ഗർഭകാലപരിചരണം

ഡോ. മേജര്‍ നളിനി ജനാര്‍ദ്ദനന്‍

സ്ത്രീജീവിതത്തിലെ സുപ്രധാന വഴിത്തിരിവാണ് ഗര്‍ഭധാരണവും പ്രസവവും മാതൃത്വവും. ഗര്‍ഭാവസ്ഥയോടനുബന്ധിച്ച് സ്ത്രീ ശരീരത്തില്‍ പല മാറ്റങ്ങളും ഉണ്ടാകുന്നു. ഗര്‍ഭാശയത്തിലുണ്ടാവുന്ന ഭ്രൂണം വളര്‍ന്ന് ഗര്‍ഭസ്ഥശിശുവായി, പൂര്‍ണ വളര്‍ച്ചയെത്തി പ്രസവത്തിലൂടെ പുറത്ത് വരുന്നതുവരെയുള്ള കാലഘട്ടം വളരെ ശ്രദ്ധയര്‍ഹിക്കുന്നതാണ്. 

ഗര്‍ഭകാലപരിശോധനകള്‍

ഗര്‍ഭമുണ്ടോ എന്ന് സംശയം തോന്നിയാല്‍ ഡോക്ടറെ കാണിക്കുന്നത് നന്നായിരിക്കും. പലപ്പോഴും ഗര്‍ഭാശയത്തിനു പുറത്ത് അണ്ഡവാഹിനിക്കുഴലിലുണ്ടാവുന്ന ഗര്‍ഭവും സ്ത്രീകള്‍ക്കുണ്ടാവുന്ന ചില രോഗങ്ങളും മുന്‍കൂട്ടി കണ്ടുപിടിക്കാനും ചികിത്സിക്കാനും ഇതുപകരിക്കും. പ്രമേഹം, തൈറോയ്ഡ് രോഗങ്ങള്‍, എയ്ഡ്‌സ്, രക്താതി സമ്മര്‍ദം മുതലായ രോഗങ്ങള്‍ അമ്മക്കുണ്ടെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിനെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അമ്മ കഴിക്കുന്ന ചില മരുന്നുകള്‍ ഗര്‍ഭസ്ഥശിശുവിന് അപകടകാരിയായിത്തീരാം (അപസ്മാരം, തൈറോയ്ഡ്, ഹൃദ്രോഗം, രക്താതിസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്ക് നല്‍കുന്ന മരുന്നുകള്‍). ഗര്‍ഭിണിയുടെ ചില ദുശ്ശീലങ്ങള്‍ (പുകവലി, ലഹരി പദാര്‍ഥ സേവനം) ഗര്‍ഭസ്ഥ ശിശുവിന് അപകട കാരണമാവാനിടയുണ്ട്. അതുകൊണ്ട്, ആര്‍ത്തവം നില്‍ക്കുകയും ഗര്‍ഭിണിയാണെന്ന് സംശയം തോന്നുകയും ചെയ്താല്‍ ഡോക്ടറെ കാണിച്ച് പരിശോധനകള്‍ നടത്തണം. പിന്നീട് എഴുമാസം വരെ മാസത്തിലൊരിക്കലും ഒമ്പതുമാസം വരെ രണ്ടാഴ്ച കൂടുമ്പോഴും അതിനുശേഷം ആഴ്ചയിലൊരിക്കല്‍, അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇടക്കിടെ എന്ന രീതിയില്‍ പരിശോധന നടത്തേണ്ടതാണ്. ഈ കാലഘട്ടത്തില്‍ ടെറ്റനസ്സ് രോഗത്തിനെതിരായുള്ള പ്രതിരോധ കുത്തിവെപ്പുകളും (രണ്ടു ഡോസ്സ്) ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് നടത്തേണ്ടതാവശ്യമാണ്. ഗര്‍ഭകാലത്ത് കൂടുതല്‍ അപകടസാധ്യതയുള്ള തരം ഗര്‍ഭിണികള്‍ക്ക് (ഉദാ: 30-35 വയസ്സിലധികം പ്രായം കൂടുതലുള്ള സ്ത്രീകള്‍, പ്രമേഹമോ ഹൃദ്രോഗമോ അപസ്മാരമോ രക്താതിസമ്മര്‍ദമോ പോലുള്ള രോഗമുള്ള സ്ത്രീകള്‍, ഇടക്കിടെ ഗര്‍ഭഛിദ്രമുണ്ടാവുന്ന സ്ത്രീകള്‍) വളരെയധികം ശ്രദ്ധയും മുന്‍കരുതലും ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രത്യേക ചികിത്സയും ആവശ്യമാണ്.

