വൃദ്ധജനങ്ങള്‍ നന്മയുടെ തണല്‍ മരങ്ങള്‍

പി.കെ.ജമാല്‍

മുതിര്‍ന്നവരും വൃദ്ധരും ആദരവോടെ അംഗീകരിക്കപ്പെടുന്ന സമൂഹമാണ് അതിജീവനത്തിന് അര്‍ഹമാകുന്നത്. ജീവിതത്തിന്റെ സായംസന്ധ്യയില്‍ അവഗണന നേരിടേണ്ടിവരുന്നതിനെക്കാള്‍ കവിഞ്ഞ നിര്‍ഭാഗ്യമില്ല. മക്കളുടെയും കുടുംബത്തിന്റെയും കരുണാര്‍ദ്രമായ പരിരക്ഷണത്തില്‍ ജീവിത സായാഹ്നം കഴിച്ചുകൂട്ടാന്‍ വൃദ്ധജനങ്ങള്‍ക്ക് സാധിക്കണമെന്നത് പരിഷ്‌കൃത സമൂഹത്തിന്റെ അഭിലാഷമായിത്തീരേണ്ടതുണ്ട്. 124 രാജ്യങ്ങള്‍ പങ്കെടുത്ത അന്താരാഷ്ട്ര സമ്മേളനത്തില്‍ 1982-ലാണ് ഐക്യരാഷ്ട്രസഭ ഇരുപതാംനൂറ്റാണ്ടിന്റെ അന്ത്യപാദം വൃദ്ധജനങ്ങളെക്കുറിച്ച പരിഗണനക്കും കരുതലിനുമായി നീക്കിവെക്കണമെന്ന് തീരുമാനിച്ചത്. 1983-ല്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ വൃദ്ധര്‍ക്ക് ജീവിതം വര്‍ധിപ്പിക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ വൃദ്ധജനങ്ങളിലേക്ക് തിരിച്ചുവിട്ടു. 2002-ല്‍ മാഡ്രിഡില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളനം ലോകമെങ്ങുമുള്ള വൃദ്ധജനങ്ങളുടെ ഉന്നമനം തങ്ങളുടെ മുഖ്യദൗത്യമായി ഏറ്റെടുത്തു. ഇവയെല്ലാം താത്വികതലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ്. സംഭവലോകം വൃദ്ധജനങ്ങളുടെ അനുകൂലമായ നെടുവീര്‍പ്പുകളാല്‍ മുഖരിതമാണ് എന്നതാണ് സത്യം. സത്രീകള്‍, കുട്ടികള്‍, അനാഥര്‍, മുതിര്‍ന്നവര്‍, മാതാപിതാക്കള്‍, വൃദ്ധര്‍ തുടങ്ങി സവിശേഷ ശ്രദ്ധയും പരിഗണനയും അര്‍ഹിക്കുന്ന വിഭാഗത്തോട് കൈക്കൊള്ളേണ്ട സമീപനത്തിന് വ്യക്തമായ മാര്‍ഗരേഖ നിര്‍ദേശിക്കുകയും അവ പ്രയോഗതലത്തില്‍ നടപ്പിലാക്കുകയും ചെയ്തു എന്നത് പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ മഹത്തായ നേട്ടവും വിജയവുമായിരുന്നു.

നബി (സ) പ്രസ്താവിച്ചു: 'മുതിര്‍ന്നവരെ ബഹുമാനിക്കാത്തവരും ചെറിയവരോട് കരുണ കാണിക്കാത്തവരും നമ്മില്‍പെട്ടവരല്ല' (അഹ്മദ്, തിര്‍മിദി, ഇബ്‌നുഹിബ്ബാര്‍) ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസില്‍ 'കബ്ബിര്‍, കബ്ബിര്‍' (മുതിര്‍ന്നവര്‍ക്ക് അവസരം നല്‍കൂ, മുതിര്‍ന്നവര്‍ക്ക് അവസരം നല്‍കൂ) എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതായി കാണാം. നബി (സ)യുടെ സദസ്സില്‍ സഹോദരങ്ങള്‍ പ്രശ്‌നവുമായിവന്നു. അവരില്‍ ഏറ്റവും ഇളയവനാണ് സംസാരിച്ചു തുടങ്ങിയത്. ഉടനെ റസൂല്‍ ഇടപെട്ടു ഉണര്‍ത്തി: 'കബ്ബിറൂ, കബ്ബിറൂ' (മുതിര്‍ന്നവര്‍ പറയട്ടെ, മുതിര്‍ന്നവര്‍ പറയട്ടെ) ഇന്നത്തെ യുവാവ് നാളെ മധ്യവയസ്‌കനാവും, വൃദ്ധനാവും, ആ ഘട്ടത്തിലും പരസ്പരം നല്‍കുന്ന ആദരവും അംഗീകാരവുമാണ് ഭാവിയിലേക്കുള്ള കരുതിവെപ്പ്. നബി (സ) പറഞ്ഞു: 'യുവാവ് വൃദ്ധനെ ആദരിച്ചാല്‍, അയാള്‍ വൃദ്ധനാവുമ്പോള്‍ ആദരിക്കാന്‍ ഒരാളെ അല്ലാഹു ഏര്‍പെടുത്തും' (തിര്‍മുദി)

