ആഘോഷിക്കാനുള്ളതാണ് പക്ഷെ...

റഹ്മത്തുന്നിസ No image

ആവര്‍ത്തനം കൊണ്ട് വിരസമായ ദൈനംദിന ജീവിതത്തില്‍ ഇടക്ക് കടന്നുവരുന്ന ആഘോഷ സുദിനങ്ങള്‍ മനുഷ്യ ജീവിതത്തിന് ഒരു പുത്തനുണര്‍വാണ്. അതുകൊണ്ടു തന്നെയാണ് മറ്റെല്ലാ മതവിഭാഗങ്ങളിലും സമൂഹങ്ങളിലും ഉള്ളതുപോലെ ആഘോഷങ്ങള്‍ മുസ്‌ലിംകള്‍ക്കും അനുവദിക്കപ്പെട്ടിട്ടുള്ളത്. ഈദുല്‍ ഫിത്വര്‍, ഈദുല്‍ അദ്ഹ എന്നീ രണ്ട് ആഘോഷ വേളകളാണ് മുസ്‌ലിംകള്‍ക്ക് ഒരു വര്‍ഷത്തിലുള്ളത്. ഏതൊന്നും അമിതമാവുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക എന്നത് കൊണ്ടാവാം അല്ലാഹു ആഘോഷങ്ങള്‍ വിശ്വാസികള്‍ക്ക് രണ്ടെണ്ണം മതി എന്ന് വെച്ചത്. ഒരു ആഘോഷം കൊണ്ട് മനുഷ്യ ജീവിതത്തിന് യഥാര്‍ഥത്തില്‍ ലഭിക്കേണ്ട ശാരീരികവും, മാനസികവും, കുടുംബപരവും, സാമൂഹ്യവുമായ നന്മ എന്താണോ അത് ലഭിക്കത്തക്ക രീതിയിലുള്ള ആഘോഷരീതികളും ഇരു ആഘോഷങ്ങളിലും പ്രവാചകന്‍ പഠിപ്പിച്ചു തന്നിരിക്കുന്നു. മറ്റുള്ളവര്‍ കാട്ടിക്കൂട്ടുന്നതും മീഡിയ ഉദ്‌ഘോഷിക്കുന്നതുമെല്ലാം ഞാനും എന്റെ കുടുംബവും ചെയ്യണമെന്ന് ശഠിച്ച് മത്സരിച്ച് മുന്നേറുമ്പോള്‍ യഥാര്‍ഥത്തില്‍ നാം പെരുന്നാള്‍ കൊണ്ട് നേടേണ്ടുന്ന സ്ഥായിയായ പ്രയോജനങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്.
ഹിജ്‌റക്ക് ശേഷം മദീനക്കാരുടെതായ ആഘോഷം നടക്കുന്ന സന്ദര്‍ഭത്തില്‍ നബി (സ) അവരെപ്പറ്റി ആരായുകയും അതിനേക്കാള്‍ ശേഷ്ഠമായ രണ്ട് ആഘോഷങ്ങള്‍ നിങ്ങള്‍ക്ക് അല്ലാഹു നിര്‍ണയിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അവക്ക് ആത്മീയമായ ഒരു മാനം കൈവരുന്നത് അങ്ങനെയാണ്. അതുകൊണ്ടു തന്നെ പെരുന്നാള്‍ ആഘോഷത്തിന്റെ തുടക്കം തക്ബീര്‍ മുഴക്കിക്കൊണ്ടാണ്. അല്ലാഹുവേ നീയാണ് വലിയവന്‍ എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട്. തീര്‍ച്ചയായും ആ പ്രഖ്യാപനം എല്ലാ അസഭ്യങ്ങളില്‍ നിന്നും നമ്മെ അകറ്റുന്നതാണ്. സഭ്യതയുടെ സീമ ലംഘിക്കാത്ത, തല്ലും അടിയും അകമ്പടിയാവാത്ത, സ്ത്രീ പുരുഷന്മാരുടെ അനിയന്ത്രിത കൂടിക്കലരുകള്‍ ഇല്ലാത്ത, മദ്യവും മദിരാക്ഷിയും കടന്നുവരാത്ത ആഘോഷമാണ് ഈദ്. നബി (സ) യും അനുചരന്മാരും കാണിച്ചു തന്നിട്ടുള്ളതാണത്. ആ ആഘോഷം ഉന്മേഷത്തിലേക്കും തുടര്‍ന്നുള്ള ജീവിതത്തിന് ഊര്‍ജം സംഭരിക്കുന്നതുമാവണം. അല്ലാതെ കൈയിലുള്ള കാശും തീര്‍ന്ന് കടം വാങ്ങി