ജീവരക്തം ഒഴുക്കുന്ന ഗ്രാമം

മെഹര്‍മാഹീന്‍, കല്ലാട്ടുമുക്ക്

അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങള്‍, പലപല രോഗാവസ്ഥകള്‍, ഇങ്ങനെ മരണത്തിന്റെയും ജീവിതത്തിന്റെയും നൂല്‍പാലത്തിനിടയില്‍ പെട്ടുപോയവരെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ കഴിയുന്ന ഒരു മഹാദാനം; രക്തദാനം! ആരുമല്ലാത്ത ആര്‍ക്കൊക്കെയോ വേണ്ടി, പ്രതിഫലേഛയില്ലാതെ, കാണാമറയത്തുള്ള ഒരുപാട് കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ രക്തദാനത്തിലൂടെ മടക്കികൊടുത്ത, ഒരുപാടുപേര്‍ ജീവിക്കുന്ന ഒരു ഗ്രാമമുണ്ട്. ഇതേക്കുറിച്ച് കേട്ടറിഞ്ഞ ഞങ്ങള്‍ അവരെ കാണുവാന്‍ പുറപ്പെട്ടതായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തുനിന്ന് നാല് കിലോമീറ്റര്‍ അകലെയായി നെല്ലിമൂട് എന്ന ഒരു ഗ്രാമമുണ്ട്. കാഴ്ചയുടെ അറ്റത്തോളം നെല്‍പ്പാടങ്ങളും വാഴത്തോട്ടങ്ങളും തെങ്ങിന്‍തോപ്പുകളും നിരയൊപ്പിച്ച് നില്‍ക്കുന്നത് നെല്ലിമൂടിനെ അവിടത്തുകാരുടെ മനസ്സുപോലെ കൂടുതല്‍ സുന്ദരിയാക്കുന്നു, പ്രകൃതിയുടെ ഹരിതാഭയാല്‍ മനവും മിഴിയും കുളിരാര്‍ന്ന ആ യാത്ര അവസാനിച്ചത് നെല്ലിമൂട് ഗ്രാമത്തിന്റെ കവാടത്തിലായിരുന്നു. ആദ്യം തന്നെ കണ്ണില്‍പെട്ടത് ഒരു നാല് വയസ്സുകാരി പെണ്‍കുട്ടിയുടെ ചിത്രമുള്ള ഫഌക്‌സ് ബോര്‍ഡാണ്. കരള്‍മാറ്റ ശസ്ത്രക്രിയക്കായി തയ്യാറെടുക്കുന്ന ഒരു പെണ്‍കുട്ടി. അവളുടെ ചികിത്സക്കുവേണ്ടി രൂപീകരിച്ച ഒരു സഹായസമിതി അവള്‍ക്കാവശ്യമായ 20 ലക്ഷം രൂപയുടെ സഹായം അഭ്യര്‍ഥിച്ചുകൊണ്ട് ഒരുക്കിയ ഒരു ബോര്‍ഡായിരുന്നു അത്. ഒരു നിമിഷം മിഴിയിലുടക്കിയ ആ ചിത്രം ആ ഗ്രാമത്തിലെ ജീവകാരുണ്യപ്രവര്‍ത്തന തല്‍പരതയുടെ മുഖചിത്രം തന്നെയായിരുന്നുവെന്ന് പിന്നീട് മനസ്സിലായി.

