നെഞ്ചിൽ തീ സമ്മാനിച്ച് കലാലയ റാഗിംഗ്‌

ശശികുമാര്‍ ചേളന്നൂര്‍

ഞങ്ങളുടെ മുറിക്ക് ഏതാണ്ട് എതിര്‍വശത്താണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ ലക്ഷ്മി, ആതിര, ഹൃദയ, കൃഷ്ണപ്രിയ എന്നിവരുടെ മുറി. ആദ്യ ദിവസം തന്നെ ഈ സീനിയര്‍ വിദ്യാര്‍ഥികള്‍ അവരുടെ മുറിയിലേക്ക് വിളിച്ച് ഉഗ്രശാസനകള്‍ പലതും നല്‍കി. ഇവരെ കാണുമ്പോഴൊക്കെ വിഷ് ചെയ്യണം. ക്ലാസ്സിലെടുക്കുന്ന പാഠങ്ങള്‍ അന്നന്ന് തന്നെ മനപ്പാഠം പഠിച്ച് ഇവരെ പറഞ്ഞ് കേള്‍പ്പിക്കണം. നഴ്‌സിംഗ് കോഴ്‌സിന്റെ ഫൗണ്ടേഷന്‍ ടെക്‌സ്റ്റിലെ 27 എത്തിക്‌സുകള്‍ രണ്ടു ദിവസത്തിനകം കാണാതെ പറയണം. പാതിരാത്രിയോളം ഭീഷണിപ്പെടുത്തലുകള്‍ നീണ്ടുപോയി. ഒരേ നില്‍പില്‍ മണിക്കൂറുകളോളം നിന്നപ്പോള്‍ കാലുകള്‍ ഇടറാന്‍ തുടങ്ങിയിരുന്നു. വീണുപോകുമെന്ന് തോന്നി. കണ്ണില്‍ ഇരുട്ട് കയറുന്നുണ്ടായിരുന്നു. ആദ്യ ദിവസമായതുകൊണ്ടാണ് ഇങ്ങനെയെന്ന് കരുതി. പക്ഷേ, എല്ലാ ദിവസവും ഭീഷണികളും പീഡനങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

കേരളം ഞെട്ടിവിറച്ച് കാതോര്‍ത്ത റാഗിംഗിന് ഇരയായ എടപ്പാള്‍ സ്വദേശിനി അശ്വതിയുടെ വെളിപ്പെടുത്തലുകള്‍ ആരുടെയും കരളലിയിക്കുന്നതാണ്. 

'കാലുകള്‍ അകത്തി കൈകള്‍ രണ്ടും ഉയര്‍ത്തി മണിക്കൂറുകളോളം നിര്‍ത്തുക. മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്ന വരാന്തയില്‍ കൊണ്ടുപോയി നിറുത്തി തവളച്ചാട്ടം ചാടിക്കുക. പുലിയും വേട്ടക്കാരനുമായി അഭിനയിപ്പിക്കുക.. പീഡനങ്ങള്‍ നിരവധിയായിരുന്നു.

ഒടുവില്‍ ആ രാത്രി എന്റെ കഴുത്തിന് പിടിച്ച് ലക്ഷ്മി വായിലേക്ക് ടോയ്‌ലറ്റ് ക്ലീനര്‍ ഒഴിച്ചു. മഞ്ഞനിറമുള്ള ഒരു ആസിഡ് ലായനി. ഞാന്‍ അലറിവിളിച്ചു. ശബ്ദം പുറത്ത് വന്നില്ല. തൊണ്ടയും കഴുത്തും അന്നനാളവുമൊക്കെ എരിഞ്ഞുകത്തുകയായിരുന്നു. പിന്നെ ഓര്‍മവരുമ്പോള്‍ ഞാന്‍ ആശുപത്രിയിലാണ്...''

മനുഷ്യകുലത്തില്‍ ജനിച്ചവര്‍ക്കാര്‍ക്കും ഇത്രയും ക്രൂരത കാണിക്കാനാവില്ല അവളോട് മരണം വഴിമാറിയെങ്കിലും നരകയാതന അനുഭവിച്ച് ജീവിക്കുകയാണ് അശ്വതി ഇപ്പോഴും. 

