വിധവകളുടെ ദുരന്തം

ഓര്‍മത്താളില്‍ നിന്ന്

(ആരാമം മാസിക 1987 ഡിസംബര്‍ പുസ്തകം 2 ലക്കം 11)

ജയ്പൂരിനടുത്തുള്ള നാസ്‌നോട്ട ഗ്രാമത്തിലാണ് മാംഗി താമസിക്കുന്നത്. ഖത്തിക്ക് രാജസ്ഥാനി എന്ന വര്‍ഗ്ഗക്കാരിയാണിവള്‍. വൈധവ്യജീവിതത്തിന് കനത്ത വില നല്‍കിയാണവള്‍ ജീവിക്കുന്നത്. 45 നും 50 നും ഇടക്കാണവളുടെ പ്രായം. പക്ഷെ കാഴ്ചയില്‍ അതില്‍ കൂടുതല്‍ തോന്നിക്കും. പതിമൂന്നാം വയസ്സില്‍ അവളുടെ മൂന്നിരട്ടി പ്രായമുള്ള ഒരു വിഭാര്യനാണവളെ വിവാഹം കഴിച്ചത്. ആദ്യഭാര്യയില്‍ അയാള്‍ക്ക് ഒരു മകനുണ്ടായിരുന്നു. അവള്‍ക്ക് 28 വയസ്സ് പ്രായമുള്ളപ്പോള്‍ ബജ്‌റ വയലില്‍ അവളുടെ ഭര്‍ത്താവ് മരിച്ചുവീണു. അവളുടെ ഭര്‍ത്തൃവീട്ടുകാര്‍ നാട്ട എന്ന ആചാരം സ്വീകരിക്കുന്നതിന് അവളെ നിര്‍ബന്ധിച്ചു. ഈ ആചാരപ്രകാരം ഭര്‍ത്തൃ സഹോദരനോ മറ്റോ അവള്‍ക്കൊരു രാഖി കെട്ടിയാല്‍ കൈയില്‍ വളകളുമണിയിച്ച് നിയമപ്രകാരമുള്ള ഭാര്യയെപ്പോലെ കൂടെ താമസിപ്പിക്കുന്നു. പക്ഷേ, അവള്‍ വിസമ്മതിച്ചു. കാരണം ഇളയ സഹോദരന്‍  ഒരു വിവാഹം കഴിച്ച ആളായിരുന്നു അയാള്‍ക്ക് കുട്ടികളുണ്ടായിരുന്നു. കുടുംബത്തില്‍ മുന്‍ഗണനയും അവര്‍ക്കായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അവളുടെ ഭര്‍തൃബന്ധുക്കള്‍ അവളെ വളഞ്ഞുപിടിച്ച് ഒരു മുറിയില്‍ പൂട്ടിയിട്ടു. മൂന്നു സ്ത്രീകള്‍ അവളുടെ കൈകള്‍ പിടിച്ചു. ഭര്‍തൃസഹോദരന്‍ നിര്‍ബന്ധപൂര്‍വ്വം കൈകളില്‍ വളകളണിയിച്ചു. പക്ഷേ, അവള്‍ തന്റെ കൈകള്‍ ശക്തിയില്‍ അടിച്ചു വളകള്‍ പൊട്ടിച്ചുകളഞ്ഞു. രക്തം നാലുപാടും ചിന്തി. അയാള്‍ രണ്ടാമതും അണിയിച്ചു. അവയും അവള്‍ ഉടച്ചു കളഞ്ഞു. തന്റെ മാതാപിതാക്കളെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി. 

അവളുടെ സ്വത്തുക്കള്‍ സഹോദരപുത്രന്റെ പേരില്‍ മാറ്റം ചെയ്തു കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്റെ മകളെയും കൂട്ടി അവള്‍ അടുത്തുതന്നെയുള്ള തന്റെ സ്വന്തമായ ഒരു കുടിലില്‍ താമസമാക്കി. ഭര്‍തൃ സഹോദരന്‍ അവളെ ഭീഷണിപ്പെടുത്തികൊണ്ടേയിരുന്നു. അവള്‍ സ്ഥലം വിട്ടുപോകണമെന്നായിരുന്നു അവരുടെ ആവശ്യം. ഒരു ദിവസം അവള്‍ വയലില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ അയാള്‍ അവളെ ബലാല്‍സംഗം ചെയ്തു. അവള്‍ ഉച്ചത്തില്‍ കരയുകയും ബഹളം കൂട്ടുകയും ചെയ്തു. മറ്റൊരു ദിവസം കുടിലില്‍ വെച്ച് ബലാല്‍സംഗം ചെയ്തു. കുടുംബാംഗങ്ങള്‍ കേട്ടുവെങ്കിലും ഒന്നും ചെയ്തില്ല. രണ്ടാമത്തെ ബലാല്‍സംഗത്തിന് ശേഷം അവള്‍ ഗര്‍ഭിണിയാവുകയും ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. 

