നിറയുന്ന നീർച്ചാലുകൾ - ആച്ചുട്ടിത്താളം 6

സീനത്ത് ചെറുകോട്
വര : ശബീബ മലപ്പുറം

ഞായറാഴ്ചകളില്‍ എല്ലാവരുടെ കണ്ണുകളും ഗേറ്റിലേക്കായിരിക്കും. പരിചയമുള്ള ഏതെങ്കിലും മുഖങ്ങള്‍ റോഡു മുറിച്ചുകടന്ന് വലിയമുറ്റവും താണ്ടി വരുന്നുണ്ടോ? ഉമ്മയോ വല്ലിമ്മയോ ഏതെങ്കിലും ബന്ധുക്കളോ? കുളിക്കാനോ മറ്റോ പോകുമ്പോള്‍ കൂട്ടുകാരികളെ ഏല്‍പിക്കും. ''നോക്കണം ട്ടോ''.

ഉമ്മ കഴിഞ്ഞ ആഴ്ചയാണ് വന്നത്. കൊയ്ത്തിനു മുമ്പ് ഓടിവന്നതാണ് പാവം. എത്രദൂരം യാത്ര ചെയ്യണം. അടുത്ത ടൗണിലേയും മഞ്ചേരിയിലെയും ആസ്പത്രിവരെയേ യാത്ര ചെയ്തിട്ടുള്ളൂ. ആ ഉമ്മയാണ് ഇത്രയും ദൂരം ഒറ്റക്ക്. ഓര്‍ത്തപ്പോള്‍ നെഞ്ചു പിടഞ്ഞു. എങ്ങനെ ഒരുക്കൂട്ടി വെക്കുന്ന പൈസയായിരിക്കും ബസിനു കൊടുത്തത്. ശനിയാഴ്ചയാണ് ഉമ്മക്ക് ആധി കൂടുക. അത,്  ഒരാഴ്ചയിലെ റേഷന്‍ കഴിയുന്ന ദിവസമാണ്. അതുകൊണ്ട് കടം വാങ്ങിയെങ്കിലും ശനിയാഴ്ച അത് മുടക്കാറില്ല. കാണണമെന്നു തോന്നുമ്പോള്‍ ഓടിവരാന്‍ പറ്റുന്ന ദൂരമല്ല. ഉമ്മക്ക് ക്ഷീണം കൂടുകയാണ്.

ഉമ്മ വരില്ലെന്നുറപ്പായിട്ടും ഗെയ്റ്റും പിടിച്ച് വെറുതെ നിന്നു. ഗെയ്റ്റ് പൂട്ടിയിരിക്കുകയാണ്. ആരെങ്കിലും വരുന്നുണ്ടെങ്കില്‍ കോയാക്കയുടെ ഗെയ്റ്റ് കടന്നു വരണം. ആരും വരാനില്ല. ഉമ്മയെന്ന എരിയുന്ന മനസ്സല്ലാതെ എനിക്കാര്?

ഗെയ്റ്റിനു പുറത്ത് ആണ്‍കുട്ടികള്‍ അലക്കാനും കുളിക്കാനും പോകുന്നുണ്ട്. സ്വബാഹ് ചെറിയ ബക്കറ്റും പിടിച്ചു പോണത് ശ്രദ്ധയില്‍പെട്ടത് അപ്പോഴാണ്. മുഖം ചുവന്നിരിക്കുന്നു. ''സബൂട്ടി.....'' അങ്ങനെ വിളിക്കാനാണ് തോന്നിയത്. അവന്റെ കണ്ണുകള്‍ അല്‍ഭുതം കൊണ്ട് വിടര്‍ന്നു.

''ഇവിടെ വാ''

കൈ കൊണ്ട് അവനെ വിളിച്ചു. ഗെയ്റ്റിനപ്പുറത്ത് ബക്കറ്റും പിടിച്ച് അവന്‍.

''തലവേദന മാറിയോ''

''കൊറേശെണ്ട''

''ജലദോഷം തന്ന്യാണ്. മുഖം ചുവന്നിട്ടുണ്ടല്ലോ''

''ഇങ്ങ് താ ഞാന്‍ അലക്കിത്തരാം''

''വേണ്ട, ഇത്താത്ത''

'പറയണത് കേള്‍ക്ക് സബൂട്ടി.....''

പിന്നെയും അവന്റെ കണ്ണില്‍ അവിശ്വസനീയത.

