സ്ത്രീ സ്വാത്യവും സാമൂഹിക പങ്കാളിത്തവും പുനരാലോചന തേടുന്ന നിലപാടുകള്‍

ഒ. വി. സാജിദ

ആമുഖം 

ഏതൊരു സമൂഹത്തിലും സ്ത്രീകള്‍ക്ക് ലഭിക്കുന്ന ആദരവിനും പരിഗണനക്കും പ്രസ്തുത സമൂഹം സ്ത്രീകളോട് പൊതുവെ വച്ച് പുലര്‍ത്തുന്ന നിലപാടുകളോടും സമീപനത്തോടും ബന്ധമുണ്ട്. ഇത് മുന്‍നിര്‍ത്തി മലേഷ്യയിലെ മഹാഭൂരിഭാഗം വരുന്ന മുസ്‌ലിം ബഹുജനങ്ങള്‍ എപ്രകാരമുള്ള സമീപനമാണ് സ്ത്രീകളോട് വച്ച് പുലര്‍ത്തുന്നത് എന്ന് പരിശോധിക്കാനുള്ള ഒരു ശ്രമമാണ് ഈ പ്രബന്ധം. ഒരു പക്ഷെ മുസ്‌ലിം നാടുകളില്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം സ്ത്രീകള്‍ അനുഭവിക്കുന്നു എന്ന് എല്ലാവരും സമ്മതിക്കാന്‍ സാധ്യതയുള്ള ഒരു രാഷ്ട്രമാണ് മലേഷ്യ. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു വിവേചനവും നേരിടാതെ സ്ത്രീകള്‍ക്ക് മുന്നേറാനും സാമൂഹിക തലത്തില്‍ കൃത്യമായ മുദ്രകള്‍ സ്ഥാപിക്കാനും മലേഷ്യയില്‍ സാധിക്കുന്നത് സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും അവരുടെ സാമൂഹിക പങ്കാളിത്തത്തെ കുറിച്ചും മലേഷ്യയിലെ പൊതുസമൂഹം വച്ച് പുലര്‍ത്തുന്ന വിശാലമായ ഒരു നിലപാട് കാരണമാണ് എന്നാണ് ഈ പ്രബന്ധം വിലയിരുത്തുന്നത്. ഇസ്‌ലാമിക വിശ്വാസ പ്രമാണത്തില്‍ വിട്ട്‌വീഴ്ചയില്ലാതെ വിശ്വസിക്കുന്നവരായിട്ടും മലേഷ്യയിലെ ഏതാണ്ടെല്ലാവരും നമ്മുടെ നാട്ടില്‍ കണ്ട് വരുന്ന സമീപനത്തില്‍ നിന്നും വ്യത്യസ്തമായ ഒരു സ്ത്രീ കാഴ്ചപ്പാട് വച്ച് പുലര്‍ത്തുന്നത് മുന്‍നിര്‍ത്തി ഇസ്‌ലാം സ്ത്രീകളെ നാം ശീലിച്ച രീതികളിലൂടെ മാത്രമെ സമീപിക്കാവൂ എന്ന് നിഷ്‌കര്‍ഷിക്കുന്നില്ല എന്ന ഒരാശയം ഈ പ്രബന്ധം മുന്നോട്ട് വെക്കുന്നുന്നു. ഇസ്‌ലാമിനോട് ചേര്‍ന്ന് നില്‍ക്കുന്നിടത്തോളം സ്ത്രീക്കള്‍ വിവേചനത്തിന്നും അവഗണനക്കും രണ്ടാം കിട പൗരപദവിക്കും അര്‍ഹരാവും എന്ന ഇസ്‌ലാമിന്നെതിരെ ഉയര്‍ന്നുവരുന്ന ആക്ഷേപസ്വരമുള്ള വിമര്‍ശനങ്ങളെ ഈ അനുഭവങ്ങള്‍ ശക്തിയുക്തം നിരാകരിക്കുന്നു.  അതോടൊപ്പം ഓരോ സമൂഹത്തിലും സ്ത്രീകള്‍ ആദരവും ബഹുമാനവും സ്വാതന്ത്ര്യവും നേടിയെടുക്കണമെങ്കില്‍ സ്ത്രീകളോടുള്ള നമ്മുടെ സാമ്പ്രദായിക സമീപനങ്ങളില്‍ ഒരു പാട് മാറ്റം ആവശ്യമുണ്ടെന്നും ഈ പ്രബന്ധം അവകാശപ്പെടുന്നു. മാറ്റം ആവശ്യമുള്ള മേഖലകള്‍ ഏതൊക്കെ എന്ന് ചൂണ്ടികാട്ടാന്‍ ഉപകരിക്കുന്നതാണ് മലേഷ്യന്‍ അനുഭവങ്ങളെ മുന്‍നിര്‍ത്തി ഈ പ്രബന്ധത്തില്‍ ചര്‍ച്ച ചെയ്യുന്ന എല്ലാ വിഷയങ്ങളും ഉദാഹരണങ്ങളും. 