പ്രസവശേഷം അയാള്‍ വീണ്ടും അവളുടെ കുടിലില്‍ വരാന്‍ ശ്രമിച്ചു. അവള്‍ ഒരു വടിയെടുത്ത് അയാളെ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. അപ്പോള്‍ അയാള്‍ മടങ്ങിപ്പോയി. അയാള്‍ തന്റെ കുഞ്ഞിന് എന്തെങ്കിലും ഭക്ഷണം നല്‍കുകയോ അവന്‍ സ്‌കൂളില്‍ പോകുന്നതിനുള്ള ചിലവുകള്‍ വഹിക്കുകയോ ചെയ്തില്ല. കഠിനമായി ജോലിചെയ്താണ് അവള്‍ ഉപജീവനം കഴിച്ചത്. ഒരു വിധവ മറ്റൊരു പുരുഷനോട് സംസാരിച്ചാല്‍ അവള്‍ അഴിഞ്ഞാട്ടക്കാരിയായി വിശേഷിപ്പിക്കപ്പെടുന്നു. അവള്‍ക്കു സംസാരിക്കാനോ വിശ്വസിക്കാനോ ആരുമില്ല. അവള്‍ക്കു ചുറ്റും മൂകത തളംകെട്ടി നില്‍ക്കുകയാണ്. പക്ഷെ അവള്‍ക്കു ജീവിക്കേണ്ടതുണ്ട്.

മാംഗിയുടെ ബന്ധുക്കള്‍ ഇപ്പോഴും അവളെ പുറംതള്ളാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭര്‍തൃസഹോദരന്റെ മകന്‍ ഈയിടെ വിവാഹിതനായി. അവന്റെ ഭാര്യയും മാംഗിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ആ കുടില്‍ പോലും സ്വന്തമാക്കാനുള്ള ശ്രമത്തിലാണവര്‍. ബലാത്സംഗത്തില്‍ അവള്‍ക്കുണ്ടായ കുഞ്ഞിന് സ്ഥലമില്ല. അവള്‍ക്ക് ജോലി ചെയ്യാനുള്ള ശരീരശേഷി ഇപ്പോഴുമുണ്ട് എന്നതുമാത്രമാണ് സമാധാനം. ആദ്യഘട്ടങ്ങളില്‍ രാത്രിയില്‍ അവള്‍ ഒറ്റയ്ക്കിരുന്നു കരയുമായിരുന്നു. പക്ഷെ, പിന്നീടവള്‍ മനസ്സിലാക്കി ജീവിക്കാന്‍ ആത്മബലമാണ് കണ്ണീരല്ല ആവശ്യമെന്ന്.

ഇന്ത്യയിലെവിടെയും ഇത്തരം മാംഗിമാര്‍ ധാരാളമുണ്ട്. വൈധവ്യമെന്നാല്‍ ഒരുതരം പീഡിത ജീവിതമാണ്. ബന്ധുജനങ്ങളുടെ കാരുണ്യത്തിനുവേണ്ടി കേണ് പതിനായിരക്കണക്കിന് വിധവകള്‍ നിശബ്ദരായി പീഢനങ്ങള്‍ സഹിച്ചുകഴിഞ്ഞുകൂടുന്നു. സ്വന്തം പുത്രന്മാരും പുത്രിമാരുമുള്‍പ്പെടെ ബന്ധുജനങ്ങള്‍ വീടുകളില്‍ നിന്നും ആട്ടിയിറക്കിയതിന്റെ ഫലമായി ഹരിദ്വാര്‍, ഋഷികേശം, കാശി, വൃന്ദാവനം തുടങ്ങിയ സ്ഥലങ്ങളില്‍ അഭയം തേടുന്ന വിധവകള്‍ ലക്ഷക്കണക്കിനുണ്ട്. അത്തരം പുണ്യ സ്ഥലങ്ങളില്‍ ജീവിത സമാധാനവും മരണ ശേഷം മോക്ഷവും ലഭിക്കുമെന്ന സങ്കല്‍പ്പമാണവര്‍ക്കുള്ളത്. ഭാഗ്യവതികളായ ചിലര്‍ക്ക് ക്ഷേത്രങ്ങളില്‍ കഴിഞ്ഞുകൂടാന്‍ കഴിഞ്ഞേക്കും. അധികപേരും ചെറിയ കൂരകളില്‍ കഴിഞ്ഞുകൂടുന്നു. മധ്യവയസ്‌ക്കകളും വൃദ്ധകളും യാചിച്ചു ഉപജീവനം കഴിക്കുന്നു. ചെറുപ്പക്കാരികളാണെങ്കില്‍ വീട്ടുജോലികളിലേര്‍പ്പെടുന്നു. അല്ലെങ്കില്‍ പൂജാരിമാരുടെയും മറ്റു മതനേതാക്കളുടെയും വെപ്പാട്ടികളായി കഴിഞ്ഞുകൂടുന്നു. പുണ്യസ്ഥാനങ്ങളാണ് വിധവയുടെ അവസാനത്തെ അഭയകേന്ദ്രം. അവിടെ നിന്ന് രക്ഷപ്പെടലില്ല;  അത് പാപ പ്രായശ്ചിത്തമാണ്. അവള്‍ ലോകവുമായി ബന്ധം ഉപേക്ഷിച്ചു കഴിഞ്ഞു. അവള്‍ ഒറ്റയ്ക്കാണ്. ഒറ്റയ്ക്ക് എന്ന പദത്തിന്റെ തീക്ഷ്ണമായ അര്‍ത്ഥത്തില്‍ തന്നെ മരണത്തെ കാത്തുനില്‍ക്കുന്നവള്‍. ആ കാത്തുനില്‍പ്പ് ദശകങ്ങള്‍ നീണ്ടുപോയേക്കാം.

