സീരിയല്‍ കാലത്തെ പെണ്‍ ജീവിതങ്ങള്‍

അബ്ദുല്ല പേരാമ്പ്ര

രാത്രി തുടങ്ങും മുമ്പ് മിക്ക വീടുകളിലേയും സ്വീകരണമുറി ടി.വി.യുടെ മുന്നില്‍ കണ്ണും കാതും കൊടുത്ത് അക്ഷമരാവുന്നവരെക്കൊണ്ട് നിറയും. അവരില്‍ സ്ത്രീകളും കുട്ടികളും മുന്‍പന്തിയിലുണ്ടാവും. ''ഈ കഥ നിങ്ങളുടേതാണ്'' എന്നും ''ഇത് പെണ്ണിന്റെ വിജയം''എന്നുമൊക്കെ മനോഹരമായ പരസ്യവാചകങ്ങള്‍ ചേര്‍ത്ത് ഒന്നിനു പിറകെ ഒന്നായി മിനിസ്‌ക്രീനില്‍ മിന്നിമറയുന്ന കണ്ണീര്‍ക്കഥകളുടെ ചൂടും ചൂരും ഒരു പകര്‍ന്നാട്ടമായി കൊണ്ടാടപ്പെടുമ്പോള്‍, നമ്മുടെ പെണ്‍ജീവിതങ്ങളുടെ മനസ്സും ചിന്തയും എവിടെ എത്തിനില്‍ക്കുന്നു എന്ന് ബോധ്യപ്പെടും. ഒരു കാലത്ത് മലയാളിയുടെ വായനാ സംസ്‌കാരത്തെ എങ്ങനെയൊക്കെയാണ് അശ്ലീല പ്രസിദ്ധീകരണങ്ങള്‍ മലീമസമാക്കിയത്, അതിലേറെ പ്രതിലോമ ചിന്തകള്‍ കുത്തിനിറക്കുന്നതാണ് ഇന്നത്തെ ടെലിസീരിയലുകളെന്നുകാണാം. അന്ന് ഒളിച്ചുവാങ്ങി വായിച്ചിരുന്ന ആ പ്രസിദ്ധീകരണങ്ങള്‍ ഏതാണ്ട് രണ്ട് ദശാബ്ധക്കാലമേ ആധിപത്യം സ്ഥാപിച്ചിരുന്നുള്ളൂ. അതിന്റെ സ്ഥാനം ഏറ്റെടുത്ത ടെലിസീരിയലുകള്‍ പക്ഷേ, നമ്മുടെ കുടുംബം യാതൊരു വൈക്ലഭ്യവും കൂടാതെയാണ് കാണുന്നത്. മറ്റൊരു കാഴ്ചയും കണ്ട് കണ്ണീരൊലിപ്പിക്കാന്‍ ഇതിന്റെ പ്രേക്ഷകര്‍ക്ക് കഴിയാതിരിക്കുന്നെങ്കില്‍ അതിന് കാരണം ടെലിവിഷന്‍ സീരിയലുകളാണെന്ന് പറയേണ്ടിവരും. കാരണം അത്രയും കണ്ണീരവര്‍ ഒലിപ്പിച്ചുകഴിഞ്ഞിരിക്കുന്നു.

എന്തായിരിക്കാം കേരളത്തിലെ പ്രേക്ഷകരെ കൂടുതലായി ഇത്തരം സീരിയലുകള്‍ക്ക് അടിമയാക്കി മാറ്റാനുണ്ടായ കാരണങ്ങള്‍? അത് മനഃശാസ്ത്രപരമാണ്. ഒരു വ്യക്തിയുടെ സ്വതസിദ്ധമായ ആകാംക്ഷയെയാണ് ഈ ''മഞ്ഞ'' സീരിയല്‍ നിര്‍മാതാക്കള്‍ മുതലെടുക്കുന്നത്. ഒരു സീരിയല്‍ അവസാനിക്കുന്നതും, അടുത്ത ദിവസത്തെ സീരിയല്‍ തുടങ്ങുന്നതിനെ സംബന്ധിച്ച പരസ്യ ദൃശ്യങ്ങളും ഉദ്യോഗജനകമാക്കി തീര്‍ക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കും. നമ്മുടെ പാവം അമ്മമാര്‍ മുള്‍മുനയില്‍ നിന്നാല്‍ ഒരു സീരിയലിന്റെ ''റേറ്റിംഗ്'' ഉയരും. അവിടംകൊണ്ടും നില്‍ക്കില്ല. മലയാള നിഘണ്ടുവിലെ തെറിവാക്കുകളും, വാചകക്കസര്‍ത്തുകളും അളന്നുതൂക്കി തിരക്കഥയില്‍ കുത്തിക്കയറ്റിയാല്‍ ബഹുജോറാവും കഥ.

