ഹജ്ജ് ഓര്‍മപ്പെടുത്തുന്നത്

കെ.ടി. ഹുസൈന്‍

ഇസ്‌ലാമിലെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാണ് ഹജ്ജ്. ഉപാധികളോടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നിര്‍ബന്ധമാകുന്ന ആരാധനയുമാണത്. സകാത്തിനും സമ്പത്ത് ഉപാധിയാണെങ്കിലും അതിന് ആവര്‍ത്തന സ്വഭാവമുണ്ട്. സമ്പത്തുണ്ടെങ്കില്‍ എല്ലാ വര്‍ഷവും സകാത്ത് നിര്‍ബന്ധമാണല്ലോ. എന്നാല്‍ സമ്പത്തും ആരോഗ്യവും ഉണ്ടായാലും ജീവിതത്തില്‍ ഒരിക്കലേ ഹജ്ജ് നിര്‍ബന്ധമുള്ളൂ. രോഗാവസ്ഥ നോമ്പില്‍ ഇളവ് നല്‍കുമെങ്കിലും പിന്നീട് നോറ്റ് വീട്ടുകയോ പ്രായശ്ചിത്തമോ ചെയ്യേണ്ടതുള്ളത് കൊണ്ട് നോമ്പിന്റെ നിര്‍ബന്ധിതാവസ്ഥ ഇല്ലാതാകുന്നില്ല. എന്നാല്‍ സമ്പത്ത,് ആരോഗ്യം, യാത്രാ സൗകര്യം ഇവയില്‍ ഏതെങ്കിലും ഒന്ന് ഇല്ലാതായാല്‍ ഹജ്ജ് നിര്‍ബന്ധമാകുകയില്ല. ഏറ്റവും കൂടുതല്‍ തയ്യാറെടുപ്പ് ആവശ്യമുള്ള ആരാധന കൂടിയാണ് ഹജ്ജ്. ആ തയ്യാറെടുപ്പ് ശാരീരികവും സാമ്പത്തികവും മാത്രമല്ല, മാനസികവും ആത്മീയവും കൂടിയാണ്. മാനസികവും ആത്മീയവുമായ തയ്യാറെടുപ്പ് തന്നെയാണ് അതില്‍ പ്രധാനം. കാരണം ഹജ്ജ് അല്ലാഹുവിലേക്കുള്ള ഒരു യാത്രയാണ്. മരിച്ച് കഴിഞ്ഞാല്‍ നിര്‍ബന്ധമായും പോകേണ്ട യാത്രയുടെ റിഹേഴ്‌സല്‍. ഒരാള്‍ക്ക് മരണം സുനിശ്ചിതമായി കഴിഞ്ഞാല്‍ ഭൗതികതയുടെ എല്ലാ കെട്ടുപാടുകളില്‍ നിന്നും അവന്‍ മുക്തനാകുമല്ലോ. പിന്നെ അവന് മക്കളില്ല, കൂടുംബമില്ല, സമ്പത്തിനോട് ഭ്രമം തീരെയില്ല. ആരോടും പകയോ വിദ്വേഷമോ ഇല്ല. ആരോടെങ്കിലും അറിഞ്ഞോ അറിയാതെയോ വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായിത്തന്നെ അവന്‍ അതിന്റെ പേരില്‍ അവരോട് മാപ്പിരന്നിട്ടുണ്ടാകും. ആരുടെ അടുക്കലേക്കാണോ തനിക്ക് പോകേണ്ടത് അവനെ കുറിച്ച് മാത്രമേ അതായത് അല്ലാഹുവിനെ കുറിച്ച് മാത്രമേ അവന് അപ്പോള്‍ ചിന്തയുണ്ടാകൂ. ഹജ്ജിന് പോകുന്നവന്റെ മാനസികാവസ്ഥയും ഇത് പോലെ തന്നെയാണ്, അല്ലെങ്കില്‍ ആകണം. അതാണ് ഹജ്ജിനുള്ള യഥാര്‍ഥ തയ്യാറെടുപ്പ്. അതിനാല്‍ ഹജ്ജിനായുള്ള തയ്യാറെടുപ്പ് മരണത്തിന് കൂടിയുള്ള തയ്യാറെടുപ്പാണ്. ആ യാത്രയില്‍ മരിക്കാനാണ് വിധിയെങ്കില്‍ സമ്പൂര്‍ണ പരിശുദ്ധിയോടെ അവന്‍ അല്ലാഹുവിന്റെ ചാരത്തണയും. ഹജ്ജെല്ലാം പൂര്‍ത്തീകരിച്ച് നാട്ടില്‍ തിരിച്ചെത്തിയാലോ പ്രവാചകന്‍ ഒരു ഹദീസില്‍ വ്യക്തമാക്കിയത് പോലെ മാതാവിന്റെ ഗര്‍ഭ പാത്രത്തില്‍ നിന്ന് പുറത്ത് വരുന്ന ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ അവന്‍ വീണ്ടും ജീവിതത്തില്‍ പ്രവേശിക്കും. ആ അര്‍ത്ഥത്തില്‍ ഒരു രണ്ടാം ജന്മമാണ് ഹജ്ജ് സാധ്യമാക്കുന്നത്. 

