പാഴാക്കല്ലേ അവധിക്കാലം

അഷ്‌റഫ് കാവില്‍

പഠനത്തിനും പരീക്ഷകള്‍ക്കും തല്‍ക്കാലം വിടപറഞ്ഞ് അവധിക്കാലം ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാവും കുട്ടികള്‍. ഒഴിവുകാലം ആഘോഷിക്കാന്‍ കുടുംബങ്ങളോടൊപ്പം ഒരുങ്ങുകയാകും. കഷ്ടപ്പെട്ട് പഠിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ അവധിക്കാലത്തെ ഒഴിവ് സമയം ഉറങ്ങിത്തീര്‍ക്കുന്നവരാണ് ചില കുട്ടികള്‍. ടെലിവിഷന്‍ ചാനലുകള്‍ക്കും, കമ്പ്യൂട്ടറുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും മുന്നില്‍ ചടഞ്ഞിരിക്കുന്നവരാണ് മറ്റ് ചിലര്‍. ഒഴിവുകാലം ഇങ്ങനെ വെറുതെ പാഴാക്കാനുള്ളതല്ല. കൃത്യമായി ആസൂത്രണം ചെയ്ത് പ്രയോജനപ്പെടുത്തേണ്ട വിലയേറിയ സമയമാണ് അവധിക്കാലം. പഠനഭാരവും പരീക്ഷകളും ഏല്‍പിച്ച മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും ലഘൂകരിക്കാന്‍ ഒഴിവുകാലം അര്‍ഥപൂര്‍ണമായി ചെലവിടുന്നത് വഴി കഴിയും. ഹോംവര്‍ക്കുകളും അസൈന്‍മെന്റുകളും നല്‍കിയ മടുപ്പും വിരസതയും മാറ്റി ശരീരത്തിനും മനസ്സിനും നവോന്മേഷവും ഊര്‍ജവും പകരാന്‍ അവധിദിനങ്ങള്‍ ക്രിയാത്മകമായി വിനിയോഗിക്കുകവഴി സാധിക്കും. 

ഒഴിവുകാലം ഫലപ്രദായി പ്രയോജനപ്പെടുത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അതില്‍ പ്രധാനമാണ് വായന. പാഠപുസ്തകങ്ങള്‍ക്ക് പുറത്ത് ഒരുവരിപോലും വായിക്കാന്‍ തയ്യാറാകാത്ത വിധം വായനാശീലം നഷ്ടപ്പെട്ട ഒരു തലമുറ ഇന്ന് സമൂഹത്തില്‍ വളര്‍ന്നുവരുന്നുണ്ട്. കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ പറ്റിയ സമയം ഒഴിവുകാലമാണ്. ഭാവനാലോകത്ത് നയിക്കാന്‍ മാത്രമല്ല, ആത്മവിശ്വാസം പകരാനും ലക്ഷ്യബോധം വളര്‍ത്താനും, ലോകത്തെ അറിയാനും വായന സഹായിക്കുന്നു. വായന, കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും വ്യക്തിത്വവികസനത്തിലും വഹിക്കുന്ന പങ്ക് വലുതാണ്. ചിന്തയെ ഉദ്ദീപിപ്പിക്കാന്‍ വായനക്ക് കഴിയും. വായന മനുഷ്യനെ പൂര്‍ണനാക്കുന്നുവെന്ന് ഫ്രാന്‍സിസ് ബേക്കണ്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പാഠപുസ്തകങ്ങള്‍ക്ക് പുറത്ത് കഥകളും കവിതകളും നോവലുകളും നാടകങ്ങളുമൊക്കെ വായനയില്‍ ഇടം നേടണം.

