മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ...

ഫ്‌ളാവിയ ആഗ്നസ്

മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ സത്യവാങ്മൂലത്തിലെ ഗുണാത്മക വശങ്ങള്‍

ഒരേസമയം മൂന്ന് ത്വലാഖും ചൊല്ലി ബന്ധം പിരിക്കുന്നതിനെക്കുറിച്ച് ആള്‍ ഇന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതി മുമ്പാകെ സമര്‍പിച്ച വിശദമായ സത്യവാങ്മൂലം മാധ്യമങ്ങള്‍, വനിതാ ഗ്രൂപ്പുകള്‍ സെക്യുലര്‍ മുസ്‌ലിംകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. നൂറില്‍പരം സ്ത്രീവാദികള്‍ ഒപ്പിട്ട ഒരു പ്രസ്താവനയില്‍ മതപരമായ കാഴ്ചപ്പാടുകള്‍ മാറ്റിവെച്ചുകൊണ്ടു എല്ലാവരുടെയും കുടുബനിയമങ്ങള്‍ ലിംഗനീതി പാലിക്കാന്‍ ആവശ്യപ്പെടുന്നു. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാടിനെ തിരസ്‌കരിച്ചുകൊണ്ട് പരസ്യമായ പ്രകടനങ്ങള്‍ നടക്കുകയുണ്ടായി. ബോര്‍ഡിന്റെ നിലപാടിനെ അപലപിച്ചുകൊണ്ട് നിരവധിപത്രങ്ങളില്‍ ലേഖനങ്ങളും വന്നു.

മൂന്ന് പ്രധാന വസ്തുതകള്‍

സത്യവാങ്മൂലത്തിന്റെ ആദ്യ ഖണ്ഡികയില്‍ പ്രാഥമിക പോയിന്റുകളെന്ന നിലയില്‍ സുപ്രധാനമായ മൂന്ന് വസ്തുതകള്‍ വിവരിക്കുന്നുണ്ട്.

1. 2002-ലെ ശമീമ അറാ കേസില്‍ സുപ്രീം കോടതി മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലുന്ന പ്രശ്‌നം കൈകാര്യം ചെയ്യുകയും ന്യായമായ കാരണങ്ങളും വിവാഹമോചനത്തിനു മുമ്പുള്ള അനുരഞ്ജന ശ്രമവും പരിശോധിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ആര്‍.സി ലഹോട്ടിയും ജസ്റ്റിസ് വെങ്കട്ടരാമ റെഡ്ഡിയും ഈ കേസില്‍ പുറപ്പെടുവിച്ച ഉത്തരവ് രാജ്യത്തിന്റെ നിയമമായിരിക്കുകയാണെന്ന് കൂടി സത്യവാങ്മൂലത്തില്‍ പറയുന്നതായി കാണാം. ഈ വീക്ഷണമനുസരിച്ച് മുത്വലാഖ് സാധുവാണെന്ന സത്യവാങ്മൂലത്തില്‍ ബോര്‍ഡ് പിന്നീട് പറയുന്നതില്‍ വൈരുധ്യമുണ്ട്. 

