14 സെക്കന്റെങ്കിലും നോക്കാതിരിക്കാന്‍....

കെ.പി സല്‍വ

എല്ലാ 'അവനവന്‍ പടി'ക്കലും നിര്‍ത്തുന്ന ഒരു കുട്ടിബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. വലിയൊരങ്ങാടിയിലെ ചെറിയ ബസ്റ്റോപ്പിന് മുമ്പില്‍ ബസ് കുറച്ച് സമയം നിര്‍ത്തിയിട്ടു. അതില്‍ ഒരു യുവതി കൈയിലൊരു വാനിറ്റിബാഗും കണ്ണില്‍ അലക്ഷ്യമായ നോട്ടവുമായി നില്‍ക്കുന്നു. കണ്ണൊഴിച്ച് മുന്‍കൈയും മുഖവുമടക്കം എല്ലാം മറച്ചൊരു സുന്ദരി. നമ്മളു പഠിച്ച കിത്താബിലും ഋഷിരാജ് സിങ്ങിന്റെ കിത്താബിലുമൊന്നും പെണ്ണ് പെണ്ണിനെ നോക്കുന്നതില്‍ 'നോ കമന്റ്' അതുകൊണ്ട് നല്ലോണം നോക്കി. ഞാന്‍ മാത്രമല്ല, ആ ബസ്സിലെ എല്ലാവരുടെയും കണ്ണ് അവളിലായിരുന്നു. അറബിക്കഥകളിലെ രാജകുമാരിയോ മറ്റോ ആണെന്ന് തോന്നും. അത്രയും ഒത്ത ശരീരവും അംഗലാവണ്യവുമുള്ള അവളെ ഞാന്‍ മാത്രം നോക്കാതിരുന്നാല്‍, സാമാന്യം തടിയുള്ള എന്റെ കുശുമ്പാണെന്ന് കരുതിയാലോ. അല്ലെങ്കിലും ഞാന്‍ സൗന്ദര്യം ആസ്വദിക്കാറുണ്ട്. കാണാന്‍ പാടില്ലാത്തിടത്തല്ലെ ദൃഷ്ടി താഴ്‌ത്തേണ്ടതുള്ളൂ. ഭംഗിയായെഴുതിയ കണ്ണിലുണ്ട് മുഖത്തിന്റെ മുഴുവന്‍ അഴകും. സ്വര്‍ണ വര്‍ണമുള്ള പ്രിന്റുള്ള കറുത്ത തുണിയുടെ മുകളില്‍ നേര്‍ത്ത കറുത്ത തുണിയുടെ പര്‍ദ്ദ. അരക്കെട്ടിന്റെ ഒതുക്കം ഏറ്റവും വശ്യമാക്കുന്ന കട്ടിങ്ങും പിന്നിലേക്കുള്ള അലസമായ കെട്ടും. ഇങ്ങനെ തുടങ്ങി അംഗവടിവുള്ള ആ പെണ്ണിന്റെ എല്ലാ അഴകിനേയും മിഴിവോടെ കാണിക്കുന്നതായിരുന്നു അവളുടെ വസ്ത്രം. ഇങ്ങനെയൊരു പര്‍ദ്ദ ഡിസൈന്‍ ചെയ്ത് മാര്‍ക്കറ്റിലെത്തിക്കാന്‍ എത്രയോ പേരുടെ സമയവും ഊര്‍ജവുമൊക്കെ ചെലവായിട്ടുണ്ടാകും. അത് നമ്മുടെ അളവിനും അഴകിനുമൊക്കെ പാകമാക്കിയെടുക്കാനും ഒരുപാട് അധ്വാനമായിട്ടുണ്ടാവും. എന്നിട്ടും പിന്നെ 14 സെക്കന്റെങ്കിലും പുരുഷന്‍ സ്ത്രീയെ നോക്കാന്‍ പാടില്ലാന്ന് പറയുന്നത്, മിതമായി പറഞ്ഞാല്‍ ഭേദഗതി ആവശ്യമായ നിയമമാണ്. 

പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടേണ്ടത് വൃത്തിയും മാന്യവുമായ വസ്ത്രത്തിലായിരിക്കണമെന്നതില്‍ രണ്ടഭിപ്രായമില്ല. പക്ഷേ വസ്ത്രവും ശരീരവും മാത്രമല്ല ശരീരഭാഷ പോലും മാര്‍ക്കറ്റൈസ് ചെയ്തു കഴിഞ്ഞ ഒരു സമൂഹത്തില്‍, ഒരു വ്യക്തിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന നോട്ടങ്ങളും അവയുടെ നീളവും അയാള്‍ക്ക് കിട്ടുന്ന അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്ഷമായിരിക്കുന്നതിനേക്കാള്‍ സമയം അതിനുവേണ്ടിയുള്ള ഒരുങ്ങലിനായി ചെലവഴിക്കേണ്ടി വരുന്നുണ്ട്. തലമുടി മുതല്‍ കാല്‍നഖം വരെ ചെലവേറിയതോ കുറഞ്ഞേതാ ആയ സൗന്ദര്യവല്‍ക്കരണത്തിലൂടെ മറ്റുള്ളവരുടെ മുമ്പില്‍ ആകര്‍ഷണീയമായിരിക്കുക എന്നത് സാര്‍വാംഗീകൃതമായ ഒരു സമൂഹത്തില്‍ 14 സെക്കന്റ് നോട്ടം പാപമാകുന്നത് വിരോധാഭാസമാണ്. മദ്യശാലകള്‍ക്ക് പെര്‍മിറ്റ് നല്‍കുകയും അത് നിരോധിക്കാന്‍ നിയമം കൊണ്ടുവരികയും ചെയ്യുന്ന ഔചിത്യബോധമാണല്ലോ നാട് ഭരിക്കുന്നത്.

