ഫ്‌ളെമിംഗോകളുടെ താവളം

മുജീബ് ആക്കോട്

മലിനജല സംസ്‌കരണത്തില്‍ മാതൃകയാക്കാവുന്ന സംവിധാനങ്ങളാണ് ഗള്‍ഫ് നാടുകളിലുള്ളത്. ഖത്തറിലെ നഗരമാലിന്യങ്ങള്‍ സംഭരിച്ച് സംസ്‌കരിക്കുന്ന കരാന ഗ്രാമത്തിലിന്ന് ഒരു ശുദ്ധജലതടാകം തന്നെ രൂപപ്പെട്ടിരിക്കുന്നു. നൂറു കണക്കിന് ഫ്‌ളെമിംഗോകളുടെ ഇഷ്ടതാവളം കൂടിയായി മാറിയ കരാന, രാജ്യത്തെ ഏറ്റവും വലിയ മലിനജല സംഭരണിയായിരുന്നു. 

ദോഹയില്‍ നിന്ന് 70 കിലോമീറ്റര്‍ മാറി സൗദി റോഡിലെ കരാന ഗ്രാമത്തിലാണ് ഖത്തറിലെ മലിനജലം സംസ്‌കരിക്കാനുള്ള സംവിധാനമൊരുക്കിയിരിക്കുന്നത്. നൂറു കണക്കിന് ടാങ്കര്‍ലോറികളിലായി ഇവിടെയെത്തുന്ന മലിനജലം ശാസ്ത്രീയമായി സംസ്‌കരിച്ചപ്പോള്‍ അതൊരു ശുദ്ധജലതടാകമായി മാറി. അതോടെയാണ് ദേശാടനക്കിളികളുടെ ഇഷ്ടതാവളമായി കരാന മാറിയത്. ഇത്തവണ ഇരുനൂറോളം വരുന്ന ഫ്‌ളെമിംഗോകളാണ് കരാനയില്‍ വിരുന്നെത്തിയവരില്‍ പ്രമുഖര്‍. 

 യൂറോപ്യന്‍ നാടുകളില്‍ നിന്ന് ദേശാടകരായെത്തിയ രാജഹംസങ്ങള്‍ മാര്‍ച്ച് മാസം വരെ ഇവിടെത്തന്നെ കാണും. ഇവയ്ക്കു പുറമെ കരാനയില്‍ തദ്ദേശീയരും വിദേശികളുമായ പലതരം ജലപക്ഷികളെയും മരുഭൂജീവികളെയും കാണാനാവും   

കാതങ്ങള്‍ താണ്ടിയെത്തിയ ഈ ഭീമന്‍ പക്ഷികള്‍ സ്വഛന്ദം വാഴുന്ന കരാന നമുക്ക് പകര്‍ന്നുനല്‍കുന്നത് മാലിന്യ സംസ്‌കരണത്തിന്റെ നല്ലപാഠം കൂടിയാണ്.   

ഖത്തറിലെ കരാനയില്‍ നിന്നുള്ള സമൃദ്ധമായ ഈ ജലാശയവും ഹരിതാഭമായ തീരവും നാട്ടിലെ ഗ്രാമീണ ചുറ്റുപാടിനെയാണ് ഓര്‍മിപ്പിക്കുന്നത്. വിശാലമായ ഈ തടാകം മരുഭൂമിക്ക് നടുവിലാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാവും. തലസ്ഥാനമായ ദോഹയില്‍ നിന്ന് സല്‍വാറോഡിലൂടെ 70 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അബൂസംറ അതിര്‍ത്തിയെത്തും മുമ്പേയുള്ള പ്രദേശമാണ് കരാന. ഏതാനും സ്വദേശി വീടുകള്‍ മാത്രമുള്ള കരാന ഗ്രാമവും കടന്നുവേണം ഈ ജലാശയത്തിനടുത്തെത്താന്‍. എക്സിറ്റ് നമ്പര്‍ 62 ലൂടെ ഇടത്തോട്ട് തിരിഞ്ഞാല്‍  മലിനജല സംഭരണി ലക്ഷ്യമാക്കി നീങ്ങുന്ന ടാങ്കര്‍ ലോറികള്‍ കാണാം. ലോറികളെ പിന്തുടര്‍ന്നെത്തുന്നത് ഈ ജലാശയത്തിന്റെ തീരത്താണ്. 

നഗരമാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്ന ഇവിടെ നിന്ന് ശുദ്ധീകരിച്ച വെള്ളമാണ് തൊട്ടടുത്ത് കൃത്രിമ തടാകമായി രൂപാന്തരപ്പെട്ടത്. മനോഹരമായ ഈ കാഴ്ച കാണാന്‍ സന്ദര്‍ശകരായി അധികമാരും എത്തിപ്പെട്ടിട്ടില്ലെങ്കിലും, കാതങ്ങള്‍ താണ്ടിയെത്തിയ നിരവധി വിരുന്നുകാരുണ്ട് ഇന്നിവിടെ. വന്‍കരകള്‍ക്കപ്പുറത്ത് നിന്ന് ഇത്തവണ കരാനയില്‍ വിരുന്നെത്തിയവരില്‍ പ്രധാനികള്‍ ഈ സുന്ദരന്‍ അതിഥികളാണ്. നൂറു കണക്കിന് ഫ്‌ളെമിംഗോകള്‍. കാതങ്ങള്‍ താണ്ടിയുള്ള ദേശാടനത്തില്‍ മുമ്പന്‍മാരാണ് ഫ്‌ളെമിംഗോകള്‍ എന്ന രാജഹംസങ്ങള്‍. കരാനയ്ക്ക് മാസ്മരിക സൗന്ദര്യം പകര്‍ന്നു നല്‍കിയ രാജഹംസങ്ങളെ അടുത്ത് കാണാനും ക്യാമറയില്‍ പകര്‍ത്താനുമായി പക്ഷിസ്നേഹികളും ഫോട്ടോഗ്രാഫര്‍മാരുമായ ഏതാനും പേര്‍ മാത്രമാണിവിടെ എത്തിയത്. 

 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമായി ഇവിടെ യെത്തിയ ഈ വി ഐ പി അതിഥികള്‍ക്ക് കരാന നന്നായി പിടിച്ചെന്നു തോന്നുന്നു. മലിന ജലസംംഭരണിക്കപ്പുറത്ത് കഴിയുന്നതിനാല്‍ നഗരപരിഷ്‌കാരികളൊന്നും ഇവിടെയെത്തില്ലെന്ന ഉറപ്പിലാണ് ഇവരിവിടെ അര്‍മാദി ക്കുന്നത്. അനുകൂലമായൊരു ആവാസ വ്യവസ്ഥയും സുരക്ഷിതമായ താവളവും കണ്ടെത്തിയതിനാല്‍ ഇനിയൊരു മൂന്നു മാസം ഇവര്‍ കരാനയില്‍ തന്നെ ഉണ്ടാവും.

വലിപ്പം കൊണ്ടും സൗന്ദര്യം കൊണ്ടും നമ്മെ അത്ഭുതപ്പെടുത്തുന്ന ഈ ഭീമന്‍ പക്ഷികളെക്കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ നാം വിസ്മയിച്ചു പോകും. പക്ഷിനിരീക്ഷകരായി കരാനയിലെത്തുന്ന സ്ഥിരം സന്ദര്‍ശകര്‍ തന്നെ അത് പറഞ്ഞുതരും . 

മറ്റു പക്ഷികളില്‍ നിന്ന് വ്യത്യസ്തമായി എപ്പോഴും കോളനികളായി കഴിയുന്ന സാമൂഹ്യ ജീവികളാണ് ഗ്രേറ്റര്‍ ഫ്‌ളെമിംഗോകള്‍. നൂറുമുതല്‍ 500 വരെ പക്ഷികളടങ്ങിയതായിരിക്കും ഓരോ കോളനികളും. തടാകക്കരയിലെ മാളങ്ങളോട് ചേര്‍ന്ന് ചെളികൊണ്ട് കൂടുകൂട്ടിയാണ് ഇവ മുട്ടയിടുന്നത്. പെണ്‍പക്ഷിക്കൊപ്പം ആണ്‍ പക്ഷിയും അടയിരിക്കുന്നു എന്ന പ്രത്യേകത കൂടി ഇവയുടെ കുടുംബ മാഹാത്മ്യമായുണ്ട്. ചുവപ്പു കലര്‍ന്ന വെളുത്ത ശരീരമുള്ള ഈ ഭീമാകാരന്‍മാരില്‍ 6 അടി വരെ വലിപ്പമുള്ളവരുണ്ട്. ലോകത്തെ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ രാജഹംസത്തിന്റെ ഉയരം 187 സെന്റീമീറ്ററാണ്. ചാരനിരത്തിലുള്ള പക്ഷികളെയും കൂട്ടത്തില്‍ കാണാം. കുഞ്ഞുങ്ങളാണവ. ജലാശയങ്ങളില്‍ നിന്ന് ചെമ്മീനും ഞണ്ടും ചെറുമീനുകളുമെല്ലാം അകത്താക്കി വളരുമ്പോള്‍ ഇവയും താമരവര്‍ണമുള്ളവായി മാറും. യൂറോപ്യന്‍മാരായതിലാവാം രാജഹംസങ്ങള്‍ക്ക് ഇത്ര ആകര്‍ഷകമായ നിറം ലഭിച്ചതെന്ന് അസൂയക്കാര്‍ പറയും. ദേശാടകരായ ഇവയുടെ സഞ്ചാരവിശേഷങ്ങള്‍ അറിഞ്ഞിരിക്കേണ്ടതു തന്നെയാണ് ഇരുപതിനായിരം കിലോമീറ്റര്‍ വരെ ദേശാടനം ചെയ്യുന്നവരും ഫ്‌ളെമിംഗോകളിലുണ്ട്. അവരായിരിക്കാം നമ്മുടെ ആലപ്പുഴയിലും മറ്റും ചുറ്റിത്തിരിയുന്നത്. ഒറ്റ രാത്രി കൊണ്ട് 600 കിലോമീറ്റര്‍ വരെ പറക്കാനാവുന്ന ഈ സഞ്ചാരികള്‍ ചില്ലറക്കാരല്ലെന്നു മനസ്സിലായില്ലേ? സാധാരണ 60 വയസ്സു വരെയാണ് ഫ്‌ളെമിംഗോകളുടെ ആയുര്‍ദൈര്‍ഘ്യം. എന്നാല്‍ ആസ്ത്രേലിയയിലെ ഒരു മൃഗശാലയില്‍ 80 വയസ്സുള്ള രാജഹംസ മുത്തശ്ശിയുണ്ട് എന്നാണറിയുന്നത്. 

