കര്‍മങ്ങളെ നിഷ്ഫലമാക്കരുത്

മുഹമ്മദ് ഫായിസ് പി.ടി

ലോകത്ത് ഏതാണ്ടെല്ലാ മനുഷ്യരും കണ്ണാടിക്ക് സമീപം ചെന്ന് തങ്ങളുടെ സൗന്ദര്യം ആസ്വദിക്കാറുണ്ട്. അടി മുതല്‍ മുടി വരെ വളരെ സൂക്ഷ്മമായി നോക്കി തനിക്ക് വല്ല കുറവുമുണ്ടോ എന്ന് എല്ലാ മനുഷ്യരും പരിശോധിക്കാറുണ്ട്. മറ്റുള്ളവര്‍ തന്നെ നിരീക്ഷിക്കുന്നു എന്ന ബോധമാണ് അവരെ ദീര്‍ഘ നേരം കണ്ണാടിയുടെ മുന്നില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. കണ്ണാടിയില്‍ നോക്കുമ്പോള്‍ തന്റെ ശരീരത്തിലേക്ക് തുറിച്ച് നോക്കുന്നത് പോലെ തോന്നും. തന്റെ ഹൃദയത്തിലേക്ക് കൂടി നോക്കുകയും  ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകളെ കണ്ടെത്താന്‍ ശ്രമിക്കുകയും അവയെ പാടേ പിഴുതെറിയാന്‍ സാധിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം സാര്‍ത്ഥകമാവുക. തന്റെ നാഥന്‍ സദാസമയവും തന്നെ നിരീക്ഷിക്കുന്നുണ്ട് എന്ന ഉറച്ച ബോധം നമ്മില്‍ ഉണ്ടായിക്കൊണ്ടിരിക്കണം. തിന്മയുടെ വിത്തുകള്‍ പടര്‍ന്നു പന്തലിക്കാന്‍ അനുവദിക്കാതെ നന്മയുടെ വിത്തുകള്‍ നട്ടുപിടിപ്പിക്കാന്‍ പരിശ്രമിച്ച് മുന്നേറാന്‍ സാധിക്കുമ്പോഴാണ് അല്ലാഹുവിന്റെ തൃപ്തിയും സഹായവും സ്‌നേഹവും ഉണ്ടാവുക. 

