ആട്ടിയോടിക്കപ്പെടുന്നവരുടെ തേങ്ങലുകൾ

ഹനീന ഷെഫീഖ് നെല്ലിക്കോട്

ലോകത്തിന്റെ പല ദേശങ്ങളിലും പല ദശാസന്ധികളിലായി അഭയാര്‍ഥികളുടെ ചരിത്രം ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കാലാകാലങ്ങളിലായി യുദ്ധവേളകളിലും രാജ്യം വെട്ടിപ്പിടിക്കുന്ന ചക്രവര്‍ത്തിമാരുടെ ആക്രോശങ്ങള്‍ക്കിടയിലും  അഭയാര്‍ഥികള്‍ ദുരിതപര്‍വം പേറിയിട്ടുണ്‍്. ഉള്ളില്‍ ഭയത്തിന്റെ കനല്‍പ്പാടുകളുമായല്ലാതെ ഒന്നു തലചായ്ക്കാന്‍ കഴിയാത്തവരാണ് അഭയാര്‍ഥികള്‍. അഭയാര്‍ഥി എന്നത് കേവലം ഒരു വാക്കിനപ്പുറം ദുരിതപൂര്‍ണമായ ജീവിതത്തിന്റെ സാക്ഷ്യമാണ്; സ്വന്തം മണ്ണില്‍നിന്നും ആട്ടിയോടിക്കപ്പെട്ടവന്റെ നിസ്സഹായമായ തേങ്ങലുകളാണ്. സമകാലിക ചുറ്റുപാടില്‍ അഭയാര്‍ഥികളുടെ യാതനകളുടെയും വേദനകളുടെയും പരിച്ഛേദമാണ് റോഹിംഗ്യന്‍ മുസ്‌ലിംകള്‍. റോഹിംഗ്യന്‍ മുസ്‌ലിംകളുടെ കണ്ണീര്‍ കാഴ്ചകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ലോക മുസ്‌ലിംകള്‍ക്കാവില്ല. 

ആരാണ് റോഹിംഗ്യകള്‍?

ഇന്ത്യയുടെ അയല്‍ രാജ്യമായ മ്യാന്‍മറില്‍ (പഴയ ബര്‍മ) 15-ാം നൂറ്റാണ്ടു മുതല്‍ രാക്കെയ്ന്‍ സ്റ്റേറ്റിലെ (അരാക്കന്‍ എന്നും വിളിക്കപ്പെടുന്നു) ഇന്തോ-ആര്യന്‍ നിവാസികളായ മുസ്‌ലിംകളാണ് റോഹിംഗ്യകള്‍. 

ബ്രിട്ടീഷ് കോളനിവല്‍കരണ കാലത്തിന് മുമ്പ് തന്നെ അരാക്കന്‍ പ്രവിശ്യയിലെ തദ്ദേശവാസികളാണ് റോഹിംഗ്യന്‍ ജനതയെന്ന് ചരിത്രകാരന്മാര്‍ സമര്‍ഥിക്കുന്നുണ്ട്. 1799-ല്‍ അരാക്കന്‍ മുസ്‌ലിംകള്‍ സംസാരിച്ചിരുന്ന ഭാഷയെ കുറിച്ചുള്ള ഒരു ലേഖനത്തിലാണ് 'റോഹിംഗ്യ' എന്ന പദം ആദ്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍ മ്യാന്‍മര്‍ ഗവണ്‍മെന്റ് ഈ ചരിത്ര വസ്തുതകളെ പാടെ നിരാകരിക്കുന്നിടത്ത് നിന്നാണ് റോഹിംഗ്യന്‍ പ്രതിസന്ധിയുടെ തുടക്കം. മ്യാന്‍മര്‍ സര്‍ക്കാറിന്റെ ഔദ്യോഗിക നിലപാടനുസരിച്ച് 1948-ല്‍ ബര്‍മ സ്വാതന്ത്യം നേടിയതിനു ശേഷവും 1971-ലെ ബംഗ്ലാദേശ് ലിബറേഷന്‍ യുദ്ധത്തിനു ശേഷവും തീര്‍ത്തും നിയമവിരുദ്ധമായി അരാക്കന്‍ പ്രവിശ്യയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ് റോഹിംഗ്യകള്‍. ഭൂരിപക്ഷ ബുദ്ധ മതാധിപത്യ ഭരണത്തിന്‍കീഴില്‍ ന്യൂനപക്ഷ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ എന്നും വംശീയാതിക്രമണങ്ങളുടെ ഇരകളായിരുന്നു. രണ്ടാംലോക മഹായുദ്ധ കാലത്തും 1942-ലെ അരാക്കന്‍ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലും റോഹിംഗ്യന്‍ ജനത ഏറെ ധ്രുവീകരിക്കപ്പെട്ടുപോയി. തുടര്‍ന്നിങ്ങോട്ട് റോഹിംഗ്യകളുടെ ജീവിതം നില്‍ക്കക്കള്ളിയില്ലാത്ത നിലയില്ലാക്കയത്തിലാണ്. 