ടെലിവിഷന്‍ എന്ന നവീന മാധ്യമത്തെ കേരളീയര്‍ സ്വീകരിച്ചത് ഒരു ആസ്വാദനത്തിന്റെ മാധ്യമമെന്ന നിലയിലാണ്. അക്കാരണം കൊണ്ടുതന്നെ സാമൂഹിക പ്രതിബദ്ധതയോടെ സമീപിക്കേണ്ടതാണിത്. പക്ഷേ, സംഭവിക്കുന്നത് മറിച്ചാണ്. ഒരു മനുഷ്യന്റെ നൈതികതയെ മാത്രമല്ല ഇവിടെ ചോദ്യംചെയ്യുന്നത്. അസ്വാഭാവികതയും, അതിശയോക്തിയും ചേരുംപടി ചേര്‍ത്ത് അന്ധവിശ്വാസങ്ങളുടെ മേമ്പൊടി കലര്‍ത്തി സമൂഹമധ്യത്തിലേക്ക് വിളമ്പുന്ന ചാനല്‍ സീരിയലുകള്‍ ഒരു സമൂഹത്തെയാകെ വഴിതെറ്റിക്കുന്നതിലേക്കാണ് നയിക്കുന്നത്. ആ അര്‍ഥത്തില്‍ ടെലിവിഷന്‍ ''സീരിയല്‍'' എന്നപേരില്‍ പടച്ചുവിടുന്നതെല്ലാം സാംസ്‌കാരിക സദാചാരത്തെ കൊലനിലങ്ങളാക്കുന്നവയാണ്. ഇത് തിരിച്ചറിയാന്‍ നാമാരും സമയം ചിലവാക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. സ്ത്രീശാക്തീകരണത്തെക്കുറിച്ച് രാപ്പകലില്ലാതെ സംസാരിക്കുന്നവരും, ഫെമിനിസത്തിന്റെ വക്താക്കളും ഈ അനീതിക്കുനേരെ കണ്ണടക്കുകയാണ് പതിവ്.