അവന്‍ ചെറിയ കുട്ടിയാണെങ്കിലും ആരെങ്കിലും കണ്ടാല്‍ പ്രശ്‌നമാവും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ അങ്ങനെ ഒരു ബന്ധം അവിടെയില്ല. എന്നാലും അങ്ങനെ ചെയ്യാനാണ് തോന്നിയത്. കുട്ടികളൊക്കെ ഏതോ ലോകത്താണ്. വായിക്കുകയും അലക്ഷ്യമായി സംസാരിക്കുകയും ചെയ്യുന്നവര്‍. ആരും ശ്രദ്ധിക്കുന്നില്ല. ഗെയ്റ്റിനു മുകളിലൂടെ ചെറിയ ബക്കറ്റ് ഉയര്‍ന്നു. 

''പൊയ്‌ക്കൊ - കുറച്ച് കഴിഞ്ഞ് ഇവിടെ വന്നാമതി ട്ടൊ.'' തലയാട്ടി തിരിഞ്ഞു നടക്കുന്ന അവന്റെ കണ്ണുകളിലെ അവിശ്വസനീയത മാറിയിട്ടില്ല. പതുക്കെ മുറ്റം കടന്ന് വരാന്തയിലേക്ക് കയറി. ഇനി ആരെങ്കിലും കണ്ടാലും ഞാനെന്തോ അലക്കി വരികയാണെന്നേ തോന്നൂ. റൂമില്‍ പോയി ബക്കറ്റിന്റെ മുകളില്‍ അലക്കാനുള്ള രണ്ട് ഡ്രസ്സ് എടുത്തിട്ടു. ടാങ്കിനടുത്തേക്ക് നടക്കുമ്പോള്‍ തിരക്കുണ്ടാകാതിരിക്കണേന്നു പ്രാര്‍ഥിച്ചു. ടാങ്കിലെ വെള്ളം തീര്‍ന്നാല്‍ കണക്കായി. നീളത്തില്‍ കെട്ടിയിട്ട അലക്കു കല്ലിന്റെ അങ്ങേതലക്കല്‍ പോയി നിന്നു. 

സബുട്ടിയുടെ യൂണിഫോമാണ്. വെള്ളത്തുണിയും വെള്ള ഷര്‍ട്ടും. ഒട്ടും അഴുക്കു പുരണ്ടിട്ടില്ല. ഈ പ്രായത്തില്‍ ഇത്ര സൂക്ഷിക്കാന്‍ എങ്ങനെയാണാവോ അവനു പറ്റുന്നത്.

കഴുകിപ്പിഴിഞ്ഞ് ബക്കറ്റിലിട്ട് ഗെയ്റ്റിനടുത്തുള്ള അരളിച്ചെടിയുടെ ചുവട്ടില്‍ കൊണ്ടുപോയി വെച്ചു. പതുക്കെ വരാന്തയില്‍ കയറി അലക്ഷ്യമായിട്ടെന്നവണ്ണം ഇരുന്നു. സബുട്ടി വന്നാല്‍ കാണാം......

ആരുടെയൊക്കെയോ ഉമ്മമാര്‍ വരുന്നുണ്ട്. ഓടിച്ചെല്ലുന്ന മുഖങ്ങളില്‍ സന്തോഷത്തിന്റെ പൂത്തിരി. ഇേട്ടച്ചു പോന്ന വീടിന്റെ ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും കഥയാവും കേള്‍ക്കേണ്ടി വരിക. എന്നാലും അതിനൊരു സുഖമുണ്ട്. വിശേഷങ്ങള്‍ പറഞ്ഞും ചോദിച്ചും നേരമേറെയാകുമ്പോള്‍ വിടവാങ്ങലിന്റെ വേദന നാലു കണ്ണുകളില്‍ കത്തും. പിന്നെ എരിഞ്ഞടങ്ങും.

എന്നാലും ആടിയും ഉലഞ്ഞും നീങ്ങുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ രക്തബന്ധങ്ങളുടെ ഇഴയുറപ്പുള്ള ചരടുകള്‍. കിതച്ചും വേച്ചും പിടിവിടാതെ പരസ്പരം ചേര്‍ന്നു നില്‍ക്കാം.

