അതിജീവനത്തിന്റെ ഉറവുകള്‍

മുഹമ്മദ് ശമീം

''നടന്നു നടന്നങ്ങനെ നീങ്ങുമ്പോള്‍ പാദങ്ങള്‍ക്കടിയില്‍ തിരിയുന്നു ഭൂമി  സ്ഥിരമായിരിക്കുന്നില്ലൊരിക്കലുമീ നദികളും മലകളും''

എന്ന വരികള്‍ എഴുതിയത് പ്രശസ്ത അമേരിക്കന്‍ കവി ഗാരി സ്‌നീഡര്‍ (Gary Snder) ആണ്. പുലിറ്റ്‌സര്‍ പ്രൈസ് നേടിയ അദ്ദേഹത്തിന്റെ കവിതാ സമാഹാരത്തിന് നല്‍കിയിരിക്കുന്ന പേര് Turtle Island എന്നാണ്. ഐക്യനാടുകളും കാനഡയും അടങ്ങുന്ന വടക്കേ അമേരിക്കയിലെ ആദിമ നിവാസികള്‍ അവരുടെ മിത്തുകളില്‍ സ്വന്തം നാടിനെ വിളിച്ചിരുന്ന പേരാണ് Turtle Island (ആമകളുടെ ദ്വീപ്). ഒജിബ്‌വാ, ഒഡാവാ തുടങ്ങിയ ഗോത്രങ്ങളടങ്ങുന്ന ഈ ജനതയും അവരുടെ ഭാഷകളും പൊതുവായി അനിഷിനാബേ എന്ന് വിളിക്കപ്പെട്ടിരുന്നു. ആമകളുടെ ദ്വീപ് എന്ന പേര് അവരെ വന്യതയുമായി ബന്ധിപ്പിക്കുന്നുണ്ട്. ജീവന്റെ നിലനില്‍പ് തന്നെ വന്യതയിലാണ് എന്ന ആദിമ നിവാസികളുടെ തിരിച്ചറിവാണല്ലോ പില്‍ക്കാലത്ത് പ്രസിദ്ധമായ സിയാറ്റിലിലെ റെഡ് ഇന്ത്യന്‍ മൂപ്പന്റെ പ്രഭാഷണത്തില്‍ പ്രകടമാകുന്നത് (ഈ പ്രഭാഷണത്തിന്റെ ചരിത്രപരമായ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. 1854ല്‍ നടന്ന് മുപ്പത്തിമൂന്ന് വര്‍ഷത്തിന് ശേഷം വില്യം സ്മിത്ത് പ്രസിദ്ധീകരിച്ച്, അതിനും വളരെക്കാലത്തിന് ശേഷം ടെഡ് പെറി എന്ന തിരക്കഥാകൃത്തിന്റെ ഡോക്യുമെന്ററി സിനിമയില്‍ വന്ന രൂപമാണ് നമ്മള്‍ പൊതുവേ വായിക്കാറുള്ളത്. അതേസമയം, പിന്നീട് അമേരിക്കയായി മാറിയ ''ആമകളുടെ നാട്ടില്‍'' ജീവിച്ചിരുന്ന റെഡ് ഇന്ത്യന്‍മാരുടെ സംസ്‌കാരവും അമേരിക്ക എന്ന വ്യവസ്ഥിതിയുടെയും സമൂഹത്തിന്റെയും അര്‍ത്ഥശാസ്ത്രവും തമ്മിലുള്ള ദൂരത്തെ സത്യസന്ധമായി അടയാളപ്പെടുത്തുന്ന പ്രമേയങ്ങള്‍ ഈ പ്രഭാഷണത്തിലടങ്ങിയിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരുടെ എക്കാലത്തെയും മാഗ്‌നാകാര്‍ട്ടയായും ഇത് മാറി). സിയാറ്റില്‍ മൂപ്പന്‍ മരങ്ങളെ വിളിക്കുന്നത് പൂര്‍വികരുടെ അസ്ഥികള്‍ എന്നാണ്. പുഴകളില്‍ ഒഴുകുന്ന ജലം തങ്ങള്‍ക്ക് പിതൃക്കളുടെ രക്തമാണ് എന്നും അദ്ദേഹം പറയുന്നു. എണ്ണമറ്റ നൂറ്റാണ്ടുകളില്‍ തങ്ങളുടെ പൂര്‍വികരുടെ മേല്‍ കനിവിന്റെ കണ്ണീര്‍ത്തുള്ളികള്‍ വര്‍ഷിച്ച, തങ്ങള്‍ക്ക് അനശ്വരമെന്ന് തോന്നിക്കുന്ന ആകാശത്തെയും മൂപ്പന്‍ അനുസ്മരിക്കുന്നു. 

