അറബി മലയാളപ്പെരുമ

ഗിഫു മേലാറ്റൂര്‍

അറബ്‌ലീഗില്‍ അംഗങ്ങളായ ഇരുപത്തിരണ്ട് രാഷ്ട്രങ്ങളിലെ പന്ത്രണ്ട് കോടി ജനങ്ങളുടെ മാതൃഭാഷ, മുപ്പത് കോടിയോളം ജനങ്ങള്‍ വായിച്ചു ഗ്രഹിക്കുന്ന ഭാഷ, ഐക്യരാഷ്ട്രസഭയിലെ ആറ് ഔദ്യോഗികഭാഷകളില്‍ ഒന്ന്, എണ്‍പത് കോടി ജനങ്ങള്‍ ഗ്രഹിച്ചോ, ഗ്രഹിക്കാതെയോ പാരായണം ചെയ്യുന്ന ഭാഷ, 120 കോടി ജനങ്ങള്‍ ആദരിക്കുന്ന ഭാഷ എന്നീ നിലകളില്‍ ലോകമാകെ ഇന്നും പ്രചാരം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഷ. അതാണ് അറബിഭാഷ. അറബിക്ക് ലോകഭാ ഷകളില്‍ പ്രമുഖ സ്ഥാനമാണുള്ളത്. ആ ഭാഷയുടെ ചരിത്രമറിയാനും പ്രാധാന്യം മനസ്സിലാക്കാനുമാണ് ഐക്യരാഷ്ട്രസഭ ഡിസംബര്‍ 18 ലോക അറബിദിനമായി ആചരിക്കുന്നത്. ഒറ്റനോട്ടത്തില്‍ അറബിയെന്നും എന്നാല്‍ അറബി അല്ലാത്തതുമായ അറബിമലയാളം എന്ന കൗതുകഭാഷയെക്കുറിച്ചു കേട്ടോളു.

ലിപി ഉണ്ടാകുന്നത്

ഒറ്റനോട്ടത്തില്‍ അറബിയാണെന്നു തോന്നും. വായിച്ചെടുക്കുമ്പോഴോ, തനി മലയാളവും. ഇങ്ങനെയൊരു ഭാഷയെക്കുറിച്ചു കേട്ടിട്ടുണ്ടോ? അതാണ് അറബി മലയാളം എന്ന സവിശേഷമായ എഴുത്തുരീതി. കേരളത്തിലെ മുസ്‌ലിംകള്‍ സവിശേഷമായൊരു ലിപിവിന്യാസത്തിലൂടെ വളര്‍ത്തിയെടുത്ത ശൈലിയാണിത്. 'ബദ റുല്‍മുനീര്‍ ഹുസ്‌നുല്‍ജമാല്‍' എന്ന പ്രണയകാവ്യത്തെക്കുറിച്ചു കേട്ടിട്ടില്ലേ? അത് രചിക്കപ്പെട്ടത് ഈ ഭാഷയിലൂടെയായിരുന്നു.  

കേരളത്തില്‍ ഇസ്‌ലാം പ്രചരിച്ചുതുടങ്ങിയപ്പോള്‍ അനിസ്‌ലാമികമായ ആശയങ്ങളും പഠനങ്ങളും അറിയാനും അറിയിക്കാനും മാതൃഭാഷയില്‍തന്നെ അക്ഷരങ്ങള്‍ സ്വായത്തമാക്കാന്‍ ഒരു ലിപിവ്യവസ്ഥ വേണ്ടിവന്നു. അറബി ഭാഷയിലുള്ള പല അക്ഷരങ്ങള്‍ക്കും സമാനമായ അക്ഷരങ്ങള്‍ മലയാളത്തിലില്ലായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് അറബി ഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഴുതുന്ന രീതിയില്‍ ചില പ്രത്യേക ചിഹ്നങ്ങള്‍ നല്‍കി അറബി അക്ഷരങ്ങളെ പുതുക്കി വികസിപ്പിച്ചെടുത്ത 'അറബി മലയാളം.' ലിപി പ്രചാരത്തില്‍ വന്നത് അറബിയിലുള്ള ഖുര്‍-ആന്‍ സൂക്തങ്ങള്‍, നബി വചനങ്ങള്‍, കര്‍മവിഷയങ്ങളുമായി ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങളെല്ലാം അറബി മൂലഭാഷയില്‍ നിന്ന് ഈ രീതിയിലാക്കിയത് ഫലപ്രദമായിരുന്നു. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കൃതികളും കത്തുകളുമെല്ലാം ഈ രീതിയില്‍ രചിക്കപ്പെട്ടവയായിരുന്നു.

