ഖുര്‍ആന്‍ കൊണ്ട് ധന്യമായ മാസം

ശമീര്‍ബാബു കൊടുവള്ളി

''മകനേ, നീ നിന്റെ ആമാശയം നിറച്ചാല്‍ നിന്റെ ചിന്ത മങ്ങിപ്പോവും. 

ജ്ഞാനത്തിന്റെ ജിഹ്വ ഇല്ലാതായിപ്പോവും. 

നിന്റെ അവയവങ്ങള്‍ ദൈവസമര്‍പ്പണത്തിന് വഴങ്ങാതാവും'' -ലുഖ്മാനുല്‍ ഹഖീം

മാസങ്ങളുടെ കൂട്ടത്തില്‍ വിശിഷ്ടമായ മാസമാണ് റമദാന്‍. ദൈവവും ദൂതനും സവിശേഷമായി അടയാളപ്പെടുത്തിയ മാസം. മാലാഖമാരുടെ സാന്നിധ്യമുള്ള മാസം. ആത്മീയലോകത്ത് നിന്ന് പ്രവാചകന്‍ മുഹമ്മദി (സ)ന്റെ തൃക്കരങ്ങളിലേക്ക് വിശുദ്ധവേദം പ്രസരിപ്പിക്കുന്നതിന് ദൈവം തുടക്കമിട്ട മാസം. ദൈവത്തോടുള്ള മുസ്‌ലിമിന്റെ പ്രതിജ്ഞ ഓര്‍ക്കാനും അത് പുതുക്കാനുമുള്ള നിമിഷങ്ങളാണ് റമദാന്‍. നിത്യം ദൈവികവര്‍ണത്തില്‍ ജീവിതത്തെ ആവിഷ്‌കരിക്കും എന്നതാണ് പ്രതിജ്ഞ. റമദാന്‍ മാസത്തിന് തുല്ല്യമായി റമദാന്‍ മാസം മാത്രമേയുള്ളൂ. ഇതരമാസങ്ങള്‍ പദവിയില്‍ റമദാനിന്റെ താഴെ മാത്രമേ വരൂ. റമദാന്‍ സമാഗതമായാല്‍ വര്‍ണിക്കാനാവാത്ത അനുഭൂതിയാണ് അനുഭവപ്പെടുന്നത്. സ്വത്വം സന്തോഷത്താല്‍ നിര്‍ഭരമായിത്തീരുന്നു. ആത്മാവ് ആനന്ദത്താല്‍ തരളിതമാവുന്നു. യുക്തി ദൈവികപ്രഭയാല്‍ തിളക്കമുള്ളതാവുന്നു. പ്രകൃതി മുഴുവന്‍ തനിക്ക് അനുകൂലമായി ചലിക്കുന്നതുപോലെ  മുസ്‌ലിമിന് അനുഭവപ്പെടുന്നു. ഒരു അദൃശ്യശക്തിയുടെ വലയത്തില്‍ അഥവാ ദൈവികകരങ്ങളില്‍ ജീവിതം സുരക്ഷിതമാണെന്ന വിശ്വാസം രൂഢമൂലമാവുന്നു. അനുരാഗതീവ്രതയാല്‍ ദൈവത്തോട് ഒട്ടിച്ചേരുകയും ദൈവം സൃഷ്ടാവും താന്‍ ദൈവത്തിന്റെ അടിമയുമാണെന്ന ബോധം മുദ്രണം ചെയ്യപ്പെടുകയും ചെയ്യുന്നു.

റമദാന്‍ മാസത്തെ വിശുദ്ധവേദം അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. ശഹ്‌റുറമദാന്‍ എന്ന് പറഞ്ഞുകൊണ്ട് ആ മാസത്തിന്റെ നാമം സവിശേഷം എടുത്തുദ്ധരിച്ചിരിക്കുന്നു. വിശുദ്ധവേദത്തിന്റെ അവതരണത്തിന് തുടക്കം കുറിക്കാന്‍ ദൈവം തെരഞ്ഞെടുത്ത മാസമത്രെ റമദാന്‍. റമദാനിന് സ്വയം പുണ്യമില്ല. വിശുദ്ധവേദത്തിന്റെ അവതരണം കൊണ്ടാണ് റമദാന്‍ മാസം വിശിഷ്ടമായി തീര്‍ന്നിരിക്കുന്നത്. വിശുദ്ധവേദത്തെ കൂടാതെയുള്ള റമദാന്‍ അചിന്തനീയമാണ്. റമദാനിലെ നോമ്പ് വിശുദ്ധവേദത്തോടുള്ള നന്ദിപ്രകാശനമെന്ന നിലക്കാണ് പ്രസക്തമായിതീരുന്നത്. കേവലമായ അനുഷ്ഠാനം എന്നതിനപ്പുറം ദൈവത്തിന് മുമ്പാകെയുള്ള സമര്‍പ്പണമാണത്. അതിനാല്‍ റമദാന്‍ മാസത്തില്‍ മുസ്‌ലിമിന് നോമ്പ് നിര്‍ബന്ധമാണ്. ''വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നതുപോലെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍'' (അല്‍ബഖറ:183). ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായാണ് പ്രവാചകന്‍ തിരുമേനി റമദാന്‍ മാസത്തിലെ നോമ്പിനെ പരിചയപ്പെടുത്തുന്നത്.

