അരികുകളില്‍ കസവുള്ള പട്ടുപാവാട

ജമീല്‍ അഹ്മദ്‌ / കഥ No image

നോമ്പുതുറന്ന് ഉമ്മറത്തെ സിമന്റുതണുപ്പില്‍ വെറുതെ ചാഞ്ഞതേയുള്ളൂ, ഹബീബിന് ഉറക്കം വന്നു. അപ്പോള്‍ അകത്തുനിന്ന് വലിയ ശബ്ദത്തില്‍ ഉമ്മയുടെ വഴക്കുകേട്ട് പെട്ടെന്ന് ഉണര്‍ന്നുപോയി. ലുബിമോളോടാണ്. ''മുണ്ടാതവ്‌ടെ കുത്തര്‍ന്നോ ജ്, പട്ടുപാവാടേണോലോ.... ദുബായിലെ ശൈഖിനോട് പറ്യേ. മന്‍സനിവ്‌ടെ..... പണ്ടാരോ പറഞ്ഞമാതിരി.....''
ഒന്നും പിടികിട്ടിയില്ല. അവന്‍ കണ്ണടച്ചുകിടന്നു. നല്ല ക്ഷീണമുണ്ട്. നോമ്പിന് നേരത്തെ കടയടക്കും. എന്നാലും നല്ല പണിയുണ്ടാവും. ഉച്ച തിരിഞ്ഞാലേ പുതിയ ലോഡ് പാല്‍ വരൂ. പത്തിരുപത് പെട്ടി ഇറക്കണം. നോമ്പായാലും പണിക്ക് മുടക്കില്ല.
നിശ്ശബ്ദത. പള്ളിയില്‍ നിന്ന് ദിക്ര്‍ കേള്‍ക്കുന്നുണ്ട്. ഇരുപത്തേഴാം രാവാണ്. അരികെ കാല്‍പെരുമാറ്റം കേട്ട് അവന്‍ കണ്ണു തുറന്നു. ലുബിമോള്‍ ചുമരും ചാരിയിരുന്ന് കരയുന്നു, ഒച്ച പൊങ്ങുന്നില്ല.
'എന്തേയ്?' ഹബീബ് ചെറുചിരിയോടെ ചോദിച്ചു. ഉമ്മാക്ക് ഒച്ചവെക്കാന്‍ വലിയ കാരണമൊന്നും വേണ്ട. ആ വലിയ ഒച്ചയിലാണ് ഇപ്പോള്‍ എല്ലാ സങ്കടങ്ങളും ഒളിപ്പിച്ചുവെക്കുന്നത്. ഏതിനോടും ഒച്ചവെക്കും. അടുക്കളപ്പാത്രങ്ങളോടും വെയിലിനോടും പൂച്ചയോടുമെല്ലാം ഈ വഴക്ക് കേറിപ്പോകും. എന്നെ മുറിക്കൂ എന്ന് കുഴഞ്ഞ് പാത്രത്തില്‍ കിടക്കുന്ന മത്തിയോടുപോലും കയര്‍ക്കും: 'ഒന്ന് നീര്‍ന്ന് കെടന്നൂടെ അനക്ക്? മന്‍സനെ എടങ്ങാറാക്കാന്‍...' എന്ന്.
ലുബി ഒന്നുകൂടി തേങ്ങി. ആറുവയസ്സുകാരിയുടെ കുറുമ്പോ വാശിയോ പൊതുവെ അവള്‍ക്കില്ല. ഒച്ചപൊങ്ങി കേട്ടിട്ടില്ല. എല്ലാം പതുക്കെയാണ്. ഉപ്പാനെ കണ്ടിട്ടില്ല അവള്‍. അവസാനമായി ഉപ്പ ദുബായിക്ക് പോകുമ്പോള്‍ ഈ നിശ്ശബ്ദത പഠിക്കുന്ന കുട്ടിയായി അവള്‍ ഉമ്മാന്റെ വയറ്റിലായിരുന്നു. അനുജത്തി പിറക്കുമ്പോള്‍ ഹബീബ് നാലിലാണ്. ഏതാനും ദിവസം കഴിഞ്ഞ് ഹാജിയാരുടെ വീട്ടിലേക്ക് ഉപ്പ വിളിച്ചു. അന്നാദ്യമായാണ് അവന്‍ ഉപ്പാന്റെ ഒച്ച ഫോണിലൂടെ കേള്‍ക്കുന്നത്. 'ജ് കാക്കയായി അല്ലേടാ?'. ഉപ്പാന്റെ ചോദ്യം കേട്ടപ്പോള്‍ ചൂളിപ്പോയി.
