മക്കയിൽ നിന്നുള്ള പാതകൾ

റഫീക്ക് തിരുവള്ളൂര്

ഇസ്‌ലാം പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ ആവശ്യമുള്ളതിലും ഏറെയുള്ള മലയാളത്തില്‍ ഇസ്‌ലാമിനെ പഠിക്കുന്ന പുസ്തകങ്ങള്‍ തീരെയില്ല. ഉള്ളവ മറ്റു ഭാഷകളില്‍നിന്നും മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യപ്പെട്ടവ മാത്രമാണെന്നതാണെന്റെ വായനാപരിചയം. വയളിന്റെയും മതപ്രസംഗങ്ങളുടെയും പാരമ്പര്യം ശക്തവും അതിന്റെ പിന്തുടര്‍ചകള്‍ കാലദേശ വ്യാപകവും ആയതു കൊണ്ടാവണം അറിവിന്റെ നിറകുടങ്ങളായവര്‍ ധാരാളമുണ്ടായിട്ടും മഹത്തായ ഗ്രന്ഥങ്ങളൊന്നും മലയാളത്തില്‍ എഴുതപ്പെടുകയുണ്ടായില്ല. മുസ്‌ലിം ലോകത്തു വിപുലപ്പെട്ട ചിന്തയുടെയും രചനയുടെയും പാരമ്പര്യത്തിനു പകരം കേരളം തെരഞ്ഞെടുത്തത് പറച്ചിലിന്റെയും കേള്‍വിയുടെയും പ്രവാചകനോടു തൊട്ടുള്ള നൂറ്റാണ്ടുകളിലെ പാരമ്പര്യമാണ്. വേറെയും കാരണങ്ങളാലും തലമുറകള്‍ക്ക് മത തത്വചിന്ത കൈമാറുന്ന രചനകള്‍ തീരെ കുറഞ്ഞോ ഇല്ലാതെയോ പോയി. എന്നു മാത്രമല്ല, മേപ്പടി പാരമ്പര്യം ദുഷിച്ച് കാതടപ്പിക്കുന്ന ഒച്ച മാത്രമായി സമകാലിക മുസ്‌ലിം കേരളം വഷളാവുകയും ചെയ്തു. മലയാളത്തില്‍ തന്നെ വിരചിതങ്ങളായ മൗലിക കൃതികള്‍ ഇല്ലാതെ പോയല്ലോ എന്നു പരാതി പറഞ്ഞിരിക്കുന്നതിനു പകരം അത്തരമൊന്നെഴുതി ആ കുറവു കുറക്കുകയാണ് മുഹമ്മദ് ശമീം. അകത്തെ വായനക്കാരെ എന്ന പോലെ പുറത്തെ വായനക്കാരുമായും അതുകൊണ്ട് ഈ പുസ്തകം സംവദിക്കും. മതപരമായ എഴുത്തുകള്‍ അതതു മതക്കൂട്ടത്തെ മാത്രം അഡ്രസ്സ് ചെയ്യുന്ന കാലത്ത് അങ്ങനെ അല്ലാതിരിക്കുന്നതിന്റെ മാറ്റവും മാറ്റും പുസ്തകത്തിനുണ്ട്.

അഞ്ച് ഇസ്‌ലാം കാര്യങ്ങളില്‍ ഒടുവിലത്തേതും ഇസ്‌ലാമിക ദര്‍ശനത്തിന്റെ പ്രതീകാത്മക പ്രതിനിധാനം മുഴച്ചു നില്‍ക്കുന്നതുമായ ഹജ്ജിനെയും അതിന്റെ സ്ഥലകാലങ്ങളേയും വിസ്തരിച്ചും ചരിത്രഭൂമികകളെ കണ്ടും കണ്ടെടുത്തുമുള്ള യാത്രയാണ് പുസ്തകം. 'മക്ക കാഴ്ചയില്‍നിന്ന് ഹൃദയത്തിലേക്ക്' എന്നാണ് ശീര്‍ഷകം. ഇസ്‌ലാമിനെ പഠിക്കുകയാണ്, പഠിപ്പിക്കുകയല്ല. മതത്തിന്റെ ആശയവും രാഷ്ട്രീയവുമാണ് ചര്‍ച്ച. സ്വന്തം കാഴ്ചകളും (സിനിമ ഉള്‍പ്പെടെ) ആഴക്കാഴ്ചയും കൊണ്ട് പ്രതിപാദ്യമായ ആശയലോകത്തിന്റെ വ്യാപ്തിമണ്ഡലം അദ്ദേഹം കൂട്ടുന്നു. ചിന്തിച്ചു ചിന്തിച്ചു വായിക്കാവുന്ന പുസ്തകമായി അതു കൊണ്ടെനിക്കിത്.