മലേഷ്യന്‍ സമൂഹത്തിലെ സ്ത്രീ പദവിയും പ്രതിനിധാനവും 

മലേഷ്യന്‍ സ്ത്രീ സമൂഹത്തിന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയും അനുകൂലമായ ഘടകങ്ങളെ കുറിച്ചു അന്വേഷിക്കുമ്പോള്‍ ഏറ്റവും പരമപ്രധാനമായ ഘടകം അവര്‍ അനുഭവിക്കുന്ന ബഹുമുഖ സ്വാതന്ത്ര്യമാണ് എന്നു മനസ്സിലാക്കാന്‍ സാധിക്കും. കുടുംബപരമായ മേഖലകളിലും ഭൗതികവും മതപരവും ആയ മറ്റെല്ലാ രംഗങ്ങളിലും മലേഷ്യയിലെ പൊതുസമൂഹം സ്ത്രീകളെ സ്വതന്ത്ര വ്യക്തിത്വങ്ങളയാണു കാണുന്നത്. സ്ത്രീ , അവള്‍ സ്ത്രീ ആയതുകൊണ്ടു മാത്രം അവള്‍ ദുര്‍ബലയാണെന്നോ എന്നും മറ്റുള്ളവര്‍ക്കു അധീനപ്പെട്ട്, എന്നെന്നും മറ്റുള്ളവരുടെ ആശ്രിതരായി ജീവിക്കേണ്ടവാളാണെന്നോ സമൂഹം കരുതുന്നില്ല. മറിച്ചു പുരുഷവിഭാഗത്തെ പോലെ തന്നെ കഴിവും അവകാശവും ഉള്ള ഒരു വിഭാഗമായിട്ടാണു സമൂഹം സ്ത്രീസമൂഹത്തെ കാണുന്നത്. അതുകൊണ്ട് തന്നെ സ്വന്തം അഭിലാഷങ്ങള്‍ക്കും കഴിവുകള്‍ക്കും അനുസരിച്ചു ഏതുമേഖലയില്‍ എത്തിപ്പെടാനും സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജെന്റര്‍ ഒരു തടസ്സമാകുന്നില്ല. ഇതിനര്‍ഥം സ്ത്രീയും പുരുഷനും തമ്മിലുള്ള  ജെന്ററുകള്‍ എന്ന നിലയിലുള്ള വേര്‍തിരിവ് നിലനില്‍ക്കുന്നില്ല എന്നല്ല. മറിച്ച് ഇരു കൂട്ടരും രണ്ട് വ്യത്യസ്ഥ വിഭാഗങ്ങളാണ് എന്ന യാഥാര്‍ഥ്യം സമ്മതിച്ച് കൊണ്ട് തന്നെ പരസ്പര്‍ം ആദരിക്കപ്പെടേണ്ടവരും സ്വന്തം അവകാശം ആരില്‍നിന്നും യാചിച്ച് വാങ്ങേണ്ടവരുമല്ല എന്ന അര്‍ഥത്തിലുള്ള ഒരു ഉറച്ച കാഴ്ചപ്പാട് നിലനില്‍ക്കുന്നു എന്ന് മാത്രം. 