ഇന്ത്യയില്‍ ടി.വി. സീരിയല്‍ സംപ്രേക്ഷണം തുടങ്ങിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. ടി.വി. പ്രക്ഷേപണം ആരംഭിച്ച് പിന്നെയും കുറെ കഴിഞ്ഞാണ് ടെലിവിഷന്‍ എന്ന മാധ്യമം ഉപജീവനമാക്കിയവര്‍ ''മസാല'' സീരിയലുകളുടെ സാധ്യതയെ തിരിച്ചറിഞ്ഞത്. 1984-ലാണ് ഇന്ത്യയില്‍ ആദ്യമായി പൈങ്കിളി ടെലിവിഷന്‍ സീരിയലുകള്‍ ആരംഭിക്കുന്നത്. ''ഹംലോഗ്'' (നാം മനുഷ്യരാണ്) എന്ന പരിപാടിയായിരുന്നു അത്. ഇന്നത്തെപ്പോലെ സ്വകാര്യ ചാനല്‍ പ്രളയം നിലവിലില്ലാത്ത കാലമാണത്. സ്ത്രീകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യമിട്ട് തുടങ്ങിയ ഈ പരമ്പര പെട്ടെന്ന് സ്ത്രീ പങ്കാളിത്വത്തോടെ വിജയക്കൊടി പാറ്റി. പാശ്ചാത്യ നാടുകളില്‍ പ്രചുരപ്രചാരം സിദ്ധിച്ച ഒരു ലാറ്റിനമേരിക്കന്‍ മിനിസീരിയലിന്റെ ചുവടുപിടിച്ചായിരുന്നു ഹംലോഗിന്റെ പരീക്ഷണം. തുടര്‍ന്ന് മെഗാപരമ്പരകളുടെ ഒരു കുത്തിയൊഴുക്ക് തന്നെ ഇവിടെ ഉണ്ടായി. മഹാഭാരതവും രാമായണവും പരമ്പരകളായി രംഗത്തുവന്നു. അത്തരം സീരിയലുകളില്‍ രാമന്റേയും ശിവന്റേയുമൊക്കെ വേഷം ധരിച്ചവര്‍ പില്‍ക്കാലങ്ങളില്‍ ആള്‍ദൈവങ്ങളായി മാറുന്നത് നാം കണ്ടു. നടന്മാര്‍ പൊതുപരിപാടിയിലേക്ക് വന്നാല്‍ അവരുടെ കാല്‍ തൊട്ട് വന്ദിക്കാന്‍ വരെ ആളുകളുണ്ടായി. അത്രമാത്രം സ്വാധീനം സീരിയലുകള്‍ ജനങ്ങളില്‍, വിശിഷ്യാ സ്ത്രീകള്‍ക്കിടില്‍ ഉണ്ടാക്കിയെന്നര്‍ഥം. ഇതിഹാസ കഥകളുടെ കാലം കഴിഞ്ഞപ്പോള്‍ സീരിയല്‍ പ്രവര്‍ത്തകര്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടാന്‍ നിര്‍ബന്ധിതരായതിന്റെ ഫലമാണ് ഇന്നു നാം കാണുന്ന പല മസാല സീരിയലുകളും.

മദ്യപാനത്തിനോ മയക്കുമരുന്നിനോ അടിമപ്പെടുന്നതുപോലെയാണ്, പലരും ടി.വി സീരിയലുകള്‍ക്ക് അടിമപ്പെടുന്നത്. ഭ്രാന്തമായ ഒരാവേശമായി പലരും സീരിയലിനെ സമീപിക്കുന്നു. അന്തി കറുക്കുന്നതോടെ മറ്റെല്ലാം മാറ്റിവെച്ച് സീരിയല്‍ കാണാനായി സ്വീകരണ മുറിയിലേക്ക് പ്രവേശിക്കുന്നു. മക്കളുടെ പഠിപ്പോ മറ്റാവശ്യങ്ങളോ അവര്‍ക്കപ്പോള്‍ പ്രശ്‌നമല്ല. ഇന്ത്യയിലെ ഒരു വടക്കുകിഴക്കന്‍ സംസ്ഥാനത്തിലെ ഒരു പെണ്‍കുട്ടി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തത്, സീരിയല്‍ കാണാന്‍ വീട്ടില്‍നിന്നും അനുവാദം കിട്ടാത്തതിന്റെ പേരിലായിരുന്നു. ഇത്തരം സമാനമായ റിപ്പോര്‍ട്ടുകള്‍ നിത്യേനയെന്നോണം നമ്മുടെ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഈ അടുത്തകാലത്ത് ഒരു പത്താം ക്ലാസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ചെറുപ്പക്കാരെ പൂനയില്‍ അറസ്റ്റ് ചെയ്തപ്പോള്‍, അവര്‍ പറഞ്ഞത് തങ്ങള്‍ക്ക് ഈ അരുംകൊല ചെയ്യാന്‍ പ്രചോദനമായത് ''സി.ഐ.ഡി'' എന്ന സീരിയല്‍ ആണത്രെ. ഇതില്‍ മൂന്നുപേരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തി എത്താത്തവരാണെന്നത് ഗൗരവത വര്‍ധിപ്പിക്കുന്നു. വീട്ടിലെ മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികള്‍ സീരിയല്‍ കാണുന്നതിന്റെ അപകടത്തിലേക്ക് ഈ സംഭവം വിരല്‍ചൂണ്ടുന്നുണ്ട്. പൊതുസമൂഹം അശ്ലീലമെന്ന് വ്യാഖ്യാനിക്കുന്ന പലതും ഇന്ന് ടെലിവിഷന്‍ സീരിയലുകളില്‍ മറയില്ലാതെ കാണിക്കുന്നുണ്ട്. ഒരു വീട്ടിലെ സ്വകാര്യതകള്‍ കുട്ടികളെ വെച്ച് പരസ്യമാക്കുന്ന വൃത്തികേടിലേക്ക് പോലും ചാനലുകള്‍ മത്സരിക്കുകയാണിന്ന്. അതുകേട്ട് യാതൊരു ഉളുപ്പുമില്ലാതെ നാം ആര്‍ത്താര്‍ത്ത് ചിരിക്കുന്നു. മദ്യപാനവും അവിശുദ്ധ കൂട്ടുകെട്ടുകളും, കുടുംബ ബാഹ്യ ബന്ധങ്ങളുമാണ് പല സീരിയലുകളുടെയും പ്രമേയങ്ങള്‍.

