ഒരു മലയാളി മുസ്ലിമിന്റെ ആസ്‌ത്രേലിയന്‍ നോമ്പനുഭവങ്ങള്‍

റഫീഖ്‌

ഞാന്‍ ഇപ്പോള്‍ എഴുതുന്നത് ലോകത്തിലെ ആറാമത്തെ രാജ്യവും, ലോകത്ത് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാമത്തെതുമായ മൈല്‍ബണില്‍ നിന്നാണ്. കേവലം രണ്ട് ശതമാനം മാത്രം മുസ്‌ലിംകള്‍ അധിവസിക്കുന്ന ഈ രാജ്യത്ത് മുസ്‌ലിംകള്‍ക്ക് അവരുടെ മതപരമായ ചിഹ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും അതനുസരിച്ച് ജീവിക്കുവാനുള്ള എല്ലാ സഹായ സംവിധാനങ്ങളും ഈ രാജ്യം ചെയ്ത് കൊടുക്കുന്നുണ്ട്.

ഇസ്‌ലാമിക ചരിത്രത്തെ അനുസ്മരിപ്പിക്കും വിധം ഒരു സംഭവം ഞാന്‍ ഓര്‍ത്തുപോവുകയാണ് 2008-ലെ ബ്രിസ്‌ബൈനില്‍ (ക്യൂന്‍സിലാന്‍ഡ്) വെച്ച് നടന്ന ചെറിയ പെരുന്നാള്‍ പരിപാടിയില്‍ മുഖ്യ അതിഥിയായി എത്തിയ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റെഡ് വേദിയിലെത്തി അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍ സദസ്സില്‍ നിന്നൊരാള്‍ എഴുന്നേല്‍ക്കുകയും ഇത് താങ്കള്‍ക്ക് സംസാരിക്കാന്‍ അനുവദിക്കപ്പെട്ട സമയം ആയിട്ടില്ല എന്നും താങ്കളുടെ അവസരം വരുന്നതുവരെ ദയവായി ഇരിക്കുവാനും ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം തന്റെ സീറ്റിലിരിക്കുകയും പിന്നീട് അദ്ദേഹത്തിന്റെ അവസരം വന്നപ്പോള്‍ ക്ഷമാപണത്തോട് കൂടിയാണ് അദ്ദേഹത്തിന്റെ പ്രഭാഷണം തുടങ്ങിയത്. മുസ്‌ലിം രാജ്യങ്ങളില്‍ പോലും കാണാന്‍ കഴിയാത്ത ഭരണാധികാരികളോട് പോലും ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട് എന്നുള്ളതാണ് ഇത് നമ്മെ ഓര്‍മപ്പെടുത്തുന്നത്.

കുടുംബസമേതം ആസ്‌ത്രേലിയയിലേക്ക് വിമാനം കയറുമ്പോള്‍ ജുമുഅ നമസ്‌കാരവും, ഇഫ്താര്‍ സംഗമവും പെരുന്നാള്‍ നമസ്‌കാരവുമൊക്കെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഒരു അനുഭവം മാത്രമായിരിക്കുമെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. സൗത്ത് ആസ്‌ത്രേലിയയിലെ അഡിലേക്കാണ് ഞങ്ങള്‍ പോയത്. അവിടെ മുസ്‌ലിം കുടുംബങ്ങള്‍ പോയിട്ട് മലയാളികളെ വരെ കണ്ടെത്താന്‍ കഴിയാതിരുന്നതുകൊണ്ട് തന്നെയാവണം ഇങ്ങനെയൊരു വിശ്വാസം എന്നില്‍ ജനിപ്പിച്ചത്.

