ജന്നത്ത് കാശ്മീര്‍

പി.എ സമീന

സ്വര്‍ഗത്തെക്കുറിച്ച വര്‍ണ്ണനകള്‍ നമ്മുടെ സങ്കല്‍പ്പത്തില്‍ വരച്ചുവെക്കുന്ന മോഹനരൂപം ഒരിക്കലും യഥാര്‍ഥ സ്വര്‍ഗത്തിന്റെ ഏഴയലത്തെത്തുകയില്ല എന്ന വേദവാക്യത്തെ അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു എന്റെ കാശ്മീര്‍ സന്ദര്‍ശനം. ഭൂമിയിലെ സ്വര്‍ഗം എന്ന് വിശേഷിപ്പിക്കാവുന്ന താഴ്‌വരകളുടെ സൗന്ദര്യം അന്നുവരെയുള്ള എന്റെ ഭാവനക്ക് എത്രയോ അപ്പുറമായിരുന്നു.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം യാത്രചെയ്യുമ്പോള്‍ എന്റെ സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് പുത്തന്‍ ചിറകുകള്‍ മുളക്കുകയായിരുന്നു. മലകളില്‍ നിന്ന് മലകളിലേക്ക് വീതികുറഞ്ഞ റോഡുകളിലൂടെ വാഹനം കുതിച്ച് പായുമ്പോള്‍ ആദ്യരാത്രിയില്‍ മൂടുപടമുയര്‍ത്തി മണവാട്ടിയുടെ മുഖം കണ്ടപ്പോള്‍ മണവാളന്റെ കണ്ണിലുണ്ടായ തിളക്കം യാത്രക്കാരന്റെ കൊതിയൂറുന്ന കണ്ണുകളിലേക്ക് പടരും.

സ്വര്‍ഗീയ സുഖം വെഞ്ചാമരം വീശുമ്പോള്‍ സംഗീതം അനിവാര്യമായും കടന്നുവരും. ആരുമാവശ്യപ്പെടാതെ പിന്നീടങ്ങോട്ട് വാഹനത്തില്‍ സംഗീതത്തിന്റെ പെരുമഴയായിരുന്നു. ഇന്ത്യന്‍ ഗായകന്‍ മുഹമ്മദ് റഫിയുടെ കേട്ടാലും കേട്ടാലും മതിവരാത്ത നിത്യഹരിത ഹിന്ദി ഗാനങ്ങള്‍.... ''ജന്മജന്മാന്തര ബന്ധമാണ് നമ്മള്‍ തമ്മില്‍, ഈ ജന്മത്തില്‍ നിന്നെ കണ്ടില്ലായിരുന്നെങ്കില്‍ അതിന് വേണ്ടി മാത്രം ഞാന്‍ വീണ്ടും ജനിക്കുമായിരുന്നു...'' എന്ന കവിഭാവന കാശ്മീര്‍ എന്ന സ്വര്‍ഗീയ താഴ്‌വരയെക്കുറിച്ചാണെന്ന് യാത്രക്കാരന്റെ മനസ്സ് പറയും.

യാത്രക്കിടയില്‍ കണ്ട ആര്‍മി സ്‌കൂള്‍, കമാന്‍ഡ് ഹോസ്പിറ്റല്‍ പോലുള്ള വലിയ കെട്ടിടങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ അത്രയൊന്നും മോടിയില്ലാത്ത കൊച്ചു കൊച്ചു കടകളും വീടുകളുമാണ് നിരത്തില്‍ നിന്ന് കാണാനാവുക. ജുമുഅക്ക് വേണ്ടി പുരുഷന്മാര്‍ കയറിപ്പോയ പള്ളിയുടെ പുറത്ത് വാഹനം നിര്‍ത്തിയിട്ട് കടന്നുപോകുമ്പോള്‍ ഡ്രൈവറോട് സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറാന്‍ അനുവാദമില്ലേയെന്ന് സ്വാഭാവികമായും ചോദിച്ചു. നിര്‍ത്തിയിട്ട ബസിലിരുന്ന് ഞങ്ങള്‍ വിയര്‍ത്ത് കുളിക്കുമ്പോള്‍ ആ നട്ടുച്ചവെയിലത്ത് സ്‌കൂളുകളില്‍ നിന്ന് വെള്ള യൂണിഫോമിട്ട് വെളുത്ത് ചുവന്ന - ഹിജാബ് ധാരികളായ പെണ്‍കുട്ടികള്‍; പുതിയതലമുറക്ക് സ്വല്‍പം അവസരങ്ങള്‍ ലഭിച്ചേക്കുമെന്ന് തോന്നിപ്പിച്ചു. 