മാതൃഭാഷയും അറബിലിപിയും

അച്ചുകൂടങ്ങള്‍ പ്രാബല്യത്തിലില്ലാത്ത കാലമായതിനാല്‍ എഴുത്തും താളിയോലയുമായിരുന്നിരിക്കണം ഗ്രന്ഥരൂപീകരണത്തിന്റെ പ്രാഥമികമാധ്യമങ്ങള്‍. വൈകാതെ ലിത്തോപ്രസ്സുകള്‍ വന്നതോടെ അറബി മലയാളം നാടുകള്‍ താണ്ടിക്കൊണ്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലയാളമെന്നതുപോലെ കേരള മുസ്‌ലിംകള്‍ അറബി മലയാളത്തിലും ആശയങ്ങള്‍ കൈമാറിയിരുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍, പ്രത്യേകിച്ചും ഭൗതികവിദ്യാഭ്യാസം അത്രതന്നെ പ്രാധാന്യം നല്‍കാതിരുന്ന അന്നത്തെ മുസ്‌ലിം വനിതകള്‍ പോലും അറബി മലയാളത്തില്‍ വലിയ ജ്ഞാനമാണ് നേടിയിരുന്നത്. ശുദ്ധമലയാളം ഉണ്ടായിരുന്നിട്ടുകൂടി ഈ സവിശേഷ ഭാഷാരീതിയുടെ പ്രചാരം ഇന്നും മദ്‌റസകളിലെ പാഠപുസ്തകങ്ങള്‍ വഴി പ്രചാരത്തിലുണ്ട്. സമസ്ത പ്രസിദ്ധീകരിക്കുന്ന 'അല്‍-മുഅല്ലിം' എന്ന മാസികപോലും അടുത്തകാലംവരെ അറബിമലയാളത്തിലാണ് ഇറങ്ങിയിരുന്നത്. (ഇപ്പോള്‍ മലയാളത്തില്‍)

ലിപി പരിഷ്‌ക്കരിച്ചപ്പോള്‍

അറബി മലയാള ശൈലിയുടെ ഉല്‍പ്പത്തിയെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭ്യമായിട്ടില്ല. എ.ഡി. 1606 (കൊല്ലവര്‍ഷം 782)ല്‍ പ്രസിദ്ധീകരിക്കപ്പെട്ട മുഹിയുദ്ദീന്‍മാലയില്‍ ഈ കാലഘട്ടം പ്രസ്താവിച്ചിട്ടുള്ളതിനാല്‍ ഇതായിരിക്കും അറബി മലയാളത്തില്‍ എഴുതപ്പെട്ട പ്രഥമകൃതി എന്നുവേണം കരുതാന്‍. എന്നാല്‍ ഇതിനു മുമ്പും കൃതികള്‍ രചിക്കപ്പെടുകയും അവ കണ്ടെടുക്കപ്പെടാതിരിക്കുകയോ, നശിക്കപ്പെടുകയോ ചെയ്തിരിക്കാം. മുപ്പത്തഞ്ച് ലിപികള്‍ ആദ്യകാലത്ത് അറബി മലയാളത്തിലുണ്ടായിരുന്നു. ഇതില്‍ത്തന്നെ മലയാളത്തിലെ ഗ,ഡ,ഴ,ഷ എന്നീ അക്ഷരങ്ങള്‍ ഇല്ലായിരുന്നു. വൈകാതെ വ്യാപനങ്ങളും ആളുകളും മറ്റും വര്‍ധിച്ചതോടെ ലിപി പരിഷ്‌ക്കരിക്കുന്നതിനെപ്പറ്റി ബന്ധപ്പെട്ട ഭാഷാപ്രേമികള്‍ ആലോചിച്ചു വേണ്ടത് ചെയ്തതില്‍ നിന്നായിരിക്കാം ഇപ്പോള്‍ അറബി മലയാളത്തില്‍ അമ്പത് അക്ഷരങ്ങള്‍ ഉണ്ടായത്. ലിപി പരിഷ്‌ക്കരിക്കുന്നവരില്‍ പ്രമുഖ വ്യക്തികള്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, ശുജായി മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, സനാഉല്ല മഖ്തിതങ്ങള്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, സെയ്താലിക്കുട്ടി തുടങ്ങിയവരാണ്. 

