വീഡിയോ കല്ല്യാണങ്ങള്‍ ഒഴിവാക്കേണ്ടതു തന്നെ

മഹ്മൂദ് ക്ലാരി

വീഡിയോ ചിത്രീകരണം വിവാഹവേളകളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായിത്തീര്‍ന്നിട്ടുണ്ടല്ലോ? കേരളത്തിലെ എല്ലാ സമുദായങ്ങള്‍ക്കുമിപ്പോള്‍ വിവാഹം മുതല്‍ ശവസംസ്‌കാരം വരെയുള്ള ചടങ്ങുകള്‍ക്ക് വീഡിയോ ചിത്രീകരണം നിര്‍ബന്ധമായിത്തീര്‍ന്നിട്ടുണ്ട്. വിവാഹത്തിലാണ് ഈ വക വൃത്തികേടുകളുടെ പരമമായ അരങ്ങേറ്റം മുഴച്ചുകാണാറുള്ളത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ ചിലരൊക്കെ മിതത്വം പാലിക്കാറുണ്ടെങ്കിലും കടും വര്‍ണങ്ങള്‍ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള കാഴ്ചക്കസര്‍ത്തുകളാണ് കൂടുതലും.

വധുഗൃഹമാണ് ചിത്രീകരണ പശ്ചാത്തലമെങ്കില്‍, അണിഞ്ഞൊരുങ്ങിയ വധുവിനെയും വളരെ അടുത്ത ബന്ധുമിത്രാദികളെയും ദൃശ്യവല്‍ക്കരിക്കുന്നു. പല മുസ്‌ലിം വിവാഹക്കാസറ്റുകളുടെയും തുടക്കം പലപ്പോഴും വധു ഉടുത്തൊരുങ്ങുന്ന ചടങ്ങായിരിക്കും. അമുസ്‌ലിം വധു വസ്ത്രം മാറുന്നതോ മേക്കപ്പ് ചെയ്യുന്നതോ ക്യാമറക്കു വിഷയീഭവിക്കാറില്ല. അതല്ലാതെ തന്നെ ധാരാളം ചടങ്ങുകള്‍ അത്തരം വിവാഹങ്ങളില്‍ പകര്‍ത്താന്‍ പറ്റുന്നതായുണ്ട്. ഉറ്റവരുടെയും ഗുരുജനങ്ങളുടെയും പാദംതൊട്ടു വധു അനുഗ്രഹം തേടുന്നതും ദക്ഷിണ വാങ്ങുന്നതും മറ്റുമായി പല ആചാരാനനുഷ്ഠാനങ്ങളുടെയും ക്രമീകൃത രംഗങ്ങള്‍ ചിത്രീകരിക്കാന്‍ അവിടെ സാധ്യതയുണ്ട്.

വധുവിന്റെ പുറപ്പാടും വഴിയോരക്കാഴ്ചകളും കതിര്‍മണ്ഡപത്തിലെ വിസ്തരിച്ച കര്‍മങ്ങളുമെല്ലാം രസകരമായ ദൃശ്യങ്ങളാണ്. ക്രിസ്തീയ വിവാഹങ്ങളില്‍, വീട്ടിലും പള്ളിയിലും മറ്റുമായി ദീര്‍ഘമായ നിരവധി കര്‍മങ്ങള്‍ നിര്‍വഹിക്കപ്പെടുന്നു. അതെല്ലാം വീഡിയോഗ്രാഫിക്ക് വിഷയീഭവിക്കാറുള്ളതുമാണ്. ഇടക്ക് വിവാഹപ്പന്തലിലെ സ്വീകരണങ്ങളും സദ്യയും ഫഌഷ് ചെയ്തിരിക്കും. ചുരുക്കത്തില്‍ ഇത്തരം വിവാഹാടിയന്തിരങ്ങളില്‍ ഒരു വീഡിയോ ഗ്രാഫര്‍ക്ക് ഒപ്പിയെടുക്കാന്‍ ധാരാളം സജീവ രംഗങ്ങളുണ്ടെന്ന് സാരം.

എന്നാല്‍, മുസ്‌ലിം വിവാഹങ്ങള്‍ ചിത്രീകരിക്കപ്പെട്ട കാസറ്റുകള്‍ പലതും ഒരു എന്റര്‍ടെയ്‌നര്‍ കൂടിയാണെന്നു വേണം പറയാന്‍. അത് ഗൃഹനാഥന്റെ പ്രൗഢിയും കുടുംബത്തിന്റെ പൊങ്ങച്ചവും എഴുന്നുനില്‍ക്കാനുതകുന്നതും വീടുമായി ബന്ധമില്ലാത്ത അന്യരായ പ്രേക്ഷകരെ കാണാന്‍ കൊതിപ്പിക്കുന്ന ഘടകങ്ങളുള്‍ക്കൊള്ളുന്നതുമായിരിക്കും. അതിനനുയോജ്യമായ കൊഴുപ്പും കുസൃതിയും തരംപോലെ ഒപ്പിയെടുക്കുന്ന വീഡിയോഗ്രാഫര്‍ക്കാണ് ഡിമാന്റുള്ളത്. നിക്കാഹിന്റെ തലേന്നു രാത്രി ചില കല്യാണവീടുകള്‍ സ്റ്റുഡിയോകളാക്കി മാറ്റുന്നു. മൈലാഞ്ചിക്കല്ല്യാണത്തിന് ഒപ്പനയെന്ന പേരില്‍ പ്രൊഫഷണല്‍ നര്‍ത്തകിമാരെ വരുത്തി വീഡിയോ ക്യാമറക്കു മുമ്പില്‍ മദാലസ നൃത്തമവതരിപ്പിക്കുന്നതും ക്യാമറാമാന്റെ സൗന്ദര്യബോധത്തിനനുസരിച്ച് ആസ്വാദനക്ഷമത വര്‍ധിപ്പിക്കാനുതകുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വിരളമല്ല.

