കുളിര്‍ മഴയായ് പെയ്തിറങ്ങിയ കുടിവെള്ളം

മൊയ്‌നുദ്ദീന്‍ അഫ്‌സല്‍

വേനല്‍ വറുതിയിലേക്ക് നടന്നടുക്കുകയാണ് കേരളം. അതി തീക്ഷ്ണമായ ജലക്ഷാമം അനുഭവപ്പെടാന്‍ പോകുന്നു എന്ന് മുന്നറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 100 വര്‍ഷങ്ങ ളിലെ അനുഭവത്തില്‍ ഇത്രയും മഴക്കുറവ് ഉണ്ടായിട്ടില്ലത്രേ. സൂര്യാഘാതമേറ്റുള്ള മരണമെന്നത് മുമ്പ് ഒറ്റപ്പെട്ടതായിരുന്നെങ്കില്‍ ഇനിയത് അങ്ങിനെയായിരിക്കില്ല എന്ന് ശാസ്ത്രലോകം വിധിയെഴുതിയിരിക്കുന്നു. കുടിവെള്ളം കിട്ടാതെ മരണപ്പെട്ടു എന്ന് വാര്‍ത്തകള്‍ വരാനിരിക്കുന്നതേയുള്ളൂ.

 ജല സാക്ഷരത നമ്മള്‍ അഭ്യസിക്കേണ്ട കാലം എന്നേ കടന്നുപോയി. ജലവിഭവ മാനേജ്‌മെന്റ് ഭരണകര്‍ത്താക്കള്‍ക്ക് ഇന്നും അന്യമാണ്. ഉള്ള ജലം സംരക്ഷിക്കുന്നതിനും അത് എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുമുള്ള കൃത്യമായ വിതരണ സമ്പ്രദായം ഇവിടെ ഇനിയും രൂപപ്പെടുത്തപ്പെട്ടിട്ടില്ല. അതിന്റെ നിരവധി ഇരകള്‍ നഗരപ്രാന്തങ്ങളിലും, ഗ്രാമാന്തരങ്ങളിലും ദുരിത ജീവിതം പേറി കഴിഞ്ഞുകൂടുന്നുണ്ട്.

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് അതിന്റെ കര്‍മപഥങ്ങളിലെ ഏറ്റവും മനോഹാരിതമായ അധ്യായം എഴുതി ചേര്‍ത്തു കൊണ്ടിരിക്കുന്നത് ഇത്തരം ദുരിത ജീവിതങ്ങളുടെ കണ്ണീര്‍ നനവ് തുടച്ചു നീക്കിക്കൊണ്ടാണ്. കുടിവെള്ള ശേഖരണം ജീവിതത്തിലെ ഏറ്റവും നോവേറ്റിയ അനുഭവമായി മാറിക്കൊണ്ടിരിക്കുന്ന  മനുഷ്യരുടെ ജീവിതത്തില്‍ പ്രത്യാശയുടെ വസന്തം വിരിയിക്കാനുള്ള കഠിന ശ്രമത്തിലൂടെയാണ്. അതിലൂടെ ജലവിഭവ മാനേജ്‌മെന്റിന്റെ മികച്ച മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ്.

2010-ലാണ് സോളിഡാരിറ്റി അതിന്റെ ഒന്നാം ഘട്ട കുടിവെള്ള പദ്ധതിക്ക് രൂപം കൊടുക്കുന്നത്. ജനങ്ങള്‍ക്കിടയിലിറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച അനുഭവങ്ങളും, കേരളത്തിന്റെ പരിസ്ഥിതിയെക്കുറിച്ച ആഴത്തിലുള്ളതും സുദീര്‍ഘവുമായ പഠനത്തിലൂടെ ലഭിച്ച അറിവുകളുമാണ് വലിയ ചെലവും അതിനേക്കാളുപരി കഠിനമായ അധ്വാനവും വേണ്ടിവരുന്ന, ഗവണ്‍മെന്റ് സംവിധാനങ്ങള്‍ മാത്രം ചെയ്തുവന്ന ഒരു സന്നദ്ധ സംഘടനയോ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലുമോ കൈവെച്ചിട്ടില്ലാത്ത ഒരു പദ്ധതി നടപ്പില്‍ വരുത്താന്‍ വേണ്ടി മുന്നിട്ടിറങ്ങാന്‍ സോളിഡാരിറ്റിയെ പ്രേരിപ്പിച്ചത്.

