മായാത്ത റമദാന്‍ നിറങ്ങള്‍:ഒരു ഡല്‍ഹി അനുഭവം

ഷര്‍നാസ് മുത്തു

രംഗം: അയല്‍ക്കാരുടെ നോമ്പ് സല്‍ക്കാരം

തൊട്ടടുത്ത ഫ്‌ളാറ്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ തറാവീഹു നമസ്‌കാരത്തിനായി ആളുകള്‍ ഒത്തു കൂടിയിട്ടുണ്ട്. സൂപ്പര്‍ ഫാസ്റ്റ് വേഗതയിലാണ് ഇമാം ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്;  ആര്‍ക്കും ഒന്നും മനസ്സിലാവാത്ത രീതിയില്‍. വേഗതയുടെ കാരണം അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്, മൂന്നു ദിവസം കൊണ്ട് ഖത്തം തീര്‍ത്തു തറാവീഹു നമസ്‌കാരം പൂര്‍ത്തിയാക്കാനുള്ളതാണ് തറാവീഹു നമസ്‌കാരത്തിന് കൂടുതല്‍ 'ഒപ്ഷന്‍സ്' ഉണ്ട് ഡല്‍ഹിയില്‍. ഒരു ദിവസം കൊണ്ട് തീരുന്ന തറാവീഹും മൂന്നു ദിവസം കൊണ്ട് തീരുന്ന തറാവീഹും  തുടങ്ങി മുപ്പത് ദിവസങ്ങള്‍ കൊണ്ട് തീരുന്ന തറാവീഹും നിങ്ങള്‍ക്ക് സെലക്ട് ചെയ്യാം. ഇമാം ഖുര്‍ആന്‍ മുഴുവനായി പാരായണം ചെയ്യുന്നതോട് കൂടി തറാവീഹു നമസ്‌കാരവും തീരും. കച്ചവടക്കാരായ ആളുകള്‍ ആദ്യത്തെ പത്തില്‍ തന്നെ തറാവീഹ് തീര്‍ത്ത് രണ്ടും മൂന്നും പത്തുകളില്‍ കച്ചവടത്തിനു വേണ്ടി മാറ്റി വെക്കും! പടച്ചോന്റെ കൂലിയും കിട്ടി, കച്ചവടത്തിന്റെ ലാഭവും....

*******

രംഗം: അയല്‍ക്കാരുടെ നോമ്പ് സല്‍ക്കാരം

ഒരു ട്രേ നിറയെ കൊച്ചു കൊച്ചു ബൗളുകള്‍; അതിലൊന്നില്‍ ഫ്രൂട്ട് ചാറ്റ്, മറ്റൊന്നില്‍ ദഹി വട, വേറെ ഒന്നില്‍ പൊക്ക വട (വഴുതന, കക്കരി, ഉരുളക്കിഴങ്ങ് തുടങ്ങി അങ്ങാടികളില്‍ കിട്ടുന്ന എല്ലാ പച്ചക്കറികള്‍ കൊണ്ടും അവര്‍ പൊക്കവട ഉണ്ടാക്കും) മറ്റു രണ്ടു ബൗളുകളില്‍ പേരറിയാത്ത പല തരം പലഹാരങ്ങള്‍. ബാങ്ക് വിളിയുടെ അഞ്ചു മിനുട്ട് മുന്‍പ്  തീന്‍ മേശയിലെത്തുന്ന ഈ 'സ്‌നേഹം', അയല്‍വാസികളുടെ നോമ്പ് തുറപ്പിക്കലാണ്. മിക്ക വീടുകാരും പള്ളിയിലേക്കും കൊടുത്തയക്കും ഒരു ട്രേ. നാട്ടില്‍ ആരാധനാ കര്‍മ്മങ്ങള്‍ ബലികഴിച്ച് ടേബിള്‍ നിറയെ വിഭവങ്ങള്‍ ഒരുക്കി ഉറ്റവരെയും ഉടയവരെയും സല്‍കരിക്കുന്ന പ്രിയപ്പെട്ട സഹോദരിമാര്‍ക്ക് വന്ദനം. ഒരു റംസാനില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഞങ്ങള്‍ അയല്‍വാസികളുമായി നടത്തുന്ന ഈ കൊടുക്കല്‍ വാങ്ങല്‍ സല്‍കാരം അവരുടെ നാട്ടിലെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നമുക്കും നമ്മുടെത് അവര്‍ക്കും രുചിക്കാനുള്ള അവസരം കൂടി ഒരുക്കിത്തരുന്നു. 

