ജന്മങ്ങള്‍ക്ക് സാക്ഷിയായ കൈകള്‍

ബിശാറ മുജീബ് No image

0വിടെ തൊട്ടുതാഴത്തെ പൊരേല് ഒരാള് മരിച്ചതിനാല്‍ അന്ന് ഞാനും മക്കളുമെല്ലാം നേരം പാതിര വരെ അവിടെയായിരുന്നു. നല്ല ക്ഷീണം തോന്നിയപ്പൊ ഒന്നു കെടക്കാലോന്ന് കരുതി പൊരേല്‍ക്ക് കേറ്യതേ ഉള്ളു. അപ്പൊ  ആരോ രണ്ടാള് അവിടെ മിണ്ടാതെ നിക്ക്ണ കണ്ടു, ഒറക്കെ ചോദിച്ചു: 'ആരാണത്?'
മരണവീട്ടിലെ അവസ്ഥ കണ്ട് എങ്ങനെ മാധവിയമ്മയെ വിളിക്കുമെന്നോര്‍ത്ത് വിളിക്കാതിരിക്കാനും വയ്യാതെ  നിന്നു വിങ്ങുന്നവരെ കണ്ടപ്പോള്‍ തന്നെ മാധവിയമ്മക്ക് കാര്യം തിരിഞ്ഞു.
പിന്നെ മക്കളോട് 'നല്ലോണം വാതിലടച്ച് കെടന്നോ, അമ്മ രാവിലെ പണിയൊക്കെ കഴിഞ്ഞേ വരുളളൂ' എന്ന് പറഞ്ഞ് അവരോടൊപ്പം നടന്നു. അവിടെയെത്താന്‍ ഓടിയതാണോ നടന്നതാണോ എന്നൊന്നും അവര്‍ക്കോര്‍മയില്ല. ഭൂലോകത്തെ വേദനയത്രയും സഹിച്ച് ജന്മാനന്തര സുകൃതങ്ങളുടെ സമയവും കാത്ത് പുളഞ്ഞുകൊണ്ടിരിക്കുന്ന പെണ്ണിനരികിലേക്ക് നിറഞ്ഞ് കത്തുന്ന ഒരു മണ്ണെണ്ണവിളക്കുമായി അവരെത്തി. പിന്നെ വിളക്കിനൊപ്പം സ്ത്രീയെ കൂടാതെ അവര്‍ മാത്രമായി ആ മുറിയില്‍.
ദൈവത്തെ മനസ്സില്‍ കണ്ട് ആ തഴമ്പിച്ച കൈകള്‍ നിറവയര്‍ ഒന്നു തടവി, നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു ജീവന്‍ ആ കൈകളിലേക്ക് വന്നുവീണു. സ്വന്തം അമ്മയെ കാണുന്നതിന് മുമ്പ് അവന്‍ കണ്ടത് മാധവിയമ്മയെ.
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത ചെങ്ങരയില്‍ പായി എന്ന അമ്മയുടെ ഏഴു മക്കളില്‍ മൂത്തവളായിരുന്നു മാധവിയമ്മ. തള്ളയേയും പിള്ളയേയും രണ്ടു ജീവനായി മാറ്റിക്കിടത്താന്‍ പഠിച്ചത് അമ്മയില്‍ നിന്നാണ്. മാധവിക്ക് എട്ട് വയസ്സായപ്പോള്‍ അമ്മ അനിയത്തിക്ക് ജന്മം നല്‍കി. പായിഅമ്മയെ വിളിക്കാന്‍ അപ്പോഴും പലരും വന്നുകൊണ്ടിരുന്നു. അവര്‍ പ്രസവിച്ചു കിടക്കുകയാണെന്ന് കരുതി നാട്ടുകാര് പേറ് മൊടക്കില്ലല്ലോ, അമ്മ പോവേണ്ടിടത്തേക്ക് അങ്ങനെയാണ് മകള്‍ പോവാന്‍ തുടങ്ങിയത്. അന്ന് വലിയ മുടിയുള്ള പെണ്ണുങ്ങളുടെ തല തോര്‍ത്തിക്കൊടുക്കാനൊന്നും കഴിയാത്തതിനാല്‍ വീട്ടുകാര്‍ വന്ന് സഹായിച്ചു തന്നത് അവരുടെ ചുളിവുവന്ന ഓര്‍മയിലുണ്ട്.