ബസിന് ചുറ്റും, റോഡ് മുഴുവനായും ഒഴുകിപ്പരന്ന ചെമ്മരിയാടിന്റെ കൂട്ടം കുറേ സമയത്തേക്ക് കണ്ണിന് കൗതുകം നല്‍കി. അതിനെ നിയന്ത്രിച്ച് കൊണ്ടുപോകുന്ന കൊച്ചുകുട്ടിയുടെ കൂടെ പുറകില്‍ വടിയുമായി വെറെയും ആട്ടിടയന്മാരുണ്ട്. എന്നാല്‍ കോവര്‍ കഴുതകളെയും കൊണ്ട് നിരത്തിലൂടെ കടന്നുപോയ സുന്ദരിയായ പതിനേഴുകാരിയുടെ കൂടെ മറ്റാരെയും കണ്ടില്ല. വലിയൊരു കൂട്ടം കഴുതകളുമായി കരുത്തുറ്റ ആ യുവതി കത്തുന്ന വെയിലത്ത് ചുവന്ന് തുടുത്ത മുഖത്ത് നിന്ന് ഒഴുകി വീഴുന്ന വിയര്‍പ്പ് തുള്ളികള്‍ ഒന്ന് തുടക്കുക പോലും ചെയ്യാതെ കഴുതകളെ മേയ്ക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച് കടന്നുപോയി. ഝാന്‍സി റാണിയുടെ ശരീരഭാഷയുമായി അവര്‍ നമ്മെ കടന്നുപോകുമ്പോള്‍ ആ മനോഹര രൂപം വെയിലത്ത് ഉരുകാന്‍ വിട്ടതിന് വേവലാതി തോന്നുക സ്വാഭാവികം.

പള്ളിയില്‍ സ്ത്രീകള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ അറിയിക്കാം എന്ന് പറഞ്ഞിരുന്ന ഡ്രൈവറെ കാണാത്തതിനാല്‍ ചുവന്ന പേരക്കപോലെ തുടുത്ത മുഖവുമായി കളിച്ച് കൊണ്ടിരുന്ന കുട്ടിയോട് വീട്ടില്‍ നിന്ന് അമ്മയെ ഒന്നുവിളിക്കാനാവശ്യപ്പെട്ടു. തികഞ്ഞ ആതിഥ്യമര്യാദയോടെ ഞങ്ങളെ സ്വീകരിച്ച അവര്‍ ഞങ്ങള്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യമൊരുക്കി. പ്രസവിച്ച് കിടക്കുന്ന വീട്ടമ്മയോടൊപ്പം ബന്ധുമിത്രാദികളും പരവതാനി വിരിച്ച അവരുടെ ബെഡ്‌റൂമില്‍ ഞങ്ങളുടെ നമസ്‌കാരം കണ്ടുനിന്നു. ഞങ്ങളുടെ ചില അംഗചലനങ്ങള്‍ അവരുടേതില്‍ നിന്ന് വ്യത്യസ്തമാണെന്നവര്‍ പറഞ്ഞു. നല്ല വൃത്തിയും വെടിപ്പുമുള്ള താഴെ കടയും മുകളില്‍ വീടുമെന്ന നിലയിലുള്ള ആ കെട്ടിടത്തില്‍ ഇടത്തരക്കാരന്റെ എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു. അലക്കാനും കുളിക്കാനും അതിന്റെ സജ്ജീകരണങ്ങളുമെല്ലാമായി കുളിമുറി നമ്മുടേതിന്റെ നാലിരട്ടി വലിപ്പമുണ്ടെന്നതൊരു പ്രത്യേകതയായി തോന്നി.

ഉച്ചഭക്ഷണത്തിന് ആടുകറിയും ചോറും ലഭിച്ചത് കുടില്‍ വ്യവസായം പോലെ റോഡിനിരുവശവും കണ്ട സാമാന്യം വൃത്തിയുള്ള ഊട്ടുപുരയില്‍നിന്നായിരുന്നു. രാത്രി ഇരുട്ട് പരത്തുമ്പോള്‍ ഞങ്ങള്‍ ഒരു ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. പ്രധാന പാതയില്‍ നിന്ന് താഴേക്ക് വഴിമാറുമ്പോള്‍ അവിടെ പരിശോധനാമുറിയിലെ മനുഷ്യന്‍ സ്‌നേഹത്തോടെ 'സൂക്ഷിച്ച് പോകണേ' എന്ന് ഡ്രൈവറെ ഉപദേശിക്കുന്നുണ്ടായിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെ വഴിവിളക്കില്ലാതെ വാഹനം ഇരുട്ടിനെ കീറിമുറിച്ച് പാഞ്ഞുകൊണ്ടിരുന്നു. വശങ്ങളിലെ വീടുകളില്‍ ആരും പുറത്തില്ല. കരണ്ടുപയോഗിക്കുന്ന വീടുകള്‍ വിരലിലെണ്ണാവുന്നവ മാത്രം. അതും അകത്തൊരു ചെറിയ വെളിച്ചം മാത്രം. നിരത്തിലൂടെ നടന്ന് നീങ്ങുന്നതായി കണ്ട നാലോ അഞ്ചോ കാശ്മീരികളിലാര്‍ക്കും കൈയില്ലെന്ന് കണ്ട് ഒന്ന് ഞെട്ടാതിരുന്നില്ല. അയഞ്ഞ് തൂങ്ങുന്ന അവരുടെ കാശ്മീരി വസ്ത്രത്തിനുള്ളിലേക്ക് തണുപ്പ് അവരുടെ കൈകളെ ഒളിച്ചു കടത്തിയപ്പോള്‍ തൂങ്ങിയാടുന്ന ഒഴിഞ്ഞ കുപ്പായക്കൈകളാണ് ആശങ്കയുളവാക്കിയത്.

