ശരീരസൗന്ദര്യം ഗര്‍ഭാവസ്ഥയിലും പ്രസവാനന്തരവും

ഡോ. ശബ്‌ന എന്‍.കെ

എല്ലാ ജീവജാലങ്ങളിലെയും പോലെ മനുഷ്യനിലും തികച്ചും സ്വാഭാവികമായിത്തന്നെയാണ് പുനരുല്‍പാദനം നടക്കുന്നത്. സ്ത്രീ ശരീരത്തില്‍ സൂക്ഷ്മമായ നിരവധി പ്രക്രിയകള്‍ക്ക് ശേഷമാണ് ശിശുജനനം സംഭവിക്കുന്നത്. ഗര്‍ഭം, പ്രസവം ഈ രണ്ടനുഭവങ്ങളും അമ്മയുടെ മനസ്സിലും ശരീരത്തിലും ഉണ്ടാക്കുന്ന വ്യത്യാസങ്ങള്‍ നിരവധിയാണ്. അതോടൊപ്പം നിരവധി സൗന്ദര്യ പ്രശ്‌നങ്ങളും അവരെ അലട്ടാറുണ്ട്. ഇവയില്‍ പലതും പ്രസവം കഴിഞ്ഞാലും നിലനില്‍ക്കുന്നതാണ്. ശ്രദ്ധയോടെയുള്ള ഗര്‍ഭകാല, പ്രസവ ശുശ്രൂഷയിലൂടെ ഇവ മാറ്റിയെടുക്കാവുന്നതാണ്.

ആരോഗ്യമുള്ള ഒരു കുഞ്ഞിനെ, ആരോഗ്യവതിയായ ഒരമ്മക്ക് ലഭ്യമാക്കുക എന്നതാണ് യഥാര്‍ത്ഥത്തില്‍ ഗര്‍ഭസംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്നതിന്റെ പ്രധാന ലക്ഷ്യം. അമ്മയുടെ ഗര്‍ഭാശയത്തില്‍ 40 ആഴ്ച സുരക്ഷിതമായി വളരുന്ന ശിശു വാസ്തവത്തില്‍ ജനന ശേഷമുള്ള 40 വര്‍ഷത്തെക്കാള്‍ സംഭവബഹുലവും അപകട സാധ്യതയുള്ളതുമായ ഒരു കാലഘട്ടമാണ് പിന്നിടുന്നത്. വളരെ സൂക്ഷ്മമായ സംരക്ഷണം ലഭിച്ചാലും ചിലര്‍ക്ക് ഗര്‍ഭം അലസിപ്പോകുന്നത് നാം കാണാറുണ്ടല്ലോ. ഇതില്‍ നിന്നു തന്നെ ഗര്‍ഭസംരക്ഷണം എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് വ്യക്തമാണ്.

പ്രസവശേഷം മൂന്ന് ആഴ്ചകള്‍ കൊണ്ടാണ് ഗര്‍ഭാശയം ചുരുങ്ങി പൂര്‍വസ്ഥിതിയിലാവുന്നത്. ഈ ദിവസങ്ങളില്‍ ഗര്‍ഭാശയം ശുദ്ധമാകുന്നതിനും ഗര്‍ഭാശയ സങ്കോചം പരമാവധി സാധ്യമാക്കി അതു ചുരുങ്ങി പൂര്‍വസ്ഥിതിയിലേക്കു വരുന്നതിനും, അമ്മയുടെ ദഹനശക്തി വര്‍ധിപ്പിക്കുന്നതിനും, ആവശ്യമായ അളവില്‍ പോഷകങ്ങള്‍ നല്‍കി ശരീരക്ഷീണമകറ്റുന്നതിനും, കുഞ്ഞിന് ആവശ്യമായ അളവില്‍ മുലപ്പാലുണ്ടാകുന്നതിനും വേണ്ട പ്രയോഗങ്ങളാണ് പ്രസവരക്ഷാക്രമത്തില്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഈ ശുശ്രൂഷാക്രമങ്ങള്‍ക്കൊന്നും പിടിതരാത്തതും പ്രസവശേഷം സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്നതുമായ ചില ആരോഗ്യസൗന്ദര്യ പ്രശ്‌നങ്ങളുണ്ട്. അല്‍പം കൂടി ശ്രദ്ധയോടെയുള്ള ലളിതമായ ചില ചികിത്സാക്രമങ്ങളിലൂടെ ഈ പ്രശ്‌നം സുഗമമായി മാറ്റിയെടുക്കാവുന്നതേയുള്ളൂ.