എന്നാണ് ഉപ്പ അവസാനം ഫോണ്‍ ചെയ്തത്? ഓര്‍മയില്ല. ജയിലല്ലേ, കത്തെഴുതാനും ഫോണ്‍ ചെയ്യാനും ആര് അനുവദിക്കും. അബുദാബിയില്‍ ഉദ്യോഗസ്ഥനായ റസാഖ്കാക്ക കഴിഞ്ഞ വര്‍ഷം ജയിലില്‍ പോയി കണ്ടിരുന്നു. ഉമ്മ അയച്ചുകൊടുത്ത ഞങ്ങളുടെ ഫോട്ടോ ഉപ്പാക്ക് കാണിച്ചുകൊടുത്തു. അത് കണ്ടപ്പോള്‍ ഉപ്പ ജയില്‍ പൊളിഞ്ഞുവീഴുന്ന ശബ്ദത്തില്‍ നിലവിളിച്ചുവത്രെ.
ലുബിമോള്‍ ഒന്നുകൂടി തേങ്ങി. ''ദുബായിലെ ശൈഖിനോട് എന്താ പറേണ്ടത്? ഞാന്‍ ഫോണ്‍ ചെയ്‌തോളാ'' ഹബീബ് ചിരിച്ചുകൊണ്ടു ചോദിച്ചു. അവള്‍ ഒന്നുകൂടി ഉറക്കെ വിതുമ്പി. കവിളിലൂടെ കുടുകുടാ ഒലിക്കുന്ന കണ്ണുനീര് മങ്ങിയ വെളിച്ചത്തില്‍ തിളങ്ങി.
''പെണ്ണേ ഇന്ന് ഇരുവത്തേയാം രാവാണ്. കരയാമ്പാടില്ല. മാനത്തുനിന്നെറങ്ങ്ണ മലക്കാളൊക്കെ അന്റെ കരച്ചില് കണ്ടാ തിരിച്ചുപോകൂലേ?'' ഹബീബ് എഴുന്നേറ്റിരുന്ന് അവളുടെ കവിളുകള്‍ തുടച്ചു. എന്നിട്ട് കൊഞ്ചിച്ചോദിച്ചു ''ന്താ ന്റെ ലുബിമോക്ക് മാണ്ട്യേത്?''. അവള്‍ അവന്റെ കൈകള്‍ തട്ടി. ചുരിദാര്‍ തുമ്പുകൊണ്ട് മുഖം തുടച്ചു.
ആ ഇളംനീല യൂണിഫോം ചുരിദാര്‍ പഴക്കംകൊണ്ട് കരുവാളിച്ചുപോയിരിക്കുന്നു. ഈ പെരുന്നാളിന് അവള്‍ക്കൊരു പുത്തനുടുപ്പുവാങ്ങണം. ഉമ്മാക്കൊരു സാരിയും. അപ്പോഴാണ് അവര്‍ക്കരികില്‍ ഉമ്മാന്റെ സാരിയനക്കം. ''ഓള്‍ക്ക് പട്ടുപാവാട മാണോലോ'' ഉമ്മ നിലത്തിരുന്നു. ഒരായിരം നോമ്പിന്റെ കനമുണ്ട് ആ കണ്ണുകളില്‍. ''അയലോക്കക്കാരും ചങ്ങായ്ച്യാളും ഒക്കെ തുള്ള്ണത് കണ്ട് ഓളും തുള്ളാന്തൊടങ്യാ എന്താ മന്‍സന്‍ കാട്ട്ാ. അവനാന്റെ നെലിം വെലിം അറ്ഞ്ഞ് മോഹിച്ചാ മതി. ജ് പെണ്ണാ ജാതി''
കട്ടയായിവരുന്ന ഇരുട്ടിലേക്ക് നോക്കി ഉമ്മ നെടുവീര്‍പ്പിട്ടു. ലുബി മുട്ടുകള്‍ക്കിടയില്‍ തലപൂഴ്ത്തി.
പട്ടുപാവാടയോ! ഹബീബിന് അത്ഭുതം തോന്നി. ഈ പെണ്ണിന് ഇങ്ങനെ മോഹങ്ങളൊക്കെയുണ്ടോ. ഒന്നും ആവശ്യപ്പെടാത്ത കുട്ടിയാണവള്‍. ജനിച്ചുവീണ ദുരിതക്കയത്തിന്റെ ആഴം സ്വയം തിരിച്ചറിഞ്ഞപോലെ അടഞ്ഞുപോയവള്‍. പെന്‍സിലു വാങ്ങാന്‍ രണ്ടുരൂപ കൊടുത്താല്‍ ഒരു രൂപക്ക് ഒന്നുമാത്രം വാങ്ങി ബാക്കി ഒരുരൂപ തിരിച്ചുതരും. ഒന്നുകൂടെ വാങ്ങിക്കൂടായിരുന്നോ എന്നു ചോദിച്ചാല്‍ ഇപ്പോ ഇതുമതി എന്ന് നാണിക്കും. ആ പെന്‍സില്‍ അവളുടെ തള്ളവിരലിനെക്കാള്‍ ചെറുതാകുംവരെ കുനുകുനാ എഴുതും. ഉപ്പായുടെ ആദ്യ വരവില്‍ തനിക്ക് കിട്ടിയ ഒരു പെട്ടി കളര്‍ചോക്കുകളുണ്ടായിരുന്നു. റോട്ടിലെ മഴവെള്ളത്തില്‍ അത് അലിഞ്ഞുചേരുന്ന നിറക്കാഴ്ചകാണാന്‍ എത്ര പെന്‍സിലുകളാണ് കളിച്ചുകളഞ്ഞിട്ടുള്ളത് എന്ന് അവനോര്‍ത്തു.