ഭക്ഷണം

ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍, പാല്‍, പാലുല്‍പന്നങ്ങള്‍ (തൈര്, പാല്‍ക്കട്ടി) മുട്ട, എന്നിവടയങ്ങിയ സന്തുലിതാഹാരമാണ് ഗര്‍ഭിണി കഴിക്കേണ്ടത്. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. ആദ്യത്തെ 3 മാസങ്ങളില്‍ ഓക്കാനവും ഛര്‍ദിയും കൂടുതലാണെങ്കില്‍ അധികം കൊഴുപ്പടങ്ങിയ ഭക്ഷണവും എണ്ണയില്‍ വറുത്ത ഭക്ഷണപദാര്‍ഥങ്ങളും പാടേ ഒഴിവാക്കുക. ചായ, കാപ്പി എന്നിവ കുറക്കുക പുകവലി, ലഹരി പദാര്‍ഥസേവനം മുതലായ ദുശ്ശീലങ്ങള്‍ നിര്‍ത്തുക. ഭര്‍ത്താവ് പുകവലിക്കുന്നുണ്ടെങ്കില്‍ ആ മുറിയിലിരിക്കുന്ന ഭാര്യയുടെ ഗര്‍ഭസ്ഥ ശിശുവിനെ അതു ബാധിക്കുമെന്നും ഓര്‍ക്കുക.

മരുന്നുകള്‍

ഡോക്ടറുടെ നിര്‍ദേശ പ്രകാരം വിറ്റാമിന്‍ ബി കോംപ്ലക്‌സ്, ഫോളിക് ആസിഡ്, അയണ്‍, കാത്സ്യം എന്നിവയടങ്ങിയ ഗുളികള്‍ കൃത്യമായി കഴിക്കണം. സ്വന്തം ഇഷ്ടപ്രകാരം ഫാര്‍മസിയില്‍നിന്ന് യാതൊരു മരുന്നും വാങ്ങിക്കഴിക്കരുത്. മിക്ക മരുന്നുകളും ശിശുവിനെ പ്രതികൂലമായി ബാധിക്കും. ഏറ്റവും സുരക്ഷിതമായ മരുന്നുകളേതെന്ന് ഡോക്ടര്‍ പറഞ്ഞു തരും.

വിശ്രമവും വ്യായാമവും

ഗര്‍ഭിണികള്‍ കിടക്കയില്‍ തന്നെ കിടന്ന് പൂര്‍ണവിശ്രമം എടുക്കേണ്ട ആവശ്യമില്ല. പക്ഷേ അപകടമുണ്ടാവാന്‍ സാധ്യതയുള്ള ഗര്‍ഭമാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വിശ്രമിക്കേണ്ടിവരും. രാത്രിയില്‍ 8 മണിക്കൂറും പകല്‍ 2 മണിക്കൂറും ഉറക്കം ആവശ്യമാണ്. അധികം ആയാസമുണ്ടാക്കാത്ത വീടുപണികള്‍ ചെയ്യാം. ധ്യാനം, പ്രാണയാമം, ലഘു വ്യായാമങ്ങള്‍ എന്നിവ ഡോക്ടറുമായി ചര്‍ച്ച ചെയ്തതിനു ശേഷം ചെയ്യാവുന്നതാണ്. എല്ലാ ദിവസവും അല്‍പം നടക്കുന്നതു നല്ലതാണ്. കഠിന വ്യായാമങ്ങള്‍, ഭാരമുള്ള വസ്തുക്കള്‍ എടുത്തു നടക്കുക, കോണിപ്പടികള്‍ ഇടക്കിടെ കയറിയിറങ്ങുക എന്നിവ ചെയ്യാന്‍ പാടില്ല.

