മഴക്കാല പച്ചക്കറികള്‍

മുസ്ഫിറ മഞ്ചേരി

പുരയിട പച്ചക്കറി കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് മഴക്കാലം. പച്ചക്കറിക്ക് ഏറ്റവുമധികം വില ലഭിക്കുന്ന സമയം ഓണക്കാലമായതിനാല്‍ കര്‍ഷകരെ സംബന്ധിച്ച് മഴക്കാല പച്ചക്കറികൃഷിക്ക് പ്രാധാന്യം കൂടുതലാണ്. മെയ്- ജൂണോടുകൂടി ആരംഭിക്കുന്ന വര്‍ഷകാല കൃഷിയാണ് കേരളത്തില്‍ കൂടുതലായി കുന്നിന്‍ ചെരിവുകളിലും കരഭൂമിയിലുമായി കാണുന്നത്. ജലസേചനം ഒഴിവാകുന്നതിനാല്‍ ഉല്‍പാദനചെലവ് കുറവായിരിക്കും. ഏറ്റവുമധികം പച്ചക്കറിയില്‍ ഉല്‍പാദന വര്‍ദ്ധനവ് കണ്ടുവരുന്നതും മഴക്കാലകൃഷിയിലാണ്. മുളക്, വഴുതന, വെണ്ട, ചീര, പാവല്‍, പടവലം, പയര്‍ എന്നിവയാണ് ഇക്കാലത്തെ മുഖ്യ പച്ചക്കറി വിളകള്‍.

വെണ്ട

അയഡിന്‍ എന്ന മൂലകവും വിറ്റാമിന്‍ എ.ബി എന്നിവയും വെണ്ടയില്‍ ധാരാളമായി കണ്ടുവരുന്നു. അയവുള്ള ഏത് മണ്ണിലും കൃഷിചെയ്യാന്‍ പറ്റുന്ന വെണ്ടക്ക് മഴക്കാലത്ത് പരമാവധി വിളവ് ലഭിക്കുന്നു. വെള്ളക്കെട്ടൊഴിവാക്കാന്‍ തടമെടുത്ത് അതില്‍ വിത്തുപാകാം. വിതക്കുന്നതിനു മുമ്പായി 6 - 12 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ചാല്‍ വേഗം മുളക്കും. തഴച്ചു വളരാനും കൂടുതല്‍ പൂക്കളുണ്ടായി കായ്പിടിത്തം കൂട്ടാനും മഴ ഏറെ സഹായകരമാണ്. ഏപ്രില്‍ പകുതിയില്‍ വിത്തുപാകി ജൂണില്‍ പുഷ്പിക്കുന്ന നടീലില്‍ നല്ലവിളവ് ലഭിക്കും. സല്‍കീര്‍ത്തി, സുസ്ഥിര എന്നയിനങ്ങള്‍ ടെറസ്സിലും മുറ്റത്തു ചട്ടിയിലുമെല്ലാം നടാന്‍ ഉത്തമമാണ്. മഴക്കാല വെണ്ടക്ക് രോഗകകീടബാധയും കുറവായാണ് അനുഭവപ്പെടുന്നത്.

