സൂറൂംകുറ്റിയുടെ വെളിച്ചം

സീനത്ത് ചെറുകോട്

വേനലവധിക്ക് സ്‌കൂള്‍ അടക്കുകയാണ്. നോമ്പിന് അവധിയായതുകൊണ്ട് ഒരു മാസമേയുള്ളൂ. എത്രകാലമായി നാടും വീടും കണ്ടിട്ട്. മനസ്സ് തിടുക്കം കൂട്ടുകയാണ്. കൊണ്ടുപോകാന്‍ വിശേഷിച്ചൊന്നുമില്ല. സല്‍മതാത്തയും സൈഫുതാത്തയും വരുമ്പോള്‍ പുഴങ്കല്ലുകള്‍ക്കു വേണ്ടി കാത്തിരിക്കുന്നത് പോലെ എന്നെയാരും കാത്തിരിക്കാനില്ല. അനിയന് കൊണ്ടുകൊടുക്കാന്‍ എന്റെ കൈയില്‍ ഒന്നുമില്ല.

കോയാക്കയില്‍ നിന്ന് സമ്മതം വാങ്ങി വരാന്തയിലേക്കിറങ്ങുമ്പോള്‍ സബുട്ടിയുണ്ട് ഡൈനിംങ് ഹാളിന്റെ വാതില്‍പ്പടിയില്‍. 'സബുട്ടിയെ കൊണ്ടോവാന്‍ വന്നില്ലേ?' തലകുനിച്ചു നില്‍ക്കുകയാണ്.

'നാളെ വല്ലിമ്മ വരും. സാരല്ല നാളെ പോകാലോ......'

അവന്റെ കുഞ്ഞു മുഖത്ത് ഒരു സന്തോഷവുമില്ല.

'ഇത്താത്ത എന്നാ വരാ......?'

'സ്‌കൂള് തൊറക്ക്ണീന്റെ തലേന്ന്'

സമയം വൈകുകയാണ്. രാത്രിയായാലും സബുട്ടി ഈ നിര്‍ത്തം നില്‍ക്കുമെന്ന് തോന്നി. ഉമ്മ റൂമിലേക്ക് എപ്പോഴോ നടന്നിട്ടുണ്ട്. എന്താണ് കാണാത്തതെന്ന് ഒരുപിടിയും കിട്ടുന്നുണ്ടാവില്ല. 'സബുട്ടി റൂമിലേക്ക് പൊയ്‌ക്കൊ ഇവടെങ്ങനെ നിക്കണ്ട.'

തല കുനിച്ചുകൊണ്ടു തന്നെ അവന്‍ നടന്നു. ഒന്നും മിണ്ടിയില്ല-തൊണ്ടയില്‍ എന്തോ തടയുന്നത് പോലെ തോന്നി. 

ബേഗുമെടുത്ത് ഗെയ്റ്റ് കടക്കുമ്പോള്‍ സന്തോഷമൊക്കെ കെട്ടടങ്ങിയിരുന്നു. ഉമ്മയുടെ കൂടെ എത്താന്‍ വേഗത്തില്‍ നടന്നു. വിശാലമായ മുറ്റത്തിലൂടെ റോഡിലേക്ക് നടക്കുമ്പോള്‍ അവന്‍ പിറകിലുണ്ടെന്നു തോന്നി. എവിടെയോ നിന്ന് അവന്‍ എന്നെത്തന്നെ നോക്കുന്നുണ്ട്. കണ്ണു നിറഞ്ഞ് കവിളിലൂടെ ഒലിച്ചിറങ്ങി. അവന്‍ തിരിഞ്ഞു നോക്കിയില്ല. കാലുകളുടെ ഭാരം അവഗണിച്ചു. 

നീണ്ട യാത്രയില്‍ മനസ്സു ചത്തു മരവിച്ചുകിടന്നു.

