ദയാബായിയോടൊപ്പം

നസ്‌റിന്‍ ഖാദിരി

ദയാബായ്... ആദ്യമായി ആ പേര് കേള്‍ക്കുന്നത് ഉപ്പയില്‍ നിന്നാണ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ആളുകളുടെ ക്ഷേമത്തിനും മറ്റുമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി അദ്ദേഹം പോകാറുള്ള യാത്രകള്‍ക്കിടയില്‍ കണ്ട ഒരു മുഖം. അത്ര മാത്രമേ കരുതിയുള്ളൂ. മുളയും മണ്ണും കൊണ്ട് നിര്‍മിച്ച ഒരു കൊച്ചുവീട്ടില്‍ വച്ച് അവരോടൊപ്പമിരുന്ന് ഉപ്പ ഭക്ഷണം കഴിക്കുന്ന ഫോട്ടോ മധ്യപ്രദേശില്‍ നിന്നും വാട്‌സാപ്പില്‍ അയച്ചപ്പോഴും പ്രത്യേകിച്ചൊന്നും തോന്നിയില്ല; എല്ലാ പ്രാവശ്യത്തേയും പോലെ അദ്ദേഹത്തിന്റെ യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടാറുള്ള കുറെ നല്ല മനുഷ്യരുടെ കൂട്ടത്തില്‍ കുറെ വളകളും, കല്ലും മുത്തുകളും ഉപയോഗിച്ച് നിര്‍മിച്ച ആഭരണങ്ങളും അണിഞ്ഞ ഒരു ഗ്രാമവാസി-ദയാബായ്.

ഉപ്പ വീട്ടില്‍ തിരിച്ചെത്തിയ ശേഷവും ആ പേര് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടായിരുന്നു. കുറ്റിപ്പുറത്ത് തുടങ്ങിവച്ച 'വരാന്ത' എന്ന സംസ്‌കാരിക കൂട്ടായ്മയുടെ അടുത്ത ഒത്തുകൂടലില്‍ അതിഥിയായി എത്തുന്നത് ദയാബായ് ആണെന്നറിഞ്ഞു. അപ്പോഴും അവരെ കുറിച്ച് കൂടുതല്‍ അറിയാനൊന്നും ശ്രമിച്ചതുമില്ല. അങ്ങനെയിരിക്കെ ഒരുദിവസം പെയിന്‍ ആന്റ് പാലിയേറ്റീവില്‍ ഹോം കെയറിന് പോകുന്നതിനിടക്ക് വീണ്ടും ദയാബായിയെ കുറിച്ചുള്ള സംസാരം ഉണ്ടായി. ആരോടും അതുവരെ പങ്ക് വെക്കാതിരുന്ന എന്റെ ആ സംശയം ഞാന്‍ ചോദിച്ചു. ദയാബായ് 'വരാന്ത'യില്‍ വന്നാല്‍ ഭാഷ ഒരു പ്രശ്‌നമല്ലെ? അതിന് അവര്‍ മലയാളി ആണല്ലൊ എന്ന മറുപടി കുറച്ച് ആശ്ചര്യത്തോടെയാണ് ഞാന്‍ കേട്ടത്, എന്റെ കൂടെ ഉണ്ടായിരുന്നവരും. കേരളത്തില്‍ ജനിച്ച മേഴ്‌സി മാത്യു പിന്നീടെങ്ങനെ ദയാബായ് ആയെന്നുള്ളതിന്റെ ചെറിയ ഒരു വിവരണം അന്ന് കിട്ടി. 

