ഏഴു പെണ്‍കുട്ടികള്‍

റഹ്മാന്‍ മുന്നൂര്‌ / ചിത്രീകരണം: നൗഷാദ് വെള്ളിലശ്ശേരി No image

കാഴ്ച ഇരുപത്തിമൂന്ന്
ഒരു സായാഹ്നത്തിലാണ് അലിയ്യുബ്‌നു സുഫ്‌യാന്റെ ദൂതന്‍ കടല്‍ തീരത്തെ ദ്വീപിലെത്തിയത്. കേമ്പിന്റെ ചുമതലയുള്ള ബഹാഉദ്ദീന്‍ ഇബ്‌നു ശദ്ദാദ് ഏതാനും സഹായികളോടൊപ്പം കടല്‍ക്കരയിലായിരുന്നു. ദൂതന്‍ അവിടെ ചെന്ന് കത്ത് കൈമാറി.
ദൂതന്‍: അലിയ്യുബ്‌നു സുഫ്‌യാന്റെ സന്ദേശമാണ്.
ബ.ശ: കൈറോയില്‍ നിന്നാണോ? എന്തെല്ലാമാണ് അവിടത്തെ വിശേഷങ്ങള്‍?
ദൂതന്‍: സുഡാനി സൈന്യത്തിന്റെ കലാപ ശ്രമം പരാജയപ്പെട്ടു. നാം സൈന്യത്തെ പിരിച്ചു വിടുകയും ചെയ്തു. ഇനിയൊരിക്കലും അവര്‍ തലപൊക്കുകയില്ലെന്ന് ഉറപ്പാണ്. അവരുടെ പടത്തലവന്മാരില്‍ പലരും കൊല്ലപ്പെട്ടു. അവശേഷിച്ചവര്‍ അമീര്‍ സലാഹുദ്ദീന്റെ മുമ്പില്‍ ആയുധങ്ങള്‍ വെച്ച് കീഴടങ്ങി. ഒരാളൊഴികെ. ബാലിയാന്‍ എന്നാണ് അയാളുടെ പേര്. കലാപം തുടങ്ങുന്നതിന് മുമ്പ് തന്നെ അയാള്‍ ഒളിച്ചോടി. കുരിശ് പടക്കാരുടെ ചാരസംഘത്തിലെ ഒരു യുവതിയും അയാളോടൊപ്പം ഉണ്ടത്രെ.
ബ.ശ: ഇവിടെ നിന്നും ഒളിച്ചോടിയ പെണ്‍കുട്ടിയാണവള്‍. അവരെപ്പറ്റി കത്തില്‍ പറയുന്നുണ്ട്. അവര്‍ കടല്‍ കടന്ന് യൂറോപ്പിലേക്ക് രക്ഷപ്പെടാന്‍ ഇടയുണ്ടെന്നും അലി സുഫ്‌യാന്‍ എഴുതിയിരിക്കുന്നു.
ദൂതന്‍ : അലിയ്യുബ്‌നു സുഫ്‌യാന്‍ അവരെ അന്വേഷിച്ച് പുറപ്പെട്ടിട്ടുണ്ട്. കടല്‍ കടക്കുന്നതിന് മുമ്പ് അദ്ദേഹം അവരെ പിടികൂടാതിരിക്കില്ല.
ബ.ശ: വരൂ. കേമ്പിലേക്ക് പോകാം. തടങ്കല്‍ പാളയത്തിലുള്ള ചാരസംഘത്തെ എത്രയും വേഗം കൈറോയില്‍ എത്തിക്കാന്‍ അമീര്‍ സലാഹുദ്ദീന്റെ കല്‍പനയുണ്ട്. നാളെ പുലര്‍ച്ചക്ക് തന്നെ അവരെ യാത്രയാക്കണം. അതിന് മുമ്പ് പലതും ചെയ്യാനും ആലോചിക്കാനുമുണ്ട്.
അദ്ദേഹം കത്ത് ചുരുട്ടി പോക്കറ്റിലിട്ടു. സൂര്യന്‍ കടലില്‍ താണുകഴിഞ്ഞിരിക്കുന്നു. കേമ്പില്‍ നിന്ന് മഗ്‌രിബ് ബാങ്ക് വിളി ഉയര്‍ന്നു.