ഇടക്ക് ഡ്രൈവര്‍ ചായകുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ കൂരിരുട്ടില്‍ സ്വല്‍പം പ്രകാശമാനമായ കടക്കരികില്‍ ബാത്ത്‌റൂം ഉപയോഗത്തിനായി ഞങ്ങളും ഇറങ്ങി. പല്ലുകള്‍ കൂട്ടിയിടിക്കുന്ന തണുപ്പ്. എല്ലാവരും സ്വെറ്ററിനുള്ളിലേക്ക് കയറുമ്പോള്‍ ഒന്നാലോചിക്കും. നാട്ടിലും യാത്രക്കിടയിലും അനുഭവിച്ച ചൂട് ഓര്‍ത്തെടുക്കാന്‍ കഴിയാത്ത വണ്ണം ഇവിടെ ശക്തമായ തണുപ്പ് മാത്രം.

ഈ തണുപ്പും കുളിരും ദാല്‍ ലേക്ക് എന്ന കാശ്മീര്‍ വിസ്മയത്തിനരികിലെത്തിയപ്പോള്‍ അമ്പരപ്പിന് വഴിമാറി. ശിക്കാര്‍ ബോട്ട് എന്നറിയപ്പെടുന്ന ചെറുവഞ്ചികളില്‍ കടും നിറങ്ങളില്‍ പൊതിഞ്ഞ സോഫകളില്‍ ചാരിക്കിടന്ന് ലഗേജ് ബാഗുകളുമായി യാത്രാസംഘം ഞങ്ങളുടെ ഹൗസ്‌ബോട്ട് ലക്ഷ്യംവെച്ച് നീങ്ങി. സ്‌കൂളിലെ സാമൂഹ്യപാഠപുസ്തകത്തില്‍ പൂക്കള്‍ നിറഞ്ഞ ചെറുവഞ്ചിയില്‍ ദാല്‍ ലേക്കില്‍ തുഴഞ്ഞ് നീങ്ങുന്ന പെണ്‍കുട്ടിയുടെ ദൃശ്യം ഓര്‍മകളിലെത്തി. ഇപ്പോള്‍ ശിക്കാര്‍ ബോട്ടിനെ അലങ്കരിക്കുന്നത് പ്ലാസ്റ്റിക് പൂക്കളുടെയും സുവര്‍ണ്ണനൂലുകളുടെയും തോരണമാണെന്ന് മാത്രം.

ബോട്ട് ജെട്ടിയില്‍ ഞങ്ങളെ സ്വീകരിച്ച് ശിക്കാര്‍ ബോട്ടിലേക്ക് കയറ്റിയ കാശ്മീരികളെപ്പോലെ ഹൗസ്‌ബോട്ടിലും ലഗേജുകള്‍ എടുത്തുവെക്കാനും അപകടമില്ലാതെ ബോട്ടിലേക്ക് കയറാനും ഞങ്ങളെ സഹായിച്ച് കൊണ്ടും ലഗേജ് എടുത്തുവെച്ച് കൊണ്ടും ചുറ്റും കാശ്മീര്‍ യുവാക്കള്‍. ചെറിയ തണുത്ത കാറ്റ് വീശിയടിക്കുമ്പോള്‍ അവര്‍ക്ക് ലഭിച്ച ശീതളമായ കാലാവസ്ഥയില്‍ അസൂയതോന്നിപ്പോയി. ഒച്ചയും ബഹളവും വെപ്രാളവും ഇല്ലാതെ ശാന്തരും മാന്യരുമായ കാശ്മീരികള്‍ ഒരു പക്ഷേ സുഖകരമായ കാലാവസ്ഥയുടെ ഫലമായിരിക്കും.

ഹൗസ്‌ബോട്ടിനകത്ത് വിഭവസമൃദ്ധമായ ഭക്ഷണത്തിനുമപ്പുറം വിസ്മയിപ്പിക്കുന്ന അലങ്കാരങ്ങളും ആഡംബരത്തില്‍ കുളിച്ചുനിന്ന ഇന്റീരിയര്‍ ഡെക്കറേഷനും യാത്രക്കാരനെ മത്ത് പിടിപ്പിക്കും. വിശാലമായ ലിവിങ്ങ് റൂമില്‍ തൂങ്ങിയാടുന്ന പളുങ്കില്‍ തീര്‍ത്ത ദീപാലങ്കാരങ്ങളും കടുംനിറത്തില്‍ രാജകീയമായി അലങ്കരിച്ച സെറ്റിയും ചുവരുകളില്‍ ഒരുക്കിയിട്ടുള്ള കലാവിരുന്നും പകര്‍ത്തുന്ന സെല്‍ഫിക്കാരെ കുറ്റപ്പെടുത്താനാവില്ല. മനോഹരമായ മൂന്ന് ബെഡ്‌റൂമില്‍ ഒന്ന് നവദമ്പതികള്‍ക്കുള്ള മണിയറയാക്കി മാറ്റിയിരിക്കുന്നു. വീതിയേറിയ കട്ടിലിന് നാലുപാടും മേക്കട്ടിലില്‍ നിന്ന് ചരടുകളില്‍ തൂങ്ങിയിറങ്ങിയ പുഷ്പങ്ങള്‍ തിരശ്ശീല തീര്‍ത്തിരിക്കുന്നു.