ഇപ്പോള്‍ 87-ലെത്തി നില്‍ക്കുന്ന നാട്ടുകാരുടെ പ്രിയങ്കരിയായ അമ്മക്ക് അവരുടെ ബാല്യത്തോളം പഴക്കമുള്ള കര്‍മങ്ങള്‍ ചെയ്യാന്‍ ഇന്നും തിരക്കു തന്നെയാണ്. ഇരുനൂറോ മുന്നൂറോ അതിലധികമോ എന്നൊന്നും അനുഭവക്കണക്ക് ഓര്‍ത്തു പറയാന്‍ കഴിയില്ലെങ്കിലും മാധവിയമ്മ അതൊക്കെ ശരിയാണെന്ന പക്ഷക്കാരിയാണ്. എങ്കിലും പെറന്നുവീണ കുഞ്ഞുങ്ങളില്‍ ഒന്നുപോലും ചാപിള്ളയായില്ലെന്ന് തീര്‍ത്തുപറയാന്‍ അവര്‍ക്ക് ഓര്‍മക്കുറവേ ഇല്ല. ആദ്യകാലത്ത് സ്വന്തം കൈകളിലേക്ക് വീണ മക്കളുടെ പേരക്കുട്ടികളുടെ പേറുവരെ എടുക്കാനായിട്ടുണ്ടവര്‍ക്ക്.
പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച വീടിന്റെ പിന്നിലുള്ള വലിയ കുന്ന് ചൂണ്ടിക്കാണിച്ച് അമ്മ പറഞ്ഞു: 'ആ കുന്ന്മ്മലെ മക്കളെല്ലാം ന്റെതാ. പണ്ട് അവിടന്നൊക്കെ പണി കഴിഞ്ഞ് പോരുമ്പോള്‍ അണയോ ചക്രമോ കൂലിയായി തന്നിട്ടുണ്ട്. ചിലര് നേന്ത്രക്കൊലയോ നെല്ലോ തുണിയും കുപ്പായമോ ഒക്കെ നിര്‍ബന്ധിച്ച് പിടിപ്പിച്ചിട്ടുണ്ട്. ആരെന്തു തന്നാലും ഒരു കണക്കും ഇതുവരെ പറഞ്ഞിട്ടില്ല. എന്നെക്കാള്‍ പാവപ്പെട്ട വീടുകളില്‍ പേറെടുത്ത് പോരുമ്പോള്‍ ഉള്ളത് അവര്‍ക്കെടുത്ത് കൊടുത്ത് തിരിച്ച് പോരും. കഴിവില്ല എന്നുവെച്ച് പേറു മാറ്റിവെക്കാമ്പാടില്ലല്ലോ.'
18-ാം വയസ്സില്‍ കല്‍പണിക്കാരന്‍ താവുണ്ണിയുടെ ജീവിതപങ്കാളിയായി വാഴക്കാടിനടുത്ത ചെറുവായൂരിലെത്തിയപ്പോള്‍, അറിയുന്ന കൈത്തഴക്കം തുരുമ്പെടുത്തോട്ടെയെന്ന് വെച്ച് വീട്ടുജോലികളുമായി മാധവിയമ്മ ഒതുങ്ങിയിരുന്നെങ്കിലോ എന്നോര്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്ക് ആധിയാണ്. അവര്‍ അലക്കി വെളുപ്പിച്ച തുണിക്ക് ഈ വയസ്സാം കാലത്തും തിളക്കമാണ്. പ്രായം ഒരു പരിധിയെത്തിയാല്‍ പിന്നെ അലക്കലും അടുക്കളയുമൊക്കെ മക്കളും മരുമക്കളും ഏറ്റെടുക്കട്ടെ, കഴിവിനുമപ്പുറം ഒരുപാട് പണികള്‍ കാലമേറെ തങ്ങള്‍ ചെയ്തല്ലൊ എന്നു കരുതി അവസാനനാളില്‍ വിശ്രമജീവിതം നയിക്കുന്നവര്‍ക്ക് മാധവിയമ്മ മാതൃകയാണ്.