മഹിത മാതൃക

മുതിര്‍ന്നവരോടും പ്രയാസമുള്ളവരോടും ഖലീഫമാരും താബിഊകളും പണ്ഡിതന്മാരും കാണിച്ച ആദരവിനും ബഹുമാനത്തിനും ചരിത്രത്തില്‍ സമാനതകളില്ല. ഉന്നത ശ്രേണികളില്‍ വിരാജിച്ച അവര്‍ പിന്‍തലമുറക്ക് വിട്ടേച്ചുപോയ മഹിതമാതൃകകളാല്‍ നിറഞ്ഞിരിക്കുന്നു ചരിത്രഗ്രന്ഥങ്ങള്‍. അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ (റ) മദീനയിലെ പള്ളിയിലെ മിമ്പറില്‍ പ്രസംഗിക്കുമ്പോള്‍ ഒരു പടി ഇറങ്ങിയാണ് നില്‍ക്കുക. ഒന്നാമത്തെ ഖലീഫയായ അബൂബക്കറിനോളം തനിക്ക് വലിപ്പമില്ലെന്ന എളിമയാണ്, വിചാരമാണ് അബൂബക്കര്‍ (റ) മരണമടഞ്ഞിട്ടും അദ്ദേഹം പതിവായി നിന്ന മിമ്പറിന്റെ പടിയില്‍ നിന്നിറങ്ങി നില്‍ക്കാന്‍ ഉമറിനെ പ്രേരിപ്പിച്ചത്. വിശ്രുത താബിഈ, സുഫ്‌യാനുസ്സൗരിയുടെ സഹോദരന്‍ മരണമടഞ്ഞപ്പോള്‍ അനുശോചനമറിയിക്കാന്‍ ഇമാം അബൂഹനീഫ സുഫ്‌യാനുസ്സൗരിയുടെ വീട്ടില്‍ കയറിച്ചെന്ന രംഗം ചരിത്രത്തില്‍ വിവരിക്കുന്നുണ്ട്. സുഫ്‌യാന്‍ അദ്ദേഹത്തെ എതിരേല്‍ക്കാന്‍ പുറത്തേക്ക് ഇറങ്ങിച്ചെല്ലുകയും ആദരവോടെ തന്റെ ഇരിപ്പിടത്തില്‍ കൊണ്ടുപോയി ഇരുത്തുകയും ചെയ്തു. അദ്ദേഹം അബൂഹനീഫക്ക് അരികെ ഭവ്യതയോടെ നില്‍പ്പുറപ്പിച്ചു. പിരിഞ്ഞ് പോയപ്പോള്‍ അബൂഹനീഫയോടുള്ള അങ്ങേയറ്റത്തെ ആദരം നിറഞ്ഞ പെരുമാറ്റത്തെക്കുറിച്ച് നല്‍കിയ മറുപടി 'അറിയുമോ വിജ്ഞാനത്തിന്റെ മഹാസാഗരമാണ് ആ മനുഷ്യന്‍. അദ്ദേഹത്തിന്റെ അറിവിനെ ആദരിച്ചു ഞാന്‍ നില്‍ക്കുന്നില്ലെങ്കില്‍ ആ പ്രായത്തെ മാനിച്ച് ഞാന്‍ നില്‍ക്കേണ്ടതില്ലേ. ആ പ്രായമോര്‍ത്ത് ഞാന്‍ നില്‍ക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഫിഖ്ഹിലുള്ള അഗാധജ്ഞാനത്തെ മുന്‍നിര്‍ത്തി ഞാന്‍ നില്‍ക്കണം. ആ ഫിഖ്ഹിനെ ഓര്‍ത്ത് നില്‍ക്കുന്നില്ലെങ്കില്‍ ആ ഭയഭക്തിയെ മാനിച്ചെങ്കിലും ഞാന്‍ നില്‍ക്കണം'.

'നിങ്ങളിലെ മുതിര്‍ന്നവര്‍ക്കൊപ്പമാണ് ഐശ്വര്യം.' നബി(സ) പറഞ്ഞു. (തബ്‌റാനി, ഹാകിം) ജനങ്ങളില്‍ ഏറ്റവും ആദരവ് അര്‍ഹിക്കുന്നവര്‍ വൃദ്ധരാണ്.

