ശരിയുടെ സഞ്ചാരത്തെ ത്വരിതപ്പെടുത്തുക

എം.ഐ അബ്ദുല്‍ അസീസ് (JIH കേരള അമീര്‍)

സ്ത്രീയായി ജീവിക്കുകയെന്നത് അങ്ങേയറ്റം അസ്വസ്ഥകരമായ അനുഭവമായി മാറിയിരിക്കുകയാണ് കേരളത്തില്‍. പിഞ്ചോമനകള്‍ മുതല്‍ എണ്‍പതുകള്‍ പിന്നിട്ട  വയോധികര്‍ വരെ ഉറ്റവരുടെ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാവുന്ന വാര്‍ത്തകള്‍ ഈയടുത്താണ് പുറത്തുവന്നത്. ജൈവികവും സര്‍ഗപരവുമായ എല്ലാ തലങ്ങളെയും നിരാകരിച്ച് ശരീരവും ലൈംഗികതയും മാത്രമായി സ്ത്രീ ജീവിതം എല്ലാ പുരോഗമന സംവാദങ്ങള്‍ക്ക് ശേഷവും ഒതുക്കപ്പെട്ടിരിക്കുന്നു. 

ഉപഭോഗ സംസ്‌കാരത്തിലേക്കും ജീവിതത്തിന്റെ പളപ്പിലേക്കും സ്ത്രീയെ ആനയിക്കലാണ് വിമോചനത്തിന്റെ വഴിയെന്ന് തെറ്റിദ്ധരിച്ച പ്രസിദ്ധീകരണങ്ങള്‍ വിറ്റഴിക്കപ്പെടുന്ന നാടാണിത്.

മറുവശത്ത് പെണ്‍കുതിപ്പിന്റെ കാലം കൂടിയാണിത്. പെണ്‍ജീവിതത്തിന്റെ സകല സര്‍ഗ സാധ്യതകളെയും തുറിങ്കിലടച്ച മതപൗരോഹിത്യം വകഞ്ഞുമാറ്റപ്പെട്ടു. മാമൂലുകളുടെയും അന്ധവിശ്വാസങ്ങളുടെയും തടവറയില്‍ കിടന്ന് നരകിക്കാന്‍ ഇന്നവര്‍ സന്നദ്ധമല്ല. വിദ്യാഭ്യാസവും തൊഴിലും സമരവും കലയും സാഹിത്യവും മതവും വേദവും തത്വചിന്തയുമെല്ലാം അവള്‍ക്കിന്ന് വഴങ്ങും. പരിഷ്‌കാരത്തെ സംബന്ധിച്ച ഉദാരമായ കാഴ്ചപ്പാടിനോട് അവള്‍ക്കിന്ന് അറപ്പാണ്. 

ധാര്‍മികബോധമുള്ള സദാചാര നിബദ്ധമായ സാമുഹ്യ സാഹചര്യത്തിലേ സ്ത്രീക്ക് സ്ത്രീയായി നിലനില്‍ക്കാനാവൂ എന്ന തിരിച്ചറിവിലേക്ക് സമൂഹം എത്തിക്കഴിഞ്ഞിരിക്കുന്നു. മറ്റെല്ലാ ഭൗതിക വളര്‍ച്ചകളും അവയെ ബലപ്പെടുത്തുകയാണ് വേണ്ടത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ശരിയുടെ ഈ ദിശയിലേക്കുള്ള സമൂഹത്തിന്റെ സഞ്ചാരത്തെ ത്വരിപ്പിക്കുകയായിരുന്നു ആരാമം.

മുപ്പത്തിനാലു വര്‍ഷമായി കേരളത്തോടൊപ്പം ആരാമം വനിതാ മാസികയുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ ഉറ്റമിത്രമാണ് ആരാമം. ആരാമം അവരുടെ കൂട്ടുകാരിയായി കോലം കെട്ടുകയായിരുന്നില്ല, തങ്ങളുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വിചാരങ്ങള്‍ക്കും വികാരങ്ങളോടുമൊപ്പം സഞ്ചരിച്ച്, ഇണങ്ങിയും പിണങ്ങിയും തിരുത്തിയും വിടാതെ പിന്തുടര്‍ന്ന ആരാമത്തെ അവര്‍ അങ്ങനെ സ്വീകരിക്കുകയായിരുന്നു.

