സാമൂഹ്യ ഇടപാടിലെ സ്ത്രീ

ഉമ്മുഅമ്മാര്‍ മനാമ

പരിഷ്‌കൃത സമൂഹങ്ങളുടെയും നാഗരികതകളുടെയും നിര്‍മിതിയില്‍ എക്കാലത്തും പുരുഷന്മാരെപ്പോലെ സ്ത്രീകളും അനല്‍പമായ പങ്ക് വഹിച്ചിട്ടുണ്ട്. സ്ത്രീകളുടെ പുരോഗതിയെയും സാമൂഹിക/അധികാര പങ്കാളിത്തത്തെയും അവഗണിച്ചുകൊണ്ട് ആധുനികതയോ നവോത്ഥാനമോ അര്‍ഥപൂര്‍ണമാവുകയില്ല. സ്ത്രീക്കാണോ പുരുഷനാണോ സമൂഹത്തിന്റെ ഭാഗധേയം കൂടുതല്‍ നിര്‍ണയിക്കാന്‍ കഴിയുക എന്ന ചോദ്യം തലച്ചോറാണോ ഹ്യദയമാണോ പ്രധാനമെന്ന ചോദ്യം പോലെ നിരര്‍ഥകമാണ്. അടുക്കളകളിലും അന്ത:പുരങ്ങളിലും ഒതുങ്ങിക്കൂടുന്ന പ്രക്യതത്തെയല്ല  പുരുഷനോടോപ്പം എല്ലാ രംഗത്തും നിറഞ്ഞു നില്‍ക്കുന്ന പങ്കാളിത്തത്തെയാണ് സ്ത്രീയില്‍ തെരയേണ്ടത്. പൗരോഹിത്യവും പുരുഷ മേധാവിത്വവും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവസരസമത്വവും ലിംഗനീതിയും  മനുഷ്യപുരോഗതിയുടെയും വികാസത്തിന്റെയും നിര്‍ണായക ഭാഗമാണ്.   സാമൂഹിക ഇടപെടലുകള്‍ സ്ത്രീ സാന്നിധ്യമില്ലാതെയോ പുരുഷ സാന്നിധ്യമില്ലാതെയോ പൂര്‍ത്തിയാവില്ല. 

ആധുനിക ലോകത്തെ സ്ത്രീസമൂഹം ശാക്തീകരണത്തിന്റെ വൈവിധ്യമാര്‍ന്ന  മേഖലകളില്‍ വലിയ പുരോഗതിയാണ് നേടിയിട്ടുള്ളത്. എങ്കിലും ഇപ്പോഴും ശക്തമായ പുരുഷമേധാവിത്വത്തിന്റെയും മതപൗരോഹിത്യത്തിന്റെയും പരികല്‍പനകളില്‍ വലിയ തോതിലുള്ള സ്ത്രീവിരുദ്ധത ദ്യശ്യമാകുന്നുണ്ട്. അത് തന്നെയാണ് പലപ്പോഴും പൊതുരംഗത്തേക്ക് പ്രവേശിക്കുന്ന സ്ത്രീകള്‍ക്ക് വികലമായ പൊതുബോധത്തില്‍നിന്ന് നേരിടേണ്ടി വരുന്ന എതിര്‍പ്പുകളുടെ ആശയപരിസരമൊരുക്കുന്നത്. ഇവിടെ മതമല്ല മതപൗരോഹിത്യമാണ് സ്ത്രീവിരുദ്ധതയുടെ ആശയങ്ങള്‍ പ്രസരിപ്പിക്കുന്നത് എന്ന് വ്യവഛേദിച്ച് മനസ്സിലാക്കേണ്ടതുണ്ട്. സ്ത്രീയുടെ കഴിവുകള്‍ സമൂഹത്തിനും കുടുംബത്തിനുമിടയില്‍ വിഭജിക്കുമ്പോള്‍ സന്തുലിതമായ സമീപനമാണ് സ്വീകരിക്കേണ്ടത് എന്ന പക്വമായ നിലപാടാണ് മതം സ്വീകരിക്കുന്നത്.  സ്ത്രീ കുഞ്ഞുങ്ങളെ പ്രസവിക്കാനും അടുക്കളയില്‍ വെച്ചു വിളമ്പാനുമുള്ള ഉപകരണങ്ങള്‍ മാത്രമാണെന്ന കാഴ്ചപ്പാടിനെ ഇസ്‌ലാം പ്രാമാണികമായി സാധൂകരിക്കുന്നില്ല. അജ്ഞാനത്തിന്റെ മറക്കുടകളില്‍ നിന്നും അടുക്കളയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നും മാറി ക്രിയാത്മകതയുടെ സാധ്യതകളിലേക്കെല്ലാം തലമുറകളെ കൈ പിടിച്ചുയര്‍ത്താന്‍ ശേഷിയുള്ള കരുത്തുറ്റ സ്ത്രീത്വത്തെ ഇസ്‌ലാം വിഭാവനം ചെയ്യുന്നുണ്ട്. പ്രവാചകന്റെയോ സച്ചരിതരായ ഖലീഫമാരുടെയോ കാലത്ത് പൊതുജീവിതത്തില്‍നിന്ന് സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്നില്ല. 