നാളെ സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശവുമായി ആതുരാലയങ്ങളില്‍ സേവനമനുഷ്ഠിക്കേണ്ട വെള്ളരിപ്രാവുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന നഴ്‌സിംഗ് വിദ്യാര്‍ഥിനികളാണ് കൊടും കൃത്യം ചെയ്തതെന്നോര്‍ക്കുമ്പോഴാണ് നമ്മുടെ ഉള്ളം പിടക്കുന്നത്. അശ്വതിയെ റാഗ് ചെയ്തത് സംസ്‌കാര സമ്പന്നരായ നമ്മുടെ മലയാളി പെണ്‍കുട്ടികളായിരുന്നു എന്നറിയുമ്പോള്‍ ലജ്ജയോടെ നമുക്ക് തലതാഴ്ത്താതെ വയ്യ.

കേരളത്തിന് പുറത്തേക്ക് മക്കളെ വിദ്യാഭ്യാസത്തിനായി പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ക്ക് ഇപ്പോള്‍ ഭയമാണ്. ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന റാഗിംഗ് വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡം കുലശേഖരപുരത്ത് പോളിടെക്‌നിക് കോളേജിലേക്ക് പഠിക്കാന്‍ പോയ കണ്ണൂര്‍ ഉളിക്കല്‍ മണിപ്പാറയിലെ അജയ് തിരിച്ചെത്തിയത് ചോര ഛര്‍ദിച്ച് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടാണ്. ബി.ഡബ്ലിയു.ഡി.എ പോളിടെക്‌നിക് കോളേജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിയായ അജയ് ഹോസ്റ്റലിലില്‍ വെച്ചാണ് മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനത്തിനിരയായത്. 

ഇതരസംസ്ഥാന കലാലയങ്ങളാണ് റാഗിംഗിന്റെ വിളനിലങ്ങളെന്ന് കരുതിയവര്‍ക്ക് തെറ്റി. സാക്ഷരതയിലും സംസ്‌കാരത്തിലും മുന്നേപറന്ന കേരളം ഇപ്പോള്‍ ക്രൂരതയുടെ കഴുകന്‍ കാലുകളുമായി തിരിച്ചുപറക്കുകയാണ്.

കോട്ടയത്തെ നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിംഗിനു വിധേയനായ ഒ. എസ് അവിനാഷ് സാധാരണ ജവിതത്തിലേക്ക് തിരിച്ചുവരാന്‍ രണ്ടുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൃക്കയടക്കം ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റ അവിനാഷ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്.

മനുഷ്യന്റെ സാംസ്‌കാരിക ജീവിതത്തെ മെനഞ്ഞെടുക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം എന്നാണ് സമൂഹം കണക്കാക്കുന്നത്. മാനവികതയും സാഹോ ദര്യവും അതിലുപരി സ്‌നേഹത്തിന്റെ പുതിയ മാനങ്ങളുമെല്ലാം പകര്‍ന്നുനല്‍കാന്‍ തക്കതായിരുന്നു നമ്മുടെ വിദ്യാഭ്യാസ രംഗം. മതവും വര്‍ണവും വര്‍ഗവും മറന്നുള്ള കലാലയ സൗഹൃദങ്ങള്‍ ഇന്ന് അപൂര്‍വ കാഴ്ചകളിലേക്ക് വഴിമാറിക്കൊണ്ടിരിക്കുകയാണ്. ഒരു മനുഷ്യനും ആലോചിക്കാന്‍ കൂടി പറ്റാത്ത തരത്തിലുള്ള ക്രൂരതയുടെ പുതിയ കാഴ്ചകളെ സമ്മാനിച്ചുകൊണ്ടിരിക്കുന്ന കലാലയങ്ങളെ പരിചയപ്പെടുത്തികൊണ്ടായിരിക്കുന്നു ഇന്ന് പത്രമാധ്യമങ്ങള്‍ നമ്മെ വിളിച്ച് ഉണര്‍ത്തുന്നത്.