 

വയറിന്റെ ഭംഗി

ഗര്‍ഭസ്ഥ ശിശുവിനെ ഉള്‍ക്കൊള്ളാനായി അടിവയറിന്റെ പേശികള്‍ അയഞ്ഞു പോകുന്നതാണ് പ്രസവശേഷം വയര്‍ ചാടുന്നതിനുള്ള പ്രധാനപ്പെട്ട കാരണം. പ്രസൂതി കാലം കഴിയുന്നതോടെ ഒരു പരിധിവരെ ഇത് പൂര്‍വസ്ഥിതിയിലാകും. എന്നാല്‍ ചിലര്‍ക്ക് അതിനുശേഷവും വയര്‍ വല്ലാതെ ചാടിക്കിടക്കും. ഇതിനുള്ള ശാശ്വതപരിഹാരം വ്യായാമമാണ്. പണ്ടുകാലത്തെ സ്ത്രീകള്‍ വീട്ടിലെയും പറമ്പിലെയും ജോലികള്‍ ചെയ്തിരുന്നതിനാല്‍ അവര്‍ക്ക് പ്രത്യേക വ്യായാമത്തിന്റെ ആവശ്യമില്ലായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല; ഗര്‍ഭിണിയാണെന്നറിയുമ്പോള്‍ത്തന്നെ അനാവശ്യമായി റെസ്‌റ്റെടുക്കുന്നതും പ്രസവം കഴിഞ്ഞും ശരീരം ഇളകാത്ത ജീവിതശൈലിയും വ്യായാമത്തെ ഒരനിവാര്യ ഘടകമാക്കുന്നു.

 

ശരീരഭംഗി വീണ്ടെടുക്കാം

പ്രസവം കഴിഞ്ഞ് ഏകദേശം ഒന്നര മാസത്തിനുശേഷം പ്രസവസമയത്തുണ്ടായിരുന്ന ഭാരത്തില്‍ നിന്ന് 10 കിലോയോളം ഭാരം കുറയണമെന്നാണ് കണക്ക്. ചിട്ടയോടെയുള്ള വ്യായാമവും ഭക്ഷണനിയന്ത്രണവുമുണ്ടെങ്കിലേ ഇത് സാധ്യമാവുകയുള്ളൂ.

 

വ്യായാമം

സാധാരണ പ്രസവമാണെങ്കില്‍ ഒരു മാസം കഴിഞ്ഞും സിസേറിയനാണെങ്കില്‍ 6 ആഴ്ച മുതല്‍ 2 മാസം കഴിഞ്ഞതിനു ശേഷവും വ്യായാമമാരംഭിക്കാം. അടിവയര്‍ പേശികളെ ബലപ്പെടുത്താനുള്ള നിരവധി വ്യായാമമുറകളുണ്ട്. ഉദാഹരണത്തിന് കാലുകള്‍ നിവര്‍ത്തിവെച്ച് മലര്‍ന്നു കിടക്കുക, ഇരുകൈപ്പത്തികളും കമഴ്ത്തി ഇരുവശത്തും പതിച്ചുവെക്കുക. ഇനി ഇരുകാലുകളും ഒന്നിച്ച് തറയില്‍ നിന്നുയര്‍ത്തി 45 ഡിഗ്രി ആങ്കിളില്‍ പിടിക്കുക. ഈ വ്യായാമം പ്രസവശേഷമുള്ള പൊണ്ണത്തടിക്കും കുടവയറിനും ഒരുപോലെ ഫലപ്രദമാണ്. ഒരു പരിശീലകന്റെ സഹായത്തോടെ കൃത്യമായി ചെയ്യുന്ന യോഗാസനങ്ങളും വളരെയധികം ഫലം ചെയ്യുന്നതാണ്.

