നിലാമഴയത്ത്..... (ആച്ചുട്ടിത്താളം - 2)

സീനത്ത് ചെറുകോട് വര : ശബീബ മലപ്പുറം

നിലാവ് പരന്നൊഴുകുകയാണ്. തൊടിയിലെ മരങ്ങള്‍ക്കു താഴെ അത് നിഴലിന്റെ ഏതൊക്കെയോ രൂപങ്ങള്‍ തീര്‍ത്തു. മൈലാഞ്ചി മണമുള്ള കാറ്റില്‍ നിഴല്‍ രൂപങ്ങള്‍ പതുക്കെ ചലിച്ചു. അവയ്ക്ക് ആരുടെയൊക്കെയോ മുഖങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. 

മുറ്റത്ത് തീപൂട്ടി വല്ല്യമ്മായി വെളഞ്ഞി ഉരുക്കുകയാണ്. അതിന്റെ മണം എനിക്കിഷ്ടമാണ്. ചക്കക്കാലം മുഴുവന്‍ വലിയ കോലില്‍ വെളഞ്ഞി ശേഖരിച്ചു വെക്കും. ഓരോ പെരുന്നാളും കാത്ത് വട്ക്കിണിയുടെ ഇറയത്ത് വെളഞ്ഞിക്കോലുകള്‍ വിശ്രമിച്ചു. നെല്ല് പുഴുങ്ങുന്ന വലിയ അലൂമിനിയക്കലം ഓട്ടയായത് ഉമ്മ വെളഞ്ഞി ഉരുക്കി അടക്കുന്നത് കണ്ടിട്ടുണ്ട്. അപ്പോള്‍ തന്നെ ''എത്രകാലാച്ചാത്ങ്ങനെ ഓട്ടീം അടച്ച്''എന്ന് തന്നോട് തന്നെ പറയും.

''വെറുതെ ഇരിക്കുമ്പൊ രണ്ട്  തക്ബീറ് ചൊല്ലിക്കൂടെ അനക്ക്'' 

അമ്മായി, പൊട്ടിയ പാത്രത്തിന്റെ പകുതി ചരിച്ചു വെച്ചതില്‍ വെളഞ്ഞി ഇളക്കിക്കൊണ്ട് ചൊല്ലല്‍ ഉച്ചത്തിലാക്കി. എടപ്പുലത്തെ വല്ല്യ പള്ളീലെ നകാരയുടെ ശബ്ദം കാറ്റിന്റെ ഗതിക്കനുസരിച്ച് ഉയര്‍ന്നും താഴ്ന്നും കേള്‍ക്കുന്നുണ്ട്. ഇശാഇന്റെ ബാങ്കിനു മുമ്പുള്ള നകാരയാണ്. കുത്ത്ക്കര പള്ളിയില്‍ നിന്ന് മൈക്കിലൂടെയുള്ള ബാങ്ക് നകാരയുടെ താളത്തിന് വിരാമമിട്ടു. 

വല്യപെരുന്നാളിന്റെ കഥ മദ്രസയില്‍ നിന്ന് ഉസ്താദ് പറഞ്ഞു തന്നിട്ടുണ്ട്. വയസ്സായ ഇബ്രാഹീം നബിക്ക് മലക്കുകള്‍ കുഞ്ഞിന്റെ സന്തോഷ വാര്‍ത്ത കൊടുത്തത്, ഇസ്മാഈലെന്ന കുട്ടിയുടെ കൊഞ്ചല്‍, കൗതുകത്തിന്റെ പ്രായത്തില്‍ മകനെ ബലിയറുക്കണമെന്ന റബ്ബിന്റെ കല്‍പന. കുട്ടികള്‍ ഞെട്ടിത്തരിച്ചിരിക്കെ ഉസ്താദ് പറഞ്ഞു ''ഇബ്രാഹിം, മകനെ ഒരുപാട് സ്‌നേഹിച്ചിരുന്നു. പക്ഷെ, അതിനേക്കാള്‍ റബ്ബിനെ സ്‌നേഹിച്ചു.''