ഇശലുകളുടെ അറബിബന്ധം

അറബി മലയാളസാഹിത്യം ഏറെക്കുറെ പുഷ്‌കലം തന്നെയാണ്. ഗദ്യവിഭാഗത്തില്‍ മതപരവും ചരിത്രപരവും വൈദ്യശാസ്ത്രപരവുമായ കൃതികള്‍ ഉണ്ടായിട്ടുണ്ട്. കൂടാതെ നോവലും കഥയും കാലാകാലങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പ്രധാനമായും പദ്യവിഭാഗത്തിലാണ് അറബിമലയാളം മികച്ചുനില്‍ക്കുന്നതെന്ന് പറയാം. മാപ്പിളപ്പാട്ടുകള്‍ എന്ന വിഭാഗത്തിലാണ് പദ്യസാഹിത്യത്തിലെ കൂടുതല്‍ കൃതികളും ഉള്‍പ്പെടുന്നത്. 'ഇശലുകള്‍' എന്നാണ് ഈ ഗാനശാഖയെ പരിചയപ്പെടുത്തുന്നത്. ഇയല്‍ എന്ന തമിഴ് പദത്തില്‍ നിന്നായിരിക്കും ഇശല്‍ ഉണ്ടായത് എന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ഈ ഇശലുകള്‍ മലയാളത്തിലെ ദ്രാവിഡനിബദ്ധമായ ഗാനങ്ങളേക്കാള്‍ എത്രയോ സംഗീതമധുരമത്രേ. ദ്രാവിഡവൃത്തങ്ങളോട് സ്വരൂപസാദൃശ്യങ്ങളുണ്ടെങ്കിലും ഇശലുകള്‍ക്ക് ആത്മബന്ധമുള്ളത് അറബിഗാനങ്ങളോടാണ്. അറബി ഗാനങ്ങളിലെ വികാരതീവ്രതയും മാധുര്യവും അവയില്‍ ഓരോ പദത്തിലും  സ്പന്ദിക്കുന്നത് കാണാം. 

വൃത്തം, പ്രാസം....

അറബിഭാഷയില്‍ രചിക്കപ്പെട്ട ഒരു വൃത്തശാസ്ത്ര ഗ്രന്ഥത്തിലെ (രചയിതാവ് ഖലില്‍ അഹ്മദ്) മൗലികമായ പതിനഞ്ച് വൃത്തങ്ങളില്‍ ചിലത് അറബി മലയാള മാപ്പിളപ്പാട്ടുകളില്‍ കാണാം. മദീദ്, റജസ്, സബിദ എന്നീ അറബി വൃത്തങ്ങളോട് ഈ മാപ്പിളപ്പാട്ടുകളിലെ ഈണങ്ങള്‍ക്കുള്ള സാമ്യം പ്രകടമാണ് എന്ന് ഗവേഷകര്‍ പറയുന്നുണ്ട്. ചില പ്രാസ നിയമങ്ങളും മാപ്പിളപ്പാട്ടിനുണ്ട്. ഹക്കാന, കപ്പപ്പാട്ട്, പുമകളിനെ, കെസ്സ്, കൊമ്പ് എന്നീ പാട്ടുകളില്‍ വിശേഷിച്ചും. മിശ്രഭാഷാസാഹിത്യത്തിനും ഗാനങ്ങള്‍ക്കും വിപുലമായ ഒരു ജനതയുടെ ജീവിതരീതികളോടും ചരിത്രസംഭവങ്ങളോടും മറ്റും ഗാഢമായ ബന്ധമുണ്ടെങ്കില്‍ ഏതു ഭാഷക്കുമുള്ളതുപോലെ അറബി മലയാളത്തിനും നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുവികസിച്ചതിന്റെ ചരിത്രം ഉണ്ട് എന്ന് പറയാം. നേരത്തെ സൂചിപ്പിച്ച മുഹിയുദ്ദീന്‍ മാല(രചയിതാവ് ഖാസി മുഹമ്മദ്) ഷെയ്ക്ക് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ അപദാനങ്ങളാണ് പാടുന്നത്.ചരിത്രകാരന്മാര്‍ കരുതുന്നത്, മുഹിയുദ്ദീന്‍മാല പോലെ ഗൗരവമുള്ള ഒരു കൃതി രചിക്കപ്പെടുന്നതിനു മുമ്പുതന്നെ അത് ഉണ്ടായ ഭാഷയില്‍ ഒരു ഗാനകവിതാ പാരമ്പര്യം രൂപപ്പെട്ടിരിക്കാമെന്നാണ.് സക്കൂമിന്റെ പട, നൂല്‍മദ്ഹ്, ബല്‍ക്കീസ്‌കിസ്സ, പഴയകര്‍ബല എന്നീ രചനകള്‍ക്കും പഴക്കം ഏറെയുണ്ട് എന്ന് കരുതുന്നു.

