ബാലവേല വികസനത്തിന്റെ മറ്റൊരു മുഖം

അബ്ദുള്ള പേരാമ്പ്ര

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അധികാരം കൈയാളിയ ഭരണകൂടങ്ങളെല്ലാം പലപ്പോഴായി നിയമം കൊണ്ടുവരികയും അവ പ്രാവര്‍ത്തികമാക്കുന്നതില്‍ ജാഗരൂകരാവുകയും ചെയ്തിട്ടും ബാലവേല എന്ന ഗുരുതരവും ഗൗരവപൂര്‍ണവുമായ പ്രശ്‌നത്തിന് നാളിന്നുവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത് നമ്മുടെ നിയമ വ്യവസ്ഥയുടെ പോരായ്മയായോ അത് നടപ്പില്‍ വരുത്തുന്നതിലെ വീഴ്ചയായോ വേണം കാണാന്‍. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിന് ബാലവേല അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നന്നായി ബോധ്യമുണ്ടായിരുന്നു. അദ്ദേഹം തല്‍വിഷയത്തില്‍ ഗൗരവപരമായി ഇടപെട്ട ചരിത്രമുണ്ട്. അവിടുന്നിങ്ങോട്ട് 2016-ല്‍ എത്തിനില്‍ക്കുമ്പോള്‍, അടിമപ്പണി ചെയ്യുന്ന തൊഴിലാളികളുടെ വിശിഷ്യാ കുട്ടികളുടെ പുനരധിവാസത്തിനുള്ള പദ്ധതികള്‍ കാലോചിതമായി പരിഷ്‌കരിക്കാനും വാര്‍ഷിക ധനസഹായം 20,000-ല്‍ നിന്ന് ഒരു ലക്ഷമായി ഉയര്‍ത്താനും കേന്ദ്ര തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ ധനസഹായത്തിന്റെ പരിധി ഉയര്‍ത്തുന്നതിലല്ല, മറിച്ച് ബാലവേല തന്നെ ഇന്ത്യന്‍ സമൂഹത്തില്‍ പാടെ തുടച്ചുമാറ്റാനുള്ള ആര്‍ജവം എന്തുകൊണ്ട് ഒരു സര്‍ക്കാറും കൈക്കൊള്ളുന്നില്ല എന്നതാണ് ഗൗരവമാര്‍ജിക്കുന്നത്. ഒരു പുരോഗമന സമൂഹത്തിന് ഒരിക്കലും ഭൂഷണമല്ല ബാലവേല. ആരോഗ്യപരമായ ഒരു സമൂഹത്തിന്റെ നിര്‍മിതിക്ക് തീര്‍ത്തും വര്‍ജ്യമാകേണ്ട സാമൂഹ്യ തിന്മയാണിത്.