 

സ്‌ട്രെച്ച് മാര്‍ക്കുകള്‍

പ്രസവശേഷം സ്ത്രീകളെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നമാണ് വയറിലെ സ്‌ട്രെച്ച് മാര്‍ക്കുകള്‍. ത്വക്കിലെ ഇലാസ്റ്റിക് ഫൈബറുകള്‍ വിഘടിച്ചു പോകുന്നതാണ് സ്‌ട്രെച്ച് മാര്‍ക്ക് വരാന്‍ കാരണം. പ്രസവത്തോടെ വലിയൊരു ശതമാനം പേരിലും ഇത് ഒരു പരിധി വരെ അപ്രത്യക്ഷമാകും. എന്നാലത് പൂര്‍ണമായി മാറില്ല. പൂര്‍ണമായി മാറ്റാനുള്ള ക്രീമുകളോ മരുന്നുകളോ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുമില്ല. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ 5 മാസം മുതല്‍ ധന്വന്തരം തൈലം പതിവായി തേച്ചുകുളിക്കുന്നത് വളരെയധികം ഫലം ചെയ്യുന്നതായി കണ്ടുവരുന്നു. അതുപോലെ തന്നെ ഗര്‍ഭിണി 4-ാം മാസം മുതല്‍ പച്ചമഞ്ഞളരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗത്ത് പുരട്ടിയ ശേഷം കുളിക്കുന്നതും വയറില്‍ പാടുകളുണ്ടാകുന്നതു കുറക്കാന്‍ വളരെ നല്ലതാണ്. അതുപോലെ ലന്തക്കുരുവും ഇരട്ടിമധുരവും സമമായെടുത്തു പൊടിച്ചത് വെണ്ണയില്‍ സേവിക്കുന്നത് പാടുകളും ചൊറിച്ചിലും വരാതിരിക്കാന്‍ ഉത്തമമാണ്.

 

സ്തനസൗന്ദര്യം

പ്രസവശേഷം സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങി രൂപഭംഗി നഷ്ടപ്പെട്ടുവെന്ന് പലരും പരാതി പറയാറുണ്ട്. ദൃഢമായിരുന്ന സ്തനങ്ങള്‍ അല്‍പമൊന്നയഞ്ഞിരിക്കുക എന്നത് മുലയൂട്ടുന്ന അമ്മമാരുടെ ഒരു ഭാഗം മാത്രമാണ്. അനുയോജ്യമായ അളവിലുള്ള ബ്രാ ധരിക്കുന്നതിലൂടെയും, ശരിയായ രൂപത്തില്‍ നിവര്‍ന്നിരുന്ന് മുലയൂട്ടുന്നതിലൂടെയും, സ്തനങ്ങളെ താങ്ങി നിര്‍ത്തുന്ന പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങളിലൂടെയും ഈ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്.

 

കഴുത്തിലെ കറുപ്പ് നിറം

പ്രസവശേഷം സ്ത്രീകളില്‍ കണ്ടുവരുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് നെറ്റിത്തടത്തിലും കഴുത്തിനു ചുറ്റിലും കണ്ടുവരുന്ന കറുപ്പുനിറം. പ്ലാസന്റയില്‍ (മറുപിള്ള) നിന്നും ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളാണ് ഈ നിറംമാറ്റത്തിനു പിന്നില്‍. അതുകൊണ്ട് തന്നെ പ്രസവം കഴിയുന്നതോടെ ഈ ഹോര്‍മോണുകള്‍ ശരീരത്തില്‍നിന്ന് അപ്രത്യക്ഷമാവുകയും പ്രസൂതി കാലം കഴിയുന്നതോടെ ഏതാണ്ട് പൂര്‍ണമായും മാറുകയും പഴയ നിറം ലഭിക്കുകയും ചെയ്യും. സാധാരണ ഗതിയില്‍ ഈ കറുപ്പുനിറം മാറാന്‍ പ്രത്യേകം മരുന്നു കഴിക്കേണ്ടതില്ല. പ്രസൂതി കാലത്തുപയോഗിക്കുന്ന തെറ്റായ ആഹാരക്രമമവും അമിതമായ കൊഴുപ്പിന്റെ ഉപയോഗവും ശരീരത്തില്‍ വര്‍ധിച്ച തോതില്‍ കൊഴുപ്പടിയുന്നതിനും പൊണ്ണത്തടിക്കും കാരണമായിത്തീരുന്നു. ഇത്തരക്കാരില്‍ ഈ കറുപ്പുനിറം രണ്ട് മൂന്ന് മാസം കഴിഞ്ഞാലും മാറാതെ നില്‍ക്കുന്നു. ഇത് പരിഹരിക്കുന്നതിന് മഞ്ഞള്‍ പൊടിച്ച് നല്ലെണ്ണയില്‍ കുഴച്ച് ദേഹത്ത് പുരട്ടി തടവുന്നത് നന്നാവും.

