ഇറോം ശര്‍മിള പുതിയ പോരാട്ട മുഖം

ഇറോം ചാനു ശര്‍മിള / ന്രസീന ഇല്ല്യാസ്

ഒട്ടേറെ പ്രയത്‌നങ്ങള്‍ക്കും ദിവസങ്ങള്‍ നീണ്ട യാത്രകള്‍ക്കും ശേഷമാണ് മണിപ്പൂരിന്റെ 'ഉരുക്കുവനിത'യെ 'ഇസ്‌ക്കോണ്‍ നാച്ചുറല്‍സ് കെയര്‍' ഹോസ്പിറ്റലില്‍ പോയി കാണുന്നത്. മണിപ്പൂര്‍, മേഘാലയ, ആസ്സാം, നാഗാലാന്റ്, അരുണാചല്‍പ്രദേശ് തുടങ്ങിയ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ രാഷ്ട്രീയ-സാമൂഹിക-ഭൂമിശാസ്ത്രഘടകങ്ങള്‍ പഠനവിധേയമാക്കുവാന്‍ പുറപ്പെട്ട പതിനാറ് ദിവസങ്ങള്‍ നീണ്ടുനിന്ന യാത്രയില്‍ മണിപ്പൂരിലെ ഞങ്ങളുടെ പ്രധാന അജണ്ടയായിരുന്നു ഇറോം ശര്‍മിളയുമായുള്ള കൂടിക്കാഴ്ച. കേരളത്തിന്റെ വ്യത്യസ്ത ജില്ലകളില്‍ നിന്നും പുറപ്പെട്ട മാധ്യമപ്രവര്‍ത്തകരും, അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന ഇരുപത്തിമൂന്നംഗ സംഘത്തോടൊപ്പം വളരെ ആകാംക്ഷയോടെയായിരുന്നു മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെത്തിയത്. 

ഇറോം ചാനു ശര്‍മിള, മേരികോം, ബോംബെയ്‌ല ദേവീ, അനുരാധ തോക്കാം, ബെംബേ ദേവി തുടങ്ങി ലോകഭൂപടത്തില്‍ മണിപ്പൂര്‍ അടയാളപ്പെടുത്തപ്പെട്ടത് സ്ത്രീരത്‌നങ്ങളുടെ പേരിലായിരുന്നു. അതിന് ഏറ്റവും വലിയ തെളിവായിരുന്നു പൂര്‍ണമായും സ്ത്രീകള്‍ നയിക്കുന്ന ലോകത്തെ ഏക മാര്‍ക്കറ്റായ 'ഇമ മാര്‍ക്കറ്റ്' (ഇംഫാല്‍). ഇമ മാര്‍ക്കറ്റിന് പുറത്തും കച്ചവടരംഗവും മറ്റ് മേഖലകളും ഏറെക്കുറെ പൂര്‍ണമായും സ്ത്രീകള്‍ കൈയടക്കിയ അത്യപൂര്‍വമായ കാഴ്ചകളാണ് മണിപ്പൂരിലും മറ്റും തുടക്കം മുതല്‍ക്കുതന്നെ കാണുവാന്‍ സാധിച്ചത്. ഈ പ്രത്യേകതകളാല്‍ തന്നെയാവണം AFSPA (Armed Forces Special Powers Act)' എന്ന കിരാതനിയമത്തിനെതിരെ പോരാടാന്‍ തന്റെ ജീവനും ജീവിതവും പണയം നല്‍കി അതിന്റെ ക്രൂരമുഖം പുറം ലോകത്തെ അറിയിച്ച് പിന്തുണ നേടിയതും ഒരു പെണ്‍പോരാളിയായത്.

സൈന്യത്തിന്റെ അമിതാധികാര നിയമത്തിനെതിരെ തുടര്‍ച്ചയായ പതിനാറ് വര്‍ഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ നിരാഹാരസമരം നടത്തിയ 'മണിപ്പൂരിന്റെ ഉരുക്കുവനിത' ഇറോം ശര്‍മിള തന്റെ നിരാഹാരം അവസാനിപ്പിക്കുകയും, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുവാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്. കഴിഞ്ഞ ആഗസ്ത് 9-ന് നിരാഹാര സമരം അവസാനിപ്പിച്ച്, വരുന്ന മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് 44 കാരിയായ ഇറോംശര്‍മിള പ്രഖ്യാപിച്ചതിനുശേഷം തികച്ചും ആകാംക്ഷയോടെയാണ് ഇന്ത്യന്‍ സമൂഹം അവരിലേക്ക് ഉറ്റുനോക്കുന്നത്. 

