മഴ തോര്‍ന്നിട്ടും കുളിരില്‍

തയ്യാറാക്കിയത് / ബിശാറ മുജീബ്‌

കനത്തചൂടില്‍ മലയാളിക്ക് മഴക്കാലം സ്വപ്‌നസുന്ദരമായ ഇന്നലെകളായിത്തീര്‍ന്നു. മഴ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. കര്‍ഷകര്‍ മാനമിരുണ്ടാല്‍ മഴ പെയ്യുമോ എന്ന് പ്രവചിച്ചിരുന്നു. ചെടികള്‍ക്കും ജന്തുക്കള്‍ക്കും മഴയെക്കുറിച്ചറിയാം. മാക്രന്‍ കരഞ്ഞാല്‍ മഴ പെയ്യും. ഈയ്യല്‍ പാറിയാല്‍ മഴ വീണ്ടും വരും. അതു വെളുത്തതാണെങ്കില്‍ മഴ പോകും. തുമ്പി താഴ്ന്നു പറന്നാല്‍ മഴ വരും. ഉയര്‍ന്നു പറന്നാല്‍ മഴ പോകും. രാത്രിയില്‍ കുയില്‍ ഇടതടവില്ലാതെ ചിലച്ചാല്‍ അതില്‍ മഴയുടെ സൂചന കാണാം. വേഴാമ്പലും കുളക്കോഴിയും കരയുന്നതും മഴക്കു വേണ്ടിയാണത്രെ. മഴക്കുവേണ്ടിയും മഴയെ സന്തോഷിപ്പിച്ചും എഴുതിയവര്‍ മലയാള സാഹിത്യത്തിലും മഴ പെയ്യിച്ചിട്ടുണ്ട്. മഴയെ പിരിശമുള്ളവരും പേടിക്കുന്നവരും അവരിലുണ്ട്. മഴ തോര്‍ന്നാലും മനസ്സിലെ കുളിര് മാറാത്തവരുടെ ചില വര്‍ത്തമാനങ്ങള്‍. 