ഒന്നുകില്‍ നിയമസംഹിത അല്ലെങ്കില്‍ ലക്കും ലഗാനുമില്ലാത്ത മോക്ഷമാര്‍ഗം എന്നതാണ് മതത്തിന്റെ രണ്ടറ്റം. രണ്ടറ്റത്തു തൊട്ടാലും ജീവിതത്തിലേക്ക് അപായത്തിന്റെ സൈറണ്‍ മുഴങ്ങുന്നു. നിയമം മാത്രമാകുമ്പോള്‍, നിയമം മിക്കപ്പോഴും ചോയ്‌സല്ല ആളുകള്‍ക്ക്. അനുസരിപ്പിക്കാന്‍ ഒരു പിതാവ്, പോലീസ്, ന്യായാധിപന്‍, രാജാവ്, സ്റ്റേറ്റ് തുടങ്ങി ആരെങ്കിലും ഒരധികാരി വേണ്ടി വരും. മതമങ്ങനെ വളരെ പെട്ടന്ന് ഒരു എന്‍ഫോഴ്‌സ്‌മെന്റായി മാറുന്നു, മാറി എന്നതാണു യാഥാര്‍ഥ്യം. രണ്ടിന്റെയും ഇടവഴി, 'മധ്യമ മാര്‍ഗം' എന്നു ഖുര്‍ആന്‍ ഊന്നിയൂന്നിപ്പറയുന്നത്, അതു പ്രയാസമായതിനാല്‍ എല്ലാവരും വിട്ടുകളയുന്നു. എളുപ്പവഴികള്‍ സ്വീകരിച്ചു കൃതാര്‍ഥരാകുന്നു. എന്തു കൊണ്ടാകും ക്ഷിപ്ര പരിഹാരങ്ങളെ കുറിച്ചു മാത്രം ഘോര ഘോരം ആലോചിക്കുന്നത്, ശരിയായ പരിഹാരങ്ങളെ കുറിച്ചുള്ള ആലോചനകള്‍ പോലും അവയുടെ ബാധ്യതകളില്‍ കുടുക്കും എന്നു ഭയന്നു തന്നെ. സംഘടനകളുടെ 'ഇസ്‌ലാമിക മാര്‍ഗം' ഏറെക്കുറെ അതായി അംഗീകാരം നേടിക്കഴിഞ്ഞു.

ഇസ്‌ലാം കാര്യങ്ങള്‍ എന്നും ഈമാന്‍ കാര്യങ്ങള്‍ എന്നുമുള്ള തരംതിരിവ് മതം പഠിപ്പിക്കാനുള്ള സൗകര്യത്തിനു രൂപപ്പെടുത്തിയതാണെന്നും മതത്തെ പഠിക്കാനുള്ള ഒറ്റരീതി അല്ല അതെന്നും തിരിച്ചറിഞ്ഞാണ് ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്. പുസ്തകത്തിലെ എഴുതപ്പെട്ട ആദ്യ വാക്യത്തില്‍ തന്നെ ഇതൊരു കര്‍മശാസ്ത്ര കൃതിയല്ലെന്ന് തുറന്നു പറഞ്ഞിരിക്കുന്നു.