ഒരുപാടു ദൂരെ മണ്ണുതേച്ച വീട്ടകത്ത് വിധവയായ ഒരു സ്ത്രീയുടെ തേങ്ങല്‍. ഒരാളെ തനിച്ചാക്കി കൂടെയുള്ള ആള്‍ പോകുമ്പോള്‍ ലോകത്തില്‍ ഒറ്റപ്പെട്ടു പോയവളുടെ കരച്ചില്‍. വെളുത്തുമെലിഞ്ഞ മൂന്നാം ക്ലാസുകാരനെ നോക്കി ഹൃദയം പറിഞ്ഞ് അവള്‍ തേങ്ങിയിട്ടുണ്ടാവും. ജീവിതത്തില്‍ സുന്ദരമായ പ്രഭാതങ്ങള്‍ കൊണ്ടുവന്ന അവനെ അവര്‍ രണ്ടുപേരും സ്വബാഹ് എന്ന് പേരു ചൊല്ലി വിളിച്ചു. സ്‌നേഹം പൂക്കുന്ന സന്ധ്യകളില്‍ അവന്റെ കണ്ണുകളില്‍ അവള്‍ ജീവിതത്തിന്റെ സ്വപ്നമന്ദിരം പണിതു. അവള്‍ മാത്രമവനെ 'സബുട്ടി' എന്നു വിളിച്ചു. എന്നിട്ടും ബാപ്പ പോയ സബുട്ടിയെ വല്ലിമ്മയെ ഏല്‍പിച്ച്  സബുട്ടിയുടെ ഉമ്മ വേറൊരാളുടെ കൂടെ പോയത് എന്തിനായിരിക്കും.? ബസിലിരിക്കെ എനിക്ക് അതിന്റെ ഉത്തരം കിട്ടിയില്ല.

ഉമ്മ വിളിച്ച പേര്. അതാണ് അറിയാതെ എന്റെ നാവില്‍ വന്നത്. രണ്ടാം ക്ലാസുകാരന്റെ വലിപ്പമുള്ള, നാലാം ക്ലാസുകാരന്റെ ഓമനത്തമുള്ള മുഖം കണ്ടപ്പോള്‍ അറിയാതെ വിളിച്ചു പോയതാണ്. അതായിരുന്നു അവന്റെ കണ്ണുകളില്‍ വിടര്‍ന്ന വിസ്മയം.

പിന്നെയെപ്പോഴോ അവന്റെ പതിഞ്ഞ ശബ്ദത്തില്‍ ഉമ്മയെപ്പറ്റി കേട്ട ഏതോ ദിവസം, തേങ്ങിത്തളര്‍ന്ന് എന്നിലേക്ക് ചാഞ്ഞ് അവന്‍ നിന്നതിന് ശേഷം ഒരിക്കലും അവന്‍ അവന്റെ ഉമ്മയെപ്പറ്റി പറഞ്ഞില്ല. ചോദിച്ചതുമില്ല. വല്ലിമ്മയും അമ്മാവനും അമ്മായിയുമൊക്കെയുള്ള പ്രാരാബ്ധങ്ങളുടെ ഇത്തിരി വീട്ടില്‍ 'സബുട്ടി' എന്നു വിളിക്കാന്‍ അവനിപ്പോള്‍ ഉമ്മയില്ല. എപ്പോഴോ വന്ന് കണ്ടുപോകുന്ന അവന്റെ ഉമ്മയെ അവന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ടാവണം. ഉമ്മയില്ലാത്ത വീട് അവന്‍ വെറുക്കുന്നുണ്ടാവും. പൊടുന്നനെ ഉമ്മയും ബാപ്പയുമില്ലാതെ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോവുക. ഒരുപിടിവള്ളിയുമില്ലാതെ പോവുക....

എതിര്‍ സീറ്റിലിരിക്കുന്ന ഉമ്മയെ പാളിനോക്കി. സീറ്റില്‍ ചാരിക്കിടന്ന് ഉറങ്ങുകയാണ്. പുലര്‍ച്ചക്ക് പുറപ്പെട്ടതാവും. നിര്‍ത്താതെയുള്ള യാത്ര. ഇന്നലെ രാത്രിയും കറ്റതല്ലി ക്ഷീണിച്ചുറങ്ങിയതാവും. സബുട്ടിയുടെ ഉമ്മയെപോലെ ഉമ്മയും പോയിരുന്നെങ്കിലോ....? മനസ്സ് അസ്വസ്ഥമായി. സ്വയം ഉരുകിത്തീര്‍ന്ന മെഴുകുതിരി. അതാണ് ഉമ്മ. ഉമ്മയെന്ന ഏറ്റവും വലിയ പുണ്യത്തെ അറിയാന്‍ തുടങ്ങിയത് അന്നായിരുന്നു ഞാന്‍. മാതൃത്വമെന്ന പകരം വെക്കാനില്ലാത്ത ചുട്ടുനീറുന്ന ത്യാഗത്തെ.

വീട്ടിലെത്തുമ്പോള്‍ വെയില്‍ചായാന്‍ തുടങ്ങിയിരുന്നു. റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കാറ്റ് താളം കൊട്ടി. തിരിച്ചൊരു ചൂളംവിളി കൊടുത്തു. കാലുകള്‍ക്ക് വേഗമേറി. ഉമ്മ ഒരുപാട് പിറകിലാണ്. ഓടിയിറങ്ങി വീട്ടിലെത്തുമ്പോള്‍ വല്യമ്മായി ചിരിച്ചുകൊണ്ട് ഓടിയെത്തി.