ഹജ്ജ് അല്ലാഹുവിലേക്കുള്ള യാത്രയാണെന്ന് പറഞ്ഞല്ലോ. എല്ലാ ദിവസവും അഞ്ച് നേരം നമസ്‌കാരത്തിലൂടെ അല്ലാഹുവുമായി മുഖാമുഖം നടത്തുന്ന വിശ്വാസിക്ക് കിലോമീറ്ററുകള്‍ താണ്ടി ഒരു പ്രത്യേക സ്ഥലത്തേക്ക് യാത്ര ചെയ്യേണ്ടതുണ്ടോ എന്ന് ചോദിക്കാം. എന്നാല്‍ നമസ്‌കാരത്തില്‍ നാം ഏതൊരു ഭവനം ദിശയാക്കിയാണോ തിരിഞ്ഞ് നില്‍ക്കുന്നത് ആ ഭവനത്തിലേക്കാണ് ഹാജി യാത്ര പോകുന്നത്. ഭൂമിയില്‍ അല്ലാഹുവിനെ ആരാധിക്കാനായി നിര്‍മിക്കപെട്ട ആദ്യ ഭവനമാണിത്. എല്ലാ ആരാധനകളും പ്രതീകാത്മകം തന്നെയാണ്. എന്നാല്‍ ഹജ്ജില്‍  പ്രതീകാത്മകത വളരെ കൂടുതലാണ്. യുക്തി കൊണ്ട് നമുക്കതിനെ അളക്കാനോ വിശകലനം ചെയ്യാനോ ആവില്ല. അതിന്റെ ആവശ്യവുമില്ല. മനുഷ്യന്‍ അപ്പം കെണ്ട് മാത്രമല്ല ജീവിക്കുന്നത് എന്ന്  പറഞ്ഞത് പോലെ അവന്റെ ജീവിതത്തെ ആസകലം നിയന്ത്രിക്കുന്നത് അവന്റെ യുക്തി ചിന്തയുമല്ല. അതിനാല്‍ ഇസ്‌ലാമിലെ ആരാധനകള്‍ക്ക് പിറകിലെ യുക്തിയെ കുറിച്ച് ആലോചിച്ച് തല പുണ്ണാക്കുന്നതില്‍ വലിയ അര്‍ഥമുണ്ടെന്ന് തോന്നുന്നില്ല. ദൈവത്തിന്റെ അസ്തിത്വം യുക്തി കൊണ്ട് ഉറപ്പിക്കാം. പലരും അങ്ങനെ ഉറപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ നമ്മുടെ കണ്ഡനാഡിയോളം അടുത്താണ് എന്ന് ഖുര്‍ആന്‍ തന്നെ പറയുന്ന അല്ലാഹുവിനെ തേടി ഏതോ  മരുഭൂമിയില്‍ നിര്‍മിക്കപെട്ട, നിര്‍മാണ കലയില്‍ എടുത്ത് പറയാന്‍ മാത്രം യാതൊരു സവിശേഷതയുമില്ലാത്ത ഒരു ഭവനത്തിലേക്ക് പോകുന്നതില്‍ എന്ത് കാര്യം എന്ന ചോദിച്ചേക്കാം, പ്രത്യേകിച്ച് ദൈവത്തെ വിഗ്രഹത്തില്‍ പ്രതിഷ്ഠിച്ചിട്ടില്ലാത്ത ഒരു മതത്തില്‍. അതിനൊന്നും മറുപടിയില്ല. കാരണം പ്രതീകാത്മകമായ എല്ലാ കാര്യങ്ങളും ബുദ്ധിയിലല്ല അനുഭൂതിയുടെയും വികാരത്തിന്റെയും തലത്തിലാണ് നിലകൊള്ളുന്നത്. അതേസമയം ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും വലിയൊരു ചരിത്രം ഹജ്ജിലെ ഓരോ ചടങ്ങും അത് ചെയ്യേണ്ട സ്ഥലവും ഓര്‍മപ്പെടുത്തുന്നുണ്ട്. വായിച്ച് രസിക്കാനും അല്‍ഭുതപ്പെടാനുമുള്ള കാല്‍പനിക രസമുള്ള ഏതെങ്കിലും മിത്തില്‍ അധിഷ്ഠിതമല്ല ഹജ്ജിലെ ചടങ്ങുകള്‍ ഒന്നും. മറിച്ച് വസ്തുനിഷ്ഠ ചരിത്രത്തിന്റെ ഭൂമികയിലാണ്. ജീവിതത്തില്‍ തിരിച്ചറിവുകള്‍ നല്‍കാനും ഗുണപാഠമാകാനും മിത്തുകള്‍ക്ക് കഴിയും. പക്ഷേ കര്‍മാവേശം പകരാനും പ്രവര്‍ത്തനോര്‍ജം പ്രസരിപ്പിക്കാനും ചരിത്രത്തിനേ കഴിയൂ. അങ്ങനെ നാലായിരം വര്‍ഷം മുമ്പ് ചരിത്രത്തില്‍ ജീവിച്ച മൂന്ന് വ്യക്തികളുടെ മഹാ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മകളാണ് ഹജ്ജിലൂടെ അനുസ്മരിക്കപ്പെടുന്നത്. ഒരു പുരുഷന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ഇരുവരുടെ മകന്റെയും  ത്യാഗോജ്ജ്വലമായ ചരിത്രം. ഇബ്രാഹീം ഹാജറ ഇസ്മാഈല്‍ എന്നിവരാണ് ആ മൂന്ന് പേര്‍. പിശാചിന്റെ എല്ലാ കുതന്ത്രങ്ങളേയും പ്രലോഭനങ്ങളെയും അതിജീവിച്ച് ദൈവത്തിനും മനുഷ്യര്‍ക്കും വേണ്ടി  മനുഷ്യര്‍ക്ക് പല ജീവിതത്തില്‍ സാധ്യമാകാത്ത ത്യാഗങ്ങള്‍ സഹിച്ച് ചരിത്രത്തിന്റെ ദിശ മാറ്റിയ ഒരു നാഗരികതയുടെ അസ്ഥിവാരമുറപ്പിക്കാന്‍ തോളോട് തോളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ് അവര്‍. അവരില്‍ ആരുടെ ത്യാഗമാണ് വലുത് എന്ന ചോദ്യത്തിന് അര്‍ഥമില്ല. ഇബ്രാഹീമിന്റെ ത്യാഗത്തോട് താദാത്മ്യപ്പെടാന്‍ ഹാജറയോ ഇസ്മായീലോ സന്നദ്ധമായിരുന്നില്ലെങ്കില്‍ സംസമില്‍ വിരിഞ്ഞ നാഗരികതയില്ല. സ്വയം ത്യാഗം ചെയ്യുന്നതിനേക്കാള്‍ പ്രയാസമാണ് സ്വന്തക്കാരെ ത്യാഗത്തിന് സന്നദ്ധമാക്കുകയെന്നത്. സ്വന്തം ജീവിതത്തില്‍ വലിയ ത്യാഗം ചെയ്ത പലരും  ഈ രംഗത്ത് പരാജയപ്പെട്ടിട്ടുണ്ട്. ഹാജറയും ഇസ്മാഈലും സന്നദ്ധമായ ത്യാഗമാകാട്ടെ ബലാല്‍ക്കാരം ഒരാള്‍ക്ക് അവരില്‍ നടപ്പാക്കാന്‍ കഴിയുന്നതോ പിതാവിനോടോ ഭര്‍ത്താവിനോടോ ഉള്ള സ്‌നേഹവും കൂറും കൊണ്ട് മാത്രം അവര്‍ക്ക്  സന്നദ്ധമാകാന്‍ കഴിയുന്നതോ ആയിരുന്നില്ല, മറിച്ച് സ്വയം കര്‍തൃത്വം ഉണ്ടെങ്കില്‍ മാത്രമേ അത് ചെയ്യാനാകൂ. അതിനാല്‍ മരുഭൂമിയില്‍ ബലാല്‍ക്കാരം ഉപേക്ഷിക്കപ്പെട്ടവളല്ല ഹാജറ. മറിച്ച് താനും കുഞ്ഞും മരുഭൂമിയില്‍ ഒറ്റക്കാകണമെന്ന ദൈവ കല്‍പനക്ക് അവള്‍ സ്വമേധയാ വിധേയപ്പെടുകയാണ്. കാരണം തന്നെ മരുഭൂമിയില്‍ ഉപേക്ഷിക്കണമെന്നത് ഭര്‍ത്താവിന്റെ ഇഛയല്ല, മറിച്ച് ദൈവത്തിന്റെ ഇഛയാണെന്ന് ഹാജറ തിരിച്ചറിഞ്ഞിരുന്നു. ഭര്‍ത്താവിന്റെ സ്‌നേഹത്തില്‍ നിന്നും സാമീപ്യത്തില്‍ നിന്നും ദൈവത്തിന്റെ സ്‌നേഹത്തിലേക്കും സാമീപ്യത്തിലേക്കും ഹിജ്‌റ അതായത് പാലായനം ചെയ്ത് വന്നവളാണ് ഹാജറ. പലായനം എന്നര്‍ഥമുള്ള ഹിജ്‌റ, ഹാജറയില്‍ നിന്ന് നിഷ്പന്നമായതാണല്ലോ. അതിനാല്‍ മരുഭൂമിയിലെ കുഞ്ഞുമായുള്ള ഹാജറയുടെ ഒറ്റപ്പെടലും കുഞ്ഞിന് വെള്ളം തേടി സഫയില്‍ നിന്ന് മര്‍വയിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള അവരുടെ ഓട്ടവുമെല്ലാം ദൈവത്തിന്റെ സ്‌നേഹ ഭാജനമാകാന്‍ അവര്‍ ഒറ്റക്ക് നടത്തിയ ത്യാഗമാണ്. അതില്‍ സംപ്രീതനായി ദൈവം തന്റെ പ്രണയിനിക്ക് ചുരത്തി കൊടുത്തതാണ് സംസം. അതിനാല്‍ സംസമില്‍ വിരിഞ്ഞ നാഗരികതയുടെ നേരവകാശി ഹാജറയല്ലാതെ മറ്റാരുമല്ല. അത് പോലെ ഇസ്മാഈലിനെ ബലി നല്‍കണമെന്ന ദൈവ കല്‍പന നടപ്പാക്കാനായി മകന്‍ ഇസ്മാഈലിന്റെ കഴുത്തില്‍ കത്തിവെക്കാന്‍ ഇബ്രാഹീമിന് സാധിച്ചത് മകന്‍ അതിന് സമ്മതിച്ചത് കൊണ്ട് മാത്രമാണ്. പിതാവിനോടുള്ള കൂറോ സ്‌നേഹമോ ആയിരുന്നില്ല ആ സമ്മതത്തിന് പിന്നില്‍. കാരണം പിതാവിനോട് എത്ര തന്നെ കൂറോ സ്‌നേഹമോ ഉണ്ടായാലും പ്രത്യക്ഷത്തില്‍ ഭ്രാന്തെന്ന് തോന്നുന്ന അത്തരമൊരു നടപടിക്ക് നിന്നു കൊടുക്കാന്‍ ഒരു മകനെയും കിട്ടില്ല. മറിച്ച് അത് ദൈവ കല്‍പനയാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് മാത്രമാണ് ഇസ്മാഈല്‍ അതിന് സന്നദ്ധമായത്. നരബലിയില്ലാത്ത ഒരു നാഗരികതയുടെ ബീജാവാപത്തിന് ഇസ്മാഈല്‍ നിമിത്തമാകുകയായിരുന്നു. അതിനാല്‍ മിനയില്‍ കിളിര്‍ത്ത നരബലിയില്ലാത്ത നാഗരികതയില്‍ ഇബ്രാഹീമിനെ പോലെയുള്ള അവകാശം ഇസ്മാഈലിനുമുണ്ട്.

പറഞ്ഞുവന്നത് ഹജ്ജിന്റെ പ്രധാന ചടങ്ങുകളായ ത്വവാഫ്, സഅ്‌യ്, മിനയിലെ കല്ലേറ് തുടങ്ങിയവയെല്ലാം ഈ മൂന്നു പേരുടെ മഹാത്യാഗത്തെ ഹാജിയുടെ ഓര്‍മയിലേക്ക് കൊണ്ട് വരുന്ന പ്രതീകാത്മക ചടങ്ങുകളാണെന്നാണ്. ഇബ്രാഹീമും മകന്‍ ഇസ്മാഈലും കൂടി പടുത്തുയര്‍ത്തിയ കഅ്ബക്ക് ചുറ്റുമാണല്ലോ ഹാജി ത്വവാഫ് ചെയ്യുന്നത്. ഹാജി നിരന്തരം ഉരുവിടുന്ന ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക് എന്ന മന്ത്രത്തില്‍ പറയുന്നത് നാഥാ നിന്റെ ക്ഷണത്തിന് ഞാന്‍ ഉത്തരം നല്‍കിയെന്നാണ്. ഈ ക്ഷണം അല്ലാഹുവിന് വേണ്ടി പിറന്നതും പിറക്കാനിരിക്കുന്നതുമായ മനുഷ്യ സഞ്ചയത്തോട് നടത്തുന്നത് കഅ്ബ പുനര്‍ നിര്‍മാണം കഴിഞ്ഞതിന് ശേഷം ഇബ്രാഹീം നബിയാണ്. 'തീര്‍ത്ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതു വിളംബരം നടത്തുക. ദൂരെ ദിക്കുകളില്‍ നിന്ന് പോലും ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിന്റെ അടുത്ത് വന്നെത്തും'(ഖുര്‍ആന്‍ 22/27). കഅ്ബക്ക് തൊട്ടടുത്ത് തന്നെയാണ് ഹിജ്‌റ് ഇസ്മാഈല്‍. അത് കഅ്ബയുടെ ഭാഗമായതിനാല്‍ അതിന് പുറത്ത് കൂടെ മാത്രമേ ത്വവാഫ് പാടുള്ളൂ. എന്താണ് ഹിജ്‌റ് ഇസ്മാഈല്‍. ആരോരുമില്ലാതെ മരുഭൂമിയില്‍  ഉപേക്ഷിക്കപ്പെട്ട ഹാജറക്കും കുഞ്ഞിനും അഭയം നല്‍കിയ സ്ഥലമാണത്. ഒരു ജീവി പോലുമില്ലാത്ത അവിടെ ആരാണ് അവര്‍ക്ക് അഭയം നല്‍കിയത്. അല്ലാഹുവല്ലാതെ മറ്റാര്. അവനിലേക്കാണല്ലോ ആ ഉമ്മയും കുഞ്ഞും പലായനം ചെയ്‌തെത്തിയത്. പലായനം എന്നര്‍ഥമുള്ള ഹിജ്‌റ ഹാജറയില്‍ നിഷ്പന്നമായതാണെന്ന് പറഞ്ഞല്ലോ. ആ പേരില്‍ തന്നെ അവരുടെ പില്‍ക്കാല നിയോഗത്തെ കുറിച്ച സൂചനയുണ്ട്. ജനവാസമില്ലാതെ ആ മരുഭൂമിയില്‍ ഒരു നാഗരികതയുടെ നിര്‍മാണത്തിന് വേണ്ടിയാണ് അവിടെ അവള്‍ പലായനം ചെയ്‌തെത്തിയത്. അങ്ങനെയുള്ളവളെ അല്ലാഹുവല്ലാതെ ആരാണ് ചേര്‍ത്തുപിടിക്കുക. അതിനാല്‍ അല്ലാഹുവിനോടുള്ള ഹാജറയുടെയും തിരിച്ചുമുള്ള സ്‌നേഹത്തിന്റെ പ്രതീകമാണ് ഹിജ്‌റ് ഇസ്മാഈല്‍. ഹിജ്‌റ് ഇസ്മാഈല്‍ എന്നതിന്റെ അര്‍ഥം ഇസ്മായേലിന്റെ മടിത്തട്ട് എന്നാണ്. കഅ്ബയുടെ ചാരത്ത് അല്ലാഹുവിന്റെ സ്‌നേഹ വലയത്തില്‍ ഹാജറയും ഹാജറയുടെ മടിത്തട്ടില്‍ കുഞ്ഞ് ഇസ്മാഈലും സുരക്ഷിതരായിരുന്നുവെന്നര്‍ഥം. അല്ലാഹു സ്‌നേഹിച്ച ആ സ്ത്രീ ആരായിരുന്നുവെന്ന് കൂടി ഓര്‍ക്കണം. ഇബ്രാഹീമിന്റെ സ്വതന്ത്രയും ഉന്നത കുലജാതയുമായ സാറാ എന്ന ഭാര്യയുടെ തൊലി കറുത്ത അടിമ സ്ത്രീ. നിറം കൊണ്ടോ കുലം കൊണ്ടോ പദവി കൊണ്ടോ യാതൊരു സവിശേഷതയുമില്ലാത്തത് കൊണ്ടാണ് ഒരു കുഞ്ഞിക്കാല് കാണണമെന്ന ഭര്‍ത്താവിന്റെ ആഗ്രഹം സാധിപ്പിക്കാന്‍ തന്റെ സഹകളത്രയാകാന്‍ സാറ ഹാജറയെ അനുവദിച്ചത്. പക്ഷേ അതിലൂടെ അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. ആ തീരുമാനമാണ് സൂറത്തുല്‍ ഖസ്വസില്‍ ഇങ്ങനെ വ്യക്തമാക്കുന്നത്. 'എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് നാം ഉദ്ദേശിച്ചു. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നും'( ഖുര്‍ആന്‍ 28/5). ഇവിടെ താല്‍ക്കാലികമായി ബനൂ ഇസ്രയേല്യരെ അധികാരത്തിലേക്ക് ഉയര്‍ത്തും എന്നതും  ഉദ്ദേശ്യമാണെങ്കിലും ഖുര്‍ആന്റെ ആത്യന്തിക സൂചനയും ഉദ്ദേശ്യവും ഇബ്രാഹീമിന് ഹാജറയെന്ന അടിമ സ്ത്രീയില്‍ പിറന്ന ഇസ്മാഈലിന്റെ വംശത്തില്‍ പെട്ട അറബികളെ അതേ വംശത്തില്‍ പിറന്ന അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബിയിലൂടെ അധികാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തന്നെയാണ്. ജൂതന്‍മാര്‍ക്ക് അറബികളോടും ഇസ്‌ലാമിനോടുമുള്ള ശത്രുതയുടെയും വിദ്വേഷത്തിന്റെയും പിന്നില്‍ തങ്ങള്‍ സ്വതന്ത്രയും ഉന്നത കുലജാതയുമായ സാറയുടെ മക്കളും അറബികള്‍ അടിമയും കരിമ്പിയുമായ ഹാജറയുടെ മക്കളുമാണെന്ന അവരുടെ വംശീയ ബോധത്തിന് വലിയ പങ്കുണ്ട്. അതിനാല്‍ ഹാജറയുടെ പലായനം വെറും പലായനമല്ല, മറിച്ച് ദുര്‍ബലരും അധസ്ഥിതരുമായവരെ അധികാരത്തിന്റെ കര്‍തൃത്വത്തിലേക്ക് ഉയര്‍ത്താനുള്ള ദൈവ നിശ്ചിതമായ പലായനമായിരുന്നു. ഹാജി വലയം വെക്കുന്ന ഹിജ്ര്‍ ഇസ്മാഈല്‍ അതിന്റെ  പ്രതീകമാണ്.