ഫിഖ്ഹ് (കര്‍മശാസ്ത്രം) ആണ് ഇസ്‌ലാം പഠനം എന്നു ധരിച്ചുവശായ ഒരു പാഠ്യ പദ്ധതിയെ ഇന്നും നമുക്കുള്ളൂ. ഫിഖ്ഹിനെ കുറച്ചു കാണുകയല്ല, ഇസ്‌ലാമിനെ കുറക്കാതെ കാണണം എന്നു ധരിപ്പിക്കാന്‍ പറയുന്നതാണ്. അതതു കാലത്തിനും സ്ഥലത്തിനും പാകപ്പെടുത്തി ഇസ്‌ലാമിനെ നിര്‍ണയിച്ചു നല്‍കുന്ന ജ്ഞാനപദ്ധതിയാണ് ഫിഖ്ഹിന്റെത്. ജീവിക്കുന്ന മനുഷ്യര്‍ക്ക് മുമ്പാകെ അവതീര്‍ണമാകുന്ന ഇസ്‌ലാമിന്റെ ജൈവരൂപമാണത്. ഇസ്‌ലാം സാര്‍വകാലികവും സാര്‍വ ജനീനവും ആയിരിക്കുക എന്ന ദൈവേച്ഛയെ സാധിച്ചതും ഫിഖ്ഹാണ്. ഫിഖ്ഹ് സമകാലിക നിര്‍ണയമായില്ലെങ്കില്‍ മതത്തിന്റെ സാര്‍വ കാലികത്വവും സകല ജനീനതയും പാഴ്‌വാക്കാകും. കാലികമല്ലാത്ത പഴയ നിര്‍ണയങ്ങളുടെ പാരായണ വ്യഗ്രത അപായം പോലുമാകും. ഒരുദാഹരണത്തിന് ലോകത്തെ ഫിഖ്ഹ് ദാറുല്‍ ഇസ്‌ലാം എന്നും ദാറുല്‍ ഹര്‍ബ് എന്നും വിഭജിച്ചിട്ടുണ്ട് ഒരു കാലത്ത് എന്നതു നോക്കാം. ദേശ രാഷ്ട്രങ്ങളായി ലോകം പരിണമിച്ച, പൊളിറ്റിക്കല്‍ യൂണിറ്റുകള്‍ കണക്കേ രാജ്യങ്ങള്‍ അതിര്‍വരമ്പിട്ട നമ്മുടെ കാലത്ത് ലോകത്തിന് അങ്ങനെയൊരു വിഭജനം പാകമാകുന്നില്ല. 'ദാറുശ്ശഹാദ'യായി ലോകത്തെ കാണാന്‍ വിശ്വാസി സമൂഹങ്ങളെ പ്രാപ്തമാക്കുന്ന ഒരു വീക്ഷണ മാതൃക വികസിപ്പിക്കാന്‍ ഇപ്പോഴത്തെ ഫിഖ്ഹിനു കഴിയണം. സമകാലിക വായനകളുടെ ആവശ്യം ഇങ്ങനെ പല വിതാനങ്ങളില്‍ ആവശ്യമാണ്. ആവശ്യമായതിനെ സാധ്യമാക്കുന്ന ജ്ഞാനത്തിന്റെ വ്യവഹാര മണ്ഡലവും മൗലിക ചിന്തകളും മതതത്വങ്ങളും കൂടിച്ചേരുന്ന ഇടപാടുകളും ഇന്നേറെ ആവശ്യമുണ്ട്. ഇത്തരം കൃതികളുടെ ക്ഷണം മതത്തെ സാര്‍ഥകമാക്കുന്ന അത്തരം ആശയ പ്രകാശന പ്രയത്‌നങ്ങളിലേക്കാണ്.

പുസ്തകത്തിനു ലഭിച്ച ഏറ്റവും നല്ല വായന ഇതിന്റെ ആദ്യവായനകളില്‍ ഒന്നാണെന്ന് അടിവരയിടുന്നതാണ് കഥാകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ അവതാരിക. അവതാരകന്‍ ഈ കൃതിയിലെ എഴുത്തുരീതിയെ ഇങ്ങനെ സംഗ്രഹിച്ചിട്ടുണ്ട്. ''ഗ്രന്ഥകര്‍ത്താവ് ഖുര്‍ആന്‍ ചിന്തകളെ കൈയാളുമ്പോള്‍ പ്രധാനമായും മൂന്നു കാഴ്ചകളെയാണ് സ്വീകരിക്കുന്നത്. ഒന്ന്, ഖുര്‍ആനെ ഒരു ചരിത്ര വസ്തുവാക്കി അതിനെ താമസയോഗ്യമാക്കുന്നു. രണ്ട്, ഇതര മതവിശ്വാസങ്ങളുമായും ദര്‍ശനങ്ങളുമായും സംയോജിപ്പിക്കുകയോ താരതമ്യം ചെയ്യുകയോ ചെയ്യുന്നു. മൂന്ന്, ഖുര്‍ആനിക ആശയങ്ങള്‍ക്കു നേരെ അപനിര്‍മാണ രീതി ഉപയോഗിച്ചു വിശകലനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യുന്നു. അനുഷ്ഠാന കാര്യങ്ങളെ ഇങ്ങനെ അപനിര്‍മിക്കുന്ന ഭാഗങ്ങള്‍ എമ്പാടുമുണ്ട്. തത്വചിന്തയെയും ആപേക്ഷികതാ വിചാരത്തെയും നവീന മൂല്യസങ്കല്‍പങ്ങളെയും സാഹിത്യത്തെയും സിനിമയെയും ഉപകരണങ്ങളാക്കിയും ഗ്രന്ഥകാരന്‍ മുന്നേറുന്നതു കാണാം. 'മധ്യമ ദര്‍ശനം' എന്ന അധ്യായത്തില്‍ പ്ലേറ്റോയെ നിര്‍ത്തി സോക്രട്ടീസ് ഉയര സങ്കല്‍പത്തെ മാറ്റുന്ന കഥ പറയുന്നുണ്ട്. വലുപ്പത്തെ പറ്റിയുള്ള ആത്മീയ ചിന്തയാണത്. എല്ലാ പള്ളികളും കഅ്ബയേക്കാള്‍ ചെറുതാണെന്ന് നാം അങ്ങനെ കണ്ടെത്തുന്നു. അങ്ങനെ വാക്ക് തന്നെ ദേവാലയമായിത്തീരുന്നു. ഓര്‍മിക്കലിന്റെ ദേവാലയം.''