അനന്തമായി നീളുന്ന സ്‌നേഹമായാണ് മേല്‍ ഉദ്ധരിച്ച വരികളില്‍ ഗാരി സ്‌നീഡര്‍ മലകളെയും പുഴകളെയും സ്ഥാപിക്കുന്നത്. ഇത്തരം ഉറവുകളാണ് ഭൂമിക്ക് മേല്‍ ജീവന്റെ സ്ഥിതി സാധ്യമാക്കുന്നത്. ജീവന് പ്രാഥമികമായി സത്ത നല്‍കിയ ചതുര്‍ഭൂതങ്ങളുടെ തന്നെ ഉറവുകളാണവ. 

മണ്ണും വെള്ളവും 

മണ്ണുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഖുര്‍ആന്‍ മനുഷ്യന്റെ സത്തയെത്തന്നെ പരിചയപ്പെടുത്തുന്നു. മണ്ണില്‍ നിന്നുള്ള പിറവി (ഖലഖകും മിന്‍ തുറാബ്), മണ്ണില്‍ പടുത്ത രൂപം (അന്‍ശഅകും മിനല്‍ അര്‍ദ്), മണ്ണില്‍ വേരാഴ്ത്തിക്കൊണ്ടുള്ള വളര്‍ച്ച (അന്‍ബതകും മിനല്‍ അര്‍ദ്), മണ്ണിന്‍മേലുള്ള ആവാസം (ബവ്വഅകും ഫില്‍ അര്‍ദ്) എന്നിങ്ങനെ അത് വിവരിക്കപ്പെടുന്നു. പിറവി തന്നെ മണ്ണില്‍ നിന്നാകയാല്‍ മണ്ണിലുള്ള ആവാസം അതിലേക്കുള്ള മടക്കമാണ് എന്ന് ധ്വനിപ്പി ക്കുന്ന വിധമാണ് ബവ്വഅകും ഫില്‍ അര്‍ദ് എന്ന് പ്രയോഗിച്ചിരിക്കുന്നത്. ബാഅ എന്നതാണ് ബവ്വഅകും എന്നതിന്റെ മൂലപദം. മടങ്ങി എന്നര്‍ത്ഥം. ഇതേ മൂലപദത്തില്‍ നിന്നുണ്ടായ, മടക്കം എന്നര്‍ത്ഥമുള്ള ബീഅഃ എന്ന പദമാണ് പരിസ്ഥിതി വിജ്ഞാനത്തെ സൂചിപ്പിക്കാന്‍ അറബിയില്‍ ഉപയോഗിക്കുന്നത് (ഇല്‍മുല്‍ ബീഅഃ) എന്നതും ശ്രദ്ധേയമാണ്. അപ്പോള്‍ മണ്ണിലേക്കുള്ള മടക്കം, മനുഷ്യന്റെ ആവാസം എന്നു പറഞ്ഞാല്‍ അവന് ഏറ്റവും ഉചിതമായ ആവാസ വ്യവസ്ഥയിലേക്ക് അവനെ ചേര്‍ത്തു വെച്ചു എന്നാണ് അര്‍ത്ഥം. 

(പിറന്നപ്പോള്‍) ഭൂമിയെ നിങ്ങള്‍ക്ക് തൊട്ടിലാക്കിത്തന്നു, (വളര്‍ന്നപ്പോള്‍) അതില്‍ വഴികളൊരുപാടൊരുക്കിത്തന്നു, (പിറവിയിലും വളര്‍ച്ചയിലും, നിലനില്‍പിനായി) മുകളില്‍ നിന്നും ജലം വീഴ്ത്തിത്തന്നു, ആ ജലം വഴി അനവധി വിളകളെ ഇണകളായി മുളപ്പിച്ചു. ഇനി നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യൂ. പിന്നെ, നിങ്ങളുടെ കാലികളെ മേയ്ക്കുകയും ചെയ്യൂ. എല്ലാം വിചാരശീലര്‍ക്കുള്ള കുറിമാനങ്ങള്‍ തന്നെ (ത്വാഹാ :5354) എന്ന് പ്രഖ്യാപിക്കുമ്പോള്‍ ഖുര്‍ആന്‍ മനുഷ്യജീവിതത്തെ സമഗ്രമായി മണ്ണിലേക്കും ജലത്തിലേക്കും ചേര്‍ക്കുന്നു. തുടര്‍ന്ന് മണ്ണ് ജീവന്റെ അധിഷ്ഠാനമായിരിക്കുന്നതിനെ വീണ്ടും സ്ഥാപിച്ചുറപ്പിക്കുന്നത് ഇതേ മണ്ണില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉയിര് തന്നു, ഇതിലേക്ക് തന്നെ നിങ്ങളുടെ മടക്കം, പിന്നെയും ഇതില്‍ നിന്ന് തന്നെ പുനരുജ്ജീവനം (മിന്‍ഹാ ഖലഖ്‌നാകും വ ഫീഹാ നുഈദുകും വമിന്‍ഹാ നുഖ്‌രിജുകും താറതന്‍ ഉഖ്‌റാ) എന്ന് പറഞ്ഞു കൊണ്ടാണ് (ത്വാഹാ :55). 

