കുടിച്ചും പുകച്ചും

ഡോ.മേജര്‍ നളിനി ജനാര്‍ദ്ദനന്‍

മദ്യപാനം, മയക്കുമരുന്ന്, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍ ഉണ്ടാവുന്നതിനു പല കാരണങ്ങളുണ്ട്. മാനസിക സംഘര്‍ഷം കൊണ്ടോ ജിജ്ഞാസ കൊണ്ടോ വെറുതെ നിയമങ്ങള്‍ ലംഘിക്കണമെന്ന തോന്നല്‍കൊണ്ടോ ആയിരിക്കും ഇവ പരീക്ഷിച്ചു നോക്കുന്നത്. ക്രമേണ ഇത്തരം ദുശ്ശീലങ്ങള്‍ക്കടിമയാവുകയും അവ നിര്‍ത്താന്‍ വളരെ വിഷമമാവുകയും ചെയ്യുന്നു. അതിനെതുടര്‍ന്ന് പലതരം രോഗങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നു. മദ്യം കഴിച്ച ഉടനെ സന്തോഷം തോന്നാമെങ്കിലും പിന്നീട് പല പ്രശ്‌നങ്ങള്‍ക്കും അത് കാരണമാവാം. മദ്യം കഴിക്കുന്ന കൗമാര പ്രായക്കാരികള്‍ ബലാല്‍സംഗം, അവിചാരിതമായ ലൈംഗിക ബന്ധം, കൗമാരപ്രായത്തില്‍ ഗര്‍ഭധാരണം എന്നീ പ്രശ്‌നങ്ങളില്‍ പെട്ടുപോകാം. അക്രമം, ലൈംഗികാക്രമണം, വാഹനാപകടങ്ങള്‍, ലൈംഗികരോഗങ്ങള്‍ എന്നിവക്കെല്ലാം മദ്യപാനം കാരണമാകുന്നു.

ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ 

മദ്യപാനം കൊണ്ട് ശരീരത്തില്‍ താല്‍ക്കാലികമായോ ദീര്‍ഘകാലം കൊണ്ടോ നാശങ്ങള്‍ ഉണ്ടാവാം.

തലച്ചോറ്: കൈകാലുകളുടെ പ്രവര്‍ത്തനം മനസ്സിലാക്കാനും അത് നിയന്ത്രിക്കാനും കഴിയാതെ വരിക, റിഫഌക്‌സ് പ്രവര്‍ത്തനങ്ങള്‍ (എന്തെങ്കിലും അപകടത്തില്‍പെടുമ്പോള്‍ ശരീരത്തിന്റെ പെട്ടെന്നുള്ള പ്രതികരണം) മെല്ലെയാവുക, കാഴ്ച മങ്ങുക, ഓര്‍മ കുറയുക, തല ചുറ്റുക എന്നിവ)

ഹൃദയം: ബി.പി കൂടുക, ഹൃദയമിടിപ്പ് കൂടുതലാവുക, ഹൃദയമിടിപ്പിന്റെ താളം തെറ്റുക, ഹൃദയത്തിനു വലുപ്പം കൂടുക

വയറ്: ഛര്‍ദി, വയറ്റില്‍പുണ്ണ്, നെഞ്ചെരിച്ചില്‍, ഓക്കാനം, കാന്‍സര്‍ തുടങ്ങിയവ

കരള്‍: സിറോസിസ്, മഞ്ഞപ്പിത്തം ഉണ്ടാക്കുന്ന ഹൈപ്പറ്റെറ്റിസ് കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാവുക.

പ്രത്യുല്‍പാദന വ്യവസ്ഥ: ആര്‍ത്തവ കാലത്തു വയറുവേദന, രക്തം കൂടുതല്‍ പോവുക, ആര്‍ത്തവത്തിനു മുമ്പ് അസ്വസ്ഥത, ആര്‍ത്തവം ക്രമം തെറ്റിവരിക എന്നിവ മദ്യപാനം കൊണ്ട് ശരീരത്തിലുണ്ടാകുന്ന അപകടങ്ങളാണ്.