ത്വവാഫിന് ശേഷം ഹാജി മഖാം ഇബ്രാഹീമിന് പിന്നില്‍ നിന്നുകൊണ്ട് രണ്ട് റകഅത്ത് സുന്നത്ത് നമസ്‌ക്കരിക്കുന്നുണ്ട്. ഇവിടെ ചവിട്ടി നിന്ന് കൊണ്ടാണ് ഇബ്രാഹീമും ഇസ്മാഈലും കഅ്ബാ നിര്‍മാണത്തിനിടയില്‍ ഹജറുല്‍ അസ്‌വദ് യഥാ സ്ഥാനത്ത് വെച്ചത്. ഇബ്രാഹീം ജനങ്ങളെ ഹജ്ജിന് വേണ്ടി വിളിച്ചതും ഇവിടെ ചവിട്ടി നിന്ന് കൊണ്ട് തന്നെ. ത്വവാഫിനെ തുടര്‍ന്നു വരുന്ന ഹജ്ജിന്റെ ഒരു പ്രധാന ചടങ്ങാണ് സഫാ മര്‍വക്കിടയിലെ ഓട്ടം അഥവാ സഅ്‌യ്. അക്ഷരാര്‍ത്ഥത്തില്‍ ഹാജറയാണ് അതിലെ നായിക. ദാഹിച്ച് വലഞ്ഞ കുഞ്ഞിന്റെ വായില്‍ ഒരിറ്റ് ഒഴിച്ച് കൊടുക്കാനുള്ള വെള്ളത്തിനായി സഫാ മര്‍വക്കിടയില്‍ ഹാജറ നടത്തിയ ഓട്ടത്തേയാണല്ലോ സഅ്‌യ് ഓര്‍മിപ്പിക്കുന്നത.് ഹാജറ ഓടിയത് കൊണ്ട് ഒരു തുള്ളി പോലും വെള്ളമില്ലാത്ത ആ മൊട്ടക്കുന്നില്‍ നിന്ന് വെള്ളം ലഭിക്കില്ലെന്ന് അല്ലാഹുവിനറിയാമായിരുന്നു. അത് കൊണ്ട് തന്നിലേക്ക് പലായനം ചെയ്‌തെത്തിയവളെ ഓടാന്‍ വിടാതെ തന്നെ സംസം ചുരത്താന്‍ അല്ലാഹുവിന് കഴിയുമായിരുന്നു. പക്ഷെ ഭൗതികമോ ആത്മീയമോ ആയ ഏതൊരു നേട്ടത്തിനും അധ്വാനം ആവശ്യമാണെന്നത് ദൈവിക സുന്നത്താണ്. ആ പാഠമാണ് കിട്ടാത്ത വെള്ളത്തിന് വേണ്ടി ഹാജറയെ ഓടിച്ചതിലൂടെ അല്ലാഹു നല്‍കുന്നത്. നാഗരികത തേടിയുള്ള ഓട്ടമാണ് ഹാജറയുടെ ഓട്ടമെന്നാണ് അലീ ശരീഅത്തി നിരീക്ഷിക്കുന്നത്. മനുഷ്യാധ്വാനമില്ലാതെ ലോകത്ത് ഒരു നാഗരികതയും ഉണ്ടായിട്ടില്ല. യുക്തി കൊണ്ട് ചിന്തിച്ചാല്‍ വെള്ളം കിട്ടില്ലെന്ന് ഹാജറക്കും അറിയാം. പക്ഷേ കുഞ്ഞിനോടുള്ള സ്‌നേഹം പ്രത്യാശ കൈവിടാതെ ഒന്നല്ല പല തവണ ഓടാന്‍ ഹാജറയെ പ്രേരിപ്പിച്ചു. കാരണം സ്‌നേഹം യുക്തി ചിന്തക്ക് പുറത്താണ്. ആ സ്‌നേഹത്തിന്റെ വിലയാണ് സംസമിലൂടെ അല്ലാഹു നല്‍കിയത്. ത്വവാഫ് ആത്മീയതയിലേക്കുള്ള പ്രയാണമാണെങ്കില്‍ സഅ്‌യ് നാഗരികതയിലേക്കുള്ള പ്രയാണമാണെന്നും അലി ശരീഅത്തി പറയുന്നുണ്ട്. ഇസ്‌ലാമില്‍ ആത്മീയതയും ഭൗതീകതയും സമന്വയിക്കുന്നതിന്റെ പ്രതീകമാണ് ത്വവാഫും സഅ്‌യും എന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.

മുസ്ദലിഫയിലെ രാപാര്‍പ്പും മിനയിലെ ജംറയിലെ കല്ലേറും ഇബ്രാഹിമിനോടും ഇസ്മാഈലിനോടും ഹാജറയോടും ബന്ധപ്പെട്ടത് തന്നെ. മുസ്ദലിഫയിലെ രാപാര്‍പ്പ് ശത്രു സംഹാരത്തിനുള്ള തയ്യാറെടുപ്പും മിനയിലെ കല്ലേറ് ശത്രു സംഹാരവുമാണ്. ആരാണ് ഈ ശത്രു. പുത്രനെ ബലി കൊടുക്കണമെന്ന ദൈവിക കല്‍പനയെ ലംഘിക്കാന്‍ ഇബ്രാഹീമിന് മുമ്പില്‍ പല തരം പ്രലോഭനങ്ങളും തന്ത്രങ്ങളും പയറ്റിയ പിശാചിനെ ഇബ്രാഹിം തോല്‍പിച്ചതിന്റെ പ്രതീകാത്മക പ്രകടനമാണ് ജംറയിലെ കല്ലേറ്. ജംറകളില്‍ കല്ലെറിയുന്ന ഹാജി യഥാര്‍ഥത്തില്‍ കല്ലെറിയുന്നത് തന്നേയും പല തരത്തില്‍ വഴി പിഴപ്പിക്കാനും നശിപ്പിക്കാനും ശ്രമിക്കുന്ന പിശാചിനെയാണ്. ആ പിശാച് അകത്തുള്ളതാകാം പുറത്തുള്ളതാകാം. അത് ഫാസിസത്തെ പോലുള്ള അധികാര രൂപങ്ങളാകാം. അവ നമ്മെ ഭയപ്പെടുത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്യും. ഏതായാലും അകത്തും പുറത്തുമുള്ള പൈശാചിക ശക്തികളോട് പൊരുതാനുള്ള സമരോര്‍ജ്ജമാണ് ജംറകളിലെ ശത്രു സംഹാരം ഹാജിക്ക് പ്രദാനം ചെയ്യുന്നത്. മിനയില്‍ വെച്ച് തന്നെ  ബലിയറുക്കുന്നതിലൂടെ ഓരോ ഹാജിയും തനിക്ക് പ്രയങ്കരമായത് എന്തും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ബലി നല്‍കാന്‍  സന്നദ്ധമാണെന്ന് പ്രതിജ്ഞയെടുക്കുകയാണ്.

