വാടക ഗർഭധാരണവും ധാർമികതയും

ഫെബിന്‍ ഫാത്തിമ

സ്വന്തമായി ഒരു കുഞ്ഞിനെ താലോലിക്കുക എന്നത് എല്ലാ ദമ്പതികളുടെയും സ്വപ്‌നമാണ്. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ പ്രതീക്ഷയോടെ അവര്‍ കാത്തിരിക്കുന്നത് ഒരു കുഞ്ഞിക്കാല്‍ കാണാന്‍ വേണ്ടിയായിരിക്കും. പക്ഷേ ആശകളുടെയും പ്രതീക്ഷകളുടെയും നാള്‍ ദൈര്‍ഘ്യം ഏറുംതോറും നിരാശയോടെ അവര്‍ പല വഴികളും തേടും. വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റങ്ങളില്‍ പ്രതീക്ഷയര്‍പിച്ച് വിവിധ വൈദ്യശാസ്ത്ര ശാഖകളെ തേടി ആ ദമ്പതികള്‍ പോവും. എല്ലാവരുടെയും പ്രതീക്ഷകള്‍ അവിടെയും പൂവണിയണമെന്നില്ല. അവര്‍ക്കു മുമ്പില്‍ വൈദ്യശാസ്ത്രം പറഞ്ഞുകൊടുത്ത മറ്റൊരു വഴിയാണ് വാടക മാതൃത്വമെന്നത്. ഒരുപാട് നൈതിക സാമൂഹിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയ പോംവഴി. തീരെ കുഞ്ഞുണ്ടാകാത്ത അമ്മമാര്‍ മാത്രമല്ല, കുഞ്ഞു വേണമെന്നുണ്ടെങ്കിലും പ്രസവിക്കാന്‍ മടിയുള്ളവരും അതിനുവേണ്ടി സമയം നീക്കിവെക്കാന്‍ സൗകര്യമില്ലെന്നു പറയുന്നവരും ദാമ്പത്യത്തിലൂടെ തന്നെ വേണമെന്നില്ല കുഞ്ഞ് എന്ന് വാശി പിടിക്കുന്നവരും തേടിപ്പോയ വഴിയാണ് വാടക മാതൃത്വമെന്നത്. സ്ത്രീ ചൂഷണത്തിന്റെ വഴിയിലൂടെയും ധാര്‍മികതയെ ചോദ്യംചെയ്തു കൊണ്ടും കൂടിയാണ് വാടക ഗര്‍ഭധാരണങ്ങളും  ഇതുമുഖേനയുള്ള പ്രസവങ്ങളും നടക്കുന്നത്.

ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കു വേണ്ടി കൃത്രിമമായ രീതിയിലൂടെ ഗര്‍ഭം ധരിക്കുന്നതിനെ സറോഗസി (വാടക മാതൃത്വം) എന്ന് പറയുന്നു. പ്രസവാനന്തരം കുഞ്ഞിനെ, ഏത് ദമ്പതികള്‍ക്ക് വേണ്ടിയാണോ ഗര്‍ഭം ധരിച്ചത്, അവര്‍ക്ക് കുഞ്ഞിനെ കൈമാറുന്നതോടെ അമ്മയെന്ന പദവികൂടി കൈമാറ്റം ചെയ്യപ്പെടുന്ന ഒരു പ്രക്രിയ. ഇതില്‍ ആരാണ് യഥാര്‍ഥ അമ്മ എന്നും അതല്ല പ്രസവത്തോടെ ഒരമ്മയും കുഞ്ഞും തമ്മിലെ ബാധ്യതകള്‍ തീരുമോ എന്നുമുള്ള വൈകാരിക പ്രശ്‌നം മാത്രമല്ല; ദാമ്പത്യത്തിലൂടെ ഒന്നാകാത്ത സ്ത്രീ പുരുഷന്മാരുടെ ബീജങ്ങള്‍ ഒരന്യ സ്ത്രീയില്‍ നിക്ഷേപിക്കുന്നതിന്റെ മൗലികവും ധാര്‍മികവുമായ പ്രശ്‌നങ്ങള്‍ കൂടി ഇതില്‍ കടന്നുവരുന്നു. ഒരുപാട് സ്ത്രീ ചൂഷണത്തിന്റെ കഥകളും വാടക ഗര്‍ഭധാരണത്തിനു പറയാനുണ്ട്. വാണിജ്യരൂപേണ ഒരു സ്ത്രീയെ ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം.