''അല്ലാഹുവല്ലാതെ മറ്റൊരു ദൈവമേയില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു'', പരിശുദ്ധമായ ഈ വചനമാണ് ഇസ്‌ലാമിന്റെ ആദര്‍ശം. ആദര്‍ശം ദൈവത്തെക്കുറിച്ചും ദൂതനെകുറിച്ചുമുള്ള വൈജ്ഞാനികവും വിശ്വാസപരവുമായ ബോധമാണ്. മുസ്‌ലിമിന്റെ സര്‍വ്വവുമാണ് ആദര്‍ശം. അവന്റെ മനസ്സിന്റെ സൗന്ദര്യമാണത്. അവന്റെ ജീവിതത്തിന്റെ വഴികാട്ടിയാണത്. അവന്റെ ചലനത്തിന്റെ ഊര്‍ജമാണത്. ആദര്‍ശമില്ലാതെ മുസ്‌ലിമിന് സവിശേഷമായ ഒരു സ്വത്വമില്ല. ആദര്‍ശത്തെ പൂര്‍ണാര്‍ഥത്തില്‍ സ്വത്വത്തില്‍ സ്വാംശീകരിച്ച് ദൈവത്തിന് മാത്രം സമര്‍പ്പിതനാവുന്ന വ്യക്തിയുടെ നാമമാണ് മുസ്‌ലിം. ആദര്‍ശത്തെ മുസ്‌ലിമില്‍ രൂഢമൂലമാക്കുകയാണ് നോമ്പ് നിര്‍വ്വഹിക്കുന്ന സുപ്രധാന ദൗത്യം. നോമ്പുകാരന്‍ നോമ്പ് നോറ്റുകഴിഞ്ഞാല്‍ പിന്നീട് അവന്റെയുള്ളില്‍ ആദര്‍ശമെന്ന ഒരേയൊരു യാഥാര്‍ഥ്യം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ദൈവത്തെയും ദൂതനെയും കുറിച്ചുള്ള ചിന്ത മാത്രമേ  ഉണ്ടായിരിക്കുകയുള്ളൂ. ആദര്‍ശവിശുദ്ധി മാത്രമായിരിക്കും അവന്റെ പരമമായ ലക്ഷ്യം.