''ഗള്‍ഫ് രാജ്യങ്ങളില്‍ എത്രയെത്ര സ്ഥലങ്ങളുണ്ട്. ഇതൊന്നും പോരാഞ്ഞിട്ടാണ് ആളും മനുഷ്യനൊന്നുമില്ലാത്ത ആസ്‌ത്രേലിയായിലേക്ക് പോവുന്നത്.'' അടക്കിപ്പിടിച്ചിരുന്ന ഉമ്മയുടെ വിഷമം പൊട്ടിക്കരച്ചിലിലേക്ക് എത്തിയപ്പോഴാണ് വിസക്ക് അപേക്ഷിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയത്. ഒരുപാട് സ്വപ്‌നങ്ങളും നീണ്ട രണ്ട് വര്‍ഷത്തെ പ്രയത്‌നവുമൊക്കെ ഓര്‍ക്കുമ്പോള്‍ ഉപേക്ഷിക്കാനും കഴിയാത്ത വലിയ മാനസിക സംഘര്‍ഷത്തിനടിമപ്പെട്ട ദിനരാത്രങ്ങള്‍. ഇടക്കിടെ മാറിച്ചിന്തിക്കാനുളള ഭാര്യ ഫാത്തിമയുടെ ഇടപെടല്‍ കൂടിയായപ്പോള്‍ മാനസിക സംഘര്‍ഷം മൂര്‍ഛിച്ചു. എന്നാല്‍ പിന്നീട് തന്റെ പ്രയത്‌നങ്ങള്‍ കണ്ട് മനസ്സിലാക്കിയതിനാലാവണം അവള്‍ പൂര്‍ണ പിന്തുണ നല്‍കി. എല്ലാം ദൈവത്തിലര്‍പ്പിച്ച് അഡിലേക്ക് യാത്രയായി. കൂടെ ഏഷ്യാനെറ്റില്‍ ഒന്നിച്ച് ജോലിചെയ്തിരുന്ന ഉണ്ണികൃഷ്ണനും ഉണ്ടായത് വലിയ സഹായമായി. 

സൗത്ത് ആസ്‌ത്രേലിയ ഗവണ്‍മെന്റിന്റെ സൗജന്യ സേവനമായ  മീറ്റ് & ഗ്രേറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതിനാല്‍ ഞങ്ങളെ സ്വീകരിക്കാന്‍ തന്റെ പേര് എഴുതിയ നെയിം ബോര്‍ഡ് പിടിച്ച് എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്ന ആസ്‌ട്രേലിയന്‍ വനിതയോടൊപ്പം ഞങ്ങള്‍ക്ക് അനുവദിച്ചുതന്ന വീട്ടിലേക്ക് പോയി. പോകുന്ന വഴിക്കെല്ലാം അവര്‍ ആസ്‌ട്രേലിയയെ കുറിച്ച് വാചാലയായി. അവര്‍ പറയുന്നതൊന്നും മനസ്സിലാവാത്തതുകൊണ്ട്. യാ യാ എന്ന രണ്ട് വാക്കുകൊണ്ട് ഒരുവിധം പിടിച്ചുനിന്നു. അപ്പോഴാണ് സത്യത്തില്‍ ഞാനെങ്ങനെയാണ് കഋഘഠട എന്ന ഇംഗ്ലീഷ് പരീഷ പാസ്സായത് എന്ന് ഓര്‍ത്തുപോയത്. പിന്നീട് കണ്ട എന്നെക്കാള്‍ വിദ്യാസമ്പന്നരായവരുടെ അനുഭവം കേട്ടപ്പോഴാണ് എനിക്ക് മാത്രമല്ല ആദ്യമായി വരുന്ന ഏവര്‍ക്കും ഉണ്ടായ വിഷമമാണ് ആസ്‌ട്രേലിയക്കാരുമായുള്ള സംസാരം എന്ന് ബോധ്യമായത്.

അഡിലൈഡില്‍ വന്നിറങ്ങിയതിന് ശേഷം ജോലി അന്വേഷണവുമായി ബന്ധപ്പെട്ട് ജോബ് സെര്‍ച്ച് നെറ്റ്‌വര്‍ക്ക് സെന്ററില്‍ ഞാനും ഉണ്ണിയും സംസാരിക്കുന്നത് കേട്ട് ഒരാള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. ''മലയാളിയാണല്ലെ?'' അദ്ദേഹം ചോദിച്ചു. ''അതെ'' ഞാന്‍ മറുപടി പറഞ്ഞു.

''ഞാന്‍ മഹറൂഫ്. കോഴിക്കോട്ട് നിന്നാണ്.'' അപ്പോഴാണ് ഞങ്ങളുടെ ശ്വാസമൊന്ന് നേരെ വീണത്.

തുടര്‍ന്ന് അദ്ദേഹം ആരെയൊ ക്കെയോ വിളിക്കുന്നതും ഞങ്ങളെക്കുറിച്ച് പറയുന്നതും കേട്ടു. ഫോണ്‍ നമ്പര്‍ വാങ്ങി വൈകുന്നേരം ഭാര്യ ഷഹീറയുമായി വീട്ടിലെത്തി. ആകെ എട്ട് മലയാളി മുസ്‌ലിം കുടുംബങ്ങളാണ് അഡിലൈഡിലുണ്ടായിരുന്നത്. അവര്‍ ഓരോരുത്തരായി ഞങ്ങളെ കാണാന്‍ വന്നുതുടങ്ങി. എല്ലാവര്‍ക്കും വലിയ സന്തോഷമാണ്. മലയാളത്തില്‍ സംസാരിക്കാന്‍ മലയാളിതന്നെ വേണമല്ലോ. കോഴിക്കോട് നിന്നുള്ള ഷബീറും ഭാര്യ ഷഹര്‍ബാനും ഞങ്ങളെ ഒരുവിധം സ്ഥലങ്ങളെല്ലാം കാണിച്ചുതരുന്നതില്‍ മുന്‍പന്തിയിലായിരുന്നു.

