ച് പേടിച്ചു വിറച്ച് എങ്ങനെയെങ്കിലും വീട്ടിലെത്തുമ്പോഴേക്കും ആകെ തളര്‍ന്നിട്ടുണ്ടാവും. അമ്മായിയാണ് മാട്ടിത്താത്ത. വല്ലിപ്പ വല്ലിമ്മയെ കല്യാണം കഴിക്കുമ്പോള്‍ ഈ മകളുണ്ടായിരുന്നു. ഭര്‍ത്താവ് മരിച്ച് മകളോടൊപ്പം ആങ്ങളമാരുടെ കൂടെ കഴിയുകയായിരുന്നു അന്ന് വല്ലിമ്മ. ചെറുപ്പത്തിലെ ഏറ്റവും വലിയ പേടി മാട്ടിത്താത്തയെ കാണുക എന്നായിരുന്നു. അന്ന് ഏതിലൂടെയൊക്കെ ചാടിക്കടന്നിട്ടുണ്ട് അവരില്‍ നിന്ന് രക്ഷപ്പെടാന്‍.

ഇപ്പോള്‍ ഏതിലൂടെയൊക്കെ ചാടിക്കടന്നാലാണാവോ ലക്ഷ്യത്തിലെത്തുക. യതീംഖാനയില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പ്രൊഫസര്‍ ആകെ ഓര്‍മ്മിപ്പിച്ചത് പഠനവും വായനയുമാണ്. ''ഇവടെ നിന്നോ. ട്രെയിനിങിന് ചേരുന്നതു വരെ ഡിഗ്രിക്ക് പോകാം.''

വേണ്ടെന്നു പറയാന്‍ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. ട്രെയിനിങ് കോഴ്‌സിന്റെ സീറ്റ് രണ്ടുമൂന്നു വര്‍ഷമായി വളരെ പരിമിതമാണ്. ഡിഗ്രിക്കു ചേര്‍ന്നാല്‍ അതുതന്നെ തുടരാന്‍ പറഞ്ഞാലോ? ബി. എഡാണെങ്കില്‍ പിന്നെയും വര്‍ഷം കൂടും. അതിനു വയ്യ. യതീംഖാന വിടാന്‍ തന്നെ തീരുമാനിച്ചു.

പോരുമ്പോള്‍ ബാഗുമെടുത്ത് സബുട്ടി ബസ് സ്റ്റോപ്പ് വരെ വന്നു. ഒന്നും മിണ്ടിയില്ല അവന്‍. ബസ്‌കയറി പോരുമ്പോഴും അവന്റെ മുഖം നിസ്സംഗമായിരുന്നു. ഒമ്പതാം ക്ലാസിലേക്കാണവന്‍. പത്താംക്ലാസ് ആകുമ്പോഴേക്കും എനിക്കു തിരിച്ചെത്തണം.

ബിരുദത്തിന് അടുത്ത കോളേജില്‍ ചേരുമ്പോള്‍ ഫീസിളവ് കിട്ടി. പക്ഷേ ബസ്‌കൂലി വേണം. ഉമ്മ കൈ മലര്‍ത്തി. ഒപ്പിച്ചു കൊണ്ടുപോകാന്‍ വയ്യ. അങ്ങാടിയില്‍ നിന്ന് കോളേജിലേക്കും തിരിച്ചും നടന്നാല്‍ ഇരുപത് പൈസയില്‍ ഒതുക്കാം. അമ്മായിയും ഇത്താത്തമാരും കഴിയുന്നത്ര സഹായിച്ചു.

ടെക്സ്റ്റ് പുസ്തകങ്ങള്‍ പഴയത് സംഘടിപ്പിച്ചു. എത്ര ചുരുക്കിയെഴുതിയാലും നോട്ടു പുസ്തകത്തിന്റെ പേജുകള്‍ തീര്‍ന്നു പോകുന്നത് ഒരു പ്രശ്‌നം തന്നെയായിരുന്നു. എന്നാലും ആ ദിവസങ്ങളെ ഇഷ്ടപ്പെട്ടു. കൂട്ടുകാരികള്‍ എല്ലാറ്റിനും ഒപ്പം നിന്നു. എഴുത്തും വായനയും ചര്‍ച്ചകളും അഭിപ്രായ പ്രകടനങ്ങളുമായി സ്വാതന്ത്യത്തിന്റെ ചിരികള്‍ പൂത്തകാലം.