ജലമാകട്ടെ, ജീവന്റെ ആധാരം തന്നെയാകുന്നു. ജലത്തിന് ഒരുപാട് സ്രോതസ്സുകളുണ്ടാവാം. എന്നാല്‍ ജീവനെസ്സംബന്ധിച്ചിടത്തോളം ജലം തന്നെയാണ് സ്രോതസ്സ്. 

മൂന്ന് കാര്യങ്ങള്‍ മനുഷ്യനെക്കു റിച്ച അന്വേഷണങ്ങളില്‍ മുഖ്യവിഷ യങ്ങളാണ്. ജീവന്‍, ചിന്തയും സര്‍ ഗാത്മകതയും, ചരിത്രം എന്നിവ യാണവ. സ്വജീവനെക്കുറിച്ച് ത ന്നെയുള്ള അന്വേഷണങ്ങള്‍ മനുഷ്യ ന്റെ ശാസ്ത്രജ്ഞാനത്തിന്റെ പരമാധാരമാണ്. അവന്‍, അവന്റെ ചുറ്റുപാട് എന്നതില്‍ നിന്നാണല്ലോ പ്രകൃതിശാസ്ത്രവുമായി ബന്ധ പ്പെട്ട എല്ലാ അന്വേഷണങ്ങളും ഉറ വെടുക്കുന്നത്. ചിന്തയില്‍ നിന്നാണ് സംസ്‌കാരം രൂപപ്പെടുന്നത് എന്ന് പറയാം. തത്വചിന്തകളായും സര്‍ഗാത്മകാവിഷ്‌കാരങ്ങളായുമെല്ലാം മനുഷ്യചിന്ത അസ്തിത്വം നേടുന്നു. പിന്നെയുള്ളത് ചരിത്രമാണ്. വേട്ടയാടി അലഞ്ഞ് നടന്നിരുന്ന മനുഷ്യന്‍ സ്ഥിരതാമ സമാരംഭിച്ചതും സമൂഹങ്ങള്‍ രൂപപ്പെട്ടതും ഒക്കെ ചരിത്രപരമാണ്. അവിടം മുതല്‍ക്ക് സാമൂഹികബന്ധങ്ങളിലൂടെ ജീവിതം മുന്നേറുന്നു. 

ജലം ജീവന്റെ ഉറവിടം 

വെള്ളം കുടിച്ചും വായു ശ്വസിച്ചുമാണ് ജീവികളെല്ലാം പ്രധാനമായും നിലനില്‍ക്കുന്നത്. ആഹാരം ഇത് രണ്ടിന്റെയും താഴെയേ വരൂ. വായു ശ്വസിക്കേണ്ടതില്ലാത്ത സൂക്ഷ്മ ജീവികളെങ്കിലും ലോകത്തുണ്ട്. അവായവ സൂക്ഷ്മജീവികള്‍ (Anaerobic microbes) എന്ന് പറയും അവയെ. എന്നാല്‍ വെള്ളം കുടിക്കാതെ നിലനില്‍പ് സാധ്യമാകുന്ന ഒരു ജീവിയും ഇല്ല. ഭൂമിയിലാദ്യമായി ജീവദ്രവ്യം ഉണ്ടായത് ജലത്തിലാണ്. അത് ജീവനായി മുളച്ചതും വെള്ളത്തില്‍ ത്തന്നെ. ജീവനുള്ള എല്ലാത്തിനെയും നാം ജലത്തില്‍ നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഖുര്‍ആന്‍ പറയുന്നു (അല്‍ അംബിയാഅ് :30). അല്ലാഹു സകല ജന്തുക്കളെയും, ഉരസ്സിലിഴയുന്നവയും ഇരുകാലില്‍ നടക്കുന്നവയും നാല്‍ക്കാലില്‍ ചരിക്കുന്നവയും ആയ എല്ലാത്തിനെയും ജലത്തില്‍ നിന്ന് സൃഷ്ടിച്ചു എന്നും പറയുന്നുണ്ട് (അന്നൂര്‍ :45). കോശത്തിലെ ജീവദ്രവ്യത്തില്‍ മുക്കാല്‍ പങ്കും ജലമാണ്. ജലത്തില്‍ത്തന്നെയാണ്, ജലത്തെ ആശ്രയിച്ച് തന്നെയാണ് നാം ജീവിക്കുന്നത്. 