താന്‍ ചെറുവായൂരിലെത്തിയ കാലം മുതല്‍ മക്കളെ പോറ്റാന്‍ അവിലിടിക്കുമായിരുന്ന കപ്പക്കാരന്റെ ഭാര്യയെ മാധവിയമ്മ ഇങ്ങനെയോര്‍ക്കുന്നു. അവില്‍ ഇടിച്ചിടിച്ച് പരുക്കന്‍ കോറയിലുള്ള അവരുടെ പെങ്കുപ്പായമാകെ കറ പിടിച്ചിരിക്കും. അത് അലക്കി വെളുപ്പിക്കണമെങ്കില്‍ അവര്‍ക്ക് മാധവിയമ്മ തന്നെ വേണം. അലക്കിയെടുത്ത് വെള്ളം തെളിയുന്നത് വരെ കഴുകി പിഴിഞ്ഞതിനു ശേഷം ഉണക്കിയെടുത്ത് മടക്കിയേ മാധവിയമ്മ ആര്‍ക്കും തന്നത് തിരിച്ചുകൊടുക്കുകയുള്ളൂ.      
കക്ഷത്തില്‍ അലക്കാനുള്ളതും വെച്ച് വളരെ സാവധാനം ഒരു പ്രത്യേക താളത്തില്‍ പ്രായത്തെ കവച്ചുവെച്ച് മാധവിയമ്മ നടക്കുന്നത് കണ്ടാല്‍ ശരിക്കും നമ്മളാണ് നെടുവീര്‍പ്പിട്ടുപോവുക. ഒരേ ദിവസം ഇപ്പോഴും രണ്ടും മൂന്നും വീട്ടില്‍ കുഞ്ഞിനെയും തള്ളയെയും കുളിപ്പിക്കാനെത്തുന്ന അവരെ ഒരിക്കല്‍ നായ ഓടിച്ച് തള്ളിയിട്ടപ്പോള്‍ പ്രയാസപ്പെട്ട അമ്മമാര്‍ മാധവിയമ്മക്കിനി തുടരാനാവുമോ എന്ന് ശരിക്കും ഭയന്നിരുന്നു. എന്നാല്‍ മുറിവുണങ്ങിത്തുടങ്ങിയപ്പോഴേക്കും മാധവിയമ്മ അവര്‍ക്കരികിലെത്തിച്ചേര്‍ന്നിരുന്നു.
