ഭദ്രമായ കുടുംബം; ശാന്തി വിളയുന്ന വീട്

ശൈഖ് മുഹമ്മദ് കാരകുന്ന്

മുസ്തഫാ കമാല്‍ തുര്‍ക്കിയില്‍ നിന്ന് ഇസ്‌ലാമിന്റെ അവസാനത്തെ അടയാളവും തുടച്ചുമാറ്റി. അറബിയില്‍ ബാങ്ക് വിളിക്കുന്നത് വിലക്കി. അറബി ലിപി ഉപയോഗിക്കുന്നത് പോലും നിരോധിച്ചു. പള്ളികളും മതപാഠശാലകളും അടച്ചുപൂട്ടി. പെണ്‍കുട്ടികള്‍ തലമറക്കുന്നതും മുട്ടിന്നു താഴെ വസ്ത്രം ധരിക്കുന്നതും നിയമവിരുദ്ധമാക്കി. ഇസ്‌ലാമിനെ സംബന്ധിച്ച് പരസ്യമായി സംസാരിക്കുന്നത് ശിക്ഷാര്‍ഹമാക്കി. അങ്ങനെ ഇസ്‌ലാമിന്റെ ചര്യകളും ചിഹ്നങ്ങളും തീരെ കാണപ്പെടാത്ത അവസ്ഥ ഉണ്ടായി. തുര്‍ക്കിയില്‍ നിന്ന് ഇസ്‌ലാം അപ്രത്യക്ഷമായെന്നുവരെ പൊതുവെ കരുതപ്പെട്ടു. അഞ്ചു പതിറ്റാണ്ടോളം ഈ അവസ്ഥ തുടര്‍ന്നു. 

എന്നാല്‍, ആഭ്യന്തര സ്വാതന്ത്ര്യം കിട്ടിയതോടെ സ്ഥിതിയാകെ മാറി. വളരെ പെട്ടെന്നു തന്നെ ഇസ്‌ലാം തിരിച്ചുവന്നു. കുട്ടികളും യുവാക്കളുമുള്‍പ്പെടെ മഹാഭൂരിപക്ഷവും ഇസ്‌ലാമിക ജീവിതം നയിക്കാന്‍ തുടങ്ങി. മതപാഠശാലകളും ധാരാളമായി നിലവില്‍വന്നു. കിട്ടിയ അവസരമുപയോഗിച്ച് സഹോദരിമാര്‍ ശിരോവസ്ത്രം ധരിക്കാന്‍ തിടുക്കം കാണിച്ചു. ഈ മഹാവിസ്മയം എങ്ങനെ കാണിച്ചുവെന്നതിന് എല്ലാവരും നല്‍കുന്ന മറുപടി ഒന്നുതന്നെ. കുടുംബമെന്ന മഹദ്സ്ഥാപനം പതിറ്റാണ്ടുകളോളം ഇസ്‌ലാമിനെ വീടകങ്ങളില്‍ സംരക്ഷിക്കുകയായിരുന്നു. തലമുറകളിലേക്ക് പകര്‍ന്നു നല്‍കുകയായിരുന്നു.

മനുഷ്യന് എല്ലാം നല്‍കുന്നത് കുടുംബമാണ്. ജനനവും മരണവും കുടുംബത്തില്‍ വെച്ചാണ്. സ്‌നേഹവും കാരുണ്യവും ലാളനയും വാത്സല്യവും കിട്ടുന്നത് അവിടെ നിന്നാണ്. തീനും കുടിയും ഉറക്കവും ഉണര്‍ച്ചയും അവിടെത്തന്നെ. വസ്ത്രം ധരിക്കുന്നതും അഴിക്കുന്നതും അവിടെവെച്ചാണ്. ഇരിക്കാനും നടക്കാനും പഠിക്കുന്നത് കുടുംബത്തില്‍ നിന്നാണ്. കുളിയും കളിയും ചിരിയും കരച്ചിലും ശീലിക്കുന്നത് അവിടെ നിന്നാണ്. ഭാഷയും സംസ്‌കാരവും സ്വീകരിക്കുന്നതും അങ്ങനെത്തന്നെ. അതുകൊണ്ടുതന്നെ കുടുംബം ഒരു മഹാത്ഭുതമാണ്. ഭൂമിയിലെ ഏറ്റവും വലിയ അനുഗ്രഹം. ലോകത്തിലെ അതുല്യമായ ആകര്‍ഷണ കേന്ദ്രം. അതിനാല്‍ ഏവരും എവിടെ പോയാലും അവിടെ തിരിച്ചെത്താനാഗ്രഹിക്കുന്നു. എത്ര അനുഭവിച്ചാലും ആസ്വദിച്ചാലും മതിവരാത്ത ഒന്നാണത്. സംസ്‌കാരം രൂപം കൊള്ളുന്നത് കുടുംബത്തില്‍ നിന്നാണ്. നാഗരികത പിറവിയെടുക്കുന്നതും അവിടെനിന്നു തന്നെ. 