2. ഗാര്‍ഹിക പീഢനത്തിന് ഇരയായ മുസ്‌ലിം സ്ത്രീക്ക് 2005-ലെ ഗാര്‍ഹിക പീഢനത്തില്‍നിന്നുള്ള സ്ത്രീ സംരക്ഷണ ആക്റ്റ് പ്രകാരം നിവാരണം നേടാന്‍ അവകാശമുണ്ട്. മുസ്‌ലിം, അമുസ്‌ലിം, അവിവാഹിത - വിവാഹിത, വിഹാഹമുക്ത - വിധവ ഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും സംരക്ഷണം നല്‍കുന്ന പുരോഗമനാത്മക സെക്യുലര്‍ നിയമമാണിത്. ഈ നിയമപ്രകാരം മുസ്‌ലിം സ്ത്രീക്ക് സംരക്ഷണം അവകാശപ്പെടാമെന്ന ബോര്‍ഡിന്റെ അംഗീകാരം മുസ്‌ലിം സ്ത്രീക്ക് അതിന് അവകാശമില്ലെന്ന നിലവിലെ ധാരണയെ തകര്‍ക്കാന്‍ സഹായകമാണ്. പുരോഗമനാത്മക നിയമപ്രകാരം ഗാര്‍ഹിക പീഢനത്തില്‍നിന്നുള്ള സംരക്ഷണം, വീട്ടില്‍ താമസിക്കാനുള്ള അവകാശം, തങ്ങളെ പുറംതള്ളുന്ന ഭര്‍ത്താക്കന്മാര്‍ക്കെതിരെ ഇഞ്ചക്ഷന്‍, ജീവനാംശ അവകാശം, കുട്ടികളുടെ സംരക്ഷണാവകാശം, നഷ്ടപരിഹാരം എന്നീ പരിഹാരങ്ങള്‍ നേടിയെടുക്കണമെന്നാണ് ഗാര്‍ഹിക പീഢനത്തിനിരയാകുന്ന മുസ്‌ലിം സ്ത്രീയോട് ബോര്‍ഡ് ഇവിടെ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് കോടതിയെ സമീപിക്കുന്നതിന് സ്ത്രീക്ക് ആത്മവിശ്വാസം പകരുന്നതാണ്.

3. ത്വലാഖ് പത്രിക സ്വീകരിച്ചുകൊണ്ട് വിവാഹപീഢനം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ച ശയറാബാനു കേസിനോടനുബന്ധമായി സത്യവാങ്മൂലത്തില്‍ ബോര്‍ഡ് പറയുന്നത് അവര്‍ക്കും 1986-ലെ മുസ്‌ലിം വിവാഹമുക്തയുടെ സംരക്ഷണ ആക്ട് (Muslim Women protection of rights upon divorce Act - 1986) പ്രകാരം നിലവിലുള്ള അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ്. ദാനിയല്‍ ലത്തീഫി കേസില്‍ മുസ്‌ലിം സ്ത്രീക്ക് അവളുടെ ജീവിതകാലത്തുടനീളം പര്യാപ്തമായ, നീതിപൂര്‍വകവും ന്യായയുക്തവുമായ ജീവനാംശത്തിന് അവകാശമുണ്ടെന്ന് പ്രസ്തുത നിയമത്തിന് വിശാലമായ വ്യാഖ്യാനം നല്‍കുന്നതിനെ എതിര്‍ക്കുകയും ജീവനാംശം മൂന്ന് മാസത്തേക്ക് പരിമിതമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ബോര്‍ഡിന്റെ മുന്‍നിലപാട് പരിഗണിക്കുമ്പോള്‍ ഇപ്പോഴത്തെ നിലപാടിന് വളരെ പ്രാധാന്യമുണ്ട്. ഈ ആക്ടിന്റെ ഭരണഘടനാസാധുത ഉറപ്പിക്കുകയും, ക്രിമിനല്‍ നടപടിച്ചട്ടം 125-ാം ഭാഗപ്രകാരമുള്ള ജീവനാംശത്തേക്കാള്‍ എത്രയോ മെച്ചപ്പെട്ടതും സുരക്ഷിതവുമാണ് മുസ്‌ലിം വിവാഹമുക്തയുടെ അവകാശ സംരക്ഷണ ആക്ട് എന്ന് സ്ഥിരീകരിക്കുകയും ചെയ്തതിനാല്‍ ലത്തീഫി കേസിലെ ആക്ടിന്റെ വിശാലമായ വ്യാഖ്യാനം ഇപ്പോള്‍ ബോര്‍ഡിന് സ്വീകാര്യമായിരിക്കുന്നുവെന്നാണ് തോന്നുന്നത്.