ഒരാമുഖ പ്രസംഗത്തിലും, നിക്കാഹിലുമൊതുങ്ങുന്ന ഹൃസ്വമായ ചടങ്ങാണല്ലോ മുസ്‌ലിം വിവാഹത്തിലുള്ളത്. അവിടെ ക്യാമറക്കണ്ണിന് ഇമ്പം പകരുന്ന രംഗമൊന്നുമില്ല. പക്ഷെ, രണ്ടോ അതിലധികമോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കാസറ്റില്‍ നിരന്തരദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കല്യാണവീട്ടിലെ നിരവധി കാര്യങ്ങള്‍ക്ക് നേരെ ക്യാമറ തുറക്കണം. വേഷഭൂഷിതരും അല്ലാത്തവരുമായ സ്ത്രീകള്‍ വിഹരിക്കുന്ന മുറികള്‍ക്കുള്ളിലാണ് പറ്റിയ സ്ഥലം. ആരുടെയും നിയന്ത്രണവും വിലക്കും വീഡിയോഗ്രാഫര്‍ക്ക് നേരിടേണ്ടതുമില്ല. ഗൃഹനാഥന്റെ പൂര്‍ണസമ്മതം ഈ ജോലി നിര്‍വഹണത്തിനുണ്ട്. വീഡിയോ ചിത്രങ്ങള്‍ ആകര്‍ഷകമാക്കാന്‍ ആ വീട്ടുകാരിലാരുമായും ഒരു ബന്ധവുമില്ലാത്ത ലേഡീസ് ഹോസ്റ്റലിലെ അന്തേവാസികളെ കല്യാണത്തിന് ക്ഷണിച്ചുവരുത്തിയതും, മണവാട്ടിയുടെ പുറപ്പാടിന് തന്‍മയത്വവും കൊഴുപ്പും കൂട്ടാന്‍ ഗൃഹനാഥന്‍ സംവിധായകനായതും ഈ ലേഖകന്‍ കാണാനിടവന്നിട്ടുണ്ട്. തരംകിട്ടിയാല്‍ വധുവിന്റെ കുളിസീന്‍ മുതല്‍ കിടപ്പറ വരെ വീഡിയോയില്‍ പകര്‍ത്താനും മടികാണിച്ചെന്നുവരില്ല! 

ചില മഹല്ലുകാര്‍ വീഡിയോ ചിത്രീകരണമുള്ള വിവാഹം ബഹിഷ്‌കരിക്കുന്നതായി വാര്‍ത്തയുണ്ട്. ആര്‍ഭാടത്തിന്റെയും ധൂര്‍ത്തിന്റെയും പേരിലാണ് അതെന്നു പറയപ്പെടുന്നു. വിവാഹാഘോഷത്തിന് കോടികള്‍ ചെലവിട്ട് മാതൃക കാണിച്ച ഒരു മുഖ്യമന്ത്രിയുള്ള നമ്മുടെ രാജ്യത്ത് വിവാഹാര്‍ഭാടത്തിനെതിരെ പ്രതികരിക്കുന്നത് സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ വീഡിയോ മാത്രമാണ് ധൂര്‍ത്തില്‍പ്പെടുന്ന മുഖ്യഘടകമെന്ന വാദം ശരിയല്ല.

ലക്ഷങ്ങള്‍ ചെലവിട്ട് അത്യാര്‍ഭാട പൂര്‍വം നടത്തുന്ന വിവാഹാഘോഷങ്ങളില്‍ വീഡിയോ മാത്രം ഒഴിവാക്കിയാല്‍ മഹല്ലുകാരുടെ ദൃഷ്ടിയില്‍ അത് ബഹിഷ്‌കരണമുക്തമാകുന്നത് വിരോധാഭാസമാണ്.

അനാവശ്യമായ ധൂര്‍ത്ത് ഒരു സാമൂഹ്യവിനയായി വളര്‍ന്നിരിക്കുന്നു. മൂല്യച്യുതിയുടെ സന്തതിയാണിത്. അതൊഴിവാക്കുന്നതിന് ക്രിയാത്മകമായൊരു പെരുമാറ്റച്ചട്ടം ആവിഷ്‌കൃതമാവണം. ക്രിയാത്മകമായ ചര്‍ച്ചകളില്‍ നിന്ന് രൂപപ്പെടുന്ന ഒരംഗീകൃത പദ്ധതി പ്രാവര്‍ത്തികമായിത്തീരേണ്ടിയിരിക്കുന്നു. ഒരു വീഡിയോ നിരോധനത്തില്‍ നിന്നല്ല ഇതാരംഭിക്കേണ്ടത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top