ഇസ്‌ലാമിലെ അതിപ്രധാനമായ ആരാധനാകര്‍മങ്ങളുടെ വിശദാംശങ്ങളില്ലാത്ത ഖുര്‍ആനില്‍ കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം വിശദമായി വിവരിക്കപ്പെട്ടിരിക്കുന്നു. വിവാഹം, അത് അനുവദിക്കപ്പെട്ടവര്‍, നിരോധിക്കപ്പെട്ടവര്‍, ദാമ്പത്യ ജീവിതം, അതിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍, അവക്കുള്ള പരിഹാരങ്ങള്‍, വിവാഹമോചനം, അതൊഴിവാക്കാന്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍, വിവാഹമോചനത്തിന്റെ ക്രമം, ഇദ്ദ, മുലകുടിബന്ധം, കുട്ടികളുടെ സംരക്ഷണം, ബഹുഭാര്യത്വം, അനന്തരാവകാശ നിയമങ്ങള്‍ പോലുള്ളവയെല്ലാം പരിശുദ്ധ ഖുര്‍ആന്‍ തന്നെ സൂക്ഷ്മമായി പഠിപ്പിക്കുന്നു.

ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധന നമസ്‌കാരമാണ്. അതിലെ ഏറ്റവും ശ്രേഷ്ഠമായ അനുഷ്ഠാനം സുജൂദും. എന്നിട്ടും സുജൂദിലെ പ്രാര്‍ത്ഥനകള്‍ പരിശുദ്ധ ഖുര്‍ആനിലില്ല. എന്നാല്‍ കുടുംബത്തിനു വേണ്ടിയുള്ള രണ്ടു പ്രാര്‍ഥനകള്‍ ഖുര്‍ആനിലുണ്ട് (17:24, 25:74)

കുടുംബത്തിലെ ഓരോ അംഗത്തിന്റെയും അവകാശങ്ങളും ബാധ്യതകളും ഇസ്‌ലാം സൂക്ഷ്മമായി പഠിപ്പിക്കുന്നു. അങ്ങനെ കുടുംബജീവിതത്തെ ഭദ്രവും ആരോഗ്യകരവുമാക്കുന്നു. അതിലൂടെ മാത്രമേ സുരക്ഷിതമായ സമൂഹം രൂപംകൊള്ളുകയുള്ളൂ. സ്‌നേഹം, കാരുണ്യം, വിനയം, വിട്ടുവീഴ്ച, സഹനം, സേവനം, ഉദാരത, ത്യാഗം, സമര്‍പ്പണം, സഹിഷ്ണുത തുടങ്ങിയ മഹദ്ഗുണങ്ങള്‍ രുപപ്പെടേണ്ടത് കുടുംബത്തില്‍നിന്നാണ്. കുടുംബത്തെ ഭദ്രവും മനോഹരവുമാക്കുന്നതും അവ തന്നെ.

ഒരു റമദാനില്‍ നമ്മുടെ നാട്ടില്‍ നടന്ന മൂന്നു ദുരന്തങ്ങള്‍ ആ പുണ്യമാസത്തിന്റെ ശോഭ കെടുത്തി. മുസ്‌ലിം സമൂഹത്തെ അങ്ങേയറ്റം അപമാനിതമാക്കി. പൊതുസമൂഹത്തെ വളരെയേറെ അലോസരപ്പെടുത്തുകയും ചെയ്തു. ദക്ഷിണ കേരളത്തില്‍ ഷഫീഖ് എന്ന കൊച്ചുകുട്ടിയെ സ്വന്തം പിതാവും രണ്ടാനമ്മയും ചേര്‍ന്ന് മാരകമായി പരിക്കേല്‍പ്പിച്ചു. ഡോക്ടര്‍മാരുടെ കഠിനയത്‌നം അവന്റെ ജീവന്‍ സംരക്ഷിക്കാന്‍ അനിവാര്യമായി വന്നു. ദിവസങ്ങളോളം കേരളം അവന്റെ ജീവനെ സംബന്ധിച്ച ആധിയിലായിരുന്നു. മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്തുള്ള ഉഗ്രപുരത്ത് മധ്യവയസ്‌കന്‍ സ്വന്തം ഭാര്യയെയും രണ്ടുമക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് അതിക്രൂരമായി കൊലപ്പെടുത്തി. തൃശൂര്‍ ജില്ലയില്‍ അവിഹിത ബന്ധത്തെ തുടര്‍ന്ന് ഭര്‍തൃമതി സ്വന്തം ബന്ധുവിനാല്‍ വധിക്കപ്പെട്ടു.