ദേശാദിവര്‍ദ്ധിനി എന്നുപേരുള്ള ഒരു ഗ്രന്ഥശാലയാണ് ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെ ആസ്ഥാനം എന്ന് ഞങ്ങള്‍ കേട്ടിരുന്നു. കാര്യമന്വേഷിച്ച് ചിലരൊക്കെ എത്തി. ഞങ്ങളുടെ ആഗമനോദ്ദേശ്യം അവരെ അറിയിച്ചു. അവര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തുകൊണ്ട് നിഷ്‌കളങ്കമായും വളരെ ഹൃദ്യമായും ഞങ്ങളെ സ്വീകരിച്ചു. ഞങ്ങളെ അവര്‍ ഗ്രന്ഥശാല ഓഡിറ്റോറിയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ അപ്പോള്‍ ഐ.ഐ.ഡി നേതൃത്വം നല്‍കുന്ന ഒരു സൗജന്യ ഡയബറ്റിസ് ക്യാമ്പ് നടക്കുന്നു. ഞങ്ങള്‍ പോയ ദിവസം തന്നെ മൂന്ന് പരിപാടികള്‍ ആ ഓഡിറ്റോറിയത്തില്‍ നടക്കുന്നുണ്ടായിരുന്നു. രാവിലെ, വാര്‍ധക്യകാല രോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും - ബോധവല്‍ക്കരണക്ലാസ്. അതിനുശേഷം മെഡിക്കല്‍ക്യാമ്പ്, വൈകീട്ട് ആനുകാലിക വിഷയത്തില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ചാ സമ്മേളനം. പ്രായാധിക്യം ഉള്ളവരില്‍ പോലും ആലസ്യത്തിന്റെ ലാഞ്ചന കാണാനില്ല. എല്ലാവരും കര്‍മനിരതരായി ഒരുപോലെ ഓടിനടക്കുന്നു. കലാസാംസ്‌കാരികരംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ നേടിയവര്‍, പ്രസംഗകര്‍, എഴുത്തുകാര്‍, അധ്യാപകര്‍, സിനിമ -ഡോക്യുമെന്ററി നിര്‍മാതാക്കള്‍ തുടങ്ങി സമൂഹത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേര്‍ അവിടെയുണ്ട്. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ എല്ലാവരും സാമൂഹ്യപ്രവര്‍ത്തകര്‍. ജനകീയമായ വായനാ സമ്പത്തിലൂടെ സാംസ്‌കാരിക വിപ്ലവം നേടിയ ഒരു ഗ്രാമം എന്നുതന്നെ നെല്ലിമൂടിനെപ്പറ്റി പറയാം. ഒരു ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം ഒരു ഗ്രാമത്തിലെ ജനങ്ങളില്‍ കലാ സാംസ്‌കാരിക വൈജ്ഞാനിക, കായിക, ജീവകാരുണ്യ രംഗങ്ങളിലെ നിത്യമായ ഉണര്‍വായി മാറിയ വേറിട്ട കാഴ്ചയായിരുന്നു അത്.

53 വര്‍ഷമായി ലൈബ്രറിയുടെ പ്രവര്‍ത്തനത്തില്‍ സജീവമായ, മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ നെല്ലിമൂട് ശ്രീധരന്‍ മാഷ് ഞങ്ങളോട് അരമണിക്കൂറോളം സംസാരിച്ചു. ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. എ ഗ്രേഡ് റഫറല്‍ ലൈബ്രറി എന്ന പദവിനേടിയ ദേശാദിവര്‍ദ്ധിനി ഗ്രന്ഥശാല 1937-ലാണ് രൂപീകരിക്കപ്പെട്ടത്. ഡി.സി. കിഴക്കേമുറി അവാര്‍ഡ്, കേരളത്തിലെ ഏറ്റവും മികച്ച ഗ്രന്ഥശാലക്കുള്ള സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇടതടവില്ലാതെ ഈ കൊച്ചുഗ്രാമത്തെ തേടി എത്തിക്കൊണ്ടിരിക്കുന്നു.