മദ്യപാനശീലമുണ്ടാവാന്‍ കാരണങ്ങള്‍

ജിജ്ഞാസ: പുതിയ കാര്യങ്ങളെക്കുറിച്ചറിയാനുള്ള കൗതുകം കൊണ്ട് മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവ പരീക്ഷിച്ചു നോക്കാന്‍ താല്‍പര്യം തോന്നുക.

സുഹൃത്തുക്കളുടെ സ്വാധീനം: ഗ്രൂപ്പിന്റെ താല്‍പര്യങ്ങളോട് യോജിച്ചുപോവാനായി കൂട്ടുകാരോടൊപ്പം മദ്യപാനം തുടങ്ങുന്നത്.

വ്യക്തിപരമായ പ്രശ്‌നങ്ങള്‍: മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസങ്ങള്‍, സ്‌കൂളിലോ കോളേജിലോ ഉള്ള പ്രശ്‌നങ്ങള്‍ എന്നിവ മദ്യപാനത്തിനു കാരണമാവാം. മാനസികസംഘര്‍ഷം കുറക്കാനോ മറ്റുള്ളവരോടുള്ള ദേഷ്യം തീര്‍ക്കാനോ ഏകാന്തത, ഉല്‍ക്കണ്ഠ, ആത്മവിശ്വാസമില്ലായ്മ, അപകര്‍ഷത എന്നിവക്കുള്ള പരിഹാരമായോ ആണ് മദ്യപാനം തുടങ്ങുന്നത്.

അനുകരണം: അച്ഛന്മാര്‍ മദ്യപിക്കുന്ന വീട്ടിലെ കുട്ടികള്‍ കണ്ടുപഠിക്കുന്നതുകൊണ്ടോ ഒരു പ്രതികാരമെന്ന നിലക്കോ മദ്യപാനം തുടങ്ങാനിടയുണ്ട്. സിനിമ, ടി.വി കഥാപാത്രങ്ങള്‍ മദ്യപിക്കുന്നതു കണ്ടിട്ടുള്ള സ്വാധീനവും മറ്റൊരു കാരണമാവാം.

മദ്യപാനം കൊണ്ടുള്ള മറ്റു കുഴപ്പങ്ങള്‍

പഠനത്തില്‍ താല്‍പര്യം കുറയുക, മദ്യപിക്കാനുള്ള പണമുണ്ടാക്കാനായി അനാവശ്യമാര്‍ഗങ്ങള്‍ സ്വീകരിക്കുക, സാമൂഹ്യവിരുദ്ധരുടെ താവളത്തിലെത്തിപ്പെടുക, കുറ്റകൃത്യങ്ങളില്‍ പെട്ടുപോവുക, കുറ്റബോധം മൂലം കുടുംബാംഗങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക, ഒറ്റപ്പെടുക, സ്വയം നിന്ദ തോന്നുക, ആത്മവിശ്വാസം നഷ്ടപ്പെടുക തുടങ്ങിയ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. മദ്യം കഴിക്കുന്ന പാര്‍ട്ടികളില്‍ പോകുന്നത് പെണ്‍കുട്ടികള്‍ക്ക് വളരെ അപകടകരമാണ്. നിങ്ങള്‍ക്കോ നിങ്ങളുടെ ശരീരത്തിനോ എന്തുസംഭവിക്കുന്നു എന്നറിയാതെ അസ്വസ്ഥതയുണ്ടാക്കുന്നതും അപകരടരവുമായ സന്ദര്‍ഭങ്ങൡ അറിയാതെ നിങ്ങള്‍ പെട്ടുപോവുന്നു. 

നിങ്ങളുടെ കൂട്ടുകാര്‍ മദ്യം കഴിക്കുന്നവരാണെങ്കില്‍, നിങ്ങളുടെ താല്‍പര്യങ്ങളുമായി സാമ്യമുള്ള കൂട്ടാകാരെ കണ്ടെത്തുക. മദ്യം കഴിക്കുന്ന പാര്‍ട്ടിയില്‍ പോകേണ്ടിവന്നാല്‍ അപരിചതരില്‍നിന്നും, ആദ്യമായി പരിചയപ്പെട്ടവരില്‍ നിന്നും പാനീയങ്ങള്‍ സ്വീകരിക്കരുത്. അടപ്പുതുറക്കാത്ത പാനീയങ്ങള്‍ മാത്രം സ്വീകരിക്കുക. സ്വയം അതിന്റെ അടുപ്പുതുറക്കുക. തുറന്ന പാനീയത്തില്‍ മയക്കുമരുന്നു ചേര്‍ത്തിട്ടുണ്ടെങ്കില്‍ മനസ്സിലാവില്ല.