അധികമൊന്നും വെളിച്ചം കാണാറില്ലാത്ത മുസ്‌ലിം സ്ത്രീയുടെ കര്‍തൃത്വവും അവള്‍ക്കുള്ള ഇവ്വിധം അവകാശങ്ങളും ബോര്‍ഡിന്റെ ഈ സത്യവാങ്മൂലത്തില്‍ സംഗ്രഹിക്കപ്പെട്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ പൊതുവെ ഉയര്‍ത്തിക്കാട്ടാത്ത വസ്തുത ഇതിലും മുസ്‌ലിം നിയമത്തിന്റെ ഗുണാത്മക വശങ്ങളോടുള്ള ഈ നിഷേധാത്മക സമീപനം മുസ്‌ലിം സ്ത്രീയോടുതന്നെ കാണിക്കുന്ന വലിയൊരു അവഗണനയാണ്.

നിലവിലുള്ള നിരവധി നിയമങ്ങള്‍ പ്രകാരം ആദ്യമായി പ്രാദേശിക കോടതികളുടെ പരിഹാരം തേടാതെ സുപ്രീം കോടതിയെ സമീപിച്ചതില്‍ ശയറാബാനുവിനെ സത്യവാങ്മൂലത്തില്‍ ഗുണദോഷിക്കുന്നുമുണ്ട് ബോര്‍ഡ്. ബന്ധപ്പെട്ട നീതിന്യായാധികാരികള്‍ക്ക് ഫലപ്രദമായ ഉത്തരവുകള്‍ നല്‍കാന്‍ സാധിക്കുമെന്നതിനാല്‍ ഈ പരിഹാരങ്ങള്‍ ശയറാബാനുവിന് പ്രയോജനപ്പെടുമായിരുന്നുവെന്നും സത്യവാങ്മൂലം ഊന്നിപ്പറയുന്നു. ഇവയുടെ അടിസ്ഥാനത്തില്‍ ബാനുവും മറ്റ് രണ്ട് ഹരജിക്കാരും സമര്‍പിച്ച പൊതുതാല്‍പര്യഹരജികള്‍ തള്ളിക്കളയണമെന്നാണ് ബോര്‍ഡിന്റെ വാദം. വിവാഹമുക്തയായ ഒരു മുസ്‌ലിം സ്ത്രീക്ക് നിലവിലുള്ള നിയമങ്ങള്‍ പ്രകാരം യാതൊരവകാശവുമില്ലെന്ന ധാരണകള്‍ തിരുത്താന്‍ ഈ പ്രസ്താവനകള്‍ സഹായകമാകുന്നു.

പരസ്പര വൈരുധ്യങ്ങള്‍

മൂന്ന് ത്വലാഖുകള്‍ ഒറ്റത്തവണ ചൊല്ലുന്നതിനെ സാധൂകരിക്കാന്‍ ശ്രമിക്കുന്നതിന് പകരം ബോര്‍ഡിന്റെ സത്യവാങ്മൂലം ഇത്രയും കൊണ്ട് മതിയാക്കിയിരുന്നുവെങ്കില്‍ അത് സംഗതമായിരുന്നേനെ. ദാനിയല്‍ ലത്തീഫി കേസടക്കം സുപ്രീം കോടതിക്ക് മുമ്പിലുണ്ടായിരുന്ന നിരവധി നടപടികളില്‍ ബോര്‍ഡ് കക്ഷിയാവുകയും ഈ നിയമത്തെ ഖുര്‍ആനിക തത്വങ്ങള്‍ക്കനുസൃതം വ്യാഖ്യാനിക്കാനുള്ള കോടതിയുടെ ആധികാരികത സമ്മതിക്കുകയും ചെയ്ത സ്ഥിതിക്ക് മുസ്‌ലിംകള്‍ക്ക് ബാധകമാകാവുന്ന നിയമങ്ങള്‍ പ്രഖ്യാപിക്കാനുള്ള അന്തിമ അധികാര സ്ഥാപനം ബോര്‍ഡാണെന്ന അവകാശവാദം അസംബന്ധമാണ്.