രാവിലെ ചൂടുള്ള ബ്രേക്ക് ഫാസ്റ്റ് വിളമ്പിത്തരുമ്പോള്‍ ബോട്ടിലെ കുക്ക് ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന ഏറ്റവും നല്ല അലങ്കാരങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ  സര്‍ട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടി ഇനിയും ഇവിടേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. കേരളത്തെപ്പറ്റി, ആലപ്പുഴയിലെ ഹൗസ് ബോട്ടുകളെപ്പറ്റി അവര്‍ക്കുള്ള ബോധ്യം ഇന്ത്യയുടെ രണ്ടറ്റങ്ങളിലെ മനുഷ്യരും അത്ര അകലത്തിലല്ല എന്നുറപ്പ് നല്‍കി. കേരളത്തില്‍ നിന്നും 2650 കിലോമീറ്റര്‍ യാത്രചെയ്ത് കാശ്മീരില്‍ വന്നാലും അതൊട്ടും നഷ്ടമല്ല എന്നേതൊരാളും സമ്മതിച്ച് പോകും.

പിറ്റേന്നത്തെ യാത്ര ഗുല്‍ബര്‍ഗിലേക്കായിരുന്നു. മഞ്ഞുമലകളാണ് അവിടത്തെ പ്രധാന ആകര്‍ഷണം. കുതിരപ്പുറത്ത് കയറിവേണം മഞ്ഞ് മലകളിലേക്കെത്താന്‍. മഞ്ഞില്‍ നടക്കാനുള്ള ബൂട്ട്‌സും പ്ലാസ്റ്റിക് കോട്ടിങ്ങുള്ള സ്വെറ്ററും നല്ലൊരു തുകകൊടുത്ത് വാടകക്കെടുത്തു. 8 വയസ്സുള്ള എന്റെ മകനുള്‍പ്പെടെ എല്ലാവര്‍ക്കും ഓരോ കുതിരയും വാടകക്കെടുത്തു. 'ഞങ്ങള്‍ അക്ഷരാഭ്യാസമില്ലാത്തവരാണ്. എന്നാല്‍ ഞങ്ങളുടെ കുതിരകള്‍ എല്ലാം പഠിച്ചവരാണ്. എത്ര അപകടമുള്ള വഴികളിലൂടെയും നിങ്ങളെ കൊണ്ടുപോകാന്‍ അതിനറിയാം' കുതിരക്കാര്‍ വാചാലരായിരുന്നു. ആദ്യമായി കുതിരപ്പുറത്ത് കയറുന്നവരാണ് മിക്കയാത്രികരും. കുറച്ച് യാത്രചെയ്തു കഴിയുമ്പോള്‍ ഒരുവിധം ബാലന്‍സ് ചെയ്ത് കുതിര സവാരി നടത്താനാകും. കുതിരപ്പുറത്തേറി മഞ്ഞ് മലകളിലെത്തിയാല്‍ അവിടെയും സ്‌കേറ്റിങ്ങും വിവിധകച്ചവടങ്ങളുമായി കാശ്മീരികള്‍ അടുത്ത് കൂടും. മഞ്ഞ് മലകളിലൂടെ പ്രത്യേകം തയ്യാറാക്കിയ മരപ്പലകയില്‍ ഇരുന്ന് ഊര്‍ന്നിറങ്ങുന്ന സംവിധാനവുമായി ടൂറിസ്റ്റുകളെ കാന്‍വാസ് ചെയ്യുന്ന ചെറുപ്പക്കാര്‍. മഞ്ഞ് വാരിയെറിഞ്ഞ് ഫോട്ടോയെടുക്കുമ്പോള്‍ പശ്ചാത്തലത്തില്‍ മഞ്ഞില്‍ പൊതിഞ്ഞ പൈന്‍മരങ്ങളും കല്ലില്‍ തട്ടി പതഞ്ഞ് പാലുപോലൊഴുകുന്ന നിറഞ്ഞ നീര്‍ചാലുകളുമുണ്ടാകും.