ബംഗാളി വിധവകള്‍ക്ക് അന്തിമാഭയം നല്‍കുന്ന വൃന്ദാവനം വിധവകളുടെ ദുരന്തജീവിതം കൃത്യമായി പ്രതിഫലിപ്പിക്കുന്നു. ബംഗാളില്‍ ആചാരങ്ങളും പാരമ്പര്യങ്ങളും പതുക്കെ മാറിക്കൊണ്ടിരിക്കുന്നുണ്ട്. നിര്‍ബന്ധപൂര്‍വ്വം തല മുണ്ഡനം ചെയ്യുന്ന സമ്പ്രദായം പണ്ടത്തെപ്പോലെ വ്യാപകമായിട്ടില്ല. വിധവാവിവാഹം ഇപ്പോഴും അപൂര്‍വ്വമാണ്. വിധവകളെ ഇപ്പോഴും നിര്‍ഭാഗ്യവതികളായിട്ടാണ് ഗണിക്കുന്നത്. ശുഭകരമായ ചടങ്ങുകൡ നിന്നെല്ലാം അവരെ അകറ്റിനിര്‍ത്തുന്നു. ഒന്നുകില്‍ വീട്ടില്‍ ഒരു വേലക്കാരിയുടെ ചുമതലകള്‍ നിര്‍വ്വഹിച്ചു കഴിഞ്ഞുകൂടുക, അല്ലെങ്കില്‍ എല്ലാവരില്‍ നിന്നും മറഞ്ഞു ജീവിക്കുക, അതുമല്ലെങ്കില്‍ വീട്ടില്‍ നിന്നു തന്നെ നിര്‍ബന്ധപൂര്‍വ്വം പുറത്താക്കി ആശ്രമങ്ങളിലേക്കയക്കുക. ഇതാണ് പതിവ്. വൃന്ദാവനിലെ ഹാവേലികളും ആശ്രമങ്ങളും ധനികരമായ ബംഗാളികള്‍ ഉണ്ടാക്കിയതാണ്. വിധവകള്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കുന്നതിനുവേണ്ടി അവര്‍ ഉദാരമായ സംഭാവനകളും നല്‍കിയിട്ടുണ്ട്. ഇന്നു വൃന്ദാവന്‍ ഒരു വന്‍ ബിസിനസ്സാണ്. അനേകം മാനേജര്‍മാരും ആശ്രമം സൂക്ഷിപ്പുകാരും ലക്ഷപ്രഭുക്കളായി മാറിയിട്ടുണ്ട്.

ഏതു സമയത്തും രണ്ടായിരത്തില്‍ കുറയാത്ത വിധവകള്‍ വൃന്ദാവനിലുണ്ടാവും. 1910-ല്‍ ധനികനായ ഒരു മാര്‍വാഡി ഭജന്‍ ആശ്രമം സ്ഥാപിച്ചു. റോഡില്‍ യാചിച്ചു അലഞ്ഞു നടക്കുന്ന വിധവകളെ താമസിപ്പിക്കാനും ആശ്രമത്തില്‍ അവരെകൊണ്ട് കീര്‍ത്തനങ്ങള്‍ ആലപിപ്പിക്കാനുമായിരുന്നു ആശ്രമം സ്ഥാപിക്കപ്പെട്ടത്. ഗുണകാംക്ഷികള്‍ നല്‍കുന്ന സംഭാവനയില്‍ നിന്ന് ദിനംപ്രതി ഒരു രൂപവീതം ഓരോ വിധവക്കും നല്‍കും. അഞ്ചുമണിക്കുണരുന്ന വിധവകള്‍ ഗുഹപോലുള്ള ഇരുണ്ട മുറികളില്‍ അണിനിരക്കുന്നു. ആറുമണിക്കാണ് കീര്‍ത്തനം ആരംഭിക്കുക. വെളുത്ത വസ്ത്രം ധരിച്ച് നെറ്റിയില്‍ വെളുത്ത തിലകവുമണിഞ്ഞ് അവര്‍ ആശ്രമത്തില്‍ നിരന്നിരിക്കുന്നു. കൂനുള്ള വിധവകള്‍, കണ്ണില്ലാത്ത വിധവകള്‍, വികാരങ്ങളൊന്നുമില്ലാത്ത കണ്ണുകളുള്ള വിധവകള്‍, അവയവഭംഗം സംഭവിച്ച വിധവകള്‍, ശൂന്യമായ ചിരിയോടെ എല്ലാവരും ഒത്തുകൂടുന്നു. ഹരേ രാമ ഹരേ കൃഷ്ണ എന്ന കീര്‍ത്തനം നാലുമണിക്കൂര്‍ നേരം അവര്‍ ഒന്നിച്ചാലപിക്കുന്നു. അവര്‍ ക്ഷീണിക്കുകയോ ഉറക്കം തൂങ്ങുകയോ ചെയ്യുന്നുവെങ്കില്‍ സൂക്ഷ്മമായി അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാവല്‍ക്കാരികള്‍ അവരെ വടികൊണ്ടു കുത്തുന്നു. അവരുടെ ഹാജര്‍ രേഖപ്പെടുത്തുന്നു. അവസാനം 250 ഗ്രാം ചോറും അല്‍പം ഉപ്പും ഓരോരുത്തര്‍ക്കും നല്‍കപ്പെടുന്നു. അവരുടെ ഒരു ദിവസത്തെ ഏക ഭക്ഷണമാണിത്. വൈകുന്നേരം നാലുമണിക്ക് അവര്‍ വീണ്ടും വരുന്നു. പ്രവേശന കവാടത്തില്‍ നിന്നു തന്നെ ഒരു രൂപ ടോക്കണ്‍ സ്വീകരിക്കുന്നു. വീണ്ടും നാലുമണിക്കൂര്‍ പരിക്ഷീണ സ്വരത്തില്‍ കീര്‍ത്തനാലാപനമാണ്. പിന്നീട് അവര്‍ നഗരത്തില്‍ അപ്രത്യക്ഷമാകുന്നു.