ഈ ഒരു സമീപനം സമൂഹത്തിലെ പുരുഷന്മാരും സ്ത്രീകളും ഒരുപോലെ പങ്കിടുന്നതിനാലാണ് മലേഷ്യയില്‍ ലിംഗ വിവേചനത്തെ നിരാകരിക്കുന്ന ഒരവസ്ഥ നിലനില്‍ക്കുന്നത്. ഈ സമീപനം കാരണം സ്ത്രീകള്‍ക്ക് വിവിധ മേഖലകളില്‍ സ്വന്തമായ മുദ്ര പതിപ്പിക്കാന്‍ ആവുന്നുണ്ട്. ഒരാളുടെ ജെന്ററിനെ തീരെ പരിഗണിക്കാതെയും എന്നാല്‍ കഴിവിനെയും യോഗ്യതയെയും മുന്‍നിര്‍ത്തി തീരുമാനിക്കുന്നതുമായ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് ഈ കാരണത്താല്‍ തന്നെ സ്വന്തം കഴിവ് തെളിയിച്ച് ഉയര്‍ന്നുവരാനും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാനും സാധിക്കുന്നുണ്ട്. അതോടൊപ്പം സ്ത്രീ സമൂഹത്തിന്റെ ബഹുമുഖ വളര്‍ച്ച പുരുഷ സമൂഹത്തെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ വ്യക്തിത്വത്തിനും പൗരു ഷത്തിനും ഭീഷണിയകുമെന്ന നില പാടൊന്നും പുരുഷവിഭഗത്തെ അധി കപേരും വെച്ചുപുലര്‍ത്തുന്നില്ല. അതുകൊണ്ട് തന്നെ പുരുഷന്മാര്‍ ഉള്‍ക്കൊള്ളുന്ന ഏതു മേഖലകളിലും നിര്‍ഭയരായിക്കൊണ്ടും അപകര്‍ഷതാ ബോധമില്ലാത്തവരായിക്കെണ്ടും സ്ത്രീ കള്‍ സാന്നിധ്യമുറപ്പിക്കുന്നതു നമുക്കു കാണാം. ഇപ്രകാരം ഏതെങ്കിലും സ്ത്രീ സാനിധ്യമുറപ്പിക്കുന്നത് കാണുമ്പോള്‍ അവര്‍ ഒരു സ്ത്രീയാണ് എന്ന കാരണത്താല്‍ അവര്‍ക്കെതിരെ കുശുമ്പ് പ്രകടിപ്പിക്കാനോ വിലങ്ങുകള്‍ തീര്‍ക്കാനോ ഒരു പുരുഷനും മെനക്കെ ടാറുമില്ല. തന്റെ കമ്പനി അല്ലെങ്കില്‍ കച്ചവടം അതുമല്ലെങ്കില്‍ സ്ഥാപനം തകര്‍ന്ന് പോയത് അതിന്റെ ചീഫ് എക്‌സിക്യുട്ടീവ് അല്ലെങ്കില്‍ മാനേജിംഗ് ഡയറക്റ്റര്‍ ഒരു സ്ത്രീ ആയത് കൊണ്ടാണെന്ന് തോന്നിപ്പിക്കുന്ന ഒരു നേരിയ സംസാരം പോലും എവിടെയും ആര്‍ക്കും കേള്‍ക്കാനാവില്ല. 

സാമൂഹിക സ്വാതന്ത്ര്യം ഇപ്രകാരം അനുഭവിക്കുന്ന ഈ സ്ത്രീകളെല്ലാം ആത്മഭിമാനമുള്ളവരും ഉത്തരവാദിത്തങ്ങള്‍ സ്വയം എറ്റെടുക്കാന്‍ ചങ്കൂറ്റം ഉള്ളവരും ആണ്. ചെറുപ്പം മുതലേ പെണ്‍കുട്ടികള്‍ വളര്‍ത്തപ്പെടുന്നത് ആത്മാഭിമാനവും അന്തസ്സും വിളക്കപ്പെട്ട ഇത്തരം ഒരു മനോഭാവത്തോടെയാണ്. തങ്ങള്‍ ആരെയും ആശ്രയിച്ചു ജീവിക്കേണ്ടവരല്ല എന്ന മനോഭാവത്തില്‍ വളര്‍ത്തപ്പെടുന്നതുകൊണ്ടു തന്നെ വളര്‍ച്ചയുടെ ആരംഭഘട്ടത്തില്‍ തന്നെ സ്വയം പര്യാപ്തമാവാനുള്ള ആഗ്രഹം പെണ്‍കുട്ടികളില്‍ വളരുകയും പഠനകാലഘട്ടത്തില്‍ തന്നെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയുന്നു. ഈ സ്വയം പര്യാപ്തമാകല്‍ അവരെ, അവരുടെ ആഗ്രഹാഭിലാഷങ്ങള്‍കൊത്തു ഉയരാനും ലക്ഷ്യസ്ഥാനങ്ങളില്‍ എത്താനും സഹായിക്കുന്നു. സ്ത്രീ ആയതുകൊണ്ടു മാത്രം ആരുടെയും ഭാവിയെ കുറിച്ച സ്വപ്നങ്ങള്‍ കരിഞ്ഞ് പോവുന്നില്ല എന്നര്‍ഥം. ഇത് കാരണം പോലീസ് ഓഫിസര്‍മാരായും ബിസ്സിനസ്സ് എക്‌സിക്യുട്ടീവ്‌സ് ആയും കമ്പനി സി ഇ ഒ മാരായും ഉന്നതങ്ങളില്‍ ശക്തമായി ഇടപെടുന്ന സ്ത്രീകളെ നമുക്ക് കാണാനാവും. അതേ പോലെ ലോറി, ബസ്സ് , ട്രക്ക് ഡ്രൈവര്‍മാരായും, കച്ചവട സ്ഥാപനങ്ങളുടെ മുതലാളിമാരായും അങ്ങനെ സമൂഹത്തിലെ വ്യത്യസ്ഥ തുറകളില്‍ സജീവ സാന്നിധ്യമായി മാറിയ സ്ത്രീകളെയും കാണാം. എമിഗ്രേഷന്‍ മുതല്‍, കസ്റ്റംസ്, മന്ത്രാലയങ്ങള്‍, യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി മെമ്പര്‍മാര്‍ തുടങ്ങിയ എല്ലാ മേഖലകളിലും സ്ത്രീ സാന്നിധ്യമുണ്ട്. എന്നല്ല പലപ്പോഴും റെക്ടര്‍ മുതല്‍ ഡീന്‍ വരെയുള്ള ഏറ്റവും ഉയര്‍ന്ന തസ്തികകളില്‍ സ്ത്രീകള്‍ക്ക് തന്നെയാണ് ആധിപത്യവും മുന്‍തൂക്കവും. 