തിരിച്ച്, ദാല്‍ ലേക്കില്‍ വന്ന് ഒരു ശിക്കാര്‍ കൂടി നടത്തി. ശിക്കാര്‍ വഞ്ചികള്‍ക്ക് ചുറ്റും ചെറുവഞ്ചികളില്‍ കാശ്മീരികള്‍ നടത്തുന്ന കച്ചവടങ്ങളില്‍ കുങ്കുമപ്പൂ മുതല്‍ ഗുല്‍ഫി, ഫ്രൂട്ട് സലാഡ്, ചിക്കന്‍ ടിക്ക തുടങ്ങി ധാരാളം കച്ചവടച്ചരക്കുകളുണ്ട്. വിലക്കുറവിന്റെ മാര്‍ക്കറ്റായ ലാല്‍ചൗക്കില്‍ എത്തിയപ്പോഴേക്കും ഇരുട്ട് പരന്നിരുന്നു. 8 മണി കഴിഞ്ഞാല്‍ അവിടെ കച്ചവടം നടത്താന്‍ പോലീസ് അനുവദിക്കില്ലത്രെ. ലാല്‍ചൗക്കില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് ഇവിടെ രാത്രി കച്ചവടം അനുവദിക്കാത്തത്. നിങ്ങള്‍ 'തിരിച്ചു വരുന്നത് വരെ ഞാന്‍ ടെന്‍ഷനിലായിരുന്നു' എന്ന് ഞങ്ങളുടെ ഡ്രൈവര്‍.

്അത്യാവശ്യം ഇംഗ്ലീഷും ഹിന്ദിയും ഭംഗിയായി സംസാരിക്കുന്ന വെളുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരനാണ് ജമ്മു മുതല്‍ ഞങ്ങളുടെ സാരഥി.

എപ്പോഴും സൗമ്യമായും മധുരമായും സംസാരിക്കുന്ന അവന്റെ പേര് മുഹ്‌സിന്‍. മുസ്‌ലിമായ വ്യക്തി മുഅമിനും മുത്തഖിയുമായി സ്വപ്രയത്‌നത്തിലൂടെ എത്തുന്ന ഉന്നത പദവിയായ മുഹ്‌സിന്‍ എന്ന പേര് ലഭിച്ച താങ്കള്‍ ഭാഗ്യവാനാണെന്നറിയിച്ചപ്പോള്‍ ആള്‍ക്ക് സന്തോഷമായി. അവന്റെ ഒരു സഹോദരന്റെ പേര് മുസ്വവ്വിര്‍ പിതാവിന്റെ പേര് ബഷീര്‍. ട്രാവലറിന് ബാട്ട് ബ്രദേഴ്‌സ് എന്നാണ് പേര്. ബാട്ട് അവരുടെ കാസ്റ്റിന്റെ പേരാണത്രെ. ഞങ്ങള്‍ യാത്രക്കാരെപ്പറ്റി എപ്പോഴും നല്ലത് മാത്രം പറഞ്ഞ ആ ചെറുപ്പക്കാരനെ ഞങ്ങള്‍ ഡ്രൈവര്‍ എന്നുവിളിക്കാതെ മുഹ്‌സിന്‍ എന്ന് മാത്രം വിളിച്ചുപോന്നു.

അയാള്‍ക്ക് മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിയും ഉണ്ട്. എന്നാല്‍ ഉമ്മ കഴിഞ്ഞ വര്‍ഷം മരിച്ചു. താന്‍ ഡല്‍ഹിയിലായിരുന്നപ്പോഴാണ് ഒരു സുബ്ഹി നമസ്‌കാരത്തിന് ശേഷം യാതൊരസുഖവും ഇല്ലാതിരുന്ന ഉമ്മ മരണപ്പെട്ടത്. താനടുത്തില്ലായിരുന്നു എന്ന് പറയുമ്പോള്‍ മൂക്ക് ചുവന്ന് കണ്ണുനിറഞ്ഞിരുന്നുവെന്ന് തോന്നി. തൊട്ട് മുമ്പത്തെ ആഴ്ച ഉമ്മയെ അവസാനമായി കണ്ടപ്പോള്‍ 'കൃത്യമായി നമസ്‌കരിക്കണമെന്നും ഒരാളുടെയും ഒരു രൂപപോലും അന്യായമായി ഭക്ഷിക്കാന്‍ ഇടവരരുതെന്നും' ഉപദേശിച്ചിരുന്നുവത്രെ. കാശ്മീരിലെ സംഘര്‍ഷ സാധ്യതയെപ്പറ്റി ചോദിച്ചപ്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങളെ മീഡിയ പെരുപ്പിച്ച് കാട്ടുന്നതാണ്, ഇവിടെ എല്ലാവരും സ്‌നേഹത്തിലും സന്തോഷത്തിലും ഒരുമയോടെ ജീവിക്കുന്നു. അമര്‍നാഥ് യാത്രക്കാരെയും കൊണ്ട് പലപ്പോഴും സഞ്ചരിക്കുന്ന താന്‍ ജാതി മതഭേദമന്യേ എല്ലാവരോടും ഒരേ സ്‌നേഹത്തില്‍ പെരുമാറുന്നവനാണ് യഥാര്‍ഥ മുസ്‌ലിം എന്നുറച്ച് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണെന്ന് വിശദീകരിച്ചു.

