കുഞ്ഞുണ്ണി മാഷ്‌ടെ തോഴൻ

അജ്മല്‍ മമ്പാട്

ചുണ്ണാമ്പുചുമരിനോട് പുറംതിരിഞ്ഞിരുന്ന്, മടങ്ങിയ ഇടതുകൈവെച്ച് കരിക്കട്ടകൊണ്ട് 'ണ്ട' എന്ന ചിത്രം വരച്ച് അഞ്ചുവയസ്സുകാരന്‍ റഷീദ്, 'അ' എന്ന് എഴുതുന്നതിന് പകരം ചിത്രം വരക്കുന്നതുപോലെ അത് തിരിച്ചെഴുതി. ആ അറിവാണ് റഷീദിന്റെ ആദ്യാക്ഷരകാല ഓര്‍മകളില്‍ ഏറ്റം പഴയത.് പള്ളിക്കൂടത്തില്‍ ഗുരുമുഖത്ത് നിന്നും അക്ഷരങ്ങള്‍ വായിച്ചെടുത്ത ജേ്യഷ്ഠസഹോദരിയാണ് അവന്റെ അക്ഷരങ്ങളെ തിരുത്താനുള്ള ഒരേയൊരാള്‍.

റഷീദിന് അക്ഷരങ്ങള്‍ എഴുതാനുള്ളതായിരുന്നില്ല. സ്വയം കണ്ടെത്തിയ ഒരു രീതിയിലൂടെ ആ പയ്യന്‍ ഇടതുകൈകൊണ്ട് തന്റെ അക്ഷരങ്ങളെ വരച്ചെടുത്ത് പഠിച്ചു. വീടിന്റെ ചുമരും, മരപ്പലകയും ചിത്രാക്ഷരങ്ങളാല്‍ നിറഞ്ഞു. ഏഴാം വയസ്സോടെ മലയാളഭാഷയിലെ 56 അക്ഷരങ്ങളെയും വരക്കാനും, വായിക്കാനും സ്വയം പര്യാപതനായി. വീടിനു തൊട്ടടുത്ത സ്‌കൂളില്‍ നിന്നും ബെല്ലടിക്കുന്ന ശബ്ദം റഷീദ് ഉമ്മറത്തിരുന്ന് കേട്ടു. സമപ്രായക്കാരായ കുട്ടികള്‍ ഓടിയും ചാടിയുമൊക്കെ സ്‌കൂളിലേക്ക് പോവുന്നത് കണ്ട് അവനിരിക്കും. അവര്‍ ഹോംവര്‍ക്കും, കേട്ടെഴുത്തുമൊക്കെയായി ഒത്തിരി എഴുതിക്കൂട്ടുമ്പോള്‍ എന്താണ് എഴുതേണ്ടത് എന്ന് റഷീദിന് അറിയില്ലായിരുന്നു. എല്ലാ അക്ഷരങ്ങളും വരക്കാനറിയാം. അതുവെച്ച് എന്തൊക്കെയാണ് വരഞ്ഞെടുക്കേണ്ടത് എന്നറിയുന്നില്ല. ആ ചിന്താക്കുഴപ്പത്തിന് വിരാമമിട്ട് സ്വന്തം വീട്ടുകാരുടെ പേരുകള്‍ വരച്ചുതുടങ്ങി, ആ അക്ഷരചിത്രങ്ങളില്‍ പിന്നെപ്പിന്നെ അയല്‍വാസികളും നാട്ടുകാരും, പരിചയക്കാരും പേരുകള്‍ കൊണ്ട് തെളിഞ്ഞുവന്നു. കരിക്കട്ട, ചുണ്ണാമ്പ് ചുമര്‍, ചിരട്ട, കത്തി, മരത്തടി, കല്ല്, തുടങ്ങിയ കണ്ണില്‍ കാണുന്നതും ഓര്‍മയില്‍ തെളിഞ്ഞുവരുന്നതും അക്ഷരങ്ങളിലൂടെ വരച്ചുവച്ചു. അടുത്ത വീടുകളില്‍ നിന്നും തന്റെ മുറ്റത്തുവരുന്ന കോഴി, ആട്, പൂച്ച, പശു എന്നിവയും റഷീദിന്റെ അക്ഷരങ്ങളില്‍ ജീവന്‍ തുടിച്ചുകിടന്നു. അവ കൊണ്ട് കഥകളും, കവിതകളും നോവലുകളും ചെറിയ അക്ഷരസഞ്ചയങ്ങളിലൂടെ രൂപാന്തരം പ്രാപിച്ചു. സ്‌ക്കൂളില്‍ ബെല്ലടിക്കുന്നതിനനുസരിച്ച് വീട്ടു കോലായിലിരുന്ന് റഷീദ് പിരീയഡുകള്‍ ക്രമപ്പെടുത്തി. ബെല്ലടിനാദങ്ങള്‍ക്കനുസൃതമായി പുസ്തകങ്ങള്‍ തരംതിരിച്ച് വച്ചു. ബെല്ലടിച്ചാല്‍ ആ പുസ്തകം മടക്കി വച്ച് ഭാവനയില്‍ അടുത്ത അധ്യാപകനെ കണ്ട് വേറെ പുസ്തകം തുറക്കും. 