ജീവിതത്തിന്റെ  യാഥാര്‍ഥ്യങ്ങളോടാണ് ആരാമം സംസാരിച്ചത്. പരലോക ജീവിതത്തിലെ വിജയത്തിനു വേണ്ടി ഈ ലോകത്തെ ബലപ്പെടുത്താന്‍ ആരാമം ആഹ്വാനം ചെയ്തു. കുടുംബങ്ങളെയും പരസ്പര ബന്ധങ്ങളെയും ദൈവിക നിര്‍ദേശങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്താന്‍ ഉദ്‌ബോധിപ്പിച്ചു. വരും തലമുറക്കു കാത്തുവെക്കാന്‍ ഉയര്‍ന്ന മൂല്യങ്ങള്‍ പകര്‍ന്നുനല്‍കി. പെണ്ണിനായി സംവരണം ചെയ്തതെന്നു വിധി തീര്‍പ്പിലെത്തിയ മേഖലയില്‍ നിന്നും ലോകത്തിന്റെ വിശാലതയിലേക്ക് കണ്ണയക്കാന്‍ പഠിപ്പിച്ചു. ലോകത്തെല്ലായിടത്തുമുള്ള വിമോചന പോരാട്ടങ്ങളുമായി കണ്ണിചേര്‍ത്തു. പൊങ്ങച്ചത്തിന്റെയും അറിവില്ലായ്മയുടെയും പ്രതീകമായി അവതരിപ്പിക്കപ്പെട്ട മുസ്‌ലിം സ്ത്രീയെ പുനര്‍നിര്‍ണയിച്ചു. ആദര്‍ശബദ്ധമായ സ്വത്വബോധവും നിര്‍ണായവകാശവുമുള്ളവരാക്കി അവരെ മാറ്റി.

നേട്ടങ്ങളുടെ പട്ടിക മാത്രമല്ല ഇവയൊന്നും. സാഹസികമായ പ്രസാധനയാത്രയുടെ നാള്‍വഴിയാണ്. താണ്ടാനുള്ള വഴിദൂരങ്ങളുടെ ചൂണ്ടുപലകകളും. പ്രപഞ്ച നാഥന്റെ ഇംഗിതമനുസരിച്ചുള്ള ജീവിതമാണ് ശരി, അതാണ് അനശ്വര വിജയത്തിന്റെ യഥാര്‍ഥ വഴി- ഇക്കാര്യം സമൂഹത്തെ പഠിപ്പിക്കാനുള്ള ശ്രമമാണ് ആരാമാത്തിന്റെ ജീവിതമെന്ന് അതിന്റെ ദൗത്യത്തെ സംക്ഷേപിക്കാം. അവരുടെ മടിത്തട്ടിലാണിലാണല്ലോ പൂരുഷാന്തരങ്ങള്‍ വളരുന്നത്.

പക്ഷെ, ആരാമത്തെ അനുഭവിക്കാനായിട്ടില്ലാത്ത കുടുംബങ്ങള്‍ ഇനിയും കേരളത്തിലുണ്ട്. എല്ലായിടത്തും ആരാമമെത്തണം. മെയ്  ഒന്നു മുതല്‍ പതിനഞ്ചു വരെയുള്ള കാമ്പയിന്‍ കാലയളവില്‍ പരമാവധി കൈകളില്‍ ആരാമമെത്തിക്കുക. വീടും തൊഴിലിടവും കാമ്പസും തെരുവും കയറിയിറങ്ങുക.  നന്മയിലേക്ക് ഒരാളെ, ഒരുപാടാളുകളെ കൈപിടിച്ചാനയിച്ചതിന്റെ സുകൃതങ്ങള്‍ നമുക്കായി രേഖപ്പെടുത്തപ്പെടുമെന്നതുറപ്പ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top