തണുത്തിട്ടും നനഞ്ഞത് മാറാതെ 


പി.െക പാറക്കടവ് 

പുറത്ത് അനുഗ്രഹത്തിന്റെ ചാറ്റല്‍മഴ പെയ്യുന്ന ഒരു വൈകുന്നേരം ഞാന്‍ വീണ്ടും പെദ്രോപരാമോ വായിക്കുകയായിരുന്നു. ഹുവാന്‍ റൂള്‍ഫോ നല്‍കുന്ന മഴയുടെ ചിത്രം എന്നെ കുട്ടിക്കാലത്തെ മഴക്കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇറ വെളളത്തില്‍ തോണിയുണ്ടാക്കിക്കളിക്കുന്ന ഒരു കുട്ടിക്കാലം. വയലുകളും ഇടവഴികളും പുഴയും നിറഞ്ഞുകവിഞ്ഞ് മനോഹരമായൊരു ചിത്രംപോലെ ഇപ്പോള്‍ എന്റെ മനസ്സില്‍. 
നിറഞ്ഞുകവിഞ്ഞൊഴുകുന്ന ചോയിത്തോടിന്റെ വക്കിലൂടെ ചെക്യാട്ടെ നനഞ്ഞുകുതിര്‍ന്ന വയല്‍വരമ്പുകളിലൂടെ ഹൈസ്‌കൂളിലെ നടന്നുപോകുന്ന നനഞ്ഞകാലം. പേക്കന്റെ കരച്ചിലുകളും മീനുകളുടെ പിടച്ചിലുകളും വയലില്‍ വീഴുന്ന മഴയുടെ സുന്ദരമായ കാഴ്ചയും ഇടവഴിയുടെ മൂലയില്‍ ഉറവപൊട്ടുന്ന ശബ്ദവും ഇന്നും വറ്റിപ്പോകാതെ മനസ്സിലുണ്ട്. മഴയെക്കുറിച്ചുള്ള ഒരുപാട് കഥകളും നാടന്‍പാട്ടുകളും എന്റെ മനസ്സിന്റെ അയലില്‍ കുട്ടിക്കാലത്തെ ആരോ അറിയിച്ചിട്ടുണ്ട്. എത്ര നനഞ്ഞ ഓര്‍മകള്‍. പാറക്കടവ് പള്ളിയുടെ വാതില്‍ക്കല്‍വരെ ഒരു മഴക്കാലത്ത് വെളളപ്പൊക്കം വന്ന് വെളളം കയറിയത്രെ. അന്ന് വലിയ ഖാളിമാര്‍ വന്ന് മലവെളളത്തോട് പോകാന്‍ പറഞ്ഞു. അനുസരണയുളള ഒരു കുട്ടിയെപ്പോലെ മലവെളളം ഇറങ്ങിപ്പോയി എന്ന് കഥ. ഇത്തരം കഥകള്‍കേട്ട് വളര്‍ന്നത് കൊണ്ടാകാം എനിക്ക് മലവെളളത്തോടും മഴയോടും സംസാരിക്കാനാവുന്നത്.
മഴ എന്നും എന്റെ കിനാവാണ്. മഴക്കാലത്താണ് ഞാനേറെ കഥകളും കുത്തിക്കുറിച്ചത്. മഴക്കാലത്ത് ഒരു ചെടിയും വൃക്ഷവും പോലെത്തന്നെയാണ് ഞാനും എന്ന് തോന്നാറുണ്ട്. സൃഷ്ടിയുടെ ഇലകള്‍ തളിര്‍ക്കുക മഴക്കാലത്ത് മാത്രമാണ്. എന്നിലും, രാത്രി ഉറങ്ങാന്‍ നേരം പുറത്ത് മഴ പെയ്യുകയെന്നത് ഏറെ ആഹ്ലാദം പകരുന്ന അനുഭവമാണ്. മഴയുടെ കാഴ്ച, മഴയുടെ ശബ്ദം ഒക്കെ എന്നെ മറ്റേതോ ലോകത്തെത്തിക്കുന്നു. പത്മനാഭന്റെ കഥകളും സച്ചിദാനന്ദന്റെ കവിതകളും എനിക്ക് മഴയനുഭവം തന്നിട്ടുണ്ട്.  രാത്രി പുറത്ത് മഴ പെയ്യുമ്പോള്‍ ഉളളില്‍ നിശബ്ദമായി ഞാന്‍ സുഗതകുമാരിയുടെ കവിത മൂളുന്നു. 
മഴ എന്റെ ഒരുപാട് കഥകളില്‍ ചിതറി വീണിട്ടുണ്ട്. എന്റെ ഒരു കഥാ സമാഹാരത്തിന്റെ പേര് തന്നെ 'അവള്‍ പെയ്യുന്നു' എന്നാണ്. മനുഷ്യരേക്കാളേറെ ഞാന്‍ മഴയോട് സംസാരിക്കാറുണ്ട്. മഴ പലപ്പോഴും എനിക്ക് ഓര്‍മയുടെ കടലാസുതോണികള്‍ തരുന്നു. പോയ നിറമുള്ള നാളുകളുടെ ഇറ വെളളത്തില്‍ ഞാന്‍ ഓര്‍മയുടെ ഈ കടലാസുതോണികള്‍ ഒഴുക്കുന്നു.    