വീടിനടുത്ത വായനാശാലകളില്‍ നിത്യസന്ദര്‍ശകരാവുകയും ആനുകാലിക പ്രസിദ്ധീകരണങ്ങളും പത്രങ്ങളും സ്ഥിരമായി വായിക്കുകയും വേണം. നല്ലൊരു ലൈബ്രറിയില്‍ അംഗമായി ചേര്‍ന്ന് ഇഷ്ടമുള്ള പുസ്തകങ്ങളെടുത്ത് വായിക്കണം. കഴിയുമെങ്കില്‍ വീട്ടില്‍ ഒരു കൊച്ചു ലൈബ്രറി ഒരുക്കുകയുമാവാം. വായിച്ച പുസ്തകങ്ങളെക്കുറിച്ച് ചെറുകുറിപ്പുകള്‍ എഴുതി സൂക്ഷിക്കണം. ഈ നല്ലശീലം ഭാവിയില്‍ വിവിധ മത്സരപ്പരീക്ഷകള്‍ക്കും ജോലിസംബന്ധമായ അഭിമുഖങ്ങള്‍ക്കും ഉപരിപഠനത്തിനും ഏറെ ഗുണം ചെയ്യും.

 ക്ലാസ് മുറിക്ക് പുറത്തുള്ള ലോകത്തെ കുറിച്ചറിയണമെങ്കില്‍ യാത്രകള്‍ അനിവാര്യമാണ്. പ്രകൃതിയെന്ന അതിവിപുലവും സമ്പന്നവുമായ തുറന്ന പാഠപുസ്തകത്തെ വായിച്ചെടുക്കാനുള്ള അവസരമാണ് യാത്രകള്‍. വൈവിധ്യമാര്‍ന്ന സംസ്‌കാരവും ജീവിതരീതികളും നേരിട്ടറിയാനും പ്രദേശങ്ങളുടെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകള്‍ അനുഭവിച്ചറിയാനും യാത്രകള്‍ സഹായിക്കുന്നു. ലോകം ഒരു പുസ്തകമാണ്; സഞ്ചരിക്കാത്തവര്‍ അതില്‍ ഒരു താള്‍ മാത്രമേ വായിക്കുന്നുള്ളൂ എന്നാണ് സെന്റ്് അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടത്. അവധിക്കാലത്തെ കുറച്ച് ദിവസങ്ങള്‍ യാത്രകള്‍ക്കായി മാറ്റിവെക്കണം. കുടുംബസമേതം വിനോദസഞ്ചാര കേന്ദ്രങ്ങളും ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കാം. യാത്രക്കിടയിലെ കാഴ്ചകളും അനുഭവങ്ങളും യാത്രാവിവരണക്കുറിപ്പുകളായി എഴുതി സൂക്ഷിക്കുകയും വേണം. ഇത് പില്‍ക്കാലത്ത്  കുട്ടികള്‍ക്ക് വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായിത്തീരും.

ഇന്നത്തെ അണുകുടുംബങ്ങളിലെ കുട്ടികളില്‍ മിക്കവരും കുടുംബബന്ധങ്ങളുടെ വിലയറിയാതെ വളര്‍ന്നുവരികയാണ്. പുതിയ തലമുറയില്‍പ്പെട്ട കുട്ടികള്‍ക്ക് സ്വന്തം കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുന്നതിന് കുടുംബസംഗമങ്ങള്‍ വരെ സംഘടിപ്പിക്കേണ്ടിവരുന്ന കാലമാണിത്. കുടുംബങ്ങള്‍ തമ്മിലുണ്ടാകേണ്ട സ്‌നേഹത്തിന്റെ ഇഴയടുപ്പം ഇന്ന് കുറഞ്ഞ് വരുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന്, കുടുംബസമേതം, ബന്ധുവീടുകളിലേക്ക് യാത്രകള്‍ പോകാന്‍ അവധിക്കാലം നീക്കിവെക്കണം. ഇത്തരം യാത്രാവേളകളില്‍ കുടുംബത്തിലെ പ്രായമായവരും കുട്ടികളും തമ്മിലുള്ള ഒത്തുചേരലിന് അവസരമൊരുക്കണം. കുട്ടികളും മാതാപിതാക്കളും കുടുംബബന്ധുക്കളും തമ്മില്‍ പരസ്പരമുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും, സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും ഇത്തരം കുടുംബയാത്രകള്‍ പ്രയോജനപ്പെടും. 