മധുരയിലെ ബാബുശിവനാഥ് അഗര്‍വാള്‍ കോളേജിലെ ലക്ചറര്‍ പ്രൊഫ. അശോക് ബന്‍സാല്‍ വിധവകളുടെ സ്ഥിതി സംബന്ധിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ട്. ഉദാരമതികള്‍ ഭജന്‍ ആശ്രമത്തിന് കോടിക്കണക്കിന് രൂപ സംഭാവന നല്‍കിയിട്ടുണ്ട്. വിധവകള്‍ക്കു വേണ്ടി ചിലവഴിക്കാനാണ് ഈ പണമെല്ലാം വരുന്നത്. ഈ പണത്തിനെല്ലാം ശരിയായ കണക്കുപോലും ഇല്ലെന്നതും വിധവകള്‍ക്ക് അതില്‍ നിന്ന് പ്രയോജനമൊന്നും ലഭിക്കുന്നില്ലെന്നതുമാണ് വസ്തുത. പക്ഷെ, ആശ്രമം സ്റ്റാഫിന്റെ ജീവിതശൈലി ആഡംബര സമൃദ്ധമാണ്.

കൂരകളുടെ ഉടമസ്ഥന്‍ വിധവയില്‍ നിന്ന് 15 മുതല്‍ 40 രൂപ വരെ ഒരു മാസം ഈടാക്കുന്നു. കൂടാതെ മരണാനന്തര ക്രിയകള്‍ക്കായി ഓരോരുത്തരും 120 രൂപ വീതം ഡെപ്പോസിറ്റ് ചെയ്യാനും അവരെ നിര്‍ബന്ധിക്കുന്നു. പക്ഷെ, അവര്‍ പെരുവഴിയില്‍ മരിച്ചുവീഴുമ്പോള്‍ ആരുമാരും നോക്കാനില്ലാതെ ശവം തെരുവ് വൃത്തിയാക്കുന്നവര്‍ നീക്കം ചെയ്ത് യമുനയില്‍ ഒഴുക്കുന്നു. 

ഗ്രാമീണരായാലും നഗരവാസികളായാലും വിധവകളെ യോജിപ്പിക്കുന്ന പൊതുവായ ചരട് അവരനുഭവിക്കുന്ന ദുരിതങ്ങളുടെ ശൃംഖലയാണ്. സ്വത്ത് തട്ടിയെടുക്കല്‍, വീട്ടില്‍ നിന്നും പുറത്താക്കല്‍, സാമ്പത്തിക ചൂഷണം എന്നിങ്ങനെയുള്ള ദുരിതങ്ങള്‍ ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമം സ്ത്രീകള്‍ക്ക് തുല്യമായ സ്വത്തവകാശം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും വിധവകള്‍ക്ക് അപൂര്‍വ്വമായി മാത്രമേ വിഹിതം ലഭിക്കാറുള്ളൂ. ഗ്രാമപ്രദേശങ്ങളില്‍ തഹസില്‍ദാര്‍മാര്‍, വില്ലേജ് ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ വിധവകളുടെ സ്വത്ത് അവിഹിതമായി കൈയടക്കാന്‍ സഹായിക്കുകയാണ് പതിവ്. ഭര്‍ത്താവിന്റെ മരണത്തോടെ മാനസികമായി തകര്‍ന്നു കഴിയുന്ന നിരക്ഷരരായ വിധവകള്‍ക്കു നിയമയുദ്ധം നടത്തി അവകാശം നേടിയെടുക്കാന്‍ കഴിയില്ല. സ്വത്തിനുവേണ്ടി സമരം നടത്തേണ്ടി വരുന്ന വിധവ വല്ലാത്തൊരവസ്ഥയിലായിരിക്കും. സ്വന്തം ഭര്‍തൃ വീട്ടുകാരോടൊപ്പം തന്നെ താമസിച്ച് അവര്‍ക്കെതിരെ കേസു നടത്താന്‍ കഴിയില്ല. സ്വന്തം കുടുംബത്തില്‍ തിരിച്ചുചെന്ന് സ്വസഹോദരന്മാര്‍ക്കെതിരെ നിയമയുദ്ധം നടത്താനും അവര്‍ മടിക്കുന്നു. വിധവകളോടുള്ള മനുഷ്യത്വഹീനമായ പെരുമാറ്റം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നിലനില്‍ക്കുന്നു. ജാതിവ്യത്യാസമൊന്നും അതിനു തടസ്സമല്ല. ലൗകിക മോഹങ്ങളും ശാരീരികാകര്‍ഷണവും സ്വാതന്ത്ര്യവും അവരില്‍ നിന്ന് തട്ടിയെടുക്കപ്പെടുന്നു. പാവപ്പെട്ട വിധവകളെ അവരുടെ ഭര്‍തൃവീട്ടുകാര്‍ വീട്ടുജോലിക്കാരായി നിര്‍ത്തുമ്പോള്‍ ഭൂസ്വത്തുള്ളവരെ പ്രേരിപ്പിച്ച് ആശ്രമങ്ങളില്‍ അധിവസിപ്പിച്ച് അവരുടെ സ്വത്ത് തട്ടിയെടുക്കുന്നു. 