അല്ലാഹുവില്‍ നിന്നുള്ള നന്മയുടെയും സ്‌നേഹത്തിന്റെയും നോട്ടമാണ് വിശ്വാസി പ്രതീക്ഷിക്കുന്നത്. ഒരിക്കലും അവര്‍ അവന്റെ കോപത്തെ വിളിച്ചു വരുത്തുന്നവരാകില്ല. പ്രസ്തുത ഗുണമാണ് ഇബ്‌റാഹീം നബി(അ)ക്കു അല്ലാഹുവിന്റെ ഉറ്റവന്‍ (ഖലീലുല്ലാഹ്) എന്ന അപരനാമം നല്‍കിയത്. ഒരിക്കല്‍ നബി(സ)യുടെ അടുത്തേക്ക് ഒരു സ്ത്രീ ഓടിവന്നു. വഴിയില്‍ അവര്‍ ഉറക്കെ വിളിച്ച് പറയുന്നുണ്ട്: ''റസൂലേ എന്നെ ശുദ്ധീകരിക്കണം.'' പ്രവാചകന്‍ ചോദിച്ചു: ''എന്താണ് കാര്യം?''. സ്ത്രീ പറഞ്ഞു ''ഞാന്‍ ഒരു തെറ്റ് ചെയ്തു റസൂലേ, ഞാന്‍ ഒരു അന്യപുരുഷനുമായി ശാരീരിക വേഴ്ചയില്‍ ഏര്‍പ്പെട്ടുപോയി. എനിക്ക് ശിക്ഷ നല്‍കണം.'' നബി(സ)ശിക്ഷ നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ ആ സ്ത്രീ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. എന്നിട്ട് പറഞ്ഞു ''ഞാന്‍ ചെയ്തത്  നബിയെ അങ്ങ് കണ്ടിട്ടില്ല! എന്റെ ഭര്‍ത്താവോ മക്കളോ ഉമ്മയോ ഉപ്പയോ കണ്ടിട്ടില്ല! പക്ഷേ, റസൂലെ അങ്ങ് ഞങ്ങള്‍ക്ക് പറഞ്ഞുതന്ന അല്ലാഹുവുണ്ടല്ലോ അവന്‍ കണ്ടിട്ടുണ്ട്.'' പിന്നീട് ആ സ്ത്രീ ശിക്ഷ എറ്റു വാങ്ങുകയായിരുന്നു. തന്റെ നാഥന്റെ മുന്നില്‍ എത്തുമ്പോള്‍ താന്‍  അപമാനിതയാവരുത് എന്ന വിചാരമാണ് ശിക്ഷയേറ്റ് വാങ്ങാന്‍ ആ സ്ത്രീയെ പ്രേരിപ്പിച്ചത്. അപരാധങ്ങളുടെ കയങ്ങളില്‍ നിന്നും രക്ഷെപ്പടുത്താന്‍ പറ്റിയ സുകൃതവാന്മാരുടെ ദൗര്‍ലഭ്യം ലോകമിന്ന് അനുഭവിക്കുകയാണ്. നേര്‍വഴിക്ക് നയിക്കേണ്ട പണ്ഡിതന്മാരില്‍ പോലും ചിലര്‍ പണക്കിലുക്കത്തിന്റെ ശക്തിക്കനുസരിച്ച് മതവിധികളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാമരന്മാരുടെ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം. ചരിത്രത്തെ സമ്പന്നമാക്കിയ മുന്‍ഗാമികളുടെ രാപകലുകള്‍ ആനന്ദത്തിന്റെയോ സുഖലോലുപതയുടെയോ ആയിരുന്നില്ല, പ്രപഞ്ചനാഥന്റെ സമ്പൂര്‍ണ്ണ തൃപ്തിയും അതിലൂടെ അനുഗൃഹീതമായ സ്വര്‍ഗ പ്രാപ്തിയുമായിരുന്നു അവരുടെ ലക്ഷ്യം. രാവുകളെ ആരാധനകളാല്‍ സമ്പന്നമാക്കുന്നതില്‍ പ്രവാചക അനുയായികള്‍ മത്സരിച്ചിരുന്നു. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ശോഭനമായ ഈ ചരിത്രവും നമ്മുടെ ജീവിത നിലവാരവും തമ്മിലെ താരതമ്യം പ്രസക്തമാവുന്നത് ഇവിടെയാണ്. ഒരിക്കല്‍ ഉമര്‍ (റ) നാട്ടിലെ പ്രശ്‌നങ്ങളാരായുന്നതിന് രാത്രി സമയം പുറത്തിറങ്ങുന്ന വേളയില്‍ ഒരു വീട് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. സലാം പറഞ്ഞപ്പോള്‍ ആ വീട്ടില്‍ നിന്ന് ഒരു സ്ത്രീ കരഞ്ഞുകൊണ്ട് പുറത്ത് വന്നു. കാര്യമന്വേഷിച്ച ഉമറിനോട് ആ സ്ത്രീ നിറകണ്ണുകളോടെ ചൂണ്ടിക്കാണിച്ചത് വിശപ്പിന്റെ ആധിക്യത്താല്‍ കരഞ്ഞുതളര്‍ന്ന് ഉറങ്ങിപ്പോയ തന്റെ കുട്ടികളെയാണ്. കൊടുക്കാന്‍ ഇവിടെയൊന്നുമില്ലെന്ന ആ മാതാവിന്റെ ആവലാതി കേട്ട ഉമര്‍ വികാരഭരിതനായി. തല്‍ക്ഷണം അദ്ദേഹം തന്റെ വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ എടുത്ത് പുറത്തിറങ്ങുമ്പോള്‍ ഉമറി (റ)നോട് ഭാര്യ ചോദിച്ചു: ''എവിടെക്കാണ് ഇത്ര ധൃതിയില്‍''. ഉമര്‍ (റ) പറഞ്ഞ മറുപടി ''സ്വര്‍ഗം വേണമെങ്കില്‍ എന്റെ കൂടെ പോരൂ'' എന്നാണ്. ഇത് കേള്‍ക്കേണ്ട താമസം ഭാര്യയും അദ്ദേഹത്തോടൊപ്പം കൂടുന്ന കാഴ്ചയാണ് നാം കാണുന്നത്. അവിടെ അവരുടെ അടുക്കളയില്‍ ചെന്ന് ഭക്ഷണം പാകം ചെയ്ത് അവരുടെ കണ്ണീരിന് ഒരു തടവ് നല്‍കുകയാണ് ഖലീഫ ഉമര്‍. അവിടെ നിന്ന് പടിയിറങ്ങുമ്പോള്‍  ആ സ്ത്രീയോട് അദ്ദേഹം പറഞ്ഞു: രണ്ട് കാര്യങ്ങള്‍ എനിക്ക് വേണ്ടി ചെയ്യണം. ഒന്ന്, ഞാന്‍ ഇന്ന് ചെയ്തുതന്ന ഈ പ്രവൃത്തി നിങ്ങള്‍ ആരോടും പറയരുത്. രണ്ട്, പക്ഷെ ഒരാളോട് പറയണം, എന്നെയും നിങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥനോട്. അവനോടുള്ള നിങ്ങളുടെ പ്രര്‍ത്ഥനയില്‍ ഈയുള്ളവനെയും ഉള്‍പ്പെടുത്തണം. ആ സ്ത്രീ പറഞ്ഞത് താങ്കളെ പോലുള്ളവര്‍ ഈ നാടിന്റെ ഖലീഫ ആകണം എന്നാണ്. തന്നെ സഹായിച്ച വ്യക്തി നാടിന്റെ ഖലീഫയാണെന്ന വിവരം ആ സ്ത്രീക്ക് അറിയുമായിരുന്നില്ല. ഉമര്‍(റ) അത് പറയാനും ഒരുങ്ങിയില്ല. അതിനുള്ള പ്രതിഫലം അല്ലാഹു നല്‍കും.  അവന്റെ തൃപ്തിയാണ് വേണ്ടത്. അതായിരുന്നു ഉമര്‍ (റ) അഗ്രഹിച്ചതും! നമ്മുടെ സഹായ പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡം  സ്വസമുദായവും സംഘടനാ അംഗത്വവും സംഘടനാ മൈലേജുമൊക്കെയാകുന്നിടത്താണ് പ്രശ്‌നം. സേവന പ്രവര്‍ത്തനങ്ങള്‍, അവയെത്ര നിസ്സാരമാണെങ്കിലും ഇങ്ങനെ കുറെ നിബന്ധനകളുടെ വേലി കെട്ടാന്‍ നാം ഒരിക്കലും മറക്കാറില്ല. വീടില്ലാത്തവന് വീട് നിര്‍മ്മിച്ച് താക്കോല്‍ കൈമാറുമ്പോള്‍ രാജകീയമായ ഒരു ചടങ്ങും പണിത വീടിനേക്കാള്‍ പ്രൗഢിയില്‍ സംഘടനാ നാമമറിയിക്കുന്ന വര്‍ണ ബോര്‍ഡും അവിടെ തൂങ്ങിയിരിക്കും. എങ്ങനെയും സംഘടന വളര്‍ത്തുകയെന്ന ശാഠ്യത്തില്‍ കൊണ്ടാടപ്പെടുന്ന കാട്ടിക്കൂട്ടലുകളില്‍ ആവശ്യക്കാരന്റെ മാനസികാവസ്ഥ അവഗണിക്കപ്പെടുകയാണ്.  നിവൃത്തികേട് കൊണ്ട് താന്‍ ചെന്നുപെട്ട ദൗര്‍ഭാഗ്യകരമായ അവസ്ഥയെ അയാള്‍ മനസാ പഴിക്കുന്നുണ്ടാവും. 

