ആര്‍ത്തവക്രമക്കേടിന്റെ ആശങ്കളെക്കുറിച്ച്

ഡോ: നളിനി ജനാര്‍ദ്ദനന്‍

ഒരു ആര്‍ത്തവം തുടങ്ങി അവസാനിച്ചതിനു ശേഷം അടുത്ത ആര്‍ത്തവം തുടങ്ങുന്നതു വരെയുള്ള കാലമാണ് ആര്‍ത്തവ ചക്രം (Menstrual Cycle) എന്നുപറയുന്നത്. ഓരോ മാസവും ആര്‍ത്തവദിനങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ പലര്‍ക്കും പല തരത്തിലാവാം. 21 മുതല്‍ 34 ദിവസം നീണ്ടുനില്‍ക്കാം. പക്ഷേ സാധാരണയായി 28 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ആര്‍ത്തവചക്രം. ആര്‍ത്തവം തുടങ്ങുന്ന ദിവസത്തിനെ ഒന്ന് എന്നെണ്ണിയാല്‍ അടുത്ത ആര്‍ത്തവം തുടങ്ങുന്ന ദിവസം വരെയാണ് ഒരു ആര്‍ത്തവ ചക്രം.

സാധാരണയായി 12 വയസ്സിനും 14 വയസ്സിനുമിടയില്‍ ആര്‍ത്തവം തുടങ്ങുന്നു. പക്ഷേ ആദ്യാര്‍ത്തവം എല്ലാവര്‍ക്കും ഒരുപോലെയാവണമെന്നില്ല. ചിലര്‍ക്ക് നേരത്തെയും ചിലര്‍ക്ക് വൈകിയും തുടങ്ങാം. പക്ഷേ 15 വയസ്സായിട്ടും (സ്തനങ്ങള്‍ വളരാന്‍ തുടങ്ങി മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും) ആദ്യാര്‍ത്തവം വന്നില്ലെങ്കില്‍ ഡോക്ടറെ കാണിക്കണം.

ആദ്യഘട്ടങ്ങളില്‍ ആര്‍ത്തവം ക്രമം തെറ്റിവരുന്നതും സാധാരണയാണ്. ചിലപ്പോള്‍ മാസത്തില്‍ രണ്ടുപ്രാവശ്യം ഉണ്ടാവാം. ചില മാസങ്ങളില്‍ ഉണ്ടായില്ലെന്നും വരാം. ക്രമേണ സാധാരണ നിലയിലാവുകയും ചെയ്യും. അതുകൊണ്ട് എല്ലാ മാസവും ആര്‍ത്തവം ഉണ്ടാവുന്ന ദിനങ്ങള്‍ കലണ്ടറില്‍ രേഖപ്പെടുത്തിവെക്കുന്നത് നല്ലതാണ്.

ആര്‍ത്തവരക്തം കൂടുതലോ കുറവോ സാധാരണയോ ആവാം. ചിലപ്പോള്‍ ഇളം ചുവപ്പോ കടുംചുവപ്പോ നിറമായിരിക്കും. ചില സമയത്ത് രക്തക്കട്ടകളും അതോടൊപ്പം പോകുന്നതുകാണാം. ആദ്യത്തെ രക്തം പോകുന്നത് കൂടുതലാവാം. അതിന് ശേഷം ഓരോ ദിവസവും രക്തം പോകുന്നത് കുറഞ്ഞുവരുന്നു. സാധാരണയായി മൂന്നുമുതല്‍ അഞ്ചു ദിവസം വരെ നീണ്ടുനില്‍ക്കുമെങ്കിലും ചിലപ്പോള്‍ മൂന്നില്‍ കുറവോ അഞ്ചില്‍ കൂടുതലോ ഏഴ് ദിവസം വരെയോ ആവാം. അഞ്ച് ദിവസത്തില്‍ കൂടുതല്‍ രക്തം പോവുക, രക്തക്കട്ടകള്‍ കൂടുതലായി പോവുക, ഓരോ 3-4 മണിക്കൂറിലും പാഡ് മാറ്റേണ്ടിവരിക എന്നീ ലക്ഷണങ്ങള്‍ അമിത രക്തസ്രാവമാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഡോക്ടറെ കാണിക്കണം. 