''പെണ്ണേ......ജ് വന്നോ...ഇമ്മ എവടെ?''

''വര്ണ്ണ്ട്''

സല്‍മതാത്തയുടെ കുട്ടി, കണ്ടപ്പോള്‍ കരയാന്‍ തുടങ്ങി. അമ്മായി തന്ന ചായ വലിച്ചുകുടിച്ച് പതുക്കെ ഇറങ്ങി. പൊറത്തക്കുളത്തിന്റെ  വഴിയിലെ താന്നിമരത്തിന്റെ ചുവട്ടില്‍ നിറയെ താന്നിക്കുരു വീണ് കിടക്കുന്നുണ്ട്. രണ്ടെണ്ണമെടുത്ത് തല്ലിപ്പൊട്ടിച്ച് പരിപ്പെടുത്ത് വായിലിട്ടു. ഇതൊന്നും ആരും ഇപ്പോള്‍ എടുക്കാറില്ലേ? നേരം വെളുത്താല്‍ അമ്പഴച്ചോട്ടിലും താന്നിച്ചോട്ടിലും കണ്ട മാവിന്‍ ചോട്ടിലുമൊക്കെ അലഞ്ഞു നടക്കുന്നവരൊക്കെ എവിടെ?

പൊറത്തക്കുളത്തില്‍ ചണ്ടികള്‍ മൂടിയിരിക്കുന്നു. കുളിക്കാനിറങ്ങുന്ന സ്ഥലത്ത് മാത്രം ഇത്തിരി ഒഴിവുണ്ട്. തെളിഞ്ഞ വെള്ളത്തിനു മുകളിലെ എണ്ണപ്പാടയില്‍ എഴുത്തച്ഛന്‍ ചിത്രം വരക്കുന്നു. ഇപ്രാവശ്യം കുളം തേവിയിട്ടില്ല. കുളം തേവുമ്പോള്‍ കിട്ടുന്ന വരാലും മനഞ്ഞിലും മുഴുവുമൊക്കെ കൂട്ടിയിട്ട ഓര്‍മകള്‍ മറയുകയാണ്. ഓരോ വീട്ടിലേക്കും ഓഹരി വെക്കുന്ന മീനുകള്‍. ഉമ്മ വെണ്ണീറ് തേച്ച് കല്ലിലുരച്ച് കളയുന്ന ചെതുമ്പലും കൊഴുപ്പും ഒഴുകിപ്പോകുന്നത് കാണുമ്പളേ ചര്‍ദ്ദിക്കാന്‍ വരും.

''പെണ്ണേ....നീറിനിന്റെ ചാദ് അനക്കറ്യായിട്ടാ'' അമ്മായി അതിന് നീര്‍മീന്‍ എന്നാണ് പറയാറ്. ഇത്താത്തമാര്‍ വരാനായാല്‍ ഉമ്മ ചട്ടിയില്‍ വറ്റിച്ച് ഉറിയില്‍ വെച്ച് അവര്‍ക്ക് ഒരു പങ്ക് എടുത്തു വെക്കും. ഞങ്ങള്‍ കുട്ടികള്‍ ഓരോ ദിവസവും പൊറത്തക്കുളത്തിലെ വെള്ളത്തിന്റെ അളവെടുക്കും.

''എടീ ഇന്നലെത്തെ പൊത്ത് കാണാനില്ല.''

''നാളെ ആ വേര് മൂടും. നോക്കിക്കോ''

ഒരാഴ്ചയെങ്കിലും കഴിയാതെ കുളിക്കാന്‍ ഇറങ്ങാന്‍ പറ്റില്ല. വെള്ളത്തിന് മൂപ്പെത്തണം. ഇല്ലെങ്കില്‍ വെള്ളത്തില്‍ കൂത്തന്‍മാര്‍ പെരുകും. പിന്നെ കുട്ടികളുടെ ഉത്സവമാണ്. പൂത്താന്‍കോലും, മുങ്ങാന്‍കുഴിയും, കരണമറിച്ചിലുമൊക്കെയായി മഗ്‌രിബ് ബാങ്ക് കൊടുക്കുന്നത് വരെയാണ് കണക്ക്. സ്‌കൂള്‍ വിട്ട് വരുമ്പോള്‍ എല്ലാവരുടെയും വേഗതയുടെ രഹസ്യം പുറത്തക്കുളമായിരിക്കും. കുളത്തിന്റെ ഏറ്റവും ഉയരംകൂടിയ ഭാഗത്ത് ഒരു പൊടുവണ്ണി മരമുണ്ട്. അതിനടുത്തു നിന്ന് താഴേക്ക് ചാടലാണ് ഏറ്റവും രസം. ആണ്‍കുട്ടികളും, പെണ്‍കുട്ടികളും, ഉടുത്തവരും, ഉടുക്കാത്തവരും എല്ലാവരും ഉണ്ടാകും ആസമയത്ത് കുളത്തില്‍.