മനുഷ്യര്‍ക്കിടയിലെ സമത്വവും ദൈവത്തിന് മുമ്പിലെ അവന്റെ അടിമത്വവുമാണ് ഹജ്ജിലൂടെ ഏറ്റവും കൂടുതല്‍ ഉല്‍ഘോഷിക്കപ്പെടുന്നത്. ഇഹ്‌റാമില്‍ പ്രവേശിക്കുന്നതോടെ ഞാനെന്ന ഭാവത്തെ ഹാജി ആദ്യമായി കുടഞ്ഞെറിയുന്നു. ഞാന്‍ വലിയവന്‍ എന്ന അഹം ബോധമാണല്ലോ എല്ലാ കുഴപ്പങ്ങളുടെയും നാരായ വേര്. അലങ്കാരത്തിന്റെ എല്ലാ ആടയാഭരണങ്ങളും അഴിച്ച് വെച്ച് കഫന്‍ പുടവയെ അനുസ്മരിപ്പിക്കുന്ന രണ്ട് കഷ്ണം തുണിയാണ് പുരുഷന്റെ  വസ്ത്രം. സുഗന്ധം ഉപയോഗിക്കാനോ മുടി മുറിക്കാനോ പാടില്ല. സ്ത്രീകള്‍ക്ക്  തുന്നിയ വസ്ത്രം അനുവദനീയമാണെങ്കിലും  വര്‍ണം പൂശിയ വസ്ത്രമോ സുഗന്ധമോ അവര്‍ക്കും പാടില്ല. വസ്ത്രത്തിന്റെ  അടിസ്ഥാന ലക്ഷ്യം നാണം മറക്കലാണെങ്കിലും അത് മനുഷ്യര്‍ക്കിടയിലെ വ്യത്യസ്തതകളെ പ്രകാശിപ്പിക്കുന്നതും മറ്റുള്ളവര്‍ക്ക് മുമ്പില്‍ തന്റെ യഥാര്‍ഥ വ്യക്തിത്വം മറച്ച് വെക്കുന്നതുമാണ്. പലതരം സ്ഥാന വസ്ത്രങ്ങളാകട്ടെ മറ്റുള്ളവരുടെ മുമ്പില്‍ തന്റെ ഔന്നത്യം തുറന്ന് കാട്ടുക തന്നെ ചെയ്യുന്നുണ്ട്. അതെല്ലാം വെളിപ്പെടുത്തുന്നതാകട്ടെ ഞാനെന്ന ഭാവവും. അതാണ് സാധാരണക്കാരനും മുതലാളിയും തൊഴിലാളിയും ഭരണാധികാരിയും കറുത്തവനും വെളുത്തവനുമെല്ലാം ഇഹ്‌റാമിലൂടെ അഴിച്ച് വെക്കുന്നത്. ഇപ്രകാരം ഇഹ്‌റാമില്‍ പ്രവേശിച്ച ഹാജി 'അല്ലാഹുവെ ഞാനിതാ നിന്റെ വിളിക്ക് ഉത്തരം ചെയ്തിരിക്കുന്നു, നിനക്ക് ഒരു പങ്കുകാരനുമില്ല. സര്‍വ്വ സ്തുതിയും നിനക്ക് അവകാശപ്പെട്ടതാണ്. എല്ലാ അനുഗ്രഹവും നിന്റെതാണ്. എല്ലാ അധികാരവും നിനക്ക്  മാത്രമാണ്. നിനക്ക് ഒരു പങ്കുകാരനുമില്ല.' എന്നിങ്ങനെ ആവര്‍ത്തിച്ച് ഉരുവിടുമ്പോള്‍ താന്‍ അല്ലാഹുവിന്റെ അടിമയും നിസ്സാരനും മാത്രമാണെന്ന ചിന്തയെ അവന്റെ മനസ്സില്‍ ഉണരൂ. ഇപ്രകാരം അല്ലാഹുവിന്റെ അടിമത്വത്തില്‍ അഹംബോധത്തെ കരിച്ച് കളഞ്ഞ അവന്‍ ത്വവാഫിലും അറഫയിലുമെല്ലാം മണല്‍കാട്ടിലെ ഒരു തരി മണലിനെ പോലെ അല്ലെങ്കില്‍ പാരാവാരത്തിലെ ഒരു വെള്ളത്തുള്ളിയെ പോലെ മനുഷ്യന്‍ എന്ന മഹാ സഞ്ചയത്തിന്റെ ഭാഗമായി മാറുകയാണ്. അവിടെ ഞാനില്ല നമ്മളെയുള്ളൂ. ഞാനില്‍ നിന്ന് നമ്മളിലേക്ക് വികസിക്കുമ്പോഴെ മനുഷ്യര്‍ക്കിടയില്‍ ഐക്യവും യോജിപ്പും സാധ്യമാകൂ. അതിന് തടസ്സമാകുന്ന വര്‍ണം, ഭാഷ, പദവി, വംശം തുടങ്ങിയ വ്യത്യസ്തതകളെല്ലാം ആ മനുഷ്യ പാരാവാരത്തില്‍ അലിഞ്ഞില്ലാതാകുകയാണ്.