ആദ്യമായി അവര്‍ ഞങ്ങളെ കൊണ്ടുപോയത് അടുത്തുള്ള ആയിരക്കണക്കിനാളുകള്‍ക്ക് നമസ്‌കരിക്കാന്‍ കഴിയുന്ന അല്‍ ഖലീല്‍ പള്ളിയിലേക്കാണ്. അതിസുന്ദരമായ, എന്നാല്‍ ഗള്‍ഫിലുള്ള പള്ളികള്‍ക്ക് സമാനമായ പള്ളിയും ചുറ്റുപാടുകളും കണ്ടപ്പോഴാണ് ഞങ്ങളുടെ മനസ്സ് പൂര്‍ണമായും സന്തുഷ്ടമായത്. ഈജിപ്ഷ്യന്‍ ഇമാമായ ഷെയ്ഖ് അമീന്റെ വശ്യസുന്ദരമായ ഖിറാഅത്ത് ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

പിന്നീടൊന്നും ആലോചിച്ചില്ല. പള്ളിയുടെ അടുത്തുള്ള സ്ഥലത്തേക്ക് തന്നെ ഞങ്ങള്‍ താമസം മാറ്റി.

എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് റമദാന്‍ മാസത്തിലുള്ള തറാവീഹ് നമസ്‌കാരത്തിനുള്ള ജനബാഹുല്യമാണ്. സ്ത്രീകളും കുട്ടികളുമടക്കം പള്ളി നിറയെ ആളുകളെ കാണുമ്പോള്‍ സത്യത്തില്‍ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞ് പോവാറുണ്ട്. ഒരു പ്രത്യേകത ഞാന്‍ കണ്ടത്, റമദാന്റെ ആരംഭം മുതല്‍ അവസാനം വരെ പള്ളി നിറഞ്ഞ് കവിഞ്ഞുള്ള തറാവീഹ് നമസ്‌കാരത്തിനുള്ള തിരക്കാണ്. നാട്ടില്‍ ചെറുപ്പം മുതല്‍ക്കെ കണ്ടുവരുന്ന ഒരു രീതി. ആദ്യത്തെ പത്തിന് നിറഞ്ഞ് കവിയുന്ന പള്ളികളിലെ തിരക്ക് പിന്നെ കാണുന്നത് അവസാനത്തെ പത്തിലാണ്.

ഞങ്ങള്‍ കുറച്ചു കുടുംബങ്ങളായതുകൊണ്ട് കണ്ണൂര്‍ സ്വദേശിയായ റഫീക്ക് പര്‍വി മുന്‍കൈയെടുത്ത് ഇഫ്താര്‍ സംഗമം നടത്തിയത് ഞങ്ങളെ വല്ലാതെ സന്തോഷിപ്പിച്ചു. പള്ളികളില്‍ ദിവസവും നോമ്പ് തുറയും വിഭവ സമൃദ്ധമായ ഭക്ഷണവും ഉണ്ടാവുന്നത് ഇവിടുത്തേയും പ്രത്യേകതകളില്‍ പെട്ടതാണ്.

ഈദുഗാഹില്‍ വെച്ച് നടത്തപ്പെടുന്ന പെരുന്നാള്‍ നമസ്‌കാരവും തുടര്‍ന്ന് നടത്തപ്പെടുന്ന ഈദ് ഫെസ്റ്റിവെലും ഒരു അനുഭൂതി തന്നെയാണ്. കൂട്ടുകുടുംബങ്ങളുടെ അഭാവം ഒഴിച്ചുവെച്ചാല്‍ എന്തുകൊണ്ടും വളരെ ഹൃദ്യമാണ് ഇവിടെയുള്ള റമദാനും, പെരുന്നാള്‍ ആഘോഷവുമൊക്കെ.