നിങ്ങളുടെ പാനീയം എപ്പോഴും നിങ്ങളോടൊപ്പം കണ്‍മുമ്പില്‍ത്തന്നെ ഉണ്ടാവണം. നിങ്ങളുടെ കപ്പോ ഗ്ലാസോ മേശപ്പുറത്തുവെച്ചുകൊണ്ട് എവിടെയെങ്കിലും പോയി തിരിച്ചുവന്നാല്‍ അതിലെ മദ്യമോ ലഹരിപദാര്‍ഥങ്ങളോ ചേര്‍ത്തിരിക്കാം. നിങ്ങള്‍ വിട്ടിട്ടുപോയ പാനീയം തിരിച്ചുവന്നശേഷം കളയുന്നതാണ് നല്ലത്.

കൂടെയുള്ള സുഹൃത്തുക്കള്‍ മദ്യപിക്കുന്നവരാണെങ്കില്‍ എപ്പോഴും കൈവശം മൊബൈല്‍ ഫോണും പൈസയും കരുതണം. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ വീട്ടിലേക്ക് തിരിച്ചുപോകാന്‍ പൈസ ഉണ്ടാവുന്നതു നല്ലതാണ്. മൊബൈല്‍ ഫോണില്‍ അച്ഛനമ്മമാരോടു വിവരം പറയാം. കൂടുതല്‍ അപകടമാണെങ്കില്‍ പോലീസിനെ വിവരമറിയിക്കാം. മദ്യപിച്ച ഒരാള്‍ ഓടിക്കുന്ന വാഹനത്തില്‍ ഒരിക്കലും കയറരുത്.

പുകവലി

മനസ്സിനു ശാന്തത കിട്ടാനായോ കൂട്ടുകാര്‍ കൂടെയുള്ളപ്പോള്‍ അവര്‍ പുകവലിക്കുന്നതുകൊണ്ടോ അച്ഛനമ്മാര്‍ പുകവലിക്കുന്നതു കണ്ടിട്ടോ ഒക്കെ തുടങ്ങിയവതാവാം പുകവലി ശീലം. പക്ഷേ പിന്നീടത് ഒരു ദുശ്ശീലമായി മാറുകയും പലതരം ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യും. വന്‍ നഗരങ്ങളിലെ ജീവിതശൈലി ആധുനികമായിത്തീര്‍ന്നതോടെ പെണ്‍കുട്ടികളും പുകവലി തുടങ്ങുന്നത് സാധാരണമായിത്തീര്‍ന്നു.

പുകവലികൊണ്ട് ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍

പുകവലിയില്‍ പലതരം രാസവസ്തുക്കളടങ്ങിയിട്ടുണ്ട്. അവ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്നു. 

തലച്ചോറ്: പുകവലിക്കുമ്പോള്‍ സിഗരറ്റിലടങ്ങിയ നിക്കോട്ടിന്‍ അല്‍പം സെക്കന്റുകള്‍ക്കുള്ളില്‍ തലച്ചോറിലെത്തും. ആദ്യം സന്തോഷം തോന്നാമെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ അസ്വസ്ഥത, പരിഭ്രമം, വിഷാദം എന്നിവ ഉണ്ടാക്കിയേക്കാം. 

വായ: പുകയില പല്ലുകള്‍ക്ക് മഞ്ഞനിറം നല്‍കുന്നു. ശ്വാസത്തിനു ദുര്‍ഗന്ധമുണ്ടാവാം. വായിലെ രുചിമുകുളങ്ങളെ നശിപ്പിക്കുന്നതിനാല്‍ രുചി അറിയാന്‍ വിഷമം തോന്നാം. സ്വനപേടകത്തിലെ ശബ്ദമുണ്ടാക്കുന്ന തന്തുക്കളെ ബാധിച്ചാല്‍ ശബ്ദം പരുപരുത്തതാവുന്നു.