 

മുടികൊഴിച്ചില്‍

പോഷക സമ്പുഷ്ടമായ ആഹാരത്തിന്റെ അഭാവമാണ് ഗര്‍ഭാവസ്ഥയിലും പ്രസവശേഷവും ഉണ്ടാകുന്ന മുടികൊഴിച്ചിലിന് പ്രധാനകാരണം. പ്രസവശേഷം പോഷകങ്ങളടങ്ങിയ ആഹാരം കഴിക്കുകയാണെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. അമിതമായി മുടി കൊഴിച്ചിലുള്ളവര്‍ അത് തടയുന്നതിനുള്ള വൈറ്റമിന്‍ ഗുളികകള്‍ ഒരു ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം കഴിക്കേണ്ടതാണ്. മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ ഒരു പരിധിവരെ തടയും. പാല്‍, മുട്ടയുടെ വെള്ള, വൈറ്റമിന്‍, പ്രോട്ടീന്‍ എന്നിവയടങ്ങിയ പഴവര്‍ഗങ്ങള്‍, ചീര, മുരിങ്ങയില, മത്തനില മറ്റ് ഇലക്കറികള്‍ എന്നിവ ധാരാളമായി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് മുടിക്ക് അഴകും ബലവും നല്‍കുന്നതിനും മുടികൊഴിച്ചില്‍ തടയുന്നതിനും ഉത്തമമാണ്.

 

പ്രസവശേഷമുള്ള മാനസിക പ്രശ്‌നങ്ങള്‍

പ്രസവം കഴിഞ്ഞയുടനെയുള്ള ദിവസങ്ങളില്‍ അമിതമായ ഉല്‍കണ്ഠ, വിഷാദം മുതലായ ലക്ഷണങ്ങള്‍ ചില സ്ത്രീകളില്‍ കാണാറുണ്ട്. ചിലസ്ത്രീകൡ ഇതിന്റെ തോത് കൂടി നൊന്തു പ്രസവിച്ച സ്വന്തം കുഞ്ഞിനെ ജീവാപായം വരുത്തുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നതു വരെയുള്ള സ്ഥിതിവിശേഷത്തിലേക്കു വരെ എത്തിപ്പെടാറുണ്ട്. ഗര്‍ഭാവസ്ഥയില്‍ രക്തത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ പ്രസവാനന്തരമുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങളാണ് ഇതിനു കാരണം. പ്രസവം കഴിഞ്ഞിട്ട് അമ്മ അബ്‌നോര്‍മലായി പെരുമാറുന്നുണ്ടെങ്കില്‍ ചികിത്സിക്കണം. വീട്ടിലുള്ള മറ്റുള്ളവര്‍ മാനസികമായ പിന്തുണ കൊടുത്താല്‍ തന്നെ അമ്മമാരെ ഇതില്‍നിന്ന് മോചിപ്പിച്ചെടുക്കാം.

ഗര്‍ഭധാരണ സമയത്തും പ്രസവാനന്തരവും ശരിയായ പരിചരണം ലഭിക്കുന്ന സ്ത്രീകള്‍ക്ക് പ്രസവശേഷം സൗന്ദര്യവും ആരോഗ്യവും വര്‍ധിക്കുന്നു. ഗര്‍ഭധാരണ സമയത്തുള്ള പ്രായം, മാനസികമായി ഗര്‍ഭധാരണത്തിലുള്ള താല്‍പര്യം, ആഹാരക്രമം, വ്യായാമം, വിശ്രമം എന്നിവയിലുള്ള കൃത്യത തുടങ്ങി നിരവധി ഘടകങ്ങള്‍ ഗര്‍ഭിണിയുടെ സൗന്ദര്യത്തെ സ്വാധീനിക്കുന്നുണ്ട്. ഗര്‍ഭപരിചരണവും പ്രസവാനന്തര ശുശ്രൂഷയും ശരിയായ വിധത്തില്‍ ലഭിക്കുകയാണെങ്കില്‍ മുന്‍പറഞ്ഞ രീതിയിലുള്ള പലവിധ ഉപദ്രവങ്ങളെയും ഇല്ലാതാക്കാന്‍ സാധിക്കും.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top