ആ കുളമാണ് ഇങ്ങനെ കിടക്കുന്നത്. പൊറത്തക്കണ്ടത്തിലൂടെ കുയ്ക്കല കണ്ടത്തിലെത്തി. കൊയ്‌ത്തൊഴിഞ്ഞ പാടത്ത് കൊറ്റികള്‍ തപസ്സിലാണ്. അനിയന്റെ പ്രായത്തിലുള്ള കുട്ടികള്‍ കളിക്കുന്നുണ്ട്. സജിനയും, ബല്‍ക്കീസും, സുഹറയുമൊക്കെ മുതിര്‍ന്ന പെണ്‍കുട്ടികളായി. ആരും കുളിക്കാനൊന്നും വരുന്നുണ്ടാവില്ല. സുഹറ പ്രീഡിഗ്രി രണ്ടാം വര്‍ഷമാകും. പഠനത്തിന്റെ തിരക്കിലേക്ക് എല്ലാവരും ഉള്‍വലിഞ്ഞിട്ടുണ്ടാവും.

തറവാട്ടിലേക്ക് കയറി. സുഹറയെ കാണണം. മൂത്തമ്മയും ഇത്താത്തമാരും കുശലം ചോദിച്ചു. സുഹറയുടെ ചിരി വിടര്‍ന്നു. 

''പോയ മാതിരി തന്നെ. ഒരു മാറ്റവും ല്ല.''

ചിരിച്ചു. എന്ത് മാറ്റം. ഇക്കാക്ക ഗള്‍ഫില്‍ നിന്ന് വന്നപ്പൊ കൊണ്ട്‌വന്ന പാവാട ശീലയും കുപ്പായ ശീലയും സുഹറ എടുത്തുതന്നു. അതിലെ അത്തറുമണം മൂക്കിലേക്ക് അടിച്ചുകയറി.

''എപ്പളേ വന്നത്?''

ഗൗരവം വിടാത്ത മൂത്താപ്പയുടെ മുഖത്ത് പുഞ്ചിരി

''കൊറച്ചേരായി''

പാവാടപ്പൊതിയും പിടിച്ച് വീട്ടിലേക്ക് നടന്നു.

തേക്കിന്‍തൊടിയിലെ ഒതുക്കു കയറുന്നേടത്ത് പഴുത്തു തുടുത്തു നില്‍ക്കുന്ന ചോരക്കൊട്ടപ്പഴം. തൊലിപൊളിച്ചെടുത്താല്‍ രക്തക്കട്ട പോലെ ചുവപ്പായ മാംസളമായ ഭാഗം വായിലിട്ട് ഈമ്പിതിന്ന് കുരുതുപ്പാം. ഇലക്കുമ്പിളില്‍ കുറച്ച് പൊട്ടിച്ചെടുക്കാന്‍ തോന്നി. പുളിയുറുമ്പിന്റെ കടി സഹിച്ച് പറിച്ചെടുത്തു.

''കൊറച്ച് തിന്നോട്ടോ. പള്ളീലെരുത്തംപുടിപ്പിച്ചണ്ട.'' ഉമ്മ കുട്ടികള്‍ക്ക് കൊടുക്കാന്‍ സമ്മതിച്ചില്ല.

സന്ധ്യയാവുകയാണ്. കല്ലുമലയില്‍ ഇരുട്ടു പരക്കാന്‍ തുടങ്ങി. നേരത്തിന്റെയും കാലത്തിന്റെയും ഏതടയാളവും ആദ്യം ഏറ്റുവാങ്ങുക കല്ലുമലയായിരിക്കും. ഓര്‍ക്കാപ്പുറത്ത് മല പുകമൂടിയാല്‍ ഏതൊരു കുട്ടിയും വിളിച്ചു പറയും ''മലമ്മെ മയ പെയ്ത്ക്ക്ണ് ട്ടോ.'' ആറാനിട്ട തുണികളും ചൂടുതട്ടാനിട്ട വിറകും അതതിന്റെ സ്ഥാനത്തെത്തി പെണ്ണുങ്ങള്‍ നടു നിവര്‍ത്തുമ്പോഴേക്കും മുറ്റത്ത് ആദ്യത്തെ തുള്ളി വീണിരിക്കും.

നാടിന്റെ ഏതൊരു ചലനത്തിനും സാക്ഷിയായി കല്ലുമലയുണ്ട്. ആദ്യമൊക്കെ അതിനപ്പുറത്തെ ഇരുട്ടിലെങ്ങോ ബാപ്പയുണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. വളരുന്തോറും ജീവിതത്തെ പിടിച്ചു നിര്‍ത്തുന്ന വിശ്വാസങ്ങള്‍ നഷ്ടപ്പെടുമോ?