നിയമ കോടതികളിലൂടെ നിലവിലുള്ള നിയമപരിഹാരങ്ങള്‍ തേടുകയായിരുന്നു ശയറാബാനു ചെയ്യേണ്ടിയിരുന്നത് എന്ന് പറഞ്ഞ ശേഷം മുസ്‌ലിം സ്ത്രീകള്‍ കോടതികളിലേക്ക് പോകാതെ ഇസ്‌ലാമിക കോടതികള്‍ക്കകത്ത് വെച്ച് പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കണമെന്ന് ബോര്‍ഡ് പറയുന്നതിലും വൈരുധ്യമുണ്ട്. കോടതികളുമായി ഒട്ടിപ്പിടിക്കരുതെന്ന ബോര്‍ഡിന്റെ വാദം ബോര്‍ഡിന്റെ മാത്രം ഒറ്റപ്പെട്ട നിലപാടല്ലെന്ന് കൂടി ഇവിടെ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. പല വനിതാ ഗ്രൂപ്പുകളും കൗണ്‍സലിംഗ് സേവനം നല്‍കുന്ന എന്‍.ജി.ഒകളും ഇതേ വീക്ഷണഗതിക്കാരാണ്. അടുത്തിടെ ഒരു ഉത്തരവില്‍ ജയസഗാദ എതിര്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കേസ് (2015) - ബോംബെ ഹൈക്കോടതിയും ഈ വീക്ഷണത്തെ അനുകൂലിച്ചുകൊണ്ട് ഗാര്‍ഹിക പീഢനത്തിനിരയാകുന്ന സ്ത്രീകള്‍ കോടതികളെ സമീപിക്കുകയും അവയെ ആശ്രയിക്കുകയും ചെയ്യുന്നതിന് പകരം പോലീസ് സ്‌റ്റേഷനുകളിലും കൗണ്‍സലിംഗ് കേന്ദ്രങ്ങളിലും വെച്ച് പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കുന്നതായിരിക്കും നന്നാവുക എന്ന് പ്രസ്താവിക്കുകയുണ്ടായി. 

ഈ പശ്ചാത്തലത്തില്‍ ഹരജിക്കാരോട് തര്‍ക്കങ്ങള്‍ ദാറുല്‍ ഖദാ (സമാന്തര കോടതി)യിേലാ ഈയിടെ ചില മുസ്‌ലിം വനിതാഗ്രൂപ്പുകള്‍ തുടങ്ങിയ ശരീഅ കോടതിയില്‍ വെച്ചു തന്നെയോ പരിഹരിക്കാന്‍ ആവശ്യപ്പെടുന്നതിന് പകരം ശയറാബാനുവിനോട് അവകാശങ്ങള്‍ നേടിയെടുക്കാന്‍ കോടതിയെ സമീപിക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത് കൂടുതല്‍ പുരോഗമനാത്മകമായ നടപടിയായി കാണണം. നിയമപ്രാബല്യമില്ലാത്തതാണ് മുന്‍ചൊന്ന രണ്ട് സ്ഥാപനങ്ങളും (വിശ്വലോചന്‍ മദന്‍ എതിര്‍ ഇന്ത്യന്‍ യൂനിയന്‍ (2014) കേസില്‍ ശരീഅ കോടതിക്ക് യാതൊരു നിയമപ്രാബല്യവുമില്ലെന്ന് വ്യക്തമാക്കുകയുണ്ടായി.)