റഷ്യ, ഉക്രൈന്‍ അതുപോലെ ചില അമേരിക്ക അടക്കമള്ള യൂറോപ്യന്‍  രാഷ്ട്രങ്ങളും വാണിജ്യമെന്ന രീതിയില്‍ വാടക ഗര്‍ഭധാരണം അംഗീകരിച്ചതും നിയമ സാധുവാക്കിയതുമാണ്. ഫ്രാന്‍സ്, ജര്‍മനി പോലുള്ള വന്‍കിട രാജ്യങ്ങള്‍ വാടക ഗര്‍ഭധാരണത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. യു.കെ നോണ്‍ കൊമേഴ്ഷ്യല്‍ സറോഗസിയെ നിയമസാധുവാക്കിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ വാടക അമ്മമാരെ തേടി വിദേശികള്‍ എത്തുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിലെ സ്ത്രീകളുടെ ദാരിദ്ര്യവും അറിവില്ലായ്മയുമാണ് കാരണം.

ഇന്ത്യയില്‍ വാടക ഗര്‍ഭധാരണ രീതി വന്‍തോതില്‍ കണ്ടുവരുന്നത് ഗുജറാത്തിലാണ്. വാണിജ്യ ഗര്‍ഭധാരണം പല തരത്തിലുള്ള ധാര്‍മിക ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. കുഞ്ഞിന്റെ യഥാര്‍ഥ അമ്മ ആരാണെന്നുള്ള പരമ പ്രധാനമായ ചോദ്യം ഇത്തരത്തിലുള്ള ഗര്‍ഭധാരണം ഉന്നയിക്കുന്നു. യു.കെ യില്‍ അത് ഗര്‍ഭം ചുമന്ന സ്ത്രീയാണെങ്കില്‍ ഇന്ത്യയില്‍ കുഞ്ഞിന്റെ മേലുള്ള പൂര്‍ണമായ അവകാശം, ആര്‍ക്കുവേണ്ടിയാണോ ചുമക്കപ്പെട്ടത് ആ സ്ത്രീക്കാകുന്നു. സറോഗസി അമ്മക്ക് കുഞ്ഞിന്റെ മേല്‍ ഒരു തരത്തിലുള്ള അവകാശവാദവും ഉന്നയിക്കാന്‍ സാധ്യമല്ല. മാത്രമല്ല, തന്റെ ശാരീരകമായ അവശതകളും അതിനെതുടര്‍ന്നുവരുന്ന അവശതകള്‍ക്കും സാമ്പത്തികമായ സുരക്ഷിതത്വവും കിട്ടുന്നില്ല. 

തുച്ഛമായ വരുമാനമാണ് ഒരു ശരാശരി ഇന്ത്യന്‍ സ്ത്രീക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ലഭിക്കുന്നത്. ഇടനിലക്കാരിലൂടെ കൈമാറി അവസാനം ഗര്‍ഭം ചുമന്ന സ്ത്രീയിലേക്കെത്തുമ്പോഴേക്കും തന്റെ പേറ്റുനോവിന്റെ വില കേവലം 30,000-35,000 രൂപയിലേക്ക് ചുരുങ്ങുന്നു. ഒരുപാട് പേര്‍ ഇവിടെ ഇടനിലക്കാരുടെ റോള്‍ വഹിക്കുകയും ഭീമമായ തുക കൈപ്പറ്റുകയും ചെയ്യുന്നുണ്ട്. 

സ്ത്രീകള്‍ വെറുമൊരു ഉപഭോഗ വസ്തുവായി മാറുന്നൊരു സാഹചര്യം വാടക ഗര്‍ഭധാരണത്തിലൂടെ ഉടലെടുക്കുന്നു. കടുത്ത ദാരിദ്ര്യവും കഷ്ടപ്പാടുകളും കാരണം രണ്ടറ്റം മുട്ടിക്കാനായി ഇന്ത്യയിലെ പ്രത്യേകിച്ചും നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍, ആരോഗ്യപരമായ ബുദ്ധിമുട്ടുകളും മറ്റും പരിഗണിക്കാതെ രണ്ടും മൂന്നും തവണ വാടക ഗര്‍ഭധാരണം നടത്താന്‍ നിര്‍ബന്ധിതരാവുന്നു. നിരക്ഷരതയും അറിവില്ലായ്മയും കാരണം ഇടനിലക്കാരുടെ തട്ടിപ്പുകളും ചൂഷണവും അറിയാതെ പോവുകയും ചെയ്യുന്നു.