എറണാകുളം കുസാറ്റിലെ റാഗിംഗിനിരയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കൈയിലെ ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതും, കൊച്ചി മഹാരാജാസ് കോളേജ് വിമന്‍സ് ഹോസ്റ്റലില്‍ ഒരു മുറിയില്‍ താമസിക്കുന്ന ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെയടക്കം അഞ്ചുപേരെ സീനിയര്‍ വിദ്യാര്‍ഥികള്‍ മാനസികമായി പീഡിപ്പിക്കുകയും ശല്യം ചെയ്യുകയും ചെയ്ത കാര്യവും നാം ഒഴുക്കന്‍ മട്ടില്‍ മാധ്യമങ്ങളില്‍ വായിച്ചുപോയതാണ്.

റാഗിംഗ് ഒരു കുറ്റകൃത്യമാണ്. കേരളത്തിലെ കലാലയങ്ങളില്‍ റാഗിംഗ് നിരോധിക്കപ്പെട്ടിട്ടുണ്ട്. റാഗിംഗിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിനിധികളടങ്ങിയ സമിതികള്‍ എല്ലാ കോളേജുകളിലും രൂപീകരിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും സ്വാശ്രയ കോളേജുകളില്‍ മാത്രമല്ല സര്‍ക്കാര്‍ കലാലയങ്ങളിലും പ്രാകൃതമായ റാഗിംഗ് അരങ്ങേറുന്നുവെന്നത് നമ്മുട കലാലയങ്ങളുടെ സംസ്‌കാരിക ശോച്യാവസ്ഥയെയാണ് വെളിപ്പെടുത്തുന്നത്.

ഒരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ ക്രൂരമായ സ്വഭാവമാണ് റാഗിംഗ് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വന്നുകൊണ്ടിരിക്കുന്നത്. റാഗിംഗ് വിരുദ്ധനിയമങ്ങള്‍ക്കോ അനുഷ്ഠാനപരമായ പ്രചാരങ്ങള്‍ക്കോ തടയാവുന്നതല്ല ദിനംപ്രതി വഷളാകുന്ന കലാലയ കുറ്റകൃത്യങ്ങള്‍. സാമൂഹിക - സാംസ്‌കാരിക മണ്ഡലങ്ങളിലെ ജീര്‍ണതകളും സമൂഹത്തിലെ കുറ്റവല്‍കരണവും എത്ര അളവില്‍ തടയാന്‍ കഴിയുന്നുവോ അതനുസരിച്ച് മാത്രമേ കലാലയങ്ങളിലെ കുറ്റകൃത്യങ്ങളുടെ അളവിലും മാറ്റങ്ങള്‍ വരുത്താനാകൂ.