*******

രംഗം: ജുമാമസ്ജിദിലെ കതിന വെടി

ഒരു പാത്രം നിറയെ ഫ്രൂട്ട് ചാറ്റും തൂക്കിപ്പിടിച്ച് സൂചി കുത്താനിടമില്ലാത്ത തിരക്കിനടിയിലൂടെ ജുമാമസ്ജിദ് ലക്ഷ്യമാക്കി  നടന്നു നീങ്ങുമ്പോള്‍ വെടി ശബ്ദം മുഴങ്ങല്ലേ എന്ന പ്രാര്‍ത്ഥനയാണുണ്ടായിരുന്നത്. ഡല്‍ഹിയിലാണ് നോമ്പിനെങ്കില്‍ ഒരു നോമ്പ്തുറ ജുമാമസ്ജിദിലേക്ക് വേണ്ടി മാറ്റി വെക്കാറുണ്ട്. അതൊരു പ്രത്യേക കാഴ്ച്ചയാണ്. ഓള്‍ഡ് ഡല്‍ഹിയുടെ പരിസരത്തുള്ള കുടുംബങ്ങള്‍ തങ്ങളുടെ നോമ്പുതുറ വിഭവങ്ങള്‍ പാത്രങ്ങളിലാക്കി പള്ളിയിലേക്ക് വരുന്നു. കൊച്ചു കൊച്ചു പായ വിരിച്ച് സ്ത്രീകളും, കുട്ടികളും പുരുഷ•ാരും വട്ടത്തിലിരുന്ന് വെടി ശബ്ദം കാതോര്‍ത്തിരിക്കുന്ന രംഗം മനോഹരമാണ്. മസ്ജിദില്‍ നോമ്പ് തുറക്കാനുള്ള സമയമായി എന്നറിയിക്കാനാണ് ഈ വെടി ശബ്ദം. സാധാരണ മറ്റു പള്ളികളിലെല്ലാം സൈറന്‍ മുഴക്കിലാണ്. ആളുകളെ അത്താഴത്തിനു വിളിക്കാനും നോമ്പ് തുറക്കാനുള്ള സമയമായി എന്നറിയിക്കാനും. വിശാലമായ പള്ളിയില്‍ നേരത്തെ വന്ന് സ്ഥലം പിടിക്കുന്നവര്‍ക്ക് മാത്രമേ ഇരിക്കാനിടം കിട്ടുകയുള്ളൂ. ഇഫ്താറിനു ശേഷം പള്ളി വൃത്തിയാക്കാനും മറ്റും അധികൃതര്‍ പ്രത്വേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടാവും. 