ഇവിടെയാണ് പൂര്‍വ്വികരായ സച്ചരിതരുടെ ജീവിതവിശുദ്ധി നമ്മെ വഴി നടത്തേണ്ടത്. 

നബി(സ)യും സ്വഹാബത്തും, മറ്റുള്ളവരെ സഹായിക്കുമ്പോള്‍ കൊടുക്കുന്ന വസ്തുവില്‍ തങ്ങളുടേതായ അടയാളങ്ങള്‍ കൊത്തി വെച്ചിരുന്നില്ല. തങ്ങളുടെ സകലമാന പ്രവര്‍ത്തനങ്ങളുടെയും ഉന്നമായി അവര്‍ കാംക്ഷിച്ചത് നാഥന്റെ പ്രീതിയും പരലോക മോക്ഷവുമായിരുന്നു. ഇഹലോകത്തെ പേരും പ്രശസ്തിയും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയും ഒരിക്കലും അവരുടെ അജണ്ട ആയിട്ടില്ല. കര്‍മങ്ങളുടെ സ്വീകാര്യതക്ക് അല്ലാഹു നിശ്ചയിച്ച മാനദണ്ഡമായിരുന്നു അവരുടേത്. പ്രസ്തുത മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുളള പ്രവര്‍ത്തനകാണ്ഡമായിരുന്നു അവര്‍ ചിട്ടപ്പെടുത്തിയിരുന്നത്.

ദൈവികമായ മൂല്യങ്ങളാണ് ജീവിതത്തിന് നിറം പകരേണ്ടത്.

ഹൃദയത്തില്‍ നിന്ന് തിന്മകളുടെ കോട്ടകളെ തച്ചുടച്ച് പകരം നന്മയുടെ കൊട്ടാരങ്ങള്‍ പണിതുയര്‍ത്തി, അതിന്റ ചുമരുകള്‍ മങ്ങിത്തുടങ്ങുമ്പോള്‍ വേഗത്തില്‍ അതിന് നിറം കൊടുക്കുകയും ചെയ്യുമ്പോഴേ മൂല്യാധിഷ്ഠിത ജീവിതം പൂര്‍ണമാകൂ. ജീവിതവഴിയില്‍ ബലം നല്‍കേണ്ട വിശ്വാസദാര്‍ഢ്യത്തിന് ദൗര്‍ബല്യം കണ്ട് തുടങ്ങുമ്പോള്‍ തന്നെ കൂടുതല്‍ നന്മകളുടെ വിത്തുകള്‍ ഈമാനിനെ ഹൃദയത്തില്‍ ഉറപ്പിച്ച് കൊണ്ടിരിക്കണം. തന്റെ ശരീരത്തില്‍ കടിച്ച് തൂങ്ങിക്കിടക്കുന്ന തിന്മകളെ നന്മയുടെ വാള്‍ കൊണ്ട് അറുത്ത് മാറ്റി അവിടെ നന്മയുടെ പച്ചമരുന്ന് വെച്ച് കെട്ടാന്‍ സാധിക്കണം.

പേര് മുസ്‌ലിമായത് കൊണ്ടോ, എണ്ണിയാല്‍ തീരാത്ത നന്മകള്‍ ചെയ്തത് കൊണ്ടോ കാര്യമില്ല. അത് അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടിയല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ തലയില്ലാത്ത തെങ്ങ് പോലെയാണ്. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളെ, ദാനധര്‍മങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ടും (അതു കൈപറ്റിയവനെ) ക്ലേശിപ്പിച്ചു കൊണ്ടും നിങ്ങള്‍ ദാനധര്‍മങ്ങളെ നിഷ്ഫലമാക്കരുത്''. (സൂറ:ബഖറ 263)

