മൈലാഞ്ചി മണമുള്ള പെരുന്നാളുകള്‍

മുഖ്താര്‍ ഉദരംപൊയില്‍

കുട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്‌ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം...

കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തുനില്‍ക്കണം, ഇറച്ചി വാങ്ങാന്‍. അതൊരു നിപ്പാണ്. വലിയവര്‍ക്കാണ് ആദ്യം കിട്ടുക. കുട്ടികള്‍ ''പൈസ ഇല്ലാതെ ഇറച്ചിക്ക് നില്‍ക്കുന്ന പോലെ'' നില്‍ക്കണം. ഓരോ തവണ ഇറച്ചി മുറിച്ച് തുലാസിലേക്കിടുമ്പോഴും അത് തനിക്കാവുമെന്ന് കരുതി കൈനീട്ടും. അപ്പോഴേക്കും മറ്റാരെങ്കിലും അത് വാങ്ങിയിട്ടുണ്ടാവും. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. ചിലപ്പോള്‍ അര്‍ധരാത്രി വരെ കാത്തുനില്‍ക്കേണ്ടി വരും. ചിലപ്പോള്‍, ''അടിച്ചു തീര്‍ന്നില്ല രാവിലെ വാ'' എന്ന് പറയും. കരച്ചില്‍ വരും. പുലര്‍ച്ചെ എഴുന്നേറ്റ് ടൈലര്‍ഷാപ്പിലേക്ക് ഓടേണ്ടി വരും. 

അടിച്ചത് ഇസ്തിരിയിട്ട് പേപ്പറില്‍ പൊതിഞ്ഞ് കയ്യില്‍ കിട്ടുമ്പോഴുള്ള ആഹ്ലാദമാണ് പെരുന്നാള്‍ രാവിന്റെ ഏറ്റം വലിയ ആഹ്ലാദം. ആ പൊതിയുമായി വീട്ടിലേക്ക് ഓടും. അണിഞ്ഞുനോക്കി രസം ചോദിക്കും. ഉസാറായ്ക്ക്ണ്.. ഉമ്മ പറയും.

വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും എല്ലാവരും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും മുതിര്‍ന്ന പെണ്ണുങ്ങള്‍. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. കുട്ടികളുടെ കയ്യില്‍ മൈലാഞ്ചിക്കുത്തുകള്‍. ആണ്‍കുട്ടികളുടെ കയ്യില്‍ കാക്ക തൂറിയ പോലെ വലിയൊരു പച്ചപ്പുള്ളി.

ഉറക്കം വരില്ല. മനസ്സിനകത്താണ് മാസപ്പിറവിയുടെ നിലാവു മുഴുവന്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. ശരീരമാകെ എണ്ണ തേച്ച് കുറച്ചു സമയം അങ്ങോട്ടുമിങ്ങോട്ടുമൊരു നടത്തമുണ്ട്. പിന്നെയാണ് കുളി, വാസന സോപ്പും തേച്ച് കുളിക്കണം, ഒരൊന്നൊന്നര കുളി.

പുതിയ ഡ്രസ്സണിയും. പഞ്ഞി ചെറിയ കുരു പോലെയാക്കി, ഉപ്പ അതില്‍ സെന്റ് തേച്ചുതരും. സെന്റ് മണക്കുന്ന പഞ്ഞിക്കുരു ചെവിയിടുക്കില്‍ തിരുകിവെക്കും. ചായയും കുടിച്ച് പള്ളിയിലേക്ക് പാച്ചിലാണ്.

പള്ളിയില്‍ മിഹ്‌റാബിനടുത്ത് വളഞ്ഞിരുന്ന് തക്ബീര്‍ ചൊല്ലുന്നുണ്ടാവും ആളുകള്‍. അവര്‍ക്കിടയില്‍ നുഴഞ്ഞ്‌കേറി മൈക്കിനടുത്ത് പോയിരിക്കും. ഉറക്കെ തക്ബീര്‍ ചൊല്ലും. 

അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍...

നമസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഉമ്മയോട് ചോദിക്കും, ഇമ്മാ ഇങ്ങളിന്റെ ഒച്ച കേട്ടീനോ. ഞാന് മൈക്കിന്റട്ത്താ ഇരുന്നീരുന്നത്...

പണിത്തിരക്കില്‍ ഉമ്മ അതു കേള്‍ക്കാറില്ല.