തലയെടുപ്പും ആഢ്യത്തവും ഉള്ള രാജഹംസങ്ങളെ കൂടാതെ  ഒട്ടനേകം ജല പക്ഷികളുടെയും തദ്ദേശീയരും ദേശാടകരുമായ പലതരം കിളികളുടെയും ഇഷ്ടതാവളം കൂടിയാണ് കരാനയിന്ന് . 

പല ഇനം ഹെറോണുകള്‍, എഗ്രറ്റുകള്‍, കോര്‍മറന്റ്ുകള്‍, പലതരം പ്ലോവറുകള്‍, സീഗള്‍സ്, ടേര്‍ണ്‍സ്, റോവറുകള്‍ , വിവിധ ഇനം പരുന്തുകള്‍, മൂങ്ങകള്‍, മൂര്‍ഹെന്‍സ്, സാന്റ് പൈപ്പര്‍, ലാഫിംഗ് ഡോവ്സ് എന്നിങ്ങനെയുള്ള പക്ഷികള്‍ക്കു പുറമെ, റിപ്പിന്‍സണ്‍ ഫോക്സ് എന്ന മരുക്കുറുക്കന്‍, സ്പൈനി ടൈല്‍ഡ് ലിസാര്‍ഡ്സ്, മോണിറ്റര്‍ ലിസാര്‍ഡ് എന്നിങ്ങനെ ഉടുമ്പുകള്‍, അഗാമകള്‍ ഇവരെല്ലാം ഈ പച്ചത്തുരുത്തിന്റെ നേരവകാശികളായി ഇവിടെയുണ്ട്. ഒപ്പം കുറ്റിച്ചെടികളും, പുല്‍കാടുകളുമെല്ലാം ചേര്‍ന്ന ലക്ഷണമൊത്ത ഒരു ആവാസവ്യവസ്ഥ കൂടിയാണിത്. സംശയമില്ല കരാന ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. അതുകൊണ്ടൊരു അപേക്ഷയുണ്ട്. ഈ പച്ചത്തുരുത്തില്‍ വന്നു പോകുന്നവര്‍ പ്രകൃതിയെ നോവിക്കരുത്, ശബ്ദം കൊണ്ടു പോലും ഈ അതിഥികളെ അലോസരപ്പെടുത്തരുത് .

വാരാന്ത്യ ദിനങ്ങളില്‍ ഒന്നു കറങ്ങി കാണാന്‍ മാത്രം ഖത്തറില്‍ എന്തുണ്ട് എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് കരാന. ഓര്‍ക്കുക ഒരു കൂറ്റന്‍ മലിനജല സംഭരണി കടന്നു പോകുമ്പോള്‍ ദുര്‍ഗന്ധമുണ്ടാവുന്നത് സ്വാഭാവികമാണ്. പച്ചപ്പിനെ ആസ്വദിക്കാനും പ്രകൃതിയുടെ വശ്യമായ സൗന്ദര്യം അനുഭവിക്കാനും കഴിയുന്നവരെ മാത്രമെ കരാന തൃപ്തിപ്പെടുത്തുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ ഈ ഹരിത തീരത്തിന്റെ അവാച്യ സൗന്ദര്യം നുകരാന്‍ കഴിയുന്നേടത്തേക്ക് വളരാന്‍ നമുക്കാവണം.     

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top