സാമൂഹിക രംഗത്ത് സ്ത്രീ സാന്നിധ്യം ഏറെയാണ് 

പ്രവാചക പത്‌നി ആയിശ(റ)യുടെ ഉദാഹരണം മാത്രം മതി മതപൗരോഹിത്യത്തിനും ഇസ്‌ലാമിനെ തെറ്റായി വായിക്കുന്ന ആളുകള്‍ക്കും ഇക്കാര്യം മനസ്സിലാക്കാന്‍. അധ്യയനത്തിലും അധ്യാപനത്തിലും പാണ്ഠിത്യത്തിലും അറിവിന്റെ പ്രസരണത്തിലും പൊതുജീവിതത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയമുഖമായ സമരരംഗങ്ങളില്‍ പോലും സജീവമായിരുന്നു പ്രവാചക പത്‌നി. ആധുനിക പൗരോഹിത്യത്തിന്റെ തിട്ടൂരങ്ങളാണ് മതമെങ്കില്‍ പ്രവാചക പത്‌നിക്ക് ഒരിക്കലും നേത്യപരമായ ശേഷികളുപയോഗിച്ച് ജമല്‍ യുദ്ധം പോലെ ഒരു പൊളിറ്റിക്കല്‍ ആക്ടിവിസത്തിന്റെ തലപ്പത്ത് അവരോധിതയാവാന്‍ കഴിയുമായിരുന്നില്ല. രണ്ടായിരത്തിലധികം പ്രവാചകവചനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല പാണ്ഠിത്യത്തിന്റെയും അറിവിന്റെയും കാര്യത്തില്‍ ആ കാലത്തെ പുരുഷന്മാരെ അതിജയിക്കുന്ന പ്രഭാവമായിരുന്നു ആയിശ(റ)യുടെ വൈജ്ഞാനിക മികവിനുണ്ടായിരുന്നത്. കുടുംബം, മക്കള്‍, ലൈംഗികത, ജീവിതം തുടങ്ങി ഏത് ഘടകങ്ങളെടുത്താലും ജൈവിക പ്രക്യതിയെയും സാമൂഹിക സാഹചര്യങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള ബാധ്യതകളുടെയും കടമകളുടെയും വിഭജനമാണ് വേദസൂക്തങ്ങളില്‍ കാണാന്‍ കഴിയുക. എന്നാല്‍ അതിനെ സ്ത്രീവിരുദ്ധതയായി ചിത്രീകരിച്ച് നിരൂപണം ചെയ്യാന്‍ ഇസ്‌ലാം വിമര്‍ശകരും പുരുഷാധിപത്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വളച്ചൊടിക്കുവാന്‍ മത പൗരോഹിത്യവും കിണഞ്ഞുശ്രമിക്കുന്നു.

ആധുനിക ലോകത്തെ ഉദാഹരണമാണ് അറബ് വിപ്ലവങ്ങളിലെ സജീവമായ മുസ്‌ലിം സ്ത്രീകളുടെ പങ്കാളിത്തവും നോബല്‍ സമ്മാന ജേതാവായ തവക്കുല്‍ കര്‍മാനെപ്പോലുള്ള നേതാക്കളും. സ്ത്രീകളുടെ പങ്കാളിത്തമില്ലായിരുന്നുവെങ്കില്‍ അറബ് വിപ്ലവങ്ങള്‍ ലക്ഷ്യത്തിലെത്തു മായിരുന്നില്ല. തുനീഷ്യയിലും യമനിലും ഈജിപ്തിലും നിരവധി അറബ് വനിതകള്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  2011- ഒക്‌ടോബറില്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടതോടെയാണ് തവക്കുല്‍ കര്‍മാന്‍ എന്ന അറബ് വനിത ആഗോള സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. 