അടിമപ്പണിയുടെ പരിധിയില്‍ കുട്ടികള്‍ മാത്രമല്ല വരുന്നത്. അംഗവൈകല്യമുള്ളവര്‍ മുതല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ വരെ ഇതില്‍ ഉള്‍പ്പെടും. മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും നിര്‍ബാധം നടക്കുന്ന ഈ സമൂഹത്തില്‍ നിന്നും ബാലവേലയോ, അടിമപ്പണിയോ തുടച്ചുനീക്കാന്‍ എളുപ്പത്തില്‍ സാധിക്കില്ല. ഈയൊരു പ്രശ്‌നം ഇന്ത്യയുടേത് മാത്രമല്ല. വികസിത വികസ്വര രാജ്യങ്ങളിലെല്ലാം നടന്നുവരുന്ന ഒരു കാര്യമാണിത്. യുദ്ധവും ആഭ്യന്തര കലാപങ്ങളും ബാലവേലയുടെയും അടിമപ്പണിയുടെയും ഗ്രാഫ് ഉയര്‍ത്താനേ സഹായിച്ചിട്ടുള്ളൂ. സിറിയ, ഇറാന്‍, ഇറാഖ് തുടങ്ങി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥി പ്രവാഹം ഉണ്ടാവുമ്പോള്‍ അതില്‍ ഏറ്റവും ചൂഷണത്തിന് വിധേയമാവുന്നവരില്‍ കുട്ടികളും സ്ത്രീകളുമാണ്. അനാഥമാക്കപ്പെടുന്ന ബാല്യങ്ങളും വിധവകളാക്കപ്പെടുന്ന സ്ത്രീകളും ജീവിക്കാന്‍ വേണ്ടി ഒരു തൊഴില്‍ എന്ന നിലക്കാണ് അടിമ വേലകളിലേക്ക് തിരിയുന്നത്. ഏറ്റവും എളുപ്പത്തില്‍ ചൂഷണത്തിന് വിധേയമാക്കാന്‍ കഴിയുന്നത് കുട്ടികളെയും സ്ത്രീകളെയുമായതുകൊണ്ട് ഈ രംഗത്ത് ഒരു ചൂഷിത വര്‍ഗം തന്നെ സൃഷ്ടിക്കപ്പെടുന്നു. ഈ വിഭാഗത്തില്‍ നിന്നും അരികുവല്‍ക്കരിക്കപ്പെട്ട അടിമ ജീവിതങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി പ്രകാരം അടിമപ്പണി ചെയ്യുന്ന ഒരു പുരുഷന് ഒരു ലക്ഷം രൂപയും, അങ്ങേയറ്റം പ്രാരാബ്ധങ്ങള്‍ പേറുന്നവര്‍ക്ക് 3 ലക്ഷം രൂപയും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിലുപരി ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം അടിമപ്പണിയുടെ അവാന്തര വിഭാഗങ്ങളായ സംഘടിത ഭിക്ഷാടനം, നിര്‍ബന്ധിത വേശ്യാവൃത്തി, ബാലവേല എന്നിവയില്‍ ഏര്‍പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനമത്രെ. അങ്ങനെയൊക്കെയാണെങ്കിലും കേന്ദ്രസര്‍ക്കാറും തൊഴില്‍ മന്ത്രാലയവും ഉണര്‍ന്നു പ്രവര്‍ത്തിച്ചാലേ ഈ സാമൂഹിക വിപത്ത് ഇല്ലായ്മ ചെയ്യാന്‍ കഴിയൂ. മാത്രമല്ല, നിയമത്തിലെ ചില പഴുതുകള്‍ പൂര്‍ണമായും ഇല്ലാതാക്കുകയും വേണം. അതിനൊരു ഉദാഹരണമാണ്, പതിനാല് വയസ്സിനു മുകളിലുള്ള കുട്ടികള്‍ കുടുംബ വ്യവസായങ്ങളിലോ വിനോദ വ്യവസായങ്ങളിലോ പണിയെടുക്കുന്നത് അനുവദിച്ചുകൊണ്ടുള്ള ബാലവേല നിരോധന നിയമത്തിലെ ചില ഭേദഗതികള്‍. ഇത് കഴിഞ്ഞ വര്‍ഷമാണ് പാസ്സാക്കിയതെന്നോര്‍ക്കണം. സര്‍ക്കാറിന്റെ ഈ വിഷയത്തിലെ ആത്മാര്‍ഥതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

ഒരു രാജ്യത്തിന്റെ സാമൂഹിക നിര്‍മിതിക്കും സാമ്പത്തിക സാഹചര്യങ്ങള്‍ക്കും അനുസൃതമായാണ് ആ രാജ്യത്തിലെ ബാലവേലകളും അടിമപ്പണികളും സൃഷ്ടിക്കപ്പെടുന്നത്. സാമൂഹിക നീതി എന്നത് ലിംഗഭേദമോ പ്രായഭേദമോ കൂടാതെ നടപ്പില്‍ വരുത്തുക എന്നത് ഒരു ജനാധിപത്യ വ്യവസ്ഥയുടെ നിര്‍ബന്ധിത കടമകളില്‍ പെട്ടതാണ്. ഒരു തൊഴിലിന്റെ ഘടന, സ്വഭാവം എന്നിവ അത് വീട്ടിലായാലും പുറത്തായാലും തുല്യ നീതിയോടെ കാണേണ്ടതാണ്. ഇന്ത്യയിലെ അപകടങ്ങള്‍ നിറഞ്ഞ തൊഴിലുകളുടെ എണ്ണം 83- ഓളം വരും. ഇവയില്‍ മിക്കതിലും പതിനാല് വയസ്സിനു താഴെയുള്ള കുട്ടികളാണ് തൊഴില്‍ ചെയ്യുന്നത്. പടക്ക നിര്‍മാണ ശാലകള്‍, ഹോട്ടല്‍ ശൃംഖലകള്‍, കശുവണ്ടി ഫാക്ടറികള്‍ തുടങ്ങി ഇരുമ്പ് ഉരുക്ക് വ്യവസായങ്ങളില്‍ വരെ കുട്ടിത്തൊഴിലാളികള്‍ തൊഴില്‍ നോക്കുന്നുണ്ട്. 2009-ലെ വിദ്യാഭ്യാസ നിയമപ്രകാരം 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നുണ്ടെങ്കിലും, ഇന്ത്യയിലെ പല വ്യവസായ മേഖലകളിലും കുട്ടികള്‍ തൊഴില്‍ ചെയ്യുന്നത് നിത്യസംഭവമാണ്. തെരുവുകളില്‍ കഴിയാന്‍ വിധിക്കപ്പെട്ട കുട്ടികളുടെ കണക്ക് സര്‍ക്കാറിനു തന്നെ അറിയില്ല. അപകടം പിടിച്ച തൊഴില്‍, വിശപ്പ്, രോഗം എന്നിവമൂലം ഇന്ത്യയില്‍ അഞ്ച് വയസ്സിനു താഴെയുള്ള 13,40,000- കുട്ടികള്‍ ഓരോ വര്‍ഷവും മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്. പോഷകാഹാരക്കുറവാണ് ഭീമമായ തോതില്‍ കുട്ടികള്‍ മരിക്കുന്നതിന് ഹേതുവാകുന്നത്. സ്‌കൂളുകളില്‍ അക്ഷരാഭ്യാസം നുകരുന്നതിനു പകരം പതിനൊന്ന് കുട്ടികളില്‍ ഒരാളെന്ന നിലയില്‍ ഇന്ത്യയില്‍ ബാലവേലാ രംഗത്ത് തൊഴില്‍ ചെയ്യുകയാണ് ലോകത്തുള്ള കുട്ടികളില്‍ 10-ല്‍ 3 എന്ന തോതില്‍ ഇന്ത്യയില്‍ തൊഴില്‍ ചെയ്യുന്നതായാണ് ലോക സംഘടനകളുടെ റിപ്പോര്‍ട്ടില്‍ കാണുന്നത്. പതിനെട്ട് വയസ്സിന് താഴെ പ്രായമാകുമ്പോള്‍ വിവാഹിതരാവുന്ന 47% സ്ത്രീകള്‍ അധിവസിക്കുന്ന രാജ്യമാണ് നമ്മുടേത്. 17.7 മില്ല്യണ്‍ കുട്ടികള്‍ ഇന്ത്യയില്‍ സ്‌കൂളുകളില്‍ നിന്ന് പുറത്താണ്. ഇത്രയും പേര്‍ മറ്റെന്ത് ചെയ്യുന്നു എന്നു ചോദിച്ചാല്‍ ഉത്തരം ലളിതം. അവര്‍ ഒന്നുകില്‍ ബാലവേലകളിലോ, ഭിക്ഷാടനത്തിലോ, ലൈംഗിക വൃത്തികളിലോ ഏര്‍പെട്ട് ജീവിതം ഹോമിക്കുന്നു എന്നു വ്യക്തം.

കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ തകരുമ്പോഴോ ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതെ പ്രയാസപ്പെടുമ്പോഴോ സ്വന്തം മക്കളെ വില്‍ക്കുകയോ, കൊല്ലുകയോ ചെയ്യുന്ന ഒരു സമൂഹം ഇവിടെ നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ നിന്നുപോലും അത്തരം വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല. ആദിവാസി മേഖലകളിലെ സാമൂഹിക-സാമ്പത്തിക അരക്ഷിതാവസ്ഥ അവരെ ഇത്തരം പാതകങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ട്. ദാരിദ്ര്യത്തെ അഭിസംബോധന ചെയ്യാതെയുള്ള ഒരു സമൂഹിക വ്യവസ്ഥിതിയില്‍ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ കഴിയില്ലതന്നെ. അറിവിനോടൊപ്പം ആഹാരവുമെന്ന നീതിബോധമാണ് ഭരണകൂടങ്ങള്‍ക്കുണ്ടാവേണ്ടത്. ഈ രംഗത്ത് എന്തുകൊണ്ടാണ് നാം ദുഃഖകരമാംവിധം പരാജയപ്പെടുന്നതെന്ന് ചിന്തിക്കേണ്ടതാണ്. ഇതെല്ലാം മുന്നില്‍കണ്ടുകൊണ്ടാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ.എല്‍.ഒ) 138, 182- കണ്‍വെന്‍ഷനുകള്‍ കുട്ടികള്‍ തൊഴിലില്‍ പ്രവേശിക്കുന്നതിന്റെ മിനിമം പ്രായം 18 വയസ്സാക്കി നിജപ്പെടുത്തിയത്. എന്നാല്‍ ഇന്ത്യയിലിന്ന് നിലവിലുള്ള നിയമങ്ങള്‍ ഐ.എല്‍.ഒയുടെ നിയമങ്ങള്‍ക്ക് അനുഗുണമല്ല എന്നു കാണാം. ഒരു സാമൂഹിക തിന്മ എന്ന നിലയില്‍ ബാലവേല ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകത ലോകരാജ്യങ്ങളെല്ലാം ഒറ്റ സ്വരത്തില്‍ ഉയര്‍ത്തുകയും അതിലേക്കുള്ള ശക്തമായ നടപടി എന്ന നിലയില്‍ നിയമനിര്‍മാണങ്ങളും നിരീക്ഷണങ്ങളും കൊണ്ടുവരികയും ചെയ്യുമ്പോള്‍, ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങള്‍ പോലും കര്‍ക്കശമാക്കാതെ വെള്ളം ചേര്‍ക്കുന്ന സമീപനത്തിലേക്കാണ് നീങ്ങുന്നത്. ഇത് നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാവര്‍ക്കും തുല്യനീതിയെന്ന സങ്കല്‍പത്തെ ശിഥിലമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top