ആശുപത്രിയില്‍ പ്രസവിക്കാന്‍ സൗകര്യങ്ങളുണ്ടായിട്ടും പണ്ടത്തെ പെണ്ണുങ്ങള്‍ക്ക് അവിടെ പോകാന്‍ പേടിയായിരുന്നു. അവര്‍ക്കൊന്ന് മനസ്സമാധാനമായി പെറണമെങ്കില്‍ പേറ്റിച്ചിമാര്‍ തന്നെ വേണമായിരുന്നു. ഇന്നതൊക്കെ മാറിയില്ലെ, വൈക്കം മുഹമ്മദ് ബഷീറിന്റെ ഐഷുക്കുട്ടി എന്ന കഥാപാത്രത്തിന് ഏറെ പ്രസക്തി വന്നിരിക്കുന്നത് ഇവിടെയാണ്. ഐഷുക്കുട്ടിയുടെ ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യ ആസ്യാമ്മ വര്‍ഗപരമായി ശകലം താണതായിട്ടുകൂടി അവള്‍ പ്രസവിക്കുമ്പോള്‍ ഡോക്ടറെ കൊണ്ടുവന്നതിനാല്‍ അവളേക്കാള്‍ താനൊട്ടും താഴ്ന്നതല്ലെന്ന് വരുത്താന്‍ നോവുകെട്ടിയിട്ടും ഡോക്ടറെ കൊണ്ടുവരാതെ പ്രസവിക്കുകയില്ലെന്ന് ഐഷുക്കുട്ടി ശാഠ്യം പിടിച്ചു. നൂറു രൂപ ചെലവാക്കി ഡോക്ടറെ കൊണ്ടുവരികയെന്നത് കൂലിപ്പണിയെടുത്ത് അന്നന്നത്തെ ചെലവുനടത്തുന്ന ഭര്‍ത്താവിന് ഓര്‍ക്കാനാകുമായിരുന്നില്ല. അവസാനം അവളുടെ 'പിടി'വിട്ട് കുഞ്ഞിന്റെ തല വെളിയില്‍ വന്നപ്പോഴേക്കും ഡോക്ടറുമെത്തിയെന്നതാണ് കഥ. അപ്രകാരം 'സുരക്ഷിത' പ്രസവത്തിന് ആശുപത്രി തേടി എല്ലാവരും പോകുമ്പോഴും ആശുപത്രിയില്‍ നിന്ന് വന്നാല്‍ വയറ്റാട്ടി തന്നെ വേണം. അവിടെയും ഹോം നഴ്‌സുമാരെന്ന പുതുപ്പിറവിയുള്ളതിനാല്‍ തനിക്കുശേഷം ആരെന്ന് ചിന്തിക്കുന്ന പേറ്റിച്ചിമാര്‍ക്കും സമാധാനം. കുഞ്ഞിനെ കവുങ്ങിന്‍ പാളയില്‍ കിടത്തി തേച്ചു മിനുക്കി മണിക്കൂറോളം കൈവെള്ളകൊണ്ട് തടവിത്തടവി ഒന്ന് കരയാന്‍ പോലും അനുവദിക്കാതെ കുളിപ്പിച്ച് നന്നാക്കിയിരുന്ന മാധവിയമ്മമാരോട് ഇവരെ എങ്ങനെ ചേര്‍ത്തുവായിക്കുമെന്ന് കരുതുന്നവര്‍ ഏറെയുണ്ട്.            
ശാന്തയും സുലോചനയും ഗീതയും മുരളീധരനുമാണ് മാധവിയമ്മയുടെ മക്കള്‍. ഏതു പാതിരാത്രിയിലും തങ്ങളെ തനിച്ചാക്കി അമ്മ പിറവിക്ക് സാക്ഷിയാകാന്‍ പോയിരുന്നതില്‍ ഇവര്‍ക്ക് തെല്ലും പ്രയാസമുണ്ടായിരുന്നില്ല. വലിയ വലിയ ആളുകള്‍ അങ്ങാടികളില്‍ വെച്ച് അമ്മയുടെ സുഖവിവരങ്ങളന്വേഷിച്ച് ജാതിമതഭേദമന്യേ അവര്‍ തങ്ങളുടെ കൂടി അമ്മയാണെന്ന് പങ്കുവെക്കുമ്പോള്‍ അതിനേക്കാള്‍ വലിയ ചാരിതാര്‍ത്ഥ്യമുണ്ടോ എന്നവര്‍ ചോദിക്കുന്നു.  