ബലിക്കു വേണ്ടി ഒരുങ്ങിപ്പോകുന്ന ഇസ്മാഈലെന്ന മകന്‍ മനസ്സിലന്ന് ഏറെ നേരം തങ്ങിനിന്നു. ചാഞ്ചല്യമില്ലാത്ത മകന്‍. മകന്റെ കഴുത്തില്‍ കത്തിവെക്കുന്ന ബാപ്പ. വിറങ്ങലിച്ചു നില്‍ക്കുന്ന ഭൂമി. കാര്‍മേഘത്തിനുള്ളില്‍ കണ്ണടച്ച് മറഞ്ഞിരിക്കുന്ന ആകാശം. വീശാന്‍ മറന്ന കാറ്റ്. പക്ഷെ, കാരുണ്യത്തിന്റെ പൊരുളിനെന്തിനാണ് ചോരയും മാംസവും.? പകരം ഒരാടിനെ നല്‍കി. ഇബ്രാഹീം; ജയിച്ചു. ഇസ്മാഈലും. ഇസ്മാഈലിനെ പെറ്റു വളര്‍ത്തിയ ഹാജറ അതിനുമുമ്പേ ജയിച്ചിരുന്നു. ലോകത്ത് ആദ്യം ജയിച്ചവള്‍; കറുകറുത്ത ഒരു ഉമ്മ. ആ ഉമ്മയെ മനസ്സുകൊണ്ട് ഏറെ ഇഷ്ടപ്പെട്ടു. ഓരോ വല്യപെരുന്നാളും മനസ്സിന്റെ ഉള്ളില്‍ എന്തൊക്കെയോ വിചാരങ്ങള്‍ നിറച്ചു. തക്ബീറിന്റെ ഈണം അന്തരീക്ഷത്തില്‍ നിറയുകയാണ്. എല്ലാം കാണുന്നവന്റെ വലിപ്പത്തരം. സകല സ്തുതികളും അവനര്‍പ്പിച്ച് മനസ്സുകള്‍ കഴുകി ശുദ്ധിയാക്കുന്ന മനുഷ്യകുലം. ആ ദൃഷ്ടി ഒന്നിനെയും മറക്കുന്നില്ലല്ലോ. എല്ലാം കാണുന്ന അല്ലാഹു ആകാശത്തിലെവിടെയോ ആണെന്നു ഞാന്‍ ധരിച്ചു. എന്റെ കണ്ണുകള്‍ ആകാശത്തേക്കുയര്‍ന്നു.

സല്‍മതാത്തയും സൈഫുതാത്തയും ഉണ്ടായിരുന്നപ്പോള്‍ അവര്‍ കൈകളില്‍ വെളഞ്ഞികൊണ്ട് മനോഹരമായ ചിത്രങ്ങള്‍ വരക്കും. അതിനു മീതെ മൈലാഞ്ചിയിട്ട് ഉറങ്ങി ഉണരുമ്പോഴേക്ക് ഉണങ്ങിപ്പറ്റിയ മൈലാഞ്ചികറുത്തു കിടക്കും. അതു കഴുകിക്കളഞ്ഞ് മണ്ണെണ്ണകൊണ്ട് വെളഞ്ഞി കളഞ്ഞാല്‍ ചുവന്നു തുടുത്ത കൈയില്‍ വെളുത്ത ചിത്രങ്ങള്‍ മിഴിവോടെ നില്‍ക്കും. അവരുടെ കല്ല്യാണം കഴിഞ്ഞപ്പോള്‍ വല്ല്യമ്മായിയാണ് വെളഞ്ഞി ഉരുക്കാറ്.

