ആ വൈര നെക്‌ലേസ് ഓര്‍മിക്കുോള്‍

പുനത്തില്‍ കുഞ്ഞ്ദുള്ള സമ്പാ: മജീദ് കുട്ടമ്പൂര്‍

ആരോ പറഞ്ഞുകേട്ടതോ എവിടെയോ വായിച്ചതോ എന്നോര്‍മയില്ല. ഒരു കഥയുണ്ട്. ഏതോ രാജ്യത്ത് സ്ത്രീകള്‍ ആഭരണങ്ങളണിയാന്‍ പാടില്ലെന്നൊരു നിയമം കൊണ്ടുവന്നു. എന്നാല്‍ ആ നിയമം കടലാസില്‍ കിടക്കുകയല്ലാതെ സ്ത്രീകളാരും അതനുസരിച്ചില്ല. പെട്ടെന്നതാ സര്‍ക്കാര്‍ വക മറ്റൊരുത്തരവ്. 'വൃദ്ധകളെയും വേശ്യകളെയും ഈ നിയമത്തില്‍ നിന്നൊഴിവാക്കിയിരിക്കുന്നു.' അടുത്ത ദിവസം മുതല്‍ ഒറ്റ സ്ത്രീയും ആഭരണം അണിഞ്ഞിട്ടില്ല.

ഈ കഥ നല്‍കുന്ന ഗുണപാഠങ്ങളിലൊന്ന് സ്ത്രീകള്‍ക്കുണ്ടെന്നു പറയപ്പെടുന്ന (ഉണ്ടോ എന്ന് നമുക്ക് പിന്നീടൊരിക്കല്‍ ആലോചിക്കാം) ദുരഭിമാനത്തില്‍ തൊട്ടാലല്ലാതെ അവര്‍ക്കുള്ള ആഭരണക്കമ്പം അവസാനിപ്പിക്കാന്‍ പറ്റില്ലെന്നാണ്. സ്ത്രീക്ക് ആഭരണം എന്നതുപോലെയാണ് കവിതക്ക് അലങ്കാരങ്ങള്‍ എന്നത്. കവിതക്ക് അലങ്കാരങ്ങള്‍ എന്നതുപോലെയാണ് സ്ത്രീക്ക് ആഭരണം എന്ന് ഇവിടെ മാറ്റിപ്പറയേണ്ടതുണ്ട്. എന്നുവെച്ചാല്‍ ഊന്നലിന് അല്‍പം വ്യത്യാസം വരുത്തേണ്ടിയിരിക്കുന്നു നമ്മള്‍. ഈ അലങ്കാരം ഭ്രമമായിപ്പോകുന്നു എന്നതാണിന്നത്തെ അവസ്ഥ.

ഈ ഭ്രമം എന്തെങ്കിലും കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ടോ? ഞാന്‍ മോപ്പസാങ്ങിന്റെ 'വൈര നെക്‌ലേസ്' എന്ന കഥ ഉദ്ധരിക്കാം.

പൊതുവിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലെ ഒരു ക്ലര്‍ക്കാണ് മറ്റില്‍ഡാ ലൊയ്‌സെലിനെ വിവാഹം ചെയ്തത.് വിലോഭനീയയാവുക, ആശിക്കപ്പെടുക, അസൂയാപാത്രമായിത്തീരുക എന്നത് എത്രമാത്രം അനുഭൂതിദായകമാണെന്ന് സങ്കല്‍പിക്കാനേ അവള്‍ക്ക് കഴിഞ്ഞുള്ളൂ. ആഗ്രഹിക്കാവുന്നതിലും കവിഞ്ഞ ആഗ്രഹങ്ങള്‍ സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ ഞെരുങ്ങുന്ന അവളെ അസ്വസ്ഥയാക്കി. ഒരു വിരുന്നിനു ക്ഷണം കിട്ടിയപ്പോള്‍, അണിയാന്‍ ഒറ്റ രത്‌നമോ ഒറ്റവൈരക്കല്ലോ ഇല്ലെന്നായിരുന്നു അവളുടെ വേദന. അവസാനം കൂട്ടുകാരി മദാം ഫോറസ്റ്റീറിന്റെ വൈര നെക്‌ലേസ് കടംവാങ്ങി മറ്റില്‍ഡാ വിരുന്നിനു പോയി. മടക്കയാത്രയില്‍ ആ നെക്‌ലേസ് നഷ്ടപ്പെട്ടുപോകുന്നു. പൈതൃകമായി കിട്ടിയതും പലരില്‍ നിന്നും കടംവാങ്ങിയതുമായ സംഖ്യചേര്‍ത്ത് ഭര്‍ത്താവ് മുപ്പത്താറായിരം ഫ്രാങ്ക് നേടി. ജീവിതം തന്നെ തുലച്ചുകളയുന്ന കരാറുകളിലൂടെയാണ് അയാള്‍ കടംവാങ്ങിയത്. അയാള്‍ പുതിയൊരു നെക്‌ലേസ് വാങ്ങി മദാം ഫോറസ്ട്രീര്‍ക്ക് കൊണ്ടുകൊടുത്തു.