ചീര

ജൈവവളം ഏറ്റവുമധികം ആവശ്യമുള്ളതും വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ സാധിക്കുന്നതുമായ ഇലക്കറി വിളയാണിത്. വിറ്റാമിന്‍ എ, കാല്‍സ്യം, ഇരുമ്പ് എന്നിവയുടെ നല്ലൊരുറവിടം കൂടിയാണ്. നല്ല സൂര്യപ്രകാശവും നനവും കിട്ടുന്ന സ്ഥലമാണ് കൃഷിക്കനുയോജ്യം. തുറസ്സായ സ്ഥലത്ത് തനി വിളയായും വാഴക്കും മറ്റു ചെടികള്‍ക്കുമിടയില്‍ ഇടവിളയായും നടാം. വിത്തുപാകിയും തൈകള്‍ പറിച്ചു നട്ടും കൃഷിചെയ്യാം. മുളപ്പിച്ചെടുക്കുന്ന നഴ്‌സറി ശക്തമായ മഴയില്‍ നിന്നും മുക്തമാവുകയും ശക്തമായ മഴയുള്ളപ്പോള്‍ നടുന്നതൊഴിവാക്കുകയും വേണം. വര്‍ഷക്കാലത്ത് മാരകമാകാറുള്ള ഇലപ്പുള്ളി രോഗത്തിനെതിരെ സി.ഓ -1 എന്ന പ്രതിരോധ ശേഷിയുള്ള പച്ചച്ചീര ഉത്തമമാണ്. തഴച്ചുവളരുന്നതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വിളവെടുക്കാം. പച്ചചാണകം ഒരു കിലോഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളി ഊറ്റിയ ലായനി ഇലക്കടിയിലും കൂടി പതിക്കതക്ക രീതിയില്‍ സ്‌പ്രെ ചെയ്യുന്നത് ഇലപ്പുള്ളി രോഗത്തിനെതിരെ ഫലപ്രദമാണ്. കൂടാതെ ചുവപ്പും പച്ചയും കൂട്ടികലര്‍ത്തി പാകുന്നതും ഇലപ്പുള്ളി രോഗത്തെ കുറക്കും. നനക്കുന്ന വെള്ളത്തിലൂടെയാണ് ഇത് പകരുന്നതിനാല്‍ നനകൃഷിയില്‍ വെള്ളം തെറിക്കാതെ സൂക്ഷിക്കണം.

പയര്‍

ധാരാളം പ്രോട്ട്രീന്‍ അടങ്ങിയിട്ടുള്ള പയറില്‍ വിറ്റാമിനുകളും ധാതുലവണങ്ങളും കണ്ടുവരുന്നു. ഇത് കൃഷിചെയ്യുന്നതുമൂലം മണ്ണില്‍ നൈട്രജന്‍ സ്ഥിരീകരണം നടക്കുകയും തന്‍മൂലം മണ്ണ് ഫലഭൂഷ്ടമാവുകയും ചെയ്യുന്നു. പ്രധാനമായും രണ്ടു ഇനങ്ങള്‍ കാണപ്പെടുന്നു. വിത്തുപയറായി ഉപയോഗിക്കുന്ന കുറ്റിച്ചുനില്‍ക്കുന്ന ഇനവും പച്ചക്കറിയായി ഉപയോഗിക്കുന്ന പടര്‍ന്നുകയറുന്ന വള്ളിപയറിനങ്ങളും. ഏപ്രില്‍ -മെയ് മാസവും, ജൂണ്‍-ജൂലൈ മാസവും നടാന്‍ തെരഞ്ഞെടുക്കാം. വെള്ളക്കെട്ടൊഴിവാക്കാനായാല്‍ കരിവള്ളിക്കേടില്‍ നിന്നും ഒരു പരിധിവരെ രക്ഷനേടാം. പുളിരസമുള്ള മണ്ണില്‍ കുമ്മായം ചേര്‍ത്ത ശേഷമേ വിത്തിടാവൂ. റൈസോബിയം എന്ന ജീവാണു പാകുന്നതിന് മുമ്പ് വിത്തില്‍ പുരട്ടുന്നതുമൂലം മണ്ണിന്റെ ഫലഭൂയിഷ്ടത വര്‍ദ്ധിക്കും. കഞ്ഞിവെള്ളവുമായി ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കിയ ഓറൈസോബിയം മിശ്രിതം വിത്തില്‍ പുരട്ടിയതിനുശേഷമാണ് വിത്തിടുന്നത്.

ഭൂമിയുടെ ചെരിവനുസരിച്ച് പന്തലിലും വേലിയിലും കൃഷിചെയ്യാം. പന്തലിട്ട കൃഷിയില്‍ 2 മീറ്റര്‍ അകലത്തില്‍ കുഴികളെടുത്ത് ഓരോ കുഴിയിലും 5-6 വിത്തിടുക. വളരുമ്പോള്‍ 3 നല്ല തൈകള്‍ മാത്രം നിര്‍ത്തി ബാക്കി പറിച്ചുകളയുക. ചാലിലാണെങ്കില്‍ 45 സെ.മീറ്റര്‍ അകലത്തില്‍ വിത്തിടണം.