നമ്മുടെ സ്ത്രീ സമൂഹത്തെ സംബന്ധിച്ചിടത്തോളം നാം വളര്‍ത്തപ്പെടുന്നത് തന്നെ നേരെ മറിച്ചാണ്. സ്ത്രീ ഒരു രണ്ടാം തരം പൗരയാണെന്ന അവബോധം നമ്മുടെ കുടുംബഘടനയില്‍ നിന്ന് തന്നെ നമുക്കെല്ലാം പകര്‍ന്നു കിട്ടുന്നുണ്ട്. നാം എത്രമാത്രം കഴിവും വിദ്യാഭ്യാസവുമുളളവരാണെങ്കിലും ജന്മത്തിന്റെ ആരംഭത്തില്‍ തന്നെ ഇഞ്ചെക്റ്റ് ചെയ്യപ്പെട്ട ഈ അവബോധം പകരുന്ന അപകര്‍ഷബോധത്തില്‍ നിന്നും രക്ഷപ്പെടാനാവില്ല. പുരുഷനെന്നാല്‍ ഭയക്കപ്പെടേണ്ടവനും എവിടെയും അനുസരിക്കപ്പെടേണ്ടവനും അംഗീകരിക്കപ്പെടേണ്ടവനും ആയതിനാള്‍ എത്ര ബുദ്ധിമതിയായ സ്ത്രീ ആയാലും പുരുഷന് മുമ്പില്‍ അവള്‍ മൗനം പാലിക്കണം എന്ന് പഠിപ്പിക്കുമ്പോള്‍ പ്രസ്തുത പാഠം പകരുന്നത് ഒരു തരം ഭയമാണ്. സ്വന്തത്തെ കുറിച്ച ആത്മവിശ്വാസമില്ലായ്മയാണ്. അത് കാരണം അപകര്‍ഷതബോധം എന്ന നെഗറ്റീവ് പോയിന്റില്‍ നിന്നു സ്ത്രീകള്‍ക്ക് ഒരിക്കലും രക്ഷപ്പെടാനാവില്ല. സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ അറച്ച് നില്‍കുന്നതും ഉള്‍വലിയുന്നതും ഇത് കാരണമാണ് എന്നു പറയേണ്ടി വരും. ഈ അപകര്‍ഷതാബോധം നമ്മെ പലപ്പോഴും ആത്മാഭിമാനത്തോടെ ഉത്തരവാദിത്വങ്ങള്‍ എറ്റെടുക്കുന്നതില്‍ നിന്നും തടയുന്നു. എപ്പോഴും പുരുഷന്മാരെ ആശ്രയിച്ച് കൊണ്ട് മാത്രമെ നമുക്ക് ഒരു പരിപാടി പോലും നടത്താനാവൂ എന്ന് വരുന്നത് ഇക്കാരണത്താലാണ്. മലേഷ്യയില്‍ സ്ത്രീകളും പുരുഷന്മാരും ഭാഗവാക്കാവുന്ന നൂറുകണക്കിന് പരിപാടികള്‍ ആരംഭം മുതല്‍ സ്ത്രീകള്‍ തന്നെ പ്ലാന്‍ ചെയ്യുകയും അതിന്റെ പ്രചാരണം മുതല്‍ സംഘാടനം വരെയുള്ള എല്ലാ കാര്യങ്ങളും സ്ത്രീകള്‍ തന്നെ നടത്തുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. അധ്യക്ഷ മുതല്‍ സ്റ്റേജ്ജ് നിയന്ത്രണം വരെ സ്ത്രീകള്‍ ആവുകയും പുരുഷന്മാര്‍ പരിപാടി പാളിപ്പോകുമോ എന്ന് അസ്വസ്ഥമാവാതെ ശ്രോതാവും സഹകാരിയുമാകുന്ന അവസ്ഥകള്‍ ഇസ്‌ലാമിക സംഘങ്ങളില്‍ വരെ സര്‍വസാധാരണമാണ്. ലോക പ്രശസ്ത ഇസ്‌ലാമിക കലാലയമായ ഇന്റര്‍ നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി തന്നെ മലേഷ്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തിന്റെ ഉദാഹരണമാണ്. റെക്ടര്‍ മുതല്‍ ഏതാണ്ട് 75 ശതമാനം ഫാക്കല്‍റ്റി മെമ്പര്‍മാരും അഡ്മിന്‍ സ്റ്റാഫില്‍ ഏതാണ്ട് 85 ശതമാനവും സ്ത്രീകള്‍ ആണ് ഈ യൂണിവേഴ്‌സിറ്റിയില്‍. പഠിച്ച് വളര്‍ന്ന സ്ത്രീകള്‍ക്ക് ഇവിടെ ലഭിക്കുന്ന മുന്‍തൂക്കം പുരുഷന്‍മാര്‍ പൊതുവെ മടിയന്മാരായത് കൊണ്ട് സംഭവിച്ചതല്ല. സ്ത്രീകള്‍ക്കും തങ്ങള്‍ ഇടപെടുന്ന മേഖലകളില്‍ ആത്മവിശ്വാസത്തോടെയും ധൈര്യ ത്തോടെയും വര്‍ക്ക് ചെയ്യാനാവുന്ന ഒരു സാമൂഹിക സാഹചര്യം സ്ത്രീകള്‍ക്ക് ഉള്ളത് കൊണ്ടാണ് അവര്‍ക്ക് ഈ മേഖലകളില്‍ മുന്നേറാനായത് എന്ന് പറയലായിരിക്കും കൂടുതല്‍ ശരി. യോഗ്യതയും ബുദ്ധികൂര്‍മ്മതയുമുള്ള സ്ത്രീകള്‍ സ്വാഭാവികമായും പല മേഖലകളിലും കഴിവ് തെളിയിച്ച് മുന്‍ തൂക്കം നേടിയെടുക്കുന്നു. 