ഭൂമിയുടെ രക്തമാണ് ജലം. ജീവന്‍ ഉണ്ടായത് അതില്‍ നിന്നാണ്, ജീവന്‍ നിലനില്‍ക്കുന്നതും അതിനാലാണ്. ഗര്‍ഭാശയജലത്തിലാണ് നാം മുള പൊട്ടുന്നത്. തുടര്‍ന്നുള്ള നിലനില്‍പിന് അനിവാര്യമായ ഭക്ഷ്യപേയങ്ങളെപ്പറ്റി ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ''മനുഷ്യന്‍ അവന്റെ ആഹാരത്തിലേക്കൊന്ന് നോക്കട്ടെ. നാം ശരിയായി വെള്ളം വര്‍ഷിച്ചു. പിന്നെ, മണ്ണിനെയൊന്ന് പിളര്‍ത്തി. എന്നിട്ടതില്‍ മുളപ്പിച്ചു, ധാന്യങ്ങളും മുന്തിരിയും പച്ചക്കറികളും ഒലിവും ഈത്തപ്പനയും ഇടതൂര്‍ന്ന് നില്‍ക്കുന്ന തോട്ടങ്ങളും പഴങ്ങളും പുല്‍പ്പടര്‍പ്പുകളും. നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കുമുള്ള ആഹാരം'' (അബസ :25-32), 

ദ്രവരൂപത്തിലുള്ള രക്തത്തിന്റെ പ്രധാനഘടകം വെള്ളമാണ്. രക്തത്തിന്റെ ശുദ്ധീകരണമാണ് ശരീരത്തിന്റെ ശുദ്ധീകരണം. അതായത് ശരീരത്തിന്റെ പുറത്തെയും അകത്തെയും ശുദ്ധീകരിക്കുന്നത് വെള്ളമാണ്. വെള്ളം മലിനമായാല്‍ പുറം കെടും, അകം ചീയും. ശരീരത്തിന്റെ ചയാപചയങ്ങളെ സാധ്യമാക്കുന്ന രാസവസ്തുക്കളുടെ സഞ്ചാരവും രക്തത്തെ ആശ്രയിച്ചാണ്. അതായത്, രക്തമാണ് ശരീരത്തിലെ ജലസേചന, ഗതാഗത സംവിധാനങ്ങള്‍. രക്തം പുഷ്ടിപ്പെടുന്നതിനാകട്ടെ, ശുദ്ധജലം അനിവാര്യമാകുന്നു. 

ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം ജീവന്റെ നിലനില്‍പിനെ അസാധ്യമാക്കുന്നു. 

ജലം ചരിത്രത്തിന്റെ ആരംഭം 

അലഞ്ഞു തിരിഞ്ഞും വേട്ടയാടിയും ജീവിച്ചിരുന്ന മനുഷ്യന്‍ ഒരിടത്ത് അധിവാസമുറപ്പിച്ച ഘട്ടത്തിലാണ് നാഗരികത ആരംഭിക്കുന്നത്. സാമൂഹികമായ ബന്ധങ്ങള്‍ ആരംഭിച്ചതും അതുമുതല്‍ക്ക് തന്നെ. പരാപരസ്വത്വങ്ങള്‍ തമ്മിലുള്ള പരസ്പരാശ്രിതത്വത്തിന്റെ അംഗീകാരവും ബാധ്യതകളുടെ നിര്‍വഹണവും മറ്റുള്ളവരോടുള്ള പ്രതിബദ്ധതയുമൊക്കെ ഇതിനോടനുബന്ധിച്ച് ആരംഭിക്കുന്നു. സംസ്‌കാരത്തിന്റെ പിറവിയും ഇതോടനുബന്ധിച്ചു തന്നെ ഉണ്ടായി. നവീന ശിലായുഗത്തിന്റെ അവസാനത്തില്‍ ആരംഭിച്ച് വെങ്കലയുഗത്തില്‍ ശക്തി പ്രാപിച്ച ആദിമ നാഗരികതകള്‍ക്ക് വേരും വളവും നല്‍കിയത് നദികളായിരുന്നു എന്നാണ് ചരിത്രം. അതായത്, നദീതടങ്ങള്‍ വിശ്വനാഗരികതയുടെ തൊട്ടില്‍ (Cradle of world civilizations) ആണ്. 