മുളക്

വിറ്റാമിന്‍ സിയുടെ വളരെ നല്ല ഒരു ഉറവിടത്തിനുപുറമെ മറ്റു പച്ചക്കറികളേക്കാളും കൂടുതല്‍ ശരാശരി പോഷകമൂല്യം  ഇതില്‍ അടങ്ങിയിരിക്കുന്നു. ഏപ്രില്‍ പകുതിക്കു മുന്‍പെ (മെയ് അവസാനം) പറിച്ചു നടാം. നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലമാണ് നടാനുത്തമം. അനുഗ്രഹ എന്നയിനം വാട്ടരോഗത്തെ പ്രതിരോധിക്കുന്നു. എരിവല്ലാത്ത കാപ്‌സികം ഇനങ്ങള്‍ കായ്കള്‍ മൂപ്പെത്തിയ ശേഷം പഴുക്കുന്നതിനു മുന്‍പേ പറിച്ചെടുക്കണം.

വഴുതന

എ.ബി. വിറ്റാമിനുകള്‍ക്കു പുറമെ ചെറിയ തോതില്‍ ഔഷധ ഗുണവും കൂടിയുള്ള പച്ചക്കറിയാണിത്. തെങ്ങിന്‍ തോപ്പില്‍ ഇടവിളയായും നടാം. മുളകുപോലെത്തന്നെ വിത്തുപാകി മഴക്കുമുന്‍പെ പറിച്ചുനടാം. രണ്ടുമാസത്തിനുള്ളില്‍ വിളവെടുപ്പു തുടങ്ങാം. വഴുതനയില്‍ കുറ്റിവിള സമ്പ്രദായത്തിലൂടെ പ്രധാന വിളവെടുപ്പു കഴിഞ്ഞാല്‍ ചെടി അടിയില്‍ വെച്ച് മുറിച്ച് കുറ്റിയായി നിര്‍ത്തുന്നു. വീണ്ടും വളവും നനയും കൊടുത്താല്‍ ചെടികള്‍ വളര്‍ന്നു നല്ലവിളവു തരും. ചെടികള്‍ പെട്ടെന്ന് വാടിപ്പോകുന്ന 'ബാക്ടീരിയല്‍' വാട്ടമെന്ന രോഗം ഏതു ഘട്ടത്തിലും ബാധിക്കാം. ഈ രോഗത്തെ പ്രതിരോധിക്കുന്ന വിത്തിനങ്ങളെ തെരഞ്ഞെടുത്ത് കൃഷിചെയ്യാം. കൂടാതെ ജീവാണു വളങ്ങളായ സ്യൂഡോമൊണാസ്, ട്രൈക്കോധര്‍മ എന്നിവ വിത്തില്‍ പുരട്ടുന്നതും  രോഗബാധ തടയും. കുമിള്‍ മൂലമുണ്ടാകുന്ന വാട്ടരോഗത്താല്‍ ആദ്യം ഇലകള്‍ വാടുകയും ആഴ്ചകള്‍ക്കുള്ളില്‍ ചെടി നശിക്കുകയും ചെയ്യുന്നു. വാട്ടരോഗം വന്ന സ്ഥലത്ത് അതേ ഇനങ്ങള്‍ വീണ്ടും കൃഷിചെയ്യരുത്.