നിലത്ത് പായ വിരിച്ച് വട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കും. കുട്ടികളാണ് ആദ്യം കഴിക്കുക. കഴിച്ച് കഴിഞ്ഞാല്‍ അവിടയങ്ങിനെ ചുറ്റിപ്പറ്റി നില്‍ക്കണം, വലിയവര്‍ ഭക്ഷണം കഴിച്ച് കഴിയുന്നതും കാത്ത്.  പെരുന്നാള്‍പ്പൈസയുണ്ടാവും. ഒന്നോ രണ്ടോ രൂപയാണ് ഓരോരുത്തരും തരിക. മൂത്താപ്പ, എളാപ്പമാര്‍...

മാസങ്ങളായി ഒരുക്കൂട്ടിവെച്ച പൈസത്തൊണ്ട് പൊളിക്കുന്നത് അന്നാണ്. ചില്ലറപ്പൈസകള്‍ ചിരിക്കും. എണ്ണിത്തിട്ടപ്പെടുത്തി അങ്ങാടിയിലേക്ക് ഒറ്റപ്പാച്ചിലായിരിക്കും.

പെരുന്നാള്‍ ശരിക്കും അങ്ങാടിയിലാണ്. പീടികകളില്‍ പലജാതി സാധനങ്ങള്‍ തൂക്കിയിട്ടിരിക്കും. ബലൂണ്‍, പാവകള്‍, തോക്ക്, വിരുത്തിപ്പൂവ്, കാര്‍, ജീപ്പ്... കളിപ്പാട്ടങ്ങള്‍ പലതരം. ചുരുണ്ട കമ്പിയില്‍ ചാടിയിറങ്ങുന്ന കുരങ്ങനെ കൗതുകത്തോടെ നോക്കി നില്‍ക്കും.

ബലൂണും വിരുത്തിപ്പൂവും തോക്കും വാങ്ങും. തോക്കിനുള്ളില്‍ പടക്കം വെച്ച് പൊട്ടിക്കും. ഠേ ഠേ..! വെള്ളം പീച്ചുന്ന തോക്കുണ്ട്. വെള്ളം നിറച്ച് ചെങ്ങായിമാരുടെ മേത്ത്ക്ക് പീച്ചിക്കളിക്കാം. കോട്ടിസോഡ കുടിക്കും. തരിപ്പില്‍ പോകാതെ നോക്കണം. കിട്ടിയ പൈസ മുഴുവന്‍ തീര്‍ത്തിട്ടേ വീട്ടിലേക്ക് മടങ്ങൂ. 

പിന്നെ മുറ്റത്തും പറമ്പിലുമൊക്കെയാണ് പെരുന്നാള്‍. വീട്ടിലെയും അയലോക്കത്തെയും കുട്ടികള്‍ പാടത്തും പറമ്പിലും തിമിര്‍ക്കും. തലങ്ങും വിലങ്ങും കിടക്കുന്ന ചാലുകളില്‍ വെള്ളം നിറഞ്ഞു കിടപ്പുണ്ടാവും. അന്തം വിട്ട് നില്‍ക്കുന്നവരെ വെള്ളത്തിലേക്ക് ഉന്തിയിടും.

അങ്ങാടിയില്‍ നിന്ന് തിരിച്ച് വന്നാലുടനെ പെരുന്നാള്‍ ഡ്രസ്സ് അഴിച്ചുവെക്കണം. പുതുമണം മാറാതെ സൂക്ഷിച്ചുവെക്കണം. പിറ്റേന്ന് സ്‌കൂളിലേക്ക് പെരുന്നാള്‍ വസ്ത്രമണിഞ്ഞാണ് പോവുക. എല്ലാവരും കുപ്പായവും പാന്റും പരസ്പരം തൊട്ടുനോക്കും. മണത്തുനോക്കും... 

ചെവിയിടുക്കിലെ സെന്റ് തേച്ച പഞ്ഞിയെടുത്ത് മണക്കും. 

ഹും.. ഫോറിനാ.. എളാപ്പ കൊണ്ടന്നതാ..

ഉം.. നല്ല മണം...

ചിലര്‍ സെന്റ് പഞ്ഞിയെടുത്ത് അവരുടെ കുപ്പായത്തില്‍ തേക്കും. ചിലര്‍ പഞ്ഞിയുമെടുത്ത് പായും.. കൂയ്!