ഏതാണ്ടൊരേ കാലത്ത് ഉയര്‍ന്നു വന്ന രണ്ട് പുത്തന്‍ പ്രദേശങ്ങളായിരുന്നു ആദിമ നാഗരികതയുടെ കേന്ദ്രങ്ങള്‍. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ചെന്ന് ചേരുന്ന യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ നദികള്‍ ധാരാളം എക്കലും കൊണ്ടാണ് ഒഴുകിയിരുന്നത്. ഇവയുടെ തീരത്തെ അതിവിസ്തൃതമായ ചതുപ്പു നിലം ക്രമേണ വറ്റി ഉറച്ചു തുടങ്ങിയതോടെ ഫലഭൂയിഷ്ഠമായ ഒരു പ്രദേശം ആ നദിക്കിടയില്‍ രൂപം കൊണ്ടു. ഇന്നത്തെ ഇറാഖ് പൂര്‍ണമായും ഇറാന്‍, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ ഭാഗവും ഉള്‍ക്കൊള്ളുന്ന ആ പ്രദേശത്തെ നാം മെസൊപൊട്ടേമിയ എന്ന് വിളിച്ചു. Between two rivers എന്ന് തന്നെയായിരുന്നു ആ പേരിന്റെ അര്‍ത്ഥം. 

ഈജിപ്തിലെ ഡെല്‍റ്റാ പ്രദേശമായിരുന്നു രണ്ടാമത്തേത്. നൈല്‍ നദിയാണ് അതിന്റെ ജീവനാഡി. നൈലില്‍ നിന്നും വെള്ളം വര്‍ഷം തോറും കവിഞ്ഞൊഴുകും. അങ്ങനെയത് ഫലഭൂയിഷ്ഠമായ തീരഭൂമിയായി മാറി. 

ഈ നദികളാണ് മനുഷ്യചരിത്രത്തിന്റെ സ്രോതസ്സ്. അതിലൊഴുകിയ ജലമാണ് നാഗരികതകളെ സ്ഥാപിച്ചത്. ഭൂമിയുടെ മറ്റ് മേഖലകളിലും നദീതടങ്ങളില്‍ത്തന്നെയാണ് നാഗരികതകള്‍ വികാസം പ്രാപിച്ചത്. ഇന്ത്യയിലെ സിന്ധുവും ചീനയിലെ ഹൊയാങ് ഹോ, യാങ്ടിസി, സിക്യാങ് നദികളും അമേരിക്കയിലെ മിസിസ്സിപ്പി, മിസൗറി നദികളും ആമസോണുമെല്ലാം ഇതില്‍ പെടുന്നു. 

ജലം സൗന്ദര്യാനുഭവങ്ങളുടെ ആഴം  

ഗ്രീക്ക് പുരാണത്തിലെ നാര്‍സിസസ്, ഒരുപക്ഷേ മനുഷ്യഭാവനയുടെ ആരംഭത്തെ അടയാളപ്പെടുത്തുന്നു. ശുദ്ധജലത്തില്‍ പ്രതിബിംബിച്ചു കണ്ട, തന്നോട് തന്നെയുള്ള അനുരാഗമായിരുന്നു അത്. സത്യത്തില്‍ അതൊരു ഭ്രമാത്മകതയുടെ അടയാളമാണ്. വെള്ളത്തിലേക്ക് ചാഞ്ഞ് തങ്ങളെത്തന്നെ നോക്കിനില്‍ക്കുന്ന ഡാഫോഡില്‍ തുടങ്ങിയ പൂക്കളെ നാര്‍സിസസ് എന്ന് വിളിക്കുന്നു. ജലം ശുദ്ധമായിരിക്കുമ്പോള്‍ ഞാനും സുന്ദരനാകുന്നു. ഞാന്‍ സുന്ദരനായിരിക്കുന്നതിനാല്‍ പ്രകൃതിയും സുന്ദരമാകുന്നു. പ്രകൃതിയുടെയും മനുഷ്യന്റെയും പ്രതിബിംബമാണ് ജലം. 