ധാര്‍മികവും ആരോഗ്യപരവുമായ വിഷയങ്ങള്‍ക്കപ്പുറം നിയമപരമായ വെല്ലുവിളികളും വ്യവസായിക സറോഗസി ഉയര്‍ത്തുന്നു. തീര്‍ത്തും വിദേശ ദമ്പതിമാര്‍ക്കു വേണ്ടി പെറ്റിട്ട കുട്ടികളുടെ പൗരത്വ നിര്‍ണയം ബുദ്ധിമുട്ടാകുന്നു. കുഞ്ഞിന്റെ മേലുള്ള അവകാശത്തെ ചൊല്ലി ഇന്ത്യയില്‍ പലയിടങ്ങളിലും തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. വിദേശികള്‍ക്കോ സ്വദേശികള്‍ക്കോ വേണ്ടി നടത്തിയ വാടക പ്രസവ ശേഷം കുട്ടികളെ ഏറ്റെടുക്കാത്തതിന്റെ പ്രയാസങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതുപോലെ പ്രസവിച്ച ശേഷം വാടക ഗര്‍ഭധാരണത്തിന് തയ്യാറായ സ്ത്രീകള്‍ അവകാശവാദം ഉന്നയിച്ച സംഭവങ്ങളും വാര്‍ത്തയായിട്ടുണ്ട്.

ഒരു ജപ്പാന്‍ ദമ്പതികള്‍ വാടക ഗര്‍ഭധാരണത്തിനായി ഒരിന്ത്യന്‍ സ്ത്രീയെ സ്വീകരിക്കുകയും പ്രസവകാലാവധി കഴിയുന്നതിനു മുന്നെ ഈ ജപ്പാന്‍ ദമ്പതികള്‍ ബന്ധം പിരിയുകയും ചെയ്തപ്പോള്‍, കുഞ്ഞിനെ ആര് ഏറ്റെടുക്കുമെന്നുള്ള ആശങ്കകള്‍, ഒരമേരിക്കന്‍ ദമ്പതികള്‍ക്ക് വേണ്ടി ഇന്ത്യന്‍ സ്ത്രീ ഗര്‍ഭം ചുമന്നപ്പോള്‍ ഉണ്ടായ ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒന്നിനെ മാത്രം മതി എന്നുള്ള വാദങ്ങള്‍, ഇങ്ങനെ പല തരത്തിലുള്ള സംഗതികള്‍ ഇന്ത്യയില്‍ ഉടലെടുത്തിട്ടുണ്ട്.ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ മാനത്തിനും വ്യക്തിത്വത്തിനും വിലയിടുന്ന ഒരു പ്രവണതയായി ഇന്ത്യയില്‍ ഇത് മാറി. വ്യാവസായിക സറോഗസി നിയസാധുതയില്ലാത്ത മെഡിക്കല്‍ ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്നു.

വ്യക്തിസ്വാതന്ത്ര്യത്തിനു അങ്ങേയറ്റം ആദരവും സ്വാതന്ത്ര്യവും നല്‍കുന്ന ഫ്രാന്‍സ്, ജര്‍മനി പോലുള്ള രാഷ്ട്രങ്ങള്‍ വരെ വ്യവസായിക സറോഗസിയെ ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നതും വസ്തുതയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് സര്‍ഗോസി നിയമത്തില്‍ പുനര്‍വിചിന്തനം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ധാര്‍മികവും ആരോഗ്യപരവും നിയമപരവുമായ വിഷയങ്ങളെ മുന്‍നിര്‍ത്തി ആരോഗ്യമന്ത്രി ജെ.പി നഡ്ഡ 2016-ല്‍ പാര്‍ലമെന്റില്‍ സറോഗസി റെഗുലേഷന്‍ ബില്‍ അവതരിപ്പിക്കുകയുണ്ടായി. പാസ്സായിക്കഴിഞ്ഞാല്‍ ജമ്മുകാശ്മീര്‍ ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലും വ്യാവസായിക സറോഗസി അനുവദനീയമല്ലാതാവും. ഇതോടെ ധാര്‍മികതയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ബാക്കിയാവുമ്പോഴും ഇതോടെ സ്ത്രീത്വത്തെ അപഹസിക്കുന്ന തരത്തിലേക്ക് മാറിയ ഒരുകാര്യത്തെ അനിവാര്യഘട്ടത്തിലേക്ക് വേണ്ടി മാത്രം ഉപയോഗിക്കും എന്നു വെറുതെയെങ്കിലും പ്രതീക്ഷിക്കാം.