ഏത് ആശയവും വ്യക്തിയുമാണ് ഇത്രയും നീണ്ട നിരാഹാര സമരം നടത്തുവാനായി താങ്കള്‍ക്ക്  പ്രചോദനമായത്?

പ്രത്യേകിച്ച് ആശയങ്ങളോ, വ്യക്തികളോ അല്ല, മറിച്ച് എന്റെ  മനസാക്ഷിയും അന്തര്‍ബോധ്യവും തന്നെയാണ് ഇത്തരത്തിലുള്ള ഒരു സമരത്തെ നയിക്കുവാന്‍ എനിക്ക് പ്രചോദനമായതും ഊര്‍ജം നല്‍കിയതും. പിന്നെ ഇത്രയും നീണ്ട ഒരു സമരത്തിനിറങ്ങുവാനുണ്ടായ കാരണമായ അഎടജഅ തന്നെയാണ് നാളിതുവരെയുള്ള എന്റെ പോരാട്ടങ്ങള്‍ക്ക് ഇന്ധനം പകര്‍ന്നത് 

5757 ദിവസങ്ങള്‍ നീണ്ട താങ്കളുടെ നിരാഹാരസമരം ലോകത്തു തന്നെ ഏറ്റവും വലിയ നിരാഹാരസമരമായി മാറുന്ന കാഴ്ച ലോകജനത അതീവ വിസ്മയത്തോടും ആകാംക്ഷയോടും കൂടിയാണ് വീക്ഷിച്ചത്. താങ്കളുടെ ഇതുവരെയുള്ള പോരാട്ടവീഥിയെക്കുറിച്ച് വിവരിക്കാമോ?

സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന വിവാദ സൈനിക നിയമം 'അഫ്‌സ്പ' പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ 5-ന് എന്റെ 28ാം വയസ്സിലാണ് നിരാഹാരസമരം തുടങ്ങിയത്. മണിപ്പൂരില്‍ സൈന്യം നടത്തിയ മാലോം കൂട്ടക്കൊലയിലുള്ള പ്രതിഷേധമായാണ് നിരാഹാര സമരം ആരംഭിച്ചത്. തുടര്‍ന്ന് ആത്മഹത്യാശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ജീവന്‍ നിലനിര്‍ത്തുവാനായി നിര്‍ബന്ധിത ദ്രവ്യഭക്ഷണം നല്‍കുവാനും തുടങ്ങി. പ്രതിഷേധത്തെ തുടര്‍ന്ന് 2004-ല്‍ 'അഫ്‌സ്പ' ഭാഗികമായി പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഈ തീരുമാനം തളളിക്കളഞ്ഞ് സംസ്ഥാനത്ത് മുഴുവന്‍ നിയമം റദ്ദാക്കി അസം  റൈഫിള്‍സിനെ പിന്‍വലിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് പോരാട്ടം തുടര്‍ന്നു. സമരം ഡല്‍ഹിയിലെ ജന്തര്‍ മന്ദിറിലേക്ക് വ്യാപിപ്പിച്ചു. ആഗോള നേതാക്കളുടേയും സംഘടനകളുടേയും ശ്രദ്ധയാകര്‍ഷിച്ച പോരാട്ടത്തെ ഇല്ലായ്മ ചെയ്യുവാന്‍ തുടര്‍ച്ചയായ അറസ്റ്റുള്‍പ്പെടെ നിരന്തരം ശ്രമങ്ങളുണ്ടായി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും പിന്‍ഗാമി നരേന്ദ്രമോഡിക്കും, പട്ടാളനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കത്തെഴുതിയെങ്കിലും ഫലമുണ്ടായില്ല. പതിനാറ് വര്‍ഷങ്ങള്‍ നീണ്ട നിരാഹാരം അവസാനിപ്പിച്ച് രാഷ്ട്രീയ പ്രവേശനത്തിലെത്തി നില്‍ക്കുന്നു ഈ പോരാട്ടം. 

നാളിതുവരെയുള്ള സമരവഴിയില്‍ മണിപ്പൂരിലെ പ്രാദേശിക ഭരണകൂടത്തിന്റെയും ജനതയുടേയും പ്രതികരണവും പിന്തുണയും എത്തരത്തിലായിരുന്നു.? 