വാര്‍ത്തകള്‍ ഉള്‍പ്പെടെ നിലവാരമുള്ള ടെലിവിഷന്‍ പരിപാടികള്‍ കാണാനും റേഡിയോ പരിപാടികള്‍ കേള്‍ക്കാനും സംഗീതം ആസ്വദിക്കാനും നിശ്ചിതസമയം നീക്കിവെക്കാം. ആവശ്യമുള്ള വിവരങ്ങള്‍ കണ്ടെത്താനും കാര്‍ട്ടൂണുകള്‍ കാണാനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും നല്ലതാണ്. അല്‍പ സമയം വീഡിയോ ഗെയിമുകള്‍ കളിക്കുന്നതിനും മാറ്റിവെക്കാം. എന്നുവെച്ച്, ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടാബ്ലെറ്റ് എന്നിവക്ക് മുന്നില്‍ സദാസമയം ചടഞ്ഞിരുന്ന് ജീവിതം തളച്ചിടരുത്. കാരണം ഇവ മണിക്കൂറുകളോളം തുടര്‍ച്ചയായി ഉപയോഗിക്കുന്നത് രക്ത സമ്മര്‍ദ്ദമുണ്ടാക്കാനുള്ള സാധ്യത 30% കൂടുതലാണെന്ന് ബ്രസീലിലെ സാവോവോളോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഏറ്റവും പുതിയ പഠനം തെളിയിക്കുന്നു. ദിവസവും ഒരു മണിക്കൂറെങ്കിലും ശരീരം ഇളകി കളിക്കാത്ത കുട്ടികള്‍ക്ക് 50%ത്തില്‍ അധികമാണ് രക്തസമ്മര്‍ധത്തിനുള്ള സാധ്യതയെന്നും ഈ പഠനം വ്യക്തമാക്കുന്നു. കുട്ടികളെ നിര്‍ബന്ധമായും വിനോദങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്ക്  ഗവേഷണഫലം വിരലല്‍ ചൂണ്ടുന്നു. ശരീരത്തിനും മനസ്സിനും ആനന്ദവും ആരോഗ്യവും ഊര്‍ജവും പകരുന്ന കായിക വിനോദമാണ് കളികള്‍. കളികള്‍ നല്‍കുന്ന മാനസികോര്‍ജ്ജം കുട്ടികളെ പഠനത്തില്‍ മിടുക്കരാക്കാന്‍ സഹായിക്കുമെന്ന പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നല്ല സൗഹൃദങ്ങള്‍ വളര്‍ത്തുന്നതിനും നേതൃത്വപാടവം വികസിപ്പിക്കുന്നതിനും സംഘകളികള്‍ സഹായകമാവും. അതുകൊണ്ടാണ് കളി കളിയല്ല, കാര്യമാണ് എന്ന് പറയുന്നത്.

ട്യൂഷനും, സ്‌പെഷ്യല്‍ ക്ലാസ്സുകളും, എന്‍ട്രസ്സ് കോച്ചിംങ്ങും കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകളുമൊക്കെയായി ഒഴിവുകാലം ഇന്നത്തെ കുട്ടികള്‍ക്ക് തിരക്കിന്റെ കാലമായി മാറിയിട്ടുണ്ട്. എന്നാല്‍ പഠനസമ്മര്‍ദ്ദങ്ങളില്‍ നിന്ന് സ്വന്ത്രമായി മാനസികോല്ലാസത്തിനുതകുന്ന വിനോദപരിപാടികളില്‍ കുട്ടികള്‍ വ്യാപൃതരാകേണ്ട കാലമാണ് ഒഴിവുകാലം. പുതിയ ഹോബികള്‍ തുടങ്ങാനും നിലവിലുള്ളവ പരിപോഷിക്കാനും അവധിക്കാലം പ്രയോജനപ്പെടുത്താം. സ്റ്റാമ്പുകള്‍, നാണയങ്ങള്‍ മഹാന്മാരുടെ കൈയൊപ്പുകള്‍, മഹദ്‌വചനങ്ങള്‍ തുടങ്ങിയവ ശേഖരിക്കാം. പക്ഷികള്‍, പൂമ്പാറ്റകള്‍, പൂക്കള്‍ എന്നിവയെ നിരീക്ഷിക്കാം. ഫോട്ടോഗ്രാഫി, കൊളാഷ് നിര്‍മാണം തുടങ്ങിയവയുമാകാം. പാഴാക്കിക്കളയുന്ന വസ്തുക്കളില്‍ നിന്ന് കളിപ്പാട്ടങ്ങളും കൗതുകവസ്തുക്കളും നിര്‍മിക്കാം. ഇതിന് പരിശീലനം ആവശ്യമെങ്കില്‍ പുസ്തകങ്ങളുടെയും മുതിര്‍ന്നവരുടെയും സഹായം തേടാം. ഇത്തരം ഹോബികള്‍ മനസ്സിന് ഉന്മേഷം പകരുക മാത്രമല്ല, ഭാവിയില്‍ വേണമെങ്കില്‍ വരുമാനം കണ്ടെത്താനുള്ള മാര്‍ഗവുമായിത്തീരും.

