കല്ലുമലയിലെ കാറ്റ്

സീനത്ത് ചെറുകോട്

ആച്ചുട്ടിത്താളം-12

 

വര്‍ഷത്തിന്റെ ഈറന്‍ വസന്തത്തിന്റെ നിറങ്ങള്‍ ഉണക്കിയെടുത്തു. പൂത്തും തളിര്‍ത്തും പ്രകൃതി ആഘോഷങ്ങളുടെ നിറച്ചാര്‍ത്തിലാറാടി. പിന്നെ മടുപ്പോടെ ഗ്രീഷ്മത്തിന്റെ പൊള്ളലിലേക്ക് നടന്നു. അകവും പുറവും ഉഷ്ണത്തിന്റെ ആവി. 

പരീക്ഷ അവസാനിക്കുകയാണ്. പ്രൊഫസറുടെ ഇംഗ്ലീഷ് ട്യൂഷന്‍ ക്ലാസുകള്‍ പുതിയൊരനുഭവമായിരുന്നു. ഇംഗ്ലീഷ് കാവ്യ ലോകത്തേക്ക് പുതിയ വാതിലുകള്‍ തുറന്നു കിട്ടി. ദാര്‍ശനികതയുടെ കാവ്യാത്മകതയിലൂടെ എത്ര അനായാസമായിട്ടാണ് അദ്ദേഹം നടക്കുന്നത്.

രണ്ടു വര്‍ഷം എത്ര പെട്ടെന്നാണ് കടന്നുപോയത്. നിറയെ ചവോക്ക് മരങ്ങളുള്ള കോളേജ് മുറ്റത്തേക്ക് ഇന്നലെ കടന്നു ചെന്നപോലെ. ചവോക്കുകള്‍ക്കിടയിലൂടെ കാറ്റിന്റെ മൂളല്‍ വെറുതെ നോക്കി നിന്നിട്ടുണ്ട്. മുറ്റത്തിന്റെ കോണിലെ നിറയെ പൂത്ത മഞ്ഞച്ചെടിയുടെ താഴെ പൂക്കളടരുന്നതും നോക്കി ചിന്തകളില്‍ അലിഞ്ഞിട്ടുണ്ട്. ജീവിതത്തിലെ എത്രയെത്ര മുഖങ്ങള്‍. വൈവിധ്യങ്ങള്‍, വൈജാത്യങ്ങള്‍. ഓര്‍മകളുടെ ചില്ലു വാതില്‍ക്കല്‍ അടര്‍ന്നു മാറാനാവാതെ പറ്റിപ്പിടിച്ച ഒരിലയായി അവിടെ കിടക്കട്ടെ എല്ലാം.

ഇനി എത്ര ദിവസം യതീംഖാനയില്‍? ടീച്ചര്‍ ട്രെയിനിങിന് ചേരാന്‍ ഇനിയും ഒരു വര്‍ഷമെടുക്കും. ആ സമയം ആരും യതീംഖാനയില്‍ നില്‍ക്കാറില്ല. എവിടേക്കു പോകും? ഒരു വര്‍ഷം വിട്ടു നിന്നേ പറ്റൂ.

എത്ര വേദനിച്ചായിരുന്നു ഒരിക്കല്‍ ഇങ്ങോട്ട് പോന്നതെന്നോര്‍ത്തു. ഇപ്പോള്‍ തിരിച്ചു ചെല്ലലാണു പ്രശ്‌നം. നാട്ടിലെ കൂട്ടുകാരുമായുള്ള ആഴത്തിലുള്ള ബന്ധം എന്നേ വിട്ടിരിക്കുന്നു. ഒന്നും സ്വസ്ഥമല്ല. ഇണ്ണ്യാക്കയുടെ മുട്ടായി പീടികയിലെ ഭരണിക്കുള്ളില്‍ റൗണ്ട് മിഠായിയുടെ അടുക്കുകള്‍ കണ്ട് ഉമ്മ കാണാതെ കശുമാവിന്‍ ചുവട്ടില്‍ കരിയിലകള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ച കശുവണ്ടികളുടെ കള്ളത്തരത്തിലേക്ക് ഇനി തിരിച്ചു നടക്കാനാവില്ല. ഇനി ഒന്നിലേക്കും ഒരിക്കലും തിരിച്ചെത്താനാവാത്ത വിധം ദൂരങ്ങള്‍ കൂടിയിരിക്കുന്നു.