അന്നൊരിക്കല്‍ ഉമ്മറത്തിരുന്ന് എന്തൊക്കെയോ കുത്തിക്കുറിച്ച് ഇരിക്കുകയാണ് റഷീദ്. സ്‌കൂളിലേക്ക് പോകുന്ന റോഡിന്റെ ഇരുവശങ്ങളിലും ചാലുകീറിക്കൊണ്ടിരിക്കുന്നുണ്ട് തൊഴിലാളികള്‍. അവരെ നിയന്ത്രിച്ച് കറുത്ത് മെലിഞ്ഞ, വെള്ള വസ്ത്രം ധരിച്ച ഒരപരിചതന്‍ റഷീദിനെ ഇടക്കിടെ ശ്രദ്ധിക്കുന്നുണ്ട്. പലകയിലും, ചുമരിലും, ഉപയോഗശൂന്യമായി എന്നുകരുതി ഒഴിവാക്കിയ പേപ്പര്‍ കഷ്ണങ്ങളിലുമാണ് അവന്റെ ശ്രദ്ധ. അല്‍പം കഴിഞ്ഞ് സ്വല്‍പം ശങ്കയോടെ ആ മനുഷ്യന്‍ റഷീദിനടുത്ത് വന്നു. അവന്‍ എഴുതുന്നതും, വരക്കുന്നതും കൗതുകത്തോടെ അയാള്‍ നോക്കിനിന്നു. അവനുനേരെ ഒരു ചെറുപുഞ്ചിരി തൊടുത്തുവിട്ട് അയാള്‍ മെല്ലെ റോഡിലൂടെ താഴേക്കിറങ്ങിപ്പോയി. അല്‍പം കഴിഞ്ഞ് വീണ്ടും വന്നു. കൈയില്‍ ഒരു കടലാസ് പെന്‍സിലും, നാലഞ്ച് ന്യൂസ് പ്രിന്റ് പേപ്പറും. അവ റഷീദിന്റെ കൈകളില്‍ പിടിപ്പിച്ച് തന്റെ തൊഴിലിലേക്ക് തന്നെ അയാള്‍ വിരമിച്ചു. പേരറിയാത്ത, നാടറിയാത്ത, പിന്നീട് ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ആ മനുഷ്യനെ ഇന്നും റഷീദ് ചാരിതാര്‍ഥ്യത്തോടെ ഓര്‍ക്കുന്നു.