മക്കയുടെ മണ്ണും ആകാശവും കഅ്ബയും സഫായും മര്‍വയും അറഫയും മിനയും മുസ്ദലിഫയും ജംറയും അടക്കം ഓരോന്നും പ്രത്യക്ഷത്തില്‍ അവയല്ലാത്തതും ഉള്‍ക്കാഴ്ചയില്‍ അവ വഹിക്കുന്നതുമായ ആശയങ്ങളായി തീരുന്നു. അലി ശരീഅത്തി നേരത്തെ എഴുതിയിട്ടുള്ള ഹജ്ജിന്റെ പ്രതീകാത്മക വായനയെ മുന്നോട്ടു കൊണ്ടുപോവുകയും മുഴുമിക്കുകയും ചെയ്യുന്നു. ഇബ്രാഹിം എന്ന പിതാമഹനും സദ്പുത്രരും ചരിത്രത്തിന്റെ നിര്‍മാതാക്കളായി പ്രത്യക്ഷരാകുന്നു. മൂന്നു ലോകമതങ്ങളുടെ കൂടലും പിരിയലും എടുത്തു നോക്കുന്നു. വേദജ്ഞാനവും വിശ്വസാഹിത്യ കൃതികളും കുഴിച്ചെടുത്ത വെളിച്ചം കൊണ്ട് ചരിത്രത്തിനു വ്യക്തത വരുത്തുന്നു. ഹഗാറിന്റെ കുടിലും ഫറോവയുടെ കൊട്ടാരവും തുറന്നുനോക്കുന്നു. ആത്മാവില്‍ പുരസ്‌കൃതരും തിരസ്‌കൃതരുമായവര്‍ വന്നുപോകുന്നു. അര്‍ദല്‍ എന്നും മലഅ് എന്നുമുള്ള ഖുര്‍ആന്റെ സൂചനയെ കീഴാളരെന്നും വരേണ്യരെന്നുമാണ് വിവക്ഷയെന്ന് സമര്‍ഥിക്കുന്നു. മനുഷ്യരുടെ നിലനില്‍പിന്റെയും അധികാരത്തിന്റെയും അതിന്റെ ഗര്‍വുകളോടുമുള്ള അവരുടെ കലഹത്തിന്റെയും മറ്റൊരു വര്‍ഗസമരം കണ്ടെടുക്കുന്നു. അധികാരത്തോടു കലഹിച്ചും മോചനം സാധിച്ചും മനുഷ്യരുടെ പക്ഷം മതം രൂപപ്പെടുത്തിയ രീതികളെ ബന്ധിപ്പിക്കുന്നു. അധികാരമല്ല, ആധികാരികതയാണ് മതം കൈയാളുന്നവര്‍ ദീക്ഷിക്കേണ്ടതെന്ന നീതിസാരത്തെ നിരൂപിക്കുന്നു. വര്‍ഗസമരം, ലിംഗനീതി, അറിവ്, ഭക്തി, ജനാധിപത്യം എന്നിവയെല്ലാം ഇതള്‍ വിരിച്ചെടുത്തു കൊണ്ട് അല്ലാഹുവിന്റെ പൊരുളിനെ വെളിപ്പെടുത്തുന്നു. ഐഹിക ക്ഷേമവും പാരത്രിക മോക്ഷവും പരസ്പരം കൂട്ടി ഘടിപ്പിക്കപ്പെട്ട ദര്‍ശനം എങ്ങനെ ജീവിത്തിനും മരണത്തിനും മുക്തിയുടെ സൗന്ദര്യം നല്‍കുന്നുവെന്നതു നിരീക്ഷിക്കുന്നു. മതത്തെ ആധാരമാക്കി, അപനിര്‍മാണ വിദ്യ പ്രയോഗിച്ചുള്ള ഗ്രന്ഥചരിത്ര വായന ഈ എഴുത്തിനെ സവിശേഷമാക്കുന്നു. അര്‍ദല്‍ എന്ന സംജ്ഞയെ ദളിത് എന്നു വായിക്കാന്‍ താങ്കള്‍ മടിച്ചതല്ല, മറന്നതാകുമെന്നു വിചാരിച്ചുകൊണ്ട് ഈ പുസ്തകത്തെ അധിക വായനക്ക് ഞാന്‍ എടുത്തുവെക്കുന്നു.