സ്വാഭാവികമായും ഏതൊരു പോരാട്ടത്തേയും പോലെ ജനങ്ങളുടെ ഭാഗത്ത് നിന്നടക്കം രണ്ട് രീതിലിയുള്ള പ്രതികരണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. തീര്‍ത്തും കലുഷിതമായ ആഭ്യന്തര സാഹചര്യത്തിലാണ് നിരാഹാരമാരംഭിച്ചത്. വ്യത്യസ്ത നടപടികളിലൂടെ സമരത്തെ തകര്‍ക്കുവാനുള്ള ശ്രമം ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും മറ്റു ഭാഗങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. തീവ്രവാദ ഭീഷണിയടക്കമുള്ള വെല്ലുവിളികള്‍ നേരിടേണ്ടിയും വന്നിട്ടുണ്ട്. എന്നാല്‍ പോരാട്ടത്തിന്റെ വിജയത്തിനാവശ്യമായ ജനപിന്തുണ ഇല്ലാത്തതും മനുഷ്യാവകാശ ലംഘനങ്ങളോടുള്ള ഭരണകൂടത്തിന്റെ നിസ്സംഗതയുമാണ് പുതിയ പോരാട്ടമുഖത്തെത്തുവാന്‍ എന്നെ പ്രേരിപ്പിച്ചത്. 

ഒരു സ്ത്രീ എന്ന നിലയില്‍ താങ്കളുടെ ജീവിതത്തിലെ കഴിഞ്ഞ 16 വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തെ എങ്ങനെ വിലയിരുത്തുന്നു? 

ഈയൊരു ചോദ്യത്തിന് ഉത്തരം നല്‍കുന്നതിന് മുന്‍പ് എനിക്ക് ഒരു കാര്യം വ്യക്തമാക്കുവാനുണ്ട്. കേവലം ഒരു സ്ത്രീ പ്രശ്‌നം എന്നതിലുപരി മണിപ്പൂരില്‍ AFSPA എന്നത് മുഴുവന്‍ സമൂഹവും അനുഭവിക്കുന്ന വളരെ ഗൗരവമേറിയ ഒരു ഭീഷണിയാണ്. അതിനാല്‍, കേവലം ഒരു സ്ത്രീ വിഷയം എന്ന നിലയിലല്ല, മറിച്ച് മണിപ്പൂരിലടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലായി മനുഷ്യരാശി അനുഭവിക്കുന്ന കുപ്രസിദ്ധ നിയമങ്ങള്‍ക്കെതിരെയുള്ള പോരാട്ടമായി ഇതിനെ കാണേണ്ടതുണ്ട്. പല വെല്ലുവിളികളും നേരിട്ടു കൊണ്ടിരിക്കുകയാണ്. നിരാഹാരമവസാനിപ്പിച്ച് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചപ്പോഴും വ്യത്യസ്ത രീതിയിലാണ് പൊതുസമൂഹം അതിനെ വിലയിരുത്തികൊണ്ടിരിക്കുന്നത്.

നിരാഹാരസമരത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്കുള്ള താങ്കളുടെ ചുവടുവെപ്പിനെ വളരെ ആകാംക്ഷയോടെയാണ് ഇന്ത്യന്‍ ജനത നോക്കികാണുന്നത്. ഈ മാറ്റത്തെക്കുറിച്ച് പുറം ലോകത്തോട് എന്ത് വിശദീകരണമാണ് നല്‍കുവാനുള്ളത്?് 

ചില കാര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ അധികാരം അത്യാവശ്യമാണ്.  അതിന് രാഷ്ട്രീയം ഒരു നല്ല മാര്‍ഗമാണ്. വരാന്‍ പോകുന്ന നിയമസഭാ ഇലക്ഷനില്‍ യുവാക്കളുടേതടക്കം പിന്തുണയോടെ മത്സരിക്കുകയും അധികാരത്തിലേറിയാല്‍ ജനങ്ങളുമായി വളരെ സുതാര്യമായ ബന്ധം സ്ഥാപിച്ച് മണിപ്പൂരിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങളുണ്ടാക്കുകയും, കാര്യക്ഷമമായ ഭരണം കാഴ്ചവെക്കുകയും ചെയ്യും. സായുധസേന സവിശേഷാധികാര നിയമം (അഫ്‌സ്പ) റദ്ദാക്കാനുള്ള പോരാട്ടത്തില്‍ പുതിയ തുടക്കമാകും രാഷ്ട്രീയ പ്രവേശനമെന്ന് പ്രത്യാശിക്കുന്നു. 

2017 നിയമസഭ തെരഞ്ഞെടുപ്പില്‍ ഏത് മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത്? 