മലയാളത്തിലെ ബാലമാസികയായ മലര്‍വാടിയില്‍ 'മാഷും കൂട്ട്യോളും' എന്ന പംക്തി അന്ന് കൈകാര്യം ചെയ്തിരുന്നത് കുഞ്ഞുണ്ണിമാഷ് ആയിരുന്നു. ഒന്നുപോലും വിടാതെ ആ പംക്തിയും മലര്‍വാടിയിലെ മറ്റക്ഷരങ്ങളും 11 കാരന്‍ റഷീദ് പലവുരു വായിക്കും. വായിച്ച കഥകള്‍ മനസ്സില്‍ നിന്നെടുത്ത് എഴുതും. വീണ്ടും പുസ്തകത്തില്‍ നോക്കി തിരുത്തുവരുത്തും. അങ്ങനെയാണ് ആദ്യമായി റഷീദ് സാക്ഷാല്‍ കുഞ്ഞുണ്ണിമാഷിന് കത്തെഴുതിയത്, പോസ്റ്റ് കാര്‍ഡില്‍ തന്നെ ഇങ്ങനെ മറുപടിയും വന്നു. 

മോനേ റഷീദ്,

കത്ത് വായിച്ചു.

കവിത നന്നായിട്ടുണ്ട്

ചിത്രം കണ്ടാസ്വാദിക്കാം

കുഞ്ഞുണ്ണി.

കുഞ്ഞുറഷീദിന് ജീവിക്കാനും, എഴുതാനും ഒത്തിരി ധൈര്യം നല്‍കിയ ആ വാക്കുകള്‍ ഇന്നും മനസ്സില്‍ ഒരാവേശക്കടലാണ്. തുടരെത്തുടരെയുള്ള എഴുത്തുകള്‍ വായിക്കാനും, ആസ്വദിക്കാനും തിരുത്താനും ആരോ ഒരാളുണ്ട് എന്ന ഒരു തോന്നല്‍. എഴുതുന്നതെല്ലാം മാഷിന് അയച്ചു. തിരുത്തപ്പെട്ട കാര്‍ഡുകളും വന്നു. 11-ാം വയസ്സില്‍ എഴുതിത്തുടങ്ങിയ 'അനാഥബാലനും അത്ഭുതപക്ഷിയും' എന്ന നോവല്‍ 14-ാം വയസ്സില്‍ എഴുതിപ്പൂര്‍ത്തിയാക്കി. അതിന് മാഷ് അവതാരികയെഴുതി. 

മാഷയച്ച മറുപടികള്‍ വായിക്കാന്‍ തന്നെ ഹരമാണ്. അതിങ്ങനെപോവുന്നു.

'30-7 നയച്ച കത്ത് അന്നേ വയിച്ചുവെങ്കിലും ഇന്നേ മറുപടി എഴുതാന്‍ തരപ്പെട്ടുള്ളൂ.....

പണിക്കൂറ മുഴുവന്‍ തീര്‍ത്ത് അങ്ങേയറ്റം നന്നാക്കിയതിനു ശേഷമേ കൊടുക്കാവൂട്ടോ. പ്രസിദ്ധീകരിച്ചു വന്നാലും നാലുവട്ടം വായിച്ച് നന്നാക്കിവെക്കണം, അടുത്ത പതിപ്പ് കൂടുതല്‍ നന്നാവാന്‍...

ഇവിടെ മഴ തീരെ ഇല്ല. ചൂട് ഒരുപാടുണ്ട്....'

പ്രസംഗ കലയെക്കുറിച്ചും മാഷ് നിര്‍ദേശങ്ങള്‍ നല്‍കി. കത്തുകളിലൂടെത്തന്നെ. മനസ്സിലാകുന്ന തരത്തിലായിരിക്കണം. കുറച്ചുകൂടി കേള്‍ക്കണമായിരുന്നു എന്ന് സദസ്യര്‍ക്ക് തോന്നണം പ്രസംഗം കഴിഞ്ഞാല്‍. സന്ദര്‍ഭത്തിന് ആവശ്യമില്ലാത്ത ഫലിതങ്ങളോ തമാശകളോ ഒന്നും പറയരുത്.