ഓര്‍മകളുടെ ഇരുട്ടില്‍ ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രി കനക്കുന്നു. ഇശാബാങ്ക് കൊടുംക്കുംവരെ ഉമ്മറത്തെ ഈ മൗനയോഗം തുടര്‍ന്നു. ഹബീബ് ടോര്‍ച്ചെടുത്ത് മുറ്റത്തേക്കിറങ്ങി.
പഠിക്കാന്‍ പണ്ടേ താല്‍പര്യമില്ലായിരുന്നു. എല്ലാ പരീക്ഷയിലും അവന്‍ തോറ്റു. ആറിലെത്തിയപ്പോഴേക്കും വീട് അനാഥാലയമായി. ഏഴാം ക്ലാസ്സില്‍ രണ്ടുവട്ടം തോറ്റപ്പോള്‍ 'ഞ്ഞിജ് പടിക്കാന്‍ പോണ്ടാ' എന്നായി ഉമ്മ. നിത്യജീവിതം ഉരുണ്ടുപോകാനുള്ള ഒരു പണി ശരിയാക്കിത്തന്നത് അമ്മാവനാണ്. പാക്കറ്റുപാല്‍ വിതരണം. പുലര്‍ച്ച മുതല്‍ പണി തുടങ്ങും. പാല്‍ കൊണ്ടുപോകാനുള്ള സൈക്കിള്‍ ഏജന്‍സിക്കാര്‍ തരും. അതിന്റെ വാടക കമ്മീഷനില്‍ നിന്ന് പിടിക്കും. ജോലികിട്ടിയ അന്നുമുതല്‍ ഹബീബായി കുടുംബനാഥന്‍, പതിനഞ്ചാം വയസ്സില്‍. പത്തുമണിയോടെ പാല്‍ വിതരണം തീരും. പിന്നെ വൈക്കുന്നേരം വരെ കടയില്‍ കൈയാളായി നില്‍ക്കണം. അവിടെ ചായയും ചെറുകടിയും നല്‍കുന്ന പണിക്കാരനാണ് അപ്പോള്‍. മൂന്നു വര്‍ഷം അങ്ങനെ ഉരുണ്ടുകഴിഞ്ഞു.
കിട്ടുന്നതുകൊണ്ട് വെച്ചുവിളമ്പാന്‍ ഉമ്മാക്കറിയാം. പൂതികള്‍ ഒരുപാടുണ്ട്. സ്വന്തമായി ഒരു സൈക്കിള്‍, വാടകപ്പണം ലാഭിക്കാം. ലുബിമോള്‍ക്ക് ഒരു കോസറി, ഇപ്പോഴും വെറും പായിലാണ് അവളുടെ ഉറക്കം. മുറ്റത്തെ കുളിമുറിക്ക് അടച്ചുറപ്പുള്ള ഒരു വാതില്‍, ചാക്കുകൊണ്ടുള്ള മറതാഴ്ത്തി അന്തിയിരുട്ടിലുള്ള ഉമ്മാന്റെ കുളി അവസാനിപ്പിക്കാം. ഈ ചെറിയ ചെറിയ പൂതികള്‍ക്കായി അങ്ങനെയും ഇങ്ങനെയും കിട്ടുന്ന അധികവരുമാനമെല്ലാം ഒരുക്കൂട്ടി വെക്കും. ഊറിക്കൂടി അല്‍പം വലുപ്പമുള്ള സംഖ്യയിലേക്ക് വളരുമ്പോഴേക്കും ഒരത്യാഹിതത്തില്‍ അതങ്ങ് തീര്‍ന്നുപോകും. കൂട്ടുകാരന്‍ രതീഷ് സൈക്കിളില്‍ നിന്ന് വീണ് കൈയൊടിഞ്ഞപ്പോഴും കഴിഞ്ഞ മഴക്കാലത്ത് ഉമ്മാക്ക് ടൈഫോയ്ഡ് വന്നപ്പോഴും ഇങ്ങനെ കൈയിലെ നീക്കിയിരിപ്പുകള്‍ ഇല്ലാതായി. ഉമ്മാന്റെ മരുന്നിനുവേണ്ടി കടം വാങ്ങിയ വകയില്‍ ബഷീറിന് രണ്ടായിത്തിച്ചില്ലാനം ഇനിയും കൊടുക്കാനുണ്ട്.