ശാഖകള്‍ പലതാണ്

മാപ്പിളപ്പാട്ടില്‍ തന്നെ പടപ്പാട്ടുകള്‍, ഖിസ്സപ്പാട്ടുകള്‍, നേര്‍ച്ചപ്പാട്ടുകള്‍, കെസ്സുപാട്ടുകള്‍ എന്നിങ്ങനെ പല ശാഖകളുണ്ട്. മുസ്‌ലിംകള്‍ കാലാകാലങ്ങളില്‍ നടത്തിയിട്ടുള്ള പടയോട്ടങ്ങളും സമരങ്ങളും വിഷയമായതാണ് പടപ്പാട്ടുകള്‍. ഇതില്‍തന്നെ ഇസ്‌ലാമിക ചരിത്രവും ഐതിഹ്യകഥകളും വിഷയമാണ്. ഖിസപ്പാട്ടുകളില്‍ പ്രവാചകന്മാരും  സ്വഹാബിമാരും അവരുടെ ചരിത്രകഥകളും പ്രതിപാദിക്കുന്നു. പറഞ്ഞുകേട്ട കഥകളും ഇക്കൂട്ടത്തില്‍പ്പെടുന്നുണ്ട്. കീര്‍ത്തനങ്ങളും ഇസ്‌ലാമിക ശ്ലോകങ്ങളുമാണ് നേര്‍ച്ചപ്പാട്ടുകളില്‍ പാടുന്നത്. കെസ്സുകളില്‍ പ്രണയവും വിരഹവും വരുന്നു. കല്യാണപ്പാട്ടുകളില്‍ ഒപ്പനയും മറ്റും വിഷയമാകുന്നു. ഇതില്‍തന്നെ സ്ത്രീകള്‍ പാടുന്നതും പുരുഷന്മാര്‍ പാടുന്നവയുമുണ്ട്. കൈകൊട്ടിപ്പാടി വരന്റെയും വധുവിന്റെയും സൗന്ദര്യവും മേന്മകളും വര്‍ണിച്ച് പാടുന്ന കല്യാണപ്പാട്ടുകള്‍ കല്യാണവീടുകളിലെ അവിഭാജ്യഘടകം തന്നെയായിരുന്നു. വിവാഹവേളകളില്‍ ഓരോരുത്തരും പ്രത്യേകം പ്രത്യേകം പാടുന്നവയാണ് തിരിപ്പുകളും വര്‍ണങ്ങളും ചിന്തകളും. മാപ്പിളപ്പാട്ടുകളിലെ പദങ്ങള്‍ സംഗീതശാസ്ത്രമനുസരിച്ചുള്ള പല്ലവിയും അനുപല്ലവിയും ചരണവും ചേര്‍ന്നുള്ള സംഘഗാനങ്ങളാണ്. ഇതിന് സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ താളം പിടിച്ചും മറ്റും അവതരിപ്പിക്കാറാണ് പതിവ്. ഇവയില്‍ കൂടുതലും അച്ചടിക്കപ്പെടാത്തവ കൂടിയാണ്. കെസ്സുപാട്ടുകളുടെ കൂട്ടത്തില്‍ ആദ്യമായി അച്ചടിമഷി പുരണ്ടത് മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ പ്രസിദ്ധമായ 'ബദറുല്‍മുനീര്‍ ഹുസ്‌നുല്‍ ജമാല്‍' എന്ന അനശ്വര പ്രണയകാവ്യമാണ് എന്നുകാണാം.