യാത്ര

ശരീരത്തിനു കുലുക്കമുണ്ടാക്കുന്ന യാത്രകളും ദീര്‍ഘയാത്രകളും ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ടതാണ്. ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങള്‍ എന്നിവയിലുള്ള യാത്ര ഒഴിവാക്കുക. ബസ്സില്‍ യാത്ര ചെയ്യേണ്ടത് അനിവാര്യമെങ്കില്‍ ഏറ്റവും മുന്‍ഭാഗത്തും പിന്‍ഭാഗത്തുമുള്ള സീറ്റുകളിലിരിക്കരുത്. യാത്ര ചെയ്യുമ്പോള്‍ ഗര്‍ഭിണിക്ക് തലചുറ്റല്‍, ഛര്‍ദി, വയറുവേദന, രക്തസ്രാവം, ഗര്‍ഭഛിദ്രം തുടങ്ങിയവ ഉണ്ടാവാന്‍ സാധ്യതയുണ്ട്. തീവണ്ടിയിലും വിമാനത്തിലും യാത്ര ചെയ്യുന്നതാണ് പൊതുവെ നല്ലത്. കാറില്‍ ദീര്‍ഘദൂരം സഞ്ചരിക്കേണ്ടിവന്നാല്‍ മെല്ലെ ഓടിക്കുകയും കുണ്ടുകുഴികളുള്ള വഴികള്‍ ഒഴിവാക്കുകയും വേണം. ഇടക്കിടെ യാത്ര നിര്‍ത്തി വിശ്രമിച്ചശേഷം വീണ്ടും യാത്ര തുടരാം. ഒമ്പതാം മാസത്തിനു ശേഷം ഏതു സമയത്തും പ്രസവവും രക്തസ്രാവവും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നതാണുത്തമം.

കുളിയും വൃത്തിയും

ഗര്‍ഭിണികള്‍ എല്ലാ ദിവസവും കുളിച്ച് ശരീരം വൃത്തിയാക്കിവെക്കുകയും വൃത്തിയുള്ള അടിവസ്ത്രങ്ങളും വസ്ത്രങ്ങളും ധരിക്കുകയും ചെയ്യേണ്ടതാണ്. കുഞ്ഞിന് മുലയൂട്ടുന്ന സ്തനങ്ങളും മുലക്കണ്ണുകളും എപ്പോഴും വൃത്തിയാക്കിവെക്കണം. പലവിധ രോഗാണുക്കള്‍ പകരാനിടയുള്ളതിനാല്‍ നഖങ്ങള്‍, ചര്‍മം, കണ്ണുകള്‍, പല്ലുകള്‍ ജനനേന്ദ്രിയം എന്നിവ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.

വസ്ത്രധാരണം

അയഞ്ഞതും പരുത്തി കൊണ്ടുണ്ടാക്കിയതുമായ വസ്ത്രങ്ങളാണു നല്ലത്. സ്തനങ്ങള്‍ക്ക് സപ്പോര്‍ട്ടു നല്‍കുന്നതും അധികം ഇറുക്കമില്ലാത്തതുമായ അടിവസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ അയച്ചിടുന്നതാണ് നല്ലത്. ഹൈഹീല്‍ഡ് ചെരിപ്പുകളിടരുത്. പരന്ന പ്രതലമുള്ള ചെരുപ്പുകളാണ് ഉപയോഗിക്കേണ്ടത്.