വളര്‍ന്നുവരുന്ന മക്കളില്‍ കേരളീയ സംസ്‌കാരം പകര്‍ന്നുകൊടുക്കുവാന്‍ വേണ്ടി മലയാളി മുസ്‌ലിം കുടുംബസംഗമം എല്ലാ മാസവും ഞങ്ങള്‍ സംഘടിപ്പിച്ചു. ഖുര്‍ആന്‍ ക്ലാസ്സും, ഹദീസ്‌ക്ലാസ്സും, ഇസ്‌ലാമിക ചരിത്രവും കുട്ടികളുടെ പരിപാടികളുമൊക്കെയായി വളരെ വ്യവസ്ഥാപിതമായി ഇന്നും അത് നടന്നുകൊണ്ടിരിക്കുന്നു. കുട്ടികള്‍ ഇസ്‌ലാമിക് സ്‌കൂളിലാണ് പഠിക്കുന്നതെങ്കിലും കേരളീയ സംസ്‌കാരം ഉണ്ടാവുന്നത് എന്തുകൊണ്ടും അവര്‍ക്ക് ഗുണം ചെയ്യുകയും നാട്ടിലേക്ക് പോവുമ്പോള്‍ അതിന്റെ വ്യത്യാസം പ്രകടമാവുന്നതും ഇത്തരം സംഗമം കൊണ്ട് വളരെ ഗുണം ചെയ്തിട്ടുണ്ട്.

ജോലി അന്വേഷണവുമായി അവധിക്കാലത്ത് മെല്‍ബണില്‍ താമസിക്കുന്ന അഫ്‌സല്‍ നിഷി കുടുംബത്തിന്റെ കൂടെ ആയിരുന്നപ്പോഴാണ് മെല്‍ബണിലുള്ള മുസ്‌ലിം കുടുംബങ്ങളെ കാണുന്നതും മലയാളി മുസ്‌ലിം കൂടുംബങ്ങളെ ഒന്നിപ്പിച്ച് നിറുത്തുന്ന സംഘടനയായ ആസ്‌ട്രേലിയന്‍ മലയാളി ഇസ്‌ലാമിക് അസോസിയേഷനെ (ആമിയ) പരിചയപ്പെടുന്നതും. ആമിയയുടെ സംഗമത്തില്‍ പങ്കെടുത്തപ്പോഴാണ് നാട്ടില്‍ പോയിവന്ന ഒരു പ്രതീതിയുണ്ടായത്. മലയാളി കുടുംബങ്ങളെ കൊണ്ട് ഹാള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. കൂടാതെ തൃശൂര്‍കാരനായ നാസര്‍ ഇബ്രാഹീം ഭാര്യ ഫൗസിയ എന്നിവര്‍ മുന്‍െൈകയെടുത്ത് നടത്തിവരുന്ന ആഴ്ചതോറുമുള്ള ഇസ്‌ലാമിക് പഠനക്ലാസ്സ് വളരെ ഹൃദ്യമായിരുന്നു. മെല്‍ബണ്‍ വെസ്റ്റിലുള്ള ട്രുഗനീന എന്ന പ്രദേശത്തുള്ള മുസ്‌ലിം കുടുംബങ്ങള്‍ വെസ്റ്റേണ്‍ ഹല്‍ഖ എന്ന പേരില്‍ രണ്ടാഴ്ച കൂടുമ്പോള്‍ നടത്തുന്ന ഇസ്‌ലാമിക പഠനക്ലാസില്‍ കൂടി പങ്കെടുത്തപ്പോള്‍ പിന്നെ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. 2012 ഡിസംബറില്‍ മെല്‍ബണിലേക്ക് താമസം മാറ്റി. അയ്യായിരത്തില്‍ പരം സ്ത്രീപുരുഷന്മാര്‍ക്ക് നമസ്‌കരിക്കാന്‍ കഴിയുന്ന അല്‍തഖ്‌വ മസ്ജിദിനടുത്ത് തന്നെ വീടു കിട്ടിയതും വലിയ അനുഗ്രമായി കരുതുന്നു. അല്‍തഖ്‌വ ഇസ്‌ലാമിക് കോളേജില്‍ കുട്ടികളെ ചേര്‍ത്തുകയും ചെയ്തു.

ഇത്രയും വലിയ ജനസഞ്ചയത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പള്ളിയായിട്ടും റമദാന്റെ തലേ ദിവസം തറാവീഹ് നമസ്‌കരിക്കാന്‍ എത്തിയപ്പോള്‍ അകത്തേക്ക് കയറാന്‍ കഴിയാതെ പുറത്ത് നിന്ന് നമസ്‌കരിക്കേണ്ടി വന്നതും വലിയ അത്ഭുതമായി. നമ്മുടെ നാട്ടിലുള്ള ആളുകളേക്കാള്‍ തഖ്‌വ കൂടുതല്‍ ഇവിടെയുള്ളവര്‍ക്കാണോ എന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലാണ് റമദാന്‍ ആരംഭം മുതല്‍ അവസാനം വരെ പള്ളി നിറഞ്ഞ് കവിയുന്ന ജനസഞ്ചയത്തെ കാണുമ്പോള്‍ തോന്നുന്നത്.