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വിധവകളെ അപശകുനമായിട്ടാണ് ഗണിക്കുന്നത്. ഭര്‍ത്താവിനെ തിന്നവളായിട്ടാണ്. അവള്‍ മെയ്ക്ക് അപ്പ് ചെയ്യാന്‍ പാടില്ല. ആഭരണങ്ങള്‍ അണിയരുത്. ഭംഗിയുള്ള സാരിപോലും ധരിക്കരുത്. ജീവന്‍ നിലനിര്‍ത്താന്‍ മാത്രം എന്തെങ്കിലും ഭക്ഷിച്ച് എല്ലാ ആഘോഷങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി അവള്‍ ജീവിക്കണം. രജപുത്രന്മാര്‍ക്കിടയില്‍ ഭര്‍ത്താവ് മരിച്ചതു മുതല്‍ 12 ദിവസത്തേക്ക് വിധവക്ക് ഭക്ഷണം പോലും കൊടുക്കുകയില്ല. അവളുടെ വളകള്‍ ബലം പ്രയോഗിച്ച് ഉടച്ചുകളയുന്നു. സിന്ദൂരം മായ്ച്ചു കളയുന്നു. നീല വസ്ത്രം ധരിപ്പിക്കുന്നു. ഗോതമ്പുപൊടി വെള്ളത്തില്‍ കലര്‍ത്തിയതാണവളുടെ ഭക്ഷണം. ഇരുട്ടുമുറിയില്‍ പാദങ്ങള്‍ മടക്കി തുടകള്‍ക്കിടയില്‍ വെച്ച് അവള്‍ ഇരുന്നുകൊള്ളണം. അവള്‍ തമാശകളില്‍ പങ്കുചേരാന്‍ പാടില്ല. ഒരു ബന്ധുവിന്റെ വീട്ടില്‍ പോലും പോയി അവര്‍ക്കു പുത്രന്‍ ജനിച്ചതില്‍ അഭിനന്ദിക്കാന്‍ അവള്‍ക്കര്‍ഹതയില്ല. മറ്റൊരാള്‍ക്കുവേണ്ടി സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോകുന്നതിനേക്കാള്‍ മോശമായാണ് പുനര്‍വിവാഹം പരിഗണിക്കപ്പെടുന്നത്. ‘നാതാ’ സമ്പ്രദായം നിലനില്‍ക്കുന്ന ജാതിക്കാര്‍ക്കിടയില്‍ അവളെ വിവാഹം ചെയ്തതായി പോലും പരിഗണിക്കയില്ല. പുരുഷന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുമ്പോഴും അവര്‍ ‘നാതാ’യായി കഴിഞ്ഞുകൊള്ളണം. പല ജാതിക്കാര്‍ക്കിടയിലും വിധവകളെ ലേലം ചെയ്ത് വില്‍ക്കുന്ന പതിവുണ്ട്. ഝാഗ്ര സമ്പ്രദായം എന്ന പേരിലറിയപ്പെടുന്ന ഈ ചടങ്ങില്‍ ഏറ്റവും കൂടുതല്‍ വില നല്‍കുന്നയാള്‍ക്ക് വിധവ വില്‍ക്കപ്പെടുന്നു.

അഭ്യസ്ഥവിദ്യരും സമ്പന്നരുമായ നഗരവാസികളെപ്പോലും വൈധവ്യത്തിന്റെ കരിംഭൂതം ആവേശിക്കാറുണ്ട്. കഠിനമായ മാനസിക പീഢനത്തിന് അവര്‍ വിധേയരാക്കപ്പെടാറില്ലെങ്കിലും അവരോടുള്ള പെരുമാറ്റം അധികവും അന്ധവിശ്വസത്തിലാണ്.