വിലക്ഷണമായാണ് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും ഹിന്ദുക്കളിലും മുസ്‌ലിം കളിലുമുള്ള ബഹുഭാര്യത്വത്തെ താരതമ്യം ചെയ്തുകൊണ്ടു സത്യവാങ്മൂലം ചൂണ്ടികാട്ടുന്ന പോയിന്റിലുമുണ്ട് ശരി. ഹിന്ദു വിവാഹ ആക്ട് വഴി ദ്വിഭാര്യത്വം നിയന്ത്രിക്കപ്പെട്ടിട്ടില്ല എന്നത് സുവിദിതമായ ഒരു യാഥാര്‍ഥ്യമാണ്. ഇതിനൊരുകടിഞ്ഞാണിടാനുള്ള ശ്രമത്തിന്റെ ഭാഗമായി രമേശ്ചന്ദ്ര ദാഗ എതിര്‍ രാമേശ്വരി ദാഗ (2005) കേസില്‍ രണ്ടാം ഭാര്യക്ക് ചെലവിന് കൊടുക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയുണ്ടായി. ഒരു പൂര്‍വവിവാഹം നിലനില്‍ക്കെ ഭര്‍ത്താവ് രണ്ടാം വിവാഹത്തിന്റെ നിയമ സാധുതയെ ചോദ്യം ചെയ്തപ്പോഴായിരുന്നു ഇത്. ഹിന്ദു നിയമം ഏകീകരിക്കുകയും ഏകഭാര്യത്വം മുന്നോട്ടുവെക്കുകയും ചെയ്തിട്ടും വസ്തുസ്ഥിതിക്ക് വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നും മുസ്‌ലിംകളിലെന്നപോലെ ഹിന്ദുക്കളിലും ദ്വിഭാര്യത്വ സമ്പ്രദായം തുടരുകയാണെന്നുമായിരുന്നു സുപ്രീംകോടതിയുടെ വിലയിരുത്തല്‍. കൂടാതെ, അത്തരം വിവാഹങ്ങള്‍ 'നിയമവിരുദ്ധ'മാണെങ്കിലും, 'അധാര്‍മിക'മല്ലെന്നും അതിനാല്‍ സാമ്പത്തികമായി നിരാശ്രയയായ സ്ത്രീക്ക് അതിന്റെ അടിസ്ഥാനത്തില്‍ ജീവനാംശം നിഷേധിക്കപ്പെടാവതല്ലെന്ന് കൂടി സുപ്രീം കോടതി അഭിപ്രായപ്പെടുകയുണ്ടായി.

സ്ത്രീകളുടെ അവകാശങ്ങള്‍

എണ്ണമറ്റ ഹിന്ദുയുവതികളുടെ കഷ്ടപ്പാടുകള്‍ക്ക് പരിഹാരമായാണു ഗാര്‍ഹിക പീഢനത്തില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കാനുള്ള ആക്ട് സഹജീവിത (Live-in relationship) സങ്കല്‍പം പരിചയപ്പെടുത്തിയത്. എങ്കിലും ജീവനാംശത്തിനുള്ള രണ്ട് കീഴ്‌ക്കോടതി ഉത്തരവുകള്‍ റദ്ദാക്കവെ ഡി.വേലുസ്വാമി എതിര്‍ പാച്ചിയമ്മാള്‍ (2010) കേസില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ സുപ്രീം കോടതി ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി. 

'ഒരാള്‍ ഒരു 'വെപ്പാട്ടി'(keep)ക്ക് സാമ്പത്തിക ചെലവ് നല്‍കുകയും അവളെ മുഖ്യമായും ലൈംഗികാവശ്യത്തിനായോ അല്ലെങ്കില്‍ ഭൃത്യയായോ രണ്ടിനും കൂടിയോ ഉപയോഗപ്പെടുത്തുകയുമാണെങ്കില്‍ അതിനെ വൈവാഹിക സ്വഭാവത്തോടുകൂടിയ ബന്ധമായി പരിഗണിക്കാവതല്ല. തീര്‍ച്ചയായും ഞങ്ങളുടെ ഈ വീക്ഷണം 'സഹജീവിതം' നയിക്കുന്ന പല സ്ത്രീകളെയും 2005ലെ ആക്ടിന്റെ ആനുകൂല്യത്തില്‍നിന്ന് പുറംതള്ളുമെന്നതില്‍ സംശയമില്ല. ഒരു നിയമനിര്‍മാണമോ നിയമഭേദഗതിയോ ഈ കോടതിയുടെ പരിധിയില്‍ വരുന്ന കാര്യമല്ല.'

മുസ്‌ലിം നിയമത്തില്‍ വെപ്പാട്ടി സമ്പ്രദായമെന്ന് പറയപ്പെടുന്ന സങ്കല്‍പമില്ല. ആദ്യവിവാഹത്തെ തുടര്‍ന്ന് വരുന്ന ഭാര്യമാരും വിവാഹിതകളായിത്തന്നെയാണ് പരിഗണിക്കപ്പെടുക. ആദ്യ ഭാര്യക്കുള്ള അതേ പദവി അവര്‍ക്കുമുണ്ടാകും. വെപ്പാട്ടി സമ്പ്രദായത്തെയല്ല സാധുവായ വിവാഹത്തെയാണ് ഇത് അനുകൂലിക്കുന്നത്.