മുടിഞ്ഞ് വീട്ടിലെ സ്വസ്ഥതയും നശിച്ച് ആരോഗ്യം അപ്പാടെ നശിക്കുന്ന അവസ്ഥയിലല്ല ഈദ് ആഘോഷിക്കേണ്ടത്. മഹാനിര്‍വൃതിയുടെ പാശ്ചാത്തലത്തിലാണ് ആഘോഷം കടന്നുവരുന്നത്. ആഘോഷം അലതല്ലുന്ന മനസ്സാണ് അന്ന് വിശ്വാസിയുടെത്. ഒരു മാസത്തെ കഠിന വ്രതം അങ്ങ് അവസാനിച്ചല്ലോ എന്നല്ല, മറിച്ച് കഴിഞ്ഞ നാളുകളില്‍ ദൈവ പ്രീതി നേടാന്‍ പണിയെടുത്തല്ലോ എന്ന നിര്‍വൃതിയാണ്. നോമ്പ് നാളുകളില്‍ വിടപറഞ്ഞ തിന്മകള്‍ ഒരു കാരണവശാലും പെരുന്നാള്‍ ദിനത്തില്‍ കടന്ന് വരാതിരിക്കുമ്പോഴാണ് ആ സന്തോഷം സ്ഥായിയാവുന്നത്. അതിനാലാണ് ആഘോഷങ്ങളുടെ തുടക്കം ഈദ്ഗാഹില്‍ നിന്നാക്കുന്നത്. അവിടെ പ്രാര്‍ഥന മാത്രമല്ല ഉപദേശങ്ങളും ഓര്‍മപ്പെടുത്തലുകളും കൂടിയാണ് നാം ശ്രവിക്കുന്നത്. അതുകൊണ്ടാണ് പ്രഭാഷണം ശ്രവിക്കലും ആരാധനയുടെ ഭാഗമാവുന്നത്. ഒരു കാരണവശാലും ബന്ധിക്കപ്പെട്ട പിശാച് ജീവിതത്തിലേക്ക് കടന്നുവരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നാം എടുക്കണം. തക്ബീര്‍ വീണ്ടും വീണ്ടും മുഴക്കുന്നത് അതിന് വേണ്ടിയാണ്. നമസ്‌കാരത്തിന് പോകുന്നത് ഒരു വഴിയിലൂടെ തിരിച്ച് വരുന്നത് മറ്റൊരു വഴിയിലൂടെ, അതാണ് സുന്നത്ത്. ആഘോഷത്തിന്റെ സാമൂഹ്യമാനം ഇവിടെ ദര്‍ശിക്കാം. കൂടുതല്‍ ആളുകളുമായി ഇടപഴകാനും ആശംസകള്‍ കൈമാറാനുമാണ് ഇങ്ങനെ വെച്ചത്.
ഉള്ളതില്‍ നല്ല വസ്ത്രം തന്നെയാണ് അന്ന് ധരിക്കേണ്ടത്. നബി(സ) യമനില്‍ നിന്ന് കൊണ്ടു വരുന്ന പ്രത്യേകമായ വസ്ത്രം ധരിക്കാറുണ്ടായിരുന്നു. മാര്‍ക്കറ്റിലെ ഫാഷന്‍ തരംഗത്തിന് പിന്നാലെ പോയി ഏറ്റവും പുതിയ ഫാഷനുള്ള വസ്ത്രം ധരിച്ച് വേണം ഈദ്ഗാഹിലെത്താന്‍ എന്ന മത്സരമാണിന്ന്. ഇത് റമദാനിലെ ദിനരാത്രങ്ങള്‍ അനാവശ്യമായി ചെലവാക്കപ്പെടാന്‍ ഇടയാക്കാറുണ്ട്. അങ്ങാടികളില്‍ നിന്നും അങ്ങാടികളിലേക്ക് യാത്ര നടത്തി ദൂര ദിക്കുകളിലെ ഷോപ്പിംഗ് മാളുകളില്‍ കയറിയിറങ്ങി കളയാനുള്ള തല്ല റമദാനിലെ രാപ്പകലുകള്‍. സമ്പന്നന്‍ മാത്രമല്ല സാധാരണക്കാരും ഇതില്‍ മത്സരിച്ച് മുന്നേറുന്നത് കാണാം. വലിയ അധ്വാനമില്ലാതെ സകാത്ത് സ്വദഖകളായി തങ്ങളുടെ കൈയില്‍ വരുന്ന പണം അതിന്റെ മൂല്യമറിയാതെ ആഡംബരത്തിനും മറ്റു രീതിയിലുള്ള ധൂര്‍ത്തിനും വിനിയോഗിക്കപ്പെടുന്നുണ്ട്. സകാത്ത് ദായകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണത്. ഇവിടെയാണ് സംഘടിത സകാത്തിന് പ്രസക്തിയേറുന്നത്.