കവികള്‍, കവയിത്രികള്‍, കാവ്യങ്ങള്‍

അറബി മലയാളത്തിലെ മാപ്പിളപ്പാട്ട് പ്രസ്ഥാനത്തിന് കൂടുതല്‍ പുരോഗതിയും ജനപ്രീതിയുമുണ്ടാകുന്നത് പതിമൂന്നാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലായിരുന്നു. ഈ രീതിയില്‍ ഏറെ മുന്നിട്ടുനിന്നിരുന്ന നേര്‍ച്ചപ്പാട്ടുകള്‍ ഈ കാലത്താണ് പ്രചാരം നേടിയത്. കൂടാതെ മക്കാഫത്ഹ്, ജിന്‍പട, സഫലമാല, യൂസുഫ്ഖിസ്സ, ഇബ്‌റാഹിം ഖിസ്സ, സഖൂംപട, ഉഹ്ദ്‌യുദ്ധം, ഹുനൈന്‍യുദ്ധം, ഹിജ്‌റ തുടങ്ങിയ അറബിമലയാള മാപ്പിളപ്പാട്ടുകളും രചിക്കപ്പെട്ടു. 

അറബി മലയാളത്തില്‍ ചില കവയിത്രികളും തങ്ങളുടെ സംഭാവന കാലാകാലങ്ങളില്‍ നല്‍കിയിട്ടുണ്ട്. പി.കെ. ഹലീമ രചിച്ച 'ചന്ദിരസുന്ദരമാല' തിരുവാലൂര്‍ ആയിഷക്കുട്ടി രചിച്ച ഫാത്തിമാ ബീവിയുടെ വഫാത്ത്മാല, കുണ്ടില്‍ കുഞ്ഞാമിന രചിച്ച ബദര്‍കിസ്സ തുടങ്ങിയവ ഉദാഹരണം. 

മഹാകവിയ മോയിന്‍ കുട്ടി വൈദ്യര്‍ക്കു പുറമേ അറബിമലയാള സാഹിത്യത്തെ പോഷിപ്പിക്കുന്നതില്‍ ശ്രദ്ധിച്ച വേറെയും കവികളും ഗ്രന്ഥങ്ങളുമുണ്ട്. മാളിയേക്കല്‍ കുഞ്ഞഹമ്മദ് രചിച്ച ഹുനൈന്‍ യുദ്ധ മഹാകാവ്യം, ശുജായി മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ രചിച്ച ഫലമാല, ചേറ്റുവായ് പരീക്കുട്ടിയുടെ ഫുതൂഹുശ്ശാം, മച്ചിങ്ങല്‍ മൊയ്തീന്‍ മുല്ല രചിച്ച മക്കാഫത്ഹ്, മാനാക്കാന്റകത്ത് കുഞ്ഞിക്കോയ (1875 വള്ളുവനാട്ടു താലൂക്കിലെ കൂട്ടായി ദേശത്ത് മാരക്കാരകത്ത് കുഞ്ഞിക്കോയ) തയ്യാറാക്കിയ വലിയ നസീഹത്ത്മാല എന്നിവ ഉദാഹരണം.

മോയിന്‍കുട്ടി വൈദ്യര്‍ പെരുമ

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അറബിമലയാള സാഹിത്യത്തിന്റെ വികാസത്തിനു നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. മലയാളത്തിന് നിരവധി നൂതന വൃത്തങ്ങളും താളങ്ങളും കാണിക്കവച്ച കവിയത്രേ വൈദ്യര്‍. മതപണ്ഡിതന്മാരില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന അറബി ഗ്രന്ഥങ്ങളിലെ ചരിത്രവസ്തുതകള്‍ സാമാന്യജനങ്ങള്‍ക്കു കൂടി അനുഭവവേദ്യമാകുംവിധമുള്ള മനോഹര ശൈലിയില്‍ ഗാനകാവ്യങ്ങളായി അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. ശബ്ദാലങ്കാര ബഹുലവും സംഗീതസാന്ദ്രവുമായ ഗാനകാവ്യങ്ങള്‍ക്ക് ആസ്വാദകര്‍ ഇന്നും ഏറിവരികയാണല്ലോ.