ചര്‍മം: ചര്‍മത്തിനു മഞ്ഞനിറം, ചുളിവ് എന്നിവ കാണാം. ചര്‍മം വരണ്ടതുമാവാം. വിരലുകള്‍ക്ക് മഞ്ഞനിറമുണ്ടായേക്കാം.

ഹൃദയം: ബി.പി.കൂടുതലാവുകയും ഹൃദയമിടിപ്പ് കൂടുതലാവുകയും ചെയ്യാനിടയുണ്ട്. വ്യായാമം ചെയ്യുമ്പോള്‍ ഹൃദയത്തിനു കൂടുതല്‍ വേഗത്തില്‍ മിടിക്കേണ്ടിവരും.

ശ്വാസകോശം: പുകവലി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വാസകോശങ്ങളെയാണ്. ശ്വാസകോശം ക്രമേണ നശിച്ചുപോകുന്നതിനാല്‍ ശ്വാസംമുട്ടലുണ്ടാവും. ആസ്തമ രോഗിയാണെങ്കില്‍ പുകവലികൊണ്ട് ആസ്തമ കൂടുന്നു. ചുമ കൂടുകയും കഫം കൂടുതലാവുകയും ചെയ്യും. ശ്വാസകോശാര്‍ബുദവും ഉണ്ടാവാന്‍ സാധ്യതയുണ്ട്. പുകവലിക്കാരുടെ അടുത്തിരുന്നു അറിയാതെ പുക ശ്വസിക്കേണ്ടി വരുന്നവര്‍ക്കും കാന്‍സര്‍ ഉണ്ടായേക്കാം.

ഇതിനുപുറമേ വസ്ത്രങ്ങള്‍ക്കും ശ്വാസത്തിനും മുടിക്കും ദുര്‍ഗന്ധമുണ്ടാവാം. മാംസപേശികളിലേക്കുള്ള രക്തപ്രവാഹവും ഓക്‌സിജനും കുറയുന്നതിനാല്‍ വ്യായാമം ചെയ്യുമ്പോള്‍ മാംസപേശികള്‍ക്കു വേദന കൂടുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുകവലിക്കുന്നതുകൊണ്ട് മാനസിക സംഘര്‍ഷമോ ദുഖമോ വിഷാദമോ കുറയാനിടയില്ല.

പുകവലി ദുശ്ശീലത്തിനടിമയാക്കും. 

എല്ലാത്തരം പുകവലിയും (മരിജുവാനയടക്കം) ശരീരത്തിന് അപകടകരമാണ്.

ഒന്നോ രണ്ടോ പ്രാവശ്യം പുകവലിച്ചാല്‍ പ്രശ്‌നമൊന്നുമില്ല എന്നു കുരതേണ്ട. ആദ്യത്തെ സിഗരറ്റ് വലിക്കുമ്പോള്‍ത്തന്നെ ശ്വാസകോശത്തിനു കേടുണ്ടാവാന്‍ തുടങ്ങാം.

ഏറ്റവും നേരത്തെ പുകവലി തുടങ്ങുന്നവര്‍ക്ക് (പ്രത്യേകിച്ചും കൗമാരപ്രായക്കാര്‍ക്ക്) ഈ ദുശ്ശീലം മാറ്റാന്‍ കഴിയാതെ വരികയും പിന്നീട് കാന്‍സറുണ്ടാവാന്‍ സാധ്യത കൂടുകയും ചെയ്യും.

പുകവലി നിര്‍ത്തുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

പുകവലി നിര്‍ത്തി 12 മണിക്കൂറിനുള്ളില്‍ രക്തത്തിലെ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ തോത് സാധാരണ നിലയിലായിത്തീരും.

പുകവലി നിര്‍ത്തി 2 ആഴ്ച മുതല്‍ 3 മാസത്തിനുള്ളില്‍ ഹൃദയവും ശ്വാസകോശങ്ങളും നന്നായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു.