ഈ നിയമവ്യവസ്ഥ മൂലം എല്ലാതരത്തിലുള്ള വ്യാവസായിക സറോഗസിയും നിരോധിക്കപ്പെടും. പരോപകപരമായോ, അഥവാ നിസ്വാര്‍ഥപരമായോ മാത്രമേ മേലില്‍ അനുവദിക്കുകയുള്ളൂ. ഇതില്‍ തന്നെ, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ പണമിടപാടുകള്‍ നടത്താന്‍ പാടില്ല. വിദേശികള്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും മറ്റും സറോഗസി ഇന്ത്യയില്‍ നിന്ന് ചെയ്യാന്‍ സാധിക്കുകയില്ല. 

മാത്രവുമല്ല, പുതിയ നിയപ്രകാരം വിവാഹിതരല്ലാത്ത ഇണകള്‍, ഏക മാതാവ്, ഏക പിതാവ്, Living Together Parents, ഹോമോസെക്ഷ്വല്‍ കപ്ള്‍സ് തുടങ്ങി ആര്‍ക്കും തന്നെ വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സമ്പാദിക്കല്‍ അനുവദനീയമല്ലാതാവും.

നിയമപരമായി വിവാഹിതരായതും, അതില്‍ ഭാര്യക്കോ ഭര്‍ത്താവിനോ ലൈംഗികശേഷി ഇല്ലായെന്നും തെളിഞ്ഞാല്‍ മാത്രമേ, വാടക ഗര്‍ഭധാരണം നടത്താന്‍ മേലില്‍ സാധിക്കുകയുള്ളൂ.

വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ നല്‍കാന്‍ തയ്യാറാവുന്ന സ്ത്രീക്കുമേലും, നിയമപരമായ വ്യവസ്ഥകള്‍ ഉണ്ട്. അത്തരത്തിലുള്ള സ്ത്രീകള്‍ വിവാഹിതരും മൂന്നുവയസ്സിനു മേലെ പ്രായമുള്ളൊരു കുട്ടിയുള്ളവളായിരിക്കുകയും ഭര്‍ത്താവിന്റെ അനുവാദം (വാടകഗര്‍ഭധാരണം നടത്താനായി) നല്‍കപ്പെട്ടവളുമായിരിക്കണം. ഒറ്റത്തവണ മാത്രമേ ഒരിന്ത്യന്‍ സ്ത്രീക്ക് വാടക ഗര്‍ഭധാരണത്തിനായി  തന്റെ ശരീരത്തെ ഉപയോഗിക്കാന്‍ പാടുള്ളൂ. ഏറെക്കുറെ വാണിജ്യവതിക്കരണത്തിന്റതായി മാത്രം സ്ത്രീശരീരത്തെ കാണുന്ന, അല്ലെങ്കില്‍ ലാഘവബുദ്ധിയോടെ മറ്റൊാരു സ്ത്രീയുടെ ശരീരത്തെ കാണുന്ന വാടക മതൃത്വം ഇല്ലായ്മ ചെയ്യാന്‍ പുതിയ നിയമം ഉപകരിക്കും. എന്നാല്‍ സറഗോസി ബില്ല് പലതരത്തിലുള്ള ഉത്തരമില്ലാത്ത ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. ഗര്‍ഭധാരണം ചെയ്ത സ്ത്രീയുടെ പ്രസവാനന്തര ശുശ്രൂഷകളെപ്പറ്റി ബില്‍ ഒന്നും പറയുന്നില്ല. പ്രസവം എന്നത് ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് ഒരുതരത്തില്‍ ശാരീരികമായ വിശ്രമം നല്‍കപ്പെടുന്ന അവസ്ഥയാണ.് ദാരിദ്യവും പിന്നോക്കാവസ്ഥയും സാമൂഹിക പരിതസ്ഥിതിയും ഈയൊരവസ്ഥയില്‍ നിന്ന് വലിയൊരു വിഭാഗം സ്ത്രീകളെ തടയുന്നുണ്ടെങ്കില്‍ കൂടി. ആ പരിരക്ഷയും ഈ നിയമഭേദഗതിയിലൂടെ സാധ്യമായിട്ടില്ല. 

സ്വശരീരത്തിലെ പുനരുല്‍പാദനാവയവങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് പറയാന്‍ ഒരു നിയമത്തിന് എത്രത്തോളം അവകാശമുണ്ടെന്നും കുഞ്ഞിന്റെ യഥാര്‍ഥ അമ്മയാരെന്നുമുള്ള നിയമപരവും ധാര്‍മികപരവുമായ ചോദ്യങ്ങളും അപ്പോഴും അവശേഷിക്കുന്നു.

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top