ജനങ്ങള്‍ സോളിഡാരിറ്റിയില്‍ അര്‍പ്പിച്ച വിശ്വാസവും, പ്രവര്‍ത്തകരുടെ ത്യാഗസന്നദ്ധതയും പടച്ചവനിലുള്ള അചഞ്ചലമായ പ്രതീക്ഷയുമായിരുന്നു സംഘടനയുടെ കൈമുതല്‍. വരളുന്ന തൊണ്ടയും, പ്രതീക്ഷയറ്റ മനസുമായി ദാഹജലത്തിനു വേണ്ടി ഒരു ജനത നെട്ടോട്ടമോടുമ്പോള്‍ അവരുടെ വേദന കണ്ടില്ലെന്നു നടിക്കാന്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റെന്ന ഇസ്‌ലാമിക യുവജന പ്രസ്ഥാനത്തിന് കഴിയുമായിരുന്നില്ല.

നിരന്തര അന്വേഷണത്തിലൂടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 50 ഗ്രാമങ്ങളെയാണ് പ്രാഥമിക ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. പൊതു ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് പദ്ധതിയുമായി മുന്നോട്ട് പോയി. പ്രതീക്ഷകളെ കവച്ചു വെച്ചുകൊണ്ട് രണ്ട് ഘട്ടങ്ങളിലായി എഴുപത്തഞ്ചോളം ഗ്രാമങ്ങളില്‍ പദ്ധതി നടപ്പിലാക്കാന്‍ സോളിഡാരിറ്റിക്കായി. 

കൊടുങ്ങല്ലൂരില്‍ സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതിയുടെ പ്രഖ്യാപനം നിര്‍വ്വഹിച്ചുകൊണ്ട് അന്നത്തെ ജലവകുപ്പ് മന്ത്രിയായിരുന്ന എം.കെ.പ്രേമചന്ദ്രന്‍ പറഞ്ഞത് 'കുടിവെള്ളമെന്ന മഹത്തായ ലക്ഷ്യം മുന്‍നിറുത്തിയുള്ള സോളിഡാരിറ്റിയുടെ ഈ പ്രവര്‍ത്തനത്തെ ഞാന്‍ ശ്ലാഘിക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാസര്‍ക്കോട് ഇതുപോലൊരു സായാഹ്നത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ ഇരകള്‍ക്ക് സോളിഡാരിറ്റി സഹായം ചെയ്തത് ഞാനോര്‍ക്കുകയാണ്. ഞാന്‍ തന്നെയാണ് ആ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായിട്ടുള്ളവര്‍ തികഞ്ഞ അഭിമാനബോധത്തോടെ ആ ആശ്വാസം കൈപ്പറ്റുമ്പോള്‍ അവരുടെ കണ്ണില്‍ നിന്നിറ്റു വീണ കണ്ണുനീര്‍ തുള്ളികള്‍ എന്റെ സ്മരണയിലിപ്പോഴും നിലനില്‍ക്കുന്നു. ഞാന്‍ അഭിമാനബോധത്തോടു കൂടി പറയുന്നു അതിനു ശേഷമാണ് സഖാവ് വി.എസിന്റെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കു വേണ്ട നഷ്ടപരിഹാരവും ആനുകൂല്യവും നല്‍കാന്‍ തീരുമാനിച്ചത്. പ്രസംഗത്തില്‍ മാത്രമല്ല പ്രവര്‍ത്തിയിലൂടെയും സോളിഡാരിറ്റിയുടെ ഇത്തരം ഇടപെടലുകള്‍ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം പ്രേരക ശക്തിയായി മാറിയിട്ടുണ്ട്. ഭരണകൂടത്തിന്റെ കണ്ണു തുറപ്പിക്കാന്‍, പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ സോളിഡാരിറ്റിയുടെ കര്‍മപരിപാടിക്ക് കഴിഞ്ഞു'.