സ്‌കൂള്‍ പഠനത്തിന്റെ തിരക്കില്‍ ആര്‍ജിക്കാന്‍ കഴിയാതെ പോയ നൈപുണികള്‍ പരിശീലിക്കാന്‍ ഒഴിവുസമയം പ്രയോജനപ്പെടുത്തണം. നീന്തല്‍ അറിയാത്തതുമൂലം നിരവധി കുട്ടികളാണ് ഓരോ വര്‍ഷവും വിനോദ യാത്രാവേളയിലും മറ്റും പുഴയിലും കടലിലും കുളിക്കുന്നതിനിടയില്‍ അപകടത്തില്‍ പെടുന്നത്. അതുകൊണ്ട് തന്നെ മുതിര്‍ന്നവരുടെ സഹായത്തോടെ നീന്തല്‍ പഠിക്കുന്നതിന് ഈ അവധിക്കാലം പ്രയോജനപ്പെടുത്തണം. സൈക്കില്‍ ചവിട്ടുന്നതിനും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനും പരിജ്ഞാനമില്ലാത്തവര്‍ അവ പഠിക്കുന്നതിന് അവധിക്കാലത്ത് സമയം നീക്കിവെക്കണം. 

ചിത്രരചന, സംഗീതം, നാടകം, ചെസ്, വോളിബോള്‍, ഫുട്‌ബോള്‍, ഷോര്‍ട്ട്ഫിലിം നിര്‍മ്മാണം തുടങ്ങി കുട്ടികള്‍ക്ക് കഴിവും താല്‍പര്യവുമുള്ള കലാ -സാഹിത്യ-കായിക രംഗങ്ങളില്‍ കൂടുതല്‍ പരിശീലനം നേടുന്നതിന് ഒഴിവുകാലത്ത് നടക്കുന്ന പരിശീലനക്കളരികളില്‍ പങ്കെടുക്കാം. സ്വഭാവപരിഷ്‌കരണത്തിനും വ്യക്തിത്വ വികസനത്തിനും ഉതകുന്ന വിധത്തില്‍, നല്ല ശീലങ്ങളും മൂല്യങ്ങളും ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ നേതൃത്വ പാടവ ശില്‍പശാലകളില്‍ പങ്കെടുക്കാം.

ക്ലാസ്സില്‍ ചര്‍ച്ച ചെയ്ത ശാസ്ത്രവിഷയങ്ങള്‍ സ്വയം പരീക്ഷിച്ചും നിരീക്ഷിച്ചും പഠിക്കുന്നതിന് സ്‌കൂള്‍ പ്രവര്‍ത്തന സമയത്ത് സമയം തികയാറില്ല. ഈ കുറവ് പരിഹരിക്കാനുള്ള സുവര്‍ണാവസരമാണ് ഒഴിവുകാലം. അതുകൊണ്ട് തന്നെ അവധിക്കാലത്ത് വീട്ടിലിരുന്ന് ചെയ്ത് നോക്കാവുന്ന പരീക്ഷണങ്ങളില്‍ മുഴുകുന്നത്, ശാസ്ത്രഭാവന വികസിക്കുന്നതിന് സഹായകരമാകും.

