പേരടര്‍ന്നുമാഞ്ഞ്....(ആച്ചുട്ടിത്താളം)

സീനത്ത് ചെറുകോട്
വര : ശബീബ മലപ്പുറം

രണ്ടു ദിവസമായി നല്ല മഴയാണ്. അവിടവിടെ പിഞ്ഞിയ പായില്‍ ഒന്നുകൂടി ചുരുണ്ടു കിടന്നു. ഉമ്മയുടെ പഴയ തുണിയാണ് പുതപ്പ്. കാലും തലയും അതിനുള്ളിലാക്കിയപ്പോള്‍ തണുപ്പിനു നേരിയ കുറവ്. തായരയില്‍ ചോര്‍ച്ചയുള്ളിടത്ത് ഉമ്മ വെച്ച പാത്രത്തില്‍ വെള്ളത്തുള്ളികള്‍ നിര്‍ത്താതെ കലപില കൂട്ടി. ഉമ്മ ഉറങ്ങിയോ ആവോ? നിശബ്ദമായി കരയുകയാണോ? ഞാന്‍ പോകുന്നത് ഉമ്മക്ക് ഇഷ്ടമല്ല. പക്ഷേ പോകാതെങ്ങനെ?

നാളെ ഇതൊക്കെ വിടണം. ഓര്‍ത്തപ്പോള്‍ സങ്കടം തോന്നി. പൊറത്തക്കുളത്തില്‍ കണ്ണുചുവക്കുന്നതു വരെ ചാടിത്തിമിര്‍ക്കാന്‍ ഇനി കഴിയില്ല. പാടവരമ്പിലൂടെ നീലപ്പൂക്കളുടെ തൊട്ടുതലോടലേറ്റുള്ള എന്റെ നടത്തം. വാഴന്റണിയില്‍ പരലുപിടിച്ച് അതിലേക്കു തന്നെ വിട്ടയക്കുന്ന എന്റെ ഏകാന്ത സന്തോഷങ്ങള്‍, കല്ലുമലയിലെ പരന്നൊഴുകുന്ന വെയിലില്‍ പതിയെ ചലിക്കുന്ന കറുപ്പും വെളുപ്പും പുള്ളികളെപ്പോലെയുള്ള കാലികളുടെ എണ്ണമെടുക്കല്‍ എല്ലാം ഓര്‍മകള്‍ മാത്രമാവുകയാണ്. കണ്ണുകള്‍ നിറഞ്ഞൊഴുകി.

വല്ലാത്ത ശബ്ദത്തോടെ തലമുടിയില്‍ അമര്‍ത്തി ചൊറിഞ്ഞു. ഉമ്മ വിളക്കു കത്തിച്ചു. തലയിലൂടെ ഓടിക്കുന്ന വിരലിനൊപ്പം വിളക്കിന്റെ ചൂട്. ഇടക്ക് കൈയില്‍ തടയുന്ന ഈരിന്റെ പൊട്ടല്‍. കമഴ്ന്നു കിടന്നു. കണ്ണീര് ഉമ്മ കാണണ്ട. ഉമ്മയുടെ തൊടല്‍ ആഗ്രഹിക്കുമ്പോഴൊക്കെ എന്റെ സൂത്രമായിരുന്നു ഈ തലചൊറിയല്‍. ഉമ്മയുടെ നിശ്വാസത്തിനും വിളക്കിലെ തിരിക്കും ഒരേ ചൂട്. എപ്പോഴാണ് ഉറങ്ങിയതെന്ന് ഓര്‍മയില്ല.

ഉണര്‍ന്നപ്പോഴും മഴക്ക് കുറവില്ല. അടുക്കളയില്‍ ഉമ്മ, അപ്പം ചുടുന്ന ശബ്ദം.

കുളിക്കാന്‍ പൊറത്തെക്കുളത്തേക്കു നടക്കുമ്പോള്‍ പല്ലുകള്‍ കൂട്ടിമുട്ടുന്നത് തണുപ്പുകൊണ്ട് മാത്രമല്ല, സങ്കടംകൊണ്ട് കൂടിയായിരുന്നു. ഒരുപാട് നീന്താന്‍ സമയമില്ല. കനക്കുന്ന മഴക്കൊപ്പം മുങ്ങിനിവര്‍ന്നു. കാലില്‍ ഉരസുന്ന പരല്‍ മീനുകളോട് ഇഷ്ടം തോന്നി. എന്തോ ഒരടുപ്പം. 'പോവാണ്. എന്ന് കാണുംന്ന് അറീല' പരലുകള്‍ ഒന്നും മിണ്ടിയില്ല. അവ കാലില്‍ കൂട്ടത്തോടെ ഇക്കിളികൂട്ടി. വേഗം തോര്‍ത്തിക്കയറി. എന്റെ ഇഷ്ടങ്ങളോരോന്നും അവസാനിക്കുകയാണ്. 