ഫെബ്രുവരി 26-ാം തിയതി നടന്ന പരിപാടിയില്‍ പങ്കെടുക്കാനായി തലേന്ന് തന്നെ അവര്‍ ഞങ്ങളുടെ വീട്ടിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നു. അവര്‍ക്കുള്ള മുറിയെല്ലാം ഒരുക്കിവെച്ചു  ആകാംക്ഷയോടെ കാത്തിരുന്നു. കൊടുങ്ങല്ലൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം ദയാബായ് ഉപ്പയുടെ സുഹൃത്ത് ജബ്ബാര്‍ക്കയുടെ കൂടെ വീട്ടിലെത്തി. സാരിയുടുത്ത് ഷാള്‍കൊണ്ട് പുതച്ച് ഒരു ട്രാവലര്‍ ബാഗും രണ്ട് തോള്‍സഞ്ചികളുമായി എത്തിയ ദയാബായിയെ ഞാനും ഉമ്മയും വല്ല്യുമ്മയും കൂടെ സ്വീകരിച്ചിരുത്തി. മനസില്‍ സങ്കല്‍പ്പിച്ചുവെച്ച ദയാബായ് എന്ന വ്യക്തിത്വത്തിന് മുന്നില്‍ ഇരിക്കുമ്പോള്‍ എന്ത് ചോദിക്കണം, സംസാരിക്കണം എന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. അവരെക്കുറിച്ച് അറിയാവുന്ന വിവരങ്ങള്‍ വച്ച് ഉമ്മയും വല്ല്യുമ്മയും എന്തൊക്കെയോ ചോദിക്കുന്നുണ്ട്. രണ്ട് പേരും രണ്ട് വിധത്തില്‍ ചോദിച്ച രണ്ട് ചോദ്യങ്ങള്‍ ഒറ്റക്ക് തന്നെയാണോ യാത്ര ചെയ്യാറൊക്കെ, മധ്യപ്രദേശിലെ വീട്ടില്‍ ഒറ്റയ്ക്കാണോ താമസം? രണ്ടിനും അതെ എന്ന മറുപടി കിട്ടിയപ്പോള്‍ സ്വഭാവികമായി അടുത്ത ചോദ്യം: പേടിയില്ലെ? 'ഊപ്പര്‍ വാല', ചിരിച്ച് കൊണ്ടവര്‍ പറഞ്ഞു.

ദയാബായിയെ എന്ത് വിളിക്കണമെന്നുള്ള ആശങ്കയായിരുന്നു പിന്നീട്. ആരോ വിളിച്ച് കേട്ടതിന്റെ ബാക്കിയായി ഞാനും ഭായ് എന്ന് വിളിച്ചു. പിന്നീട് അതേകുറിച്ച് ചോദിച്ചപ്പോള്‍, മധ്യപ്രദേശിലെ അധികപേരും ദീദി എന്നാണ് വിൡക്കാറെന്നും ദയാബായ് എന്ന് ചേര്‍ത്ത് വിളിക്കുന്നതാണ് ഇഷ്ടമെന്നും പറഞ്ഞു. മാത്രവുമല്ല, 'വരാന്ത'യിലെ പരിപാടിക്ക് വേണ്ടി ഒരുക്കിയ പോസ്റ്ററുകളില്‍ ദയാഭായ് എന്നെഴുതിയത് കണ്ട് ദയാബായ് ആണെന്ന് തിരുത്തിത്തരികയും ചെയ്തു. ബായ് എന്ന വാക്കിനാണത്രെ സഹോദരി എന്നര്‍ഥം വരുന്നത്.

വൈകീട്ട് നടക്കാനിരിക്കുന്ന പരിപാടിക്ക് മുന്നെതന്നെ ദീദിയെ കാണാന്‍ മാത്രമായി പലയിടത്ത് നിന്നും ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. അവരോടൊക്കെ അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ മാത്രമേ എത്രത്തോളം മഹത്വമുള്ള വ്യക്തിയാണ് നമ്മുടെ വീട്ടില്‍ അതിഥിയായി എത്തിയിരിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നുള്ളൂ. ആദ്യമായി ദയാബായിയെ കണ്ടപ്പോള്‍ തോന്നിയ അപരിചിതത്വം മെല്ലെ നീങ്ങിക്കഴിഞ്ഞിരുന്നു. എന്റെ ഉപ്പയുടെ കൊച്ചിയിലുള്ള അമ്മായിയോട് സാമ്യം തോന്നിയത ്‌കൊണ്ടോ എന്തോ, അന്ന് ഉച്ചയായപ്പോഴേക്കും വീട്ടിലെ ഒരു അംഗത്തോട് തോന്നുന്ന അടുപ്പം അവരോട് തോന്നി. പല്ലൊക്കെപോയിത്തുടങ്ങിയ അമ്മായിയുടെ അതേ കുസൃതി നിറഞ്ഞ സംസാരവും ചിരിയുമൊക്കെ. പക്ഷേ ദീദിയുടെ പല്ല് പോയതിന് പിറകെ ഒരു കഥയുണ്ട്. ദയാബായിയുടെ വീട്ടില്‍ നിന്നും കുറച്ച് ദൂരത്തായി താമസിക്കുന്ന സുഖര്‍തി എന്ന പെണ്‍കുട്ടിയുടെ പ്രശ്‌നത്തില്‍ ഇടപെട്ടതാണ് കാരണം. പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയ ദീദിക്ക് നല്ല പ്രതികരണമല്ല ലഭിച്ചത്. എഫ്.ഐ.ആര്‍ എഴുതാതെ പിന്മാറില്ലെന്ന് ഉറച്ചുനിന്ന ദീദിയുടെ മുഖം, അവിടത്തെ എസ്.ഐ. ഭിത്തിയില്‍ ചേര്‍ത്തിടിച്ചു. ഒരു പല്ല് താഴേക്ക് പോയി. എന്നിട്ടും പതറാതെ നിന്ന ദയാബായിക്ക് ഗ്രാമത്തിലെ ആളുകള്‍ പിന്തുണയുമായെത്തിയതോടെ പോലീസിന് പത്തിമടക്കേണ്ടിവന്നു. പല്ല് പോയാലും, ഒരാളുടെ ജീവിതം രക്ഷപ്പെടുത്തിയതിന്റെ സന്തോഷമാണ് ദയാബായിക്കുള്ളത്.