25000-ലധികം പുസ്തകങ്ങളും 50-ലധികം ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇംഗ്ലീഷ്-മലയാളം പത്രങ്ങളും ഇവിടെയുണ്ട്. 3500-ലധികം അംഗങ്ങള്‍ ഉള്ള ഗ്രന്ഥശാല വിദ്യാസമ്പന്നരായ തൊഴില്‍ രഹിതകര്‍ക്ക് യഥാസമയം തൊഴില്‍വാര്‍ത്തകള്‍ ലഭ്യമാക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററായും പ്രവര്‍ത്തിക്കുന്നു. ഗ്രന്ഥശാലയില്‍ നിന്ന് പുസ്തകങ്ങള്‍ അടുക്കളയിലേക്ക് എന്ന ഉദ്ദേശ്യത്തോടുകൂടി നടപ്പിലാക്കിയ വനിത പുസ്തക വിതരണപദ്ധതി വളരെ നല്ല രീതിയില്‍ നടക്കുന്നു. വര്‍ഷങ്ങള്‍ക്കപ്പുറം കോച്ചിംഗ് സെന്ററുകള്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ പി.എസ്.സി. പോലുള്ള മത്സരപരീക്ഷകള്‍ക്ക് സൗജന്യപരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ച ഗ്രന്ഥശാലയുെട പ്രവര്‍ത്തനം ശ്ലാഘനീയമാണ്. നെല്ലിമൂട് ഗ്രാമം ഉള്‍പ്പെടുന്ന താലൂക്കും സമീപപ്രദേശത്തുമുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഈ ലൈബ്രറിയോട് കടപ്പെട്ടിരിക്കുന്നു. ഗ്രന്ഥശാലയുടെ മേല്‍നോട്ടത്തില്‍ ഒന്‍പത് ഉപസമിതികള്‍ പ്രവര്‍ത്തിക്കുന്നു. ബ്ലഡ് ഡോണേഴ്‌സ് ഫോറം ഈ ഉപസമിതിയില്‍ പെട്ടതാണ്. മറ്റുസമിതികള്‍ ബാലവേദി, യൂത്ത് ക്ലബ്ബ്, വിമന്‍സ് ക്ലബ്ബ്, ആര്‍ട്‌സ് ക്ലബ്ബ്, നേച്ച്വര്‍ ക്ലബ്ബ്, ഫിലിം ക്ലബ്ബ്, ഫാമിലി ക്ലബ്ബ്, സീനിയര്‍ സിറ്റിസണ്‍ ഫോറം എന്നിവയാണ്.

