തിരുത്ത് വേണ്ട മദ്‌റസാ ബോധങ്ങള്‍

അജ്മല്‍ മമ്പാട്

ചില മനുഷ്യരോടുള്ള കടപ്പാടിന്റെ സീമ നിശ്ചയിക്കാനാവാത്ത സന്ദര്‍ഭങ്ങളുണ്ട്. ജീവിതത്തില്‍ എത്രവട്ടം ആദരിക്കപ്പെട്ടാലും പറഞ്ഞുതീരാത്ത നന്ദിവാക്കുകളും ഓര്‍മകളുമായി അത്തരക്കാര്‍ ജനമനസ്സുകളില്‍ ഇടം പിടിച്ചങ്ങനെ നിലകൊള്ളും. അങ്ങനെയൊരു മനുഷ്യനുവേണ്ടിയാണ് മേപ്പാടം ഗ്രാമം അറിവിന്റെയും ഓര്‍മപ്പെടുത്തലിന്റെയും ഉത്സവലഹരിയില്‍ ഒരു ദിനരാത്രം ചെലവഴിച്ചത്. ഉസ്താദ് അവറാന്‍ മൗലവിയെ കേരളക്കര മുഴുവനറിയണം എന്ന ആഗ്രഹത്തിനു പിന്നില്‍ ഒരു ഗ്രാമത്തിന്റെ മുഴുവന്‍ വിദ്യാഭ്യാസ ഉണര്‍ച്ചകളുണ്ട്. ലോകത്തിന്റെ വിവിധ ദിശകളിലേക്ക് ചേക്കേറിയ ശിഷ്യന്മാരുടെ ജീവനാഡിയും ബലവുമായി മാറിയ ദീനറിവിന്റെ നിര്‍വൃതിയുണ്ട്. അതുകൊണ്ടാണ് ഉസ്താദിന്റെ ആറ് പതിറ്റാണ്ട് നീണ്ട സഫലശ്രമങ്ങളുടെ മഹിമയോതാന്‍ ദിനമൊന്നവര്‍ മാറ്റിവച്ചത്. തലമുറകളുടെ ഗുരുവര്യന് നാടു നല്‍കിയ ഈ ആദരത്തില്‍ കേരള ജമാഅത്തെ ഇസ്‌ലാമി വിദ്യാഭ്യാസവകുപ്പിനാണ് വലിയ പങ്കുള്ളത്. 

'ഇഹ്തിറാം16' ഉസ്താദിന്നാദരം പരിപാടിയില്‍ കേവലം ആദരിക്കല്‍ ചടങ്ങിനപ്പുറം ചിലത് സംഭവിച്ചു. ദീനിന്റെ വിവിധ വശങ്ങളിലൂടെ ഗഹനമായി നടന്ന ചില പുസ്തകങ്ങളുടെ ചര്‍ച്ചയും നടന്നു. കേരളത്തിലെയും ഹൈദരാബാദിലെയും ഡല്‍ഹിയിലെയും വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠനം പൂര്‍ത്തിയാക്കിയ വിവിധ മുസ്‌ലിം സംഘടനയില്‍പെട്ട അഗ്രഗണ്യര്‍ അതിതാല്‍പര്യത്തോടെ പഠനമവതരിപ്പിച്ചു. സാമൂഹിക നവോത്ഥാനത്തില്‍ മതസ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണെന്നും അത്തരം സംരംഭങ്ങളെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അറിവിന്റെ പ്രതിരോധം തീര്‍ക്കണമെന്നും ഗ്രാമമൊന്നടങ്കം തീരുമാനമെടുത്തു. ഭൗതിക വിദ്യാഭ്യാസത്തിന്റെ പുറംമോടികളെ മഹത്വവല്‍ക്കരിക്കുമ്പോള്‍ മുസ്‌ലിം സമൂഹം കരുതിക്കൂട്ടി അറിയാതെ പോയ ചിലതുണ്ട്. അടിയന്തിര ദീനിവിദ്യാഭ്യാസത്തെക്കുറിച്ചും അതുവഴി വന്നുചേരുന്ന ദൈവബോധത്തെക്കുറിച്ചും.