മുപ്പത് മുതല്‍ നൂറ് കുടുംബങ്ങള്‍ വരെ അടങ്ങുന്ന ചെറുകിട കുടിവെളള പദ്ധതികള്‍ക്കാണ് സോളിഡാരിറ്റി രൂപം കൊടുത്തത്. അസാധ്യമെന്ന് കരുതി ഗവണ്‍മെന്റ് കടന്നു ചെല്ലാത്ത എന്നാല്‍ കുടിവെള്ള പ്രശ്‌നം അതീവ ഗുരുതരമായി നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുത്തത്. 

ആദ്യമായി ചെയ്തത് ശാസ്ത്രീയമായ രീതികള്‍ ഉപയോഗിച്ചും, പ്രദേശവാസികളുടെ അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞും കുടിവെള്ള സ്രോതസ്സ് കണ്ടെത്തുക എന്നതായിരുന്നു. കണ്ടെത്തിയ ഇടങ്ങളില്‍ കുളങ്ങള്‍ പുനരുദ്ധരിച്ചോ കിണറുകള്‍ കുത്തിയോ ജലലഭ്യത ഉറപ്പു വരുത്തി. പദ്ധതി പ്രദേശത്തു നിന്ന് ഒരു കിലോമീറ്ററിലധികം അകലത്തില്‍ വരെ സ്രോതസ്സുകള്‍ കണ്ടെത്തിയ സ്ഥലങ്ങളുണ്ട്. ഉയര്‍ന്ന പ്രദേശത്ത് ടാങ്കുകള്‍ സ്ഥാപിച്ച് സ്രോതസ്സില്‍ നിന്ന് വെള്ളം എത്തിച്ചു. തുടര്‍ന്ന് ഓരോ വീടുകളിലും പൈപ്പുകള്‍ സ്ഥാപിച്ച് നിശ്ചിത പരിധികള്‍ തീരുമാനിച്ച് വെള്ളം പമ്പു ചെയ്തു.

ഓരോ പദ്ധതി പ്രദേശത്തും അതിന്റെ ഉപഭോക്താക്കളുടെ കൂട്ടായ്മ രൂപീകരിച്ച് പദ്ധതിയുടെ നടത്തിപ്പ് ചുമതല നല്‍കി. ഏറെ സന്തോഷവും അഭിമാനവും ഉണ്ടാക്കുന്ന വസ്തുത ഭൂരിഭാഗം (93%) പദ്ധതികളും വളരെ ഭംഗിയായി നടക്കുന്നുണ്ട് എന്നതാണ്.  പദ്ധതിയുടെ നടത്തിപ്പിനായി രൂപപ്പെടുത്തിയ ഉപഭോക്തൃ കൂട്ടായ്മ ഇന്ന് പലയിടങ്ങളിലും സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ ജനകീയ കൂട്ടായ്മയായി മാറിയിട്ടുണ്ട്. പല പദ്ധതികളും അതിന്റെ ശേഷി വര്‍ധിപ്പിച്ച്, കൂടുതല്‍ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തി വികസിച്ചു കൊണ്ടിരിക്കുകയാണ്. 

ആലപ്പുഴ ജില്ല ഒഴികെ മറ്റെല്ലാ ജില്ലകളിലും സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതികള്‍ സ്ഥാപിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും വലിയ ഒരു ജനവിഭാഗത്തിന് ആശ്വാസമായി പദ്ധതികള്‍ നിലനില്‍ക്കുന്നു. അവരുടെ വാക്കുകളില്‍ അത് പ്രകടമാണ്. ഈ ലേഖകന് തന്നെ അത്തരമൊരു അനുഭവമുണ്ട്. എറണാകുളം ജില്ലയില്‍ പുതിയതായി ചുമതല ഏറ്റെടുത്ത സോളിഡാരിറ്റി നേതൃത്വം സോളിഡാരിറ്റി രൂപീകരിച്ചതും, നേതൃത്വം വഹിക്കു ന്നതുമായ വിവിധ സേവന പദ്ധ തികളുടെ സന്ദര്‍ശനവേളയില്‍ കോതമംഗലത്തുള്ള പല്ലാരിമംഗലം എന്ന പ്രദേശത്തെത്തി. അവിടെ 65 കുടുംബങ്ങള്‍ ഉപഭോക്താക്കളായിട്ടുള്ള കുടിവെള്ള പദ്ധതിയുണ്ട്. പല്ലാരിമംഗലം ഉള്‍പ്പടെ ജില്ലയില്‍ മൂന്ന് കുടിവെള്ള പദ്ധതികള്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുവട്ടൂരും, എടത്ത ലയുമാണ് മറ്റു രണ്ടു പ്രദേശങ്ങള്‍.