കോളേജ് വാര്‍ഷികത്തിന് അവതരിപ്പിക്കുന്ന നാടകത്തില്‍ മുഖ്യകഥാപാത്രമായി അഭിനയിക്കാനുള്ള അവസരം കിട്ടി. റിഹേഴ്‌സലിന്റെ ചൂടുള്ള ദിവസങ്ങള്‍. ഒപ്പം മോഡല്‍ പാര്‍ലമെന്റിലേക്കുള്ള ഗഹനമായ പഠനത്തിന്റെ തീവ്രത. ആകെക്കൂടി ബഹളം. 

നീണ്ട നടത്തവും ബസിലെ തിരക്കും കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഉമ്മ ബന്ധുവായ കുഞ്ഞാണ്യാക്കയോട് സംസാരിക്കുകയാണ്.

''ഓല്ക്ക് പഠിപ്പുള്ള കുട്ടിനെ മാണം. മന്ന് കണ്ടോട്ടെ?'' കുഞ്ഞാണ്യാക്കയാണ്. ആയ്‌ക്കോട്ടേന്ന് ഉമ്മ തലയാട്ടി.

രാത്രി പുസ്തകത്തിലേക്ക് കണ്ണു നട്ടിരിക്കുമ്പോള്‍ ഉമ്മ തൊണ്ടയനക്കി.

''കാത്ക്കും കൗത്തുക്കും കൊടുത്താമതീന്നാ കുഞ്ഞാണി പറീണത്. ഓല് കണ്ടോട്ടെ''

''ഉമ്മാ, ഇന്റെ പഠനം കയ്യാതെ ഇങ്ങള് ആരെ കൊടുന്നിട്ടും കാര്യല്ല. ഞാന്‍ നിന്ന് കൊടുത്താലല്ലേ?''

''ജ്ജ് ങ്ങനെ നിക്കാനാ  വിചാരിച്ചിക്ക്ണ്? നല്ല ജോലിള്ള ചെറ്ക്കനാ''

''ആരായാലും കാര്യല്ല. വെറുതെ മനുഷ്യമ്മാര് ഇവടെവരെ വന്നിട്ട് കാണാതെ പോകണ്ടി വരും. കുഞ്ഞാണ്യാക്കാനോട് പറഞ്ഞളിം കൊണ്ടരണ്ടാന്ന്''

ഉമ്മ മൂക്കുപിഴിഞ്ഞു. കാണാത്തപോലെ പുസ്തകത്തിലേക്കു തന്നെ തലപൂഴ്ത്തി. 

യതീംഖാനയില്‍ ഇംഗ്ലീഷ് ട്യൂഷന്‍ കഴിഞ്ഞ് വരാന്തയിലൂടെ ഏറ്റവും പിറകില്‍ നടക്കുമ്പോള്‍ 

''ഒരു മിനുട്ട്. ഇപ്പൊ പോകാം.'' പിറകില്‍ നിന്ന് റഹീം സാറിന്റെ ശബ്ദം

''എന്താ സാര്‍?''

''ഒരു കാര്യം പറയാനുണ്ടായിരുന്നു.''

അദ്ദേഹത്തിന്റെ മുഖത്ത് വിമ്മിട്ടം. ക്ലാസില്‍ ശ്രദ്ധക്കുറവൊന്നും കാണിച്ചിട്ടില്ല. കവിതയുടെ ഏതോ അര്‍ഥ തലങ്ങളിലൂടെ കടന്നുപോയപ്പോള്‍ വെറുതേ കുസൃതി ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അക്ഷോഭ്യമായ മറുപടി പിന്നെയും പിന്നെയും തമാശകളിലേക്ക് നയിക്കാറുണ്ട്. ഇഷ്ടപ്പെടാത്തതിന് ശാസിക്കാനാവുമോ? റംലയും, മറിയംബിയും, ഹഫ്‌സയുമൊക്കെ പോയിരിക്കുന്നു. പ്രൊഫസറുടെ ലൈബ്രറി കഴിഞ്ഞു പോന്നിട്ടുണ്ട്. പടച്ചോനെ ചീത്ത പറയുന്നത് അദ്ദേഹമെങ്ങാനും കേട്ടാല്‍....ഇദ്ദേഹം എന്തിനാണാവോ ഇങ്ങനെ വെച്ചു താമസിപ്പിക്കുന്നത്. ''നേരിട്ടു പറയാന്നു കരുതി.''