ഒരിടത്തേക്കും ഒന്നനങ്ങാന്‍, മുകളിലോട്ടൊന്നു പിടിച്ചു നോക്കാന്‍, ഒന്നുലയുമ്പോള്‍ വീഴാതെ കാക്കാന്‍ ഒരു ബന്ധത്തിന്റെയും നേര്‍ത്ത ചരടുകളില്ലാത്ത എത്ര പേരുണ്ടിവിടെ. മണ്ണില്‍ പിടിച്ചു നിര്‍ത്താന്‍ ഒരു വേരുമില്ലെന്ന വരള്‍ച്ചയുടെ നേരറിഞ്ഞവര്‍. ചിരി വറ്റി നിസ്സംഗതയുടെ തൊലി വരണ്ടവര്‍. അവര്‍ ഒരു വെക്കേഷനും എവിടെയും പോയില്ല.  അവരെ തിരഞ്ഞ് ആരും വന്നില്ല. നട്ടുച്ച വെയിലില്‍ ഈ തണല്‍കൂടിയില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു? അനാഥത്വത്തിന്റെ നോവറിഞ്ഞ ഒരു മഹാജീവിതത്തിന്റെ സ്വപ്ന സാക്ഷാല്‍കാരമാണിത്. നാഥാ...നിന്റെ സ്വര്‍ഗവാതിലുകള്‍ സ്വപ്നം കണ്ടവരാണവര്‍. എന്നോ നിന്നിലേക്ക് മടങ്ങി വന്നവര്‍.

മരണം മുടിയഴിച്ചാടിയ ദിനരാത്രങ്ങള്‍. മയ്യിത്തു കട്ടിലുകള്‍ക്കു വേണ്ടി കാത്തുകിടക്കുന്ന അനക്കമറ്റ ശരീരങ്ങള്‍. അവസാനിക്കാത്ത തഹ്‌ലീലുകളുടെ ഗദ്ഗദങ്ങള്‍ ഭൂമിയുടെ നെഞ്ചുപിളര്‍ത്തപ്പോള്‍ ഇരുട്ടില്‍ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണവിളക്കിന്റെ കറുത്തപുകക്കു മുകളിലൂടെ കൂട്ടക്കരച്ചിലുകളുയര്‍ന്നു. ''ഒന്നുകൂടി കയ്ഞ്ഞ്'' നിശ്വാസത്തിന്റെ ചൂടില്‍ ഭീതിയുടെ വിറയല്‍.

കോളറയുടെ വിഷബീജം മരണത്തിന്റെ ധൂളിയായി മണ്ണില്‍ പടര്‍ന്നപ്പോള്‍ ആര്‍ത്ത നാദങ്ങളുടെ നിര്‍ത്താത്ത പെരുമ്പറ. ഇരുട്ടിന്റെ ശൂന്യതയിലേക്ക് തുറിച്ചു നോക്കുന്ന കണ്ണുകളില്‍ ഒട്ടും വെളിച്ചമില്ലായിരുന്നു. വിശ്രമിക്കാന്‍ സമയമില്ലായിരുന്നു. അല്ലെങ്കിലും വിശ്രമമറിയാത്തവരുടെ വിയര്‍പ്പിന്റെ ഉപ്പാണല്ലോ ഭൂമിയിലെ സകല നന്മകളും. അദ്ദേഹം നടന്നു. അനാഥത്വം നന്നായി അറിയാം. താങ്ങുകള്‍ നഷ്ടമാവുമ്പോള്‍ മുഖം കുത്തിവീഴും. പിടഞ്ഞെണീക്കാന്‍ വേണം ഒരു താങ്ങ്. ആ താങ്ങാവാതെ തരമില്ല. ഇല്ലെങ്കില്‍ ഒന്നിനും പറ്റാത്ത കുറെ മനുഷ്യരായി ഈ കുട്ടികള്‍ വളരും. 

എടുത്താല്‍ പൊന്താത്ത വലിയഭാരം. എല്ലാവര്‍ക്കും അതറിയാം. എന്നാലും പിന്‍മാറാന്‍ വയ്യ. ''എവിടെ കിടത്തും ഈ കുട്ടികളെ?'' സമൂഹത്തിന്റെ ചോദ്യത്തിന് ''എന്റെ വീട്ടില്‍'' എന്ന മറുപടി ആദ്യത്തെ യതീംഖാന. ഒറ്റമുറി വീട്ടില്‍ ഓഫീസും അടുക്കളയും കിടത്തവും.