അറഫ അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യര്‍ തേളോട് തോളുരുമ്മി നില്‍ക്കുന്ന ഒരു മനുഷ്യ മഹാ സമുദ്രം തന്നെയാണ്. ഹജ്ജിലെ അതിപ്രധാന ചടങ്ങാണ് അറഫയിലെ നിറുത്തം. ഹജ്ജിലെ ചടങ്ങുകളില്‍ ഒരേ സമയം ഹാജിമാരെല്ലാം കൂടിച്ചേരുന്ന സ്ഥലവും അറഫയാണ്. ദുല്‍ഹജ്ജ്  ഒമ്പതിന് മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് ഹാജിമാര്‍ അറഫയില്‍ നില്‍ക്കേണ്ടത്. അറഫ തിരിച്ചറിവിന്റെയും ജ്ഞാനത്തിന്റെയും സ്ഥലം കൂടിയാണ്. സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ആദി പിതാവായ ആദമിന്റെയും ഇണയായ ഹവ്വയുടെയും പുനന്തസംഗമം അറഫയില്‍ വെച്ചായിരുന്നുവെന്ന് പറയപ്പെടുന്നു. ഇണയും തുണയും ചേരുമ്പോഴേ മനുഷ്യന്‍ പൂര്‍ണനാകുകയുള്ളൂ. സ്വര്‍ഗത്തില്‍ ഈ ഇണയും തുണയും ഒന്നിച്ചിരുന്നെങ്കിലും അത് താല്‍ക്കാലികമായിരുന്നല്ലോ. പിന്നീട് കുറെക്കാലം ഇരുവരും ഒറ്റക്കായിരുന്നു. സ്വര്‍ഗത്തില്‍ നഷ്ടപ്പെട്ട ആ പൂര്‍ണത ഇരുവരും അറഫയില്‍ വെച്ച് തിരിച്ച് പിടിക്കുകയായിരുന്നുവെന്ന് പറയാം. ജീവിക്കാനുള്ള ത്വര ഇണയും തുണയും ചേരുമ്പോള്‍ മാത്രമേ ഉണ്ടാകൂ. അതിനാല്‍ ഭൂമിയില്‍ മനുഷ്യ നാഗരികതയുടെ തുടക്കം അറഫയില്‍ നിന്നാണ്.

 വിടവാങ്ങല്‍ ഹജ്ജില്‍ പ്രവാചകന്‍ തന്റെ വിഖ്യാതമായ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത് അറഫയിലെ ജബലുര്‍റഹ്മയില്‍ വെച്ചാണ്. ലോകത്തെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു അത്. മനുഷ്യന്റെ ജീവനിലും അന്തസ്സിലും സമ്പത്തിലും അന്യായമായ കൈയേറ്റം പാടില്ലെന്നാണ് ആ പ്രഖ്യാപനത്തിന്റെ അടിസ്ഥാനം. ജീവശാസ്ത്രപരമായി ആണിനെ അപേക്ഷിച്ച് ദുര്‍ബലയായ സ്ത്രീയെ പ്രത്യേകം പരിഗണിക്കണമെന്ന് ഊന്നിപ്പറയുകയും ചെയ്തു. ഇതിന് ശേഷം പിന്നീട് ലോകത്തുണ്ടായ  മനുഷ്യാവകാശ പ്രഖ്യാപനങ്ങളില്‍ ചില വിശദാംശങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ട് എന്നതൊഴിച്ചാല്‍ അടിസ്ഥാനം ഇത് തന്നെയാണ്. അതിനാല്‍ അറഫയില്‍ ആദം ഹവ്വ പുനന്തസംഗമത്തിലൂടെ തുടക്കം കുറിച്ച മനുഷ്യ നാഗരികത പുരോഗമനാത്മകമായ ആധുനികതയിലേക്ക് പ്രവേശിക്കുന്നത് അറഫയില്‍ വെച്ച് തന്നെയുള്ള പ്രവാചകന്റെ ഈ മനുഷ്യാവകാശ പ്രഖ്യാപനത്തിലൂടെയാണ്. 

ഇപ്രകാരം  ആദമും ഹവ്വയും ഇബ്രാഹീമും ഹാജറയും ഇസ്മാഈലും മുഹമ്മദും സംഗമിക്കുന്ന ബിന്ദുവാണ് ഹജ്ജ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top