റാഗിംഗ് ഇന്നു പൊട്ടിപുറപ്പെട്ടിട്ടുള്ള ഒന്നല്ല. ഉന്നത വിദ്യാഭ്യാസത്തിനായി പുതിയ കാലാലയത്തിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ നെഞ്ചില്‍ തീ വിതക്കുന്ന ഭീതിയായി റാഗിംഗ് മാറിയിട്ട് വര്‍ഷങ്ങളായി. റാഗിംഗിന്റെ പിന്നില്‍ അടങ്ങിയ മനഃശാസ്ത്രം വിശകലനം ചെയ്തു മാത്രമെ ഇതിന്റെ കാരണം മനസ്സിലാക്കാനും അതിനനുസൃതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും കഴിയുകയുള്ളൂ. റാഗിംഗിന്റെ സാമൂഹിക മനഃ ശാസ്ത്രത്തിന് പ്രതികാരത്തിന്റെയും മേധാവിത്വ മനോഭാവത്തിന്റെയും അസഹിഷ്ണുതയുടെയും സര്‍വോപരി ആചാരത്തിന്റെയും വിഭിന്നങ്ങളായ തലങ്ങളുണ്ട്. ഇത് ഓരോ റാഗിംഗ് സംഭവങ്ങളില്‍നിന്നും വായിച്ചെടുക്കാം. രണ്ടാംവര്‍ഷ വിദ്യാര്‍ഥികളാണ് റാഗിംഗില്‍ ഏറ്റവും വീര്യത്തോടെ പങ്കെടുക്കുന്നതെന്ന് കാണാം. അവര്‍ക്ക് റാഗിംഗ് പ്രതികാരമാണ്. കിട്ടിയത് തിരിച്ചുകൊടുക്കലാണ്. ഏറ്റവും വലിയ റാഗിംഗ് വിധേയനായവനാണ് അടുത്തവര്‍ഷത്തെ റാഗിംഗ് വീരന്‍. റാഗിംഗ് യഥാര്‍ഥത്തില്‍ കാമ്പസ്സിലേക്ക് പുതുതായി വരുന്ന കുട്ടികളുടെ മേല്‍ ബലപ്രയോഗത്തിലൂടെ മേല്‍ക്കോയ്മ സ്ഥാപിക്കലാണ്. അതായത് തടിമിടുക്ക് കാട്ടിയുള്ള ബഹുമാനം പിടിച്ചെടുക്കല്‍ പ്രക്രിയ. ഞങ്ങളാണ് ഇവിടത്തെ രാജാക്കന്മാര്‍ അത് അംഗീകരിച്ച് കാമ്പസില്‍ കഴിയുക. ഇപ്പോഴേ ഇവിടെ തിളങ്ങേണ്ട എന്ന മനോഭാവം. റാഗിംഗ് വീരന്മാര്‍ ഒരു പടികൂടി കടന്ന് പുതുതായി വരുന്ന കുട്ടികളുടെ കുറവുകള്‍, പോരായ്മകള്‍, വ്യത്യസ്തതകള്‍ എന്നിവ മുതലെടുക്കുന്നു. കാമ്പസ്സുകളിലെ കടുത്ത റാഗിംഗ് വീരന്മാര്‍ പുതുതായി വരുന്ന കുട്ടികളുടെ പേടിസ്വപ്‌നമാണ്. റാഗിംഗ് എതിര്‍ത്താല്‍ ആക്രമണം മറ്റിതര പീഡനങ്ങളിലേക്ക് പോകും. എന്തിനാണ് അവന്‍/അവള്‍ എതിര്‍ത്തത് അതല്ലേ പ്രശ്‌നമായത്. പീഡിപ്പിച്ചു രസിക്കുന്ന പീഡക മന:ശാസ്ത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇത് കുറ്റവാസനയാണ്.

ഇന്ത്യയില്‍ റാഗിംഗ് ക്രിമിനല്‍കുറ്റമായി ആദ്യം പരിഗണിക്കുകയും നിയമനിര്‍മാണം ആരംഭിക്കുകയും ചെയ്തത് തമിഴ്‌നാടാണ്. തൊട്ടുപിന്നാലെ കേരളവും നിയമ നിര്‍മാണം കൊണ്ടുവന്നു. നിയമങ്ങള്‍ വഴി റാഗിംഗ് തടയിടാന്‍ ശ്രമിച്ചിട്ടും റാഗിംഗ് എന്ന ക്രൂരത വീണ്ടും വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കര്‍ശനമായ വ്യവസ്ഥകളോടെ കേരളത്തില്‍ റാഗിംഗ് വിരുദ്ധ നിയമം 1998- ല്‍ നിലവില്‍ നടപ്പാക്കുകയുണ്ടായി. എന്നിട്ടും ബലാത്സംഗം വരെയുള്ള കൊടിയ പീഡനങ്ങളാണ് റാഗിംഗിന്റെ പേരില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടമാടുന്നത്. 

ഒരു വിദ്യാര്‍ഥിക്ക് ശാരീരികമോ മാനസികമോ ആയി ദോഷം വരുത്തുന്ന ഏതു പ്രവൃത്തിയും റാഗിംഗ് ആയി ഈ നിയമം പരിഗണിക്കുന്നുണ്ട്. വിദ്യാര്‍ഥിക്ക് നാണക്കേടുണ്ടാക്കുകയോ മനസ്സിന് മുറിവുണ്ടാക്കുകയോ സാധാരണ ചെയ്യേണ്ടതല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ കലാലയത്തിനകത്തോ പുറത്തോ ചെയ്യുന്നത് റാഗിംഗിന്റെ പരിധിയില്‍ വരുമെന്നാണ് നിയമം വ്യക്തമാക്കുന്നത്. അതായത് ഒരു വിദ്യാര്‍ഥിക്ക് അനുചിതമെന്ന് തോന്നുന്ന എന്തും ചെയ്യാന്‍ ആവശ്യപ്പെടുന്നതും റാഗിംഗിന്റെ പരിധിയില്‍ വരുമെന്ന് സാരം.