കാഴ്ച ഇരുപത്തിനാല്
അങ്ങിങ്ങ് പാറക്കല്ലുകള്‍ ഉയര്‍ന്ന് നില്‍ക്കുന്ന കുന്നിന്‍ ചരിവ്. മണ്ണില്‍ കുത്തി നിര്‍ത്തിയ രണ്ട് തീ പന്തങ്ങള്‍ക്ക് ചുറ്റുമിരുന്ന് പത്തിരുപത് പേര്‍ ഭക്ഷണം കഴിക്കുന്നു. കടല്‍ തീരത്തെ സൈനിക കേമ്പിലുണ്ടായിരുന്ന തടവുകാരും അവരെ കൈറോയിലേക്ക് കൊണ്ടു പോകുന്ന പടയാളി സംഘവുമാണത്.
തടവുകാരുടെ കൂട്ടത്തില്‍ അഞ്ച് യുവാക്കളും ആറു യുവതികളുമാണുള്ളത്. അവര്‍ക്ക് അകമ്പടി നല്‍കിക്കൊണ്ട് കരുത്തരും സായുധരുമായ പതിനഞ്ച് പടയാളികള്‍. യുവതികളിലൊരാള്‍ ക്ഷീണം നടിച്ച് അല്‍പം അകലെ കിടക്കുകയാണ്. പടയാളികളുടെ തലവനായ മിസ്‌രി ഭക്ഷണം കഴിച്ച ശേഷം അവളുടെ അടുത്തേക്ക് ചെന്നു. അവള്‍ കരയുകയായിരുന്നു.
മിസ്‌രി: 'എന്തിനാണ് കരയുന്നത്. എന്താണ് ഭക്ഷണം കഴിക്കാത്തത്. വല്ല അസുഖവും?'
യുവതി: എങ്ങനെയാണ് ഞാന്‍ ഭക്ഷണം കഴിക്കുക? എന്റെ അച്ഛനും അമ്മയും ഏതവസ്ഥയിലാണ് വീട്ടില്‍ കഴിയുന്നതെന്ന് ആര്‍ക്കറിയാം? എന്നെ നഷ്ടപ്പെട്ട ദിവസം മുതല്‍ അവര്‍ ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടുണ്ടാവില്ല. കരഞ്ഞു കരഞ്ഞു അവരുടെ കണ്ണുകള്‍ വറ്റിയിട്ടുണ്ടാവും.
മിസ്‌രി: അപ്പോള്‍ അവരുടെ അറിവോടെയല്ലേ നീ ഈ ചാരപ്പണിക്ക് പുറപ്പെട്ടിറങ്ങിയത്?
യുവതി: ഞങ്ങള്‍ ചാരപ്രവര്‍ത്തകരല്ല. കുരിശ് പടയാളികള്‍ ഞങ്ങളെ തട്ടിക്കൊണ്ടു വന്നതാണ്. നിങ്ങളുടെ പ്രഭുക്കന്മാര്‍ക്കും പടത്തലവന്മാര്‍ക്കും ദാനം ചെയ്യാന്‍. എന്നിട്ട് അവരെ വശത്താക്കാന്‍.
മിസ്‌രി: നിങ്ങള്‍ ചാരപ്രവര്‍ത്തകരാണെന്ന് അലിയ്യുബ്‌നു സുഫ്‌യാന്‍ നിങ്ങളെ ചോദ്യം ചെയ്തപ്പോള്‍ തന്നെ സമ്മതിച്ചതാണ്.
യുവതി: അദ്ദേഹം പുരുഷന്മാരുടെ മുമ്പില്‍ ഞങ്ങളെ നഗ്നരാക്കി നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി. അപ്പോളത് സമ്മതിച്ചു പറഞ്ഞില്ലെങ്കില്‍ അദ്ദേഹം അങ്ങനെത്തന്നെ ചെയ്യുമായിരുന്നു. മാന്യരായി ജീവിക്കുന്ന പെണ്‍കുട്ടികളാണ് ഞങ്ങള്‍.
മിസ്‌രി: ഇതെല്ലാം നിങ്ങള്‍ അമീര്‍ സലാഹുദ്ദീനോട് പറഞ്ഞാല്‍ മതി. നിങ്ങളെ അദ്ദേഹത്തിന്റെ അടുക്കല്‍ എത്തിക്കാനാണ് എനിക്ക് കിട്ടിയ കല്‍പന.