ആര്‍ത്തവ രക്തത്തിനു നല്ല ചുവപ്പുനിറമാണെങ്കിലും ആര്‍ത്തവം കഴിയാറാവുമ്പോള്‍ അത് ബ്രൗണ്‍നിറമാവാം. ആര്‍ത്തവരക്തത്തിന്റെ നിറവും അളവും ആര്‍ത്തവചക്രത്തിന്റെ കാലയളവും പല പെണ്‍കുട്ടികളിലും പല തരത്തിലായിരിക്കും. അതുപോലെ ഒരു പെണ്‍കുട്ടിയുടെ പല ആര്‍ത്തവചക്രങ്ങള്‍ ചിലപ്പോള്‍ വ്യത്യസ്തമായിരിക്കും.

ആര്‍ത്തവസമയത്ത് പല ശാരീരിക ലക്ഷണങ്ങളും വൈകാരിക ലക്ഷണങ്ങളും കാണാം.

ശാരീരിക ലക്ഷണങ്ങള്‍

വയറുവേദന, വയറുനിറഞ്ഞതുപോലെ തോന്നല്‍, വയറിളക്കം, മലബന്ധം, സ്തനങ്ങള്‍ക്ക് വേദനയോ നീരോ ഉണ്ടാവുക, സ്തനങ്ങളില്‍ കല്ലിപ്പ്, ചര്‍മത്തില്‍ പ്രശ്‌നങ്ങള്‍ (മുഖക്കുരുപോലെ), തലവേദന, തലചുറ്റല്‍, അസ്വസ്ഥത, ക്ഷീണം, കൈകാലുകളില്‍ വേദന.

 വൈകാരിക ലക്ഷണങ്ങള്‍

പെട്ടെന്നു ദേഷ്യം, ആകാംക്ഷ, പരിഭ്രമം, ആശയക്കുഴപ്പം, മാനസികസമ്മര്‍ദ്ദം, വിഷാദം, ശ്രദ്ധക്കുറവ്, അകാരണമായി കരയുക, മിണ്ടാതിരിക്കുക, മാനസിക പിരിമുറുക്കം, ഒന്നിലും താല്‍പര്യമില്ലാതാവുക. ഹോര്‍മോണ്‍ നിലയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് ഇതിനുകാരണം.

എന്തുചെയ്യണം

അടിവയറ്റില്‍ വേദനയുണ്ടെങ്കില്‍ വേദനക്കുള്ള മരുന്നുകള്‍ (ഡോക്ടറുടെ നിര്‍ദേശപ്രകാരം) കഴിക്കാം. ചൂടുവെള്ളത്തില്‍ കുളിക്കുകയും ചൂടുവെള്ളം നിറച്ച ബാഗ് (ഒീ േംമലേൃ യമഴ)  ഒരു തുണിയില്‍പൊതിഞ്ഞ് അടിവയറ്റില്‍ വെക്കുകയും ചെയ്യാം. മലബന്ധമുണ്ടെങ്കില്‍ ധാരാളം വെള്ളം കുടിക്കുക. പച്ചക്കറികളും പഴങ്ങളും കഴിക്കുക. മലബന്ധത്തിനുള്ള മരുന്ന് കഴിക്കേണ്ടതില്ല. വയറിളക്കം കൂടുതലില്ലെങ്കില്‍ അതിനും മരുന്ന് വേണ്ടിവരില്ല. ഉപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കാതിരിക്കുക. കൃത്യമായി വ്യായാമം ചെയ്യണം. പക്ഷേ ആര്‍ത്തവകാലത്തും വേദനയുള്ളപ്പോഴും കഠിന വ്യായാമം ഒഴിവാക്കുക. ലഘുവ്യായാമങ്ങള്‍, നടത്തം എന്നിവ നല്ലതാണ്. കഠിനാധ്വാനം ഒഴിവാക്കുക. ആര്‍ത്തവകാലത്ത് ജോഗിംഗ്, ശരീരം ക്ഷീണിപ്പിക്കാതെ നൃത്തം, സൈക്കിള്‍ ഓടിക്കുക ഇവയെല്ലാം ചെയ്യുന്നതില്‍ തെറ്റില്ല. കൂടുതല്‍ ക്ഷീണമോ വേദനയോ ഉണ്ടെങ്കില്‍ നിര്‍ത്തണം. കൂടുതല്‍ രക്തസ്രാവമുണ്ടെങ്കില്‍ കഠിനവ്യായാമം ചെയ്യാതിരിക്കുക. വേണ്ടത്ര വിശ്രമവും ഉറക്കവും വേണം. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും വേണം. 