ഞങ്ങള്‍ പദ്ധതി പ്രദേശത്തെത്തി. പഞ്ചായത്ത് ഓഫീസിനോടും, സ്‌പെഷ ല്‍ സ്‌കൂളിനോടും ചേര്‍ന്ന് തലയുയര്‍ത്തി നില്‍ക്കുന്ന സോളിഡാരിറ്റിയുടെ പതാക വര്‍ണത്തില്‍ പൊതിഞ്ഞ കുടിവെള്ള ടാങ്ക്. അതും കടന്ന് ഞങ്ങള്‍ ഉപഭോ ക്താക്കള്‍ താമസിക്കുന്ന ഇടത്തെ ത്തി. പദ്ധതി രൂപീകരിക്കുന്ന സമയത്ത് അതിന് നേതൃത്വം വഹിച്ചിരുന്ന ഹസ്സനും ഞങ്ങള്‍ക്ക് വഴികാട്ടിയായിട്ടുണ്ടായിരുന്നു. ആദ്യം കണ്ട വീട്ടില്‍ ഒരു സ്ത്രീ പൈപ്പിന്‍ ചുവട്ടില്‍ വെള്ളമെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഹസ്സന്‍ അവരോട് കുശലാന്വേഷണമെന്ന പോലെ ചോദിച്ചു ''ഇത്താ എന്നെ ഓര്‍മയുണ്ടോ'' എന്ന്.  അവരുടെ മറുപടി ''ഹസ്സാ നിന്നെ മറക്കാനോ! ഈ പൈപ്പില്‍ നിന്ന് ഓരോ തുള്ളി വെള്ളം വീഴുമ്പോഴും നിന്നെ ഞങ്ങള്‍ ഓര്‍ക്കാറുണ്ട് മോനേ, നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കാറുണ്ട് മോനേ''. അതും പറഞ്ഞ് അവര്‍ ആ പൈപ്പ് തുറന്നു. അക്ഷരാര്‍ഥത്തില്‍ അതില്‍ നിന്ന് ധാരയായൊഴുകിയ കുടിവെള്ളം ഞങ്ങളുടെ ഹൃദയത്തിലേക്ക് കുളിര്‍ മഴയായാണ് പെയ്തിറങ്ങിയത്. ഹൃദയ ത്തിലെ കുളിര് കണ്ണുനീര്‍ തുളളിയായ് ഇറ്റു വീണോ എന്ന് സംശയം.

എല്ലാ ജാതി മത വിഭാഗങ്ങളിലും പെട്ട ഏകദേശം 3000ത്തിലധികം കുടുംബങ്ങളാണ് സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതിയില്‍ ഉപഭോക്താക്കളായിട്ടുള്ളത്. കിണര്‍, കുഴല്‍ കിണര്‍, സംഭരണ ടാങ്ക്, ജലവിതരണ ശൃംഖല എന്നിവ ഉള്‍പ്പെടുന്ന പദ്ധതിക്ക് ഒന്നര ലക്ഷം മുതല്‍ 5 ലക്ഷം വരെയാണ് ശരാശരി ചെലവ്. ഉദാരമതികളുടെ സംഭാവന, മരണപ്പെട്ടവരുടെ പേരില്‍ കുടുംബാംഗങ്ങള്‍ നല്‍കുന്ന ദാനം, വഖഫ് സ്വത്ത് എന്നിവയാണ് പദ്ധതിയുടെ പ്രധാന വരുമാന സ്രോതസ്സുകള്‍. അതോടൊപ്പം കിണര്‍, പമ്പ് ഹൗസ്, സംഭരണ ടാങ്ക് എന്നിവ നിര്‍മിക്കാനാവശ്യമായ സ്ഥലം സൗജന്യമായോ, മിതമായ വിലയിലോ പദ്ധതിക്കു വേണ്ടി വ്യക്തികള്‍ നല്‍കുകയും ചെയ്യുന്നു.