റാഗിംഗില്‍ പങ്കുചേരുന്നതും പ്രോത്സാഹിപ്പിക്കുന്നതും നിയമപ്രകാരം രണ്ട് വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണ്. കുറ്റക്കാരനെന്നു തെളിയുന്നവരെ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്ന് പുറത്താക്കണമെന്നും പിന്നീട് മൂന്നു വര്‍ഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം നല്‍കരുതെന്നും നിയമത്തിന്റെ അഞ്ചാം വകുപ്പ് അനുശാസിക്കുന്നുണ്ട്. 

റാഗിംഗ് പരാതി അധികൃതരുടെ കൈകളില്‍ ലഭിച്ചാല്‍ ഏഴു ദിവസത്തിനകം അന്വേഷണം നടത്തുകയും പ്രാഥമികാന്വേഷണത്തില്‍ സത്യമെന്നു തോന്നിയാല്‍ വിദ്യാര്‍ഥിയെ സസ്‌പെന്റെ ചെയ്ത് കൂടുതല്‍ നടപടികള്‍ക്കായി പോലീസിന് കൈമാറാനും നിയമം അനുശാസിക്കുന്നുണ്ട്. പരാതി നല്‍കിയിട്ടും അതിനെ അവഗണിക്കുന്ന തരത്തില്‍ പെരുമാറുന്ന സ്ഥാപനമേധാവിക്ക് റാഗിംഗിലേര്‍പെടുന്നവര്‍ക്ക് നല്‍കുന്ന അതേ ശിക്ഷ തന്നെ നല്‍കാന്‍ കേരളത്തിലെ നിയമം അനുശാസിക്കുന്നു. കേരളത്തിലേതിനു സമാനമായ നിയമങ്ങള്‍ മറ്റു പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. എന്നാല്‍ നിയമപ്രകാരമുള്ള നടപടികള്‍ ഉണ്ടാവുന്നില്ല എന്നതാണ് റാഗിംഗ് എന്ന പ്രാകൃത രീതിക്ക് പ്രചോദനമാകുന്നത്.

നിയന്ത്രിക്കാന്‍ ഏറ്റവുമെളുപ്പമുള്ള കുറ്റകൃത്യമാണ് റാഗിംഗ്. ഒന്നാമത് നമ്മുടെ സമൂഹമൊന്നടങ്കം ഇതിനെതിരാണ്. രണ്ടാമത് മയക്കുമരുന്ന് മാഫിയയോ മദ്യമാഫിയയോ ഒക്കെ പോലെ റാഗിംഗില്‍ നിന്നും സാമ്പത്തിക ലാഭമുണ്ടാക്കുന്ന ആരുമില്ല. അപ്പോള്‍ അതിനെ നിലനിര്‍ത്താന്‍ സംഘടിതമായ ഒരു ശ്രമമൊന്നും ആരും നടത്തില്ല. മൂന്ന്, സുപ്രീം കോടതി തൊട്ട് താഴെയുള്ള നമ്മുടെ കോടതികള്‍ ശക്തമായ നയങ്ങളാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. കേസ് കോടതിയിലെത്തിയാല്‍ മാതൃകാപരമായ ശിക്ഷ വിധിക്കാന്‍ കോടതികള്‍ മടികാണിച്ചിട്ടില്ല.