വൈകാരിക പ്രശ്‌നങ്ങള്‍ കുറക്കാന്‍ ധ്യാനം, വിശ്രമം എന്നിവ സഹായിക്കും. സംഗീതം കേള്‍ക്കുക, പുസ്തകങ്ങള്‍ വായിക്കുക, കൂട്ടുകാരികളുമായി സമയം പങ്കിടുക, ഇഷ്ടപ്പെട്ട ഹോബികളില്‍ ഏര്‍പ്പെടുക എന്നിവ ചെയ്യാം.

ആര്‍ത്തവകാല ശുചിത്വം

ആര്‍ത്തവകാലത്ത് ശരീരം വൃത്തിയായി വെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇളം ചൂടുവെള്ളത്തില്‍ ദിവസേന കുളിക്കുന്നത് വൃത്തിയായിരിക്കാനും വയറുവേദന കുറക്കാനും സഹായിക്കും. വസ്ത്രങ്ങളും അടിവസ്ത്രങ്ങളും ദിവസേന മാറ്റണം. നൈലോണ്‍ കൊണ്ടുള്ള അടിവസ്ത്രങ്ങള്‍ ധരിക്കരുത്. കോട്ടണ്‍ കൊണ്ടുള്ള അടിവസ്ത്രങ്ങളാണു നല്ലത്. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കരുത്. നനഞ്ഞ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും ഉടനെ മാറ്റണം. ഈര്‍പ്പം നിന്നാല്‍ ചര്‍മ്മം വിണ്ടുകീറി വ്രണങ്ങളും അണുബാധയും ഉണ്ടായേക്കാം.

ആര്‍ത്തവരക്തത്തിന്റെ ഗന്ധം മാറ്റാനായി യോനിയില്‍ ഡിയോഡോറന്റുകളോ പെര്‍ഫ്യൂമ്ഡ് സ്‌പ്രേയോ ഉപയോഗിക്കാന്‍ പാടില്ല. സാധാരണ കുളിക്കാനുപയോഗിക്കുന്ന സോപ്പും വെള്ളവും കൊണ്ട് കഴുകിയാല്‍ മതിയാവും. 

സാനിറ്ററി പാഡും തുണിയും

തുണി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവ ന്നനായി സോപ്പിട്ടു കഴുകി വെയിലത്ത് ഉണക്കണം. ഓരോ പ്രാവശ്യവും പുതിയ തുണി ഉപയോഗിക്കുന്നതാണ് നല്ലത്. പാഡുകള്‍ ഓരോ 3-4 മണിക്കൂറിലും മാറ്റണമെന്നത് പ്രധാനമാണ്. സ്‌കൂളിലോ കോളേജിലോ പോകുന്ന പെണ്‍കുട്ടികള്‍ പാഡുകളും അടിവസ്ത്രവും കരുതുന്നത് നല്ലതായിരിക്കും. ആര്‍ത്തവരക്തം വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഒരു തരം ദുര്‍ഗ്ഗന്ധമുണ്ടാവും. അടിവസ്ത്രങ്ങളിലെ രക്തക്കറ മാറ്റാന്‍ അല്‍പം ഉപ്പുചേര്‍ത്ത വെള്ളത്തിലിട്ടു വെച്ചശേഷം നന്നായി കഴുകിയെടുക്കുക.

സാനിട്ടറി നാപ്കിന്‍ ഉപയോഗിച്ചശേഷം കുഴിയിലിട്ട് മൂടുകയോ കത്തിക്കുകയോ ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കില്‍ പേപ്പറില്‍ പൊതിഞ്ഞ് വേസ്റ്റു സാധനങ്ങള്‍ കളയുന്ന ബക്കറ്റിലിടാം. ഒരിക്കലും പുറത്ത് ചപ്പുചവറുകള്‍ക്കിടയില്‍ നിക്ഷേപിക്കരുത്. കക്കൂസിലിട്ട് വെള്ളമൊഴിച്ച് കളയുന്നതും നല്ലതല്ല. (തടസ്സമുണ്ടാക്കും)