ഒരു സാമൂഹിക ജീവിയെന്ന നിലയില്‍, സ്ത്രീകള്‍ സമൂഹത്തില്‍ ഇടപെടേണ്ടവരും സാമൂഹിക തനിമകള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ടവരുമാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ഇത്തരം സീരിയലുകളെല്ലാം സ്ത്രീയെ ഇരുണ്ട കാലത്തിലേക്കാണ് നയിക്കുന്നത്. പുരുഷന്റെ അസ്തിത്വത്തെ ചവിട്ടിമെതിക്കുന്ന കഥാതന്തു മിക്ക സീരിയലുകളുടെയും പൊതുപ്രത്യേകതയാണ്. പുരുഷനു പകരം സ്ത്രീകളാണ് ഇവിടെ വില്ലത്തികള്‍. ഇതിന്റെയെല്ലാം പിറകില്‍ വന്‍ കച്ചവട മനസ്ഥിതി നിലനില്‍ക്കുന്നതിനാല്‍ മറിച്ച് ചിന്തിക്കാനും നമുക്ക് കഴിയില്ല. ആ ഒരൊറ്റ കാരണംകൊണ്ടുതന്നെ സീരിയലുകള്‍ ഒന്നുപോലും ഒരു സാമൂഹിക സന്ദേശം നല്‍കാന്‍ പ്രാപ്തമല്ല. ഇന്ന് ടെലി സീരിയലുകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന പല സ്ത്രീ ഇമേജുകളും നിയമവിരുദ്ധമാണ്. 1986-ല്‍ സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കുന്നതിനെതിരെ ഇന്ത്യയില്‍ നിയമം നിലവില്‍ വന്നിട്ടുണ്ട്. ഒരു സ്ത്രീയുടെ ശരീരം, രൂപം, ഭാവം എന്നിവ നിന്ദ്യമായോ അശ്ലീലമായോ ചിത്രീകരിക്കുന്നത് ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റകരമാണ്. സ്ത്രീകളുടെ മാന്യതക്ക് കോട്ടം തട്ടുന്ന വിധത്തില്‍ വാക്കുകള്‍ പോലും ഉച്ചരിക്കുന്നത് തെറ്റെന്നിരിക്കേ, കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പല സീരിയലുകളും സംവേദിക്കുന്ന നിന്ദ്യതകള്‍ക്ക് കൈയോ കണക്കോ ഇല്ല. ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 509 പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണിത്.