ഫീസിനത്തില്‍ അന്‍പത് രൂപ അധികം വന്നാല്‍ ജീവിതത്തിന്റെ നഷ്ടക്കണക്കുകളുടെ പട്ടികയിലേക്ക് വരവുവെക്കപ്പെടുന്ന മതവിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ കുരുന്നുകളുടെ നല്ല ഭാവിയിലേക്കുള്ള പാതയില്‍ മുള്ളുനിറക്കലാണ്. ഭൗതിക-ബൗദ്ധിക വ്യവഹാരങ്ങളില്‍ ദൈവം എന്ന ഒരൊറ്റ പരിഹാരത്തിലേക്ക് മനുഷ്യന്‍ അഭയം തേടേണ്ട അവസ്ഥ വരാനുണ്ട് ഓരോരുത്തര്‍ക്കും. സ്വന്തം പിതാവിന്റെ ഭൗതിക ശരീരത്തിന്റെ സാന്നിദ്ധ്യത്തില്‍ മക്കള്‍ക്ക് അവസാനമായി ചെയ്തു നല്‍കാനുള്ള മയ്യിത്ത് നമസ്‌കാരത്തിനു പോലും കയറിനില്‍ക്കാന്‍ കെല്‍പില്ലാത്ത ന്യൂജനറേഷന്‍ കാലഘട്ടത്തില്‍ അവറാന്‍ മൗലവിയെയും മേപ്പാടത്തേയും കേരളക്കരയും പ്രവാസവും അറിഞ്ഞേ പറ്റൂ. ഭൗതിക വിദ്യാഭ്യാസം നേടി പ്രൊഫഷണലായി ജോലിചെയ്യുന്ന മേപ്പാടത്തെ ന്യൂജനറേഷന്‍ ചെറുപ്പക്കാര്‍ ശ്രുതിമധുരമായി ഖുര്‍ആന്‍ വായിക്കാനും ഖുതുബയോതാനും പ്രാപ്തരാണ്. അതിന്നവരെ യോഗ്യരാക്കിയതില്‍ അവറാന്‍ മൗലവിക്കും അല്‍-മദ്‌റസത്തുല്‍ ഇസ്‌ലാമിക്കും നിസ്തുലമായ പങ്കുണ്ട്.