ഗ്രാമം മുഴുവനും രക്തദാന മഹത്വത്തിന്റെ വെളിച്ചത്തിന് ആദ്യനാളം കൊളുത്തിയതും ഗ്രാമം വിട്ട് പലപല സ്ഥലങ്ങളിലും ആ സന്ദേശത്തിന്റെ വെളിച്ചം പകര്‍ന്നും പരിശ്രമിച്ചും നടക്കുന്ന ഒരു മനുഷ്യനുണ്ട്; ബൈജു നെല്ലിമൂട്. ഒരാളില്‍ നിന്നു തുടങ്ങി ഒരു ഗ്രാമത്തെ തന്നെ രക്തദാന ഗ്രാമം എന്ന് പ്രഖ്യാപിക്കുന്നിടത്തോളം എത്തിച്ചതിനു പിന്നില്‍ ബൈജുവിന്റെ അഹോരാത്രമുള്ള പ്രവര്‍ത്തനങ്ങളായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്ന 18 വയസ്സുള്ള കുട്ടി; മാമംപാലത്തിനടുത്തു നടന്ന ഒരു ആക്‌സിഡന്റില്‍ രക്തം ആവശ്യമായി വന്നപ്പോള്‍ നിര്‍ബന്ധിതാവസ്ഥയില്‍ രക്തം നല്‍കുവാന്‍ സമ്മതിക്കുകയായിരുന്നു ബൈജു. അന്നത്തെ രാത്രിയിലെ അനുഭവം ബൈജുവിന്റെ വാക്കുകളില്‍ ഇങ്ങനെ: 'ശരീരത്തില്‍ നിന്ന് ഇത്രയും രക്തം നഷ്ടപ്പെട്ടതല്ലേ. നാളത്തെ ദിവസം മരിക്കുമായിരിക്കും, ഇത് അവസാനത്തെ അത്താഴമായിരിക്കും. അഛനോടും അമ്മയോടും ചേര്‍ന്നിരുന്നു. എന്നാല്‍ അടുത്ത ദിവസം പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലുള്ള അനുഭവമായിരുന്നു. പതിവുപോലെ കോളേജില്‍ പോയി. പ്രിന്‍സിപ്പാള്‍ കുറേ റോസാപ്പൂക്കള്‍ നല്‍കി അഭിനന്ദിച്ചു. ആ സമ്മാനം ആദ്യത്തെ പ്രചോദനമായി. ഭയം കാരണം വീട്ടില്‍ അറിയിച്ചില്ലായിരുന്നു. രണ്ടുദിവസത്തിനുശേഷം ഹൈസ്‌കൂള്‍ അദ്ധ്യാപികയായ അമ്മയോട് വിവരം പറഞ്ഞു. അപ്രതീക്ഷിതമായ മറുപടിയായിരുന്നു അമ്മയുടേത്. ''ഒരു ഇന്ത്യന്‍പൗരന്‍ മറ്റൊരു ഇന്ത്യന്‍ പൗരന്റെ ജീവന്‍ നിലനിര്‍ത്തുവാന്‍ വേണ്ടി നല്ലൊരുകാര്യം ചെയ്തു. മോന്റെ ആരോഗ്യത്തിന് പ്രശ്‌നമൊന്നും ഇല്ലായെങ്കില്‍ ഇനിയും ഇത് തുടരണം.' അമ്മയുടെ ഈ വാക്കുകള്‍ ബൈജുവിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഒപ്പം ഒരു നാടിനെത്തന്നെ ഈ നന്മയിലേക്ക് ഉണര്‍ത്താനും പൊലിഞ്ഞുപോയേക്കാവുന്ന വിലയേറിയ ജീവനുകള്‍ക്ക് പുതുജീവിതം നല്‍കുവാനും കഴിഞ്ഞു. ആ അമ്മയില്‍ നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഉണ്ടായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഇന്നത്തെ ബൈജു ഉണ്ടാകുമായിരുന്നില്ല.

അമ്മയില്‍ നിന്നുകിട്ടിയ പോത്സാഹനവുമായി പല ഡോക്ടര്‍മാരെയും പോയികണ്ടു. നാലഞ്ചുമാസം കൂടുമ്പോള്‍ രക്തം കൊടുക്കുന്നതുകൊണ്ട് കുഴപ്പമില്ല എന്നുമനസ്സിലാക്കി. പിന്നെ മുടങ്ങാതെ ഈ പ്രവര്‍ത്തനം സ്വന്തമായി തുടര്‍ന്നു. ഇത് മറ്റുള്ളവരിലേക്കും വ്യാപിക്കണം എന്ന ചിന്തയാല്‍ ഓരോ സ്ഥാപനങ്ങളിലും അമ്പലങ്ങളിലും പള്ളികളിലും മറ്റും കയറിയിറങ്ങി ഇതിന്റെ മഹത്വം പറഞ്ഞ് പിന്തുണ ആവശ്യപ്പെട്ടു. ആദ്യമാദ്യം പ്രതികരണം പ്രതികൂലമായിരുന്നു. ഇതൊന്നും തന്നെ ബൈജുവിന്റെ ഇച്ഛാശക്തിയെ തളര്‍ത്തിയില്ല. ഒപ്പം ജീവിക്കുന്ന കൂട്ടുകാരെയും നാട്ടുകാരെയും ഈ സുകൃതത്തില്‍ പങ്കാളിയാക്കണം എന്ന മോഹം ഒരു ലക്ഷ്യമായി കൊണ്ടുനടന്ന ബൈജു ഒരു പോംവഴി കണ്ടെത്തി. ഓരോ പ്രാവശ്യവും രക്തം കൊടുക്കാന്‍ പോകുമ്പോഴും കൂട്ടിനെന്നോണം ഒരോ ആളെകൊണ്ടുപോകും. കൂടെ വരുന്നയാള്‍ കണ്ടുകഴിയുമ്പോള്‍ അയാളും രക്തം കൊടുക്കാന്‍ തയ്യാറാവും. പിന്നെ അടുത്ത പ്രാവശ്യം ഈ വ്യക്തിക്ക് കൂട്ടുവരുന്നയാള്‍ രക്തം കൊടുക്കാന്‍ തയാറാവും. ഇങ്ങനെ ഒരു വ്യക്തിയില്‍ നിന്ന് ഒരു ഗ്രാമം മുഴുവന്‍ ഈ സന്ദേശം പടര്‍ന്നു.