വല്യമ്മായിയുടെ ഈണത്തിലുള്ള ഖുര്‍ആന്‍ പാരായണം ചിന്തകളെ തടഞ്ഞു. ഹിറയുടെ ഏകാന്തതയില്‍ അല്‍ അമീനിന്റെ ഉള്ളുരുക്കത്തിന് പടച്ചവന്‍ നല്‍കിയ തണുപ്പായിരുന്നു അത്.

വായിക്കുക, നിന്റെ നാഥന്റെ നാമത്തില്‍ പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ചവന്‍, മനുഷ്യന് അറിയാത്തതെല്ലാം പഠിപ്പിച്ചുകൊടുത്തവന്‍, അത്യുദാരനെത്രെ അവന്‍. തൊണ്ണൂറ്റി ആറാം അധ്യായത്തിലെ പൊരുളുകളിലൂടെ കടന്നു പോവുകയാണ് അമ്മായി. യതീമായിരുന്നല്ലോ നബി. യതീമുകളെ സ്‌നേഹിച്ചവന്‍.

സബുട്ടിയെ ഓര്‍മ്മ വന്നു. ഇപ്പോള്‍ എന്തു ചെയ്യുകയായിരിക്കും അവന്‍. തല കുനിച്ച് ഏതോ തൂണുകള്‍ക്കിടയില്‍ ഇരിക്കുകയായിരിക്കുമോ? നോവുകള്‍ വെളിച്ചമാക്കിയവന്റെ മനസ്സ് കാണാന്‍ കഴിയുന്ന ആരെങ്കിലും എന്നെങ്കിലും ഈ നോവുകളെ നെഞ്ചില്‍ നിന്ന് ഏറ്റുവാങ്ങുമോ?

രണ്ടുമൂന്നു വര്‍ഷം മുമ്പ് രാത്രി മദ്രസക്കു വേണ്ടി പാടം കടന്നു പോകുന്ന രണ്ടോ മൂന്നോ കുട്ടികള്‍. ഓടക്കുറ്റിയില്‍ മണ്ണെണ്ണയൊഴിച്ച് ശീലകൊണ്ട് വലിയ തിരിയുണ്ടാക്കി കൈയ്യില്‍ വെച്ചു തരുന്ന ഉമ്മ. ബല്‍ക്കീസില്ലാത്ത ഒരു രാത്രി ഇശാ നമസ്‌കാരവും കഴിഞ്ഞ് നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന വരമ്പിലൂടെ ഒറ്റക്ക് സുറൂംകുറ്റിയുമായി നടന്നുപോരുമ്പോള്‍ ഹൃദയമിടിപ്പ് കൂടിയിരുന്നു. കുട്ടിപ്പാറയുടെ മുകളില്‍ ആരൊക്കെയോ ഇരിക്കുന്നുണ്ട്. വീട്ടിലെത്തുമ്പോള്‍ എല്ലാവര്‍ക്കും അത്ഭുതം.

''ഒറ്റക്കാ പോന്നത് ''

''ഉം''

''പേടിച്ചോ ജ്ജ്'' ഉമ്മയുടെ മുഖത്ത് വെപ്രാളം

''ഇല്ല''

പേടിച്ചാലും ഇല്ലെന്നു പറയാന്‍ അന്നേ കഴിയുമായിരുന്നു. മറ്റുള്ളവരുടെ മുമ്പില്‍ ഒന്നിനും കുനിഞ്ഞു നില്‍ക്കാന്‍ വയ്യായിരുന്നു. പിന്നെയെത്ര രാത്രികളില്‍ നിലാവു പെയ്ത് മനസ്സു തുടുത്ത പാടവരമ്പിലൂടെ ഒറ്റയ്ക്കു നടന്നു. സുറൂം കുറ്റിയുടെ അരണ്ട വെളിച്ചമല്ലാതെ മുമ്പില്‍ ഒരാള്‍ നിന്നാല്‍ പോലും കാണാത്ത കൂരിരുട്ടില്‍ ഒറ്റക്കു നടന്നുപോന്നു. കാത്തത് ആരായിരിക്കും. ആകാശത്തേക്ക് കണ്ണുകള്‍ പാഞ്ഞു. അവന്‍ തന്നെ. കനിവിന്റെ പൊരുളായവന്‍. അവന്‍ കാക്കും. സബുട്ടിയെയും കാക്കും.

എന്നിട്ടും ചോറ് തിന്നുമ്പോള്‍ തൊണ്ടയില്‍ ഒരു തടച്ചില്‍.