പുകവലി നിര്‍ത്തി ഒരു കൊല്ലത്തിനുള്ളില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത കുറഞ്ഞുതുടങ്ങും.

പുകവലി നിര്‍ത്തുന്നതെങ്ങനെ?

വിശ്വസിക്കാന്‍ പറ്റുന്ന ഏതെങ്കിലും മുതിര്‍ന്നയാള്‍, കൂട്ടുകാര്‍, കുടുംബാംഗങ്ങള്‍ എന്നിവരോട് പുകവലി നിര്‍ത്താനുള്ള സഹായവും മാര്‍ഗനിര്‍ദേശവും അഭ്യര്‍ഥിക്കുക.

ആരെങ്കിലും പുകവലിക്കാന്‍ നിര്‍ബന്ധിച്ചാല്‍ വേണ്ട എന്ന് തീര്‍ത്ത് പറയുക.

പുകവലി നിര്‍ത്താന്‍ വ്യക്തമായൊരു പദ്ധതിയുണ്ടാക്കുക.

പുകവലിക്കാന്‍ പ്രേരിപ്പിക്കാനിടയുള്ള സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുക.

മാനസികസംഘര്‍ഷം കുറക്കാന്‍ വ്യായാമം, ധ്യാനം തുടങ്ങിയ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാം.

പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന ഗ്രൂപ്പുകളുമായി ബന്ധപ്പെടുക. ഏതെങ്കിലും ചികിത്സാകേന്ദ്രത്തിലോ പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നിര്‍ദേശങ്ങള്‍ നല്‍കുന്ന സമ്മേളനത്തിലോ പോവുക. പുകവലി നിര്‍ത്തിയവരുമായി ഇടപെടുമ്പോള്‍ അതിനുള്ള പ്രേരണ കിട്ടുന്നു.

ലഹരിപദാര്‍ഥങ്ങള്‍ (മയക്കുമരുന്നുകള്‍)

വളരെ അപകടരമായ ദുശ്ശീലമാണ് മയക്കുമരുന്നുകള്‍ കഴിക്കുന്നത്. ലഹരിപദാര്‍ഥങ്ങള്‍ വിഴുങ്ങുകയോ ശ്വസിക്കുകയോ കുത്തിവെക്കുകയോ ചെയ്യുന്നതുവഴി ശരീരത്തിലെത്തുന്നു. അവയിലടങ്ങിയ രാസവസ്തുക്കള്‍ തലച്ചോറിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനം തകരാറിലാക്കും.

ലഹരിപാദര്‍ഥങ്ങള്‍ രക്തത്തില്‍ കലര്‍ന്ന് ശരീരത്തിന്റെ പല ഭാഗങ്ങളിലുമെത്തുന്നു. ആദ്യമെല്ലാം ഒരു പ്രശ്‌നവും തോന്നില്ലെങ്കിലും പിന്നീട് സ്ഥിതി മോശമായേക്കാം. താല്‍ക്കാലികമായി ഉണ്ടാവുന്ന സന്തോഷം ക്രമേണ കുറയുകയും തലച്ചോറിന്റെ പ്രവര്‍ത്തനം തന്നെ മാറ്റിമറിക്കുകയും ചെയ്യും എന്നതാണ് ലഹരിപദാര്‍ഥങ്ങളുടെ പ്രത്യേകത.

ലഹരിപദാര്‍ഥങ്ങള്‍ കഴിക്കുകയാണെങ്കില്‍ സാധാരണ ചെയ്യാനിടയില്ലാത്ത പലതും അറിയാതെ ചെയ്തുപോവും. (ഉദാ: സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, കൊലപാതകം തുടങ്ങിയവ)

പല ലഹരിപദാര്‍ഥങ്ങളും കഴിക്കുന്നവര്‍ അതിന് അടിമയായിത്തീരുന്നു. 

ലഹരിപദാര്‍ഥങ്ങള്‍ ചിന്തിക്കുന്ന രീതിയെത്തന്നെ ബാധിക്കുന്നതിനാല്‍ സുരക്ഷിതമായ തീരുമാനമെടുക്കാനും സ്വയം രക്ഷിക്കാനും വിഷമമായിത്തീരും.