അനിയന്‍ വെളഞ്ഞിച്ചട്ടിയുടെ മുമ്പിലിരുന്ന് ഉറക്കം തൂങ്ങി. അമ്മായി അവന്റെ കൈയില്‍ വെളഞ്ഞിയില്‍ ഈര്‍ക്കിള്‍ മുക്കി തെരുതെരെ കുത്തുകളുണ്ടാക്കിക്കൊടുത്തു. അവന്‍ ഞെട്ടി കൈ കുടഞ്ഞു.

''എന്തൊരു ചൂടാ. ച്ച് മതി.'' അവന്‍ കൈയില്‍ ഊതിക്കൊണ്ടിരുന്നു. വെളഞ്ഞിച്ചിത്രങ്ങള്‍ക്കുമീതെ അമ്മായി അവന് മൈലാഞ്ചി ഇട്ടുകൊടുത്തു. അവന്റെ മുഖത്ത് മൈലാഞ്ചിയുടെ തണുപ്പ്. അവനുറങ്ങാന്‍ പോയപ്പോള്‍ ഞാനെണീറ്റു. വെളഞ്ഞിപ്പുള്ളികള്‍ വേണ്ടെന്നു വെച്ചു.

''അനക്ക് മാണ്ടെ പെണ്ണെ'' 

വേണ്ടെന്ന് തലകുലുക്കി. ''ഞാന്‍ വെറുതെ പണിട്ത്തു''. അമ്മായി ആരോടെന്നില്ലാതെ പിറുപിറുത്തു. 

കീറിയ പായയില്‍ ആകാശം നോക്കി കിടന്നു. ജനലിലൂടെ നിലാവ് പായയിലേക്ക് നൂണ്ട്കയറി. നിലാവിനെ കെട്ടിപ്പിടിച്ചു കിടക്കണമെന്നു തോന്നി. മരിച്ചുപോയ ആത്മാക്കള്‍ ആകാശത്തിരുന്ന് ചിരിക്കുമ്പോഴാണ് നിലാവുണ്ടാവുന്നതെന്ന് ഏതോ കഥയില്‍ വായിച്ചതോര്‍ത്തു. ബാപ്പ ചിരിക്കുകയാവുമോ? ബാപ്പയു ണ്ടെങ്കില്‍ എന്നെ കെട്ടിപ്പിടിച്ച് ഉറങ്ങുമായിരുന്നോ?

ഉമ്മ അടുക്കളയില്‍ പണിയി ലാണ്. ഇറച്ചിവേവുന്ന മണം മൂക്കിനു ള്ളിലേക്ക് വലിച്ചു കയറ്റി.  

''പെണ്ണേ, കുട്ട്യാള് വരുമ്പോ ചോറ് വള്ളം വറ്റിച്ചണ്ടേ. പച്ചയ്‌രി മാങ്ങീക്ക്‌ണോ? ''

''ഇച്ചാത്തരെ* ചീരല്ല്ണ്ടയ്‌നീം. അരിവടെണ്ട്.''