ഒരുവിധം ആളുകളെല്ലാം പോയിക്കഴിഞ്ഞ് ഉമ്മറത്തിരിക്കുന്ന ഞങ്ങളുടെ ഇടയിലേക്ക് പുസ്തകവുമായി ദീദി കടന്നു വന്നു. നിലത്തിരിക്കുമ്പോള്‍, കസേരയിലേക്ക് ഇരിക്കാന്‍ നിര്‍ബന്ധിക്കുന്നതില്‍ കാര്യമില്ലെന്നറിയാമായിരുന്നു. അതുകൊണ്ട് തന്നെയാകണം, ഞാന്‍ കസേരയിലും, ദയാബായ് താഴെയും ഇരുന്ന് പുസ്തകം വായിക്കുമ്പോള്‍, ആതിഥ്യമര്യാദയുടെ പേരില്‍ എനിക്കെന്നെ സ്വയം ക്രൂശിക്കേണ്ടിവന്നില്ല.

വളാഞ്ചേരി എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളില്‍ വെച്ച് നടക്കുന്ന പരാപ്ലീജിയ പാലിയേറ്റീവ് സംഗമത്തിലേക്ക് ദയാബായിയുടെ കൂടെ ഞങ്ങള്‍ പോയി. അവിടെ കൂടിയിരുന്നവരോട് ദീദി കുറച്ച് വാക്കുകള്‍ മാത്രം പറഞ്ഞ്, രോഗികള്‍ക്കിടയിലേക്ക് ഇറങ്ങി, അവരോരുത്തരോടും സംസാരിച്ചു. കൂട്ടത്തില്‍ പാട്ട് പാടുന്നവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവരോടൊപ്പം ആടാനും പാടാനുമൊക്കെ കൂടി. അതിനിടക്ക് സെല്‍ഫിയും ഫോട്ടോയുമെടുക്കാന്‍ വരുന്ന ആരെയും നിരുത്സാഹപ്പെടുത്താതെ അവര്‍ക്കൊപ്പം ചിരിച്ച് ദയാബായ് അങ്ങനെ നിന്നുകൊടുത്തു. കൊടുങ്ങല്ലൂര്‍ നിന്നും ദയാബായിയെ കാണാന്‍ മാത്രമായി പുറപ്പെട്ട സബിത ടീച്ചറുടെ ഫോണ്‍കോള്‍ വരുന്നത് തിരിച്ച് കുറ്റിപ്പുറത്തേക്കുള്ള വഴിയിലാണ്. പോകുന്ന വഴി, ദീദിക്കും എനിക്കും ഇഷ്ടപ്പെട്ട പഴംചക്ക വാങ്ങി. ചക്കമുറിക്കാന്‍ ദയാബായ് എന്നോടൊപ്പം കൂടിയപ്പോഴും, വീട്ടുകാരെന്നോ വിരുന്ന് കാരെന്നോ ഉള്ള വ്യത്യാസമൊന്നും തന്നെ തോന്നിയില്ല. ഞങ്ങളുടെ അടുക്കളപ്പുറത്ത് കാലും നീട്ടിവെച്ചിരുന്ന് ദയാബായ് ചക്കപറിച്ചിടുമ്പോള്‍ സന്തോഷവും അതിലുപരി ആശ്ചര്യവുമാണ് തോന്നിയത്.  ആളുകള്‍ അത്രയേറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മേഴ്‌സി മാത്യു എന്ന ദയാബായ് ആണല്ലൊ വീടിന്റെ അടുക്കളപ്പുറത്തിരുന്ന് ചക്ക പറിച്ചിടുന്നത്!