ഇത് ഭ്രമാത്മകതയാണെങ്കില്‍, ചിന്തയുടെ തുടക്കത്തെപ്പറ്റി ഉപനിഷത്തില്‍ പറയുന്ന കഥയിലും ജലം കടന്നുവരുന്നു. ഞാന്‍ എന്നാല്‍ എന്താണ് എന്നന്വേഷിച്ച ഇന്ദ്ര, വിരോചന്‍മാരോട് പ്രജാപതി പറഞ്ഞത് ജലത്തില്‍ ചെന്ന് നോക്കാനായിരുന്നു. ആ പ്രതിബിംബമാണ് ചിന്തയുടെ ഉറവിടമായിത്തീര്‍ന്നത്. അബോധമനസ്സിന്റെ സിംബലാണ് വെള്ളം എന്ന് കാള്‍ ഗുസ്താവ് യുങ് പറഞ്ഞിട്ടുണ്ട്. റൊമാന്റിക് കവിതകള്‍ മുതല്‍ മനശ്ശാസ്ത്ര, സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങള്‍ വരെ ജലത്തോട് മുട്ടി നില്‍ക്കുന്നു. നമ്മുടെ ഭാവനയും പ്രതിബിംബവും വെള്ളമാണ്. നമ്മുടെ കണ്ണുകള്‍ തടാകങ്ങളും. തടാകത്തിന് തെളിമ എത്രത്തോളമുണ്ടോ, ആഴം എത്രത്തോളമുണ്ടോ അതിനനുസരിച്ച് ചിന്തകള്‍ക്ക് ലാളിത്യവും ഗഹനതയും കൂടുന്നു. സ്വപ്‌നങ്ങളിലും ഭാവനകളിലും തെളിയുന്ന ഇമേജുകള്‍ പ്രകൃതി യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിബിംബങ്ങളാണ്. അതിനാല്‍ത്തന്നെ സര്‍ഗഭാവനകളെ അറിയാനും അനുഭവിക്കാനും പ്രകൃതിയെ നന്നായി അറിയേണ്ടതുണ്ട്. കാവ്യബിംബങ്ങളെ ചെടിയോടുപമിക്കുന്നുണ്ട്, ഭാവനയുടെ പ്രതിഭാസപഠനത്തിലൂടെ (Phenomenological stdies of Imagination) ശ്രദ്ധേയനായ ഫ്രഞ്ച് ചിന്തകനായ ഗസ്‌തോ ബാഷലാര്‍ (Gast on Bachelard) (അവലംബം: ഭാവനയുടെ ജലസ്ഥലികള്‍  ജി മധുസൂദനന്‍). ചെടിക്ക് വളരാന്‍ അതിന് തന്നെ കാമ്പും രൂപവും വേണമെന്നതു പോലെ വെള്ളവും മണ്ണും വായുവും ആകാശവും കൂടിയേ തീരൂ. 

നനവുള്ള ചിന്തകളെയും വികാരങ്ങളെയും പറ്റി നാം പറയാറുണ്ട്. ആകാശത്ത് കാണുന്ന ഏറ്റവും സുന്ദരമായ നക്ഷത്രത്തെ തിരുവാതിര എന്നാണ് വിളിക്കുന്നത്. ആര്‍ദ്രയാണ് ആതിര. അമ്മയുടെ സ്‌നേഹവും ഇണയുടെ പ്രണയവും ആര്‍ദ്രമാണ്. ചെറുകാറ്റിന്റെയും അതിലൊഴുകുന്ന അരുവിയുടെ അലശബ്ദത്തെയും താരാട്ടായി ചിത്രീകരിക്കാറുണ്ട്. അങ്ങനെ താരാട്ട് പാടുന്ന അരുവി മറ്റ് ചിലപ്പോള്‍ ഉണര്‍ത്തുപാട്ടായും മാറുന്നു. ഓളങ്ങളില്‍ ഇളകുന്ന ചെറുനൗകയുടെ സ്‌നിഗ്ധചലനം ആത്മാവില്‍ ഒഴുകിനടക്കുന്ന ചിന്തകളെ അവ്യക്തമായി അനുകരിക്കുന്നതായി ബാഷലാര്‍ ഭാവന ചെയ്യുന്നു. കാവ്യബിംബങ്ങളെ ബാഷലാര്‍ വായിക്കുമ്പോള്‍ ജലം സൗന്ദര്യാനുഭവത്തിന്റെ ഈറ്റില്ല മായിത്തീരുന്നു. അത് സൂഫിയുടെ പ്രചോദനവും ഭാഷയുടെ ഒഴുക്കും മനസ്സിന്റെ കണ്ണാടിയുമായി മാറുന്നു. 