നിയമത്തിന്റെയും ബോധവല്‍കരണത്തിന്റെയും കുറവൊന്നുമില്ല. പിന്നെ എന്തുകൊണ്ടാണ് ഈ രോഗം കാന്‍സര്‍ പോലെ സമൂഹത്തെ കാര്‍ന്നുതിന്നുന്നത്. പ്രൊഫഷണല്‍ കോളേജുകളിലെല്ലാം ആന്റി റാഗിംഗ് കമ്മറ്റിയും വര്‍ഷാരംഭത്തില്‍ പോലീസുകാരും ജഡ്ജിമാരുമെല്ലാം പങ്കെടുക്കുന്ന സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. അപ്പോള്‍ അറിവിന്റെ അഭാവമല്ല പ്രശ്‌നം. കുറ്റം ചെയ്താലും തലയൂരി പോരാം എന്ന ധാരണയാണ് പ്രധാന കാരണം. ഇത് സത്യവുമാണ്. കേരളത്തിലിപ്പോള്‍ പ്രൊഫഷണല്‍ കോളേജുകളുള്‍പ്പെടെ ഏതാണ്ട് നാലായിരത്തോളം കോളേജുകളുണ്ട്. അതില്‍ പത്തു ശതമാനത്തിലെങ്കിലും വര്‍ഷത്തില്‍ ഒന്നെങ്കിലും ഇങ്ങനെയുള്ള സംഭവം ഉണ്ടായി എന്നു കരുതിയാല്‍ തന്നെ നാനൂറ് റാഗിംഗ് കേസുകള്‍ കേരളത്തില്‍ കോടതികളിലെത്തേണ്ടതാണ്. സത്യത്തില്‍ ഇതിലും എത്രയോ കൂടുതലായിരിക്കണം. എന്നാല്‍ വാസ്തവത്തില്‍ പോലീസിലെത്തുന്ന കേസുകള്‍ ഇതിലും പത്തു ശതമാനം താഴെയാണ്.

2001-ല്‍ സുപ്രീം കോടതി നിര്‍ദേശിച്ച റാഗിംഗ് ഉന്മൂലനത്തിനുള്ള മാര്‍ഗങ്ങള്‍ വളരെ പ്രസക്തമാണ്. ബോധവല്‍കരണ നടപടികളാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. കലാലയങ്ങളില്‍ അപേക്ഷാഫോറം വിതരണം ചെയ്യുന്നതിനൊപ്പം തന്നെ റാഗിംഗില്‍ ഏര്‍പെടുന്നവര്‍ക്കെതിരെയുള്ള മുന്നറിയിപ്പ് ഉണ്ടാകണം. റാഗിംഗിന്റെ ശിക്ഷയെക്കുറിച്ച് വ്യക്തമാക്കണം. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന സത്യപ്രസ്താവന വിദ്യാര്‍ഥിയില്‍നിന്നും രക്ഷിതാവില്‍നിന്നും ഒപ്പിട്ടുവാങ്ങണം. റാഗിംഗ് തടയാന്‍ ചുമതലപ്പെട്ട ഒരു കമ്മിറ്റി രൂപീകരിക്കുകയും മുതിര്‍ന്ന അധ്യാപകരെയും ഹോസ്റ്റല്‍ വാര്‍ഡന്മാരെയും മുതിര്‍ന്ന ചില വിദ്യാര്‍ഥികളേയും അതില്‍ അംഗങ്ങളാക്കുകയും ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളോടൊപ്പം കോഴ്‌സ് പൂര്‍ത്തീകരണത്തിനു ശേഷം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം പഠന കാലയളവില്‍ റാഗിംഗില്‍ ഏര്‍പെട്ടിരുന്നോ എന്ന് വ്യക്തമാക്കുന്ന കോളം കൂടി ഉള്‍പ്പെടുത്തണമെന്നും വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ പല കോളേജുകളിലും റാഗിംഗ് വിരുദ്ധ സെല്ലുകള്‍ നിര്‍ജീവമാണെന്നതാണ് വാസ്തവം.

കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനം ഒറ്റ വര്‍ഷം ശരിക്കൊന്നു ശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ റാഗിംഗ് എന്ന പ്രശ്‌നം. ഇക്കാര്യത്തിന്റെ ഗൗരവം അവര്‍ മനസ്സിലാക്കാത്തതാണ് മറ്റൊരു കുഴപ്പം. മിക്ക റാഗിംഗ് കേസുകളിലും വിദ്യാര്‍ഥി സംഘടനാ നേതാക്കളോ അവരുടെ സജീവ പ്രവര്‍ത്തകരോ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്ന് തെളിയിക്കപ്പെടാറുണ്ട്. കലാലയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ബൗദ്ധിക വ്യായാമങ്ങളുടെ അളവ് വളരെയേറെ വര്‍ധിക്കാനുണ്ടെന്നാണ് ഇത് കാണിക്കുന്നത്. പുരോഗമന ജനാധിപത്യ സര്‍ഗാത്മക രാഷ്ട്രീയ പ്രവര്‍ത്തനം കലാലയങ്ങളില്‍ പുനസ്ഥാപിക്കപ്പെട്ടാല്‍ മാത്രമേ വിദ്യാര്‍ഥികളില്‍ വളര്‍ന്നുവരുന്ന അക്രമാസക്തിക്ക് പരിഹാരം കാണാനാകൂ. ആന്റി റാഗിംഗ് നിയമവും മിക്കപ്പോഴും നോക്കുകുത്തിയായി നില്‍ക്കുന്ന അവസ്ഥാവിശേഷമുണ്ട്.

കോളേജില്‍ കുട്ടികള്‍ റാഗിംഗ് നടത്തിയാല്‍ അതൊക്കെ കുട്ടികളല്ലേ എന്ന മട്ടില്‍ അതിനെ ന്യായീകരിക്കാനും കേസില്‍നിന്നൊഴിവാക്കിയെടുക്കാനും മാപ്പ് പറയിച്ചോ കാശുകൊടുത്തോ പ്രശ്‌നം തീര്‍ക്കാനുമാണ് കുറ്റവാളികളുടെ മാതാപിതാക്കളും ബന്ധുക്കളും ശ്രമിക്കുന്നത്. ഇത് റാഗിംഗിന്റെ ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. കോളേജില്‍ വരുന്ന കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷവും അതിന്റെ പ്രത്യാഘാതവും ശാരീരിക മുറിവിനേക്കാള്‍ വലുതാണ്. അതുകൊണ്ട് വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഉണ്ടാകുന്ന ഏതു റാഗിംഗും ഒരുപോലെ ഗൗരവതരമായിക്കണ്ട് നടപടിയെടുക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്വമാണ്.

കേസില്‍ കുട്ടികള്‍ പെട്ടാല്‍ 'ഇവരുടെ ഭാവി പോകും. ഇപ്രാവശ്യത്തേക്ക് ഒന്ന് ക്ഷമിച്ചൂടെ' എന്ന മട്ടില്‍ ഇരയുടെ ബന്ധുക്കളെയും ഇരയെയും സമ്മര്‍ദം ചെയ്യുന്ന രീതിയാണ് പോലീസില്‍നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും കണ്ടുവരുന്നത്. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയക്കാരും റാഗിംഗ് വിരുദ്ധ തീരുമാനമെടുക്കേണ്ടതുണ്ട്. പോലീസിന്റെ അനനുരഞ്ജന ശ്രമങ്ങളും ഉപേക്ഷിക്കേണ്ടതുണ്ട്.

ഇന്നത്തെ സാമൂഹിക - സാംസ്‌കാരിക സാഹചര്യങ്ങളിലുണ്ടായിരിക്കുന്ന തകര്‍ച്ചക്ക് പരിഹാരം കാണുക എന്നതാണ് പ്രധാനമായും വേണ്ടത്. സമൂഹത്തിലെ എല്ലാ ജീര്‍ണതകളും കുറ്റവാസനകളും കലാലയത്തേയും സ്വാധീനിക്കുകയും കീഴടക്കുകയും ചെയ്യും. വികലവും വികൃതവുമായ ജീവിതവീക്ഷണങ്ങള്‍ മാത്രം പ്രദാനം ചെയ്യുന്ന സമൂഹത്തില്‍ വളരുന്ന വിദ്യാര്‍ഥികള്‍ കുറ്റവാസനകളുടെ ലോകത്ത് ചെന്നുവീഴുക സ്വാഭാവികം. അതുകൊണ്ടുതന്നെ റാഗിംഗിനെതിരായ സമരം സമൂഹത്തെ ഉയര്‍ന്ന സാംസ്‌കാരിക മൂല്യങ്ങളിലേക്കു ആനയിക്കാനുള്ള സമരം കൂടിയാണ്.

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top