പാവാടയും കുപ്പായവും ബാഗിലാക്കി. ഉമ്മ, രാത്രി വറുത്തുവെച്ച അവില്‍പ്പൊതി കൂടെ വെച്ചു. ഇക്കാക്ക ചായ കുടിക്കുകയാണ്. പൊറത്തക്കണ്ടത്തിന് കാവലിരിക്കുന്ന സൈനമ്മായിയുടെ ഒരേയൊരു മകന്‍.

''ഇന്നാ എറങ്ങിക്കൊ. സമയം ഒരുപാടായി.'' ഇക്കാക്കയുടെ ശബ്ദം മുറ്റത്തുനിന്നകലുകയാണ്.

തിരിഞ്ഞുനോക്കി. കോലായില്‍ പ്രതിമപോലെ ഉമ്മ. തിമിര്‍ത്ത് പെയ്യുന്ന മഴയെക്കാള്‍ ശക്തമായി ഉമ്മയുടെ കവിളില്‍ കണ്ണീരിന്റെ പെയ്ത്ത്. അനക്കമില്ല. വേദനയുടെ ചുളിവുകള്‍ വീണ മുഖത്ത് കരുവാളിപ്പ്. ഒരു നിമിഷം കാലുകള്‍ നിശ്ചലമായി. ഉമ്മയെ അടക്കം പൂണ്ട് പിടിക്കാന്‍ തോന്നി. ഓര്‍മവെച്ച നാള്‍ മുതല്‍ ഉമ്മയെ കെട്ടിപ്പിടിച്ചിട്ടില്ല. ഉമ്മ ഇങ്ങോട്ടും. തലമാന്തിച്ചൊറിഞ്ഞ് ഉമ്മയുടെ സ്പര്‍ശം ചോദിച്ചു വാങ്ങുന്ന രാത്രിക്കുമുമ്പ് എന്നെ അടക്കം പിടിച്ച് ഉമ്മ കിടന്നുറങ്ങിയിരിക്കും. 

പകലന്തിയോളം നെല്ലുകുത്തി തളര്‍ന്നു വരുന്ന ഉമ്മയുടെ ക്ഷീണിച്ച മുഖമേ ഓര്‍മയുള്ളൂ. ഉമ്മ അനിയനെ ചേര്‍ത്തു പിടിച്ചു ലാളിക്കുമ്പോള്‍ അസൂയ തോന്നിയിട്ടുണ്ട്. പക്ഷേ സ്‌നേഹമായിരുന്നു ഉമ്മ. ജീവിതത്തിന്റെ പെടാപാടുകളില്‍ സ്വയം നഷ്ടപ്പെട്ട ഉമ്മയെ കുറ്റം പറയാന്‍ വയ്യ.

വേണ്ട, എനിക്കൊന്നും വേണ്ട ഈ ഉമ്മയുടെ മകളായി ഇവിടെ ജീവിച്ചാല്‍ മതി. കാലുകള്‍ പിന്നോട്ട് ചലിക്കാനാഞ്ഞു. മനസ്സ് പക്ഷെ കാലിനെ തട്ടിമാറ്റി. ഒന്നും മിണ്ടാനാവാതെ മുന്നോട്ട് തന്നെ നടന്നു. മിണ്ടാന്‍ വയ്യായിരുന്നു. നാവിനു പൊങ്ങാത്ത ഭാരം. തലക്ക് ആകെ ഒരു മരവിപ്പ്. കണ്ണുകള്‍ നിറഞ്ഞില്ല. എരിയുന്ന എന്തോ ഒന്ന് തൊണ്ടയില്‍ നിറഞ്ഞു. നെഞ്ചിലൂടെ ചുട്ടുപൊള്ളി അതിറങ്ങി. ആ പൊള്ളലായിരുന്നു പിന്നെ എന്റെ ജീവിതം.

വഴി നടന്നു കയറി റോഡിലെത്തിയപ്പോള്‍ കല്ലുമലയിലേക്കു നോക്കി. അവിടെ മലയില്ല, വെളുത്ത പുക. വെളുത്ത പുക മാത്രം. എല്ലാത്തിനും മീതെ അതു നിറയുന്നു.