നമ്മുടെ കഥകളിലും കവിതക ളിലും നിറഞ്ഞു നില്‍ക്കുന്ന സൗന്ദര്യ ബിംബങ്ങളാണ് അറബിക്കടലും കല്ലായിപ്പുഴയും നിളാനദിയുമൊക്കെ. എം.ടിയുടെ ജീവിതത്തെപ്പറ്റി എം.എ റഹ്മാന്‍ നിര്‍മിച്ച ഡോക്യുമെന്ററിക്ക് നല്‍കിയ പേര് കുമരനല്ലൂരിലെ കുള ങ്ങള്‍ എന്നാണ്. പുന്നയൂര്‍ക്കുളം എലിയ ങ്ങാട് ചിറ എം.ടിയുടെ കഥകളില്‍ നിത്യസാന്നിധ്യമായി വരുന്നു. എന്‍.പി യുടെ എണ്ണപ്പാടത്തിലും ദൈവത്തിന്റെ കണ്ണിലുമൊക്കെ പാടങ്ങളെയും കുളങ്ങളെയും നാം അനുഭവിക്കുന്നു. വെള്ളം എന്ന പേരില്‍ത്തന്നെ എന്‍.പി യുടെ ഒരു കഥയുണ്ട്. വീട്ടുമുറ്റത്തെ കിണറും മറിയക്കുട്ടി ഹജ്ജുമ്മയും തമ്മിലുള്ള ആത്മബന്ധത്തെയാണ് അത് ആവിഷ്‌കരിക്കുന്നത്. കിണറ്റിലെ വെള്ളം എന്നും ശുദ്ധമായിരിക്കണം ഹജ്ജുമ്മയ്ക്ക്. എങ്കിലേ വുദു ശരിയാവു കയുള്ളൂ. വുദു ശരിയായാലേ നിസ്‌കാരം ശരിയാവുകയുള്ളൂ. നിസ്‌കാരം ശരിയായാലേ എന്തും ശരിയാവുകയുള്ളൂ. 

നിങ്ങള്‍ വെള്ളത്തിന് വേണ്ടി ദാഹിക്കുമ്പോഴെല്ലാം വെള്ളം നിങ്ങള്‍ക്ക് വേണ്ടിയും ദാഹിക്കുന്നു എന്ന് റൂമി പറഞ്ഞിട്ടുണ്ട്. ഏറ്റവുമവസാനം മറിയക്കുട്ടി ഹജ്ജുമ്മ മരിച്ചപ്പോള്‍ ജനാസ കുളിപ്പിക്കാന്‍ വെള്ളമെടുക്കാന്‍ ചെന്നവര്‍ കിണറ് കണ്ട് ഞെട്ടി. ഹജ്ജുമ്മയുടെ മരണത്തോടെ ആ കിണറും വറ്റിപ്പോയിരിക്കുന്നു. 

ജലവുമായി ബന്ധപ്പെട്ട് സമൂഹത്തോടുള്ള കടപ്പാടിന്റെ ആര്‍ദ്രതയെ അനുഭവിപ്പിക്കുന്ന കഥയാണ് കാരൂരിന്റെ ഉതുപ്പാന്റെ കിണര്‍. എന്നും രാത്രിയില്‍ അരപ്പട്ടിണിക്കാരനും കൂലിപ്പണിക്കാരനുമായ ഉതുപ്പാന്റെ വയറും മനസ്സും എരിയും. വയറെരിയുന്നത് വിശന്നിട്ട്, മനസ്സെരിയുന്നത് ചുറ്റിലുമുള്ള നിലവിളികള്‍ കേട്ടിട്ട്. അവസാനം വയറിനെ വീണ്ടും പീഡിപ്പിച്ചു കൊണ്ട് പിന്നെയും അരിഷ്ടിച്ച ഉതുപ്പാന്‍ അങ്ങനെ സമ്പാദിച്ച തുക കൊണ്ട് ഒരു സ്ഥലം മേടിച്ച് സ്വപ്രയത്‌നത്താല്‍ അതിലൊരു കിണര്‍ കുഴിച്ചു. അതിനൊരു കപ്പിയും കയറും സ്ഥാപിച്ചു. ഉതുപ്പാനെ യേശുവിന്റെ പ്രതിരൂപമായി അനുഭവിപ്പിക്കുന്ന കഥ പള്ളിമതത്തിന്റെ സാമൂഹികവിരുദ്ധതയെയും അടയാളപ്പെടുത്തുന്നുണ്ട്. ഏറ്റവും ശ്രേഷ്ഠമായ ദാനം കുടിനീര്‍ ദാനമാണെന്ന നബിവചനത്തിന്റെ സാക്ഷാത്ക്കാരമായും ഉതുപ്പാന്റെ കഥ അനുഭവപ്പെടുന്നു. ഉസ്മാന്റെ പിന്‍മുറക്കാരനായിത്തീരുന്നു ഉതുപ്പാന്‍. 

നബിയുടെ ചരിത്രത്തില്‍ ഉസ്മാന്റെ കിണര്‍ എന്ന അധ്യായം വിഖ്യാതമാണല്ലോ. ചുറ്റിലുമുള്ള വരള്‍ച്ചയെ സാമ്പത്തിക നേട്ടത്തിനുള്ള അവസരമാക്കി മാറ്റിയ, വറ്റാത്ത കിണറിനുടമയായ മനുഷ്യനില്‍ നിന്ന് നബിയുടെ കല്‍പന പ്രകാരം നബിശിഷ്യന്‍ ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍ ആ സ്ഥലം വിലകൊടുത്തു വാങ്ങുകയും അത് പൊതുസ്വത്തായി വിട്ടുകൊടുക്കുകയും ചെയ്ത ചരിത്രമാണത്. നബിവചന പ്രകാരം വെള്ളത്തിന് മേല്‍ ഉടമസ്ഥാവകാശമില്ല. അത് സ്വകാര്യ ഉടമയിലല്ല, പൊതു ഉടമയിലുമല്ല. ആര്‍ക്കും ഉടമസ്ഥാവകാശമില്ലാത്ത, എല്ലാവര്‍ക്കും എല്ലാത്തിനും അവകാശമുള്ള സ്രോതസ്സാണത്. 