ജര്‍മന്‍ ഹോട്ടലില്‍ അന്തിയുറങ്ങിയ ഞങ്ങള്‍ പിറ്റേന്ന് വാലി ഓഫ് ഷെപ്പേര്‍ഡ് എന്ന ആട്ടിടയന്മാരുടെ താഴവരകളിലേക്കാണ് യാത്രചെയ്തത്. ഇരുവശവും കുങ്കുമപ്പൂ കൃഷിചെയ്യുന്ന നെല്‍പാടങ്ങള്‍ പോലെയുള്ള കൃഷിയിടങ്ങളിലൂടെ വാഹനം ചീറിപ്പാഞ്ഞു. ഝലം നദിയുടെ തീരങ്ങളിലൂടെ ആപ്പിള്‍ തോട്ടങ്ങള്‍ക്കരികിലൂടെ യാത്രചെയ്യുമ്പോള്‍ ആപ്പിള്‍ സീസണ്‍ ആഗസ്റ്റിലാണെന്ന് മുഹ്‌സിന്‍ പറഞ്ഞു. വാഹനത്തിനകത്ത് അപ്പോഴും മുഹമ്മദ് റാഫി പാടുന്നുണ്ടായിരുന്നു. കുന്നിന്‍ ചെരുവുകളില്‍ പച്ചക്കാര്‍പ്പറ്റുപോലുള്ള പുല്‍മേടുകളില്‍ വെളുത്ത ചെമ്മരിയാടുകള്‍. ഏത് ബിനാലെക്കാരന്റെ ഇന്‍സ്റ്റലേഷനെയും വെല്ലുന്ന കണ്‍കുളിര്‍ക്കുന്ന കാഴ്ചകള്‍ ക്യാമറക്കണ്ണിനപ്പുറം ഹൃദയത്തിന്റെ കാന്‍വാസുകളിലാണ് പതിഞ്ഞത്.

പൈന്‍വാലി റിസോര്‍ട്ടില്‍ ഞങ്ങളെ സ്വീകരിച്ചതും കശ്മീര്‍ യുവാക്കള്‍ തന്നെ. കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം എന്ന് മാത്രം തല്‍ക്കാലം പറയാം. പ്രധാനമായും മൂന്ന് വാലികളാണ് കാണാനുള്ളത്. അരൂവാലി, ചന്ദര്‍ വാറി വാലി, ബേനാബ് വാലി. അവിടേക്ക് ഞങ്ങളുടെ ട്രാവലറില്‍ വീതികുറഞ്ഞ ഹെയര്‍പിന്‍ വഴികളിലൂടെ കടന്ന് പോകാനാവില്ല. വീതി കുറഞ്ഞ ഹെയര്‍ പിന്‍ വഴികളിലൂടെ കടന്ന് പോകാന്‍ കഴിയുന്ന ട്രക്കുകളുള്ള ഗവണ്‍മെന്റ് നിരക്ക് എഴുതി പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരു ടാക്‌സിസ്റ്റാന്‍ഡില്‍ മുഹ്‌സിന്‍ ഞങ്ങളെ എത്തിച്ചു. ട്രക്കിന്റെ ഡ്രൈവറുമായി കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ച് ഞങ്ങള്‍ യാത്ര തുടങ്ങി. കാശ്മീരിന്റെ സൗന്ദര്യം മുഴുവന്‍ മുഖത്തണിഞ്ഞ ശാന്തനും സൗമ്യനുമായ പുതിയ ഡ്രൈവര്‍ ഊമയാണെന്ന് തോന്നുമാറ് മൗനിയായിരുന്നു.

വാലിയിലേക്കുള്ള യാത്ര അതിമനോഹരമായ കാഴ്ചകളിലേക്ക്, ഹൃദയത്തിന്റെ അങ്ങേയറ്റത്തെ സന്തോഷാരവങ്ങളിലേക്ക,് സംതൃപ്തിയിലേക്ക് ശരീരത്തെ കൊണ്ടുപോകലാണ്. പ്രപഞ്ചത്തെ പണികഴിപ്പിച്ച അതിസുന്ദരനായ അതുല്യകലാകാരനായ സ്രഷ്ടാവായ പടച്ച തമ്പുരാനെ സ്തുതിച്ച് കൊണ്ടല്ലാതെ അവന്റെ കലാവൈഭവം കണ്ടുമടങ്ങുക അസാധ്യം തന്നെ.

എത്ര സൗന്ദര്യസമ്പൂര്‍ണമായാണ് ഭൂമിയെ ദൈവം ഒരുക്കി വെച്ചിരിക്കുന്നത്. ഭൂമിക്ക് ഇത്ര മനോഹരമാവാന്‍ കഴിയുമോ? കുന്നും മലയും താഴ്‌വാരവും ഒഴുകുന്ന അരുവികളും സ്വര്‍ഗീയമായ അനുഭൂതിയാണ് നല്‍കിയത്. മുകളില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ വെള്ളാരങ്കല്ലിന്റെ രൂപത്തിലുള്ള ഉരുളന്‍ പാറക്കല്ലുകളില്‍ തട്ടിത്തെറിച്ചൊഴുകുന്ന അരുവികള്‍ രത്‌നങ്ങള്‍ ചിതറിക്കിടക്കുന്ന പാലരുവികള്‍ പോലെ തിളങ്ങി ചുറ്റുമതിന്റെ പ്രകാശം പരത്തുന്നത് പോലെ. സുബ്ഹാനല്ലാഹ്, അതുല്യനായ ആ കലാകാരന്റെ കരവിരുത് കണ്ടാല്‍ ആരാണവനെ ആരാധിച്ചുപോകാത്തത്.