വിധവകള്‍ ഗുരുതരമായ മാനസിക രോഗങ്ങള്‍ക്കും അടിമയാകാറുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചില വിധവകള്‍ തങ്ങളെ ദേവി ആവേശിച്ചിരിക്കുകയാണെന്ന് അവകാശപ്പെട്ടുകൊണ്ട് കലിതുള്ളി പലതും ആവശ്യപ്പെടുന്നു. വിധവയെന്ന നിലയില്‍ അവര്‍ക്ക് നിഷേധിക്കപ്പെടുന്ന പല നല്ല ഭക്ഷണ പദാര്‍ത്ഥങ്ങളും കഴിക്കാന്‍ അങ്ങനെ അവസരം ലഭിക്കുന്നു. വിധവക്ക് വിലക്കപ്പെട്ടതെല്ലാം ദേവിക്ക് സന്തോഷപൂര്‍വ്വം വീട്ടുകാര്‍ കൊടുക്കും. വിധവകളുടെ മേല്‍ വിലക്കുകളേര്‍പ്പെടുത്തുന്നത് ആഗ്രഹങ്ങളെയും അഭിലാഷങ്ങളെയും ഇല്ലാതാക്കാനുദ്ദേശിച്ചാണ്. അത് വ്യവസ്ഥാപിതമായ ഒരുതരം അടിമത്തവല്‍ക്കരണമാണെന്നുമാണ് രാജസ്ഥാനിലെ ഒരു സാമൂഹ്യപ്രവര്‍ത്തകയായ ഡോ. പ്രീതം അഭിപ്രായപ്പെടുന്നത്.

ദക്ഷിണേന്ത്യയിലെ ബ്രാഹ്മണ വിധവകള്‍ക്കിടയില്‍ ഇതു വളരെ വ്യക്തമായി കാണാം. താഴ്ന്ന ജാതിക്കാരിലേക്കു പോകുന്തോറും വിധവകള്‍ക്കുള്ള കാര്‍ക്കശ്യം കുറഞ്ഞു കുറഞ്ഞു വരുന്നു. ബ്രാഹ്മണവിധവകളുടെ മോചനം പോലുള്ള പ്രവര്‍ത്തനങ്ങളൊന്നും കര്‍ണാടകയില്‍ നടന്നിട്ടില്ല. വൃദ്ധകളായ വിധവകള്‍ തല മുണ്ഡനം ചെയ്ത് ചുവന്ന ചേലയും ചുറ്റി നടക്കുന്ന കാഴ്ച അവിടെ സര്‍വ്വസാധാരണമാണ്. നഗരങ്ങളില്‍ യുവതികളായ വിധവകള്‍ തലമുണ്ഡനം ചെയ്ത് നടക്കുന്നത് അപൂര്‍വ്വമാണ്. എന്നാല്‍ ഉടുപ്പി, മലനാട്, ഷിമോഗ എന്നിവിടങ്ങളിലെ വിധവകള്‍ തല മുണ്ഡനം ചെയ്യുക തുടങ്ങിയ എല്ലാ ആചാരങ്ങളും നിഷ്‌ക്കര്‍ഷം പാലിച്ച് ജീവിക്കുന്നവരാണ് എന്ന് ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി പ്രൊഫ. ഡോ. എം.എസ്. തിമ്മയ്യ അഭിപ്രായപ്പെട്ടു. കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ തലമുണ്ഡനം ചെയ്ത് കഴിയുന്ന യുവ വിധവകളെ ഇപ്പോഴും കാണാം. അവരുടെ ജീവിതം യഥാര്‍ത്ഥത്തില്‍ ഒരു യാതനയാണ്.

മാധവ ബ്രാഹ്മണ കുലത്തില്‍ പെട്ട ഒരു വിധവ യാതൊരു ആഭരണവും ധരിക്കാന്‍ പാടില്ല. ഒരു സ്വര്‍ണ്ണ വളയോ ബ്ലൗസ് പോലുമോ അവള്‍ക്ക് ധരിക്കാന്‍ അവകാശമില്ല. ഒരു ചുവന്ന സാരിമാത്രം ധരിക്കാം. നഗ്നപാദയായി നടക്കണം. ഉച്ചക്ക് ഒരു നേരം മാത്രമേ ലഘുവായ ഭക്ഷണം കഴിക്കാവൂ. രാത്രി ഉപവാസമാണ്. അല്ല ,പേരിനുമാത്രം ഭക്ഷണം. അവള്‍ കിടക്കയിലോ കട്ടിലിലോ ഉറങ്ങാന്‍ പാടില്ല. ആഘോഷ അവസരങ്ങളിലും ചടങ്ങുകള്‍ നടക്കുമ്പോള്‍ അവളെ പുറത്തുകണ്ടുകൂടാ. ഹോമം നടക്കുന്നിടത്ത് അവളുടെ നിഴല്‍ വീഴുന്നത് അപശകുനമാണ്. ആരതി നടത്താനുള്ള അവകാശം അവള്‍ക്കില്ല. പൂജക്കുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നതില്‍ അവള്‍ക്കു സഹകരിക്കാം. തുളസിമാല കെട്ടാന്‍ അവള്‍ക്കനുവാദമുണ്ട്. പുഷ്പമാല കെട്ടാന്‍ പാടില്ല. പുഷ്പഹാരമുണ്ടാക്കുന്നത് ഒരു വിവാഹിതയുടെ അവകാശമാണ്. തുളസി അശുദ്ധമാവുകയില്ല. വിധവയാകട്ടെ അശുദ്ധിയുമാണ്. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ആത്മപീഢനം പ്രാര്‍ത്ഥനയും മുഖേന മാത്രമേ അവള്‍ ശുദ്ധീകരിക്കപ്പെടുകയുള്ളൂ. ഹരികഥയൊഴികെ ഒരു തരത്തിലുള്ള വിനോദങ്ങളും അവള്‍ ആസ്വദിക്കാന്‍ പാടില്ല. ആത്മത്യാഗത്തിന്റെ ജീവിതം നയിക്കുന്നതിന്റെ മറ്റൊരു ഉദ്ദേശ്യം അവള്‍ പുരുഷന്മാര്‍ക്ക് ആകര്‍ഷകത്വമുള്ളവളാകാതിരിക്കാനാണ്. പുനര്‍വിവാഹം ഒരു പാതകമാണ്. സമുദായ ബഹിഷ്‌കരണമാണ് അതിനു ശിക്ഷ. ചിലപ്പോള്‍ യുവവിധവകള്‍ക്ക് അവിഹിത ബന്ധങ്ങളുണ്ടാകാം. അവയുടെ നേരെ നെറ്റി ചുളിക്കപ്പെടാം. പക്ഷെ, അതു പുനര്‍വിവാഹത്തേക്കാള്‍ മെച്ചമായി പരിഗണിക്കപ്പെടുന്നു. പുനര്‍വിവാഹം മതവിരുദ്ധമാണ്.