ചരിത്രത്തിലെയും വര്‍ത്തമാനത്തി ലെയും ഉദാഹരണങ്ങളെ അവഗണിച്ച് മതത്തെ സ്ത്രീവിരുദ്ധമായി മുദ്രകുത്തുകയും മുസ്‌ലിം സ്ത്രീയെ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്യുവാന്‍ പൗരോഹിത്യവും മതവിമര്‍ശകരും ഒരേ ആവേശത്തില്‍ ശ്രമിക്കുന്നത് ചരിത്രനിഷേധവും മതവിരുദ്ധവുമാണ്. മതത്തെ സ്ത്രീവിരുദ്ധമാക്കുവാന്‍ പലപ്പോഴും ഇസ്‌ലാമിലെ വസ്ത്രസങ്കല്‍പങ്ങളെ കൂട്ടുപിടിക്കുന്നത് കാണാം. എന്നാല്‍ മതം മുന്നോട്ടുവെക്കുന്ന വസ്ത്രസങ്കല്‍പങ്ങളെ പുരുഷാധിപത്യത്തിന്റെ സൂചകമായി സ്വീകരിക്കുന്ന പൊതുബോധത്തില്‍ ഗുരുതരമായ പിശകുകളുണ്ട്. ഒരു ദര്‍ശനത്തെ ശരിയായി വായിക്കുന്നതില്‍ സംഭവിക്കുന്ന പരാജയമാണിത്. എല്ലാവര്‍ക്കും ആസ്വദിക്കാനുള്ള ഒരു വസ്തുവല്ല ഞാന്‍ എന്ന് സ്ത്രീയെ ഉല്പന്നമായി നോക്കിക്കാണുന്ന പുരുഷന്റെ കാഴ്ചകളോട് ധീരമായി പറയുന്ന വേഷവിധാനമാണ് ഹിജാബ്. വസ്ത്രങ്ങളില്‍ നിന്നുള്ള വിമോചനമോ പുരുഷനോടുള്ള അര്‍ഥശൂന്യമായ ഫെമിനിസ്റ്റ് സമരങ്ങളോ അല്ല  വനിതാ സ്വാതന്ത്ര്യം. മാതൃത്വത്തിന്റെ തനത് ഭാവങ്ങള്‍ നുകരാന്‍ കഴിയാതെ ഡേ കെയര്‍ സെന്ററുകളിലും ഹോസ്റ്റലുകളിലും ബാല്യത്തിന്റെ എല്ലാ നിറപ്പകിട്ടും നഷ്ടപ്പെടുന്ന കുട്ടികളും വീടെന്ന സ്‌നേഹാലയത്തെ കേവലം സത്രമായി മാറ്റുന്ന തിരക്കുകളും സ്ത്രീശാക്തീകരണത്തിന്റെ ഉപോല്‍പന്നങ്ങളായിത്തീരരുത്. സന്തുലിതമായ സമീപനമാണ് ഇക്കാര്യത്തില്‍ ഇസ് ലാമിന്റെത്. കുടുംബത്തെ പവിത്രമായിക്കാണുകയും കുടുംബസങ്കല്‍പങ്ങളുടെ ആണിക്കല്ലായി സ്ത്രീയെ പ്രതിഷ്ഠിക്കുകയും അവളുടെ കരങ്ങളില്‍നിന്ന് തലമുറകള്‍ വെളിച്ചം സ്വീകരിക്കുകയും ചെയ്യുന്ന ഉദാത്തമായ കാഴ്ചപ്പാടാണത്.

സ്ത്രീ ശാക്തീകരണവും പൊതുരംഗത്തെ സ്ത്രീ പങ്കാളിത്തവും ആധുനിക പരിസരത്ത് നിന്ന് വീക്ഷിക്കുമ്പോള്‍ നാം സ്ത്രീകള്‍ ഇനിയും ഒരു പാട് മാറേണ്ടതുണ്ട് എന്ന് മനസ്സിലാക്കാം. സമൂഹത്തിന്റെ ബോധതലം മാറുകയും അവസരസമത്വം ഉണ്ടാവുകയും ഈ രംഗത്തെ ചുവടുവെപ്പുകള്‍ ശക്തിപ്പെടുത്തുകയും വേണം. ഇറാനിലെ മത പൗരോഹിത്യത്തെ വെല്ലുവിളിച്ചു കൊണ്ട് ഉയര്‍ന്നുവരുന്ന വനിതാ സംവിധായികകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ നമ്മുടെ കേരളത്തില്‍ പോലും വനിതകള്‍ എത്ര ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് എന്ന ആലോചന പ്രസക്തമാണ്.  സ്റ്റീരിയോ ടൈപ്പ് വിമര്‍ശനങ്ങള്‍ നേരിടുന്ന അറബ് ലോകത്ത് പോലും വനിതാ മന്ത്രിമാരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ നമ്മുടെ രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും പൊതുരംഗത്തെ സ്ത്രീ പങ്കാളിത്തത്തെ അപഹസിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സ്ത്രീ സംവരണവും സ്ത്രീ വിദ്യാഭ്യാസരംഗത്തെ കുതിപ്പും ജയലളിതയെപ്പോലുള്ള വ്യക്തിത്വങ്ങള്‍ നല്‍കിയ അധികാരപങ്കാളിത്തത്തിന്റെ ദിശാസൂചകങ്ങളും ആശാവഹമാണെങ്കിലും ദിനേന ഉയര്‍ന്നുകേള്‍ക്കുന്ന പീഢന വാര്‍ത്തകള്‍ നമ്മുടെ സമൂഹം എത്ര സ്ത്രീവിരുദ്ധമാണ് എന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നു

പുരുഷ കേന്ദ്രീകൃത സമൂഹ്യവ്യവസ്ഥയില്‍ കമ്പോള സംസ്‌ക്കാരത്തിന്റെയും  മൂലധന താല്‍പര്യങ്ങളുടേയും ഇരകളായി നാം മാറേണ്ടതുണ്ടോ പ്രകൃതിയും ദൈവവും  അനുശാസിക്കുന്ന ജീവിത രീതികളും നിലപാടുകളും ഇടപെടലുകളും സ്ത്രീകള്‍ തന്നെ അവര്‍ക്കു വേണ്ടി വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top