യുവതി: സലാഹുദ്ദീനില്‍ നിന്ന് നീതി കിട്ടുമെന്ന് ഒരു പ്രതീക്ഷയും എനിക്കില്ല. അദ്ദേഹത്തെ എനിക്ക് നന്നായി അറിയാം.
മിസ്‌രി: എന്തറിയാം?
യുവതി: പലതും നിങ്ങളെപ്പോലുള്ള സാധാരണ പടയാളികള്‍ക്ക് അറിയാന്‍ തരമില്ലാത്തത്. രാത്രിയുടെ നിഗൂഢതയില്‍ അരങ്ങേറുന്ന ഭീകര സംഭവങ്ങള്‍. നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ പറയാം.
മിസ്‌രി: പറ. ഞാന്‍ കേള്‍ക്കാം.
യുവതി: ഇപ്പോഴല്ല. എല്ലാവരും ഉറങ്ങിയ ശേഷം. ഒറ്റക്കെവിടെയെങ്കിലും പോയിരുന്ന്.
മിസ്‌രി: ശരി. ഞാന്‍ വരാം. പക്ഷേ, എന്നെ ചതിക്കാനാണ് നിന്റെ ഉദ്ദേശ്യമെങ്കില്‍ അക്കാര്യം മനസ്സില്‍ വെച്ചാല്‍ മതി. എന്റെയടുത്ത് നടക്കില്ല.
കാഴ്ച ഇരുപത്തിയഞ്ച്
ബാലിയാനും മോബിയും ഇരുട്ടിലൂടെ നടന്ന് ഒരു പാറക്കല്ലിന്റെ അരികിലെത്തി. മോബി തന്റെ കൈയിലുള്ള പരവതാനി നിലത്ത് വിരിച്ചു ബാലിയാന്‍ അതിലിരുന്ന ശേഷം അയാളുടെ ശരീരത്തില്‍ മുട്ടിച്ചേര്‍ന്ന് മോബിയുമിരുന്നു. അന്നേരം തികച്ചും അപ്രതീക്ഷിതമായി പാറക്കല്ലിന്റെ മറുഭാഗത്തു നിന്നും ആരോ സംസാരിക്കുന്ന ശബ്ദം അവരുടെ കാതുകളില്‍ പതിച്ചു. വാക്കുകള്‍ വ്യക്തമായില്ലെങ്കിലും ഒരു സ്ത്രീയുടെയും പുരുഷന്റെയും ശബ്ദമാണതെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. ഒരു നിമിഷം രണ്ടുപേരും പകച്ചു പോയെങ്കിലും പെട്ടന്നു തന്നെ ധൈര്യം സംഭരിച്ചു. പിന്നെ ആ ശബ്ദത്തിന് ഉടമകള്‍ ആരെന്നറിയാനുള്ള വെമ്പലോടെ പാറക്കല്ലിന്റെ മുകളില്‍ പറ്റിപ്പിടിച്ചു കയറി താഴേക്കെത്തി നോക്കി. ഇരുട്ടില്‍ രണ്ടു മനുഷ്യ രൂപങ്ങളെ അവര്‍ കണ്ടു. സ്ത്രീയുടെ ശബ്ദം മുമ്പ് പരിചയമുള്ളതുപോലെ തോന്നിയ മോബി പാറപ്പുറത്തു നിന്നും ഇറങ്ങി അതിന്റെ ഒരു വശത്തിലൂടെ പതുങ്ങിച്ചെന്ന് അവരുടെ സംസാരം ശ്രദ്ധിച്ചു. പിന്നെ കാലുകള്‍ പതുക്കെ പുറകോട്ടെടുത്ത് വെച്ച് ബാലിയാന്റെ അടുത്തേക്ക് ചെന്നു.
മോബി: അവള്‍ എന്റെ കൂട്ടുകാരിയാണ്. എന്റെ സംഘത്തിലുള്ള ആറു പെണ്‍കുട്ടികളില്‍ ഒരുവള്‍. അവളുടെ കൂടെയുള്ളത് സലാഹുദ്ദീന്റെ ഏതോ പടയാളിയാണ്. അവളെ മോഹിപ്പിച്ചു കൊണ്ടുവന്നതായിരിക്കണം. ആ മനുഷ്യ മൃഗം അവളെ കടിച്ചു കീറും മുമ്പ് അവളെ രക്ഷിക്കണം. ബാലിയാന്‍, താങ്കള്‍ക്കേ അതിന് സാധിക്കൂ. അവനെ കൊന്ന് എന്റെ കൂട്ടുകാരിയെ രക്ഷിക്കൂ, ബാലിയാന്‍.