തന്റെ ഇരുപതാമത്തെ വയസ്സിലായിരുന്നു വൈദ്യര്‍ ചരിത്രപ്രസിദ്ധമായ ബദറുല്‍മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ രചിക്കുന്നത്. പേര്‍ഷ്യന്‍ ഭാഷയില്‍ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് വൈദ്യര്‍ കാവ്യരൂപം നല്‍കിയിട്ടുള്ളത്. നോവല്‍ രചിച്ചത് ഖാജാ മുഈനുദ്ദീന്‍ ആണ്. ഇത് കഥ കൊണ്ടോട്ടി തങ്ങന്മാരുടെ ബന്ധത്തില്‍പ്പെട്ട നാസിമുദ്ദീന്‍ സാഹിബ് വിവരിച്ചുകൊടുത്തതിനെ അവലംബിച്ചാണ് വൈദ്യര്‍ കാവ്യം സൃഷ്ടിച്ചിട്ടുള്ളത്. അറബിമലയാള സാഹിത്യത്തിന് പുതിയ ഓജസ്സും തേജസ്സും നല്‍കിയ വൈദ്യരുടെ മറ്റ് ചില പ്രസിദ്ധ കൃതികളാണ് സലീഖത്ത്ഖിസ്സ, ബദ്ര്‍ പടപ്പാട്ട്, ഉഹ്ദ്പടപ്പാട്ട്, മലപ്പുറം പാട്ട്, മതിനിധിമാല, ഹിജ്‌റത്തുന്നബി, ജിന്‍പട, കിളത്തിമാല, എലിപ്പട, ഹിജറപ്പാട്ട് (അപൂര്‍ണ്ണമായിരുന്നെങ്കിലും വൈദ്യരുടെ മരണാനന്തരം പിതാവായ ഉണ്ണി മുഹമ്മദ് വൈദ്യരും അമ്പായത്തുങ്ങല്‍ കുഞ്ഞാമുട്ടിയും കൂടി പൂര്‍ത്തിയാക്കി), ആശപ്പൊരുള്‍, അറിമ(കല്യാണപ്പാട്ടുകള്‍), ഷെയ്ഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി, മമ്പുറം സെയ്ദ് അലവിതങ്ങള്‍ എന്നിവരെക്കുറിച്ചുള്ള കീര്‍ത്തനങ്ങളും കൃതികളിലുണ്ട്. കൂടാതെ തന്റെ ചങ്ങാതിമാര്‍ക്ക് വൈദ്യര്‍ കത്തുകള്‍ എഴുതിയിരുന്നതുപോലും അറബിമലയാളത്തിലെ കത്തുപാട്ടുകളിലൂടെയായിരുന്നു. ത്വബീബ്പയ്യന്‍ (കുഞ്ഞുവൈദ്യന്‍, കൊച്ചുവൈദ്യന്‍) എന്ന തൂലികാ നാമത്തിലും വൈദ്യര്‍ കാവ്യരചന നടത്തിയിരുന്നു. 

1852-ല്‍ കൊണ്ടോട്ടിയില്‍ ഓട്ടുപാറ ആലുങ്ങല്‍കണ്ടി. തറവാട്ടില്‍ ജനിച്ച വൈദ്യര്‍ 1892-ല്‍ അന്തരിക്കുകയും ചെയ്തു. അറബി മലയാള ഭാഷയില്‍ വൈദ്യര്‍ക്കുള്ള സ്ഥാനം എന്നും മുന്നിലാണ്.