.1980-നുശേഷം ഇന്ത്യയില്‍ ടെലിവിഷന്‍ സെറ്റുകള്‍ ആറിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്ക്. പുതിയ കണക്കുപ്രകാരം 100 കോടിയിലേറെ വീടുകളില്‍ ടെലിവിഷന്‍ വന്നുകഴിഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടി.വി. പ്രേക്ഷകര്‍ ഇന്ത്യയിലാണുള്ളത്. അതില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. അതായത് 71.6 ശതമാനം. ഒരു പുരുഷന്‍ ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ വരെ ടെലിവിഷന്‍ കാണുമ്പോള്‍, സ്ത്രീകള്‍ നാലു മണിക്കൂറിലധികം ടെലിവിഷന്‍ കാണുന്നവരാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് മസാല സീരിയലുകള്‍ കാണാന്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നതെന്ന് ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. വൈജ്ഞാനിക പരിപാടികളുടെ കാഴ്ചക്കാരില്‍ തുലോം കുറവാണ് സ്ത്രീകളുടെ സ്ഥാനം. കുട്ടികളും സ്ത്രീകളും കൂടുതല്‍ ടെലിവിഷനുകള്‍ക്ക് വശംവദരാവുന്നതുകൊണ്ട്, കുറ്റകൃത്യങ്ങളും കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നമ്മുടെ ജനസംഖ്യയുടെ 78 ശതമാനം പേരും 35 വയസ്സിനു താഴെ പ്രായമുള്ളവരാണല്ലോ. ഇന്ത്യയില്‍ നടക്കുന്ന പല കുറ്റകൃത്യങ്ങളും ചെയ്യുന്നത് ഈ ഗണത്തില്‍ പെടുന്നവരാണെന്നു കാണാം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബലാല്‍സംഗം, മോഷണം, കൊലപാതകം എന്നീ വന്‍കുറ്റങ്ങള്‍ ചെയ്യുന്നവരില്‍ കുട്ടികളുടെ സ്ഥാനം ചെറുതല്ല. ഇത് നാഷണല്‍ ക്രൈം റിസേര്‍ച്ച് ബ്യൂറോ പുറത്തുവിട്ട കണക്കാണ്. ഓരോ 90 മിനിറ്റിലും ഒരു കൗമാര പ്രായക്കാരന്‍ ആത്മഹത്യക്ക് ശ്രമിക്കുന്നു എന്നത് നമുക്ക് ചെറുതായി കാണാന്‍ കഴിയില്ല. ഇതിനെല്ലാം ദൃശ്യമാധ്യമത്തെ കുറ്റംപറയുന്നില്ലെങ്കിലും ചാനലുകള്‍ക്ക് അതില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ലതന്നെ!

സ്ത്രീകളെ അബലകളെന്ന തലത്തില്‍ ചിത്രീകരിക്കുകയും അവര്‍ ചിന്തക്കും പ്രായോഗികതക്കും പറ്റാത്തവരായി തരംതാഴ്ത്തുകയും ചെയ്യുന്ന ടെലിസീരിയലുകളില്‍ നിന്നുള്ള ഒരു മോചനം സ്ത്രീ സമൂഹം ആവശ്യപ്പെടുന്നുണ്ട്. അവരെ മാനസിക പക്വതയുള്ളവരാക്കി മാറ്റുന്നതിലൂടെ മാത്രമേ അത് സാധ്യമാകൂ. അതിന് ഒരു ദൃശ്യ സംസ്‌കാരവും അവബോധവും സ്ത്രീകള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അനിയന്ത്രിതമായി ദൃശ്യസംസ്‌കാരത്തിന് അടിമപ്പെട്ടവര്‍ക്ക് വരാനിടയുള്ള ''നെറ്റ് ഫ്‌ളിക്‌സ് സ്ട്രീമിംഗ് സിന്‍ഡ്രോം'' എന്ന രോഗം വരുന്നതിനു മുമ്പ് ചികിത്സയാണ് സമൂഹത്തിനു വേണ്ടത്. കാര്യബോധം വരുന്നതിനു മുമ്പുതന്നെ ടി.വി. സംസ്‌കാരം എന്താണെന്നും അതിന്റെ ആവശ്യകത എന്താണെന്നുമുള്ള അവബോധം സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. കുട്ടികളുടെ റോള്‍മോഡലായ രക്ഷിതാക്കള്‍ തന്നെയാണ് ഇതിന് മുന്‍കൈ എടുക്കേണ്ടത്. 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top