ജനലിനപ്പുറത്തെ അഗാധതയിലേക്ക് കണ്ണുകള്‍ തെന്നിവീണു. കറുത്ത പാറക്കെട്ടുകള്‍ക്കുള്ളില്‍ വെയില്‍ മയങ്ങുന്നു.

'മജീദ് സാര്‍ വിളിക്ക്ണ്'

റംലയുടെ വാക്കുകള്‍ പിറകില്‍ തോണ്ടി. പതിയെ കോണിയിറങ്ങുമ്പോള്‍ എന്തോ എനിക്ക് പിടുത്തമില്ലാത്ത എവിടെയോ ആയിരുന്നു ഞാന്‍. വരാന്തയുടെ തിണ്ടില്‍ മജീദ് സാറിന്റെ കാത്തിരിപ്പിന്റെ മുഖം.

'പരീക്ഷ എങ്ങനെണ്ടായിരുന്നു?'

'തരക്കേടില്ല'

'ഇനി?'

മൗനത്തിന്റെ കമ്പില്‍ പിടിച്ച് വെറുതെ നിന്നു.

'നാട്ടില്‍ ചെന്ന് ഡിഗ്രിക്ക് ചേരാന്‍ നോക്ക്. പഠിപ്പ് മുടക്കരുത് '

ഉവ്വെന്ന് തലയാട്ടി.

'ഞാനും പോവാണ്.'

ഞെട്ടല്‍ അടക്കി. മുഖത്ത് മനസ്സിലാവാത്ത എന്തോ ഒരു ഭാവം.

'നാട്ടില് ഒരു ജോലി ശര്യായ്ക്ക്ന്ന്. മറ്റന്നാള്‍ ചേരണം.'

കരയേണ്ടിടത്തൊന്നും കരയാനാവാതെ  ഞാന്‍ മരവിച്ചു പോകുന്നതറിഞ്ഞു. ഋതുക്കള്‍ക്ക് കാലം തെറ്റുമോ? അങ്ങനെ തെറ്റിയ ഒന്നായിരുന്നോ? ആച്ചുട്ടി. ഞാന്‍ ആച്ചുട്ടിയാകുമോ? കാലംതെറ്റി പെയ്ത മഴപോലെ എന്നില്‍ എന്തോ നിറഞ്ഞു. ഉള്ളില്‍ അതിന്റെ അസ്വസ്ഥതകള്‍ ഉറഞ്ഞു. മൗനത്തിന്റെ തോടുകള്‍ക്ക് കനം കൂടുകയാണ്. 

ഗുരു മടങ്ങുന്നു. ഏതു ക്ലാസിലും എന്നെ പഠിപ്പിച്ചിട്ടില്ല. പക്ഷെ ഏറ്റവും വലിയ ഗുരുതന്നെ മുന്നില്‍. ഇരുട്ട് നീക്കി വെളിച്ചത്തിന്റെ വഴികാണിക്കുന്നവന്‍. അവനാണല്ലോ ഗുരു. ഇരുട്ടിലായിരുന്നു. വഴിയറിയാതെ  മതിലുകള്‍ക്കുള്ളില്‍ തപ്പിത്തടഞ്ഞ് വീണവള്‍ക്ക് കൈത്താങ്ങ് തന്നവന്‍. വര്‍ഷങ്ങള്‍ക്കപ്പുറത്ത് മക്കളെ ഇട്ടേച്ച് വിടവാങ്ങിയ ഉപ്പയുടെ പ്രാര്‍ഥനയാവുമോ തണലു തിരഞ്ഞ് ഉരുകിയൊലിച്ച ഉമ്മയുടെ വിളികളാവുമോ ഈ മനുഷ്യനെ മുന്നില്‍ വന്ന് കൈ നീട്ടാന്‍ തോന്നിച്ചത്. 

ദുആ ചെയ്യണം.