ജീവിതത്തിന്റെ യാതനാനിര്‍ഭരമായ വശങ്ങള്‍ മദാം ലോയിസെല്‍ അതിന്റെ എല്ലാ അര്‍ഥത്തിലും മനസ്സിലാക്കി. പത്തുകൊല്ലം കഷ്ടപ്പാടുകളില്‍ ജീവിച്ച് കടങ്ങള്‍ വീട്ടിയെങ്കിലും അവള്‍ ഹൃദ്രോഗിണിയും, പക്ഷെ സാധാരണക്കാരിയെപ്പോലെ കരുത്തുള്ളവളുമായി.

യാദൃച്ഛികമായി മദാംലെയ്‌സലിനെക്കണ്ട മദാം ഫോറസ്റ്റിര്‍ക്ക് കൂട്ടുകാരിയെ തിരിച്ചറിയാനായില്ല. തിരിച്ചറിഞ്ഞപ്പോള്‍ വൈരനെക്‌ലേസിന്റെ കഥ അവള്‍ അറിഞ്ഞു...

ഓ എന്റെ പാവം മറ്റില്‍ഡാ.. എന്റെ നെക്‌ലസ് കൃത്രിമക്കല്ലുകള്‍ കൊണ്ടായിരുന്നു. പരമാവധി അതിന് അഞ്ഞൂറിലധികം വിലയുണ്ടായിരുന്നില്ല.

മോപ്പസാങ്ങിന്റെ കഥ ഇവിടെ അവസാനിക്കുന്നു.

പക്ഷെ, നമ്മുടെ കഥ ഇപ്പോഴും തുടരുകയാണെന്നാണെനിക്കു തോന്നുന്നത്. അടുത്തകാലത്ത് എനിക്കൊരനുഭവമുണ്ടായി. എന്റെ കണ്‍സല്‍ട്ടിങ്ങ് റൂമിന്റെ വാതില്‍ തള്ളിത്തുറന്ന് ഒരു മദ്ധ്യവയസ്‌കയായ സ്ത്രീ അകത്തേക്കു കടന്നുവന്നു. അവരാകെ പരിഭ്രാന്തയായിരുന്നു. ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ തൊട്ടുമുമ്പ് പരിശോധിച്ച് മരുന്നുകുറിപ്പ് കൊടുത്തുവിട്ടതാണ് അവരെ.

ഞാനപ്പോള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു. രോഗിയും കൂടെയുള്ള ആളും ഞാനും അന്തംവിട്ടുനില്‍ക്കുമ്പോള്‍ ആ ഉമ്മ പറഞ്ഞു. 

'ഡോക്കിട്ടറെ, എന്റെ മാല കാണുന്നില്ല'. ഞങ്ങള്‍ നഷ്ടപ്പെട്ട സ്വര്‍ണമാലക്കുവേണ്ടി പരതാത്ത ഇടമില്ലായിരുന്നു. പക്ഷെ ഫലമുണ്ടായില്ല.

ആ ഉമ്മ ഏങ്ങലടിച്ചു കരഞ്ഞു.

'മൊയ്തുഹാജിന്റെ പെണ്ണ്ങ്ങള്‌ടെ 

മാല്യാ... ഞാനെന്താ റബ്ബേ ഇനി ചെയ്യാ.'..

അവര്‍ക്ക് സമനില തെറ്റിയത് പോലെയുണ്ടായിരുന്നു.

ഡോക്ടറെ കാണാന്‍വരുന്ന രോഗികടം വാങ്ങി ആഭരണമണിയുന്നതെന്തിനാണെന്ന് എനിക്കറിയില്ല. അവരോട് ഞാന്‍ ആ സംശയം ചോദിച്ചിട്ടുമില്ല. കാരണം, അവര്‍ അവരോട് തന്നെ ആ ചോദ്യം പലവട്ടം ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു.

പുരുഷന്മാര്‍ സ്ത്രീകളെ നോക്കുന്നു. അതൊരു പക്ഷെ, ഒരു പൂവിനെ നോക്കുന്നതുപോലെയാവാം. സ്ത്രീകളും സ്ത്രീകളെ നോക്കുന്നു. അതെന്തിനാണെന്നു ഞാന്‍ പറയുന്നില്ല. എന്നാല്‍ ഒന്നു പറയാം. എങ്ങനെയായാലും സ്ത്രീകള്‍ നോട്ടപ്പുള്ളികളാണ്.

സന്ധ്യക്ക് സിന്ധൂരവും ചന്ദ്രികയ്ക്ക്  വൈഢൂര്യവും കാട്ടാറിന് പാദസരവും വേണ്ടാത്തതുപോലെ എന്‍കണ്‍മണിക്ക് ആഭരണവും വേണ്ടെന്ന് മുമ്പെ നമ്മുടെ ഒരു കവിപാടി. ആഭരണം വാങ്ങിക്കൊടുക്കാന്‍ കാശില്ലാത്തതുകൊണ്ട് ഇങ്ങനെ ഒരു സൂത്രം പാടി ഒപ്പിച്ചതാണെന്ന് ഞാന്‍ കരുതുന്നില്ല. ആഭരണങ്ങളില്ലെങ്കിലും സ്ത്രീ സുന്ദരിയാണ്, അവള്‍ സ്ത്രീയാണെങ്കില്‍. അവള്‍ക്കൊരിക്കലും മദാം ലെയ്‌സലിന്റെ ഞാന്‍ കണ്ട ഉമ്മയുടെ ദുരനുഭവം പേറേണ്ടിവരില്ല.

 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top