ഒരു നവ്യാക ബ്രാഹ്മണന്‍ കൂടിയായ ഡോ. തിമ്മപ്പ പറയുന്നു. ബ്രാഹ്മണ സ്ത്രീയുടെ സ്ഥാനം അവള്‍ ഒരു വിധവയായിത്തീരുന്നതോടെ താഴോട്ട് പോകുന്നു. സന്താനമില്ലാത്ത വിധവയാണെങ്കില്‍ അവളുടെ സ്ഥാനം ഏറ്റവും താഴെയാണ്. അവളൊരു ശപിക്കപ്പെട്ട സ്ത്രീയാണ്. ചിതയ്ക്ക് തീകൊളുത്താന്‍ ഒരു മകന്‍ പോലുമില്ലാത്തവള്‍.

യാത്രപുറപ്പെടുമ്പോള്‍ വിധവയെ കണികണ്ടാല്‍ യാത്ര നിറുത്തി തിരിച്ചു വീട്ടില്‍ ചെന്നു പ്രാര്‍ത്ഥന നടത്തണമെന്ന് അന്ധവിശ്വാസം. വീടുവളരെ ദൂരെയാണെങ്കില്‍ അവിടെ തന്നെ കുത്തിയിരിക്കുക. യാത്രമുടങ്ങിയതുപോലെ. പിന്നീടുമാത്രമേ വീണ്ടും യാത്രപുറപ്പെടാവൂ. തലമുണ്ഡനം ചെയ്ത വിധവയുടെ മകന്‍ എന്നര്‍ത്ഥം വരുന്ന ഒരു കന്നട പദമാണ് മുണ്ടെമാഗ. ഇതൊരു ശകാര പദമാണ്.

വിധവാ പെന്‍ഷന്‍ തുടങ്ങിയ സര്‍ക്കാര്‍ പരിപാടികള്‍ വേണ്ടത്ര വിജയിക്കുന്നില്ല. ചില സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം മാത്രമാണ് ആശയ്ക്കു വക നല്‍കുന്നത്. അഖില ഭാരതീയര്‍മാരി മഹിളാ സമ്മേളന്റെ പ്രസിഡണ്ടായ സുശീല മൊഹങ്ക (45) 1983 മുതല്‍ തന്നെ സ്വസമുദായത്തിലെ വിധവകളുടെ വിവാഹത്തിനുവേണ്ടി ശക്തമായ പ്രചരണം നടത്തികൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ മാല്‍വാരി സമൂഹം ശക്തമായ എതിര്‍പ്പുപ്രകടിപ്പിച്ചിരുന്നുവെന്നും  ഇപ്പോള്‍ പതുക്കെ അംഗീകരിച്ചുവരുന്നുണ്ടെന്നും അവര്‍ പറയുന്നു. ബീഹാര്‍ മേഖലയില്‍ മാത്രം അവരുടെ സംഘടന പത്ത് വിധവാ വിവാഹങ്ങള്‍ നടത്തിക്കഴിഞ്ഞു. സമ്മേളന്റെ ആദ്യ പ്രസിഡണ്ടുതന്നെ പുനര്‍വിവാഹം നടത്തിയ ഒരു വിധവയായിരുന്നു. സുശീല സിംഗി. വൈസ് പ്രസിഡണ്ട് കിരണ്‍ അഗര്‍വാള്‍; കൗമാരത്തില്‍ തന്നെ വിധവയായ ഒരു സമ്പന്ന കുടുംബാംഗമാണ്. 

അവര്‍ക്ക് അവകാശം തടയുന്നതിനു വേണ്ടി ഭര്‍ത്തൃവീട്ടുകാര്‍ ഒരു ആണ്‍കുട്ടിയെ ദത്തെടുത്ത് ഏകാവകാശിയാക്കി വളര്‍ത്തി. കിരണ്‍ സുഹൃത്തുക്കളുടെ സഹായത്തോടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പി.എച്ച്.ഡി. ബിരുദമെടുത്തു. വാരണാസിയിലെ ഹരീഷ കോളേജിലെ അധ്യാപികയായി ജോലിനേടി. അവസാനം തന്റെ അവകാശത്തിനുവേണ്ടി പോരാടാന്‍ അവള്‍ കോടതിയില്‍ പോയി. തന്റ സമ്പാദ്യമെല്ലാം ചെലവഴിച്ചു. പക്ഷേ, കേസില്‍ തോറ്റു. അവരുടെ പോരാട്ട മനസ്ഥിതി പരിഗണിച്ചാണ് സമ്മേളന്‍ അവരെ വൈസ് പ്രസിഡണ്ടാക്കിയത്. 