മറ്റൊരുതരം പാഡാണ് Tampon  എന്നുപറയുന്നത്. ഇത് യോനിക്കുള്ളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇവ ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ദിവസവും 3-6 പ്രാവശ്യം മാറ്റണം. രാത്രിയില്‍ ഉറങ്ങുമ്പോള്‍ ടാമ്പണു പകരം പാഡ് ഉപയോഗിക്കുന്നതാണ് നല്ലത്. ടാമ്പണ്‍ ഉപയോഗിക്കുന്നതിനു മുമ്പും ശേഷവും കൈകള്‍ വൃത്തിയായി കഴുകണം. ടാമ്പണ്‍ വളരെ മൃദുവായി നിക്ഷേപിക്കണം. അതിന്റെ നൂല്‍ പുറത്തുണ്ടാവണം. (എടുത്തുമാറ്റാന്‍ എളുപ്പമായിരിക്കും) പുതിയ ടാമ്പണ്‍ വെക്കുന്നതിന് മുമ്പ് പഴയത് എടുത്തുമാറ്റാന്‍ മറക്കരുത്. എട്ട് മണിക്കൂറിലധികം ടാമ്പണ്‍ വെക്കുകയാണെങ്കില്‍ വളരെ ഗൗരവമേറിയ ഒരുതരം അണുബാധ (Toxic Shock syndrome) ഉണ്ടാവാം. അതുകൊണ്ട് ടാമ്പണ്‍ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് പാഡുകള്‍ ഉപയോഗിക്കുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആര്‍ത്തവം മാറ്റിവെക്കാന്‍ (തിയ്യതി നീട്ടാനോ മുമ്പിലേക്ക് ആക്കാനോ) ഹോര്‍മോണുകളടങ്ങിയ മരുന്നുകള്‍ കഴിക്കുന്നത് നല്ലതല്ല. ഭാവിയില്‍ ദോഷങ്ങളുണ്ടാകാം. ഒരിക്കലും ഇത്തരം മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കാന്‍ പാടില്ല. 

ശരീരത്തിന്റെ തൂക്കവും കൊഴുപ്പിന്റെ അളവും ആര്‍ത്തവത്തിനെ നിയന്ത്രിക്കുന്നു. അതുകൊണ്ട് അമിതവണ്ണം ഉണ്ടാവാതെ നോക്കണം.

ആര്‍ത്തവ ദിവസങ്ങള്‍ ഓരോ മാസവും കലണ്ടറില്‍ അടയാളപ്പെടുത്തിവെക്കുക. ആര്‍ത്തവദിവസം അടുക്കാറാകുമ്പോള്‍ ബാഗില്‍ പാഡ് കരുതുക.

സാധാരണയായി മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ആര്‍ത്തവരക്തം പോകാറുണ്ട്. ആദ്യത്തെയോ രണ്ടാമത്തെയോ ദിവസമായിരിക്കും രക്തം കൂടുതല്‍ പോവുക. ഈ ദിവസങ്ങളില്‍ യാത്ര ഒഴിവാക്കുക. യാത്രാസമയങ്ങളില്‍ 4-5 മണിക്കൂറിലധികം ഒരു പാഡ് വെക്കരുത്. (അണുബാധയും പൂപ്പലും ഉണ്ടാവാം.) ദിവസവും നാല് പാഡ് വരെ മാറ്റുന്നത് അമിതരക്തസ്രാവമല്ല.

രക്തസ്രാവം കൂടുതലുള്ള ദിവസങ്ങളില്‍ എക്‌സ്ട്രാ ലാര്‍ജ് പാഡുകളും മറ്റു ദിവസങ്ങളില്‍ സാധാരണ പാഡുകളും ഉപയോഗിക്കാം.

ആര്‍ത്തവകാലത്ത് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നറിയാന്‍ താഴെയുള്ള ചോദ്യങ്ങള്‍ ശ്രദ്ധിക്കുക.

1. ഓരോ മാസവും ആര്‍ത്തവം എത്രത്തോളം വേദനയുള്ളതാണ്? ഒരേ തരത്തിലാണോ വേദന എല്ലാ മാസവും വരുന്നത,് അതോ ചില മാസങ്ങളില്‍ വേദന കൂടുന്നുണ്ടോ?