നാം മറ്റുള്ളവരുടെ ആത്മീയവും ധാര്‍മികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകളിലെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവ ആവശ്യമായ രൂപത്തില്‍ പരിഹരിക്കുകയും ചെയ്യുമ്പോള്‍ അതിലൂടെ അവന്‍ ലക്ഷ്യമിടുന്ന തൃപ്തി അല്ലാഹുവിന്റേതോ, അതല്ല മറ്റ് പലതാല്‍പര്യങ്ങളുടേതാണോ എന്നാണ് സത്യസന്ധമായി സ്വയം ചോദിച്ച് നോക്കേണ്ടത്. വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങളില്‍  ധാരാളമായി ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. ''അഹങ്കാരപ്രമത്തരായും ആളുകള്‍ കാണുവാനും പ്രൗഢി നടിച്ചും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരായും സ്വഗൃഹങ്ങളില്‍ നിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെപ്പോലെ നിങ്ങള്‍ ആവരുത്. അവരുടെ ചെയ്തികള്‍ ചൂഴ്ന്നറിയുന്നവനാണ് അല്ലാഹു'' (അല്‍അന്‍ഫാല്‍: 47). സാമ്പത്തിക രംഗത്തെ ലോകമാന്യത സത്യനിഷേധത്തിന്റെയും പൈശാചിക പ്രവര്‍ത്തനത്തിന്റെയും അടയാളമാണെന്ന് ഖുര്‍ആന്‍ പറയുന്നതായി കാണാം. ''ആളുകളെ കാണിക്കാനായി മാത്രം തങ്ങളുടെ ധനം ചെലവഴിക്കുന്നവരും യഥാര്‍ത്ഥത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമില്ലാത്തവരുമാണവര്‍, പിശാചാണ് ഒരുത്തന്റെ ചങ്ങാതിയെങ്കില്‍ അവനത്രെ ചീത്ത കൂട്ടുകാരന്‍'' (അന്നിസാഅ്: 38).