വസ്ത്രം, തയ്യല്‍, ധരിക്കുന്ന രീതികള്‍ എന്നിവയെല്ലാം അടിക്കടിയുള്ള മാറ്റത്തിന് വിധേയമാണ്. ഉത്തരാധുനികത ഇത്ര നന്നായി പ്രയോഗത്തിലാക്കിയ മറ്റൊരു രംഗമില്ലെന്ന് പറയാം. കോസ്റ്റിയൂം ഡിസൈനിങ്ങ് അപാര സാധ്യതകളുള്ള ഒന്നായി വളരെ പെട്ടന്ന് വളര്‍ന്നിരിക്കുന്നു. ഭാവനയിലുള്ളത് ഡിസൈന്‍ ചെയ്യാന്‍ ആവശ്യമായ തുണികളും തയ്യല്‍ സാമഗ്രികളും വിദഗ്ധരും വിപണിയില്‍ സുലഭമാണ്. റെഡിമെയ്ഡ് വസ്ത്രലോകവും മനസ്സിലുള്ളത് മാനത്ത് കാണിക്കും വിധം വിവിധമാണ്. വസ്ത്രം ഒരു പ്രത്യേക കളറിലോ, മോഡലിലോ തുണിയിലോ ഒന്നും ഉറച്ച് നില്‍ക്കുന്ന ഒന്നല്ല. ശരീരത്തിന്റെയും വസ്ത്രത്തിന്റെയും പ്രദര്‍ശനത്തെ സെല്‍ഫിയുടെയും നവമാധ്യമങ്ങളുടെയും ലോകം നന്നായി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണത്തിലും രണ്ട് മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായത് ചടുലമായ മാറ്റങ്ങളാണ്. ഈ മാറ്റത്തെ മൂന്ന് ധാരയില്‍ കൃത്യമായി അടയാളപ്പെടുത്താനാവും. കേരളത്തിലെ സമകാലിക മുസ്‌ലിം ആത്മീയ, വൈജ്ഞാനിക, സാമൂഹ്യ മാറ്റങ്ങളെ അവ സൂക്ഷ്മമായി പ്രതിനിധാനം ചെയ്യുന്നുമുണ്ട്. ഖുര്‍ആന്‍, പള്ളി, ദിക്‌റ് ദുആ, ഇഅ്തികാഫ്, ജമാഅത്തുകള്‍ എന്നിങ്ങനെ ഒരു കാലത്ത് തങ്ങള്‍ പരിഗണിക്കാന്‍ മറന്നുപോയ ആത്മീയതയിലേക്ക് അതീവ വേഗതയിലും തീവ്രതയിലും നീങ്ങുന്ന സ്ത്രീകള്‍ പര്‍ദ്ദയും വലിയ മക്കനകളും ഉപയോഗിക്കുന്നു. പര്‍ദ്ദയോടൊപ്പം മാത്രമല്ല മറ്റു സാധാരണ വസ്ത്രങ്ങളോടൊപ്പവും ഈ വലിയ മക്കനകള്‍ ഉപയോഗിക്കുന്ന യുവതികള്‍ ധാരാളമുണ്ട്. ഇവരില്‍ മുഖം മറക്കുന്നവരും മറക്കാത്തവരുമുണ്ട്. മറ്റൊന്ന് അക്കാദമിക, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്ന യുവതലമുറ കുറച്ചുകൂടി ചലന സ്വാതന്ത്ര്യമുള്ള ശരീര പ്രദര്‍ശനം കുറഞ്ഞ വസ്ത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. കൃത്യമായ ഒരു മാതൃകയില്ലെങ്കിലും നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന രീതിയില്‍ സൗകര്യപ്രദമായ കോമ്പിനേഷനുകള്‍ അതില്‍ സാധ്യമാണ്. മൂന്നാമത്തെ വിഭാഗം മുസ്‌ലിം സ്ത്രീയുടെ സ്വത്വ ചിഹ്നത്തെ ആഘോഷിക്കുന്നവര്‍, ഒരു ഉദാഹരണം പറയാം. കാമ്പസില്‍ പഠിക്കുന്ന കാലത്ത് സമത്വവും വിപ്ലവവും കമ്മ്യൂണിസവും പറഞ്ഞു നടന്നിരുന്ന നിര്‍മത വാദികളായ രണ്ട് സീനിയര്‍ മുസ്‌ലിം സുഹൃത്തുക്കളുണ്ടായിരുന്നു. വിവാഹം ഉറപ്പിച്ചതായിരുന്നു. വേഷത്തിലും നടപ്പിലും ഭാവത്തിലുമെല്ലാം കേരളത്തിലെ സവര്‍ണ ഹിന്ദു മാതൃകകള്‍. ഇവരുടെ മകള്‍ക്ക് ഹിജാബിനോട് താല്‍പര്യം. കൂടെ പഠിക്കുന്ന മുസ്‌ലിം കുട്ടികള്‍ നല്ല മൊഞ്ചുള്ള തട്ടങ്ങള്‍ തലയില്‍ ചുറ്റിവരുന്നത് കാണുമ്പോഴാണ് ഇവള്‍ക്കും പൂതി തോന്നുന്നത്. ഏത് സ്വത്വവാദവും ഒരു ഘട്ടം കഴിഞ്ഞാല്‍ ആത്യന്തികതയിലേക്ക് നീങ്ങുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഹിജാബ്. മാറിടം മറയുന്നതിന് വേണ്ടി തലയില്‍ നിന്നും താഴ്ത്തിയിടാന്‍ പറഞ്ഞ ഒരു വസ്ത്രം മാറിടത്തെ അവഗണിച്ച് മുഖത്തിന് ചുറ്റും തലയില്‍ ചുറ്റിവെക്കുന്ന ഒന്നായി മാറി. മുന്‍കൈയും മുഖവുമൊഴിച്ചുള്ള ഭാഗങ്ങള്‍ മറക്കുന്ന ഏത് വസ്ത്രവും ഇസ്‌ലാമികമെന്നോ മുസ്‌ലിം ഫാഷനെന്നോ അറിയപ്പെടാന്‍ തുടങ്ങി. പര്‍ദ്ദയടക്കം നാനാതരം ഗൗണുകള്‍, ചുരിദാര്‍, സ്‌കര്‍ട്ട് പാന്റ്‌സ്, ടോപ്പ് എല്ലാതരം വസ്ത്രങ്ങളും മുന്‍കൈയും മുഖവുമൊഴിച്ചുള്ള ഭാഗങ്ങള്‍ മറച്ചുകൊണ്ട് ശരീരത്തെ പ്രദര്‍ശിപ്പിക്കുന്നവയായി. ഇരുപത് വര്‍ഷത്തിനിങ്ങോട്ടുളള പര്‍ദ പരസ്യങ്ങള്‍ മാത്രം എടുത്ത് പഠിച്ചാല്‍ ഈ വസ്തുത വളരെ വ്യക്തമാകും.