ബാലിയാന്‍ എഴുന്നേറ്റ് കഠാര ഊരിപ്പിടിച്ച്. പറക്കല്ലിന്റെ അരിക് പറ്റി ഒച്ചയുണ്ടാക്കാതെ നടന്ന് അവരുടെ പിറകിലെത്തി. തന്റെ സാന്നിധ്യം അവരറിയുന്നതിന് മുമ്പ് ഒറ്റക്കുതിപ്പിന് അയാളെ കൈയിലൊതുക്കി കഠാര നെഞ്ചില്‍ കുത്തിയിറക്കി. അത് വലിച്ചൂരി വീണ്ടും കുത്തി. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചു പോയ യുവതി എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്നു. മോബി ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു.
മോബി: പേടിക്കേണ്ട. ഇത് ഞാനാണ്. മോബി.
യുവതി: മോബി, നീയെങ്ങനെ ഇവിടെയെത്തി.
മോബി: വരൂ. എല്ലാം ഞാന്‍ പറയാം.
മോബി അവളുടെ കൈപിടിച്ച് പാറയുടെ അപ്പുറത്തേക്ക് നടന്നു. ബാലിയാന്‍ പടയാളിയെ പൊക്കിയെടുത്ത് വലിച്ചെറിഞ്ഞ ശേഷം അവരുടെ പിറകെ ചെന്നു.
മോബി: നമ്മുടെ മറ്റു കൂട്ടുകാരികളൊക്കെ എവിടെ?
യുവതി: അവരെല്ലാം ഇവിടെ തന്നെയുണ്ട്. കുറച്ചപ്പുറം. കൂടെ റോബിനും അവന്റെ കൂട്ടുകാരുമുണ്ട്. ഞങ്ങളെ കൈറോയിലേക്ക് കൊണ്ടുപോവുകയാണ്, സലാഹുദ്ദീന്റെ അടുത്തേക്ക്. മോബി, നിന്റെ കൂടെയുള്ളതാരാണ്?
മോബി: ഇദ്ദേഹം ബാലിയാന്‍. സുഡാനി പടത്തലവന്‍. ഞങ്ങള്‍ കൈറോയില്‍ നിന്ന് ഒളിച്ചോടി വരികയാണ്. കൂടെ അഞ്ചാറ് പേര്‍ വേറെയുമുണ്ട്. അംഗരക്ഷകരായിട്ട്.
യുവതി: ഞങ്ങള്‍ സായുധരായ പതിനഞ്ച് പടയാളികളുടെ കാവലിലാണ്. അവരുടെ തലവനെയാണ് തൊട്ടുമുമ്പ് നിങ്ങള്‍ കൊന്നത്. അയാളെ സൂത്രത്തില്‍ അവിടെ നിന്നും അകറ്റിയതായിരുന്നു ഞാന്‍. റോബിനും സുഹൃത്തുക്കളും തടവ് ചാടാനുള്ള ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അത് വിജയിച്ചാല്‍ ഇന്ന് രാത്രി ഞങ്ങള്‍ രക്ഷപ്പെടും.
മോബി: ബാലിയാന്‍, അംഗരക്ഷകരെ വിളിക്കൂ. നമ്മുടെ സഹായം അവര്‍ക്കാവശ്യമുണ്ടാവും.
കാഴ്ച ഇരുപത്താറ്
ബാലിയാനും ആറ് അംഗരക്ഷകരും മോബിയും അവളുടെ കൂട്ടുകാരിയും ഒരു മണല്‍ക്കൂനക്ക് മുകളിലെത്തി. അധികം അകലെയല്ലാതെ ഇരുട്ടില്‍ രണ്ട് പന്തങ്ങള്‍ കത്തുന്നു. അവയുടെ വെളിച്ചത്തില്‍ ആയുധധാരികളായ ഏതാനും പടയാളികള്‍. അവര്‍ പതിനാറു പേരുണ്ട്. താഴെ നിലത്തു വീണു കിടക്കുന്ന അഞ്ച് മനുഷ്യ ജഡങ്ങള്‍.
യുവതി: ആ വീണു കിടക്കുന്നവര്‍ മോബിനും കൂട്ടുകാരും തന്നെ. സംശയമില്ല. ആ ചെന്നായ്ക്കള്‍ അവരെ കൊന്നു.