ചിലയാളുകള്‍ തങ്ങള്‍ ചെയ്തിട്ടില്ലാത്ത തിന്റെ പേരില്‍ പ്രശംസിക്കപ്പെടാന്‍ കൊതിക്കുകയും അന്യായമായി മേനി നടിക്കുകയും ചെയ്യുന്നവരാണ്. ഇത്തരം ആളുകളെ നിശിതമായി വിമര്‍ശിക്കുന്ന ഖുര്‍ആന്‍, വേദനയേറിയ ശിക്ഷകൊണ്ട് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ''തങ്ങളുടെ ചെയ്തികളില്‍ സന്തോഷിക്കുകയും യഥാര്‍ഥത്തില്‍ തങ്ങള്‍ ചെയ്തിട്ടില്ലാത്തതിന്റെ പേരില്‍ പ്രശംസിക്കപ്പെടാന്‍ കൊതിക്കുകയും ചെയ്യുന്നവര്‍ ശിക്ഷയില്‍ നിന്ന് സുരക്ഷിതരാണ് എന്ന് നീ ഒരിക്കലും വിചാരിക്കരുത്. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട'' (ആലുംഇംറാന്‍: 183). എന്തിനേറെ, നമസ്‌കാരം പോലും അതിന്റെ ഉദ്ദേശ്യ ശുദ്ധിയില്‍ കളങ്കം സംഭവിച്ചാല്‍ അല്ലാഹുവിങ്കല്‍ അത് സ്വീകാര്യമല്ലെന്ന് മാത്രമല്ല, ശിക്ഷാര്‍ ഹമാണെന്നാണ് ഖുര്‍ആനിക നിലപാട്.  ''തങ്ങളുടെ നമസ്‌കാരത്തെ സംബന്ധിച്ച് അശ്രദ്ധരായും ആളുകളെ കാണിക്കാന്‍ വേണ്ടിയും അതനുഷ്ഠിക്കുന്നവര്‍ക്ക് കടുത്ത നാശമാണുണ്ടാവുക'' (അല്‍മാഊന്‍: 46). പ്രമുഖ സ്വഹാബിയായിരുന്ന ഇബ്‌നു അബ്ബാസ്(റ) ഒരിക്കല്‍ പറയുകയുണ്ടായി: ഒരാള്‍ നബിയോട് ഇങ്ങനെ ചോദിച്ചു: ''അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിച്ച് ഞാന്‍ യുദ്ധരംഗത്ത് നിലകൊളളുന്നു. അത് ആളുകള്‍ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു''. അപ്പോള്‍ നബി(സ) ഇത്രമാത്രമാണ് പറഞ്ഞത്. ''ആര് തന്റെ രക്ഷിതാവുമായുള്ള കുടിക്കാഴ്ച പ്രതീക്ഷിക്കുന്നുവോ അവന്‍ സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളട്ടെ''.  ഇത്രമേല്‍ ഗൗരവത്തില്‍ അല്ലാഹുവും അവന്റെ റസൂലും പറഞ്ഞിട്ടും ഒരു മാറ്റത്തിനോ പാഠം ഉള്‍ക്കൊള്ളാനോ തയ്യാറാകാതെ അതിത്രയൊക്കെ മതി എന്ന നിലപാടിന്റെ തോണി തുഴഞ്ഞുപോകുന്നവരില്‍ നാമുണ്ടോയെന്ന ആത്മവിചിന്തനത്തിന്റെ ചോദ്യമാണ് നാം ചോദിക്കേണ്ടത്. നാളെ അല്ലാഹുവിന്റെ കോടതിയില്‍ നിന്ന് നരകത്തിലേക്ക് കൊണ്ടു പോകുമ്പോള്‍ അത് കാണാന്‍ നമ്മുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കണ്ട് കൈയടിച്ചിരുന്നവര്‍ ആ കൈ മൂക്കത്ത് വെച്ച് നമ്മെ നോക്കി ചിരിച്ചു നില്‍ക്കുന്ന കാഴ്ചയാണ് നമുക്ക് കാണേണ്ടിവരിക. ആ ജീവിത വഴിയിലെ എല്ലാ മേഖലയും ഇന്ന് ജനങ്ങളുടെ മനസ്സില്‍  ഞാനാണ് കേമന്‍ എന്ന പേരിന് വേണ്ടിയാണ്. സകാത്തും ഇസ്‌ലാമിലെ ലളിത ചടങ്ങായ വിവാഹം പോലും ഇന്ന് ജനങ്ങളുടെ കണ്ണിനെ അന്ധാളിപ്പിക്കാനായി മാറി. തങ്ങളുടെ എഴുത്തുകള്‍, പ്രസംഗങ്ങള്‍, വര്‍ത്തമാനങ്ങള്‍, സംവാദങ്ങള്‍, തീരുമാനങ്ങള്‍, ചര്‍ച്ചകള്‍, സോഷ്യല്‍ മീഡിയവര്‍ക്കുകളും നിരൂപണങ്ങളും, സെമിനാറുകള്‍  തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും തന്റെ നിലനില്‍പ്പിനും ജനങ്ങളുടെ സംസാരത്തില്‍ ഇടം നേടണമെന്നുള്ളതിനാണെങ്കില്‍ നരകത്തില്‍ ഒരു ഇടമായിരിക്കും അത്തരക്കാരെ മാടിവിളിക്കുക.

നൂഹ് നബിയുടെ മകനും അബു ജഹലും ഉത്ബയും ഫിര്‍ഔനും അല്ലാഹുവിനെ അറിഞ്ഞ പോലെ അല്ല നമ്മള്‍ നാഥനെ അറിയേണ്ടത്! 

പാല്‍ക്കാരി പെണ്ണും ആട്ടിടയനും ഉമറും(റ) കണ്ടെത്തിയ അല്ലാഹുവിനെ കണ്ടെത്താന്‍ സാധിക്കുമ്പോഴേ അവന്റെ തൃപ്തി നമ്മില്‍ വന്ന് പതിക്കുകയുള്ളൂ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top