വല്ല്യമ്മായുടെ ചോദ്യത്തിന് ഉമ്മാന്റെ മറുപടി കേട്ടതാണ്. തറവാ ട്ടിലെ പാടത്ത് കൊയ്തുകെട്ടി, തല്ലിയള ന്നാല്‍ പതം കിട്ടുന്ന ഇത്തിരി നെല്ല് കുത്തിയെടുത്താല്‍ അതികമുണ്ടാവില്ല. ചീരനെല്ലാണെങ്കില്‍ വളരെ കുറച്ചേ കൃഷിചെയ്യൂ.  വെളുത്തുമെലിഞ്ഞ ചീര നെല്ല് എനിക്ക് ഇഷ്ടാണ്.  അതിന്റെ അരിയുടെ മണം എത്രയായാലും മതിയാവില്ല.  നെയ്‌ച്ചോറ് വെച്ചാല്‍ തിന്നാല്‍ പൂതി തീരൂല.  ചീരരിയുടെ നെയ്‌ച്ചോറും ഇറച്ചിച്ചാറും ഓര്‍ത്ത പ്പോള്‍ സന്തോഷം തോന്നി.  വായനശാലയുടെ തിണ്ടിലിരുന്ന് പപ്പടം വില്‍ക്കുന്ന ചെട്ടിച്ചിയമ്മയുടെ അടുത്തുന്ന് വല്ല്യപപ്പടം വാ ങ്ങിയിട്ടുണ്ട്.  പൊള്ളിയാ വല്ല്യപ പ്പടത്തിന്റെ സ്വര്‍ണ്ണ നിറം മുഖത്ത് തെളിഞ്ഞത് അയലിലെ നിറം മങ്ങിയ പാവാടയില്‍ തട്ടി അണഞ്ഞു.  ഐദറാക്കാന്റെ പീടികയില്‍ നിന്ന് വസന്തം കളര്‍ വാങ്ങി മുക്കിയെടുത്ത പാവാട അയലില്‍ നിവര്‍ന്നുകിടന്നു.  മങ്ങിയ നിറത്തിന് തെളിച്ചം കിട്ടിയോ? സെയ്ഫുത്താത്തയും സല്‍മത്താത്തയും കെട്ടിച്ച പെരേന്ന് വരുമ്പോ അവര്‍ക്ക് പുതിയ സാരിയും കുപ്പായവും ഉണ്ടാകും.  അനിയന്റെ അളുക്കില്‍, ആളുകള്‍ നേര്‍ച്ചനേര്‍ന്ന് കിട്ടിയ അഞ്ചിന്റെയും രണ്ടിന്റെയും മുഷിഞ്ഞ നോട്ടുകള്‍ പെറുക്കി ഉമ്മ അവന് പാന്റും കുപ്പായവും വാങ്ങിക്കൊടുത്തിട്ടുണ്ട്.  ജനിക്കുന്നതിന് മുമ്പേ ബാപ്പ മരിച്ച കുട്ടികള്‍ക്ക് നേര്‍ച്ച നേരുന്ന പതിവ് ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു.  അനിയന്റെ അളുക്കില്‍ ഇടക്ക് മുഷിഞ്ഞ നോട്ടുകള്‍ വീണത് അങ്ങനെയാണ്.  ഒരു നേര്‍ച്ചയിലും പെടാതെ എന്റെ പാവാടകള്‍ മുഷിഞ്ഞു നരച്ചുകിടന്നു.  

എന്തോ മഴപെയ്യണമെന്ന് തോന്നി അപ്പോള്‍.  നിലാപെയ്ത്തിന് മേലെ ശക്തമായ മഴ... മഴ പെയ്താല്‍ സൈനമ്മായിയെ ഓര്‍ക്കും.

കവുങ്ങിന്‍ തോട്ടത്തിലെ പനമ്പട്ട കെട്ടിയ ഇരിപ്പിടത്തില്‍ സൈനമ്മായി കുന്തിച്ചിരിക്കുന്നുണ്ട്. പൊറത്തക്കണ്ടത്തിലെ വിളഞ്ഞ നെല്ലിനും മുളച്ച വിത്തിനും കാവലിരിക്കുന്ന മുഖത്തെ ചിരിക്ക് നിഷ്‌ക്കളങ്കതയുടെ ഭംഗി.