പദ്ധതികള്‍ സ്ഥാപിക്കുന്ന സമയത്ത് പൊതുജനങ്ങളുടെ നിര്‍ലോഭമായ പിന്തുണ ഉണ്ടായിരുന്നതു പോലെ തന്നെ ചിലയിടങ്ങളിലെങ്കിലും രാഷ്ട്രീയ സംഘടനകളുടെ രൂക്ഷമായ എതിര്‍പ്പും നേരിടേണ്ടി വന്നിട്ടുണ്ട്. കോട്ടയത്ത് ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ എതിര്‍പ്പ് പ്രത്യേകമായി എടുത്തുപറയേണ്ട ഒന്നാണ്. കേരളത്തിലെ ഒരു പഞ്ചായത്ത് അധികാരികളുടെ എതിര്‍പ്പും നിസ്സഹകരണവും നേരിടേണ്ടി വന്നു. പഞ്ചായത്ത് പടിക്കല്‍ കുത്തിയിരിപ്പും ധര്‍ണയും അടക്കമുള്ള സമര പോരാട്ടത്തിലൂടെയാണ് അനുവാദം നേടിയെടുത്തത്. വ്രതാനുഷ്ഠാന കാലത്ത് പകല്‍ മുഴുവന്‍ നോമ്പിലായിരുന്നവര്‍ സ്വന്തം ജീവിതമാര്‍ഗങ്ങള്‍ കഴിഞ്ഞ് രാത്രിയില്‍ ഏറെ വൈകുവോളം പദ്ധതിക്കായി കഠിനാധ്വാനം ചെയ്തത് ജനങ്ങള്‍ക്ക് അമ്പരപ്പുണ്ടാക്കിയ കാര്യമാണ്. തഹജ്ജുദ് നമസ്‌കരിക്കാതെ കിണറ് കുഴിക്കാനും കുളം വെട്ടാനും കല്ല് ചുമക്കാനും പോകുന്നു എന്നൊക്കെ ആരോപണമുന്നയിച്ചും പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ചോര്‍ത്തുന്ന വര്‍ത്തമാനങ്ങള്‍ പറഞ്ഞും ചിലരെങ്കിലും പിന്തിരിപ്പിക്കാന്‍ പുറകെ ഉണ്ടായിരുന്നതായി അന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റായിരുന്ന പി.മുജീബ് റഹ്മാന്‍ സാഹിബ് അനുസ്മരിക്കുന്നുണ്ട്.

എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീ കരിക്കാന്‍ സോളിഡാരിറ്റിക്കായി. അന്നത്തെ ജലവകുപ്പ് മന്ത്രിയായിരുന്ന എം.കെ പ്രേമചന്ദ്രന്റെ പിന്തുണ എടുത്തു പറയേണ്ട ഒന്നാണ്. പദ്ധതികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമായത് അദ്ദേഹത്തിന്റെ ഇടപെടലിലൂടെയാണ്. ഇന്നും നാമമാത്രമായ കരണ്ടു ബില്ലുകള്‍ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് പ്രദാനം ചെയ്യുന്നത്.

പ്രസ്തുത കുടിവെള്ള പദ്ധതികള്‍ക്ക് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധാരാളം കിണറുകളും, കുഴല്‍ കിണറുകളും സോളിഡാരിറ്റി നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. വെള്ളം ശുദ്ധീകരിച്ച് സ്‌കൂളുകള്‍ക്ക് നല്‍കുന്ന പദ്ധതികള്‍, ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള കുടിവെള്ള പദ്ധതികള്‍ എന്നിവയും സോളിഡാരിറ്റി  നടപ്പിലാക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ വരള്‍ച്ചാ ഘട്ടത്തില്‍ കുടിവെളളം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്ന രീതിയും സോളിഡാരിറ്റി അവലംബിക്കുന്നുണ്ട്. 2016-ല്‍ കണ്ണൂരിലെ ആദിവാസി കോളനിയില്‍ ഇത്തരത്തില്‍ കുടിവെള്ളമെത്തിച്ചത് അവര്‍ക്ക് വലിയ ആശ്വാസമാവുകയും സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