നോമ്പ് മികച്ച ആത്മീയസാധനയാണ്. മനുഷ്യനെ ഇതര സൃഷ്ടികളില്‍ നിന്ന് വേര്‍തിരിക്കുന്ന ഘടകം അവന്റെയുള്ളിലെ അരൂപിയായ ആത്മാവിന്റെ സാന്നിധ്യമാണ്. ആത്മാവിന്റെ സ്ഫുടമാണ് ജീവിതത്തിന്റെ സ്ഫുടം. അതിന്റെ സൗന്ദര്യമാണ് ജീവിതത്തിന്റെ സൗന്ദര്യം. ആത്മാവിനെ നഷ്ടപ്പെടുത്തി മുഴുലോകവും നേടിയാലും അവകൊണ്ട് പ്രത്യേകിച്ചൊരു നേട്ടവും ഉണ്ടായിരിക്കുകയില്ല. ആത്മാവിനെ പൂര്‍ണമായും മാലിന്യങ്ങളില്‍ നിന്ന് സ്ഫുടം ചെയ്‌തെടുക്കുന്ന പരിശീലന കളരിയാണ് റമദാന്‍ മാസം. ആത്മാവിനെ വിമലീകരിക്കുന്ന ഉലയാണ് നോമ്പ്. റമദാന്‍ എന്ന പദത്തിന്റെ അര്‍ഥം കരിച്ചുകളയുക എന്നാണല്ലോ. റമദാന്‍ മാസത്തിലെ നോമ്പ് ആത്മാവില്‍ കയറിപ്പിടിച്ചിരിക്കാന്‍ സാധ്യതയുള്ള മുഴുവന്‍ ക്ലാവുകളെയും ഭസ്മമാക്കിക്കളയുന്നു. ദൈവത്തോട് ആത്മീയമായ അടുപ്പം ഉണ്ടാവുമ്പോഴാണ് ആത്മാവ് പവിത്രമാവുന്നത്. ആത്മാവിന്റെ ലക്ഷ്യം ദൈവവുമായുള്ള അടുപ്പമാണ്. ആരുമായിട്ടാണോ ആത്മാവ് സഹവസിക്കുന്നത് അപ്പോള്‍ അതിന്റെ ഗുണം ഉണ്ടാവും. പൂര്‍ണമായ നന്മയാണ് ദൈവം. നന്മയുടെ ഉറവിടമാണ് അവന്‍. നന്മയും നന്മയുടെ ഉറവിടവുമായ ദൈവത്തോട് മുസ്‌ലിം അടുപ്പം സ്ഥാപിക്കുമ്പോള്‍ അവന്റെ ആത്മാവും നന്മയായിത്തീരും. പ്രകാശം പരക്കുമ്പോള്‍ ഇരുട്ട് അപ്രത്യക്ഷമാവുന്നതുപോലെ നന്മയില്‍ ആത്മാവ് ഊട്ടപ്പെടുമ്പോള്‍ തിന്മ അപ്രത്യക്ഷമാവും. ആത്മാവിന്റെ ദൈവവുമായുള്ള അടുപ്പവും അതിന്റെ വിമലീകരണവും നോമ്പിന്റെ മാത്രം സവിശേഷതയാണ്. പ്രവാചകന്‍ പറയുകയുണ്ടായി: ''എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, നോമ്പുകാരന്റെ വായയുടെ ഗന്ധം ദൈവത്തിന്റെ അരികില്‍ കസ്തൂരിയേക്കാള്‍ ഗന്ധമുള്ളതായിരിക്കും. കാരണമെന്തെന്നാല്‍ ദൈവം ഇപ്രകാരം അരുള്‍ ചെയ്യുന്നു: ''അവന്‍ അന്നപാനീയങ്ങളും ദേഹേഛയും എനിക്കുവേണ്ടിയാണ് ഉപേക്ഷിക്കുന്നത്. നോമ്പ് എന്റേതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുക. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം'' (ബുഖാരി). ഈ പ്രവാചകവചനം നോമ്പിലൂടെ ദൈവവുമായി ഉണ്ടായത്തീരുന്ന ആത്മാവിന്റെ ബന്ധത്തെയാണ് കുറിക്കുന്നത്. നോമ്പ് നോല്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ഗന്ധം നോമ്പുകാരന് പ്രശ്‌നമാണ്. എത്രതന്നെ വൃത്തിയാക്കിയാലും ആ ഗന്ധം അവശേഷിക്കും. അപ്പോള്‍ വിശ്വാസി നിരാശപ്പെടേണ്ടതില്ല. നോമ്പിലൂടെ തന്നോടടുക്കുന്ന മുസ്‌ലിമിന്റെ ഗന്ധം തനിക്ക് പ്രശ്‌നമല്ലെന്ന് ദൈവം വ്യക്തമാക്കുകയാണിവിടെ.

നോമ്പ് മുസ്‌ലിമിന്റെ യുക്തിപരമായ വികാസത്തെ സാധ്യമാക്കിതീര്‍ക്കുന്നു. മനുഷ്യന്റെ മാത്രം സവിശേഷതയാണ് ചിന്ത. ചിന്തയാണ് മനുഷ്യപുരോഗതിയുടെ അടിസ്ഥാനം. ചിന്താശൂന്യമായ സമൂഹത്തിന് ജീവിതത്തില്‍ സവിശേഷമായ ഒരു ദൗത്യവും നിര്‍വഹിക്കാനാവില്ല. നോമ്പ് മുസ്‌ലിം വ്യക്തിയെയും ഇസ്‌ലാമിക സമൂഹത്തെയും ചിന്താപരമായ ഉയര്‍ന്ന വിതാനങ്ങളിലേക്ക് നയിക്കുന്നു. ചിന്തക്ക് വിഘ്‌നമായിത്തീരുന്ന മൂന്ന് ഘടകങ്ങളാണ് അമിതമായ ഉറക്കം, അമിതമായ ഭക്ഷണം, അമിതമായ ലൈംഗികത. ഈ മൂന്ന് യാഥാര്‍ഥ്യങ്ങളെ തുല്ല്യമായ അളവില്‍ നിയന്ത്രണവിധേയമാക്കുമ്പോഴാണ് ധൈഷണികമായി മുസ്‌ലിമിന് ഉണര്‍വ് ലഭിക്കുന്നത്. ധൈഷണികമായ ഈ ഉണര്‍വാണ് നോമ്പ് സാധ്യമാക്കുന്നത്. പ്രവാചകന്‍ പറയുകയുണ്ടായി: ''സ്വത്വത്തെ നിയന്ത്രണ വിധേയമാക്കിയവനും മരണാനന്തര ജീവിതത്തിലേക്ക് ആവശ്യമായ കര്‍മത്തിലേര്‍പ്പെടുകയും ചെയ്യുന്നവനാണ് വിവേകി. സ്വത്വത്തെ ഇഛകളോടൊപ്പം വിട്ടവനും ദൈവത്തെകുറിച്ച് മിഥ്യാധാരണ പുലര്‍ത്തുകയും ചെയ്യുന്നവനാണ് അവിവേകി'' (തിര്‍മിദി).