വന്ന നേരം തൊട്ട് ദയാബായുടെ ആഗ്രഹമായിരുന്നു ഭാരതപ്പുഴയില്‍ നീന്തിക്കുളിക്കാന്‍. ജീവിതം തന്നെ ആഗ്രഹിച്ചപോലെ ജീവിച്ച ദയാബായിക്കാണോ പുഴയില്‍ പോയി കുളിക്കുന്നത് പ്രയാസം. ഞങ്ങള്‍ പുഴയിലേക്ക് നടന്നു. അപ്പോഴേക്കും ആളുകള്‍ വന്നുതുടങ്ങിയിരിക്കുന്നു. ദീദി പോകുന്നിടത്തെല്ലാമുള്ള കാഴ്ചകള്‍ പകര്‍ത്തികാണിച്ചു കൊടുക്കാന്‍ ആരോ കൊടുത്തതാണത്രെ, ഒരു സ്മാര്‍ട്ട് ഫോണ്‍.  പടമെടുക്കാന്‍ ആ ഫോണും കൂടെ എപ്പോഴുമുണ്ടാകുന്ന തോള്‍ സഞ്ചിയും എന്നെ ഏല്‍പ്പിച്ച് പുഴയിലേക്ക് ഇറങ്ങുമ്പോള്‍, അഭിമാനവും തെല്ല് അഹങ്കാരവും തോന്നി. 20 അടി ആഴമുള്ള ഒരു കുളം സ്വന്തം വീട്ടിലുള്ള ദീദിക്ക് 2 അടിമാത്രം ആഴമുള്ള ഭാരതപ്പുഴ കൗതുകമല്ല. തിരിച്ച് വന്ന് പരിപാടി തുടങ്ങും വരെ വസ്ത്രം ആറാന്‍ ആ കാറ്റത്ത് ദീദി അങ്ങനെ നിന്നു. നായകളോടും പൂച്ചകളോടുമെല്ലാം ദയാബായിക്ക് വലിയ സ്‌നേഹമാണ്. ദീദിയുടെ ഫോണില്‍ കണ്ട പടങ്ങള്‍ അതിന് തെളിവാണ്. മാത്രവുമല്ല, ദീദി വളര്‍ത്തുന്ന നായകള്‍ക്ക് വേണ്ടി അവിടുത്തെ ആരെങ്കിലുമൊക്കെയായി ഫോണ്‍വിളിച്ച് കൊടുക്കും. അവര്‍ സംസാരിക്കുകയും ചെയ്യും!  അപ്പുറത്ത് ആ ജീവികള്‍ പ്രതികരിക്കുന്നത് കേട്ട് അത്ഭുതപ്പെട്ടു. പൊതുവെ നായകളെ പേടിയുള്ള എന്നെ പുഴയില്‍ കണ്ട നായക്കൂട്ടത്തിന്റെ അടുത്തേക്ക് പോകുന്ന ദീദിയുടെ കാഴ്ച ഒന്ന് ഭയപ്പെടുത്തി. അപ്പോഴേക്കും ദീദിയെകാണാന്‍ ആളുകള്‍ ഞങ്ങളുടെ അടുത്തേക്ക് വന്ന് തുടങ്ങി. എല്ലാവരിലും ദയാബായ് എന്ന വ്യക്തിയെ കാണാനും പരിചയപ്പെടാനുള്ള ആഗ്രഹം സാധിച്ചതിലുള്ള സന്തോഷം. ആളുകളുടെ എണ്ണം കൂടി കൂടി വന്നു. വലിയവരെന്നോ ചെറിയവരെന്നോ വേദിയും സദസ്സും എന്നോ വ്യത്യാസമില്ലാതെ, ആ മണല്‍പ്പരപ്പില്‍ ഇങ്ങനെ ഒരു ഒത്തുകൂടല്‍ മനോഹരമായിരുന്നു. ദീദി സംസാരിച്ചുതുടങ്ങി. ''നിങ്ങള്‍ ചോദിക്കൂ. ഞാന്‍ പറയാം'' ഉടന്‍ ചോദ്യം വന്നു, മേഴ്‌സി മാത്യു എങ്ങനെ ദയാബായി ആയി? 