പണത്തിനും പ്രശസ്തിക്കുമപ്പുറം ബര്‍ക്കത്ത് എന്ന ഒന്നുണ്ട് ജോലിയേതായാലും എന്നതാണ് അവറാന്‍ മൗലവി നല്‍കുന്ന സന്ദേശങ്ങളില്‍ മുഖ്യം. ഒരു ഗ്രാമത്തിലെ മനുഷ്യരോടൊട്ടി നിന്ന് അവരില്‍ അറിവിന്റെ കെടാവിളക്കായി മാറിയ ഉസ്താദ് മുഴുവന്‍ മദ്‌റസാധ്യാപകര്‍ക്കും മാതൃകയാണ്. അറബിയിലെ ചില പദങ്ങള്‍ക്ക് മലയാളത്തില്‍ (മറ്റേത് ഭാഷയിലും) തുല്യാര്‍ഥം കിട്ടുന്ന ഒറ്റവാക്ക് കിട്ടുക ദുഷ്‌കരം. ഉസ്താദ് എന്ന പദത്തിനുമുണ്ട് അങ്ങനെയൊരു പ്രത്യേകത. അറബിഭാഷ ആ പദം കൊണ്ട് ഉദ്ദേശിച്ചതിനോട് പൂര്‍ണാര്‍ഥത്തില്‍ യോജിച്ചുനില്‍ക്കുന്നു 60 വര്‍ഷത്തെ മൗലവിയുടെ തുടര്‍ച്ചയായ അധ്യാപനജീവിതം. ഇന്ന് 90 വയസ്സുള്ള അദ്ദേഹം അഞ്ച് തലമുറകളിലൂടെ ദീനറിവിന്റെ വെളിച്ചം വീശി ഖുര്‍ആന്‍ ചൊല്ലിയും ഓതിയും തന്നെ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെചൊല്ലി പുതുതലമുറയിലെ അധ്യാപകരോടദ്ദേഹം സരസമായി കലഹിച്ചു. പ്രസംഗിക്കാന്‍ ഇഷ്ടപ്പെടാത്ത മൗലവി ദീനിന്റെ പ്രാഥമികമായ വിദ്യാഭ്യാസം മാത്രം നേടിയ ഒരാളല്ല. സലാമത്ത് നഗരിയിലെ റഹ്മാനിയാ കോളേജില്‍ അഫ്ദല്‍ ഉലമാ ക്ലാസുകളില്‍ ഫിഖ്ഹിന്റെയും അതിന്റെ അടിസ്ഥാന ശാഖയുടെയും മികച്ച ഒരധ്യാപകന്‍ കൂടിയായിരുന്നു. ത്വഹൂര്‍ എന്ന പദത്തിന് മദ്‌റസകളുടെ പാഠപുസ്തകങ്ങളില്‍ എഴുതിയിട്ടുള്ള വൃത്തിയല്ല ശുദ്ധി എന്നാണ് അര്‍ഥം വെക്കേണ്ടത് എന്നദ്ദേഹം സഹാധ്യാപകരെ തിരുത്തും. തൊട്ടപ്പുറത്തെ ക്ലാസില്‍ ഭൂമിശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകന്റെ മഴയുണ്ടാവാന്‍ ഹേതു മരങ്ങളാണ് എന്ന പാഠം കേട്ട ഉസ്താദ് ക്ലാസിനു ശേഷം അയാളെ വിളിച്ച് തമാശരൂപേണ കാര്യം പറഞ്ഞു. ''അക്കണക്കിന് മരുഭൂമിയിലും കടലിലും മഴയുണ്ടാവുന്നതെങ്ങനെയാണ് മാഷേ? അതുകൂടി കുട്ടികളെ പഠിപ്പിക്കണം.'' എന്നും നിര്‍ദ്ദേശിച്ചു. സ്വന്തം ശിഷ്യര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കല്‍ മാത്രമല്ല ഒരു ഉസ്താദിന്റെ ധര്‍മം. അവര്‍ ചോദിക്കാന്‍ സാധ്യതയുള്ളവകൂടി കണ്ടെത്തി ഉത്തരം നല്‍കുമ്പോഴാണ് ഉസ്താദ് എന്ന പദം അതിന്റെ നേരായ ഉദ്ദേശ്യത്തിലേക്ക് തള്ളിക്കയറിനില്‍ക്കുന്നത് എന്ന സന്ദേശം അവറാന്‍ മൗലവി നല്‍കുന്നു. അഞ്ചു തലമുറയിലെ ശിഷ്യന്മാര്‍ ഒരുമിച്ച് പങ്കുകൊണ്ട ആദരിക്കല്‍ ചടങ്ങില്‍ ഭാവഭേദമേതുമില്ലാതെ ഉസ്താദ് അവറാന്‍ മൗലവി സ്റ്റേജിലിരുന്നു. ഇടക്കിടെ എണീറ്റ് സദസ്സില്‍ ആണ്ണും പെണ്ണുമടങ്ങുന്ന ശിഷ്യര്‍ക്കിടയിലൂടെ നടന്നു, ഇനിയും അറിവ് പകര്‍ന്നുനല്‍കാനുള്ള ആവേശവും മനക്കരുത്തുമായി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top