കുഞ്ഞായന്‍ മുസ്‌ലിയാരും കൃതികളും

അറബി മലയാള കവികളിലെ പ്രശസ്തനായ കുഞ്ഞായന്‍ മുസ്‌ലിയാരും അറബി മലയാള ശാഖക്ക് വളരെയേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വടക്കന്‍ കോട്ടയം കോവിലകത്തെ പണ്ഡിതനായിരുന്ന കുഞ്ഞായന്‍ കോഴിക്കോട് സാമൂതിരി കോവിലകത്തെ കാര്യസ്ഥനായ മങ്ങാട്ടച്ചന്റെ ഉറ്റ ചങ്ങാതികൂടിയായിരുന്നു. തലശ്ശേരിയില്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ് നൂല്‍മാല. മുഹമ്മദ് നബിയെക്കുറിച്ചുള്ള വര്‍ണനകളും കീര്‍ത്തനങ്ങളുമടങ്ങിയ നൂല്‍മാലക്ക് 16 ഇശലുകളിലായി 666 വരികളാണുള്ളത്. ഈ കൃതിയിലെ മലയാളം കലര്‍ന്ന അറബ് പദശകലം, അറബി സാഹിത്യത്തില്‍ രചയിതാവിനുള്ള അപാരപാണ്ഡിത്യം തെളിയിക്കുന്നുണ്ട്.

അറബി മലയാള കൃതിയില്‍ മുഹ്‌യുദ്ദീന്‍ മാലക്കുശേഷം ഏറ്റവും കൂടുതല്‍ ജനപ്രീതിയാര്‍ജിച്ച പാട്ടാണ് കുഞ്ഞായന്‍ മുസ്‌ലിയാരുടെ കപ്പല്‍പ്പാട്ട് എന്ന കപ്പപ്പാട്ട്. മനുഷ്യശരീരത്തെ ഒരു പായ്ക്കപ്പലിനോടുപമിച്ച് അന്യോപദേശരീതിയില്‍ അദ്ധ്യാത്മികജ്ഞാനം പ്രദാനം ചെയ്യുന്ന കൃതിയാണിത്. കല്ലച്ചില്‍ അച്ചടിക്കപ്പെടുന്നതുവരെ കപ്പപ്പാട്ടിന്റെ കൈയെഴുത്തു പ്രതികളും പാടിപ്പതിഞ്ഞ വരികളും മാപ്പിളമാരുടെ ഇടയില്‍ വളരെയേറെ പ്രചാരത്തിലുണ്ടായിരുന്നു. ആദ്യമായി അച്ചടിക്കപ്പെട്ടത് കപ്പപ്പാട്ടായതുകൊണ്ടായിരിക്കാം, അറബി ഭാഷയില്‍ 'ജലയാനം' എന്നറിയപ്പെടുന്ന 'സഫീന' എന്ന പേരില്‍ മാപ്പിളപ്പാട്ടുപുസ്തകങ്ങള്‍ ഒരുകാലത്ത് പരക്കെ അറിയപ്പെട്ടിരുന്നു. (സഫീന എന്നത് പറഞ്ഞു പറഞ്ഞ് ഇപ്പോള്‍ 'സബീന' എന്നായിട്ടുണ്ട്. 

അറബിയുമായുള്ള ഗാഢബന്ധം

അച്ചടി പ്രചരിച്ചിട്ടും അറബിമലയാള ശൈലിക്ക് അതിന്റേതായ സ്ഥാനം ജനമനസ്സുകളില്‍ ഉണ്ടായിരുന്നു. കടായിക്കല്‍ മൊയ്തീന്‍ കുട്ടി ഹാജി, വാഴപ്പുള്ളിയില്‍ മുഹമ്മദ്, മൊഗ്രാന്‍ കുഞ്ഞുമുഹമ്മദ്, ചാക്കീരി മുഹമ്മദ് കുട്ടി, ഉണ്ണിപ്പ, കുറ്റിപ്പിലാക്കല്‍ അഹ്മദ്കുട്ടി തുടങ്ങിയ പ്രതിഭകള്‍ അറബി മലയാളത്തില്‍ രചനകള്‍ നടത്തിയവരില്‍ പ്രമുഖരാണ്.

അറബിമലയാളം രചനകള്‍ മുസ്‌ലിംകള്‍ അല്ലാത്തവരെ അത്രതന്നെ ആകര്‍ഷിച്ചിരുന്നില്ല. എന്നാല്‍ കേരള മുസ്‌ലിങ്ങള്‍ക്ക് അറബിഭാഷയുമായി ഗാഢമായ ബന്ധം തന്നെയുണ്ടായിരുന്നതിനാല്‍ അറബി സമ്മിശ്രഭാഷയോടെ അറബിമലയാളം പ്രചരിച്ചു. വൈകാതെ അതില്‍ വിവിധ ഭാഷകളുടെ അതിപ്രസരവും പ്രകടമായി. 