വീണ്ടുമൊരു ഞെട്ടല്‍. അടുത്തത് എന്താണാവോ?

''ഞാനിങ്ങനെ തമാശക്ക് ഓരോന്ന് പറീണതാ സാര്‍. ഇനിയങ്ങനെ ഉണ്ടാവൂല.''

''ഏയ് അതല്ല. അതൊക്കെ എനിക്കിഷ്ടാ...''  ''അതല്ല''

സാറിന്റെ ദൃഷ്ടി മറ്റെങ്ങോ ആണ്.

''എല്ലാ വേദനകളും ഞാനേറ്റെടുത്താലോന്ന് ചോയ്ക്കാനാ.......''

ഒരിക്കലും ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല. അതുകൊണ്ട് എന്ത്  ചെയ്യണം എന്നറിയാതെ ആകെ പ്രയാസപ്പെട്ടു.

''കഴിഞ്ഞ് കൂടാനുള്ളതൊക്കെ വീട്ടിലുണ്ട്. പിന്നെ....ആലോചിച്ച് പറഞ്ഞാമതി''

കാലുകളുടെ ചലനമറ്റു. ക്ലാസിലിരിക്കുമ്പോള്‍ ഒരു പ്രത്യേകതയും കാണിച്ചിട്ടില്ല. ഒറ്റക്കു കണ്ടുമുട്ടിയാല്‍ പോലും ഒരു ചിരിക്കപ്പുറം പോയിട്ടില്ല. ക്ലാസിനിടയിലെ തമാശകളൊഴിച്ചാല്‍ ഞാനും ഒന്നും പറഞ്ഞിട്ടില്ല ഇതുവരെ. പിന്നെയെന്താണാവോ ഇങ്ങനെയൊരു തോന്നല്‍. മത്സരങ്ങളിലെ വിധി കര്‍ത്താവായി പലപ്പോഴും അദ്ദേഹം ഉണ്ടാവാറുണ്ട്. എഴുതിയത് വല്ലതും ഇഷ്ടപ്പെട്ടിട്ടുണ്ടാവും. സൗന്ദര്യം കണ്ടിട്ടല്ല എന്നത് ഏതായാലും ഉറപ്പാണല്ലോ. അങ്ങനെയാണെങ്കില്‍ എന്നെയല്ല അന്വേഷിക്കുക.

മുറിയിലെത്തിയപ്പോള്‍ റംല ഒപ്പം കൂടി.

''എന്തേ സാറ് പറഞ്ഞത്.?''

''ഒന്നൂല്ല''

''പിന്നെ വെറുതെ അവിടെ നിര്‍ത്ത്വോ''

''കാര്യണ്ടാവും''

മുഖത്തെ അയവില്ലായ്മ കണ്ടാവും റംല ശബ്ദം താഴ്ത്തി.

''ചീത്തപറഞ്ഞോ?''

''ഉം'' ''എന്തിന്?''

''ക്ലാസില് അനാവശ്യ വര്‍ത്താനം വേണ്ടാന്ന് പറഞ്ഞു.''

റംല ചിരികോട്ടി.

''ഓ. പിന്നേ മൂപ്പര് മുണ്ടാപ്പൂച്ചയാണെന്ന് കരുതി നമ്മക്ക് മുണ്ടണ്ടെ?''