കാലുകള്‍ക്കു ശക്തി കിട്ടി. ദൂരെ ചുവന്ന വെള്ളം കുത്തിയൊലിച്ച് പോകുന്ന ചെമ്മണ്‍ റോഡിന്റെ തലക്കല്‍ ഇക്കാക്കയുടെ ശീലക്കുടയുടെ കറുപ്പ്. വേഗം നടന്നു. റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കാറ്റ് ചൂളം കുത്തി. ശീലക്കുടയുടെ ഓട്ടവീണ പ്രതലത്തില്‍ നിന്ന് മഴത്തുള്ളികള്‍ മുഖത്തേക്കും മേലേക്കും പാറി വീണു.

ആകെ നനഞ്ഞു കുതിര്‍ന്നപ്പോഴാണറിഞ്ഞത് കണ്ണ് നിറഞ്ഞൊഴുകുകയാണ്. മഴയും കണ്ണീരും ഒന്നായിരിക്കുന്നു. നേര്‍ത്ത ഉപ്പുവെള്ളം വായിലേക്ക് ഒലിച്ചിറങ്ങി. തുപ്പാന്‍ തോന്നിയില്ല. മഴയുടെ മറ നന്നായി. എന്റെ സങ്കടങ്ങള്‍ക്കു മീതെ മഴ കുടപിടിച്ചു. കല്ലുമലയുടെ ഇറക്കിലൂടെ മഴനനഞ്ഞു നടന്നപ്പോള്‍, പാടത്ത് പെരും മഴയത്ത് മീന്‍ പിടിച്ചപ്പോള്‍ തോന്നിയതിനെക്കാളൊക്കെ ഇഷ്ടം തോന്നി അപ്പോള്‍ മഴയോട്. കസാലയില്‍ കാല്‍കയറ്റി കുന്തിച്ചിരുന്ന് സൈനമ്മായി പാടിവരുത്തിയതാകുമോ മഴയെ. 

''പേപ്പജ്ജ് മയേ.......

പേപ്പജ്ജോ.....

ആനക്കും തവളക്കും മുങ്ങിക്കുളിച്ചാന്‍ ബെള്ളല്ലോ.....''

മഴ തോര്‍ന്നിരിക്കുന്നു. യതീംഖാനയിലെത്തുമ്പോള്‍ പെരുമഴക്കു ശേഷമുള്ള സ്വച്ഛത. മനസ്സ് പക്ഷെ അപ്പോഴാണ് വിറക്കാന്‍ തുടങ്ങിയത്. ഒരു കൂട്ടിലേക്കാണു വന്നതെന്നു തോന്നി. 'അന്യര്‍ക്ക് പ്രവേശനമില്ല' എന്ന നിറം മങ്ങിയ ബോര്‍ഡിനു താഴെ നിന്ന് ഇക്കാക്ക യാത്ര പറഞ്ഞു. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്‍തിരിക്കുന്ന നീണ്ട ഇടനാഴിയുടെ അറ്റത്ത് ആ ബോര്‍ഡ് എന്നോട് സൗഹൃദം കാട്ടി. ഓഫീസില്‍ നിന്ന് കിട്ടിയ രജിസ്റ്റര്‍ നമ്പറിന്റെ സ്ലിപ്പ് എന്റെ കൈവെള്ളയില്‍ പൊള്ളി. '5566' പേരുമാഞ്ഞിരിക്കുന്നു. 

നാല് അക്കങ്ങളില്‍ ഒരു ജീവിതം. 

വാര്‍ഡന്റെ പിന്നാലെ നടന്നപ്പോള്‍ കരച്ചില്‍ വന്നില്ല. പേരുപോലും നഷ്ടപ്പെട്ടവള്‍ക്ക് എന്തുകരച്ചില്‍?

''ഇതാണു മുറി''

കോണികയറി ഇടത്തോട്ടു തിരിയുമ്പോള്‍ റൂമിന്റെ നമ്പര്‍ കണ്ടു. 

''ബേഗൊക്കെ എവട്യങ്കിലും വച്ചോ.'' അവര്‍ കോണിയിറങ്ങി. വശങ്ങളിലെല്ലാം ഇരുമ്പു പെട്ടികളും ബാഗുകളും നിറഞ്ഞിരിക്കുന്നു. മൂലയില്‍ നിറയെ കട്ടിയുള്ള വിരിപ്പുകള്‍. ഒരു വശത്ത് നാലഞ്ച് അയകള്‍. വാതിലിന്റെ പിറകിലെ ഇത്തിരി സ്ഥലത്ത് ബാഗുവെച്ചു.