സ്ഥാപനങ്ങളിലും സ്‌കൂളുകളിലും കോളേജുകളിലും ബൈജു ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. ഈ ക്ലാസ് ശ്രവിക്കുന്ന പലരും രക്തദാനത്തിന് സന്നദ്ധരാകും. നാട്ടില്‍ തന്നെ ഇതിനുവേണ്ടി സംഘടിതമായി ക്യാമ്പുകള്‍ നടത്താന്‍ പിന്തുണക്കായി പല വാതിലുകള്‍ മുട്ടി. പക്ഷേ അതിനും എവിടെനിന്നും വഴി കണ്ടില്ല. അക്കാലത്ത് ക്യാമ്പ് നടത്തണമെങ്കില്‍ വാഹനം അങ്ങോട്ട് അയച്ചുകൊടുക്കണം. അനന്തരചെലവുകള്‍ വേറെ. സ്വന്തം സമ്പാദ്യത്തില്‍ നിന്ന് ചെലവാക്കി മിനിമം 20 പേരെ സംഘടിപ്പിച്ച് ആദ്യമായി ക്യാമ്പുകള്‍ നടത്തി. അമ്പലങ്ങളിലും ആരാധനാലയങ്ങളിലും ഉത്സവത്തോടൊപ്പം രക്തദാനക്യാമ്പുകളും നടത്തി. 2000 ആയപ്പോള്‍ ശ്രീചിത്രാ മെഡിക്കല്‍സെന്റര്‍ ക്യാമ്പുകള്‍ നടത്തി തുടങ്ങി. അവരുടെ വാഹനത്തില്‍ വന്ന് ക്യാമ്പ് നടത്തും. 2003 ആയപ്പോള്‍ ഗവണ്‍മെന്റ് ഇതിനുള്ള ഫണ്ട് ബ്ലഡ്ബാങ്കുകള്‍ക്ക് നല്‍കി. 2008 ആയപ്പോഴേക്കും ക്യാമ്പ് നടത്തുന്ന സംഘടനകള്‍ക്ക് ഫണ്ട് നല്‍കിത്തുടങ്ങി. ഒരു വര്‍ഷം 50-നും 100-നും ഇടക്ക് ക്യാമ്പുകള്‍ നടത്തും. ഓരോ ക്യാമ്പിലും നാല്‍പതുമുതല്‍ എഴുപത് വരെ രക്തദാതാക്കള്‍ എത്താറുണ്ട്. ഇതുവരെ 1200-ലധികം ക്യാമ്പുകള്‍ നടത്തി. സ്ഥിരമായി രക്തദാനം ചെയ്യുന്ന 500-ഓളം പേര്‍ ഉണ്ട്. ഇതില്‍ നല്ലൊരു ശതമാനം വനിതാപങ്കാളിത്തവുമുണ്ട്. ബൈജു 2005-ല്‍ ഓള്‍ കേരള ബ്ലഡ് ഡോണേഴ്‌സ് സൊസൈറ്റിയുടെ അംഗമായി. സ്വന്തം ഗ്രാമത്തില്‍ ഈ മഹിതമായ ദൗത്യം ഏറ്റെടുത്തുകൊണ്ട് സ്ഥിരമായി രക്തം നല്‍കുന്ന ധാരാളം പേരെ സൃഷ്ടിക്കാന്‍ കഴിഞ്ഞ ബൈജു ഗ്രാമത്തിന്റെ അതിര്‍ത്തിവിട്ട് മറ്റുപല സ്ഥലങ്ങളിലും ക്യാമ്പുകള്‍ സംഘടിപ്പിച്ചു.