2. എത്ര ദിവസങ്ങള്‍ ഇടവിട്ടാണ് ആര്‍ത്തവം വരുന്നത്? ഓരോ പ്രാവശ്യവും ആര്‍ത്തവം എത്ര ദിവസങ്ങള്‍ നീണ്ടുനില്‍ക്കും?

3. ആര്‍ത്തവം വരുമ്പോള്‍ മാനസികസമ്മര്‍ദം ഉണ്ടാവാറുണ്ടോ? അത് നിങ്ങളെ എത്രത്തോളം ബാധിക്കാറുണ്ട്?

4. നിങ്ങളുടെ രക്തസ്രാവത്തിന്റെ തോത് കൂടുതലാണോ? ഓരോ ദിവസവും എത്ര പ്രാവശ്യം സാനിട്ടറി പാഡ് മാറ്റേണ്ടിവരും? 

ഇപ്രകാരം ചിന്തിച്ചശേഷം എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കേണ്ടതാണ്.

 കുടുംബാംഗങ്ങളുമായുള്ള ബന്ധത്തില്‍ മാറ്റങ്ങള്‍

പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം തുടങ്ങുന്നതോടെ കുടുംബാംഗങ്ങളുമായുള്ള ബന്ധത്തില്‍ ചിലപ്പോള്‍ മാറ്റങ്ങളുണ്ടാവാം. കുമാരികളുടെ ഒരു പ്രധാന പ്രശ്‌നമാണിത്. ആര്‍ത്തവം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും തുടര്‍ന്നു പഠിക്കുന്നതിനോ മറ്റുള്ളവരുമായി ഇടപഴകുന്നതിനോ ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനോ അതൊരു തടസ്സമില്ലെന്നും പെണ്‍കുട്ടികളും കുടുംബാംഗങ്ങളും മനസ്സിലാക്കണം.

 

ആര്‍ത്തവത്തെ ബാധിക്കുന്ന 

പ്രധാന ഘടകങ്ങള്‍ 

മാനസികസമ്മര്‍ദം

മാനസികസമ്മര്‍ദം കൂടുതലായാല്‍ അത് ആര്‍ത്തവത്തെ ബാധിക്കുകയും താല്‍ക്കാലികമായി ആര്‍ത്തവം നില്‍ക്കുകയും ചെയ്യാറുണ്ട്. മാനസികസമ്മര്‍ദം കുറയുമ്പോള്‍ ആര്‍ത്തവം വീണ്ടും വരികയും ചെയ്യും.

വ്യായാമം

കൂടുതലായി വ്യായാമം ചെയ്യുകയോ കായികവിനോദങ്ങളില്‍ പങ്കെടുക്കുകയോ ചെയ്താല്‍ ചിലപ്പോള്‍ താല്‍ക്കാലികമായി ആര്‍ത്തവം നിലക്കാറുണ്ട്.

ഹോര്‍മോണ്‍ തകരാറുകള്‍

PCOS പോലുള്ള ഹോര്‍മോണ്‍ തകരാറുകള്‍ മൂലമുണ്ടാകുന്ന അസുഖങ്ങളില്‍ ആര്‍ത്തവപ്രശ്‌നങ്ങള്‍ ഉണ്ടാവാം.

പെട്ടെന്നുള്ള തൂക്കക്കുറവ്

ശരീരഭാരം പെട്ടെന്നു കുറഞ്ഞാല്‍ (വിശപ്പുകുറയുന്നതുകൊണ്ടോ മെലിയാനായി ഡയറ്റിംഗ് കൊണ്ടോ ശരീരത്തിന്റെ തൂക്കം കുറയുകയാണെങ്കില്‍) ആര്‍ത്തവം താല്‍ക്കാലികമായി നിലക്കാനിടയുണ്ട്.

ഡോക്ടറെ കാണേണ്ടതെപ്പോള്‍

15 വയസ്സായിട്ടും അല്ലെങ്കില്‍ സ്തനവളര്‍ച്ച തുടങ്ങി മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആര്‍ത്തവം തുടങ്ങിയില്ലെങ്കില്‍.

> ആര്‍ത്തവം കഴിഞ്ഞ് മൂന്ന് മാസമായിട്ടും അടുത്ത ആര്‍ത്തവം ഉണ്ടായില്ലെങ്കില്‍.

> കൂടുതല്‍ രക്തംപോക്കുണ്ടെങ്കില്‍ - അഥവാ രക്തസ്രാവം ഏഴ് ദിവസത്തിലധികം നീണ്ടുപോയാല്‍.