അബൂമൂസല്‍ അശ്അരി റിപ്പോര്‍ട്ട് ചെയ്യുന്നു: 'അല്ലാഹുവിനെ മഹത്വവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണ് മുസ്‌ലിമായ വൃദ്ധനെയും പണ്ഡിതനെയും നീതിമാനായ നേതാവിനെയും ബഹുമാനിക്കുന്നത്'. (അബൂദാവൂദ്). എല്ലാ രംഗത്തും പ്രായമേറിയവര്‍ക്കും വൃദ്ധര്‍ക്കുമായിരുന്നു നബി(സ) മുന്‍ഗണന നല്‍കിയിരുന്നത്. 'മുതിര്‍ന്നവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ ജിബിരീല്‍ എന്നോട് ആജ്ഞാപിച്ചു'. (സില്‍സിലത്തു സ്സ്വഹിഹ 1555) നമസ്‌കാരത്തിന് നേതൃത്വം നല്‍കാനും മുതിര്‍ന്നവര്‍ക്കാണ് അവകാശം. 'നമസ്‌കാരസമയം ആസന്നമായാല്‍ നിങ്ങളില്‍ ഒരാള്‍ ബാങ്ക് വിളിക്കട്ടെ. നിങ്ങളില്‍ ഏറ്റവും പ്രായമുള്ള വ്യക്തി ഇമാം നില്‍ക്കട്ടെ'. (ബുഖാരി) വൃദ്ധരായ മാതാപിതാക്കളോടുള്ള പെരുമാറ്റത്തിന് വ്യക്തമായ മാര്‍ഗരേഖ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു: 'മാതാപിതാക്കളില്‍ ഒരാളോ അല്ലെങ്കില്‍ രണ്ട് പേരോ നിന്റെ അരികത്ത് വെച്ച് വാര്‍ധക്യം പ്രാപിച്ചാല്‍ അപ്പോള്‍ അവരോട് 'ഛെ', എന്ന് പോലും പറയരുത്. അവരോട് പരുഷമായി സംസാരിക്കുകയും അരുത്. മറിച്ച് ആദരവോടെ സംസാരിക്കുക. അവരുടെ മുമ്പില്‍ കനിവോടും കാരുണ്യത്തോടുംകൂടി വിനീതരായി വര്‍ത്തിക്കുക. ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യുക. 'നാഥാ! എന്റെ കുട്ടികാലത്ത് അവര്‍ എന്നെ ഏത് വിധത്തില്‍ സ്‌നേഹവാത്സല്യങ്ങളോടെ പരിപാലിച്ചുവോ, ആവിധം അവര്‍ക്ക് നീ കാരുണ്യം അരുളേണമേ!' (അല്‍ഇസ്‌റാഅ് 23,24) കരുണാര്‍ദ്രമായ വിനയത്തിന്റെ ചിറക് വിരിച്ചുകൊടുക്കുക എന്നതാണ് ഖുര്‍ആന്റെ പ്രയോഗം. വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണോത്തരവാദിത്തം മക്കളെ ഏല്‍പിക്കുമ്പോള്‍, മക്കള്‍ക്കുള്ള മനോഭാവം എന്താവണമെന്ന് ഖുര്‍ആന്‍ അടിവരയിടുന്നു.

വൃദ്ധര്‍ക്ക് ശരീഅത്ത് നിയമങ്ങളില്‍ ഇളവുണ്ട്. ഭര്‍ത്താവിനെക്കുറിച്ച് പരാതിയുമായി നബി (സ)യെ സമീപിച്ച ഖൗല ബിന്‍തു സഅ്‌ലബയുടെ സംഭവത്തില്‍ ഭര്‍ത്താവിന് നിര്‍ദേശിക്കപ്പെട്ട പാപപരിഹാരക്രിയകളില്‍ ലഘൂകരണം ആവശ്യപ്പെട്ട ഖൗലക്ക് നബി(സ) നല്‍കിയ ആശ്വാസം നോക്കൂ. ഒരുകൊട്ട കാരക്ക നല്‍കി നാം അദ്ദേഹത്തെ സഹായിക്കാം. റമദാനില്‍ നോമ്പ് ഒഴിവാക്കാനും നിന്ന് നമസ്‌കരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇരുന്ന് നമസ്‌കരിക്കാനും, ഇരുന്ന് നമസ്‌കരിക്കാന്‍ ആവുന്നില്ലെങ്കില്‍ കിടന്നും, അതിനും കഴിയുന്നില്ലെങ്കില്‍ ആംഗ്യം കാണിച്ചും നമസ്‌കരിക്കാന്‍ അനുവാദം നല്‍കുന്നത് വൃദ്ധരോടുള്ള പ്രത്യേക പരിഗണനയല്ലെങ്കില്‍ മറ്റെന്താണ്. വൃദ്ധരെ പരിഗണിച്ച് നമസ്‌കാരം ലഘൂകരിക്കാന്‍ മുഅദ്ദിന് നല്‍കിയ നിര്‍ദേശവും ഓര്‍ക്കാം. (ബുഖാരി) വൃദ്ധരായ ആളുകള്‍ക്ക് പകരം ഹജ്ജ് ചെയ്യാന്‍ ബന്ധുക്കള്‍ക്കും അല്ലാത്തവര്‍ക്കും അനുവാദമുണ്ട്. (മുസ്‌ലിം)