സമൂഹിക സുരക്ഷിതത്വബോധവും ഇവിടുത്തെ സ്ത്രീകളുടെ സ്വതന്ത്രമായ വളര്‍ച്ചയില്‍ വളരെ വലിയ പങ്കുവഹി ക്കുന്നുണ്ട്. പൂര്‍ണമായ അര്‍ഥത്തില്‍ സുരക്ഷിതരാണു എന്നു പറയന്‍ സാധിക്കില്ലെങ്കിലും ഒരു പരിധിവരെ സുരക്ഷിതത്തം അനുഭവിക്കുന്നവരാണ് മലേഷ്യയിലെ സ്ത്രീകള്‍. സ്ത്രീകളുടെ സ്വതന്ത്ര സമൂഹിക പങ്കാളിത്തത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ സുരക്ഷിതത്വ ബോധം വളരെ പ്രധാനപ്പെട്ടതു തന്നെയാണ് ഞരമ്പുരോഗം ബാധിച്ചവരാല്‍ തങ്ങള്‍ ഏതു സമയവും അപമാനിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്‌തേക്കാം എന്ന ആശങ്കയും ഭയവും ഇല്ലാത്തതുകൊണ്ട് തന്നെ സധൈര്യം ഏതു മേഖലകളിലും കടന്നുചെല്ലാന്‍ ഇവര്‍ക്കു സാധിക്കുന്നു. ഏതു പാതിരാ വിലും ഒരു ആണ്‍ തുണയില്ലതെ സ്വന്തം വാഹനമോടിച്ചു യാത്ര ചെയ്യാ നുള്ള ആത്മധൈര്യം ഇവര്‍ക്കു ലഭിക്കുന്നതു സമൂഹം ഇവര്‍ക്കു നല്‍കുന്ന സുരക്ഷിതബോധത്തില്‍ നിന്നാണ്. രാത്രിസമയങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും അങ്ങാടികളില്‍ പോലും പുരുഷന്മാരോടൊപ്പം പുരുഷന്മാരെപോലെ തന്റെടത്തോടെ തങ്ങളുടെ ജോലി നിര്‍വഹിക്കന്‍ ഇവര്‍ സന്നദ്ധരാകുന്നത് ഇവര്‍ അനുഭവിക്കുന്ന ഈ നിര്‍ഭയത്ത്വ ബോധത്തില്‍ നിന്നാണ്. ഇതില്‍ പ്രത്യേകം എടുത്ത് പറയേണ്ട ഒന്നാണ് രാജ്യത്തിന്റെ എല്ലാ മുക്ക് മൂലകളിലും ആഴ്ചയില്‍ ഒരു ദിവസം എന്ന സ്വഭാവത്തില്‍ നടന്നുവരുന്ന പസാര്‍ മാലം എന്ന പേരില്‍ അറിയപ്പെടുന്ന രാത്രികാല ചന്തകള്‍ അഥവാ നൈറ്റ് മാര്‍ക്കറ്റുകള്‍. രാത്രി ഏകദേശം പത്ത് മണിവരെ നീണ്ടുനില്‍ക്കുന്ന ഈ മാര്‍ക്കറ്റുകളിലെ 90 ശതമാനം കച്ചവടക്കാരും സാധാരണക്കാരില്‍ സാധാരണക്കാരായ സ്ത്രീകളാണ്. ഒരര്‍ഥത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വാരി വിഴുങ്ങുന്നതില്‍ നിന്നും മലേഷ്യന്‍ ഗ്രാമീണ ജീവിതത്തെ ഒരു പരിധി വരെ തടുത്തു നിറുത്തുന്ന ഈ പ്രതിരോധ മാര്‍ക്കറ്റുകള്‍ ഇന്ന് നിലനിര്‍ത്തി പോരുന്നത് തന്നെ സ്ത്രീകളാണ് എന്നുപറയാം. സ്ത്രീകള്‍ക്ക് വേണ്ടത്ര സുരക്ഷ ഇല്ലായിരുന്നുവെങ്കില്‍ ഇത് എത്രയോ മുമ്പ് തന്നെ നിലച്ചുപോകു മായിരുന്നു. അതെപോലെ, ബസുക ളിലും ട്രെയിനുകളിലും സ്ത്രീകള്‍ക്കു പ്രത്യേകമായി സീറ്റുകള്‍ റിസര്‍വ് ചെയ്യപ്പെടാതിരുന്നിട്ടും, സ്ത്രീ പുരുഷന്മാര്‍ ഒരേ സീറ്റുകള്‍ പങ്കിടേണ്ടി വരുമ്പോഴും നമ്മുടെ നാട്ടിലെ ബസ്സിലും ട്രെയിനുകളിലും നാം സ്ത്രീകള്‍ അനുഭവിക്കുന്നതു പോലെയുള്ള അപമാനകരമായ ഒരു ചെയ്തിയും ഇവിടെ കാണാനാവില്ല. പുരുഷന്മാര്‍ അവരുടെ ഡീസന്‍സി കീപ് ചെയ്തുകൊണ്ടാണു പൊതുവെ യാത്ര ചെയ്യുന്നത്. ലോകത്തിന്റെ ഏതു ഭാഗത്തേക്കും ഒറ്റക്കു യാത്ര ചെയ്യുന്നതില്‍ സ്ത്രീകള്‍ക്കു അശേഷം ആശങ്കയോ ആകുലതയോ ഇല്ല എന്നു അനുഭവങ്ങളില്‍നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നു. ജോലി ആവശ്യാര്‍ഥവും പഠനാവശ്യാര്‍ഥവും മറ്റുമായി ഇവിടൂത്തെ സ്ത്രീകള്‍ പുറംനടുകളിലേക്കു ഒറ്റക്കു യാത്ര ചെയ്യുന്നതു സര്‍വ സാധാരണമാണ്. 