ലൈംഗികബന്ധം

ഗര്‍ഭധാരണം നടന്നാല്‍ ആദ്യത്തെയും അവസാനത്തെയും മൂന്നു മാസങ്ങളില്‍ ലൈംഗികബന്ധം ഒഴിവാക്കണം. ആദ്യ മാസങ്ങളില്‍ രക്തസ്രാവമോ ഗര്‍ഭഛിദ്രമോ ഉണ്ടാവാന്‍ സാധ്യതയുണ്ട്. പ്രസവമടുക്കുന്ന അവസാന മാസങ്ങളില്‍ മാസം തികയുന്നതിന് മുമ്പുള്ള പ്രസവം, രക്തസ്രാവം, ഗര്‍ഭസ്ഥശിശുവിന് അസ്വസ്ഥത, രോഗാണുബാധ എന്നിങ്ങനെ പല അപകട സാധ്യതകളും ഉള്ളതിനാല്‍ ലൈംഗികബന്ധം പാടില്ല.

മാനസികസമ്മര്‍ദം

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് വളരെയധികം വൈകാരിക പ്രശ്‌നങ്ങളും മാനസിക സമ്മര്‍ദവും ഉണ്ടായേക്കാം. പ്രസവത്തെക്കുറിച്ച് ആശങ്കയും പേടിയും ഉല്‍ക്കണ്ഠയും തോന്നുന്നത് സ്വാഭാവികമാണ്. ഗര്‍ഭം ഒരു രോഗമല്ലെന്നും സ്ത്രീ സഹജമായ ജീവിത പ്രക്രിയ മാത്രമാണെന്നും മനസ്സിലാക്കുക. ഗര്‍ഭധാരണവും പ്രസവവും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതുമെല്ലാം എത്രയോ കാലങ്ങളായി തുടര്‍ന്നുവരുന്ന പ്രകൃതിദത്തമായ ഒരു പ്രതിഭാസമാണെന്ന് ഗര്‍ഭിണി അറിയേണ്ടതാവശ്യമാണ്. അനാവശ്യമായ പരിഭ്രമവും ഭയവും മനസ്സില്‍നിന്ന് തുടച്ചുമാറ്റുക. ഗര്‍ഭിണി കഴിക്കുന്ന ആഹാരം പോലെത്തന്നെ ഗര്‍ഭിണിയുടെ മാനസികനിലയും ചിന്തകളും വേവലാതികളുമെല്ലാം ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുമെന്ന് മനസ്സിലാക്കണം. ഗര്‍ഭിണിയുടെ മനസ്സിലെപ്പോഴും നല്ല വിചാരങ്ങളാണുണ്ടാവേണ്ടത്. അസൂയ, കോപം, വെറുപ്പ്, ദേഷ്യം തുടങ്ങിയ വികാരങ്ങള്‍ ഒഴിവാക്കുക. മനസ്സിനെ പ്രതികൂലമായി സ്വാധീനിക്കുന്ന സിനിമകളും ടി.വി പരിപാടികളും കാണാതിരിക്കുക. നല്ല പുസ്തകങ്ങളും മതപരമായ ഗ്രന്ഥങ്ങളും വായിക്കാം. മനസ്സിനു ശാന്തി നല്‍കുന്ന സംഗീതം കേള്‍ക്കുക. സര്‍വോപരിയായി ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും സ്‌നേഹ പരിചരണങ്ങള്‍ ഗര്‍ഭിണിക്ക് വളരെ ആവശ്യമാണ്. ഭര്‍ത്താവിന്റെ സ്‌നേഹവും സാന്ത്വനവും പിന്തുണയുമുണ്ടെങ്കില്‍ ഗര്‍ഭിണിയുടെ മാനസികസമ്മര്‍ദം കുറയും.

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഗര്‍ഭാവസ്ഥയും പ്രസവവും സുഗമമായി കഴിഞ്ഞുപോവുകയും അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുകയും ചെയ്യുമെന്നതിനു സംശയമില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top