ഇത്തരത്തില്‍ യുവാവായ റഷീദിന്റെ വായനയും എഴുത്തും മാഷിന്റെ നിര്‍ദേശങ്ങളാലും, സ്വന്തം വായനകളാലും മെച്ചപ്പെട്ടുതുടങ്ങി. വയോജന വിദ്യാഭ്യാസ സംരംഭങ്ങളില്‍ റഷീദ് ക്ലാസെടുത്തുതുടങ്ങി.  അതറിഞ്ഞ മാഷ് ഇങ്ങനെയെഴുതി. 'വയോജന വിദ്യാഭ്യാസം ബാലജന വിദ്യാഭ്യാസത്തേക്കാള്‍ വിഷമമുള്ളതാണ്.' തരപ്പെട്ടാലൊക്കെയും മാഷ് റഷീദിനെ വന്നുകണ്ടു. തൊട്ടടുത്ത നാടുകളില്‍ അതിഥിയായി വരുമ്പോള്‍ മാഷ് റഷീദിന്റെ വീട്ടിലും വന്നു. പ്രായത്തിനൊത്ത് അസുഖവും കൂടി മാഷിന്. വീണ്ടും വീണ്ടും വരാന്‍ കഴിയാത്തതില്‍ മനംനൊന്ത് മാഷ് ഇങ്ങനെയെഴുതി.

'എന്റെ ഉള്ളില്‍ മോനും മോന്റെ ഉള്ളില്‍ ഞാനുമുണ്ട്. നമ്മള്‍ തമ്മില്‍ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഇനി അതേ നടക്കൂ. മോനതില്‍ തൃപ്തിപ്പെടണം.'

മാഷിനെ ദീര്‍ഘകാലത്തേക്ക് കാണാതിരിക്കാന്‍ അന്ന് റഷീദ് ഒരുക്കമായിരുന്നില്ല. തൃശൂരിലെ വീട്ടിലേക്ക് തന്റെ പരിമിതമായ ശാരീരിക സാമ്പത്തിക സൗകര്യങ്ങള്‍ വെച്ച് റഷീദ് പോയി. ഒരിക്കലല്ല പലവട്ടം. റഷീദ് മുതിര്‍ന്നു. വിവാഹം കഴിഞ്ഞു. കുട്ടികള്‍ രണ്ടായി. അക്ഷര രചനകളെപ്പോലെത്തന്നെ ജീവിത രചനകളും മാഷ് കാര്‍ഡുകളിലൂടെയറിഞ്ഞു. വീണ്ടും വീണ്ടും മറുപടികളും വന്നു. തന്റെ രചനകള്‍ക്ക് കൂലിയായി പണം കിട്ടിത്തുടങ്ങി റഷീദിന്. അതേകുറിച്ച് മാഷെഴുതി:  'സാഹിത്യവും കലയും ആനന്ദത്തിനു വേണ്ടി മാത്രമാണ്. പണവും പേരും സാഹിത്യത്തിന്റെയും കലയുടെയും പിന്നാലെ വന്നോളും. ചിലപ്പോള്‍ വന്നില്ലെന്നും വരും. വന്നാല്‍ എടുത്ത് വേണ്ടത് ചെയ്യാം. വന്നില്ലെങ്കില്‍ വ്യസനിക്കുകയും വേണ്ട.... വാര്‍ധക്യം കൊണ്ടാവാം തിരുത്താനുള്ള കഴിവ് എനിക്കിപ്പോള്‍ ഇല്ലാതായിരിക്കുന്നു.'