ഒരു പുഴക്ക് ഇത്ര മനോഹരിയാകാനാവുമോ, അതിന്റെ തീരങ്ങൡ ഇത്ര മനോഹരമായി കല്ലുകളാകുന്ന രത്‌നങ്ങള്‍ കൊണ്ടലങ്കരിക്കാനാവുമോ? വിശാലമായ പ്രപഞ്ചത്തില്‍ മലകള്‍ കൊണ്ടതിരിട്ട ഒരു വലിയ മുറി. അതില്‍ അതിവിദൂര ദൃശ്യങ്ങള്‍ കാണുമാറ് ഒരുക്കി നിര്‍ത്തിയ ഭൂപ്രകൃതിയില്‍ മുമ്പിലും പുറകിലും വശങ്ങളിലും പുല്‍ത്തകിടികളും ദൃശ്യവിസ്മയങ്ങളും ആടുകള്‍ മേഞ്ഞ് നടക്കുന്ന സുന്ദരക്കാഴ്ചകളും. താഴെ ആഴങ്ങളില്‍ അരുവികളൊഴുകുന്ന ആനന്ദക്കാഴ്ചകള്‍ ഉയരങ്ങളില്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന വെള്ളി മലകള്‍ക്ക് മുകളില്‍ സ്വര്‍ണ്ണം തീര്‍ക്കുന്ന സൂര്യ കിരണങ്ങള്‍ സമ്പൂര്‍ണ്ണനായ ഒരു കലാകാരനല്ലാതെ കുറ്റമറ്റ രീതിയില്‍ ഇത്തരമൊരു സൃഷ്ടി നടത്താനാവില്ല. ലൈക്കും ഷെയറും ചെയ്ത് കാഴ്ചക്കാരന് തൃപ്തിയടയാനാവില്ല. സാഷ്ടാംഗം പ്രണമിച്ച് കൊണ്ട് നിസ്സാരനായ എന്നെ നിന്റെ ദാസനാക്കിയതിന് നന്ദി പറയേണ്ടതെങ്ങനെ എന്ന് ഒരു വിശ്വാസി നിലവിളിച്ച് പോവാതിരിക്കില്ല.