ഇരുപത്തിയേഴാം രാവിന്റെ കച്ചവടത്തെളിച്ചത്തില്‍ റമദാന്‍ അങ്ങാടി പ്രഭ ചുരത്തി നിന്നു. കടകളിലെല്ലാം തിരക്കോടുതിരക്കായി. ബോംബെ ഫാന്‍സിയില്‍ തിരക്കുകൂട്ടുന്ന പെണ്‍കുട്ടികളുടെ കലമ്പലുകള്‍ പുറത്തുകേള്‍ക്കാം. നസീമ ടെക്‌സ്റ്റൈല്‍സിന്റെ മുന്‍വശത്തെ ചില്ലുകൂട്ടിലെ പ്ലാസ്റ്റിക് മിടുക്കി പട്ടുപാവാടയണിഞ്ഞ് വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്നു. അരികുകളില്‍ സ്വര്‍ണക്കസവുള്ള പട്ടുപാവാട. അതിനു മുമ്പിലൂടെ സ്‌കൂളിലേക്കു പോകുമ്പോള്‍ ലുബിമോള്‍ പലവട്ടം കണ്ടിട്ടുണ്ടാവണം. അത് ചൂണ്ടി കൂട്ടുകാരിയോട് സ്വകാര്യം പോലെ പറഞ്ഞിട്ടുണ്ടാവണം 'എന്തു ചൊറ്ക്കാല്ലേ!?'
റഫീഖ് കാക്കാന്റെ കടയാണത്. മൂപ്പരും ഉപ്പയും കുട്ടിക്കാലത്തെ ചങ്ങാതിമാരായിരുന്നുവെന്ന് ഉമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. റഫീക്ക്കാക്കാക്ക് ഇപ്പോള്‍ കോഴിക്കോട്ടും കണ്ണൂരും തുണിക്കടകളുണ്ട്. ടെക്‌സ്റ്റൈല്‍സിനുള്ളിലെ പകല്‍വെളിച്ചത്തില്‍ കാഷ്‌കൗണ്ടറിനടുത്ത് അയാള്‍ നില്‍ക്കുന്നതുകണ്ടു. കസവുകരയുള്ള പട്ടുപാവാടയിലേക്ക് ഹബീബ് ഒന്നുകൂടി നോക്കി. കടക്ക് മുന്നിലെ ചില്ലുകൂട്ടില്‍ പട്ടുപാവാടയിട്ട് ലുബിമോള്‍ നില്‍ക്കുന്ന രംഗം അവനൂഹിച്ചു. പട്ടുപാവാട കിട്ടാത്തതുകൊണ്ടല്ല ലുബിമോള്‍ കരഞ്ഞത്, 'ദുബായിലെ ശൈഖിനോട് പോയി ചോദിക്ക്' എന്ന കല്‍പനയിലെ കൂര്‍ത്ത മുള്ള് അവളുടെ ഹൃദയത്തില്‍ കൊണ്ടിട്ടുണ്ടാകും.
ഉപ്പാന്റെ വകയിലൊരു ബന്ധുവായ റസാഖ്കാക്ക ദുബായില്‍ നിന്ന് വരുമ്പോള്‍ ഉപ്പ എന്തൊക്കെ കൊടുത്തയക്കണം എന്നു പട്ടിക തിരിച്ചുകൊണ്ട് പണ്ട് ഉമ്മ അയച്ച ഒരു കത്ത് ഓര്‍മവന്നു. അതില്‍ ഹബീബിന്റെ പൂതികളും നമ്പറിട്ട് ചേര്‍ത്തിരുന്നു. മേപ്പറമ്പിലെ ഷബീറിന്റെ കൈയിലുള്ള മാതിരി ഒരു വീഡിയോ ഗെയിം. റസാഖ് കാക്ക വന്നപ്പോള്‍ ഒരു പെട്ടിനിറയെ പൂതികളായിരുന്നു. അതാണ് അവസാനം വന്ന പെട്ടി. റസാഖ് കാക്ക തിരിച്ചുപോകും മുമ്പേ ഉപ്പ ജയിലിനുള്ളിലായി.
കുറ്റം ചെയ്തവരെയല്ലേ ജയിലിലടക്കുക. എന്തു കുറ്റമായിരിക്കും ഉപ്പ ചെയ്തത്?
പള്ളിയില്‍ റമദാന്‍ രാത്രിയുടെ സ്വഫ്ഫില്‍ ഭക്തി നിറഞ്ഞു. നോമ്പിന്റെ സമ്പാദ്യപ്പെട്ടിയില്‍ ഒരുക്കൂട്ടിവെച്ച പുണ്യങ്ങളത്രയും മുമ്പില്‍ നിരത്തി അവര്‍ ഉറക്കെ കേണു ''അല്ലാഹുവേ, നീയാണ് പൊറുമ, പൊറുക്കലിനെ പ്രിയപ്പെട്ടവന്‍, ഞങ്ങളോട് പൊറുക്കേണമേ.......''