മദ്രസ്സകളില്‍ ഇന്നും

ലിത്തോപ്രസ്സുകളുടെ ആവിര്‍ഭാവത്തോടെ അറബിമലയാളത്തിന് പൂര്‍വാധികം പ്രചാരം സിദ്ധിച്ചു. വലിയ വിദ്യാഭ്യാസമില്ലാത്ത സാധാരണ മുസ്‌ലിം വനിതകള്‍ പോലും അറബിമലയാളത്തില്‍ പ്രയോഗജ്ഞാനം നേടിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും സാമൂഹികവും വ്യക്തിപരവുമായ എല്ലാ കാര്യങ്ങള്‍ക്കും അറബിമലയാളമാണ് കേരളമുസ്‌ലിംകള്‍ ഉപയോഗിച്ചുപോന്നിരുന്നത്; ശുദ്ധമലയാളത്തിന് അവരുടെ  പ്രചാരം സിദ്ധിച്ചിട്ടുണ്ടെങ്കിലും അറബിമലയാളത്തിന്റെ പ്രാധാന്യം അവസാനിച്ചു എന്നു പറയാന്‍ വയ്യ. മൂവായിരത്തോളം സ്വകാര്യമദ്രസകളില്‍ അറബിമലയാളം പഠിപ്പിച്ചുപോരുന്നു.

പഠനങ്ങളുടെ അഭാവം

നിത്യജീവിതത്തിലെ നേരമ്പോക്കുകളെപ്പറ്റി ധാരാളം പാട്ടുകള്‍ രചിച്ച പുലിക്കോടന്‍ ഹൈദ്രുവിന് കവിയെന്ന നിലക്ക് ധാരാളം അംഗീകാരങ്ങള്‍ ലഭിക്കുകയുണ്ടായി. ഗാനമാധുരികൊണ്ടും കല്‍പനാഭംഗികൊണ്ടും കേരളത്തിലെ മറ്റേതൊരു ഗാനസാഹിത്യ വിഭാഗത്തെക്കാളും മുന്നില്‍ നില്‍ക്കുന്നതത്രേ മാപ്പിളപ്പാട്ടുസാഹിത്യം. ഈ കൃതികള്‍ക്ക് അര്‍ഹമായ പരിഗണനയോ സ്ഥാനമോ കിട്ടാതെവരാന്‍ കാരണമായത്, മുന്‍പറഞ്ഞ കവികളുടെയും കൃതികളുടെയും ശക്തിവൈഭവം അനാവരണം ചെയ്യുന്ന പഠനങ്ങളുടെ അഭാവമാണ് എന്ന് പറയാം. 

ഇന്നും ഗൗരവപ്പെട്ട സാഹിത്യമണ്ഡലത്തില്‍ ഈ സവിശേഷമായ രചനകള്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടില്ല. അറബിമലയാള രീതിയില്‍ രചിക്കപ്പെട്ട കൃതികള്‍ ഇന്ന് മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യപ്പെടുന്നതിനാല്‍ ജാതിമതഭേദമന്യേ സഹൃദയരുടെ പരിഗണനക്ക് പാത്രമാകുന്നുണ്ട്. അറബിമലയാള കൃതികളിലെ മാപ്പിളപ്പാട്ടുകളും മറ്റും സാഹിത്യകുതുകികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ടി. ഉബൈദിനെ പോലുള്ളവരുടെ ശ്രമങ്ങള്‍ മഹത്തരമാണ്. അങ്ങനെയാണ് ചരിത്രത്തിന്റെ സുഗന്ധവും മതവിശ്വാസത്തിന്റെ ഉള്‍ക്കനവും ഒത്തിണങ്ങിയ പഴയകാല അറബിമലയാള കൃതികള്‍ക്ക് ശുദ്ധമായ മലയാളത്തില്‍ ആധുനികഭാഷാ വ്യാകരണ നിയമങ്ങള്‍ പുലര്‍ത്തിക്കൊണ്ടു രചിക്കപ്പെടുന്ന ഇന്നത്തെ മാപ്പിളപ്പാട്ടുകളിലേക്കുള്ള അതിന്റെ വളര്‍ച്ചക്ക് മൂന്നു ദശാബ്ദക്കാലത്തെ അറിയപ്പെടുന്ന ചരിത്രമുണ്ട് എന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. 

 

 

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top