മൂന്ന് വാലികളും കണ്ട് തിരിച്ചു മടങ്ങുമ്പോള്‍ റോഡരികില്‍ ഒരാള്‍ക്കൂട്ടം. അല്ല, ഒരു പെണ്‍പടതന്നെയുണ്ട്. രൂകോ എന്ന് ഞങ്ങളുടെ പെണ്‍കുട്ടികള്‍ വിളിച്ച് പറഞ്ഞപ്പോള്‍ പുഞ്ചിരിതൂകി വണ്ടിയൊതുക്കി ഡ്രൈവര്‍ മാറി നിന്നു. ഗ്രാമീണ വസ്ത്രങ്ങളണിഞ്ഞ സ്ത്രീകള്‍ കുട്ടികളോടൊപ്പം റോഡരികില്‍ നിന്ന് വിവാഹാഘോഷത്തിലാണ്. വരന്‍ ഒരു ചെറിയ കാറിനുള്ളില്‍ പൂചൂടി തലകുനിച്ചിരിപ്പുണ്ട്. പുറത്ത് പെണ്‍പട തീര്‍ത്ത വളയങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടികള്‍ പാട്ട് പാടി നൃത്തം ചെയ്യുകയാണ്. കൂടെ കുറച്ച് പേര്‍ ഉപകരണ സംഗീതങ്ങള്‍ ഉപയോഗിച്ച് ശബ്ദഘോഷമുയര്‍ത്തി. ചെപ്പുകളില്‍ അടച്ചുവെച്ച മുത്തുകള്‍ പോലെ പുറം ലോകം കാണാത്ത ആ സുന്ദരികള്‍ക്ക് കാശ്മീരിയല്ലാതെ ഒരു ഭാഷയും വശമില്ല. മൊബൈല്‍ കാമറയുടെ മുന്നില്‍ നിന്ന് അവര്‍ ലജ്ജയോടെ ഒഴിഞ്ഞ് മാറി. കൂട്ടത്തില്‍ ഹിന്ദിയറിയുന്ന ഒരു സുന്ദരിക്കുട്ടിയെ അവര്‍ ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ചൂണ്ടിക്കാട്ടി. അവള്‍ താഴ്‌വരകള്‍ക്കപ്പുറം ഹിന്ദിയറിയാവുന്ന നാട്ടില്‍ വിദ്യാഭ്യാസം ചെയ്യുന്നവളാണ്. കൂട്ടത്തില്‍ നല്ല വസ്ത്രം ധരിച്ച ആ പെണ്‍കുട്ടി ഞങ്ങളുടെ പെണ്‍കുട്ടികളെ കൈപിടിച്ച് കൊണ്ടുപോയി ഒരുമിച്ച് നൃത്തം ചെയ്തു. നല്ല കായികാധ്വാനം ആവശ്യമുള്ള ഗ്രാമ്യമായ നൃത്തച്ചുവടുകള്‍. വിവാഹശേഷം വധുവിനെ വിളിച്ച് വീട്ടില്‍കൂട്ടാനുള്ള വരന്റെ കൂട്ടരുടെ പുറപ്പാടാണ് ഞങ്ങള്‍ കണ്ടത്. തിളങ്ങുന്ന ഉടയാടകളില്ലാതെ ആര്‍ഭാടമില്ലാതെ ഒരു ഗ്രാമക്കല്ല്യാണം യാത്രയില്‍ കാശ്മീര്‍ താഴ്‌വരകളുടെ സൗന്ദര്യം പോലെതന്നെ മനസ്സിനെ ആകര്‍ഷിച്ച ഒന്നാണ് കാശ്മീരികളുടെ പെരുമാറ്റം. ഡ്രൈവറും ഹോട്ടല്‍ ജീവനക്കാരും കച്ചവടക്കാരുമായി കണ്ടതിലധികവും യുവാക്കളായിരുന്നു. അവര്‍ എല്ലാവരും തന്നെ ശാന്ത പ്രകൃതരും സൗമ്യരും ശബ്ദം താഴ്ത്തി ഒച്ചയിടാതെ സംസാരിക്കുന്നവരുമായിരുന്നു. സുഖശീതളമായ കാലാവസ്ഥയാണ് അവരുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും ഇത്രമേല്‍ സുന്ദരമാക്കിയത് എന്ന് തോന്നി. അതിഥികള്‍ എന്ന നിലക്ക് നമ്മോട് കാണിക്കുന്ന കരുതലും പരിഗണനയും സ്‌നേഹവും ആ നാട്ടുകാരോട് നമുക്ക് വലിയ മമതയുണ്ടാക്കിത്തീര്‍ക്കും.

ആരാണ് ജന്നത്ത് കാശ്മീരിനെ ജഹന്നമാക്കി മാറ്റിയത്. അക്ഷരാഭ്യാസമില്ലാത്ത ആ ഗ്രാമീണ ജനത പെറ്റ് പോറ്റിയ യുവാക്കളുടെ ശരീരത്തില്‍ നിന്നും ചോരചീറ്റി തെറിക്കുമ്പോള്‍ അവരുടെ മാതാക്കളുടെ കണ്ണു നീര്‍കൊണ്ട് താഴ്‌വരയുടെ നീര്‍ച്ചാലുകള്‍ക്ക് ഇപ്പോള്‍ ഉപ്പ് രസമായിരിക്കാം. എത്രയോ നാളുകളായി, തലമുറകളായി അനിശ്ചിതത്തിന് നടുവില്‍ തങ്ങളുടെ മക്കള്‍ക്ക് വേണ്ടി കരളുരുകി പ്രാര്‍ഥിക്കുന്ന ഉമ്മമാരുടെ മുഖം പച്ച മുറിവില്‍ ഉപ്പ് തേക്കുന്ന പോലെ നീറുന്നൊരു നോവായി മാറുകയാണ്. പോകേണ്ടിയിരുന്നില്ല ആ നാട്ടിലേക്ക്. ആരെയും ഒന്നും കാണേണ്ടിയിരുന്നില്ല.

കണ്ണീരും രക്തവും ഇന്ത്യയുടെ ശിരസ്സില്‍ നിന്നൊഴുകി, ഇന്ത്യയുടെ കാല്‍ചുവട്ടിലേക്ക് കേരളത്തിലെ മാതാക്കളുടെ മനസ്സിലേക്ക് കുതിച്ചെത്തുമ്പോള്‍ സ്‌കൂളിലെ അസംബ്ലിയില്‍ ചെയ്ത പ്രതിജ്ഞ ഓര്‍മവരുകയാണ്. 'ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ്. ഞാനെന്റെ നാടിനെ സ്‌നേഹിക്കുന്നു...'

കാശ്മീര്‍, നിന്റെ മണ്ണില്‍ മരിച്ചു വീഴുന്നത് ഇന്ത്യക്കാരുടെ സഹോദരന്മാരാണ്. പക്ഷേ നാടൊരു കലാപഭൂമിയായി മാറാതിരിക്കാന്‍ നിങ്ങളെ കുരുതികൊടുത്ത് ഞങ്ങള്‍ മിണ്ടാതിരിക്കുമ്പോള്‍ നെഞ്ചകം നെരിപ്പോടായി മാറുക തന്നെയാണ്. ക്ഷമിക്കുക.


TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top