റമദാന്‍ മാസത്തില്‍ ഗള്‍ഫില്‍ പൊതുമാപ്പുകൊടുത്ത് കുറ്റവാളികളെ വിടുന്ന പതിവുണ്ടത്രെ. കഴിഞ്ഞ റമദാനിന്റെ മുമ്പ് അമ്മാവന്‍ ഉമ്മാനെക്കൊണ്ട് ഒരു കത്ത് എഴുതിപ്പിച്ചു. മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും എല്ലാവര്‍ക്കും അയച്ചു. ഞാനും അതിനടിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. അവരത് എംബസി വഴി യു.എ.ഇ ഗവണ്‍മെന്റിന് കൈമാറിയിട്ടുണ്ട്. 'അനക്ക് ഭാഗ്യംണ്ടെങ്കി ഈ കൊല്ലം അളിയന്‍ വരും' എന്ന് അമ്മാവന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തെ റമദാന്‍ മാസം മുഴുവന്‍ ആ സന്തോഷവാര്‍ത്തയും പ്രതീക്ഷിച്ച് ഉമ്മ കാത്തിരുന്നു. അടുത്ത റമദാന്‍ ഇതാ അവസാനിക്കാറാകുന്നു. ദുബായിലെ ജയിലില്‍ പെരുന്നാള്‍ ആഘോഷിക്കുമോ? ഉണ്ടാകാം. എന്നാല്‍ ഒരിക്കലും ആ ജയിലിലുള്ള ഒരാളുടെയും വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കുന്നുണ്ടാവില്ല.
വര്‍ഷങ്ങളായി പെരുന്നാള്‍ എന്താണെന്നറിഞ്ഞിട്ടില്ല. ഇക്കൊല്ലമാണ് ഉമ്മാക്കും ലുബിക്കും പുതുവസ്ത്രങ്ങള്‍ വാങ്ങണമെന്ന് എനിക്കുതന്നെ തോന്നിയത്. അരികുകളില്‍ കസവുള്ള പട്ടുപാവാടക്ക് ആയിരം രൂപയെങ്കിലുമുണ്ടാകും. വലിയ വിലയുള്ള ഉടുപ്പുകളാണല്ലോ അവര്‍ പൂമുഖത്ത് പ്രദര്‍ശനത്തിനു വയ്ക്കുക. ഉമ്മാക്ക് ഒരു സാരികൂടി വാങ്ങാന്‍ ഇരുന്നൂറ്റമ്പത് രൂപകൂടി വേണ്ടിവരും. കൈയിലുള്ള പണം കൂട്ടിയെടുത്തുവച്ചാല്‍ അഞ്ഞൂറു തികയില്ല. കടയില്‍ നിന്ന് കമ്മീഷനും ശമ്പളവും ചേര്‍ത്ത് രണ്ടായിരത്തഞ്ഞൂറു രൂപതരും. അതില്‍ ആയിരത്തഞ്ഞൂറ് ഇപ്പോള്‍തന്നെ അഡ്വാന്‍സായി കിട്ടി. ബാക്കി ആയിരം. അതുകൊണ്ട്..... കടക്കാരോട് കടം പറഞ്ഞാലോ. വേണ്ട, ഉമ്മ അതറിഞ്ഞാല്‍.... അതും റഫീഖ് കാക്കാന്റെ കടയില്‍ നിന്ന്.... വേണ്ട.
ഇങ്ങനെ ഒരെത്തുംപിടിയും കിട്ടാതെയാണ് രണ്ട് മൂന്ന് നോമ്പുകള്‍കൂടി കടന്നുപോയത്. ഫിത്ര്‍ സകാത്തിനുള്ള അരി പള്ളിയില്‍ ചാക്കുചാക്കായി കുമിഞ്ഞുകൂടി. ഇരുപത്തിയൊമ്പതാം നോമ്പ് വന്നു. അന്നു വൈകീട്ട് നോമ്പുതുറക്കാന്‍ പള്ളിയിലേക്കു പോകുമ്പോള്‍ ലുബിമോളുടെ കാതില്‍ അവനൊരു സ്വകാര്യം പറഞ്ഞു ''ഇന്ന് ഞാന്‍ അനക്കൊരു സമ്മാനം തര്ന്ന്ണ്ട്'' ഒരിക്കലും കിട്ടില്ല എന്നുറപ്പുള്ള പട്ടുപാവാട അവളന്നേ മറന്നിരിക്കണം.
നാളെ പെരുന്നാളാകാന്‍ സാധ്യതയുണ്ട് എന്ന് ഒരു കാറ്റ് അങ്ങാടിയാകെ പറഞ്ഞുനടന്നു. ആകാശത്തിന്റെ പടിഞ്ഞാറേ ചെരുവിലേക്ക് നോക്കി ആളുകള്‍ പ്രതീക്ഷവെച്ചു. പെട്ടെന്ന് കടകളില്‍ നോമ്പ് സായാഹ്നങ്ങളുടെ പതിവു ആലസ്യംവിട്ട് തിരക്കേറി. നാളെ അപ്രതീക്ഷിതമായി വിരുന്നെത്തുന്ന പെരുന്നാളിനെ സ്വീകരിക്കാന്‍ ഒരുങ്ങുന്നതുപോലെ. നാളത്തെ പെരുന്നാളിനെക്കുറിച്ച് ആകാശം ഒരുറപ്പും കൊടുത്തിട്ടില്ല. നോക്കിനില്‍ക്കുന്നവരെയെല്ലാം കബളിപ്പിച്ച് ഒരു മേഘത്തിനുപിന്നില്‍ ശവ്വാലമ്പിളി ഒളിച്ചുകളഞ്ഞു.
കൈയില്‍ ആയിരം രൂപയുണ്ട്. പാല്‍ക്കടയുടെ മുതലാളി അഞ്ഞൂറുരൂപ പെരുന്നാള്‍ സന്തോഷം അധികം തന്നു. കിട്ടിയ ശമ്പളത്തിലെ മുക്കാല്‍ പങ്കും ഉമ്മയെ ഏല്‍പ്പിച്ചു. ബാക്കിയും തന്റെ കൈയിലുള്ള ശേഖരണവും ചേര്‍ത്തുണ്ടായ പണമാണത്. നോമ്പുതുറന്ന് നേരെ ചെന്നത് നസീമ ടെക്‌സ്റ്റൈല്‍സിലേക്കാണ്. മുന്നില്‍ത്തന്നെ ചിരിച്ചുനില്‍ക്കുന്നു, വക്കില്‍ സ്വര്‍ണക്കസവുള്ള പട്ടുപാവാടയണിഞ്ഞ പെണ്‍കുട്ടി.
മുന്നില്‍ കാഴ്ചക്കുവെച്ച പട്ടുപാവാട കുപ്പായമടക്കം ആയിരത്തി മുന്നൂറു രൂപ. ഉമ്മാക്ക് സാരിക്ക് മുന്നുറ്റമ്പത് രൂപയില്‍ കുറവില്ല. തിരിച്ചു പോയാലോ? അല്ലെങ്കില്‍ കടം പറയാം. സെയില്‍സില്‍ അല്‍പം പ്രായമുള്ള ഒരാളായിരുന്നു. വിലക്കുറവെല്ലാം കൗണ്ടറില്‍ പറഞ്ഞാല്‍ മതി എന്നയാള്‍. ഹബീബിന്റെ പരുങ്ങല്‍ കണ്ടപ്പോള്‍, ഇതിലും കുറവുള്ള പാവാടകള്‍ വേറെയുമുണ്ട് എന്നായി. കാശില്ലാത്തവര്‍ പട്ടുപാവാട മോഹിക്കണോ? ആവശ്യം എന്റെയല്ലേ. മാനേജറോട് സംസാരിക്കാം. ഒരാഴ്ചക്കുള്ളില്‍ ബാക്കി സംഖ്യ എത്തിക്കാമെന്ന് വാക്കുകൊടുക്കാം. പെരുന്നാളല്ലേ തരാതിരിക്കില്ല.
അലോചിച്ചുകൊണ്ട് താഴേ നിലയിലേക്ക് നടന്നു. അവിടെ ഓടിനടക്കുകയായിരുന്നു മാനേജര്‍. മെല്ലെ ചെന്ന് കാര്യമവതരിപ്പിച്ചു. അയാള്‍ ഓഫീസ്മുറിയുടെ വാതിലിലേക്കു ചൂണ്ടി. ''ബോസ് അവിടെയുണ്ട്. നിങ്ങള് നേരിട്ട് പറഞ്ഞോളൂ, തരാതിരിക്കില്ല'' മാനേജര്‍ക്കും മുകളിലുള്ള ഉദ്യോഗസ്ഥനായിരിക്കണം ബോസ് എന്ന് കരുതി. അയാളോടുകൂടി പറയാം. മാനക്കേടുതന്നെ. എന്നാലും സാരമില്ല. ലുബിമോള്‍ക്ക് വാക്കുകൊടുത്തുപോയില്ലേ.
ബോസിന്റെ വാതില്‍ അടഞ്ഞുകിടപ്പാണ്. രണ്ടും കല്‍പിച്ച് അത് തുറന്ന് അകത്തേക്കു നോക്കി. അകത്ത് ബോസ്സിന്റെ കസേരിയില്‍ ഇരിക്കുന്നു, റഫീഖ് കാക്ക. ഉപ്പാന്റെ പഴയ കൂട്ടുകാരന്‍. ആരോടോ ഫോണില്‍ സംസാരിക്കുകയാണ്.