> രക്തസ്രാവത്തിന്റെ അളവ് കൂടുതലാണെങ്കില്‍.

> ആര്‍ത്തവസമയത്ത് ടാമ്പണ്‍ ഉപയോഗിച്ച ശേഷം പെട്ടെന്ന് എന്തെങ്കിലും അസുഖം തോന്നുന്നുണ്ടെങ്കില്‍.

> ആര്‍ത്തവകാലത്തിനിടയില്‍ രക്തംപോക്കുണ്ടായാല്‍.

> ആര്‍ത്തവകാലത്ത് വയറുവേദന വളരെ കൂടുതലാണെങ്കില്‍. 

> ആര്‍ത്തവം വരുന്നതിന് മുമ്പ് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ (ജങട) ഉണ്ടാവുകയാണെങ്കില്‍.

 

ആര്‍ത്തവ ദിനങ്ങളിലെ ഭക്ഷണം

ആര്‍ത്തവം തുടങ്ങിയ പെണ്‍കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ നിന്ന് കൂടുതല്‍ ഇരുമ്പുസത്തും പ്രോട്ടീനും കിട്ടണം. ഭക്ഷണത്തില്‍ ഇലക്കറികള്‍, ഉണക്കമുന്തിരി, പാല്‍, ശര്‍ക്കര, എള്ളുണ്ട, നെല്ലിക്ക, ബീറ്റ്‌റൂട്ട് എന്നിവ ഉള്‍പ്പെടുത്തുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കണം. വിറ്റാമിന്‍ സി (പഴങ്ങളിലും നെല്ലിക്കയിലും ചെറുനാരങ്ങ പോലുള്ള സിട്രസ് പഴങ്ങളിലും അതുണ്ട്) ശരീരത്തില്‍ ഇരുമ്പ് സത്തിന്റെ ആഗിരണം കൂട്ടാന്‍ സഹായിക്കും. കഫീന്‍ ഇരുമ്പുസത്തിന്റെ ആഗിരണം കുറക്കുന്നതിനാല്‍ കാപ്പിയും കോളയും ഒഴിവാക്കണം. ആര്‍ത്തവകാലത്ത് ശരീരത്തില്‍ നീരുവന്നതു പോലെ തോന്നാറുണ്ട്. അങ്ങനെയുണ്ടെങ്കില്‍ ഭക്ഷണത്തില്‍ ഉപ്പുകുറക്കുന്നത് നന്നായിരിക്കും. കാത്സ്യം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും (പാല്‍, പാലുല്‍പന്നങ്ങള്‍ തുടങ്ങിയവ) നന്നായി കഴിക്കണം. ആര്‍ത്തവത്തിന്റെ ആദ്യത്തെ ദിവസങ്ങളില്‍ തലകറക്കവും ഛര്‍ദിയും ഉണ്ടെങ്കില്‍ ലഘുവായ ഭക്ഷണം കഴിക്കുക (ഉദാ. പാല്‍, ഗ്ലൂക്കോസ് ബിസ്‌ക്കറ്റ്, ഓട്‌സ്, റൊട്ടി, കഞ്ഞി, നാരങ്ങാവെള്ളം)

അമിതമായ ഉപ്പ്, വിനാഗിരി, കാപ്പി, അച്ചാര്‍, എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കണം. മൂത്രത്തില്‍ പഴുപ്പുണ്ടാവുന്നതു തടയാനും ധാരാളം വെള്ളം കുടിക്കേണ്ടതാവശ്യമാണ്.

ചില പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവകാലത്ത് വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി എന്നിവയുണ്ടാവാം. അവര്‍ ഭക്ഷണം കുറക്കുകയോ തീരെ കഴിക്കാതിരിക്കുകയോ ചെയ്താല്‍ ക്ഷീണം കൂടും. ആര്‍ത്തവരക്തത്തിലൂടെ ഇരുമ്പുസത്തും നഷ്ടപ്പെടുമ്പോള്‍ വിളര്‍ച്ച ഉണ്ടാവാനിടയുണ്ട്. വിളര്‍ച്ച ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇരുമ്പുസത്തടങ്ങിയ ഗുളികകള്‍ കഴിക്കുകയും ഇരുമ്പിന്റെ അംശമടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയും വേണം.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top