സോളിഡാരിറ്റി സംസ്ഥാന സേവന സെക്രട്ടറി അമീന്‍ സാലിമിന്റെ നേതൃത്വത്തില്‍ മൂന്നാംഘട്ട കുടിവെളള പദ്ധതിയുടെ രൂപരേഖ പൂര്‍ത്തിയായി പ്രഖ്യാപനത്തിന് ഒരുങ്ങിക്കഴിഞ്ഞു. ജനകീയ പങ്കാളിത്തത്തോടെ കൂടുതല്‍ പ്രദേശങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സോളിഡാരിറ്റി ലക്ഷ്യം വെക്കുന്നത്. 

ഈ അടുത്ത് വന്ന ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ 5000 ത്തോളം വാര്‍ഡുകളില്‍ രൂക്ഷമായ കുടിവെള്ള പ്രശ്‌നം അനുഭവിക്കുന്നുണ്ട്. Kerala Agricultural University (KAU) യുടെ കീഴിലുള്ള Cetnre of Excellence in Environmental Economics (CEEE) 'ജലത്തിന്റെ ഉപയോഗവും അതിന്റെ ഉറവിടവും' എന്ന തലക്കെട്ടില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് 2021 ആവുമ്പോഴേക്ക് 1268 ബില്യന്‍ ലിറ്ററിന്റെ വിടവ് ജലത്തിന്റ ആവശ്യവും വിതരണവും തമ്മിലുണ്ടാകുമെന്നാണ്. അതില്‍ തന്നെ ഏറ്റവും രൂക്ഷമായ ജലക്ഷാമമുണ്ടാകുന്ന പ്രദേശങ്ങളായി തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഭൂജലത്തിന്റെ അളവ് പരിശോധി ച്ചതില്‍ നിന്നും ജലദൗര്‍ലഭ്യത്തിന്റെ ഗണത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്തേക്ക് കേരളം എത്തിപ്പെടാന്‍ പോകുന്നു എന്ന മുന്നറിയിപ്പ് പ്രസ്തുത പഠനം മുന്നോട്ട് വെക്കുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് കിണര്‍ വെളളത്തിന്റെ നിരപ്പ് 71.48% കുറഞ്ഞിട്ടുണ്ട് എന്നും പഠനം ചൂണ്ടി ക്കാണിക്കുന്നു.

ഈ പ്രശ്‌നം അതീവ ഗൗരവത്തോടു കൂടി അഭിമുഖീകരിക്കാന്‍ ഭരണക ര്‍ത്താക്കളും ഇവിടത്തെ രാഷ്ട്രീയ, സന്നദ്ധ പ്രസ്ഥാനങ്ങളും തയ്യാറാവ ണമെന്നാണ് സോളിഡാരിറ്റി ആവശ്യ പ്പെടുന്നത്. കുടിവെള്ളത്തിനായി മഴയെ കാര്യക്ഷമമായി ഉപയോഗിച്ചു കൊണ്ടുള്ള ബദല്‍ മാര്‍ഗം രൂപപ്പെടുത്തിയെടുക്കണം. പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ കൊടുത്തു കൊണ്ടുള്ള വികസന നയം കേരളത്തില്‍ ഉണ്ടാവുകയും ചെയ്യണം. അതിനോടൊപ്പം തന്നെ കുടിവെള്ളം കിട്ടാതെ വലയുന്ന പ്രദേശങ്ങളില്‍ അത് എത്തിച്ച് കൊടുക്കാനുള്ള കൂട്ടായ പരിശ്രമം ഉണ്ടാവണമെന്നും സോളിഡാരിറ്റി ആഗ്രഹിക്കുന്നുണ്ട്. അത്തരമൊന്നിലേക്കുള്ള പരിശ്രമത്തി ലാണ് കേരളത്തിന്റെ സര്‍ഗാത്മക യൗവ്വനമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്.

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top