അണ്ണാറക്കണ്ണനും തന്നാലയത് എന്ന് പറയാറുണ്ട്. അവധിക്കാലത്ത് മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ നാട്ടില്‍ നടക്കുന്ന പൊതുപരിപാടികളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും തങ്ങളാല്‍ കഴിയുന്ന വിധം സജീവമായി പങ്കെടുക്കാന്‍ കുട്ടികള്‍ ശ്രദ്ധിക്കണം. മരം നട്ടുപിടിപ്പിക്കല്‍, ജലാശയ സംരക്ഷണം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വിപത്ത് തടയല്‍,  ശുചിത്വം, പൊതുജനാരോഗ്യം, ഊര്‍ജ സംരക്ഷണം തുടങ്ങി സമൂഹനന്മക്കുതകുന്ന പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് പങ്കാളികളാകാം. കഴിയുമെങ്കില്‍ കുട്ടികളുടെ കലാ - സംസ്‌കാരിക സമിതികള്‍ രൂപവത്കരിച്ച് ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുത്ത് ഭംഗിയായി നിര്‍വഹിക്കാനും ശ്രമിക്കണം. അതുവഴി ഒഴിവുകാലത്ത് സമൂഹത്തില്‍ നന്മയുടെ പ്രകാശം പരത്താന്‍ കുട്ടികള്‍ക്ക് കഴിയും.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിയന്ത്രണമില്ലാതെ സര്‍വസ്വതന്ത്രരായി കൂട്ടുകാരോത്ത് യഥേഷ്ടം കളിച്ചും കൂട്ടുകൂടിയും കറങ്ങി നടക്കുന്നതില്‍ ചില കുട്ടികള്‍ സമയം കണ്ടെത്തുന്ന കാലമാണ് അവധിക്കാലം. അതുകൊണ്ട്  തന്നെ ചീത്ത കൂട്ടുകെട്ടുകളില്‍ അകപ്പെട്ട് പുകവലി, മദ്യപാനം, മയക്കുമരുന്നുപയോഗം തുടങ്ങിയ ദുശ്ശീലങ്ങളുടെ ലോകത്തേക്ക് വഴിതെറ്റിപ്പോകാതെ നോക്കണം ഒഴിവുകാലത്ത്. രക്ഷിതാക്കളുടെ ശ്രദ്ധയും ജാഗ്രതയും കൂടി ഇവിടെ ആവശ്യമുണ്ട്. നല്ല ചങ്ങാതിമാരുമായി വേണം അവധിക്കാലം ആസ്വദിക്കാന്‍. കുട്ടികളില്‍ അനുഗുണമായ സാമൂഹിക മൂല്യങ്ങളും പെരുമാറ്റരീതികളും വളര്‍ത്തിയെടുക്കുന്നതിന് നല്ല സൗഹൃദത്തിന് വലിയ പങ്കുണ്ട്. സ്‌നേഹം, ക്ഷമ, സഹകരണം സഹായ മനസ്ഥിതി തുടങ്ങിയ നല്ല മാനുഷിക ഗുണങ്ങള്‍ വളര്‍ത്താന്‍ സൗഹൃദം അത്യാവശ്യമാണ്. അതിനാല്‍ നല്ല സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള അവസരമായി ഒഴിവുകാലത്തെ കാണണം. 

പത്തുമാസത്തെ നീണ്ട പഠനത്തിനൊടുവില്‍ ഒരനുഗ്രഹം പോലെ വന്നെത്തുന്ന വേനലവധിക്കാലം കുട്ടികള്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ നല്‍കുന്ന കാലയളവായി മാറണം. അവധിക്കാല ദിനങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാല്‍ പുതിയ അധ്യയനവര്‍ഷത്തെ ആത്മവിശ്വാസത്തോടെ വരവേല്‍ക്കാനുള്ള ഊര്‍ജവും നവോന്മേഷവും ഓരോ കുട്ടിക്കും ലഭിക്കും

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top