*******

രംഗം: റിക്ഷക്കാര്‍ക്കൊരു ഇഫ്താര്‍ പാര്‍ട്ടി 

മുന്നില്‍ ഇഫ്താര്‍ പൊതിയുമായി 'അല്ലാഹു അക്ബര്‍' വിളിയും കാത്ത് അക്ഷമരായി മില്ലി മോഡല്‍ സ്‌കൂളിന്റെ ഗ്രൗണ്ടിലിരിക്കുന്ന നൂറില്‍ പരം സൈക്കിള്‍ റിക്ഷക്കാര്‍. റിക്ഷക്കാര്‍ക്ക് വേണ്ടി വിഷന്‍ 2016 ന്റെ നേത്രത്വത്തില്‍ നടത്തിയ ഇഫ്താര്‍ പാര്‍ട്ടിയാണ് രംഗം. അന്ന് ഒരു ജോഡി പെരുന്നാള്‍ ഡ്രസ്സും, ബിരിയാണി പൊതിയും അവരുടെ കൈയ്യില്‍ വെച്ച് കൊടുത്തപ്പോള്‍ ആ കണ്ണുകളില്‍ കണ്ട തിളക്കം, ഇന്നും മായാത്ത ഒരു ഓര്‍മയാണ്. കൊടും ചൂടില്‍ പത്തോ ഇരുപതോ രൂപക്ക് വേണ്ടി റിക്ഷ ഓടിക്കുന്ന ഇവരില്‍ പലര്‍ക്കും സ്വന്തമായ റിക്ഷ പോലും ഉണ്ടായിരിക്കില്ല. ഒരു ദിവസം റിക്ഷ ഓടിച്ചു കിട്ടുന്ന പൈസയില്‍ നിന്നും റിക്ഷ ഉടമക്കും യു. പി. യിലോ ഹരിയാനയിലോ ഉള്ള സ്വന്തം കുടുംബത്തിനും വേണ്ടി മാറ്റി വെച്ച് കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ടാണവര്‍ ജീവിക്കുന്നത്. നമ്മുടെ നാട്ടില്‍ ഇരുപത്തിയേഴാം രാവിന്റെ പൈസക്ക് വേണ്ടി രാവിലെ സുബ്ഹിക്ക് തുടങ്ങി വീട് വീടാന്തരം കയറി യിറങ്ങുന്ന താതാമാരെ കുറിച്ച് ഞാന്‍ ഓര്‍ത്തു പോകുകയുണ്ടായി. 

*******

രംഗം: അവസാനത്തെ നോമ്പും, ബട്ട്‌ല ഹൗസ് തിരക്കും

നോമ്പിന്റെ അവസാനത്തെ ദിവസം ബട്ട്‌ല ഹൗസ് മാര്‍ക്കറ്റിലെ തിരക്കനുഭാവിക്കാന്‍ പോകല്‍ ഞങ്ങളുടെ ഒരു വിനോദമാണ്. താമസസ്ഥലത്തു നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ബട്ട്‌ല ഹൗസിലെത്താന്‍ ഒരു മണിക്കൂറിലേറെ സമയമെടുത്തെന്നു വരാം. ഒരു അജണ്ടയുമില്ലാതെ ആ ജനത്തിരക്കിനിടയിലൂടെ അടിവെച്ചടിവെച്ചു നടക്കാന്‍ ഒരു പ്രത്യേക ഹരമാണ്. നിരത്തു വക്കില്‍ വലിയ കുമ്പാരങ്ങളായി പല നിറത്തിലും തരത്തിലും നിരത്തി വെച്ചിട്ടുള്ള സേവിയ (സേമിയ) യാണ് അതിലെ ഒരു ആകര്‍ഷണം. എല്ലാ വീടുകളിലും പെരുന്നാളിനു ഒരു നിര്‍ബന്ധിത പലഹാരമാണ് സേവിയ. പലരുടേയും അത്താഴവും ഇതുതന്നെ. മിക്കവാറും നിരത്തുകളില്‍ കാണപ്പെടുന്ന തിരക്ക് കടകള്‍ക്കുള്ളില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. കുറച്ചു കൂടി ഉള്ളിലോട്ടുപോയാല്‍ മെഹന്തി അണിയിക്കാന്‍ വേണ്ടിയിരിക്കുന്ന പുരുഷ•ാര്‍ നിരന്നിരിക്കുന്നത് കാണാം. ഒരു ഗല്ലി മുഴുവനായും മെഹന്തി വാലകളും തങ്ങളുടെ ഊഴവും കാത്തിരിക്കുന്ന സ്ത്രീ ജനങ്ങളും......രണ്ട് കൈകള്‍ നിറയെ മെഹന്തി അണിഞ്ഞ് കൈകള്‍ രണ്ടും മാറ്റിപ്പിടിച്ച് തിരക്കിനിടയിലൂടെ സ്ത്രീകള്‍ തിരിച്ചു പോകുന്നു.  

*****  

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാവിലെ നാല് മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെ കൊടും വേനലില്‍ കഴിഞ്ഞു കൂടിയ, പതിനഞ്ചു മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന നോമ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഉള്ളില്‍ ത്യാഗത്തിന്റെ സംതൃപ്തി നിറയാറുണ്ട്. ഓര്‍മയിലെ ഓരോ രംഗങ്ങളും ജീവിതത്തിലെ പുതിയ പഠങ്ങളായിരുന്നു......

 

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top