ഏറ്റവുമടുത്തിടെ ഉണ്ടായ ബാദ്ഷ എതിര്‍ ബാദ്ഷ ഗോദ്‌സെ (2014) കേസിന്റെ ഉത്തരവില്‍ ഈ പ്രശ്‌നം പരാമര്‍ശിക്കപ്പെടുകയുണ്ടായി. നിരാലംബരായ ഒരു ഭാര്യയുടെ ഹരജി കൈകാര്യം ചെയ്യുമ്പോള്‍ സമൂഹത്തിലെ പ്രാന്തവല്‍കൃത വിഭാഗങ്ങളെയാണ് കോടതി കൈകാര്യം ചെയ്യുന്നതെന്ന് ഈ ഉത്തരവ് ഊന്നിപ്പറയുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ പീഠികയില്‍ പ്രതിഷ്ഠിതമായ ഭരണഘടനാപരമായ ദര്‍ശനത്തിലെ സാമൂഹ്യനീതി നേടിയെടുക്കലാണ് ലക്ഷ്യം. സാമൂഹ്യനീതി എന്ന ലക്ഷ്യം മുന്നോട്ടുകൊണ്ടുപോകാന്‍ കോടതികള്‍ ബാധ്യസ്ഥമാണ്. വിവാഹമുക്തയായ മുസ്‌ലിം വനിതയുടെ അവകാശങ്ങള്‍ സുരക്ഷിതമാക്കിയ ഷാബാനു കേസില്‍ (1985) നിന്ന് ഷാബാനു എതിര്‍ ഇംറാന്‍ഖാന്‍ കേസി (2009)ലേക്കുള്ള യാത്ര ഉദാഹരണമായി മുന്‍ കോടതി ഉത്തരവ് ചൂണ്ടികാട്ടുകയുണ്ടായി.

മുസ്‌ലിം ബഹുഭാര്യത്വം നിരോധിക്കണമെന്നാവശ്യപ്പെടുമ്പോള്‍ ഈ കടുത്ത സാഹചര്യ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലുണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ലിംഗനീതിക്ക് വേണ്ടിയുള്ള അപേക്ഷ അഗതികളായ കൂടുതല്‍ സ്ത്രീകളെ സൃഷ്ടിക്കാനിടവരരുതെന്ന് ഭരണഘടനയിലെ 14-ാം അനുഛേദം തദ്വിഷയകമായി അനുഛേദം 14 (3)ലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക സംരക്ഷണമായി പൊരുത്തപ്പെടുന്നതാണ്. നിയമസാധുതയുള്ള രണ്ടാം വിവാഹത്തിലെ കഷ്ടപ്പെടുന്ന സ്ത്രീയും അതില്‍ ഉള്‍പ്പെടും.

ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രതാപ് ബാനു മേഹ്ത എഴുതിയ ലേഖനത്തില്‍ വ്യക്തിപരമായ അവകാശങ്ങള്‍ക്കായിരിക്കണം ഗ്രൂപ്പ് തനിമകളേക്കാള്‍ ഊന്നല്‍ നല്‍കേണ്ടതെന്ന് പറയുന്നുണ്ട്. പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ രാഷ്ട്രീയമായ ശരിയുടെ മറിച്ചൊരു നിലപാടെടുക്കുമ്പോഴും ഈ പശ്ചാത്തലത്തില്‍ തെരഞ്ഞെടുക്കാന്‍ കൂടുതല്‍ സാധുതയുള്ള അഭിപ്രായം അതാണെന്ന് തോന്നുന്നു.

(അഭിഭാഷക ആക്ടിവിസ്റ്റും മുംബൈ ആസ്ഥാനമാക്കിയുള്ള നിയമസഹായ വേദിയായ 'മജ്‌ലിസി'ന്റെ പ്രധാന പ്രവര്‍ത്തകയുമാണ് ലേഖിക)

വിവ. ഷഹനാസ് ബീഗം

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top