അന്ന് സ്‌കൂളിന് പുതിയൊരു മണമായിരിക്കും. എല്ലാവര്‍ക്കും ആനന്ദം. അധ്യാപകര്‍ ചിരിക്കും. എല്ലാവരും കുളിച്ച് വൃത്തിയില്‍ വരുന്ന ദിവസം. ആരുടെയും മൂക്കൊലിക്കില്ല. ചീഞ്ഞുമണക്കില്ല.

എന്നും പെരുന്നാളായിരുന്നെങ്കിലെന്ന് ടീച്ചര്‍മാര്‍ പ്രാര്‍ഥിക്കുന്നുണ്ടാവും..

ചെറിയ പെരുന്നാളിന് ഡ്രസ്സ് വാങ്ങിയാല്‍, വലിയപെരുന്നാളിന് വാങ്ങില്ല. പുതുമണം മാറാതെ ഉമ്മ സൂക്ഷിച്ചുവെക്കും. രണ്ട് പെരുന്നാളും കഴിഞ്ഞാല്‍ പിന്നെ ആ വസ്ത്രമണിയാന്‍ വല്ല കല്യാണമോ സല്‍ക്കാരമോ വരണം !

പള്ളിപ്പറമ്പില്‍ കെട്ടിയിട്ട കന്നുകളെ കാണുമ്പോഴാണ് വലിയ പെരുന്നാള്‍ വരുന്നുണ്ടെന്നറിയുക. മ്പേ.. ആ കന്നുകള്‍ക്ക് പുല്ല് പറിച്ചുകൊടുക്കുന്നത് പുണ്യമായി കരുതിയിരുന്നു. മിക്കതും വീടുകളില്‍ വളര്‍ത്തിവലുതാക്കിയവയായിരുന്നു. 

ഹജ്ജിന് പോകുന്നത് ഒരു വലിയ സംഭവമായിരുന്നു. വല്യുപ്പയൊക്കെ ഹജ്ജിന് പോയത് കപ്പലിലാണെന്ന് കേട്ടിട്ടുണ്ട്. ഹലാക്കിന്റെ മഞ്ച മാതിരിയൊരു പെട്ടി വീട്ടിലുണ്ടായിരുന്നു. അത് വല്യുപ്പ ഹജ്ജിന് പോയപ്പോള്‍ കൊണ്ടുപോയ പെട്ടിയാണത്രെ. അതില്‍ മായാത്ത പെയ്ന്റുകൊണ്ട് വല്യുപ്പയുടെ പേര് എഴുതിവെച്ചിരുന്നു. 

കുടുംബത്തില്‍ നിന്ന് ഹജ്ജിന് പോകുന്നവര്‍ യാത്ര ചോദിക്കാന്‍ വീട്ടില്‍ വരും. 

ഞങ്ങള്‍ ഹജ്ജിന് പോകാ.. അങ്ങട്ടും ഇങ്ങട്ടും എന്തേലും ണ്ടായിട്ട്‌ണ്ടെങ്കി മറക്കണം, പൊറുക്കണം...

യാത്ര അയപ്പ് പരിപാടികളൊന്നും അന്നുണ്ടായിരുന്നില്ല. 'പൊര്ത്തപ്പെടീക്കലും' ചായ കുടിയും, കഴിഞ്ഞു. 

ഹജ്ജിന് പോയി വരുന്നവര്‍ കൊണ്ടുവരുന്ന ഏറ്റവും വലിയ സമ്മാനമായിരുന്നു, മക്കം കാണി. ചെറിയൊരു പ്ലാസ്റ്റിക് ക്യാമറ, അതില്‍ മക്കയുടെയും മദീനയുടെയും ചിത്രങ്ങളുടെ ഫിലിം കഷ്ണങ്ങള്‍. ക്ടും ക്ടും എന്ന് ഞെക്കി ഒറ്റക്കണ്ണില്‍ ഉള്ളിലേക്ക് നോക്കിയാല്‍ മക്ക കാണാം. മദീന കാണാം. ഹജ്ജ് കാണാം..

വലിയ പെരുന്നാളിന് നമസ്‌കാരം കഴിഞ്ഞിറങ്ങുന്നത്, നേരെ ഉദ്ഹിയത്തിലേക്കാണ്. ബലിയറുക്കുന്നത് അടുത്ത് നിന്ന് നോക്കും... ഉറക്കെ തക്ബീര്‍ ചൊല്ലും.