വസ്ത്ര, സൗന്ദര്യ ശീലങ്ങൡ വന്നിട്ടുള്ള ഈ മാറ്റങ്ങള്‍ പ്രാഥമികമായിത്തന്നെ ഡിമാന്റ് ചെയ്യുന്നത് പൊതുജനത്തന്റെ നോട്ടത്തെയാണ്. തന്നെ കാണുന്നവരുടെ നോട്ടത്തില്‍ തന്റെ മുഖവും ശരീരവും ശരീരഭാഷയും ആകര്‍ഷണീയമായിരിക്കുക എന്നതാണ്. ഈ നോട്ടം തന്നെ ആസ്വാദനത്തിന്റെ തലത്തിലേക്കെത്തുകയും ചെയ്യുന്നു. 14 സെക്കന്റല്ല മണിക്കൂറുകള്‍ തന്നെ നോട്ടത്തെ പിടിച്ചു നിര്‍ത്താനുള്ള കോപ്പുമായാണ് ആണും പെണ്ണും പുറത്തിറങ്ങുന്നത്. എന്നിട്ടും ഈ സംസ്‌കാരത്തെയല്ല മറിച്ച് പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായവരുടെ അഴകിനെ ആസ്വദിക്കുന്നതിനെയാണ് നമ്മള്‍ വിമര്‍ശിക്കുന്നത്. അതെങ്ങനെയാണ് അതിക്രമമാവുക. പ്രദര്‍ശിപ്പിക്കാന്‍ അവകാശമുണ്ടെങ്കില്‍ നോക്കാനും അവകാശം വേണ്ടേ?

സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നതും ശരീരത്തിലേക്ക് ആകര്‍ഷിക്കുന്നതുമെല്ലാം അവകാശത്തിന്റെയോ അതിക്രമത്തിന്റേയോ തലത്തിലല്ല ഇസ്‌ലാം കാണുന്നത്. മറിച്ച് പൊതു-സ്വകാര്യ ഇടങ്ങളിലുണ്ടാവേണ്ട സദാചാര ശീലങ്ങളായിട്ടാണ്. ശരീരഭാഗങ്ങള്‍ തെളിഞ്ഞും മുഴച്ചും കാണുംവിധമുള്ള വസ്ത്രം, ശ്രദ്ധ ക്ഷണിക്കും വിധം ശബ്ദമുണ്ടാക്കിക്കൊണ്ടുള്ള നടത്തം എന്നിവയെല്ലാം ആണും പെണ്ണും ഒഴിവാക്കേണ്ട ശീലങ്ങളാണ്. അതേസമയം ഇണകള്‍ക്കിടയില്‍ ശരീരം തന്നെ വസ്ത്രമാകുന്നതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു. അവിടെ പ്രകടമാവേണ്ട അഴകും വശ്യതയും സുഗന്ധവുമെല്ലാം സുന്നത്തും പറഞ്ഞു തരുന്നുണ്ട്. കാരണം മനുഷ്യ ശരീരത്തിന്റെ വിശേഷിച്ചും സ്ത്രീ ശരീരത്തിന്റെ സൗന്ദര്യത്തിന് എന്തെങ്കിലും നന്മ ചെയ്യാനുണ്ടെങ്കില്‍ അത് ദാമ്പത്യത്തിലാണ്; കുടുംബത്തിന് പുറത്തല്ല. മനുഷ്യന്റെ ശരീരം തെരുവില്‍ പ്രദര്‍ശിപ്പിച്ചത് കൊണ്ട് വല്ല നന്മയും ഉണ്ടായതായി ആരെങ്കിലും അവകാശപ്പെട്ടിട്ടുണ്ടോ? എന്നിട്ടും നമ്മള്‍ കുട്ടികളെ ചെറുതിലേ അപകടകരമായ ശീലം പഠിപ്പിക്കുന്നു. വീടിനുപുറത്ത് പോകുമ്പോള്‍ എല്ലാവിധ അലങ്കാരങ്ങളും അണിയിക്കുകയും തിരിച്ചുവന്നാല്‍ എല്ലാം അഴിപ്പിച്ചു വെക്കുകയും ചെയ്യും. മാറി ചിന്തിച്ചുകൂടെ നമുക്ക്.

 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top