മനസ്സിലൊരു കൊളുത്തു വീണു. വെറുതെ ആ മനുഷ്യനെ ചീത്ത പറയിപ്പിച്ചു എന്ന് മനസ്സ് കുറ്റപ്പെടുത്തി. അവിടെ കിടക്കട്ടെ. മനസ്സില്‍ മൂടിക്കിടക്കട്ടെ. ഉമ്മയുടെ കിതപ്പ് ചെവിയില്‍ പെരുമ്പറ പോലെ ഉയര്‍ന്നു. മഴയത്ത് തായരയില്‍ ഉമ്മ വെച്ച പാത്രങ്ങളില്‍ നിര്‍ത്താത്ത ചോര്‍ച്ചത്താളം. കാളീ...കരിങ്കാളീ....അട്ടഹാസത്തിന്റെ ധ്വനികള്‍. ആര്‍ക്കും ഭാരമാകാന്‍ വയ്യ. സ്വന്തം കാലില്‍ നിന്നേ പറ്റൂ. ഒരു ഭാഗത്ത് റഹീംസാറിന്റെ നിഷ്‌കളങ്ക മുഖം. എല്ലാ വേദനകളും ഇറക്കി വെയ്ക്കാന്‍ അത്താണിയാകുന്ന മനസ്സ്. തലചായ്ച്ച് ഒന്ന് വിശ്രമിക്കണമെന്ന് എനിക്കുമുണ്ടായിരുന്നു. പക്ഷേ മനസ്സ് വിലക്കി. രണ്ടിന്റേയും ഇടയില്‍ കിടന്ന് ഹൃദയം എരിപൊരി കൊണ്ടു. പിറ്റേന്ന് ട്യൂഷന്‍ ക്ലാസില്‍ പോയില്ല. തലവേദനയെന്നു പറഞ്ഞപ്പോള്‍ റംല പിറുപിറുത്തുകൊണ്ട് പോയി. അവളെ നോക്കിയപ്പോള്‍ പിന്നെയും സങ്കടം വന്നു. ഒന്നും അവളില്‍ നിന്ന് മറച്ചു വെക്കാറില്ല.

ക്ലാസ് കഴിഞ്ഞു വരുമ്പോള്‍ റംല ചിരിച്ചു. ''അന്നെ ചീത്ത പറഞ്ഞതോണ്ടായിരിക്കും സാറിനും ഇന്ന് തലവേദന്യാണല്ലോ.''

''കൂട്ടുകാരി എവിടേന്ന് ചോദിച്ചു എന്നോട്.'' ഒന്നും മിണ്ടിയില്ല. എന്തു മിണ്ടാന്‍?

''സാറിന്ന് വേഗം നിര്‍ത്തി. സുഖല്ല്യാന്ന് പറഞ്ഞു.''

എത്ര ദിവസം ക്ലാസില്‍ പോവാതിരിക്കും. ട്യൂഷന്‍ ക്ലാസിലിരിക്കല്‍ നിര്‍ബന്ധമാണ്. പ്രൊഫസറും റഹീംസാറും ദാമോദരന്‍സാറുമൊക്കെ മാറിമാറി ക്ലാസെടുക്കും. അറുത്തു മുറിച്ച് ആ മുഖത്ത് നോക്കി ഒന്നും പറയാന്‍ വയ്യ.

കോളേജില്‍ ആദ്യത്തെ അവര്‍ കഴിഞ്ഞ് ലൈബ്രറി ഹാളിലേക്കു നടന്നു. പുസ്തകത്തിലേക്ക് ശ്രദ്ധയൊന്നും പോകുന്നില്ല. അവിടെ നിന്നിറങ്ങി മുറ്റത്തെ കോണില്‍ നില്‍ക്കുന്ന ചവോക്ക് മരത്തിന്റെ ചുവട്ടിലേക്കു നടന്നു. എതിരെ വരുന്ന മുഖം തളര്‍ച്ച കൂട്ടി. കോളേജില്‍ വരേണ്ട കാര്യം അദ്ദേഹത്തിനില്ല. യതീംഖാനയിലെ ഓഫീസ് കാര്യങ്ങളില്‍ സഹായിക്കുകയാണ് ജോലി. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുണ്ട്. അതുകൊണ്ട് ട്യൂഷനെടുക്കുന്ന ചുമതലയുണ്ടെന്നേയുള്ളൂ. എന്നെ കണ്ടുകഴിഞ്ഞിരിക്കുന്നു. ഇനി എങ്ങോട്ട് മാറും? മാറേണ്ട എന്നു തന്നെ തീരുമാനിച്ചു. മരത്തിന്റെ ചുവട്ടിലേക്ക് ഒന്നുകൂടി ഒതുങ്ങി നിന്നു. മുറ്റത്തൊന്നും അധികം കുട്ടികളില്ല.