ഒരു നിമിഷം, ഹബീബിന് വൈദ്യുതാഘാതമേറ്റപോലെ തോന്നി. പടച്ചോനേ ഉമ്മയെങ്ങാനും അറിഞ്ഞാല്‍. വേഗം വാതിലടച്ച് തിരിഞ്ഞു നടന്നു. ആ വലിയ തുണിക്കടയുടെ ചില്ലുവാതില്‍ തുറന്ന് പുറത്തിറങ്ങുമ്പോള്‍ മാനേജര്‍ അടുത്തേക്ക് വന്നു. അവന്‍ ഒന്നും പറയാതെ ചിരിച്ചെന്നു വരുത്തി വേഗം പള്ളിയിലേക്ക് നടന്നു. അവന്റെ പിന്നില്‍ നിന്ന് കസവുകരയുള്ള പട്ടുപാവാടയിട്ട പ്ലാസ്റ്റിക്ക് മിടുക്കി ഉറക്കെയുറക്കെ ചിരിച്ചു. ഹബീബിന് സങ്കടം സഹിക്കാനായില്ല. ഇശാനിസ്‌കാരത്തിന് വുദുവെടുത്ത് ആ കണ്ണുനീരെല്ലാം അവന്‍ കഴുകിക്കളഞ്ഞു.
വെറും കൈയോടെ വീട്ടിലേക്ക് പോകാനേ തോന്നിയില്ല. തറാവീഹ് നമസ്‌കാരം കഴിഞ്ഞപ്പോഴേക്കും വാര്‍ത്തയെത്തി, നാളെ ചെറിയപെരുന്നാളാണ്. പെട്ടെന്ന് പള്ളി സജീവമായി. ആരോ തക്ബീര്‍ ചൊല്ലാനാരംഭിച്ചു. അരി വിതരണം ചെയ്യാന്‍ പ്രവര്‍ത്തകര്‍ തയ്യാറായിത്തുടങ്ങി. ഹബീബിന്റെ മനസ്സില്‍ പക്ഷേ, അരികുകളില്‍ സ്വര്‍ണക്കസവുള്ള ഒരു പട്ടുപാവാട മാത്രം പാറിക്കളിച്ചു. ആയിരത്തിമുന്നൂറു രൂപയുടെ പട്ടുപാവാട.
അരി കൊടുക്കാനെത്തിയ അമ്മാവന്‍ അവനോട് അന്വേഷണങ്ങള്‍ തിരക്കി. പള്ളിയിലേക്ക് വരുംവഴി വീട്ടിലേക്ക് പോയിരുന്നുവെന്നും അവനെ കണ്ടില്ലെന്നും പറഞ്ഞു. ഫിത്ര്‍ സകാത്ത് വിതരണത്തിന് പോയിരിക്കുമെന്ന് ഉമ്മ കരുതിയിരിക്കുന്നു. ''പടച്ചോനോട് ദ്വാര്‍ന്നോ. ഇപ്പോഴും ഒരു പ്രതീക്ഷയുണ്ട്. അന്റെ ഉപ്പ വരും'' അമ്മാവന്‍ ആശ്വസിപ്പിച്ചു. കിലോമീറ്ററുകള്‍ ദൂരം ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ പിടഞ്ഞു പിടഞ്ഞു നടക്കുന്ന ഒരുവനോട് തണല്‍ അടുത്തുണ്ടെന്ന് ആശ്വസിപ്പിക്കുന്നതുപോലെ.
എല്ലാം കഴിഞ്ഞപ്പോള്‍ മണി പന്ത്രണ്ടായി. പെരുന്നാളിന്റെ വെളിച്ചത്തിലേക്ക് പുലരാന്‍ അന്തി മൈലാഞ്ചിയിട്ടു. വീടുകളിലും കടകളിലും ഇനിയും വിളക്കണഞ്ഞിട്ടില്ല. ലുബിമോള്‍ക്ക് കൊടുത്ത വാക്ക് വെറുതെയായല്ലോ പടച്ചോനേ! ഉള്ള പൈസക്ക് അവള്‍ക്കും ഉമ്മാക്കും പുത്തനുടുപ്പു വാങ്ങിയാലോ എന്നു തോന്നി. വേണ്ട. പട്ടുപാവാടയും സാരിയും ഒന്നും വേണ്ട. ഉമ്മ പറഞ്ഞതാണു ശരി. 'അവനോന്റെ നെലയും വെലയും അറിഞ്ഞ് മോഹിച്ചാമതി.'
നസീമാ ടെക്‌സ്റ്റൈല്‍സിന്റെ മുന്നിലെത്തിലെത്തിയപ്പോള്‍ ഒരിക്കല്‍ക്കൂടി വെറുതെ ഒന്നു നോക്കി. പ്ലാസ്റ്റിക് മിടുക്കി ഉടുപ്പു മാറ്റിയിരിക്കുന്നു. സ്വര്‍ണക്കസവുള്ള പട്ടുപാവാടയ്ക്കു പകരം തിളങ്ങുന്ന വെള്ളച്ചുരിദാറണിഞ്ഞ് അവള്‍ കൂടുതല്‍ ചിരിച്ചു നില്‍ക്കുന്നു. കൈയില്‍ വേണ്ടുവോളം പണമുള്ള ആരോ അത് സ്വന്തമാക്കിയിരിക്കുന്നു. ഹബീബിന് ഇച്ഛാഭംഗം തോന്നിയില്ല. അവരവരുടെ നിലയും വിലയും അറിഞ്ഞേ ഇച്ഛിക്കാവൂ.