മഞ്ചേരി സ്വദേശി അബ്ദുല്‍ ജലീല്‍ പ്രസിഡന്റായ ആമിയ എന്ന സംഘടന അതിവിപുലമായ തരത്തിലാണ് ഇഫ്താര്‍സംഗമം നടത്തുന്നത്. സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട എല്ലാവരെയും ഉള്‍പ്പെടുത്താനും വളരെ കൃത്യതയോടെ സംഘടിപ്പിക്കുന്നതിലും ആമിയയെ പ്രശംസിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ഇഫ്താര്‍ സംഗമത്തില്‍ ആസ്‌ട്രേലിയന്‍ ഫിനാന്‍സ് മള്‍ട്ടികള്‍ച്ചറല്‍ അഫയേഴ്‌സ് മിനിസ്റ്ററിന്റെ സാന്നിധ്യം ഇത്തവണത്തെ ആമിയയുടെ ഇഫ്താര്‍ സംഗമത്തിന് മാറ്റ് കൂട്ടും.

മാസം തോറുമുള്ള ആമിയയുടെ സംഗമവും ഇസ്‌ലാമിക വിഷയത്തില്‍ ഊന്നി നിന്നുകൊണ്ടുള്ള പഠനക്ലാസുകളും കുട്ടികളുടെ ഇസ്‌ലാമിക അഭിരുചികള്‍ മാറ്റുരക്കുന്ന പരിപാടികളും വളരെയധികം പ്രശംസിക്കപ്പെടേണ്ട ഒന്നുതന്നെയാണ്. നാട്ടില്‍നിന്നും വരുന്ന മാതാപിതാക്കളും നിറഞ്ഞ മനസ്സോടെ മടങ്ങിപ്പോകുന്നത് തന്നെയാണ് ഇതിന്റെ ആവശ്യകതയും പ്രസക്തിയും വിളിച്ചോതുന്നത്.

മുസ്‌ലിംകളെയും മലയാൡകളെയും കുറിച്ച് പറയുമ്പോള്‍ ആസ്‌ത്രേലിയക്കാരെക്കുറിച്ച് പറയാതിരിക്കുന്നത് ഉചിതമല്ല. പുഞ്ചിരിക്കുന്നത് സുന്നത്താണ് എന്ന് പഠിപ്പിച്ചുതന്ന പ്രവാചകനെ പിന്തുടരുന്നത് ഇവര്‍ തന്നെയാണ്. എതിരെ വരുന്നവരെ കാണുമ്പോള്‍ പുഞ്ചിരിക്കുകയും, ''ഹൗ ആര്‍ യു'' എന്ന് വിശേഷങ്ങള്‍ അന്വേഷിക്കുന്നതിലും മാത്രമല്ല സത്യം പറയുകയും കളവ് പറയുന്നവരെ വെറുക്കുകയും ചെയ്യുന്നവരില്‍ ആസ്‌ട്രേലിയക്കാര്‍ മുന്‍പന്തിയിലാണ്. കളവ് പറഞ്ഞ് കാറ് വാങ്ങാന്‍ പോയ നോര്‍ത്ത് ഇന്ത്യക്കാരന് അവന്‍ ആവശ്യപ്പെട്ട സംഖ്യ കുറച്ചുകൊടുക്കുകയും പിന്നീടത് കളവാണെന്ന് മനസ്സിലായപ്പോള്‍ പതിനായിരം ഡോളര്‍ കൂടുതല്‍ തരാമെന്ന് പറഞ്ഞാലും കളവ് പറഞ്ഞ തനിക്ക് എന്റെ കാര്‍ വില്‍ക്കുന്നില്ലെന്നു പറഞ്ഞ് മടക്കിപ്പറഞ്ഞയച്ചതും ഓര്‍ക്കുന്നു.

തന്റെ പിന്നില്‍ വരുന്നവര്‍ക്ക് വേണ്ടി വഴിമാറിക്കൊടുത്ത് അവര്‍ക്ക് സൗകര്യം ചെയ്ത ശേഷം പിന്നില്‍ വരുന്നതും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. സഹായം ആവശ്യമുള്ളവര്‍ക്ക് കണ്ടറിഞ്ഞ് സഹായിക്കുന്നതില്‍ അവര്‍ വളരെയധികം ശുഷ്‌കാന്തിയുള്ളവരാണ്.

 

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top