''മീനിന് ആക്രകൂട്ടീട്ട് വാങ്ങീതാ. അനക്ക് മാണ്ടെ?'' ഉമ്മ ശബ്ദമുയര്‍ത്തി. ഒരു കഷ്ണമെടുത്ത് വായില്‍ വെക്കുമ്പോള്‍ സബുട്ടിയുടെ കുനിഞ്ഞ മുഖം രുചി കെടുത്തി. പതുക്കെ എണീക്കുമ്പോള്‍ ഉമ്മ ഒന്നും മിണ്ടിയില്ല.

നിസ്‌കാരപ്പായയില്‍ സുജൂദില്‍ കിടന്ന് കരഞ്ഞു. കാക്കണേ പടച്ചോനേ....

...................................................

തടത്തിലൂടെ നടക്കെ തവളകളും ഞണ്ടുകളും ചത്തു മലച്ചത് കാലില്‍ തടഞ്ഞു. താന്നിമരത്തിന്റെ സ്ഥാനത്ത് ഒരു വലിയ കല്ലിനപ്പുറം അപരിചിതയെ കണ്ട മൂര്‍ഖന്‍ പടം വിടര്‍ത്തി. ''നിന്റെ വിഹാര കേന്ദ്രാലേ''?

എന്ന് അതിനോട് ചിരിച്ചപ്പോള്‍ മനസ്സിലായോ എന്തോ അതിഴഞ്ഞ് കല്ലിനടിയിലേക്കു തലതാഴ്ത്തി. 

കുയ്ക്കലെ കുളത്തിലെ വെള്ളം പച്ച നിറത്തില്‍ ഒരു കുളിയുടെ സ്പര്‍ശം കൊതിച്ച് കരയിടിഞ്ഞു കിടക്കുന്നു. അതിനു വക്കത്തെ കൈതകള്‍ക്ക് മൂന്നാള്‍ പൊക്കത്തില്‍ വന്യ സൗന്ദര്യം. ഓര്‍മകളേ നന്ദി... നിങ്ങള്‍ക്കരികിലൂടെ നടക്കാന്‍ എന്ത് സുഖം.

''ഉമ്മാ, എന്താ കൂട്ടാന്‍ വയ്ക്കാന്‍ വാങ്ങേണ്ടത്?'' സെന്തിലാണ്. ഞാനവനെ പെറ്റിട്ടില്ല. അവനെന്റെ മടിയിലുറങ്ങിയിട്ടില്ല. ഇത്താത്ത എന്നാണ് അവന് ഉമ്മയായത്? അറിയില്ല. ആബിമ്മ പോയപ്പോഴും അബ്ബ പോയപ്പോഴും അവന്‍ എന്നെ ഇത്താത്താ എന്നു തന്നെയാണ് വിളിച്ചത്. എപ്പഴോ നാവിന്‍ തുമ്പില്‍ നിന്ന് അറിയാതെ വീണുപോയ രണ്ടക്ഷരത്തില്‍ വെന്തുരുകി തലകുമ്പിട്ടു നില്‍ക്കുന്ന സെന്തിലിന്റെ മുഖം പിടിച്ചുയര്‍ത്തി.

''അതു തന്നെ വിളിച്ചാ മതി''

എന്നു പറയുമ്പോള്‍ ഉള്ളില്‍ മുഴുവന്‍ താരാട്ടുപാട്ടിന്റെയും  ഈണമുണ്ടായിരുന്നു. പ്രസവിക്കണോ ഉമ്മയാവാന്‍? അറിയില്ല.

നന്ദി കാരുണ്യപ്പൊരുളേ, പ്രസവിക്കാതെ, പോറ്റാതെ എനിക്കു മക്കളെ തന്നതിന്. കല്ലുമലയുടെ ഉച്ചിയില്‍ നിന്ന് കാറ്റിന്റെ ഊഞ്ഞാലില്‍ ഞാണു കിടന്ന് ആരൊക്കെയോ വിളിച്ചുണര്‍ത്തുന്നു. ''ഉമ്മച്ചീ...ഉമ്മച്ചിയേ...ഞങ്ങളില്ലേ ഇവിടെ? നെല്ലിക്കീം പെറുക്കി, ഇളം വെയിലും കൊണ്ട്.....ഉമ്മച്ചി വരിണില്ലേ....?''

പകുതിയും നരച്ചു വെളുത്ത എന്റെ മുടിയിഴകളില്‍ വിരലോടിച്ച് അവര്‍ അവരുടെ വായിലെ നെല്ലിക്ക വെള്ളത്തിന്റെ തണുപ്പ് എന്റെ മൂര്‍ദ്ധാവിലേക്കൊഴുക്കുന്നു. അറപ്പില്ലല്ലോ ഒട്ടും. സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ തണുപ്പ്.