''ഇന്നലെ തലവേദനയല്ലാന്നറിയാം''

''ഉണ്ടായിരുന്നു''

''എന്നോട് പറയാന്‍ നല്ല വര്‍ത്താനൊന്നും ഇല്ലേ?''

''ശര്യാവൂല സാര്‍......''

''ജോല്യൊന്നും ആയിട്ടില്ലാ എന്നതാണോ പ്രശ്‌നം?''

''അല്ല.''  ''അതൊരു പ്രശ്‌നേ അല്ല.''

''പിന്നെ?''

''കൂടുതലൊന്നും ചോയ്ക്കാതിരിക്കല്ലെ സാര്‍ നല്ലത്. പ്രശ്‌നം ഒരുപാടാണ്.''

''സാരല്ല. ട്യൂഷന്‍ മൊടക്കണ്ട. ഇന്‍ക്ക് മനസ്സിലാവും''

അകന്നു പോകുന്ന രൂപത്തെ നോക്കി. വിഷമം തോന്നുന്നുണ്ടോ മനസ്സില്‍? വേണ്ട ഒന്നും തോന്നണ്ട. എന്തിനീ ഭാരങ്ങള്‍ പേറി അദ്ദേഹം കുനിയണം.? നന്നാവട്ടെ. ആയിട്ടില്ല. ഒന്നിനും സമയമായിട്ടില്ല.

ട്യൂഷനു പോയി. ഒന്നും സംഭവിക്കാത്ത മട്ടിലിരുന്നു. സാറും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജോലികിട്ടി അദ്ദേഹം പോയപ്പോള്‍ ആശ്വാസമാണു തോന്നിയത്. എന്തോ ഭാരം തലയില്‍ നിന്ന് ഇറക്കി വെച്ചപോലെ. ആരുമറിയാതെ ഒന്നുമറിയാതെ അതങ്ങനെ പോയി.

അദ്ദേഹം ഒന്നും ആഗ്രഹിച്ചിട്ടില്ല എന്നറിയാം. ഒരു ജീവിതം രക്ഷപ്പെടാനുള്ള ആത്മാര്‍ത്ഥ ശ്രമം. അന്നതിനു സമ്മതിക്കാത്തത് ഗതികേടുകൊണ്ട്. ഇന്നിപ്പൊ കഴുത്തിലും കാതിലും മതീത്രേ. വെറുപ്പു തോന്നി. കഴുത്തിലും കാതിലും. അതിനും ഉമ്മ തെണ്ടണം. രാത്രികളില്‍ ഉറക്കമില്ലാതെ ഉരുകണം. മനസ്സില്ലെങ്കിലോ. ആരും വരണ്ട. ആരും കെട്ടണ്ട

ഉറച്ചുതന്നെ എന്നറിഞ്ഞതുകൊണ്ടാവാം ഉമ്മ പിന്നെ ഒന്നും പറഞ്ഞില്ല. കാണാന്‍ ആരും വന്നുമില്ല.

ഒരു വര്‍ഷം തീരുകയാണ്. പരീക്ഷക്ക് ഇനി ഒരുമാസം. പ്രൈവറ്റ് രജിസ്‌ട്രേഷന് നൂറുരൂപ കെട്ടാന്‍ ഗതികെട്ടതോര്‍ത്തപ്പോള്‍ ഉറക്കം താനേ പോയി. പഠനത്തില്‍ ശ്രദ്ധിച്ചു.