എന്നാല്‍ നമ്മുടെ സമൂഹത്തിന്റെ അവസ്ഥയോ? ഇരുട്ടായിക്കഴിഞ്ഞാല്‍ നമുക്കു പുറത്തിറങ്ങാന്‍ സാധിക്കുമോ? ബസുകളിലും ട്രെയിനുകളിലും ഉള്‍ഭയത്തോടെ അല്ലാതെ നമുക്കു യാത്ര ചെയ്യാന്‍ സാധിക്കുന്നുണ്ടോ? സ്ത്രീ ആയിപ്പോയതിന്റെ പേരില്‍ മാത്രം പല ജോലി സാധ്യതകളും ഈ സുരക്ഷിതത്വപ്രശ്‌നം കാരണം ഒഴിവാക്കേണ്ടി വരുന്നില്ലേ നമുക്ക്? നാം നമ്മുടെ സമൂഹത്തെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ തന്നെയുള്ള അബദ്ധങ്ങള്‍ ആണ് സ്തീകള്‍ അനുഭവിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു കാരണം. നമ്മള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വളര്‍ത്തുമ്പോള്‍ എപ്പോഴും ധീരതയുടെയും തന്റേടത്തത്തിന്റെയും പ്രതീകമായി ആണ്‍കുട്ടികളെയാണു ഉയര്‍ത്തിക്കാട്ടാറുള്ളത്. പെണ്‍കുട്ടികള്‍ ഏതെങ്കിലും കാര്യത്തില്‍ ധൈര്യവും തന്റേടവും കണിശതയും കാണിക്കുമ്പോഴേക്കും നീ എന്താ ആണിനെപോലെ പെരുമാറുകയാണോ എന്ന ചോദ്യമെറിഞ്ഞു അവളെ അരികുവല്‍കരിക്കാനാണ് നാം ശ്രമിക്കാറുള്ളത്. ഇതുപോലെയുള്ള സമീപനങ്ങള്‍ പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം നഷ്ട്ടപ്പെടുത്താനും ആര്‍ജവം കാണിക്കേണ്ട ഇടങ്ങളില്‍ നിന്നെല്ലാം ഉള്‍വലിയാനും ഭീരുത്വം പ്രകടിപ്പിക്കാനും പ്രേരിപ്പിക്കും. ആണ്‍കുട്ടികളാകട്ടെ തങ്ങള്‍ എന്നും ആധിപത്യം അര്‍ഹതപ്പെട്ടവരും അതിനാല്‍ തന്നെ എന്നും സ്ത്രീകളാല്‍ അനുസരിക്കപ്പെടേണ്ടവരും ആണെന്ന ബോധത്തില്‍ വളരുകയും ആ വളര്‍ച്ച പൂര്‍ണതയില്‍ എത്തുമ്പോള്‍ സ്ത്രീകള്‍ എന്നാല്‍ എപ്പോഴും ഇരകളും ദുര്‍ബലരും ആണെന്ന വിചാരത്തോടെ അവരോട് പെരുമാറുകയും ചെയ്യും. ഇത്തരം ധാര്‍ഷ്ഠ്യ നിലപാടും താന്തോന്നിത്തവും ഉള്ള പുരുഷന്മാരാല്‍ സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ആക്രമിക്കപ്പെടുമ്പോഴെല്ലം ഒരു വിഭാഗം സ്ത്രീകളുടെ ഒറ്റക്കും അസമയത്തുമുള്ള യാത്രാകളെ കുറിച്ചും വസ്ത്രധാരണരീതിയെ കുറിച്ചും മറ്റും വിമര്‍ശിക്കുന്നതു കാണാം. പുരുഷന്റെ ക്രൂരമായ കയ്യേറ്റങ്ങളുടെ പേരില്‍ സ്ത്രീകളെ കുറ്റപ്പെടുത്തുന്ന ഈ സമീപനം വളരെ അപഹാസ്യവും അപമാനകരവും ആണ്. ഇതൊക്കെ മുന്‍നിര്‍ത്തിയാണ് സ്തീകളോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടില്‍ മാറ്റം വരുമ്പോഴെ സ്ത്രീകള്‍ക്ക് സ്വാതന്ത്രവും സുരക്ഷിതത്വവും ഉദ്ദേശിക്കുന്ന രൂപത്തില്‍ അനുഭവിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് പറയുന്നത്. 