പുറന്തോട് പൊട്ടി ഏത് ആഴത്തില്‍ നിന്നാണാ ശബ്ദം. ദൂരെദൂരെ പൊറത്തക്കുളത്തിന്റെ, എണ്ണ തെളിഞ്ഞു നില്‍ക്കുന്ന വെള്ളത്തിനടിയില്‍ നിന്നും പൂത്താങ്കോല്‍ തിരഞ്ഞ് ഊളിയിടുന്ന അനേക ശബ്ദങ്ങളുടെ നടുവില്‍ നിന്നാണോ? അതോ കല്ലുമലയുടെ, കാറ്റ് ചിലക്കുന്ന ഉച്ചിയില്‍ നിന്നോ? എവിടെ നിന്ന്. 

കയറിക്കയറി കാല് കഴച്ച് നില്‍ക്കുന്ന എന്റെ മുന്നിലേക്ക് ഏത് കൈയാണ് നീളുന്നത്. 

'കയറ്'

'ഏറ്റവും മുകളിലെത്തിയാല്‍ കാറ്റിന്റെ കൈകളിലേക്ക് ചാഞ്ഞിരിക്കാം.' 

ആരാണ് വിളിക്കുന്നത്.? പക്ഷെ, കയറാനാവാതെ പാതിവഴിയില്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോകുന്ന എന്നെ ആരും കാണുന്നില്ലല്ലോ.

സലാം പറഞ്ഞ്, കണ്ണ് നിറഞ്ഞ് അകന്നു പോകുന്ന മുഖത്തേക്കു നോക്കുമ്പോള്‍ ഇനി കയറാനാവില്ലെന്ന  തളര്‍ച്ച കാലിലേക്ക് പടരുന്നതറിഞ്ഞു. അനങ്ങാന്‍ വയ്യ. വരാന്തയിലെ തിണ്ടിലിരുന്നു. കരച്ചിലല്ല. അതിനുമപ്പുറത്തെ ചുട്ടുപൊള്ളലിന്റെ പുകച്ചിലാണ് മനസ്സില്‍.

ഉമ്മയുടെ വെറ്റിലക്കൊട്ടയില്‍ നിന്ന് വെറ്റില കെട്ടെടുത്ത് മുറുക്കി, മുഷിഞ്ഞ പാവാടയും കുപ്പായവുമിട്ട് അഴിച്ചിട്ട മുടിയുമായി തറവാട്ടിലേക്കിറങ്ങിയപ്പോള്‍ പേടിച്ചു നിലവിളിക്കുന്ന ഏതോ കുട്ടി. വാര്‍ത്ത തീ പോലെ പടരുന്ന അകത്തളങ്ങളില്‍ ഞാന്‍ തന്നെയായിരുന്നു ചര്‍ച്ചാ വിഷയം. 

'ഒന്ന് തിരുമ്പിക്കുളിച്ച് തലവാര്‍ന്ന് നടന്നൂടെ അനക്ക്?'

ശബ്ദത്തിന്റെ പരുപരുപ്പ് ഇപ്പോഴും ചെവിയിലുണ്ട്.

പകയാണ് യതീംഖാനയിലെത്തിച്ചത്. സകലതിനോടുമുള്ള പക. ചുട്ടെരിച്ച് വെണ്ണീറാക്കാനുള്ള കലി. പൊറത്തക്കുളത്തിലെ കൊളച്ചണ്ടികള്‍ക്കിടയിലൂടെ ഊളിയിടുമ്പോള്‍ പക ജ്വലിച്ച് ഉള്ള് ആളുക തന്നെയായിരുന്നു. ശരീരം വിറച്ച് പല്ലുകള്‍ കൂട്ടിയിടിക്കുമ്പോഴും മനസ്സില്‍ കനലുകള്‍ എരിഞ്ഞ് പുകഞ്ഞു. എല്ലാം പിഴച്ച് അവഗണനയുടെ മുള്ളുകള്‍ക്കിടയില്‍ ഒറ്റക്കു നടക്കുന്ന പെണ്‍കുട്ടിയുടെ പല്ലിറുമ്മിസഹിച്ചു തീര്‍ത്ത നാളുകള്‍. എത്രകൊതിച്ചു ഒരു നല്ല വാക്കിന്. സ്‌നേഹത്തിന്റെ ഒരു നോട്ടത്തിന്. ആര്‍ദ്രതയുടെ ഒരു തലോടലിന്. തറവാട്ടിലെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമിടയിലും അവരുടെ അടുക്കളയിലും പാത്രങ്ങള്‍ക്കുമിടയിലും ഉമ്മയുടെ പകലുകളും അധ്വാനവും എരിഞ്ഞു തീര്‍ന്നപ്പോള്‍ അനാഥ പിന്നെയും പിന്നെയും അനാഥയായി.