ആ കുട്ട്യാളൊക്കെ ഒന്ന് മാറി നിക്കീം.. എന്ന് മുതിര്‍ന്നവര്‍ പറയും. വൈകുന്നേരം ഉദ്ഹിയത്തിന്റെ ഇറച്ചി വാങ്ങാന്‍ പോകേണ്ടതും കുട്ടികളാണ്. കളി ഹരം പിടിച്ചുവരുന്ന നേരത്താവും പ്ലാസ്റ്റിക് കവറുമായി ഉമ്മ വിളിക്കുക, പോയി ഇറച്ചി വാങ്ങി വാ..

കുട്ടിക്കാലത്തെ പെരുന്നാള്‍ നിഷ്‌കളങ്കവും ഊഷ്മളവും ആനന്ദം നിറഞ്ഞതുമായിരുന്നു. ആ പെരുന്നാളുകള്‍ക്ക് മൈലാഞ്ചിയുടെ നറുമണവും നിറവുമുണ്ടായിരുന്നു.

രണ്ട് വര്‍ഷം ഒരു ഓര്‍ഫനേജില്‍ കഴിഞ്ഞിരുന്നു.  ആ രണ്ട് വര്‍ഷം കറുത്ത ദിനങ്ങളായി ഹൃദയത്തിനകത്ത് വെന്തുകിടപ്പുണ്ട്. കുട്ടിക്കാലം നഷ്ടമായത് ആ ഇരുണ്ട ഇടനാഴികളിലെവിടെയോ ആണ്. ജയിലില്‍ ഇതിനേക്കാള്‍ സ്വാതന്ത്ര്യമുണ്ടാവും. ചുറ്റും നിയമങ്ങളുടെയും നിര്‍ദേശങ്ങളുടെയും  ചങ്ങലകളും പൂട്ടുകളുമാണ്. ടൈംടേബിളനുസരിച്ചുള്ള ദിനചര്യകള്‍. പഞ്ഞമില്ലാത്ത അടി. വാര്‍ഡന്റെ എല്ലില്ലാത്ത നാവിന് ലൈസന്‍സുമുണ്ടായിരുന്നില്ല. ആ രണ്ട് വര്‍ഷത്തെ പെരുന്നാള്‍ സ്വാതന്ത്ര്യത്തിന്റെ പെരുന്നാളായിരുന്നു.

................

സഊദിയിലെ പെരുന്നാളിന് നനവില്ല. മരുഭൂമി പോലെ വരണ്ട്...

അതിരാവിലെ എണീറ്റ് പള്ളിയില്‍ പോകും. നമസ്‌കാരം കഴിഞ്ഞ് വന്ന് ചായ കുടിച്ച് തലേന്നത്തെ ക്ഷീണവുമായി കിടക്കയിലേക്ക്... ഉറക്കം കഴിഞ്ഞുണര്‍ന്ന് കബ്‌സയോ ബിരിയാണിയോ നെയ്‌ച്ചോറോ ഉണ്ടാക്കിത്തിന്നും.. കുറച്ച് നേരം ടിവി കണ്ടിരുന്ന് വീണ്ടും ഉറക്കം... 

പ്രവാസിയുടെ പെരുന്നാളിന് നിറമോ മണമോ ഇല്ല. പള്ളിയിറങ്ങി വന്നിട്ട് വീട്ടിലേക്കുള്ള ഫോണ്‍വിളി മാത്രമാണ് കുളിരാവുന്നത്. 

ഒരു പെരുന്നാളിന് അസീസിയയിലെ സുഹൃത്തുക്കളുടെ കൂടെ ഒരു ദമാം യാത്ര പോയി. പ്രവാസത്തിന്റെ കൊടും ചൂടിലേക്ക് പെയ്തിറങ്ങിയ ഒരു ചെറുമഴ പോലെ ആ യാത്ര. 

അവസാനത്തെ പെരുന്നാളിന് മദീനയാത്രയാണ് പ്ലാന്‍ ചെയ്തിരുന്നത്. അതിലും വലിയൊരു സൗഭാഗ്യം ഒത്തുവന്നു. അല്‍ഹംദുലില്ലാ. ഹജ്ജ്...

പ്രവാസം അര്‍ഥപൂര്‍ണമാവുന്നു. പ്രാര്‍ഥനകള്‍ സഫലമാവുന്നു. 

മക്ക, കഅബ, മിന, അറഫ, മുസ്ദലിഫ, ജംറ, സംസം...

ജീവിതത്തില്‍ വലിയ ബലിപെരുന്നാള്‍!