പാലായിലെ ഒരു സമ്പന്ന കത്തോലിക്ക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന മേഴ്‌സി മാത്യുവിന് മുന്നില്‍ ആദ്യമായി തൊട്ട്കൂടായ്മയുടെ ചിത്രം തെളിയുന്നത്, സ്വന്തം വീട്ടുകാരുടെ വേലക്കാരികളോടുള്ള പെരുമാറ്റത്തില്‍ നിന്നാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ക്കിടയില്‍ പടുത്തുയര്‍ത്തപ്പെട്ട ആ വലിയ മതില്‍, കൊച്ചുകുട്ടിയായിരിക്കെ തന്നെ മേഴ്‌സിയെ അലട്ടിയിരുന്നു. ദൈവവിശ്വാസിയായ മേഴ്‌സി, ക്രിസ്തുവിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം കൊണ്ട് തന്റെ ജീവിതം പാവങ്ങള്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയുണ്ടായി. അതിനായി അവര്‍ തിരഞ്ഞെടുത്ത വഴി, കോണ്‍വെന്റില്‍ ചേര്‍ന്ന് കന്യാസ്ത്രീ ആവുക എന്നതായിരുന്നു. എന്നാല്‍, സുഖകരമായതും സംരക്ഷിക്കപ്പെടുന്നതുമായ തരത്തിലൊരു ജീവിതമല്ല അവര്‍ പ്രതീക്ഷിച്ചത്. തന്റെ ഇടം ഇതല്ല എന്ന് മനസ് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതിന് പിന്നാലെ, മേഴ്‌സി മാത്യു ഒരു ദിവസം അവിടം വിട്ട് പോയി.. ദയാബായിയിലേക്കുള്ള യാത്രയുടെ തുടക്കം. 

ബി.എസ്.സിയും എം.എസ്.ഡബ്യുയും എല്‍.എല്‍.ബിയുമെല്ലാം കരസ്ഥമാക്കിയ ദയാബായ് റിസര്‍ച്ച് പഠനാവശ്യനുസരണമാണ് മധ്യപ്രദേശിലെ ഗ്രാമങ്ങളിലെത്തുന്നത്. ഒരുപാട് കഷ്ടതകളും ദുരിതങ്ങളും അനുഭവിക്കുന്ന ആദിവാസി സ്ത്രീകളെയാണ് അവര്‍ കണ്ടത്. ഈ സ്ത്രീകള്‍ ഒരേസമയം കൃഷിയിടങ്ങളില്‍ പണിയെടുക്കാനും അവരുടെ കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും നിര്‍ബന്ധിക്കപ്പെട്ടവരായിരുന്നു. ഇത്തരം അവഗണിക്കപ്പെട്ട ആദിവാസി ഗോത്രങ്ങളെ പിന്തുണക്കാനോ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനോ യാതൊരുവിധ സാമൂഹിക സംഘടനകളോ ഗവണ്‍മെന്റ് പദ്ധതികളോ ഇല്ലെന്നവര്‍ മനസ്സിലാക്കി. ബംഗ്ലാദേശ് അഭയാര്‍ഥികള്‍ക്ക് വേണ്ടി കല്‍ക്കത്തയില്‍ പ്രവര്‍ത്തിച്ചപ്പോഴും, ഹരിയാനയിലെ ഫുഡ് റിലീഫ് പ്രോഗ്രാമിന്റെ ഭാഗമായി നിന്നപ്പോഴും ആവശ്യക്കാരെ സഹായിച്ചുകൊണ്ട് ഒരുപാട് യാത്ര ചെയ്തപ്പോഴുമെല്ലാം ദയാബായ് തന്റെ ജീവിതം എവിടെ, എങ്ങനെയാകണമെന്ന് തിരിച്ചറിയുകയായിരുന്നു. ആദിവാസികളുടെ കൂടെ അവരുടെ ചെറിയ വീടുകളില്‍ താമസിച്ച്, അവര്‍ കിടക്കുന്ന ഭക്ഷണം കഴിച്ച്, അവരെപ്പോലെതന്നെ വസ്ത്രം ധരിച്ച്, അവര്‍ക്കിടയില്‍ നിന്നുകൊണ്ട് തന്നാലാകുംവിധം സഹായിക്കുന്നത് ദീദി സ്വയം മനസ്സില്‍ ചിത്രീകരിക്കുകയും, സ്വപ്‌നം കാണുകയും ചെയ്തു. ആഗ്രഹിച്ചതുപോലുള്ള ഒരു ജീവിതം, സൗന്ദര്യവും ലക്ഷ്യവുമുള്ളത്, ഏത് പ്രതിസന്ധിയിലും അവധാനതയോടെ, ഉഴലാതെ സമാധാനത്തോടെ നില്‍ക്കാന്‍ അവരെ സഹായിക്കുന്നത്, ആഗ്രഹങ്ങളുടെ മനക്കോട്ട കെട്ടാതെ പ്രത്യേകിച്ച് താല്‍പര്യങ്ങളൊന്നുമില്ലാതെ, ജീവജാലങ്ങളോട് ചേര്‍ന്ന് നില്‍ക്കാന്‍ സാധിക്കുന്നത് അതുകൊണ്ടുതന്നെയാണ് എന്ന് അവരുടെ സൂക്ഷ്മമായ ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നു.