ലഹരിപദാര്‍ഥങ്ങള്‍ കുത്തിവെക്കാനായി സൂചിയും മറ്റുപകരണങ്ങളും മറ്റുള്ളവരുമായി പങ്കിടുകയാണെങ്കില്‍ എയ്ഡ്‌സും മറ്റ് അണുബാധകളും പകരാനിടയമുണ്ട്. 

കൊക്കെയിന്‍ പോലുള്ള ലഹരി പദാര്‍ഥങ്ങള്‍ കഴിച്ചാല്‍ ചര്‍മത്തിനിടയില്‍ ഏതോ ജീവികള്‍ ഇഴഞ്ഞുനീങ്ങുന്നതുപോലുളുള്ള തോന്നല്‍ ഉണ്ടാവുകയും തുടര്‍ച്ചയായി ചൊറിയുന്നത് കൊണ്ട് ചൊറിഞ്ഞുപൊട്ടുക, ചര്‍മത്തില്‍ വ്രണങ്ങള്‍, ദ്രാവകമോ പഴുപ്പോ നിറഞ്ഞ കുരുക്കള്‍ എന്നിവയും ഉണ്ടാവാം.

ലഹരിപദാര്‍ഥങ്ങള്‍ കൊണ്ട് ശരീരത്തിന് അപകടമോ മരണം തന്നെയോ ഉണ്ടാവുമെന്നറിയുമ്പോഴും അവ നിര്‍ത്താന്‍ ശ്രമിക്കുമ്പോഴും അതിനു കഴിയാതെ വരികയും സമയവും ഊര്‍ജവും പൈസയും ചെലവഴിച്ച് എങ്ങനെയെങ്കിലും അവ കൈക്കലാക്കാന്‍ ശ്രമിക്കുന്ന അവസ്ഥയെത്തുകയും ചെയ്യുന്നു. ക്രമേണ തലച്ചോറിനു മാറ്റങ്ങള്‍ വരുന്നതിനാല്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ വരികയും ലഹരിപദാര്‍ഥങ്ങള്‍ കഴിക്കണമെന്ന് ശക്തമായ സന്ദേശങ്ങള്‍ തലച്ചോറില്‍ നിന്നുണ്ടാവുകയും ചെയ്യുന്നു. എങ്ങനെയെങ്കിലും ലഹരിപദാര്‍ഥങ്ങള്‍ നിര്‍ത്തുകയാണെങ്കില്‍ അതിന്റെ ലക്ഷണങ്ങള്‍ ഉണ്ടാവുന്നു. (അസ്വസ്ഥത, തലവേദന, ഛര്‍ദി, ഉറക്കമില്ലായ്മ തുടങ്ങിയവ)

മരുന്നുകള്‍

മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന തോതില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. മറ്റുള്ളവരുടെ മരുന്നുകള്‍ കഴിക്കുക, മരുന്നുകള്‍ മറ്റുള്ളവര്‍ക്കു കൊടുക്കുക, മരുന്നിന്റെ കൂടെ മദ്യം കഴിക്കുക എന്നിവയെല്ലാം അപകടകരമാണ്.

തലവേദന, പനി, ജലദോഷം എന്നിവക്ക് ചിലര്‍ മരുന്നുഷോപ്പില്‍ നിന്നും നേരിട്ട് മരുന്നു വാങ്ങികഴിക്കാറുണ്ട്. പക്ഷേ എപ്പോഴും വീട്ടുകാരുമായി ചര്‍ച്ച ചെയ്തശേഷം മാത്രമേ അവ കഴിക്കാവൂ. പാക്കറ്റില്‍ കൊടുത്ത നിര്‍ദേശപ്രകാരം മാത്രം കഴിക്കുക. അളവിലധികം കഴിച്ചുപോയാല്‍ പ്രശ്‌നമാവാം. ചിലതരം മരുന്നുകള്‍ അധികം കഴിച്ചാല്‍ അഡിക്ഷന്‍ ഉണ്ടാവാനും സാധ്യതയുണ്ട്.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top