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്.. ലബ്ബൈക ലാ ശരീക ലക ലബ്ബൈക്ക്... ഇന്നല്‍ ഹംദ, വന്നിഅ്മത, ലകവല്‍ മുല്‍ക്.. ലാ ശരീക ലക്... 

...........

ഇന്ന് പെരുന്നാള്‍ പ്രതീക്ഷയല്ല, ഉല്‍സവമാണ്.

പുതിയ ഡ്രസ്സെടുക്കാന്‍ പെരുന്നാള്‍ കാത്തുനില്‍ക്കേണ്ടതില്ല. വയറു നിറച്ചും ഇറച്ചിയും ചോറും തിന്നാനും പെരുന്നാള്‍ വരേണ്ടതില്ല. പുതുവസ്ത്രമണിയുന്നതിലോ പെരുന്നാല്‍ ചോറ് തിന്നുന്നതിലോ ഒരാനന്ദവുമില്ലാതായിരിക്കുന്നു. 

മൈലാഞ്ചിച്ചെടികള്‍ കുറ്റിയറ്റു പോയി. അങ്ങാടിയില്‍ നിന്നും വാങ്ങിക്കുന്ന ട്യൂബ്‌മൈലാഞ്ചിക്ക് നറുമണവുമില്ല.  കയ്യും കാലും നിറയെ 'ചോപ്പ് കളറി'ല്‍ ചിത്രം വരച്ചു തരും, ബ്യൂട്ടീ പാര്‍ലറുകളില്‍.

ചെറുക്കന്മാരുടെ അടിപൊളി പെരുന്നാളിന് ലഹരിയുടെ മണം. 

രാത്രി ഉറക്കൊഴിച്ച് പെരുന്നാളിനെ കാത്തിരിക്കാറില്ല. നേരത്തെ എഴുന്നേറ്റ് എണ്ണതേച്ച് കുളിക്കാറില്ല. വാച്ചില്‍ നോക്കിയാണ് ജീവിതം. നമസ്‌കാരം തുടങ്ങും മുന്‍പ് അവിടെ എത്താന്‍ എപ്പോള്‍ എഴുന്നേല്‍ക്കണമെന്ന് മൊബൈലിലെ അലാറം വിളിച്ചുപറയും. 

കല്യാണമായാലും ബലിപെരുന്നാളായാലും ബേണ്ടീല, നേരത്തെ കാലത്തെ നീക്കൂല.

ഉമ്മ അടുക്കളയില്‍ നിന്ന് പിറുപിറുക്കും. 

ഭാര്യ വന്ന് വിളിക്കും.

ഒന്ന് നീക്കിം മന്‍സാ..

കുട്ടികള്‍ പുറത്ത് കേറി പിച്ചലും മാന്തലും തുടങ്ങും.

ഇപ്പച്ചീ നീക്കിം.

ഈദ്ഗാഹില്‍ നിന്ന് വന്നാല്‍ പ്രത്യേക പരിപാടികളൊന്നുമില്ല. കൂട്ടുകാരുടെ വീടുകളില്‍ ഒന്ന് കയറിയിറങ്ങിയാല്‍, ഒന്ന് ഭാര്യവീട്ടില്‍ പോയി വന്നാല്‍ പെരുന്നാള്‍ കഴിഞ്ഞു. കൂട്ടുകാര്‍ക്കൊക്കെ എഫ് ബിയിലും മെയിലിലുമായി ആശംസകള്‍ അയച്ചിട്ടുണ്ട്.

കുട്ടിക്കാലത്ത് പെരുന്നാള്‍ ദിനത്തിന് നീളം കൂടുതലായിരുന്നു. എത്ര കളിച്ചാലും സമയം തീരില്ല. ഇന്ന്, എത്ര പെട്ടെന്നാണ് ഒരു ദിവസം തീര്‍ന്നുപോകുന്നത്. ഒന്ന് ഭാര്യ വീട്ടില്‍ പോകാനുള്ള സമയമേ പെരുന്നാളിന് ഇന്നുള്ളൂ...

കുട്ടിക്കാലത്തെ ഊഷ്മളതയും ആനന്ദവുമൊക്കെ എവിടെയാണ് ചോര്‍ന്ന് പോയത്. എങ്കിലും ഹൃദയത്തിനകത്തെവിടെയോ ആഹ്ലാദത്തിന്റെയും പ്രതീക്ഷയുടെയും തിളക്കം ബാക്കിവെക്കുന്നുണ്ട് ഓരോ പെരുന്നാളും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top