പാതിരാവിലെ ഏകാന്തതയില്‍ അദ്ദേഹം കരഞ്ഞത് മുഴുവന്‍ ഈ കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു. ഭൂമിയിലെ നീരുറവകള്‍ ആകാശത്തു നിന്നും റബ്ബ് തരുന്നതാണ്. പ്രാര്‍ഥനയുടെ ഒടുങ്ങാത്ത നീര്‍ച്ചാലുകളില്‍ കാരുണ്യത്തിന്റെ പൊരുളായവന്‍ നീരുനിറച്ചു വെച്ചു. പതറിയില്ല ശക്തി ഒട്ടും ക്ഷയിച്ചില്ല.

ഇടതൂര്‍ന്ന കാടായിരുന്നു കിട്ടിയ സ്ഥലം. ആള്‍പാര്‍പ്പില്ല. താമസയോഗ്യം എന്നു പറഞ്ഞുകൂടാ. പാറക്കെട്ടുകള്‍ക്കിടയിലെ ഇത്തിരി തണുപ്പില്‍ വന്യമൃഗങ്ങള്‍ മയങ്ങി. കൂടെയുള്ള ഇത്തിരിയാളുകളുടെ മനസ്സ് പക്ഷെ, പാറയെയും വെല്ലുന്നതായിരുന്നു. അവരുടെ മനക്കട്ടിക്കു മുമ്പില്‍ കാടും കാട്ടുമൃഗങ്ങളും തോറ്റു. കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന യതീംഖാനയുടെ പണിയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അവര്‍ അറിഞ്ഞതേയില്ല.

ഗെയ്റ്റിനപ്പുറത്ത് സബുട്ടിയുടെ കുഞ്ഞുമുഖം ചിന്തകളില്‍നിന്നുണര്‍ത്തി. ബക്കറ്റ് കൈയില്‍ കൊടുക്കുമ്പോള്‍ അവന്റെ മുഖം ചുവക്കുന്നതു കണ്ടു. ''നാളെ സ്‌കൂള്‍ വിടുമ്പോ ആരും കാണാതെ കൊണ്ടരണം ട്ടൊ. ഇത്താത്ത ഇവിടെണ്ടാവും.'' അവന്‍ ബക്കറ്റുമായി വേഗം നടന്നു.

ആരും കാണാതെ അവന്റെ കുഞ്ഞുടുപ്പുകള്‍ അലക്കി വെളുപ്പിച്ച് കൊടുക്കുമ്പോള്‍ മനസ്സില്‍ രക്തബന്ധത്തെക്കാള്‍ വലിയ ഒന്ന് വളരുകയായിരുന്നു. 

''സബുട്ടീന്ന് ഉമ്മ വിളിച്ചിരുന്നതാ.'' തിരക്കൊഴിഞ്ഞ ഏതോ നേരത്ത് സബുട്ടിയുടെ പതിഞ്ഞ സ്വരം.

''ഇപ്പഴും ഉമ്മ അതന്ന്യെല്ലേ വിളിക്കല്? അവന്റെ മുഖം കുനിഞ്ഞു. കണ്ണുനിറഞ്ഞ് കവിളിലൂടെ ഒഴുകി. മനസ്സിലൂടെ ഒരു തീക്കനല്‍ പാഞ്ഞപോലെ. കൈകള്‍ അവന്റെ കണ്ണീരില്‍ തൊട്ടു. ചേര്‍ത്തു നിര്‍ത്തി പുറത്ത് തലോടിയപ്പോള്‍ ഉമ്മയുടെ മടിയില്‍ കിടക്കുന്ന കുഞ്ഞിനെപോലെ അവന്റെ തേങ്ങല്‍ നേര്‍ത്തു. എത്ര നേരമങ്ങനെ നിന്നു അറിയില്ല. 