'എര്‍റോ....' എന്ന് തത്തകളേയും മറ്റു കിളികളേയും ആട്ടുന്ന അമ്മായി അദ്ഭുതമായിരുന്നു എന്നും.  കാണാപുറത്തിരുന്ന് തന്നെ ആരൊക്കെയോ ചീത്തവിളിക്കുന്നുണ്ടെന്ന് വിശ്വസിച്ച് ഉറക്കെ വര്‍ത്തമാനം പറയുന്ന അമ്മായി, മറഞ്ഞിരിക്കുന്നവരെ ചീത്തപറഞ്ഞും അസ്വസ്തപ്പെട്ടും ''കൂട്ടക്കാര് തൊയ്‌രം തര്ണില്ലണ്ണ്യേ'' എന്ന് നമ്മെ നോക്കി കണ്ണ് നിറക്കുമ്പോള്‍ പ്രയാസം തോന്നിയിട്ടുണ്ട്.  തനിക്കിടാനുള്ള പെങ്കുപ്പായം സൂചികൊണ്ട് തുന്നിത്തീര്‍ത്ത് കഴുത്തിലും കൈയിലും ഭംഗിയുള്ള ചിത്രപ്പണികള്‍ ചെയ്യുന്ന അവരുടെ ഞരമ്പ് പൊങ്ങിയ എല്ലിച്ച കൈകളിലേക്ക് വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട്.  

വിത്തിന്റെ കണ്ണ്, വെയില്‍ തട്ടി കരിയുമെന്ന് പേടിച്ച് വറ്റിയ കണ്ടംനോക്കി അവര്‍ ഉറക്കെപ്പാടി

''പേപ്പജ്ജ് മയേ.....

പേപ്പജ്ജോ....

ആനക്കും തവളക്കും

മുങ്ങിക്കുളിച്ചാന്‍ ബെള്ളല്ലോ.....''

മാനത്തെ രഹസ്യ അറക്കുള്ളില്‍ വാതിലടച്ചിരിക്കുന്ന കാര്‍മേഘം, പെരുമഴയായി മണ്ണില്‍ വീഴാന്‍ ആ വരികള്‍ക്ക് ശക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിച്ചു. 

പിഞ്ഞിയ പായയില്‍ ചുരുണ്ട് കിടന്ന്, നാളെ പള്ളിയിലേക്ക് നരച്ചപാവാടയുമായി കയറി പോവാതെ മഴയില്‍ നനഞ്ഞ് ചായമൊലിക്കുന്ന പാവാടയുമായി തിരികെ നടക്കാന്‍ മനസ്സില്‍ മഴക്കുവേണ്ടി ഞാനും ഉറക്കെപ്പാടി.

''പേപ്പജ്ജ് മയേ.....

പേപ്പജ്ജോ....''

എന്റെ പാട്ടിന് ആകാശത്തിന്റെ രഹസ്യ അറ തുറക്കാനുള്ള കെല്‍പ്പില്ലായിരുന്നു. 

എപ്പോഴാണ് ഉറങ്ങിയതെന്ന് ഓര്‍മ്മയില്ല.  ഉറക്കത്തില്‍, നിര്‍ത്താതെ മഴപെയ്തുകൊണ്ടേയിരുന്നു.  കല്ലുമലയില്‍ നിന്നും പനിച്ചക കുന്നില്‍ നിന്നും മഴവെള്ളം താഴേക്ക് കുത്തിയൊലിച്ചു.  പൊറീത്തക്കുളവും പൊറത്തെക്കണ്ടവും പാലക്കപ്പാടവും ചോറ്റമ്പറമ്പും മഴയില്‍ നനഞ്ഞു കുതിര്‍ന്നു.  നോക്കി നോക്കി നില്‍ക്കേ കലങ്ങിയ മഴവെള്ളത്തില്‍ നെല്ലും വാഴയും ചേമ്പും കായ്ക്കറിയും എല്ലാം മറഞ്ഞുകൊണ്ടിരുന്നു.  