മോബി: കൊന്നുകളയണം പതിനാലെണ്ണത്തിനെയും. ബാലിയാന്‍ എന്താണ് നോക്കി നില്‍ക്കുന്നനത്? അംഗരക്ഷകര്‍ കാത്തു നില്‍ക്കുകയാണ് അവര്‍ക്ക് നിര്‍ദേശം നല്‍കൂ, ബാലിയാന്‍ അംഗരക്ഷകര്‍ക്ക് നിര്‍ദേശം നല്‍കി. ആറു വില്ലുകളില്‍ നിന്ന് ഒരേ സമയം നൂറ് അസ്ത്രങ്ങള്‍ ചീറിപ്പറന്നു. മറുവശത്ത് ആറു പടയാളികള്‍ നിലത്ത് വീണു. തൊട്ടടുത്ത നിമിഷം ആറു അസ്ത്രങ്ങള്‍ക്കൂടി പറന്നു. ആറുപേര്‍ അപ്പോഴും നിലംപതിച്ചു. അവശേഷിച്ച രണ്ടു പേര്‍ ഓടാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ട് അസ്ത്രങ്ങള്‍ അവരെ പിന്തുടര്‍ന്നു. മോബിയും യുവതിയും ആഹ്ലാദിച്ചു തുള്ളിച്ചാടി. നിമിഷങ്ങള്‍ക്കൊണ്ട് പതിനാലുപേരെ കഥ കഴിച്ച വില്ലാളി വീരന്മാരെ ബാലിയാന്‍ അഭിനന്ദിച്ചു. പിന്നെ ഒരു പന്തം കത്തിച്ച് പിടിച്ച് അവര്‍ മൃതദേഹങ്ങള്‍ കിടക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. അവിടെ പേടിച്ചരണ്ടു നിന്ന അഞ്ച് പെണ്‍കുട്ടികള്‍ അവരെ കണ്ട് ഓടി വന്നു. അവര്‍ മോബിയെ കെട്ടിപ്പിടിച്ചു. പിന്നെ റോബിന്റെയും സുഹൃത്തുക്കളുടെയും മൃതദേഹങ്ങള്‍ക്കരികില്‍ ഇരുന്ന് കരയാന്‍ തുടങ്ങി.
ബാലിയാന്‍ മൃതദേഹങ്ങള്‍ക്കരികിലൂടെ നടന്ന് ഓരോരുത്തരുടെയും മരണം ഉറപ്പ് വരുത്തി.
ബാലിയാന്‍: പതിനാല് പടയാളികള്‍ ഉണ്ടെന്നല്ലെ പറഞ്ഞത്. പക്ഷേ, പതിമൂന്ന് മൃതദേഹങ്ങളേ കാണുന്നുളൂ.
മോബി: എങ്കില്‍, ഒരാള്‍ രക്ഷപ്പെട്ടിരിക്കും.
ബാലിയാന്‍: ഒരാള്‍ രക്ഷപ്പെട്ടിട്ടുണ്ട്. അയാള്‍ ഇവിടെയെങ്ങാനും ഒളിച്ചിരിക്കുന്നുണ്ടാവും. പന്തങ്ങള്‍ കെടുത്തിക്കളയൂ. ഇരുട്ടില്‍ നിന്ന് അയാള്‍ അസ്ത്രങ്ങള്‍ തൊടുത്തു വിടും.
അംഗരക്ഷകര്‍ മൂന്ന് പന്തങ്ങളും കുത്തിക്കെടുത്തി. അന്നേരം ഒരു കുതിര പാഞ്ഞുപോകുന്ന ശബ്ദം അവരുടെ കാതുകളില്‍ മുഴങ്ങി.
ശ്വാസമടക്കിപ്പിടിച്ചു കൊണ്ട് അവരത് ശ്രദ്ധിച്ചു.
ആ കുളമ്പടി ഒച്ച അകന്നകന്ന് തീരെ കേള്‍ക്കാതായപ്പോള്‍ ബാലിയാന്റെ ശബ്ദമുയര്‍ന്നു.
ബാലിയാന്‍: ഇനി ഇവിടെ നില്‍ക്കുന്നത് ആപത്താണ് നമുക്ക് മറ്റൊരു സ്ഥലത്തേക്ക് നീങ്ങാം. വരൂ, എല്ലാവരും.
(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top