മൂന്നു സംഭവങ്ങളും കുടുംബം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയുടെയും തകര്‍ച്ചയുടെയും സൂചകങ്ങളാണ്. ഇതര ജനവിഭാഗങ്ങളുടേതു പോലെ മുസ്‌ലിം കുടുംബങ്ങളും ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. വിവാഹം വേണ്ടെന്ന് വെക്കുന്നവര്‍, ദാമ്പത്യത്തെ ശപിക്കുന്ന വിവാഹിതര്‍, മക്കള്‍ ശാപവും ശല്യവുമായിത്തീര്‍ന്ന മാതാപിതാക്കള്‍, മാതാപിതാക്കളെ ഭാരവും ബാധ്യതയുമായി കാണുന്ന മക്കള്‍, മക്കളും പേരമക്കളുമുണ്ടായിരിക്കെ തനിച്ചു കഴിയേണ്ടിവരുന്ന വൃദ്ധദമ്പതികള്‍, ഇളം പൈതലുകളെ പോലും ഡേ കെയറുകള്‍ക്കെറിഞ്ഞു കൊടുക്കുന്ന മാതാക്കള്‍, മതാപിതാക്കളെ സംരക്ഷിക്കാന്‍ ഹോം നഴ്‌സുമാരെ ഏല്‍പ്പിച്ചു സുഖം തേടിപ്പോകുന്ന സന്താനങ്ങള്‍, പരസ്പരം കടിച്ചുകീറുന്ന സഹോദരങ്ങള്‍, പണത്തിനു വേണ്ടി അടുത്തവരെ പോലും അകറ്റിനിര്‍ത്തുന്ന കുടുംബക്കാര്‍... നമ്മുടെ കുടുംബഘടന താറുമായിരിക്കുന്നു.

കുടുംബമെന്ന മഹത്തായ സ്ഥാപനം കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ പശ്ചാത്തലത്തില്‍ കുടുംബത്തെ സംബന്ധിച്ച ഇസ്‌ലാമിക കാഴ്ചപ്പാട്, ഇസ്‌ലാം അതിനു നല്‍കുന്ന പ്രാധാന്യവും പരിഗണനയും, ഇസ്‌ലാമിക കുടുംബത്തിന്റെ ആദര്‍ശപരമായ അടിത്തറ, ദമ്പതികള്‍ പരസ്പരം പുലര്‍ത്തേണ്ട മര്യാദകളും പെരുമാറ്റ രീതികളും, ദാമ്പത്യം ഭദ്രവും സംതൃപ്തവുമാക്കാന്‍ ഇണകള്‍ സ്വീകരിക്കേണ്ട സമീപനം, വിശാലമായ കുടുംബസംവിധാനം, കുടുബത്തകര്‍ച്ചക്ക് കാരണമാകുന്ന പുതിയ പ്രവണതകള്‍, വഴിവിട്ട സ്ത്രീ-പുരുഷ ബന്ധങ്ങള്‍, ധൂര്‍ത്തും ദുര്‍വ്യയവും പോലുള്ള വിവാഹത്തിലെ അനാചാരങ്ങള്‍, സ്ത്രീധനം വരുത്തുന്ന വിപത്ത്, കുട്ടികള്‍ക്ക് സ്‌നേഹം പകര്‍ന്നുനല്‍കേണ്ടതിന്റെ അനിവാര്യത, കുടുംബത്തിന്റെ ജനാധിപത്യവല്‍ക്കരണം, പരിഗണന നല്‍കപ്പെടേണ്ട സ്ത്രീയുടെ വ്യക്തിത്വം, ടി.വി. ഇന്റര്‍നെറ്റ് എന്നിവയുടെ ദുരുപയോഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍, മദ്യവും മയക്കുമരുന്നും ഉണ്ടാക്കുന്ന ദുരന്തങ്ങള്‍, സ്വാര്‍ത്ഥതയില്‍ നിന്ന് മോചനം നേടേണ്ടതിന്റെ അനിവാര്യത, കുടുംബഭദ്രതയ്ക്ക് സാമ്പത്തിക ആസൂത്രണത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് സമൂഹത്തിലെ എല്ലാവരും വേണ്ടത്ര ബോധവാന്മാരാകേണ്ടതുണ്ട്. കുടുബമെന്നത് മഹത്തായ ദൈവിക സ്ഥാപനമാണെന്നതും അല്ലാഹു തന്റെ തൊട്ടടുത്ത സ്ഥാനമാണതിനു നല്‍കിയതെന്നും മറക്കാവതല്ല (ഖുര്‍ആന്‍ : 4:1) അതിന്റെ ഭദ്രത ഉറപ്പുവരുത്താന്‍ ഏവരും ബാധ്യസ്ഥരാണ്.

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top