പ്രകൃതിയില്‍ നിന്നുള്ള വിഛേദനമാണ് ഇന്നത്തെ മനുഷ്യന്‍ അനുഭവിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം. അവന്‍ നേരിടുന്ന ഏറ്റവും വലിയ ആഘാതവും അതു കൊണ്ടുണ്ടാകുന്നത് തന്നെ. കെ.ജി.എസ്സിന്റെ കവിതയിലെ ഏഴാം നിലയിലെ ഫഌറ്റില്‍ തത്വചിന്തയുമായി ഉലാത്തുന്ന മനുഷ്യനും മട്ടുപ്പാവില്‍ വാമനനായി വണങ്ങുന്ന ആല്‍മരവും തമ്മിലുള്ള ബന്ധവിച്ഛേദനമാണത്. തീരെക്കുറിയവനാണ് വാമനന്‍. ഭീമാകാരനായ ആല്‍ ഫഌറ്റിന്റെ മട്ടുപ്പാവില്‍ ഒരു ബോണ്‍സായിച്ചെടിയായി മാറിയിരിക്കുന്നു. അത് മനുഷ്യന്റെ ദയക്ക് വേണ്ടി അഭ്യര്‍ത്ഥിക്കുന്നു. പ്രകൃതി വെറുതെ കടന്നു വരുന്നു എന്നാണ് കെ.ജി.എസ് എഴുതുന്നത്. അനാവശ്യവും അരോചകവുമായ സാന്നിധ്യമായി അതിനെ നമ്മള്‍ മാറ്റിയിരിക്കുന്നു എന്നര്‍ത്ഥം. ബോധോദയത്തിനെനിക്കിന്ന് ബോധിപ്രകൃതി വേണ്ടതില്ലെന്നതിനറിയില്ലെന്ന് തോന്നുന്നു എന്നാണ് കവി നിരീക്ഷിക്കുന്നത്. ബോധിക്ക് കീഴിലാണ് ബുദ്ധന്‍ ബോധിയായിത്തീര്‍ന്നത്. നബിക്ക് ലഭിച്ച ബോധോദയം ഗുഹയില്‍ വെച്ചും. സരതുഷ്ട്രര്‍ക്ക് ദൈതീ നദിക്കരയില്‍ വെച്ചാണ് ഈ അനുഭവമുണ്ടായത് എന്ന് പാര്‍സി പുരാണങ്ങള്‍ പറയുമ്പോള്‍ ഖുര്‍ആ നില്‍ മൂസാ നബിയുടെ വഹ്‌യ് അനുഭ വം ചിത്രീകരിക്കുന്നത് ത്വുവാ താഴ്‌വരയിലാണ്. ബോധവും ബോധിയും തമ്മിലുള്ള ബന്ധത്തെ ഇതിലെല്ലാം നാം അറിയുന്നുണ്ടെങ്കിലും നമുക്കിതെല്ലാം കഥകള്‍ മാത്രമാണ്. ഇതും വിഛേദത്തി ന്റെ കാരണമായിത്തീരുന്നു. 

നാം സ്‌നേഹിക്കുകയും നമ്മെ സ്‌നേഹിക്കുകയും ചെയ്യുന്നത് എന്ന് ഉഹ്ദ് മലയെപ്പറ്റി പറഞ്ഞ നബിതിരുമേനി, ഉപഭോഗത്തിലുള്ള സൂക്ഷ്മതയില്‍ ജാഗ്രത്താവാന്‍ ഉപദേശിച്ചു. എന്തൊരു ധൂര്‍ത്ത് എന്ന് സ്വശിഷ്യനായ സഅദി നെ അദ്ദേഹം ശകാരിച്ചത് വുദു ചെയ്യുമ്പോഴാ ണ്. ഒഴുകിക്കൊണ്ടിരിക്കുന്ന നദിയിലാണ് നീയെങ്കില്‍പ്പോലും ജാഗ്രത കൈ ക്കൊള്ളണം എന്ന് അവിടുന്ന് കൂട്ടിച്ചേര്‍ ക്കുകയും ചെയ്തു.

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top