മേഴ്‌സി എന്നാല്‍ ദയ. അത് പറയുന്ന അത്ര എളുപ്പമായിരുന്നില്ല, മേഴ്‌സി മാത്യുവില്‍ നിന്നും ദയാബായിയിലേക്കുള്ള ആ യാത്രയില്‍ ഒരുപാട് മിത്രങ്ങളും ശത്രുക്കളും ഉണ്ടായിട്ടുണ്ട്, കഷ്ടതകളും മനസംതൃപ്തിയും എന്താണെന്നറിഞ്ഞിട്ടുണ്ട്. ഒരിക്കലും ഒരു തിരിച്ചുപോക്കിനെ കുറിച്ചവര്‍ ചിന്തിച്ചിട്ടില്ല. ദയാബായ് എത്തിപ്പെട്ട ഗ്രാമങ്ങളിലുള്ളവരെല്ലാം തന്നെ അംഗീകരിച്ചതിന്റെയും അവരുടെ ക്ഷേമത്തിനും ഉന്നതിക്കും വേണ്ടി പ്രവര്‍ത്തിക്കാനും സാക്ഷാത്കരിക്കാന്‍ സാധിച്ചതിന്റെയും സന്തോഷത്തിലാണ് ദയാബായ്. വീട്ടുകാരുടെ പിന്തുണയെകുറിച്ച് ചോദിച്ചപ്പോള്‍ ദയാബായ് പറഞ്ഞത് അവരെന്നും എന്നെ പിന്തുണച്ച് നിന്നിട്ടേ ഉള്ളൂ എന്നാണ്. ബംഗ്ലാദേശ് അഭയാര്‍ഥികളുടെ അടുക്കലേക്ക് പോകാനിരിക്കുമ്പോഴാണ് അവിടെ യുദ്ധം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അടുത്ത ബന്ധുക്കളില്‍നിന്നും മറ്റും എതിര്‍പ്പ് വന്നത്. അപ്പോഴും പപ്പ പറഞ്ഞത്, എന്തായാലും മരണം ഉറപ്പാണ്. ഇങ്ങിനെ ഒരു നല്ലകാര്യത്തിന് പോകുന്നത് തടഞ്ഞിട്ട് ഇവിടെ നിന്ന് മരണപ്പെടുന്ന അവസ്ഥയേക്കാള്‍ നല്ലത് അവിടെപോയി ആവശ്യക്കാര്‍ക്ക് സഹായം എത്തിക്കുന്നത് തന്നെ. 