നോമ്പിന്റെ കാര്യത്തില്‍ പ്രവാചകന്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തിയത്. റമദാന്‍ മാസം സമാഗാതമാവുന്നതിന് മുമ്പെ അതിന്റെ വരവ് പ്രതീക്ഷിച്ച് പ്രവാചകന്‍ പ്രാര്‍ഥനാനിമഗ്നനാവാറുണ്ടായിരുന്നു. അവിടുന്ന് ഇപ്രകാരം പ്രാര്‍ഥിക്കുകയുണ്ടായി: ''നാഥാ, റജബ് മാസത്തിലും ശഅ്ബാന്‍ മാസത്തിലും ഞങ്ങളില്‍ ഐശ്വര്യം ചൊരിയേണമേ. റമദാന്‍ മാസത്തിന്റെ തീരത്ത് ഞങ്ങളെ നീ എത്തിക്കുകയും ചെയ്യേണമേ''. മഹത്‌വ്യക്തിത്വങ്ങളും നോമ്പിനെ ഗൗരവത്തോടെ നോക്കിക്കണ്ടു. അഹ്‌നഫുബ്‌നുഖൈസ് നോമ്പിന്റെ കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന സാത്വികനായിരുന്നു. പ്രായം ഏറെ ചെന്നിട്ടും നോമ്പനുഷ്ഠിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചു: ''താങ്കള്‍ പടുവൃദ്ധനായിരിക്കുന്നവല്ലോ. നോമ്പെടുക്കുന്നത് താങ്കളുടെ മനസ്സിനെയും ശരീരത്തെയും ദുര്‍ബലമാക്കികളയും''. അഹ്‌നഫുബ്‌നുഖൈസിന്റെ മറുപടി ഇപ്രകാരമായിരുന്നു: ''ദൈവാനുസരണത്തില്‍ ക്ഷമയവലംബിക്കലാണ് ദൈവിക ശിക്ഷയില്‍ ക്ഷമയവലംബിക്കുന്നതിനേക്കാള്‍ ഏറ്റവും നിസ്സാരമായിട്ടുള്ളത്''.

നോമ്പ് യഥാര്‍ഥ ചൈതന്യത്തോടെ നിര്‍വഹിക്കാന്‍ സാധിക്കേണ്ടിയിരിക്കുന്നു. യാന്ത്രികമായി സമീപിക്കുന്നതിന് പകരം സല്‍ഫലങ്ങളും പൊരുളുകളും ഗ്രഹിച്ചുകൊണ്ട് നോമ്പിനെ സമീപിക്കണം. അപ്പോള്‍ അതിന്റെ ഉദ്ധേശ്യലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനാവും. നോമ്പ് ചില പ്രതീകങ്ങളാണ്. ആത്മസംയമനത്തിന്റെ പ്രതീകം. ആത്മനിയന്ത്രണത്തിന്റെ പ്രതീകം. അപരനോടുള്ള സഹാനുഭൂതിയുടെ പ്രതീകം. നോമ്പുകാരന്‍ നേരത്തേത്തന്നെ അത്തരം സ്വഭാവങ്ങള്‍ ആര്‍ജ്ജിച്ചവനാണ്. റമദാനിലൂടെ കടന്നുപോവുമ്പോള്‍ അവയെ ഒന്നുകൂടി സുദൃഢമാക്കുകയാണ് ചെയ്യുന്നത്. റമദാന്‍ പൂര്‍ത്തിയാകുമ്പോഴേക്കും നോമ്പുകാരന്‍ സ്വയംതന്നെ ആത്മനിയന്ത്രണവും ആത്മസംയമനവും സഹാനുഭൂതിയുമായി പരിവര്‍ത്തിക്കപ്പെടുന്നു. അഥവാ തത്വത്തിലെ പ്രതീകങ്ങള്‍ ചലിക്കുന്ന ജീവസുറ്റതായ പ്രായോഗിക പ്രതീകങ്ങളായി മാറുന്നു. 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top