സങ്കടങ്ങളുടെ പെരും കടലായിരുന്നു മനസ്സപ്പോള്‍. ഈറന്‍ മാറാനൊരുങ്ങുമ്പോഴാണ് കണ്ടത് വെള്ളയില്‍ മഞ്ഞ വരകളുള്ള പാവാടയില്‍ ചുവപ്പു വരകള്‍ വീണിരിക്കുന്നു. മനസ്സ് ആളി. ഇങ്ങനെയാണ് ഓഫീസിലേക്ക് കയറിച്ചെന്നത്. ക്ലാസിലെ ജമീല ഒരാഴ്ച സ്‌കൂളില്‍ വരാതായപ്പോള്‍ അവളെ കാണാന്‍ ചെന്നത് ഓര്‍ത്തു. അവളുടെ മുഖത്ത് നാണം. മൂര്‍ധാവില്‍ എണ്ണയിട്ട് കുളിക്കാനൊരുങ്ങുകയായിരുന്നു അവളപ്പോള്‍. 

അവളോട് ചോദിച്ചതാണ്. 'ജ് എന്താ ചെയ്തത്'? അവള്‍ ചിരിച്ചൊഴിഞ്ഞു.

ഇന്നലെ രാത്രി എന്തൊക്കെയോ അസ്വസ്ഥത തോന്നിയതാണ്. എന്നിട്ടും ആരോടും പറയാതെ. എന്താണ് ചെയ്യേണ്ടതെന്നറിയാതെ. ഞാനൊറ്റക്കായിരുന്നു. ജീവിതത്തിന്റെ മാറ്റങ്ങളില്‍ പങ്കുവെക്കാനാരുമില്ലാതെ പകച്ചു നിന്നു പലപ്പോഴും. പറയേണ്ടതൊന്നും ആരോടും സമയത്ത് പറയാന്‍ എനിക്കു കഴിയാറില്ലല്ലോ എന്ന്. ഇപ്പോള്‍ ചിരി വരുന്നു.

കരഞ്ഞില്ല. സഹനമാണു ജീവിതം. ആ വഴി സ്വയം തെരെഞ്ഞെടുത്തതാണ്. ഉമ്മയുടെ നില്‍പു കണ്ടപ്പോള്‍ തിരിഞ്ഞു നടക്കാമായിരുന്നു. ഇല്ലായ്മകളില്‍ നിന്നായിരുന്നില്ല അവഗണനയില്‍ നിന്നായിരുന്നു ഞാന്‍ നടന്നകന്നത്. ഒരു പലായനം. ഗതികെട്ട്, പ്രിയപ്പെട്ടതെല്ലാം വഴിയില്‍ ഇട്ടേച്ചുള്ള ഒരു ഓട്ടം. സങ്കടംകൊണ്ട് മനസ്സ് കത്തി ഞാന്‍ ഞാനല്ലാതായിത്തീര്‍ന്ന നിമിഷങ്ങള്‍. ആ ഓട്ടമാണ് ജീവിതത്തിന്റെ നിലപാടുകള്‍ക്ക് മൂര്‍ച്ചയുണ്ടാക്കിയതെന്ന് സ്വന്തത്തോട് പുഞ്ചിരിച്ചു.

ബാഗില്‍ നിന്ന്  പാവാടയെടുത്ത് മാറി. ഇനി ഡ്രസ്സില്ല. രണ്ടുകൂട്ടം കൊണ്ട് ഒരു മഴക്കാലം. എല്ലാവരും സ്‌കൂളിലേക്കു പോയിരിക്കുന്നു. 

അടുക്കളയില്‍ നിന്ന് ഗ്രൈന്‍ഡറിന്റെ നിര്‍ത്താത്ത നിലവിളി. മുറ്റത്തെ കാറ്റാടി മരത്തില്‍ കാക്കകള്‍ കരഞ്ഞ് ബഹളമുണ്ടാക്കി.

ചെറിയ ബക്കറ്റ് ഇക്കാക്ക വാങ്ങിത്തന്നിരുന്നു. അതുമായി അലക്കു കല്ലിനടുത്തേക്കു നടന്നു. ടാപ്പു തിരിച്ചപ്പോള്‍ വെള്ളമില്ല. മഴചാറാന്‍ തുടങ്ങിയിരിക്കുന്നു. മഴയത്ത് ബക്കറ്റു വെച്ച് മഴകൊള്ളാതെ കയറി നില്‍ക്കുമ്പോള്‍ മനസ്സ് ശൂന്യമായിരുന്നു.

 

(തുടരും)


TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top