ഒരു മാറ്റവും വരുമായിരുന്നില്ല. മജീദ് സാര്‍ എന്ന ഈ മനുഷ്യന്‍ മുമ്പിലെത്തിയില്ലായിരുന്നെങ്കില്‍. പകയുടെയും വെറുപ്പിന്റെയും അന്ധതയില്‍ ഒരുജീവിതമങ്ങട്ട് തീര്‍ന്നു പോയേനെ. മുറിയിലേക്കു നടക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളെ അതേ ശക്തിയില്‍ കുഴിച്ചു മൂടാന്‍ പാടുപെട്ടു.

തട്ടലും കൊട്ടലും അടുക്കലും പെറുക്കലും മുറിയാകെ ബഹളമയം. എന്നോ ചേക്കേറിയ കൊമ്പില്‍ നിന്ന് എവിടേക്കോ പറന്നുപോകാനൊരുങ്ങുകയാണ് എല്ലാവരും. തിരിച്ച് ഇങ്ങോട്ട് തന്നെ പറക്കാന്‍ ഇനിയെത്ര പേര്‍ കാണും? ബാക്കിയുള്ളവരോ? ആഞ്ഞു പറക്കുമായിരിക്കും. മറുകര എത്തിയല്ലേ പറ്റൂ. ചിറകു തളര്‍ന്ന് വീണേടത്തു നിന്ന് പിന്നെയും പറക്കുക തന്നെ.

അകത്തിരിക്കുമ്പോള്‍ ശ്വാസം മുട്ടുന്നപോലെ. സബുട്ടിയെ കാണണമെന്നു തോന്നി. പുറത്തിറങ്ങി ഗെയ്റ്റില്‍ പിടിച്ച് വെറുതെ നിന്നു. ചീനിച്ചോട്ടില്‍ കൂട്ടിയിട്ടിരിക്കുന്ന കീറിയ വിറകിന്‍ കൂന. സുബ്ഹ് നമസ്‌കാരം കഴിഞ്ഞു വരുന്ന അവധി ദിവസങ്ങളില്‍ കോയാക്കയുടെ വിസില്‍ മുഴങ്ങുമ്പോഴറിയാം, വിറകെടുത്തിടാനാണ്. ഓരോ കൊള്ളിയെടുത്ത് അടുക്കളയുടെ പിറകിലെ വിറകുപുരയില്‍ കൊണ്ടിടണം. അതില്‍ നിന്ന് രക്ഷപ്പെടാന്‍ എവിടെയെല്ലാം ഒളിച്ചിരുന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പണിയായിരുന്നു ഇതുവരെ ഈ വിറക് പെറുക്കിയിടല്‍. ഓര്‍ത്തപ്പോള്‍ അറിയാതെ ചിരിവന്നു.

അയച്ച ദൂത് വേഗം കിട്ടിയതുകൊണ്ടാവാം സബുട്ടി ധൃതിയില്‍ വന്ന് മുമ്പില്‍ നിന്നത്. മുഖം പ്രസന്നമല്ല. സ്‌കൂളില്‍ പരീക്ഷ കഴിഞ്ഞിട്ടുണ്ട്. മദ്രസ പൂട്ടാത്തതുകൊണ്ട് സബുട്ടി വീട്ടില്‍ പോകുന്നുണ്ടാവില്ല. ചറപറ  സംസാരിക്കുന്ന പ്രകൃതം അവനിപ്പോഴില്ല. അവന്റെ മൗനം ചിലപ്പോള്‍ പേടിപ്പെടുത്താറുണ്ട്. ഒരുപാട് അടക്കി വെക്കുന്നവരുടെ മൂര്‍ച്ചയുള്ള മൗനം. ഒന്നും മിണ്ടാതെ എത്ര നേരമായി അവന്‍. 'എന്താ ഇത്താത്താ' എന്നുപോലും അവന്‍ ചോദിക്കാത്തതെന്തെന്ന് മനസ്സ് പിടഞ്ഞു. കളിക്കാന്‍ പോയിടത്തു നിന്നുള്ള വരവല്ല. ഏതെങ്കിലും പുസ്തകത്തില്‍ നിന്ന് തലവലിച്ചതാകണം. 