ഏറ്റവുമൊടുവില്‍ ആവിഷ്‌കരിച്ച ശ്രദ്ധേയമായ പ്രവര്‍ത്തനം എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച മ്യൂസിയം ഗേറ്റിനടുത്ത് ഒരു ക്യാമ്പ് എന്നതാണ്. പരീക്ഷണാര്‍ഥം തുടങ്ങിയ പ്രവര്‍ത്തനം വലിയ വിജയമായി. സ്റ്റുഡന്റ്‌സ് ഫോറം വളന്റിയേഴ്‌സ് ബോധവല്‍ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്യും. ധാരാളം പേര്‍ തയ്യാറായി മുന്നോട്ടുവരുമെന്നത് ഈ ക്യാമ്പിന്റെ നേട്ടം. ഓരോ ക്യാമ്പ് നടത്തുമ്പോഴും 500-നും ആയിരത്തിനും ഇടക്ക് ആളുകളില്‍ ഓരോ രക്തദാനത്തിനും ഓരോ ജീവന്റെ വിലയാണെന്ന സന്ദേശം എത്തിക്കാന്‍ കഴിയും.

47-ാമത്തെ വയസ്സില്‍ 100 പ്രാവശ്യം രക്തംദാനം നല്‍കിയ ബൈജുവിനെ ജൂണ്‍ 14-ാം തിയതി വിജൈറ്റി ഹാളില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ആദരിച്ചു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നേടിയ ബെസ്റ്റ് മോട്ടിവേഷന്‍ അവാര്‍ഡ്, ബെസ്റ്റ് ഡോണര്‍ അവാര്‍ഡ്, വിവിധ സംഘടനകള്‍ നല്‍കുന്ന പുരസ്‌കാരങ്ങള്‍ തുടങ്ങി ഇടതടവില്ലാതെ പുരസ്‌കാരങ്ങള്‍ ബൈജുവിനെ തേടിയെത്തുന്നു.

ദിവസവും ഒരുപാടുതവണ ബൈജുവിന്റെ ടെലിഫോണ്‍ ശബ്ദിച്ചുകൊണ്ടേയിരിക്കും പലപല ദിക്കില്‍നിന്ന്, ഹൈല്‍പ് ഡെസ്‌കില്‍നിന്ന്, നിരവധി സംഘടനകളില്‍ നിന്ന്, ആശുപത്രികളില്‍ നിന്ന്. വ്യക്തികളില്‍ നിന്ന്... ജീവന്റെ പിടപ്പ് നിലക്കാതെ നിലനിര്‍ത്താന്‍ സഹായം ചോദിക്കുകയാണ്. ആര്‍ക്കും നിരാശപ്പെടേണ്ടിവരില്ല. ബൈജു ഒറ്റയ്ക്കല്ല. ഒരേ മനസ്സുമായി ഒരു ഗ്രാമം മുഴുവനുമുണ്ടല്ലോ കൂടെ.