വൈവാഹിക ജീവിതം ഒരു പ്രതിബന്ധമോ 

നമ്മുടെ നാട്ടിലെ ഒരു പൊതുസ്വഭാവമാണ് വിവാഹം സ്ത്രീകളുടെ സര്‍വ്വതോത്മുഖമായ വളര്‍ച്ചയുടെ അവസാനമായി ധരിക്കപ്പെടുന്നു എന്നത്. പലപ്പോഴും നമ്മുടെ പെണ്‍കുട്ടികളുടെ വളരാനും വികസിക്കാനുമുള്ള പല സ്വപ്നങ്ങളും വിവാഹത്തിലൂൂടെ കരിഞ്ഞുപോവുന്നു എന്ന അനുഭവമുള്ളവരാണ് പല പെണ്‍കുട്ടികളും. വിവാഹ ശേഷം പെണ്‍കുട്ടികളുടെ ജീവിതം ഭര്‍ത്താവിന്റെ മാത്രം ഇഷ്ടമനുസരിച്ചല്ല ഭര്‍തൃ വീടുകാരുടെ ആഗ്രഹവും താല്‍പര്യവുമനുസരിച്ചായിരിക്കണം എന്ന അവസ്ഥ കാരണം ഭര്‍ത്താവും ഭാര്യയും തീരുമാനിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോവുന്ന ഒരു നിലപാടല്ല നമ്മുടെ സമൂഹത്തില്‍ നിലവിലുള്ളത്. വിവാഹിതരാവുന്നതോടെ പെണ്‍കുട്ടികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ പങ്കുവെക്കാന്‍ പോലും സാധ്യമാവാത്ത അവസ്ഥയാണ് കാര്യങ്ങള്‍ തീരുമാനിക്കാന്‍ മാത്രം കരുത്ത് ഭര്‍ത്താവിന് ഇല്ലാത്ത ഈ ഘടന സൃഷ്ടിക്കുന്നത്. വിവാഹത്തിന് മുമ്പ് സ്വന്തം മാതാ പിതാക്കളുടെ പിന്തുണയാല്‍ ഒരു പാട് സ്വപ്നങ്ങളും ആഗ്രങ്ങളും സ്വന്തമായി വച്ച് പുലര്‍ത്തിയ ഒരു പെണ്‍കുട്ടി വിവാഹത്തോടെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് മുമ്പില്‍ അടിയറവെക്കുന്ന ഈ നടപ്പ് രീതിക്ക് ഇസ്‌ലാമിക പ്രമാണങ്ങളുടെയൊന്നും പിന്തുണയില്ല എന്ന സത്യം പോലും നാം സൗകര്യത്തിന് വേണ്ടി മറച്ചുവെക്കുന്നു. ഇത് കാരണം മരണം വരെ എല്ലാ പ്രയാസങ്ങളും സഹിച്ച് ജീവിക്കുന്ന പതിനായിരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ഈ രംഗത്ത് മലേഷ്യന്‍ സമൂഹം ഇസ്‌ലാമിക മൂല്യങ്ങളില്‍ ഉറച്ചുനിന്ന് കൊണ്ട് തന്നെ മറ്റൊരു രീതിയാണ് സ്വീകരിക്കുന്നത്. വിവാഹത്തിന് വേണ്ടി ഒരുക്കിവെക്കപ്പെടേണ്ട വെറും ഒരു കാഴ്ച വസ്തുവാണ് സ്ത്രീ എന്ന ഒരു ചെറിയ ചിന്ത പോലും പൊതുവെ മലേഷ്യയിലെ സ്ത്രീ വ്യവഹാര ചര്‍ച്ചയില്‍ കാണാന്‍ പറ്റില്ല. വിവാഹത്തിന് ശേഷം ഭര്‍തൃ വീട്ടുകാരുടെ ഇഷ്ടമായിരിക്കണം