'കളിക്കാന്‍ പോയില്ലേ?'

'ഇല്ല'

'വായിക്ക്യേയിരുന്നു?'

'അല്ല'

'വൈകുന്നേരം കൊറച്ച് കളിച്ചൂടെ സബുട്ട്യേ അനക്ക്?'

മുഖം ഉയര്‍ത്തുന്നില്ല. കൈപ്പുറത്തെ നനവാണ് ശ്രദ്ധിച്ചത്. കണ്ണ് നിറഞ്ഞൊഴുകുകയാണ്. 'സബുട്ട്യേ, ഇത്താത്താനെ എടങ്ങേറാക്കല്ലെ'

എന്റെ ശബ്ദം നേര്‍ത്തു പോവുകയാണ്. അവന്റെ ഉച്ചത്തിലുള്ള തേങ്ങല്‍. ഗെയിറ്റിനപ്പുറത്തേക്ക് കൈകള്‍ നീണ്ടു. അവന്റെ ചുരുണ്ട മുടിയില്‍ പതുക്കെ തലോടി. മുന്നില്‍ നിന്ന് ഗെയ്റ്റ് മാഞ്ഞു. കാലവും സമയവും മാഞ്ഞു. ഉള്ളില്‍ കഞ്ഞിമുക്കിയ വെളുത്ത കസവു തട്ടം നിറഞ്ഞു. വിറക്കുന്ന കൈകള്‍ കുഞ്ഞു മകനെ ചേര്‍ത്തു പിടിച്ചു.

'എന്റെ കുഞ്ഞോനേ........'

ആകാശം അതുകണ്ടു ചിരിച്ചു. ഭൂമി മുഴുക്കെ താരാട്ടു പാട്ടിന്റെ ഈണം നിറഞ്ഞു. വല്ലിമ്മയുടെ മടിയില്‍ തലവെച്ച് കുഞ്ഞോന്‍ കഥകേട്ട് ഉറങ്ങി.

'ഇച്ച് ഉമ്മാനെ കാണണം.'

ഉറക്കത്തിലെപ്പോഴോ അവന്റെ തേങ്ങല്‍

'ഞാനല്ലെ അന്റെ ഇമ്മ, ന്റെ കുട്ട്യല്ലേ ജ്ജ്' നേര്‍ത്തു വരുന്ന തേങ്ങല്‍

'ന്റെ കുഞ്ഞോന്‍ ആരാ ആവ?'

'വല്യ രാജകുമാരന്‍'

'അപ്പൊ വല്ലിമ്മാനെ കാണാന്‍ മോന് എങ്ങന്യാ വരാ.....?'

'വെള്ള കുതിരപ്പൊറത്ത് കേറീട്ട് ഞാന്‍ വല്ലിമ്മാനെ ഇരുത്തി ഓടിച്ച് പോകും'

'അപ്പൊ വല്ലിമ്മ ബുഗൂലെ?'

അതിന് ഞാന്‍ വല്ലിമ്മാനെ കെട്ടിപ്പുടിച്ചൂലേ....'

അവന്റെ മുടിയില്‍ വിരലോടിച്ച് എത്ര നേരമാണ് നിന്നത്. മഗ്‌രിബിന് പള്ളിയിലേക്ക് പോകാനുള്ള നീണ്ട ബെല്ലില്‍ അവന്റെ കണ്ണുകളിലെ കലക്കം കണ്ടു. പക്ഷേ മുഖം ശാന്തം. യാത്ര പോലും പറയാതെ അവന്‍ തിരിഞ്ഞു നടന്നു. ഞാന്‍ ആകാശത്തേക്കു നോക്കി. അതിന്റെ നിറം അവ്യക്തമായിരുന്നു. 

(തുടരും)

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top