ഗ്രാമത്തിലെത്തുമ്പോള്‍ അപരിചതരായ ഞങ്ങളെ കണ്ട ഉടന്‍ ആദ്യമായി കാര്യമന്വേഷിച്ചുവന്ന ശശിധരന്‍ സാര്‍, ഇപ്പോഴത്തെ ഗ്രന്ഥശാലയുടെ പ്രസിഡന്റ്-അദ്ദേഹത്തെപോലെയുള്ളവര്‍ ഉദ്യേഗാര്‍ത്ഥം പട്ടണത്തിലേക്ക് കൂടുമാറിയെങ്കിലും, അവരുടെ വളര്‍ച്ചയുടെ ഓരോ പടവുകളും അടയാളപ്പെട്ടുകിടക്കുന്ന ഗ്രാമത്തിന്റെ ന•യിലേക്ക് നിറസാന്നിദ്ധ്യമായി ഉണ്ട്. അദ്ദേഹവും കൂട്ടരും ഞങ്ങളെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു. ഒടുവില്‍ യാത്രചോദിക്കുമ്പോള്‍ ഉച്ചഭക്ഷണത്തിനായി ഞങ്ങളെ ക്ഷണിച്ചു. അവിടത്തെ പ്രകൃതിയിലെ പച്ചപ്പുപോലെ ഹൃദയത്തില്‍ ആര്‍ദ്രതയുടെ പച്ചപ്പുമായി ചുറ്റും നില്‍ക്കുന്നവരുടെ ക്ഷണം-ഗ്രാമം വിടുമ്പോള്‍ മനസ്സുനിറയെ ഇനിയും നമ്മളറിയാത്ത, അന്വേഷിച്ചറിയേണ്ട ഒരുപാട് സുകൃതങ്ങള്‍ ഞങ്ങളെ തിരികെ വിളിച്ച പോലെ!

അതെ! ഇവിടെ ഈ തെക്കന്‍കേരളത്തിലെ നെല്ലിമൂട് എന്ന ഗ്രാമത്തിലെ കുറെ നിസ്വാര്‍ത്ഥമതികള്‍... അവര്‍ കാലേക്കൂട്ടി ജീവരക്തം ഊറ്റിനല്‍കി കരുതിവെക്കുകയാണ്. നമുക്കുവേണ്ടി നമ്മുടെ ഉറ്റവര്‍ക്കുവേണ്ടി... അവര്‍ ഒരിക്കലും കണ്ടുമുട്ടുവാനിടയില്ലാത്ത ആര്‍ക്കൊക്കെയോ വേണ്ടി.. ജീവസ്പന്ദനം നിലനിര്‍ത്താന്‍! അവര്‍ പറയുന്നു. രക്തം മാച്ച് ആകുവാന്‍ ജാതിയും മതവും വര്‍ണവും ഒന്നാകണ്ട ഗ്രൂപ്പുകള്‍ തമ്മില്‍ ചേര്‍ന്നാല്‍ മതി.

ബൈജുവിന്റെ അമ്മയെപ്പോലെ സഹജീവിസ്‌നേഹമുള്ള നിരവധി അമ്മമാരും ഭാര്യമാരും ഒക്കെയുള്ള ഗ്രാമമായിരിക്കാം അത്. സ്ത്രീ മനസ്സിന്റെ പിന്തുണയില്ലാതെ, കുടുംബത്തില്‍ എതിര്‍സ്വരങ്ങള്‍ മുഴങ്ങിയാല്‍ എത്രവലിയ സുകൃതമാണെങ്കില്‍പ്പോലും ഒരു പുരുഷനും ചെയ്യാന്‍ കഴിയില്ല.

മഹായുദ്ധങ്ങള്‍ പിറക്കുന്നത് ഒറ്റമനസ്സിന്റെ ഉള്ളിലാണ് എന്നതുപോലെ മഹാന•കള്‍ പുലരാനും ഒരു മനസ്സിന്റെ ഉള്ളകം തന്നെമതി. ഓരോ മനസ്സുകളും ഓരോ ന•പ്രവാഹത്തിന്റെ ഉറവിടമാകട്ടെ!


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top