ചിന്തയെ സാധ്യമാക്കുന്ന മതത്തിന്റെ ഇടങ്ങളെ ഒളിപ്പിക്കാനും ചിന്ത സാധ്യമായ മതത്തിന്റെ ഇടങ്ങളെ മുഴവന്‍ വെളുപ്പിക്കാനുമുള്ള വ്യഗ്രതയോടെ, പ്രാദേശികങ്ങളും അന്തര്‍ദേശീയങ്ങളുമായ മത കമ്യൂണുകള്‍ വിപണിയുടെ വാപിളര്‍ത്തി വിശ്വാസികളെ ആകര്‍ഷിക്കുകയും, അന്ധതയെ വിശ്വാസത്തിന്റെ മെത്തയാക്കി വിരിക്കുകയും ചെയ്യുന്ന ലോകമാണു കണ്‍മുന്നില്‍ തിടം വെക്കുന്നത്. സിയാവുദ്ദീന്‍ സര്‍ദാറിന്റെ 'മക്ക' കഴിഞ്ഞ കൊല്ലമാണ് വായിച്ചത്. അതു മറ്റൊരു വഴിക്ക് ഈ ദുരന്തത്തെ ദീര്‍ഘദര്‍ശനം ചെയ്യുന്നുണ്ടല്ലോ. മക്കയെ ലോകത്തിലെ ഏറ്റവും വലിയ കമ്പോള നഗരിയാക്കി മാറ്റിപ്പണിയുന്ന കാലത്ത് ഒരു മലയാളി മുസ്‌ലിം മക്കയുടെ ആത്മാവിലൂടെ യാത്ര പോയതിന്റെ ഈ പുസ്തകം ഹാര്‍ദമായ സ്വാഗതവും മുന്‍വിധി ബാധിക്കാത്ത വായനയും വിവേകം വിടാത്ത വിലയിരുത്തലും അര്‍ഹിക്കുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി മലയാളത്തിലെ ഇസ്‌ലാമിക സാഹിത്യം വായിച്ചുപോരുന്ന ഒരാളെന്ന നിലക്ക് ഇതൊരു മുന്‍കൂറായി വന്ന വായനയായി അനുഭവപ്പെടുന്നു, ഇതിലും വലുതും മികവേറിയതുമായ ചിന്തയുടെ പ്രസരണങ്ങള്‍ പിന്നാലെ വരാനിരിക്കുന്ന വഴികള്‍ ഈ പുസ്തകം മുന്നില്‍ വെക്കുമ്പോള്‍ കാണാനാകുന്നു. അതീ എഴുത്തു കര്‍ത്തവ്യത്തിന്റെ മാറ്റു കൂട്ടുന്ന കാര്യമാണെന്ന് സമ്മതിക്കാന്‍ ഗ്രന്ഥകാരനും ഏറെ സന്തോഷമായിരിക്കും. 

രൂപകല്‍പനയിലും നിര്‍മിതിയിലും പുസ്തകം അര്‍ഹിക്കുന്ന ഭംഗി പ്രസാധകരായ ഐ.പി.എച്ച് വരുത്തിയില്ല എന്ന ഖേദമുണ്ട്.


 

പുസ്തകം - മക്ക കാഴ്ചയില്‍നിന്ന് ഹൃദയത്തിലേക്ക്

ഗ്രന്ഥ കര്‍ത്താവ്  - മുഹമ്മദ് ശമീം

പ്രസാധനം       - ഐ. പി. എച്ച് 

വില              - 180 രൂപ

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top