മണിപ്പൂരില്‍ നിലവില്‍ 60 നിയമസഭാ മണ്ഡലങ്ങളും, രണ്ട് ലോകസഭാ മണ്ഡലങ്ങളുമാണുള്ളത്. ഇതില്‍ തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഓക്രാം ഇബോബി സിംഗിനെതിരെ സ്വതന്ത്രയായി മത്സരിക്കുവാനാണ് പദ്ധതി. സമാന മനസ്‌കരായവര്‍ പിന്തുണയുമായി രംഗത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അഫ്‌സ്പ വിരുദ്ധ പോരാട്ടത്തില്‍ താങ്കളുടെ സമീപകാല പദ്ധതികള്‍ എന്തൊക്കെയാണ്?  

അഫ്‌സ്പക്കെതിരെ ഡല്‍ഹി കേന്ദ്രീകരിച്ചു കൊണ്ടുള്ള ''അിശേഅഎടജഅ' മാസ് കാമ്പയില്‍ തന്നെയാണ് സമീപ പദ്ധതികളില്‍ പ്രധാനപ്പെട്ടത്. ഇതിന്റെ ഭാഗമായി സെപ്തംബര്‍ 30 -ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിപുലമായ അഫ്‌സ്പ വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിക്കും. 

താങ്കളുടെ സമരത്തേയും പോരാട്ടത്തേയും വളരെ ആവേശത്തോടെ നോക്കികാണുകയും വിലയിരുത്തുകയും പിന്തുണക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ കേരളത്തിലുണ്ട്. അവരോട് താങ്കള്‍ക്ക് പറയുവാനുള്ളതെന്താണ്? 

കേരളത്തിലെ ജനതയോട്, പ്രത്യേകിച്ച് യുവാക്കളോട് എനിക്ക് പറയുവാനുള്ളത്, രാഷ്ട്രീയ-സാമൂഹിക കാര്യങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ ക്രിയാത്മകമായി ഇടപെടണമെന്നാണ്. നിലവിലുള്ള, കണ്ടുമടുത്ത, അഴിമതിയും, അക്രമങ്ങളും നിറഞ്ഞ രാഷ്ട്രീയ മതിലുകള്‍ പൊളിച്ചുമാറ്റി ക്രിയാത്മകവും ഉല്‍പാദനക്ഷമവുമായ രാഷ്ട്രീയ ബദല്‍ പടുത്തുയര്‍ത്തുകയും AFSPA,UAPA തുടങ്ങിയ ഡ്രാക്കോണിയന്‍ നിയമങ്ങള്‍ തുടച്ചുമാറ്റുവാന്‍ പോരാടണമെന്നുമാണ്. 

കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ജനതയുടേയും, പ്രത്യേകിച്ച് സ്ത്രീ സമൂഹത്തിന്റെ എല്ലാ പിന്തുണയും അഭിവാദ്യങ്ങളും അറിയിച്ച് പിരിയുമ്പോഴും പിന്നീട് തിരിച്ച് പോരുമ്പോള്‍ ഗുഹാവത്തി എയര്‍പോര്‍ട്ടില്‍ വെച്ച് ഡല്‍ഹിയിലേക്ക് പുറപ്പെടുകയായിരുന്ന ഇറോം ശര്‍മ്മിളയെ വീണ്ടും കണ്ടുമുട്ടിയപ്പോഴും ഒരു പുതുവെളിച്ചത്തിന്റെ തെളിച്ചം ആ കണ്ണുകളില്‍ പ്രകടമായിരുന്നു. എന്നാല്‍ മണിപ്പൂര്‍ വര്‍ക്കിംഗ് ജേണലിസ്റ്റ് യൂണിയന്‍ ഭാരവാഹികളുമായി ഞങ്ങള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇറോം ശര്‍മിള സ്വതന്ത്രയായി മത്സരിക്കുമ്പോഴുള്ള സാധ്യതകളെ കുറിച്ച് അവര്‍ ആശങ്കാകുലരായിരുന്നു. എന്നിരുന്നാലും അനീതിക്കും, കരിനിയമങ്ങള്‍ക്കുമെതിരെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ പോലും വന്‍ വിജയത്തിലേക്ക് നയിക്കുവാനുള്ള സാധ്യതകളാണെന്ന് ആ ധീരവനിത ഇതിനോടകം തന്നെ നമുക്ക് പ്രകടമാക്കിത്തന്നിരിക്കുന്നു. അതിനാല്‍ മണിപ്പൂരിന് വരാനിരിക്കുന്നത് ശുഭപ്രതീക്ഷകളുടെ കാലം തന്നെയാണ്.


TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top