 

വൃദ്ധരോട് അനുകമ്പ

വൃദ്ധരോടുള്ള അനുകമ്പ നബി (സ)യുടെ അനുചരന്മാരിലും കാണാം. അബൂയൂസുഫ് തന്റെ 'ഖറാജി'ല്‍ രേഖപ്പെടുത്തിയ സംഭവം: ഉമര്‍(റ) നടന്നു നീങ്ങവെ വഴിയരികില്‍ അന്ധനായ വൃദ്ധയാചകനെ കണ്ടു.  ഉമര്‍: 'ആരാണ് നിങ്ങള്‍? വേദം നല്‍കപ്പെട്ടവരില്‍ ഏത് വിഭാഗം?. 

അയാള്‍: 'ജൂതനാണ്'. 

ഉമര്‍: 'എന്താണ് ഈ അവസ്ഥക്ക് കാരണം'? 

'ജിസ്‌യയും പ്രാരാബ്ധങ്ങളും പ്രായാധിക്യവും തന്നെ കാരണം'. 

അയാളെയും കൂട്ടി വീട്ടിലെത്തിയ ഉമര്‍ ബൈത്തുല്‍ മാല്‍ സൂക്ഷിപ്പുകാരനോട്: 'ഇയാളെയും ഇയാളെപോലുള്ളവരെയും നോക്കൂ. യുവത്വമൊക്കെ തിന്നുതീര്‍ക്കുകയും വാര്‍ദ്ധക്യത്തില്‍ അവരെ കൈവിടുകയുമാണ് നാം ചെയ്യുന്നത്. അത് പറ്റില്ല. തീര്‍ച്ചയായും ദാനധര്‍മ്മങ്ങള്‍ ദരിദ്രര്‍ക്കും സാധുക്കള്‍ക്കുമാകുന്നു. ദാരിദ്രരെന്നാല്‍ മുസ്‌ലിംകളിലെ ദരിദ്രര്‍. സാധുക്കളെന്നാല്‍ വേദക്കാരിലെ സാധുക്കള്‍'. യാചകന്റെയും യാചകന്റെ ഗണത്തില്‍ പെട്ടവരുടെയും ജിസ്‌യ ഉമര്‍ ഒഴിവാക്കി. നോക്കാനും പരിരക്ഷിക്കാനും കുടുംബങ്ങളോ ബന്ധുജനങ്ങളോ ഇല്ലാത്തവര്‍ക്ക് സ്‌റ്റേറ്റിന്റെ മേല്‍നോട്ടത്തില്‍ വൃദ്ധസദനങ്ങളും മുസ്‌ലിംഭരണകൂടങ്ങള്‍ പണിതീര്‍ത്തു. അര്‍ബിത്വ എന്ന പേരിലാണ് അത്തരം സംരക്ഷണ ഗേഹങ്ങള്‍ അറിയപ്പെട്ടിരുന്നത്. സൈന്യത്തെ വിന്യസിക്കേണ്ടി വരുമ്പോള്‍ നബി (സ) കര്‍ശന നിര്‍ദേശം നല്‍കി. 'ദൈവനാമത്തില്‍ നിങ്ങള്‍ പുറപ്പെടുക. നിങ്ങള്‍ വഞ്ചന നടത്തരുത്. തീവ്രസമീപനം സ്വീകരിക്കരുത്. ചിത്രവധം നടത്തരുത്. കൊച്ചുകുഞ്ഞുങ്ങളെ കൊല്ലരുത്. വൃദ്ധജനങ്ങളെ വധിക്കരുത്. സ്ത്രീകളെയും കൊല്ലരുത്. നിങ്ങള്‍ അനുരജ്ഞനം ഉണ്ടാക്കണം. ഉദാരമായി പെരുമാറണം, നന്മയുടെ നിറവില്‍ ഉദാരമായി വര്‍ത്തിക്കുന്നവരെ അല്ലാഹു സ്‌നേഹിക്കും'.

വൃദ്ധര്‍ക്ക് തണല്‍മരമായിത്തീര്‍ന്ന ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ച നന്മകള്‍ വിവരണാതീതമാണ്. ഊഷരമായ ജീവിത മരുഭൂമിയില്‍ നന്മയുടെ തണല്‍മരങ്ങള്‍ ധാരാളമായി വളരണം.

 

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top