പെയ്‌തൊഴിയാത്ത വാക്കുകള്‍


അക്ബര്‍ കക്കട്ടില്‍

മഴ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. നന്നെ ചെറുപ്പത്തിലേ മഴയോട് എന്തെന്നില്ലാത്ത കമ്പമായിരുന്നു. എപ്പോഴും മഴ താളത്തിലേ പെയ്യൂ. പെയ്തുകൊണ്ടിരിക്കെ മഴയുടെ ചെറിയ നൂലുകള്‍ പോലുള്ള നേര്‍ത്ത വിടവിലൂടെ നോക്കി എത്ര നേരമിരുന്നാലും മതിയാവാറില്ല. അതിനു കുട്ടിക്കാലം തന്നെ വേണമെന്ന നിര്‍ബന്ധവുമില്ല. 
ഭാവങ്ങളിലെ വൈവിധ്യം മഴക്ക് മാത്രമുള്ളതാണ്. ചെരിഞ്ഞുപെയ്യുമ്പോഴും ചിതറിപ്പെയ്യുമ്പോഴും ചാറി കാറ്റിനൊപ്പം താളത്തില്‍ പെയ്യുമ്പോഴും മഴയുടെ സൗന്ദര്യം ഒന്നുവേറെത്തന്നെയാണ്. 
എല്‍.പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ വയല്‍ക്കരയിലെ സ്‌കൂളിലേക്ക് പോകുന്നത് തോട്ടിന്‍ വക്കിലൂടെയായിരുന്നു. മഴക്കാലത്ത് പാടം കവിഞ്ഞൊഴുകിയ വെള്ളം ചവിട്ടിത്തെറിപ്പിച്ച് നടന്നുപോവുമ്പോള്‍ എന്തെന്നില്ലാത്ത ആനന്ദമായിരുന്നു.
നന്നായി മഴ പെയ്യുമ്പോള്‍ യാത്രയിലായിരിക്കെ ട്രെയിനിലായാലും ബസ്സിലായാലും ഗ്ലാസ്സ് നീക്കി മഴ കൊള്ളാന്‍ നല്ല ഇഷ്ടമാണ്. സഹയാത്രക്കാരില്‍ നിന്ന് മുറുമുറുപ്പുണ്ടാവുമ്പോള്‍ മാത്രം അവരോട് സഹകരിച്ച് ജനലടക്കും. 
മഴ കൊണ്ടുള്ള നടത്തം ഏറെ പ്രിയമെങ്കിലും പെട്ടെന്ന് ജലദോഷം പിടിപെടും. പ്രിയപ്പെട്ടതിനെ പുല്‍കുമ്പോള്‍ പ്രയാസങ്ങള്‍ വന്നുചേരുമെന്നത് ശരിയാണെന്ന് അപ്പോള്‍ തോന്നും. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോള്‍ വയറിനകത്ത് പ്രശ്‌നങ്ങളുണ്ടാകുന്നത് പോലെ.
മഴ എന്റെ പല കഥകളിലും വന്നിട്ടുണ്ട്. 'ആറാം കാലം' എന്ന കഥയില്‍ പല കാലങ്ങളില്‍ പെയ്യുന്ന മഴ ആവിഷ്‌കരിച്ചിട്ടുണ്ട്. കാലാവസ്ഥ നല്ല ചൂടായിരുന്നപ്പോഴും യാത്രയില്‍ എനിക്ക് മഴ കിട്ടിയിട്ടുണ്ട്. കൊച്ചിയിലെത്തിയപ്പോഴും കോട്ടയത്തെത്തിയപ്പോഴും പാലക്കാടെത്തിയപ്പോഴും അവിടങ്ങളിലെ മഴ ലഭിച്ചിരുന്നു. 
മഴക്ക് മറ്റൊരു മുഖമുണ്ടെന്നുള്ളത് ഓര്‍മപ്പെടുത്തിയത് ഇടുക്കിയില്‍ നിന്ന് ഒരു ചെറുപ്പക്കാരനയച്ച കത്തില്‍ നിന്നാണ്. അവന് അവന്റെ അച്ഛനമ്മമാരെ നഷ്ടപ്പെട്ടത് ഒരു മഴക്കാലത്തായിരുന്നു. പ്രകൃതിയുടെ ക്ഷോഭം കാമറയില്‍ പകര്‍ത്തവെ ജീവന്‍ നല്‍കേണ്ടി വന്ന പ്രശസ്ത ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജും നമ്മുടെ മുമ്പിലെ മഴനൊമ്പരം തന്നെയാണ്. 