സ്ത്രീയുടെ ഇഷ്ടം എന്ന ഒരു ചെറിയ ചിന്ത പോലും മലേഷ്യന്‍ സ്ത്രീകളിലില്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് തന്നെ നമ്മുടെ നാട്ടില്‍ കണ്ട് വരുന്നത് പോലെ മറ്റൊരു വീട്ടില്‍ പോയിനില്‍ക്കേ ണ്ടവരാണ് സ്വന്തം പെണ്‍മക്കള്‍ എന്ന അര്‍ഥത്തില്‍ അല്ല മാതാ പിതാക്കള്‍ അവരെ വളര്‍ത്തുന്നത്. നമ്മുടെ സമൂഹത്തില്‍ ഏതാണ്ട് എല്ലാ മത മതേതര സമൂഹങ്ങളിലും ഒരു വീട്ടില്‍ ഒരു പെണ്‍കുട്ടി ജനിക്കുക എന്നത് തന്നെ അവളെ മറ്റേതോ വീട്ടിന് വേണ്ടി തായാറാക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്ന ഒരു സന്ദര്‍ഭമായാണ് വിലയിരുത്തപ്പേടുന്നത്. വിവാഹിതരായി ഒരു വീട്ടില്‍ കടന്ന് വരുന്ന പെണ്‍കുട്ടികളെ കുറിച്ചും നമ്മുടെ നാട്ടില്‍ ഒരുപാട് കാഴ്ചപാടുകളണ്ട്ൂ്. അത് വളരെ കുടുസ്സായതാണ്. അത് വിശാലമാക്കുമ്പോള്‍ മാത്രമെ കുടുംബങ്ങളില്‍ സ്ത്രീകള്‍ക്ക് നിര്‍ഭയത്വം അനുഭവപ്പെടുകയുള്ളൂൂ. അതോടൊപ്പം മാതാപിതാക്കള്‍ പെണ്‍ മക്കളെ വളര്‍ത്തുന്ന രീതിയിലും കുറച്ച് വിശാലത കാണിക്കേതുണ്ട്. അതായത് വിവാഹത്തെ കുറിച്ച് എവിടെ സംസാരിക്കുമ്പോഴും പെണ്‍കുട്ടി എന്ന് പറഞ്ഞാല്‍ ഭര്‍ത്താവിന്റെ വീട്ടിലെ അനുസരണയുള്ളവളും എല്ലാം സഹിച്ചും ക്ഷമിച്ചും ജീവി കേണ്ടവളുമാണ് എന്ന 'സാരോപദേശം' പെണ്‍കുട്ടികളില്‍ ആത്മനിന്ദയും ഉള്‍ഭയവും അപകര്‍ഷബോധവും സൃഷ്ടിക്കാനേ കാരണമാവൂ. രോഗവും വാര്‍ധക്യവും അനുഭവിക്കുന്ന കുടും ബാംഗങ്ങള്‍ക്ക് ഒരു പെണ്‍കുട്ടി ആശ്വാ സവും തണലും ആയി മാറുന്ന അവസ്ഥ നമുക്ക് മനസ്സിലാക്കാന്‍ പറ്റും. എന്നാല്‍ അത് പോലും വീട്ടിലേക്ക് കടന്ന് വന്ന പെണ്‍കുട്ടിയുടെ വ്യക്തിത്വത്തെയും സന്മനസ്സിനെയും അംഗീകരിച്ച് കൊണ്ടാാവുന്നില്ല എന്നതാണ് നമ്മുടെ പല കുടുംബ ഘടനകളുടെയും പ്രശ്‌നം.

(ജി.ഐ.ഒ കോഴിക്കോട് സംഘടിപ്പിച്ച കൊളോക്കിയത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ നിന്ന് )

അടുത്തലക്കം തുടരും

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top