പശ്ചിമ ബംഗാളിലെ ഒരു പ്രമുഖ വ്യവസായിയുടെ മകളായ ഷേളി ചാറ്റര്‍ജി പറയുന്നു. ഇന്ത്യയില്‍ ഒരു വിധവയ്ക്ക് അന്തസ്സോടെ അതിജീവിക്കണമെങ്കില്‍, അവള്‍ ഒരു റിബല്‍ ആയിത്തീരണം. അവള്‍ സ്വന്തം അസ്തിത്വം സ്ഥാപിച്ചുകൊണ്ട് സമുദായം അവള്‍ക്കുമേല്‍ വെച്ചുകെട്ടുന്ന വിലക്കുകളെ തള്ളികളയേണ്ടതുണ്ട്. 

ഷേലിക്ക് തന്റെ ഭര്‍ത്താവിനെ 1983 ല്‍ നഷ്ടപ്പെട്ടു. മനോഹരമായ വര്‍ണ്ണ സാരി ധരിച്ചുകൊണ്ട് വളയും ബിണ്ടിയും അണിഞ്ഞ് നടക്കുന്ന അവള്‍ ഓരോ ഇഞ്ചും ഒരു റിബലാണ്. ചിലപ്പോള്‍  സിന്ദൂരം പോലും അണിയാറുണ്ടെന്ന് അവള്‍ പറയുന്നു.

അവളുടെ പാരമ്പര്യ ബംഗാളി കുടുംബത്തിന് ഇതെല്ലാം അസഹ്യമാണ്. സാധാരണ ജീവിതം നയിക്കുന്നതിന് ബന്ധുക്കള്‍ അവളെ രൂക്ഷമായി വിമര്‍ശിച്ചു. ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി അവിഹിത ബന്ധമുണ്ടെന്ന് അപവാദം പറഞ്ഞു. ദയവായി തന്നെ ഒരു വിധവ എന്നുവിശേഷിപ്പിക്കരുതെന്നാണ് അവളുടെ അപേക്ഷ. ഞാന്‍ ലോകത്തെ വെറുക്കുന്നു. അത് സ്ത്രീയെ തരം താഴ്ത്തുന്നു. എന്തുകൊണ്ടു വിധവ എന്നുപയോഗിക്കുന്നത് പോലെ താണ അര്‍ത്ഥത്തില്‍ വിഭാര്യന്‍ എന്നുവിളിക്കുന്നില്ല. ഭാര്യ ജനിക്കുന്നത് ഭര്‍ത്താവിനോടൊപ്പമല്ല. പിന്നെ എന്തിനവള്‍ ഭര്‍ത്താവിനോടൊപ്പം മരിക്കണം?  അല്ലെങ്കില്‍ അയാളുടെ മരണശേഷം ഒരു സാധാരണ ജീവിതം നയിക്കാന്‍ മടിക്കണം?  പക്ഷെ ഇന്ത്യന്‍ വിധവകള്‍ക്കധികവും ഒരു സാധാരണ ജീവിതം സ്വപ്‌നം കാണാന്‍ കഴിയില്ല. പണ്ഡിത രമാബായ് സാരാവതി തന്റെ ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുസ്ത്രീ എന്ന ഗ്രന്ഥത്തില്‍ ബ്രാഹ്മണവിധവകളെക്കുറിച്ചെഴുതി. നിരാലംബരും നിരക്ഷരയുമായ പ്രതീക്ഷകളില്ലാത്ത എല്ലാ സന്തോഷങ്ങളും സാമൂഹ്യഗുണങ്ങളും ശൂന്യമായ അവള്‍ അസഹനീയ വ്യക്തിത്വമായിത്തീരുന്നു. അവള്‍ തനിക്കുതന്നെയും സമൂഹത്തിനും ഒരു ശാപമായി മാറുന്നു. പുനര്‍വിവാഹത്തിനു സാധ്യതയില്ല. ദുഃഖിതയുടെ ദുരിതങ്ങള്‍ക്ക് ലഘൂകരണം വരുത്തുന്ന ഒരു നടപടിയെന്ന നിലയില്‍ അതെല്ലായ്‌പ്പോഴും അഭിലഷണീയവുമല്ല. അതുകൊണ്ട് നിസ്സഹായയായ ആ പാവം സ്ത്രീ സതി അനുഷ്ഠിച്ച് അവളുടെ ദുരിതങ്ങളെല്ലാം ഒറ്റയടിക്ക് അവസാനിപ്പിക്കാനുളള അവകാശമില്ലാതാകുമ്പോള്‍, നിസ്സഹായയായി കഴിഞ്ഞ നൂറ്റാണ്ടുകളിലെന്നപോലെ ജീവിതം നയിക്കുന്നു. ഒരു നൂറ്റാണ്ടിനുശേഷവും ഒന്നിനും ഒരു മാറ്റവുമില്ല. 

 (ഇന്ത്യാ ടുഡേ)

സമ്പാ: മജീദ് കുട്ടമ്പൂര്‍

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top