വീട്ടിനടുത്തെത്തി, ഇപ്പോഴും ലൈറ്റ് കെടുത്തിയിട്ടില്ല. പതിവില്‍ കവിഞ്ഞ ഒരു വെളിച്ചം വീടിനെ ചൂഴ്ന്നു നില്ക്കുന്നതുപോലെ. ലുബിമോളും ഉമ്മയും ഇനിയും ഉറങ്ങാത്തതെന്താണ്. എന്നെ കാത്തിരിക്കാന്‍ സാധ്യതയില്ലല്ലോ. വീട്ടിലേക്കു കയറുന്ന വഴിയില്‍ ഒരു വലിയ കാര്‍ നിറുത്തിയിട്ടിരിക്കുന്നതു കണ്ടു. ഇടവഴിയിലേക്ക് കയറവേ പിന്നില്‍ നിന്നൊരു വിളി.
തിരിഞ്ഞു നോക്കി. കാറില്‍ നിന്ന് ഡ്രൈവര്‍ ഇറങ്ങി. മങ്ങിയ വെളിച്ചത്തില്‍ മുഖം വ്യക്തമാകുന്നില്ല.
''ഹബീബല്ലേ?'' അയാള്‍ ഇരുട്ടില്‍നിന്ന് ഉറക്കെ വിളിച്ചു ചോദിച്ചു.
''അതേ'' അവന്‍ ഒന്നുകൂടി അടുത്തേക്ക് ചെന്നു. റഫീഖ് കാക്ക. നസീമ ടെക്‌സ്റ്റൈല്‍സിന്റെ മുതലാളി, ഉപ്പാന്റെ പഴയ സുഹൃത്ത്... താന്‍ കൈയോടെ പിടിക്കപ്പെട്ടപോലെ ഹബീബ് നാണിച്ചുപോയി. കാറില്‍ നിന്ന് പര്‍ദയിട്ട ഒരു സ്ത്രീകൂടി ഇറങ്ങി. അയാള്‍ ഹബീബിന്റെ കൈ പിടിച്ചു.
''ഞങ്ങള്‍ നിന്റെ വീട്ടില്‍ പോയി. ഉമ്മാനെ കണ്ട് വര്ാ. അന്നെ ഞാന്‍ മുമ്പ് കണ്ടിട്ടില്ല. എന്നു പറഞ്ഞൂടാ. അന്ന് നീ പറ്റെ ചെറ്താ. ഇപ്പൊ വലിയ ആളായിപ്പോയി. ഉമ്മ എല്ലാം പറഞ്ഞു...''
എന്താണ് പറയേണ്ടതെന്നറിയാതെ ഹബീബ് അന്തംവിട്ടു നിന്നു.
''ഞാന്‍ കഴിഞ്ഞ മാസം ദുബായില് പോയപ്പോഴാണ് ഉപ്പാന്റെ കാര്യങ്ങളൊക്കെ അറിഞ്ഞത്. പടച്ചോനില്ലേ നമ്മ്‌ടെ കൂടെ''
റഫീഖ് കാക്ക കാറില്‍ നിന്ന് ഒരു വലിയ കവറെടുത്ത് ഹബീബിന്റെ കൈയിലേല്‍പ്പിച്ചു. ''ഇത് ഉമ്മാക്ക് കൊടുക്കാന്‍ വിചാരിച്ചെടുത്തതാണ്. ഒരു മടി. ഞാന്‍ ദാനം കൊട്ക്കാണെന്ന് അവര് വിചാരിച്ചാലോ. നീയിത് കൊണ്ടുപോ. കുറച്ച് ഡ്രസ്സാ. കടയിന്നെടുത്തതാ... ഉം..'' അയാള്‍ കാറിലേക്ക് കയറി, നിറയെ ചിരിച്ചുകൊണ്ട് ആ സ്ത്രീയും. വണ്ടി സ്റ്റാര്‍ട്ട്‌ചെയ്യും മുമ്പ് അയാള്‍ പുറത്തേക്ക് തലയിട്ടു
'' ഒരു സര്‍പ്രൈസുണ്ട് നിനക്ക്. അത് ഞാന്‍ ഉമ്മാനോട് പറഞ്ഞിട്ടുണ്ട്. ശരി പോട്ടേ, അസ്സലാമു അലൈക്കും''
വെളിച്ചത്തിന്റെ ഒരു പാളി മുന്നില്‍ തുറന്ന് ആ കാര്‍ മെല്ലെ നീങ്ങി. കൈയിലെ കവറിലേക്ക് ഹബീബ് നോക്കി. അതിനു പുറത്ത് പെരുന്നാളിന്റെ നിറചിരിയുമായി, അരികുകളില്‍ കസവുള്ള പട്ടുപാവാടയണിഞ്ഞു നില്‍ക്കുന്നു, ഒരു മിടുക്കിപ്പെണ്‍കുട്ടി. അവന്‍ വീട്ടിലേക്കോടി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top