അബ്ബ പോയപ്പോള്‍ സെന്തിലിന്റെ പേര്‍ക്കെഴുതിയ വീടും രണ്ടേക്കര്‍ പറമ്പും അവനു മാത്രമല്ല, സബൂട്ടിക്കും കുടുംബത്തിനും പൊറുതിയും അവരുടെ പ്രവര്‍ത്തനങ്ങളുടെ ഓഫീസുമായി.

''ഇത്താത്താ യതീംഖാനകളൊക്കെ എന്നേ അടച്ചുപൂട്ടണം''

മതിലുകളുടെ ശ്വാസം മുട്ടലില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ വഴികളിലേക്ക് ചാടിക്കടന്ന സബൂട്ടിയുടെ ആശയം പക്ഷെ അംഗീകരിക്കാനായില്ല. 

''അല്ല സബൂട്ടി യതീംഖാനകള്‍ തുറന്നു തന്നെ കിടക്കട്ടെ.''

 എന്നെയും നിന്നെയും നമ്മെപ്പോലെ പതിനായിരങ്ങളെയും ജീവിതത്തിന്റെ വഴികളില്‍ നിവര്‍ത്തി നിര്‍ത്തിയത് മറ്റൊന്നുമല്ല. 

''ഇടറിവീണവരും ണ്ട് ഇത്താത്താ......''

''അത് എല്ലായിടത്തും ഇല്ലേ...?'' കാഴ്ചകളും കാഴ്ചപ്പാടുകളുമാണ് മാറ്റേണ്ടത്. യതീമിനെ യതീംഖാനയില്‍ നിര്‍ത്തിയാണ് സംരക്ഷിക്കേണ്ടത് എന്ന ധാരണയെ. കുട്ടികളെ ഒരു പറിച്ചു നടീലില്‍ നിന്നും പരമാവധി രക്ഷപ്പെടുത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയുകയാണ് വേണ്ടത്. ഒരു വാര്‍ഡനും ഉപ്പയും ഉമ്മയുമല്ല എന്ന ബോധ്യമുണ്ടാവട്ടെ എല്ലാവര്‍ക്കും. യതീംഖാനയില്‍ യതീമുകള്‍ വളരുന്നത് ഗതികേടുകൊണ്ടാണ്. ഹോസ്റ്റലുകളില്‍ എല്ലാമുണ്ടായിട്ടും, എല്ലാവരുമുണ്ടായിട്ടും വളരുന്ന യതീമുകളോ? ഒക്കെ ഒന്നുതന്നെ. അനാഥത്വം. കാത്തിരിക്കാന്‍ ആളില്ലാതെ വരുമ്പോളുണ്ടാകുന്ന ശൂന്യത.

സബുട്ടിക്ക് ബോധ്യപ്പെട്ടു. സെന്തിലിനും. എളുപ്പം ബോധ്യപ്പെടുമല്ലോ അനുഭവങ്ങളുടെ പാകതയില്‍ വളര്‍ന്നവര്‍ക്ക്. പോംവഴിയെപ്പറ്റിയുള്ള ചിന്തകളും ചര്‍ച്ചകളും വേണ്ടുവോളം നടന്നു. അബ്ബയുടെ വീട്ടില്‍, റഹ്മയും സബൂട്ടിയും സെന്തിലും ഒഴിവു സമയങ്ങളില്‍ വിരുന്നെത്തുന്ന ഞാനും ഇക്കയും. സബുട്ടിയുടെ മനസ്സുണര്‍ന്നു. ചിന്തകളും സ്‌പോണ്‍സര്‍ഷിപ്പ് എന്ന ആശയത്തിലേക്കുള്ള എത്തിപ്പെടല്‍.

രാവും പകലും, സബൂട്ടിയും സെന്തിലും പണിയെടുത്തു. റഹ്മ കൂടെ നിന്നു. ആളുകളുമായുള്ള കൂടിക്കാഴ്ചകള്‍. അബ്ബയുടെ പേരിലുള്ള ട്രസ്റ്റ് രൂപീകരണം. അതിന്റെ നിയമ വഴികള്‍. ഡോക്ടര്‍ സുല്‍ഫിക്കര്‍ ആദ്യത്തെ തുക ട്രസ്റ്റിനു കൈമാറി. പത്താംക്ലാസ് കഴിഞ്ഞാല്‍ വേണ്ടവര്‍ക്ക് യതീംഖാനയില്‍ ചേരാം. അല്ലാത്തവര്‍ക്ക് സ്വന്തം വീട്ടില്‍ തങ്ങാം. അതുവരെ കുടുംബങ്ങളെ പിരിയാതെയുള്ള പഠനം. ചെലവുകള്‍ മുഴുവന്‍ ട്രസ്റ്റ് വഹിക്കും. ഇതായിരുന്നു ട്രസ്റ്റിന്റെ വ്യവസ്ഥ.