മഴപ്പേടി


ബി.എം സുഹ്‌റ

വേനല്‍ക്കാലങ്ങളില്‍ മഴക്ക് വേണ്ടി കാത്തിരിക്കും. അക്കാലത്ത് മഴ സ്വപ്നം കണ്ട് കിടക്കാന്‍ വളരെ ഇഷ്ടമായിരുന്നു. ഓര്‍ത്തിരിക്കുകയും ചെയ്യും. മഴയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഒരു തണുപ്പാണ്. കൊതിച്ചിരിക്കുമ്പോള്‍ പയ്യെ പെയ്യുന്ന പുതുമഴ വല്ലാത്തൊരനുഭൂതിയാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും അകമ്പടിയോടെയുള്ള പെരുമഴ എനിക്കിന്നും ഭീതിയാണ്. ഇടിയും മിന്നലും വല്ലാത്തൊരു ദുരന്തത്തിന്റെ പ്രതീതിയാണ് എന്നിലുണ്ടാക്കുന്നത്. ഞാന്‍ വളര്‍ന്നതും പഠിച്ചതുമെല്ലാം കടലോരഗ്രാമമായ തിക്കോടിയിലാണ്. മഴ കനത്താല്‍ പറമ്പിന് അതിരിട്ട തോട് കവിഞ്ഞൊഴുകും. തൊടിയിലും മുറ്റത്തുമെല്ലാം വെള്ളം കയറും. എന്നാല്‍ ശക്തമായ കാറ്റടിക്കാന്‍ തുടങ്ങുമ്പോഴേക്കും തെങ്ങും മരങ്ങളും ആടിയുലയുകയും കടപുഴകി വീഴുകയും ചെയ്യാറുണ്ടായിരുന്നു. അടുക്കളവരെ വെള്ളം കയറി കോപിച്ച് നില്‍ക്കുന്ന പ്രകൃതിയെ കാണുമ്പോള്‍ നന്നായി പേടിച്ചിരുന്നു. കണ്ണും കാതും അടപ്പിക്കുന്ന തരത്തില്‍ ഇടിയും മിന്നലും പ്രതിഷേധമറിയിക്കുമ്പോള്‍ എങ്ങനെ ഭയമില്ലാതിരിക്കും. ഇത് മനുഷ്യന്‍ ഭൂമിയില്‍ ചെയ്ത പാപങ്ങളുടെ ഫലമാണെന്നും അതിനുള്ള ശിക്ഷയാണോ എന്നും ചിലപ്പോള്‍ വിചാരിക്കും.
മഴ നനയുമ്പോഴേക്കും അസുഖങ്ങള്‍ വരാറുള്ളതും പതിവാണ്. സ്‌കൂളിലേക്ക് പോകുമ്പോള്‍ ഇന്നത്തെപ്പോലെ വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ നടത്തമായിരുന്നു പതിവ്. കുട കാറ്റിനോട് മത്സരിച്ച് പിണങ്ങി പറന്നു പോകും. മഴ എന്നെ നനച്ച് പുസ്തകത്തെയും കുളിപ്പിച്ച് കൂടെ നടക്കും. റോഡും വെള്ളത്തിലായിരിക്കും. അതുകൊണ്ട് മഴക്കാലത്ത് പുറത്തിറങ്ങാന്‍ തന്നെ മടിയാണ്. വീടിനു മുമ്പിലുള്ള മാവിലെല്ലാം ഇഷ്ടം പോലെ മാങ്ങയുണ്ടാവും. ഒരു കാറ്റടിക്കുമ്പോഴേക്കും ഒന്നായി വീഴുന്ന മാങ്ങ പെറുക്കാന്‍ കുട്ടികളെല്ലാം മത്സരിച്ചോടും. എനിക്ക് മാങ്ങതിന്നാന്‍ വളരെ ഇഷ്ടമായിരുന്നെങ്കിലും കാറ്റിനെ പേടിച്ച് അതു വേണ്ടെന്നുവെക്കും.
വിവാഹ ശേഷം ഭര്‍ത്താവും മക്കളും പുറത്താണെങ്കില്‍ വരുന്നതുവരെ ഓരോന്ന് മനസ്സില്‍ മെനഞ്ഞുണ്ടാക്കി ആധിയോടെ ഇരിക്കും. മഴയത്ത് വായിക്കാന്‍ ഇഷ്ടമാണെങ്കിലും പുറത്തു പോയവര്‍ തിരിച്ചെത്തുന്നതുവരെ ഏകാഗ്രത കിട്ടാറേയില്ല.