അന്താരാഷ്ട്ര മാധ്യമങ്ങള്‍ 'ബോട്ട് പീപ്പിള്‍' എന്നാണ് റോഹിംഗ്യകളെ വിശേഷിപ്പിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ ബുദ്ധഭീകരതയില്‍ നിന്നുള്ള അവരുടെ രക്ഷപ്പെടല്‍ (ചിലപ്പോള്‍ മരണവും) ബോട്ടുകളിലൂടെയാണ്. തീരം തേടിയുള്ള അവരുടെ യാത്രകള്‍ പലപ്പോഴും ഫലം കാണാതെ പോവുകയാണ്. കാരണം അതിര്‍ത്തി നേവി ഉദ്യോഗസ്ഥര്‍ അവരെ കടലിലേക്ക് തന്നെ തിരിച്ചയക്കുകയാണ്. ഈ ഒരു സാഹചര്യത്തിലാണ് ഇവിടെ മനുഷ്യക്കടത്ത് ലോബികളും കൊള്ളസംഘങ്ങളും സജീവമാകുന്നത്. UNHCR (യു. എന്‍ റെഫ്യൂജി ഏജന്‍സി) കണക്കുപ്രകാരം 2015- ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് 25,000 ആളുകളെയാണ് ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തിയിട്ടുള്ളത്. പ്രധാനമായും മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌ലന്റ് തുടങ്ങിയ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് കടല്‍ മാര്‍ഗമുള്ള ഇവരുടെ പലായനം.

മ്യാന്‍മറിന്റെ രാഷ്ട്രീയ പശ്ചാത്തലം 

1885 മുതല്‍ ബ്രട്ടീഷ് കോളനിയായിരുന്ന ബര്‍മ 1948-ജനുവരി 4-ന് സ്വതന്ത്രമായി. എങ്കിലും നിരന്തരമായ രാഷ്ട്രീയ വംശീയ ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും ഭൂമികയായി ബര്‍മ മാറി. തുടര്‍ന്ന് ആങ് സാന്‍ ന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി വ്യവസ്ഥയിലധിഷ്ഠിതമായ സ്വതന്ത്ര ജനാധിപത്യ ബര്‍മ നിലവില്‍ വന്നു. പിന്നീട് ആങ് സാന്‍ ന്റെ രാഷ്ട്രീയ കൊലപാതകത്തിന് ശേഷം പട്ടാള അട്ടിമറിയിലൂടെ ജനറല്‍ നെ വിന്‍ (Ne Win) പട്ടാള ഭരണകൂടം സ്ഥാപിച്ചു. പുതിയ പൗരത്വ നിയമം അവതരിപ്പിച്ചതിലൂടെ ന്യൂനപക്ഷ റോഹിംഗ്യകള്‍ക്ക് സര്‍ക്കാര്‍ രേഖകളില്‍ സ്ഥാനമില്ലാതായി. നീണ്ടകാലത്തെ പട്ടാള ഭരണകൂടത്തിന്റെ വീട്ടു തടങ്കലിലായിരുന്ന ആങ് സാന്‍ സൂചിയുടെ മോചന ശേഷം അവരുടെ നേതൃത്വത്തില്‍ ജനാധിപത്യ മ്യാന്‍മര്‍ രൂപം കൊണ്ടു. പക്ഷേ സമാധാന നൊബേല്‍ പുരസ്‌കാര ജേതാവുകൂടിയായ സൂചിക്ക് തന്റെ നാട്ടിലെ റോഹിംഗ്യന്‍ അരക്ഷിതാവസ്ഥയില്‍ പരിഭവങ്ങളേതുമില്ല. കാരണം അവര്‍ മ്യാന്‍മര്‍ മണ്ണിന്റെ മക്കളല്ലല്ലോ!

മണ്ണും സ്വത്വവും നഷ്ടപ്പെട്ടവര്‍. വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള വംശീയ ധ്വംസനങ്ങളില്‍ പലപ്പോഴും സ്ത്രീകളും കുട്ടികളുമാണ് കൂടുതല്‍ ദ്രോഹിക്കപ്പെടുന്നത്. പെണ്ണിന്റെ മാനമാണ് ചതയ്ച്ചരക്കപ്പെടുന്നത്. സ്വന്തം മണ്ണില്‍ അതിജീവനത്തിനുള്ള ഒരു തരിമ്പ്‌പോലും ബാക്കിയില്ലാതെ റോഹിംഗ്യകളുടെ പലായനം തുടരുകയാണ്. ലോകത്തെ ഒരൊറ്റ തറവാടായി കാണേണ്ട മതദര്‍ശനങ്ങള്‍ അരികുചേര്‍ക്കപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ പ്രയത്‌നിക്കേണ്ടത് അനിവാര്യമാണ്.      

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top