ബാപ്പ മരിച്ചവരെക്കാള്‍ കഷ്ടപ്പെടുന്ന അഗതികളുണ്ട്. അവരെയും പരിഗണിക്കണം. ധാര്‍മികത ഉറപ്പു വരുത്തണം. മോണിറ്ററിംഗ് ശക്തമാക്കണം.

സമാന മനസ്‌കരെ ഒപ്പംകൂട്ടി ഓരോ സ്ഥലത്തും സന്നദ്ധ സേവകര്‍. എല്ലാം ഒന്നിച്ച് ട്രസ്റ്റിന്റെ കീഴില്‍. ഇടക്കിടെ ചേരുന്ന കുടുംബസംഗമങ്ങള്‍. 

പണിയെടുത്താല്‍ ഏത് പാറക്കെട്ടും തലകുനിക്കും. മുള്‍പ്പടര്‍പ്പുകള്‍ പൂവാടികളാകും. ''ഷാഹുല്‍ ഹമീദ് രക്ഷാട്രസ്റ്റ്'' വളര്‍ന്നു. പടര്‍ന്നു. പന്തലിച്ചു. ഉപരിപഠനത്തിന് യതീംഖാനയുമായി സംസാരിച്ച് യതീംകുട്ടികള്‍ക്ക് കോളേജില്‍ കൂടുതല്‍ സീറ്റ് നല്‍കാന്‍ ധാരണയായി. സെന്തില്‍ പത്ത് സെന്റൊഴികെ ബാക്കി മുഴുവന്‍ ട്രസ്റ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. ഭൂമിയിലെ നനവുകള്‍ കാരുണ്യപ്പൊരുളേ നിന്റേതു  മാത്രമെന്ന് കണ്ണുകളടച്ചു. ഒഴിവു സമയങ്ങളിലെ സന്ദര്‍ശനങ്ങള്‍ മാത്രം നല്‍കി ഞാനും ഇക്കയും സഹകാരികളായി.

സബുട്ടിക്ക് മനസ്സിനിണങ്ങിയ ഒരു ജോലി ശരിയായി. പോയിവരാവുന്ന ദൂരത്തിനകത്തായപ്പോള്‍ റഹ്മയുടെ കവിളിലെ കുഴികള്‍ക്ക് ആഴം കൂടി. അവന്റെ മോള്‍ പിച്ചവെച്ച് നടക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉമ്മമ്മാന്ന് അവളുടെ കൊഞ്ചല്‍ എന്റെ ഓര്‍മകളെ പച്ചയാക്കുന്നു.

രാത്രി ഭക്ഷണത്തിനു മുമ്പ് ഇക്ക, ഒന്നു പുറത്തിറങ്ങട്ടെ യെന്നിറങ്ങിയപ്പോള്‍ വെറുതെ പുറത്തെ കോലായില്‍ ചെന്നിരുന്നു. സബുട്ടിയുടെ മുറിയില്‍ നിന്ന് റഹ്മയും അവനും തമാശയുടെ തര്‍ക്കം.

''എന്റെ ഇത്താത്തയാണ് ട്ടോ. ഇജെന്നാ ഇത്താത്താനെ കാണാന്‍ തൊടങ്ങീത്...''

''ഓ പിന്നെ ഇങ്ങളല്ലെ ഇക്കാ ഇത്താത്താനെ ഇട്ട് പോയത്. സ്‌നേഹത്തെപ്പറ്റി പറയണ്ട.

അവന്റെ മറുപടി വ്യക്തമല്ല. മേശ വലിപ്പില്‍ ഇപ്പോഴും മയങ്ങുന്ന അവന്റെ കത്തുകള്‍ ചിരിയോടെ ഓര്‍ത്തു.

''ഇത്താത്ത നമ്മുടേതല്ലേ റഹ്മൂ....''

അവന്റെ സമവായം.

''അതിനേക്കാളൊക്കെ, കാരുണ്യത്തിന്റെ തമ്പുരാനേ നീയെന്നെ സ്‌നേഹിക്കുന്നില്ലേ?'' കണ്ണുകള്‍ ആകാശത്തുടക്കി. അതെയെന്ന് നക്ഷത്രക്കുഞ്ഞ് കണ്‍ചിമ്മി ചിരിച്ചു.

ദൂരെ എവിടെ നിന്നോ നകാരയുടെ ശബ്ദം.....എനിക്ക് തോന്നിയതാവുമോ?.......

(തുടരും)

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top