''ഒരുമാസം നഴ്‌സറി സ്‌കൂളില്‍ പഠിപ്പിക്കാന്‍ പറ്റ്വോ?'' യതീംഖാനയില്‍ നിന്ന് മാനേജര്‍ ആളെ വിട്ട് ചോദിക്കുമ്പോള്‍ മറുപടിയൊന്നും പറയാന്‍ പറ്റാതെ നിന്നുപോയി. കോളേജ് വിട്ടു വന്നപ്പോള്‍ സുലുവും വാര്‍ഡന്‍ മറിയം ടീച്ചറും വീട്ടിലുണ്ടായിരുന്നു. വരുന്നില്ല എന്നുപറയാന്‍ മടി. എന്നേക്കാള്‍ വിദ്യാഭ്യാസമുള്ള എത്രയോ ആളുകളുള്ള ഒരു സ്ഥലത്തു നിന്നാണ് ഇത്ര ദൂരത്തേക്ക് എന്നെ വിളിക്കാന്‍ ആളെ വിട്ടിരിക്കുന്നത്. നാളെ യതീംഖാനയിലേക്ക് വരാമെന്ന മറുപടിയില്‍ അവര്‍ പോയി. കരിമെഴുകിയ നിലത്ത് വെറും പായ വിരിച്ചു കിടക്കാന്‍ അവരെ നിര്‍ബന്ധിച്ചില്ല. നിര്‍ബന്ധിച്ചാലും അവര്‍ പോകുമെന്നറിയാം.

ഒരു തീരുമാനത്തിലെത്താന്‍ പറ്റുന്നില്ല. മജീദു സാറുണ്ടെങ്കില്‍ ഒരു നിര്‍ദേശം കിട്ടിയേനെ. പ്രൊഫസര്‍ക്ക്, ക്ലാസ് ഒരു മാസത്തിനെങ്കിലും ഒഴിവാക്കുന്നത് ഇഷ്ടമാകുമോ? ഫാത്തിമ ടീച്ചറെ കാണാനാണ് മനസ്സ് പറഞ്ഞത്. കോളേജില്‍ എല്ലാവരോടും യാത്ര പറഞ്ഞു. പരീക്ഷക്ക് തയ്യാറാകണം. പ്രിന്‍സിപ്പല്‍ ഓര്‍മിപ്പിച്ചു. കൂട്ടുകാരികള്‍ കണ്ണു തുടച്ചു. നാടക റിഹേഴ്‌സലിന് ശനിയും ഞായറും എത്തിക്കോളാമെന്ന് വാക്കുകൊടുത്തു. തറവാട്ടിലെ ഇത്താത്തയില്‍ നിന്ന് ഒരു സാരി കടം കിട്ടി. സുലുവിന്റെ കൈയില്‍ നിന്ന് ഒന്നു വാങ്ങാം. ബാക്കിയൊക്കെ അവിടെച്ചെന്നിട്ട്.

യാത്രയില്‍ മുഴുവന്‍ മനസ്സ് ആശയക്കുഴപ്പത്തിലായിരുന്നു. കോളേജ് വിട്ടുപോരാനുള്ള മടിയേക്കാള്‍ പോകുന്ന സ്ഥലത്തെപ്പറ്റിയുള്ള അങ്കലാപ്പ്. ഫാത്തിമ ടീച്ചര്‍ ആശ്വസിപ്പിച്ചു.

''നീ പോകണം. യതീംഖാനയല്ല ജീവിതം. അതിനു പൊറത്താണ്.''

പ്രൊഫസര്‍ നീട്ടി മൂളി.

''അലഞ്ഞു തിരിഞ്ഞ് പഠനത്തില്‍ പെറകിലാകരുത്.'' 

ഇല്ലെന്ന് ഉറപ്പു കൊടുത്തു. സബുട്ടി സന്തോഷം കൊണ്ട് ചിരിച്ചു.

''ഇത്താത്ത ടീച്ചറായില്ലേ?''

''മുറിയന്‍ ടീച്ചര്‍''

''വകവേണം.''

''ശമ്പളം കിട്ടെട്ടടാ''

അവന്‍ ചിരിച്ചു. അമ്പിളി ഉദിച്ച പോലുള്ള ചിരി. ഒഴിവും ബസുകൂലിയും ഒത്തു കിട്ടുമ്പോഴൊക്കെ യതീംഖാനയിലേക്ക് ഓടി വരുന്നത് ഈ ചിരി കാണാനായിരുന്നു. അവന്റെ പഠനം ഉഴപ്പിപ്പോകുമോയെന്ന പേടിയും. പ്രൊഫസര്‍ അവനെ ശ്രദ്ധിക്കുന്നത് ആശ്വാസമായി. അവനായിരുന്നു എന്റെ സങ്കടം. എന്നത്തേയും സങ്കടം.

 

*ഇട്ടല്‍ - ഊടു വഴി

* കടായി - മുളകൊണ്ടുള്ള പടി

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top