എവിടെ നോക്കിയാലും കാറ്റടിക്കുമ്പോഴേക്ക് ആടിയുലയുന്ന വലിയ മരങ്ങളായിരിക്കും. ചെറുപ്പകാലത്ത് വീട്ടില്‍ പണിക്ക് വരുന്ന സ്ത്രീകള്‍ മിന്നലേറ്റ് മരിച്ച് ചാമ്പലായവരുടെ കഥകള്‍ വന്നു വിവരിക്കുന്നത് ഇന്നും കാതിലുണ്ട്. ഉരുള്‍ പൊട്ടി വീടടക്കം ഒലിച്ചുപോകുന്ന ഹതഭാഗ്യര്‍ മഴക്കാലത്ത് മാത്രമേ ഉണ്ടാകൂ. ഖുര്‍ആനില്‍ ചിലയിടങ്ങളില്‍ പരീക്ഷിക്കപ്പെട്ട ജനതയെക്കുറിച്ച് പറയുമ്പോള്‍ വലിയ മലകള്‍ ഇടിഞ്ഞതും മരങ്ങള്‍ കടപുഴകിയതും ഭൂമി മൈതാനം കണക്കെയായതും ഓര്‍മയില്‍ നില്‍ക്കുന്നതിനാലൊക്കെയാവാം മഴക്ക് ഭീതിയുടെ മുഖം എന്റെയുള്ളില്‍ സമ്മാനിക്കാനായത്. 
കൂടാതെ എന്റെ ഉമ്മക്കും അതില്‍ പങ്കുണ്ട്. സ്‌നേഹ നിധിയായ അവര്‍ മഴക്കാലമായാല്‍ ഞങ്ങള്‍ സ്‌കൂള്‍ വിട്ട് വരുന്നതുവരെ ഉമ്മറത്ത് ആകാംക്ഷയോടെ കാത്തിരിക്കുന്നതു കാണാമായിരുന്നു. പിന്നീട് വലുതായപ്പോഴും നല്ല മഴയും കാറ്റും വരുമ്പോഴേക്കും ഉമ്മയുടെ അടുത്തേക്ക് ഓടിയെത്തിയെങ്കിലേ അവര്‍ക്കും ഞങ്ങള്‍ക്കും സമാധാനമാവുകയുള്ളൂ. 
പതുക്കെയുള്ള ശാന്തമായ മഴ ആസ്വദിച്ചിട്ടുണ്ട്. വരാന്തയിലിരുന്ന് കടലാസുതോണിയുണ്ടാക്കി കളിക്കാറുമുണ്ടായിരുന്നു. ഞാന്‍ മഴയെക്കുറിച്ച് വല്ലാതെയൊന്നും എഴുതിയിട്ടില്ല.
കനത്തചൂടില്‍ മലയാളിക്ക് മഴക്കാലം സ്വപ്‌നസുന്ദരമായ ഇന്നലെകളായിത്തീര്‍ന്നു. മഴ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. കര്‍ഷകര്‍ മാനമിരുണ്ടാല്‍ മഴ പെയ്യുമോ എന്ന് പ്രവചിച്ചിരുന്നു. ചെടികള്‍ക്കും ജന്തുക്കള്‍ക്കും മഴയെക്കുറിച്ചറിയാം. മാക്രന്‍ കരഞ്ഞാല്‍ മഴ പെയ്യും. ഈയ്യല്‍ പാറിയാല്‍ മഴ വീണ്ടും വരും. അതു വെളുത്തതാണെങ്കില്‍ മഴ പോകും. തുമ്പി താഴ്ന്നു പറന്നാല്‍ മഴ വരും. ഉയര്‍ന്നു പറന്നാല്‍ മഴ പോകും. രാത്രിയില്‍ കുയില്‍ ഇടതടവില്ലാതെ ചിലച്ചാല്‍ അതില്‍ മഴയുടെ സൂചന കാണാം. വേഴാമ്പലും കുളക്കോഴിയും കരയുന്നതും മഴക്കു വേണ്ടിയാണത്രെ. മഴക്കുവേണ്ടിയും മഴയെ സന്തോഷിപ്പിച്ചും എഴുതിയവര്‍ മലയാള സാഹിത്യത്തിലും മഴ പെയ്യിച്ചിട്ടുണ്ട്. മഴയെ പിരിശമുള്ളവരും പേടിക്കുന്നവരും അവരിലുണ്ട്. മഴ തോര്‍ന്നാലും മനസ്സിലെ കുളിര് മാറാത്തവരുടെ ചില വര്‍ത്തമാനങ്ങള്‍. 


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top