പാവല്‍, പടവലം

പോഷകഘടകങ്ങള്‍ക്ക് പുറമെ ആസ്തമ, വാതം, രക്തസംബന്ധമായ രോഗങ്ങള്‍ എന്നിവക്ക് ശമനകാരിയാണ് കയ്പ്പക്ക എന്ന പാവക്ക. വളരെ പെട്ടെന്ന് വളര്‍ന്ന് കായകള്‍ തരുന്ന ഒരു പച്ചക്കറി വിളയാണ് പടവലം. പാവലില്‍ പച്ച, വെള്ളയിനങ്ങളും പടവലത്തില്‍ നീളം കൂടിയതും കുറഞ്ഞതും പ്രാദേശിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് കൃഷിചെയ്യുന്നു. പാവല്‍, പടവലം, പയര്‍, കോവല്‍, പീച്ചില്‍ തുടങ്ങിയ പന്തലിന്‍മേല്‍ പടര്‍ത്തി വളര്‍ത്തുന്ന പച്ചക്കറികളുടെ കാര്യത്തില്‍ ചെലവു കുറക്കാന്‍ അടുത്ത കൃഷിയില്‍ മറ്റൊരുവിള കയറ്റിയാല്‍ മതി. ഇവയുടെ വിത്തുകള്‍ പന്ത്രണ്ടുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷവും പീച്ചിലിന്റെ വിത്ത് നേരിട്ടും നടാം. പൊതുവെ രണ്ടു മാസത്തിനുള്ളില്‍ പൂവിരിഞ്ഞ് കായ്പിടിച്ചു തുടങ്ങും. ഇളം കായ്കള്‍ പൊതിഞ്ഞു സൂക്ഷിച്ചാല്‍ കീടശല്യത്തില്‍ നിന്നും രക്ഷപ്പെടാം.

കോവല്‍

നല്ല വിളവു കിട്ടുന്ന ചെടിയില്‍ നിന്നും വേണം കമ്പു മുറിക്കാന്‍. വിരല്‍ വണ്ണമുള്ള കമ്പ് മൂന്ന് മുട്ടിനു മുറിച്ച് ഒരു മുട്ട് മണ്ണിനടിയില്‍ വരത്തക്ക വിധം നടാം. നന്നായി നനക്കണം. ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ മുളക്കും. വേലേയിലോ മറ്റോ പടരാന്‍ അനുവദിച്ചാല്‍ ഏതാനും വര്‍ഷം തുടര്‍ച്ചയായി കായ്കള്‍ ലഭിക്കും. കാലവര്‍ഷത്തിനു മുന്‍പായി കായുണ്ടായ വള്ളികള്‍ മുറിച്ച് മാറ്റുന്നത് കൂടുതല്‍ കായുണ്ടാകാന്‍ സഹായിക്കും. ഇതില്‍ ആണ്‍ പെണ്‍ സസ്യങ്ങള്‍ കാണുന്നതിനാല്‍ നടുമ്പോള്‍ കമ്പുകള്‍ പെണ്‍സസ്യങ്ങളില്‍ നിന്നും ശേഖരിക്കാന്‍ ശ്രദ്ധിക്കണം.

മഴക്കാല കീടങ്ങള്‍

1. കായീച്ച -പാവലിലും പടവലത്തിലും ആക്രമണം രൂക്ഷമാകാം. കായുണ്ടാകുന്ന അവസരത്തിലാണ് കൂടുതലായി ആക്രമണമുണ്ടാവുക. കേടുവന്ന കായ്കള്‍ നശിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്യുക, ചിരട്ടക്കെണി, ഫിറമോണ്‍ കെണി എന്നിവ പന്തലില്‍ തൂക്കിയിട്ടും നിയന്ത്രിക്കാം.

2. ഇലതീനി പുഴുക്കള്‍ -കാന്താരി ഗോമൂത്രം മിശ്രിതം ഉണ്ടാക്കി സോപ്പ് ലയിപ്പിച്ച് തളിക്കാം

3. നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ (പച്ചത്തുള്ളന്‍, വെള്ളീച്ച, മൂട്ടകള്‍)

വേപ്പെണ്ണ വെളുത്തുള്ള മിശ്രിതം തളിക്കാം. വെര്‍ട്ടിസീലിയം എന്ന മിത്രകുമിള്‍ 10 ഗ്രാം ലിറ്ററില്‍ കലക്കിയും തളിക്കാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top