ഈദ് എന്ന വാക്കിന് ആഘോഷം എന്ന അര്‍ഥം പോലെ തന്നെ മടക്കമെന്നും അര്‍ഥമുണ്ട്. തീര്‍ച്ചയായും അല്ലാഹുവിലേക്കുള്ള മടക്കമാണത്. തൗബയുടെയും പ്രാര്‍ഥനയുടെയും കൂടി ദിനമാണ് പെരുന്നാള്‍. നല്ല ഭക്ഷണം ഈദാഘോഷത്തിന്റെ ഭാഗമാണ്. സ്വന്തത്തിന് മാത്രമല്ല കുടുംബത്തിനും അയല്‍വാസിക്കും കൂട്ടുകാരനും അത് കിട്ടുന്നു വെന്ന് ഉറപ്പ് വരുത്തിക്കൊണ്ടായിരിക്കണം വിശ്വാസി ഈദ് ആഘോഷിക്കേണ്ടത്. ഇവിടെയും അനാവശ്യമായ മത്സരവും പാഴാക്കി കളയലും ഇല്ല എന്ന് വിശ്വാസി ഉറപ്പ് വരുത്തനം, ഈദ് ദിനം കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ളതാണ്. തിരിക്കു പിടിച്ച ജീവിതത്തില്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കാന്‍ ഒരു ദിവസം കിട്ടുന്നു എന്നത് വലിയ കാര്യമാണ്. ഈദ് ദിനത്തില്‍ തിരുമേനിയുടെ മുന്നില്‍ സ്വന്തം കുടുംബത്തിലെ പെണ്‍കുട്ടികള്‍ പാട്ടുപാടിയിരുന്നത് ശ്രദ്ധേയമാണ്. എന്നാല്‍ സുന്നത്തിലില്ലാത്ത ബിദ്അത്തുകള്‍ ആഘോഷത്തില്‍ കൊണ്ടുവരാന്‍ നാം ശ്രമിക്കരുത്. റമദാന്‍ പോലെ തന്നെ പെരുന്നാള്‍ ദിനവും പുണ്യങ്ങള്‍ വാരിക്കൂട്ടാനുള്ളതാണെന്ന് നാം മറന്നു പോകരുത്. തക്ബീര്‍ മുഴക്കിക്കൊണ്ടായിരിക്കണം നാം ആ ദിവസം ചെലവഴിക്കേണ്ടത് പുതുവസ്ത്രം ധരിക്കുമ്പോള്‍ ഏറ്റവും നല്ല വസ്ത്രം തഖ്‌വയാണെന്ന് നാം മറന്നു പോകരുത്. നല്ല ഭക്ഷണം കഴിക്കുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക എന്നാല്‍ ധൂര്‍ത്തടിക്കരുത്. അല്ലാഹു ധൂര്‍ത്തന്മാരെ ഇഷ്ടപ്പെടുന്നില്ല എന്ന ഖുര്‍ആന്‍ വാക്യം ഓര്‍ത്തുകൊണ്ടായിരിക്കണം നാം അന്നേ ദിവസം കഴിച്ചു കൂട്ടേണ്ടത്. ആത്മവിചാരണ നടത്താനുള്ള ദിവസം കൂടിയാണത്. റമദാനില്‍ എന്ത് നേടി, അത് എന്ത് എങ്ങനെ നിലനിര്‍ത്തണമെന്ന ആസൂത്രണവും പെരുന്നാള്‍ ദിനത്തില്‍ നടത്തണം. ഉറപ്പോടെ നൂല്‍നൂറ്റ ശേഷം തന്റെ നൂല്‍ പല ഇഴകളായി പിരിച്ചുടച്ചു കളഞ്ഞ ഒരു സ്ത്രീയെപ്പോലെ നിങ്ങളാവരുത്. (അന്നഹ്ല്‍ 92 ) എന്ന ഖുര്‍ആന്‍ വചനം നമ്മുടെ പെരുന്നാള്‍ ആഘോഷത്തില്‍ ഓര്‍മയിലിരിക്കട്ടെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top