ഒരുപാട് പിറവിയെടുത്ത മുത്തശ്ശിയുടെ ഒരു മകള്‍ ഒന്നര മാസം മുമ്പ് കാന്‍സര്‍ ബാധിച്ച് മരിച്ചത് മുമ്പേ ഭര്‍ത്താവുകൂടി വേര്‍പിരിഞ്ഞ ആ ദേഹത്തെയും മനസ്സിനെയും നന്നായി തളര്‍ത്തിയിട്ടുണ്ട്. അതിനുശേഷം എവിടെയും പോവാന്‍ മനസ്സനുവദിക്കുന്നില്ലത്രെ. വീട്ടില്‍ രണ്ടുദിവസം വെറുതെയിരിക്കുമ്പോഴേക്കും അങ്ങനെ ശീലമില്ലാത്ത അവര്‍ക്ക് കാലില്‍ നീരും വേദനയും സമ്മാനിക്കുന്നു.
ചിലപ്പോള്‍ മൈലുകള്‍ നടന്ന് എത്തുമ്പോ ഴേക്കും തള്ള വേദനകൊണ്ട് പുളഞ്ഞ് ഒരു പരുവമാ യിരിക്കും. പിന്നെ കുഞ്ഞിന്റെയും തള്ളയുടെയും ആരോഗ്യം ഒരുപോലെ നോക്കി പണി പൂര്‍ത്തിയാ ക്കാന്‍ ദൈവം തന്നെ തുണക്കണം. ഒരു കുഞ്ഞാ ണെന്ന് കരുതി എടുത്ത് കഴിയുമ്പോള്‍ മറ്റൊന്നുകൂടി പുറത്തുവന്ന അനുഭവവും ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ഓരോ സ്ത്രീയും എട്ടും പത്തുമൊക്കെ പെറ്റിടാറുണ്ട്. നാലെങ്കിലും പെറാത്തവര്‍ വളരെ ചുരുക്കം. ഒരു മുറിയില്‍ തന്നെ രണ്ടും മൂന്നും തൊട്ടില്‍ കെട്ടി ഒരമ്മ തന്നെ പല പേറിലെ കുഞ്ഞുങ്ങള്‍ക്ക് ഒന്നിച്ച് മുല കൊടുത്തിരുന്നു. ഒരു തരത്തിലുള്ള ചികിത്സാ സൗകര്യവും ഇല്ലാത്ത കാലത്തായിരുന്നു ഇതെല്ലാം. ഇന്ന് പെണ്ണുങ്ങളെല്ലാം എങ്ങനേലും ഒന്നോ രണ്ടോ പെറ്റ് നീരും വേദനയുമൊക്കെയുള്ള രോഗികളായി മാറിയിരിക്കുന്നു. നാളും സമയവും നോക്കി ഓപറേഷന്‍ നടത്തിക്കൊടുക്കുന്നിടത്തെത്തിയിരിക്കുന്നു കാര്യങ്ങള്‍. വാടകക്ക് പെറ്റുകൊടുക്കുന്നോരുമുണ്ട്. കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ വയറിനുള്ളിലേക്ക് വരെ എത്തുന്ന ഒരു ഫോട്ടോയിലൂടെ കഴിയുമെന്നത്, തങ്ങള്‍ പറഞ്ഞ് മാത്രം പിള്ളയേതെന്നറിഞ്ഞിരുന്ന കാലത്തോട് ചേര്‍ത്തുവായിക്കുമ്പോള്‍ മാധവിയമ്മക്ക് നടുക്കമാണ്. ഒരു ഡോക്ടര്‍ക്ക് പിറ്റേന്ന് ലീവെടുക്കാന്‍ അഡ്മിറ്റുള്ള ഗര്‍ഭിണികളെ മുഴുവന്‍ ഓപ്പറേഷന്‍ നടത്തിയ കാര്യം മാധവിയമ്മ കേട്ടുകാണില്ല.
മാധവിയമ്മയുടെ കൈവെള്ളയില്‍ നിന്ന് ജീവിതത്തിന്റെ എടുപ്പുകളിലേക്ക് ചാടിക്കയറിയവര്‍ ഒരുപാടുണ്ട്. എങ്കിലും അമ്മയെ ഓര്‍ക്കുന്നവര്‍ വളരെ വിരളം.                  

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top