രാത്രി ഒന്നും കഴിച്ചില്ല. വരാന്തയില്‍ നില്‍ക്കുമ്പോള്‍ സബുട്ടി ഭക്ഷണം കഴിച്ചു പോകുന്നത് കണ്ടു. അവന്റെ കണ്ണുകള്‍ തിരഞ്ഞത് എന്നെത്തന്നെയായിരുന്നു. ഇരുട്ടിലേക്ക് മാറിനിന്നു. ഇപ്പോള്‍ കാണണ്ട. പടം വിരിച്ച് നേരത്തെ കിടന്നു. ഉറക്കം എവിടെയാണാവോ. കണ്ണടച്ചാല്‍ രണ്ടു കണ്ണുനീര്‍ച്ചാലുകള്‍. പിന്നെ ശക്തി കൂടിക്കൂടി രണ്ട് മഹാ പ്രവാഹങ്ങള്‍. അവിടെ ശ്വാസം കിട്ടാതെ പിടയുന്ന സബുട്ടി. ഞാനെത്ര ശ്രമിച്ചിട്ടും അവനെ പിടിക്കാന്‍ പറ്റാതെ ഉപ്പുകലര്‍ന്ന മഹാപ്രളയം അവനെ വന്ന് മൂടുകയാണ്. ഞെട്ടി എണീറ്റു.

ഇരുട്ടല്ലാതെ ഒന്നും ഇല്ല. ജനലിനപ്പുറം കട്ടപിടിച്ച ഇരുട്ടിന്റെ ഭയാനകമായ നിശ്ശബ്ദത. ദൂരെ പുഴയുടെ കുറുകെ ഏതോ രാപ്പാടി എന്തോ ചിലച്ചുകൊണ്ട് പോകുന്ന അവ്യക്തമായ ശബ്ദം.

ഉമ്മയെ കാണണമെന്നു തോന്നി. ഉമ്മയെ കെട്ടിപ്പിടിച്ച് കിടക്കണം. പൊറത്തക്കുളത്തിലെ വെള്ളത്തില്‍ കണ്ണ് ചുവക്കും വരെ നീന്തിക്കുളിക്കണം. സൈനമ്മായിയുടെ അടുത്തു നിന്ന്,  ആകാശത്തിലെ രഹസ്യ അറയില്‍ നിന്ന് പെരുമഴയെ മണ്ണിലെത്തിക്കാനുള്ള മന്ത്രം പഠിക്കണം. ഈ മതില്‍ക്കെട്ടിലെ ബെല്ലില്‍ മുങ്ങി എനിക്കു വയ്യ......

തല പെരുക്കുകയാണ്. ആരൊക്കെയോ ചുറ്റും നിന്ന് കൈകൊട്ടിക്കളിക്കുന്നുണ്ട്. കാളീ......കരിങ്കാളീ.....കാജാബീഡീ.......അവരുടെ കൂര്‍ത്ത പല്ലുകളില്‍ നിന്ന് രക്തം ഇറ്റിവീഴുന്നുണ്ട്.

ഇരുട്ടില്‍ അവരുടെ കണ്ണുകള്‍ തീക്കട്ടപോലെ തിളങ്ങി. പിന്നെയും അവ്യക്തമായ ശബ്ദങ്ങള്‍.... '' ആ പെണ്ണിന്റൊപ്പം കൂടണ്ട. തലതെറിച്ച വിത്താ......തന്തല്ലാതെ വളര്‍ന്നാ ഇങ്ങനെത്തന്ന്യാ.......പക്കേങ്കില് മറ്റീറ്റങ്ങളൊന്നും ഇങ്ങന്യല്ലട്ടൊ.  ഇതെങ്ങനെണ്ടായാവോ പാത്തുട്ടിക്ക്......'' കാതില്‍ ആയിരം വെടികള്‍ ഒന്നിച്ചു മുഴങ്ങുകയാണ്.'' ''പാത്തുട്ട്യെ ഇത് എളുപ്പം പോകൂലട്ടൊ. ചേലും ചൊറുക്കും ല്ലാണ്ടായിപ്പോയിലെ....' പടം ചുരുട്ടി ദൂരേക്ക് എറിഞ്ഞു. വിയര്‍ത്ത് കുളിച്ചിരിക്കുന്നു. വേണ്ട....എനിക്കെങ്ങോട്ടും പോകണ്ട. ഒരു കരകാണുന്നത് വരെ ഇവിടെത്തന്നെ ജീവിതം.

അപ്പോഴാണ് കരച്ചില്‍ വന്നത്. കരഞ്ഞു എന്നെക്കൊണ്ട് ആവുന്നത്ര. ഇരുട്ട് മറയായി. കാരുണ്യത്തിന്റെ തമ്പുരാന്‍, ഉറക്കമോ മയക്കമോ ഇല്ലാത്തവന്‍ എല്ലാം കാണുന്നണ്ടായിരുന്നു. എല്ലാം.

(തുടരും)

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top