വാഴത്തണ്ടിന്റെ ചെങ്ങാടത്തില്‍ ചാടിത്തിമിര്‍ത്ത കുട്ടികളുടെ മുഖത്ത് പരിഭ്രാന്തി.  കൈയും കാലുമിട്ട് ആഞ്ഞ് തുഴഞ്ഞ് എല്ലാവരും കവുങ്ങിന്‍തോട്ടത്തില്‍ കിതച്ചുപറ്റേ... എന്റെ വാഴത്തണ്ട് മാത്രം കലക്കവെള്ളത്തില്‍ തലകുത്തി മറിഞ്ഞു.  നീന്തിയും മറിഞ്ഞും ചക്കാലപ്പാടത്തെ നടുപിളര്‍ന്നു നില്‍ക്കുന്ന കുട്ടിപ്പാറയുടെ വക്കില്‍ കൈതൊട്ടു.  ഒച്ചയും ബഹളവുമില്ല.  നിറഞ്ഞ വെള്ളത്തിന്റെ ചുവപ്പില്‍ മൗനം നിറഞ്ഞു.  പേടി തോന്നിയില്ല.  ശാന്തത.  കനക്കുന്ന ശാന്തത. 

വെള്ളത്തിനു മുകളിലൂടെ ആച്ചുട്ടിയുടെ കീറിയ ഓലക്കുടയുടെ വട്ടം.

''ഞ്ചെകുട്ട്യേ...... എന്തായീ കാട്ട്ണ്....''

വെള്ളത്തിന് മുകളിലൂടെ ആച്ചുട്ടിയുടെ കൈപിടിച്ച് വേഗത്തില്‍ നടന്നു. ആച്ചുട്ടിയുടെ കണ്ണ് നിറ ഞ്ഞൊഴുകി, കരിമ്പന്‍ കുത്തിയ കുപ്പായത്തിലൂടെ അരഞ്ഞാണിലൂടെ മുഷിഞ്ഞ പുള്ളിത്തുണിയിലൂടെ പിന്നെയും പിന്നെയും വെള്ളത്തിന്റെ ഉയര്‍ച്ച കൂടിക്കൊണ്ടിരുന്നു.  ഈ കണ്ണില്‍ നിന്നാണോ ഇത്രയും വെള്ളമുണ്ടായത്? ഞാന്‍ ആച്ചുട്ടിയെ മിഴിച്ചു നോക്കി.  

''ആച്ചുട്ട്യേ.....''

ഉണരുമ്പോള്‍ തൊണ്ടതടഞ്ഞ വിളി പുറത്തേക്കുവന്നില്ല.  കിതപ്പടക്കി, കണ്ണുതിരുമ്മി മുറ്റത്തേക്കിറങ്ങി.  മഴ പെയ്തിട്ടില്ല.  ഇലത്തുമ്പിലെ മഞ്ഞുതുള്ളികള്‍ മണ്ണ്‌തൊടാന്‍ ഒരുങ്ങിനില്‍ക്കുന്നുണ്ട്.  അതിലപ്പുറം എവിടെയും നനവില്ല. വെളഞ്ഞി ഉരുക്കാന്‍ കൂട്ടിയ അടുപ്പിലെ ചാരത്തില്‍ ഉറങ്ങുന്ന പൂച്ച കാലനക്കം കേട്ട് കണ്ണുതുറന്നു. പതിയെ ഒന്ന് വായ തുറന്ന് പിന്നെയും അത് കണ്ണടച്ചു.

എന്തിനെന്നറിയാതെ സങ്കടം വന്ന് ചങ്കില്‍ നിറഞ്ഞു.  കലക്കവെള്ളത്തിലെ നിലംതൊടാത്ത ആച്ചുട്ടിക്കാലുകള്‍ മനസ്സില്‍ കയറിയിറങ്ങിക്കൊണ്ടിരുന്നു.  

കുളികഴിഞ്ഞു, നരച്ചപാവാട യുടുത്ത് പാടവരമ്പിലൂടെ പള്ളിയിലേക്ക് ഒറ്റക്ക് നടക്കുമ്പോള്‍ ഓര്‍ത്തു, ഇവിടെനിന്ന് പോകണം.  എങ്ങോട്ടെങ്കിലും......

(തുടരും)

 

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top