എന്നിട്ടും മാഷ് യാത്രകള്‍ തുടര്‍ന്നു. അതിനദ്ദേഹം പറഞ്ഞ കാരണം അര്‍ഥവത്തായതാണ്. 'ഇരുന്നാല്‍ കിടന്നാലോ എന്ന പേടികൊണ്ട് പോവുന്നു.'

ഇത്തരം വാക്കുകള്‍ റഷീദിന് ജീവിക്കാനും എഴുത്തിനും ഇന്നും പ്രേരണയാണ്. ആ വാക്കുകള്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

പരിമിതമായ തന്റെ ചുറ്റുപാടുകളെയും അസൗകര്യങ്ങളെയും പ്രതി റഷീദിന് പരിഭവമേതുമില്ല. ഇന്ന് പി.പി റഷീദ് മമ്പാട് എന്ന തൂലികാ നാമത്തില്‍ നോവലും, കഥകളും കൊച്ചുകവിതകളും കുറിപ്പുമൊക്കെ സുന്ദരഭാഷയില്‍ എഴുതുന്നത് അത്ഭുതകരം തന്നെ. മലയാള ഭാഷയില്‍ യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എഴുതുന്ന 44 കാരനായ ഇന്നത്തെ റഷീദ് ആ അക്ഷരങ്ങളില്‍ ഒരിടത്തുപോലും തന്റെ ശാരീരിക ദൗര്‍ബല്ല്യങ്ങള്‍ കൊത്തിവെച്ചില്ല. നേരിയ തോതിലെങ്കിലും ജീവിതത്തെചൊല്ലി നിരാശ ആ എഴുത്തുകളില്‍ കണ്ടെടുക്കാനാവില്ല. മമ്പാട് കോളേജിനടുത്ത് തന്റെ കൊച്ചുവീട്ടിലേക്ക് എപ്പോള്‍ കയറിച്ചെന്നാലും നിറഞ്ഞ പുഞ്ചിരിയോടെ നിങ്ങളെ സ്വീകരിക്കും യുവ എഴുത്തുകാരന്‍ പി.പി റഷീദ് മമ്പാട്. തന്റെ എഴുത്തിനും വായനക്കും മമ്പാട് കോളേജിലെ അധ്യാപകരും, സുഹൃത്തുക്കളും നല്‍കിയ സഹായ സഹകരണങ്ങളെ കൃതജ്ഞതയോടെത്തന്നെ അയാള്‍ സ്മരിക്കുന്നു. 

 കേരളാ വികലാംഗ സമിതിയുടെ ഏറനാട് താലൂക്കിന്റെ പ്രസിഡന്റും മമ്പാട് ഏരിയാ പ്രസിഡന്റ്ുമാണ് പി.പി റഷീദ്. സ്വന്തമായ ഒരു ജോലി എന്നതാണ് അയാളുടെ സ്വപ്‌നങ്ങളില്‍ ഏറ്റവും ലാളനയോടെ കൊണ്ടുനടക്കുന്നത്. നാട്ടിലെ വികലാംഗ വൃന്ദത്തെക്കുറിച്ചും സ്വപ്‌നങ്ങളുണ്ട്. അതിനെ 'പകല്‍വീട'് എന്നയാള്‍ അരുമയോടെ വിളിക്കുന്നു. പകല്‍നേരങ്ങളില്‍ ഒരുമിച്ചുകൂടാനും ഓരോരുത്തരുടെയും ശാരീരികക്ഷമതക്കനുസരിച്ച് തൊഴിലെടുക്കാനും വേണ്ട ഒരു സംവിധാനമാണ് 'പകല്‍വീട'്. സ്വന്തം വീടകങ്ങളിലെ സാമ്പത്തിക ചെലവുകളില്‍ ഒരോഹരി വികലാംഗര്‍ക്കും വഹിക്കാനാവുന്ന ആ സംവിധാനം പുലര്‍ന്നുകാണാന്‍ പി.പി  റഷീദ് മമ്പാട് ഒത്തിരി കൊതിക്കുന്നു.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top