 ദയാബായിയെ കാണാന്‍ മന്ത്രി കെ.ടി.ജലീല്‍ അന്ന് രാത്രി വീട്ടില്‍ വരികയുണ്ടായി. ഒരുപാട് നേരം മന്ത്രിയുമായി സംസാരിച്ചതിന് ശേഷം അദ്ദേഹത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍, ഒരു കൊച്ചുകുട്ടിയെപോലെ, വേണ്ടാ... ഞാന്‍ ഉമ്മയോടൊപ്പം (എന്റെ വല്ല്യുമ്മ) ഇരുന്ന് കഴിച്ചോളാം എന്ന് പറയുമ്പോഴും, എല്ലാം കഴിഞ്ഞ് ഇന്നെങ്കിലും പാത്രങ്ങളെല്ലാം ഞാന്‍ കഴുകിവെക്കട്ടെ എന്ന് വാശിപിടിക്കുമ്പോഴും ഞാന്‍ ഇത്രയും നേരം സംസാരിച്ചുകൊണ്ടിരുന്നത് തിന്‍സെയ് കി റാണി എന്നറിയപ്പെടുന്ന ദയാബായിയെക്കുറിച്ചാണോ അതോ എന്റെ അപ്പുറത്തെ വീട്ടിലെ ഉമ്മയെ കുറിച്ചാണോ എന്ന് തോന്നിപ്പോകും! മധ്യപ്രദേശിലേക്ക് തിരിച്ച് പോകാനൊരുങ്ങിയിരിക്കെ എനിക്കൊരു പുസ്തകം സമ്മാനിച്ചു വിസണ്‍ ഐസക് തയ്യാറാക്കിയ ദയാബായിയുടെ ആത്മകഥ.  പച്ചവിരല്‍. അന്ന് രാത്രി, ദയാബായ് ഹാൡ പായ വിരിച്ച് കിടന്നോളാമെന്ന് പറയുമ്പോഴും മറിച്ചൊന്നും പറയാനില്ല. രാത്രി ഒറ്റക്ക് റെയില്‍വേസ്റ്റേഷനില്‍ ഒരുഷീറ്റ് മാത്രം വിരിച്ച് കിടന്നുറങ്ങുന്ന ദയാബായിയുടെ ചിത്രങ്ങള്‍ ഞാന്‍ കണ്ടിരിക്കുന്നു.

അന്ന് രാവിലെ ദീദിയെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുവിടാന്‍ ഞാനും കൂടെ പോയിരുന്നു. സംസാരത്തിനിടെ ഒരു കളിയെന്നോണം ഉപ്പ ദയാബായിയോട് ചോദിച്ചു. 47-ാമത്തെ വയസ്സില്‍ ദയാബായ് എവിടെ ആയിരുന്നു? ഉപ്പക്ക് ഇപ്പോള്‍ 47 വയസ്സായിട്ടുണ്ടോ? തന്റെ കുതിരപ്പുറത്തിരുന്ന് ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് പോയിക്കൊണ്ടിരുന്ന കാലമത്രെ അത്. അപ്പോള്‍ ഒരു കൗതുകത്തോടെ ഞാനും ചോദിച്ചു. 20-ാമത്തെ വയസ്സില്‍ ദയാബായി എവിടെ ആണ്. ദയാബായുടെ മറുപടി. ബീഹാറിലെ കന്യാമഠത്തിലെത്തി, ഞാന്‍ ഉദ്ദേശിച്ച ജീവിതം ഇതല്ലെന്ന് തിരിച്ചറിഞ്ഞു. സംഘര്‍ഷം അനുഭവിക്കുന്ന സമയമായിരുന്നു അത്. നമ്മള്‍ നമ്മുടെ ജീവിതം കണ്ടെത്തുന്നിടത്തും പാകപ്പെടുത്തുന്നിടത്തും കൃത്യമായ ലക്ഷ്യവും അന്വേഷണവും അനിവാര്യമാണ്. ഈ അനിവാര്യതയിലേക്ക് നമ്മെ നയിക്കാന്‍ നാം ശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നു. മണ്ണിനോട്, പ്രകൃതിയോട്, ചേര്‍ന്ന് ജീവിക്കുന്ന ദയാബായിയെ പോലുള്ളവരുടെ സാന്നിധ്യം നമുക്ക് തുണയാകും തീര്‍ച്ച.

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top